The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
ഏട്ടൻ ഭക്ഷണം കഴിക്കുന്നില്ലേ…..
വാതിൽ പടിയിൽ വന്നുള്ള കിരണിന്റെ ചോദ്യം സമയം ഒത്തിരി നീങ്ങി പോയിട്ടുണ്ടെന്നത് അവന് മനസ്സിലായിരുന്നു….
കാശി…. നീയെന്താ വേഷം പോലും മാറാതത്…..
ഭക്ഷണം കഴിക്കുമ്പോഴാണ് ശങ്കരൻ ശാസനയോടെ അത് ചോദിച്ചത്….
മാറാം അച്ഛാ….
അവൻ പതിഞ്ഞ ശബ്‍ദത്തിൽ അത് പറയുമ്പോഴും അവന്റെ മനസ്സിലെ ഭാരം എല്ലാവർക്കും മനസ്സിലായത് കൊണ്ട് തന്നെ വീണ്ടുമൊരു ചോദ്യത്തിന് മേൽ ആരും അവനെ കുരുക്കിയില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭക്ഷണം കഴിച്ചു സൂര്യ മുറിയിലേക്ക് നടന്നു…..
അവൾ മുറിയിലിരിക്കുമ്പോഴും അവൾക്കാ വീട്ടിൽ പ്രത്യേകിച്ചൊരു പുതുമ തോന്നിയിരുന്നില്ല…..
മുത്തശ്ശിയുടെ ഓഹരി കിട്ടിയ വീടായിരുന്നത്….
അത് അപ്പച്ചിക്ക് കൊടുക്കണമെന്ന് പറഞ്ഞതായത് കൊണ്ടും ചെറുക്കനും പെണ്ണും വിവാഹത്തിന് ഒരേ വീട്ടിലാവുന്നത് നല്ലതല്ലല്ലോ എന്ന കാരണത്താലും അപ്പച്ചിയും അമ്മാവനും ഇങ്ങോട്ട് മാറുകയാണ് ചെയ്തത്…..
ചെറുപ്പം മുതലേ താൻ കണ്ട് പഴകിയ വീടായിരുന്നിത്…
എന്നാൽ ആളുകളിൽ മാത്രം തനിക് പുതുമ തോന്നുന്നു…..
ഒരിക്കലും അടുത്തിട പഴകാൻ കഴിയില്ലെന്ന വണ്ണം അകലം തോന്നുന്നു….
ഒരു നെടു വീർപ്പോടെ അവൾ ചിന്തകൾക്ക് വിരാമമിടുമ്പോഴാണ് വാതിൽ തുറന്ന് കൊണ്ട് കാശി അകത്തേക്ക് വന്നത്……
അവൾ പെട്ടെന്നവനെ നോക്കിയെങ്കിലും അവളെ ശ്രദ്ധിക്കാത്ത വിധം അവൻ ആ മുറിയുടെ മൂലയിലുള്ള പെട്ടിയിലേക്ക് തിരിഞ്ഞു…..
അതിന്റെ ഇടയിൽ നിന്നും അവന് വേണ്ടത്തെടുത്തു ബാക്കിയുള്ള തുണികളെല്ലാം അതിലേക്ക് തന്നെ വെച്ചു അവൻ സിബ്ബ് വലിച്ചടച്ചു….
പെട്ടി നിലത്തു വെച്ചിരുന്നത് കൊണ്ട് തന്നെ കുനിഞ്ഞിരിക്കുകയായിരുന്ന അവൻ എഴുന്നേൽക്കുമ്പോഴെങ്കിലും തന്റെ മുഖത്തേക്കൊരു നോട്ടം പാറി വീഴുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നു….
എന്നാൽ അറിയാതെ പോലും അങ്ങനെയൊരു നോട്ടം അവളിലേക്കെത്താതെ അവൻ പുറത്തേക്കിറങ്ങി പോയത് അവളുടേ ഹൃദയത്തിൽ ഒരു നോവിന്റെ ചിത്രം വരച്ചു ചേർക്കുകയായിരുന്നു….
അൽപ സമയം കഴിഞ്ഞതും വേഷം മാറി കാശി മുറിയിലേക്ക് വന്നു….
കട്ടിലിൽ ഇരിക്കുകയായിരുന്ന സൂര്യ പെട്ടെന്ന് തന്നെ എഴുന്നേറ്റു….
കുളി കഴിഞ്ഞാണവൻ വരുന്നതെന്ന് മുടിയിലെ നനവ് അവളോട് പറഞ്ഞിരുന്നു…..
ഇത് വരെ കണ്ടതിൽ നിന്നും അവൻ പൂർണമായും വ്യത്യസ്തനായിരുന്നു…..
ഒരു വെള്ള ബനിയനും പാന്റുമായിരുന്നു അവന്റെ വേഷം….
വരന്റെ വേഷത്തിൽ നിന്നും പെട്ടെന്നുള്ള ആ മാറ്റത്തിലും അവന്റെ ഭംഗിക്ക് ഒട്ടും കുറവ് വന്നിരുന്നില്ല…..
അപ്പോഴും അവനെ തന്നെ നോക്കി കൊണ്ടിരിക്കുന്ന അവളെ അവൻ ശ്രദ്ധിച്ചിരുന്നില്ല…..
അവൻ അവന്റെ പെട്ടി വീണ്ടും തുറന്ന് അതിൽ നിന്ന് അവന്റേതായ എന്തൊക്കെയോ സാധനങ്ങളെടുത്തു കൊണ്ട് മുറിക്ക് പുറത്തേക്ക് പോയിരുന്നു….
താനൊരാൾ ഇവിടെയുണ്ടെന്ന ഭാവം പോലും കാണിക്കാതെ കയ്യിലെ തുറന്ന് പിടിച്ച ലാപ് ടോപിലേക്ക് ശ്രദ്ധ യമർത്തി പോകുന്നവനെ അവളൊരു തരം നിസ്സംഗതയോടെ നോക്കി നിന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
തുറന്ന് വെച്ച ലാപ് ടോപിലേക്ക് നോക്കിയാണ് അവൻ മുറിക്ക് പുറത്തേക്ക് വന്നതെങ്കിലും കോലായിലെത്തിയപ്പോഴേക്കും അവൻ കയ്യിലുള്ള ലാപ്ടോപ് അടച്ചു വെച്ചു..
അല്ലെങ്കിലും അവളെ ശ്രദ്ധിക്കാതിരിക്കാനുള്ള ഒരു മറ മാത്രമായിരുന്നല്ലോ തനിക്കത്…
അവൻ ലൈറ്റ് ഓൺ ചെയ്യാതെ ആ ഇരുട്ടിലിരുന്നു….
കല്യാണത്തിന്റെ ക്ഷീണം കാരണമാകാം എല്ലാവരും നേരത്തെ കിടന്നിരിക്കുന്നു…..
കിരണിന്റെ മുറിക്ക് മുമ്പിലൂടെ വരുമ്പോൾ അവിടെ നിന്ന് രണ്ട് പേരുടെയും ചിരികളും അടക്കി പിടിച്ച സംസാരങ്ങളും കേട്ടിരുന്നു….
ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളല്ലേ ഇന്നതേ രാത്രി……
ആദ്യ രാത്രി….. സ്വപ്‌നങ്ങൾ ചിറക് വിടർത്തുന്ന സുന്ദരമായ രാത്രി……
അവൻ മുഖം കൈ കൊണ്ട് മറച്ചു…..
കണ്ണുനീർ ചാലുകളായി ഒഴുകി വന്നു….
അവസാനമായി താൻ കരഞ്ഞതെന്നാണെന്ന് വലിയ ഓർമയില്ല…..
കരയാൻ മറന്നെന്നു കരുതിയ തന്റെ ചിന്ത തെറ്റായിരുന്നെന്ന് തെളിയിച്ചു കൊണ്ട് മടിയിലിരുന്ന ലാപ്ടോപിന്റെ മുകൾ വശം നനഞ്ഞു കുതിർന്നു….
അതൊരിക്കലും തന്നെ കുറിച്ചോർത്തായിരുന്നില്ല…
മറിച് സുന്ദരമായൊരു ജീവിതം സ്വപ്നം കണ്ട് വർണ ശബളമായ ദാമ്പത്യത്തെ മനസ്സിൽ വരച്ചു ചേർത്ത് തന്നോടൊപ്പം ഇറങ്ങി വന്ന അവളെ കുറിച്ചോർത്തായിരുന്നു….
മനസ്സ് കുറ്റബോധത്താൽ നീറി തുടങ്ങിയിരുന്നു……
തന്റെ മനസ് ഒന്നിനോടും പൊരുത്തപ്പെടാത്ത സമയമാണെങ്കിൽ കൂടി ആദ്യ രാത്രിയുടെ ഭംഗി അവളാഗ്രഹിക്കുന്നുണ്ടാവില്ലേ….
ആ പെണ്ണിന്റെ ദുഖത്തിന്റെ ആഴം തനിക്കൂഹിക്കാൻ കഴിയുന്നുണ്ടെങ്കിലും ആ മുഖത്തേക്ക് നോക്കാൻ പോലും തന്റെ മിഴികൾ തുനിയുന്നില്ലെന്നതാണ് സത്യം…..
ചെയ്യുന്ന പാപത്തിന്റെ അളവറിയുന്നുണ്ടെങ്കിലും അത് തിരുത്താൻ കഴിയുന്ന അവസ്ഥയിലല്ല താനിപ്പോൾ…..
അവളെ ഒരിക്കലും സ്നേഹിക്കാനോ ഭാര്യയായി ഉൾകൊള്ളാനോ തനിക്ക് കഴിയില്ലെന്നത് അവനുറപ്പായിരുന്നു…..
എവിടെ ചെന്നവസാനിക്കുമെന്നറിയാതെ അവന്റെ ഹൃദയം വെന്തു തുടങ്ങിയിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാശി…… നീയെന്താ കിടക്കാത്തത്…..
അവന്റെ പിറകിൽ വന്ന് ലൈറ്റ് ഓൺ ചെയ്ത് കൊണ്ടത് ചോദിച്ചത് ജാനകിയായിരുന്നു…..
അവനൊന്നും മിണ്ടിയില്ലെന്ന് മാത്രമല്ല…. പിറകിലേക്ക് തിരിഞ്ഞത് പോലുമില്ല…..
അവർ അവന്റെ മുമ്പിലേക്ക് കയറി നിന്നു….
നിനക്ക് അമ്മയോട് ദേഷ്യമാണെന്ന് എനിക്കറിയാം…. എന്നാൽ…
അമ്മ ചെയ്തത് നിങ്ങളുടെ നല്ലതിന് വേണ്ടിയായിരുന്നു…..
നീയും കിരണും എന്നോട് പറഞ്ഞ ആവശ്യം ഒന്നായിരുന്നു…..
വീണ…..
ജാനകിയത് പറയുമ്പോൾ ഇതെല്ലാം കേട്ട് ഇരുട്ടിൽ നിന്നിരുന്ന രണ്ട് മിഴികൾ നിറഞ്ഞു തുളുമ്പിയിരുന്നത് അവർ കണ്ടില്ലായിരുന്നു……
ഏറെ നേരം മുറിയിലിരുന്നിട്ടും കാശിയെ കാണാതായപ്പോൾ മുറിക്ക് പുറത്തിറങ്ങിയ സൂര്യ കേൾക്കുന്നത് ജാനകിയുടെ ഈ വാക്കുകളായിരുന്നു…..
അവൾക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി……
അമ്മക്കെന്ത് ചെയ്യാൻ പറ്റും…..
എനിക്ക് നിങ്ങൾ രണ്ട് പേരും ഒരുപോലെയല്ലേ….
അവരുടെ മുഖത്ത് അങ്ങേയറ്റം നിസ്സഹായത നിറഞ്ഞിരുന്നു….
കാശി അപ്പോഴും തലയുയർത്തിയിട്ടില്ലായിരുന്നു…..
നിനക്കറിയാമല്ലോ ചെറുപ്പം മുതലേ നിന്റെ ഇഷ്ടങ്ങൾക്കാണ് ഞങ്ങൾ മുൻഗണന നൽകിയിട്ടുള്ളത്….
അവന്റെ മനസ്സിൽ എന്നും നിന്നോടുള്ള ദേഷ്യത്തിന്റെ കാരണവും അത് തന്നെ…
ഇനി വീണയെ കൂടി നിനക്ക് തന്നാൽ നിങ്ങൾ തമ്മിൽ ഒരിക്കലും ചേരാത്ത അത്രയും ദൂരേക്ക് അകന്ന് പോകുമെന്ന് എനിക്കുറപ്പായിരുന്നു….
കിരണിന് നിന്റെ മേലിലുള്ള ദേഷ്യം പകയായി മാറുമോയെന്ന് അമ്മ ഭയന്നിരുന്നു കാശി…..
അത്രയും പറഞ്ഞപ്പോഴേക്കും അവർ വിതുമ്പി പോയിരുന്നു…..
കാശി അപ്പോഴും ഒന്നും മിണ്ടിയില്ല…..
പിന്നേ നിനക്ക് സൂര്യ മോളേ ഇഷ്ടപ്പെട്ടെന്ന് പറഞ് കല്യാണം തീരുമാനിച്ചോളാൻ പറഞ്ഞത് നീ തന്നെയല്ലേ….
അപ്പോ നിനക്കും കുഴപ്പമൊന്നുമുണ്ടാവില്ലെന്ന് അമ്മ കരുതി….
ഞാൻ ആ ഫോട്ടോ നോക്കിയിട്ടില്ല…..
ജാനകി അത് പറഞ് കണ്ണ് തുടക്കുമ്പോഴേക്കും കാശി ആ പറഞ്ഞത് വന്ന് തറച്ചു നിന്നത് സൂര്യയുടെ ഹൃദയത്തിലായിരുന്നു…..
ജാനകിയും മുഖമുയർത്തി അവനെ നോക്കി…
അമ്മ എനിക്ക് വേണ്ടി നല്ലതേ തിരഞ്ഞെടുക്കുവെന്ന് ഞാൻ വിശ്വസിച്ചു….
അവരെ കുത്തി നോവിക്കാൻ പാകത്തിലത് പറയുമ്പോൾ ജാനകിക്ക് എന്ത് പറയണമേന്നറിയില്ലായിരുന്നു…..
അതിനു അവൾക്കെന്താ കുഴപ്പം…. സൂര്യ നല്ല കുട്ടിയല്ലേ…. കുറച്ച് നിറം കുറവുണ്ടെന്നല്ലേയുള്ളു….
മുഖത്തെ പരുങ്ങൽ മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ടാണവരത് പറഞ്ഞതെങ്കിലും വാക്കുകളിൽ അത് വ്യക്തമായിരുന്നു…..
കാശി പുച്ഛത്തോടെയൊന്നു ചിരിച്ചു…..
പിന്നീടൊന്നും പറയാൻ നിൽക്കാതെ ജാനകി പതിയേ അവനിൽ നിന്നും വലിഞ്ഞു ….
എങ്കിലും അവരിലൊരു വിജയ ചിരി നിറഞ്ഞു നിന്നിരുന്നു…..
നിറഞ്ഞു കവിഞ്ഞ സൂര്യയുടെ മിഴിനീർ തുടക്കാൻ പോലും അവളുടേ കൈകൾ കൂട്ടാക്കിയിരുന്നില്ലപ്പോൾ…..
അവരുടെ സംസാരങ്ങൾ അവളുടേ ജീവിതത്തിലെ പുതിയ ഒരു അധ്യായമാണെന്ന് അവൾ തിരിച്ചറിയുകയായിരുന്നു..
മുറിയിലേക്ക് നടക്കും തോറും വഴി നീളെ ഇറ്റി വീഴുന്ന അവളുടേ കണ്ണുനീർ ആ ഇരുട്ടിലും തെളിഞ്ഞു കണ്ടിരുന്നു…..
(തുടരും )