The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
” ഇത് ഞാൻ പറഞ്ഞത് തന്നെ. അതുങ്ങളെ വിറ്റ് ഇവള് പൈസ ഉണ്ടാക്കുവാണ്. ഇവനും ആ പരിപാടിക്ക് അവളുടെ കൂടെ ഉണ്ടെന്നാ കേട്ടത്…. നല്ല കമ്മീഷൻ കിട്ടൂല്ലേ? ”
പറഞ്ഞ് പറഞ്ഞ് ഇവരിത് എങ്ങോട്ടാ പോണതെന്ന് അറിയാൻ ഞാൻ മിണ്ടാതെ തന്നെ ഇരുന്നു. അല്ലെങ്കിലും എന്ത് മിണ്ടാൻ ? എന്തോ ഉദ്ദേശം ഉണ്ടവർക്ക് … അതാദ്യം എന്താന്ന് അറിയട്ടെ ….
” അമ്മ പറഞ്ഞത് എന്താന്ന് മക്കൾക്ക് മനസ്സിലായ? ”
അതാണല്ലോ എനിക്കും അറിയേണ്ടത് എന്ന ഭാവത്തിൽ ഞാൻ ഒന്ന് തലയാട്ടുക പോലും ചെയ്യാതെ അവരെ നോക്കിയിരുന്നതേയുള്ളൂ….
” മ്ച്ചും…. അവന്റെ കൂടെയുള്ള യാത്രയൊന്നും വേണ്ടെന്ന് ഹരിയോട് മക്കള് പറയണം. വല്ലതുമൊക്കെ വന്ന് പോയിട്ട് പിന്നെ അയ്യോ പൊത്തോന്ന് പറഞ്ഞിട്ട് കാര്യം ഒണ്ടോ? അവന്റെ കൂടെയൊക്കെ എവിടെങ്കിലും പോയാലേ നാളെ നിന്നെക്കുറിച്ചായിരിക്കും ആളുകള് വേണ്ടാത്തത് പറയണത്. ആൺ പിള്ളാർക്ക് പിന്നെ അങ്ങനെ ഒന്നും ഇല്ലല്ലോ? അതാ ഞാൻ ഹരിയെ വിലക്കാത്തത്.
ഇന്നിപ്പത്തന്നെ അവൻ ഇടയ്ക്ക് നോക്കിയത് കണ്ടാ? മക്കള് ശ്രദ്ധിച്ചു കാണൂല്ല… നീ അങ്ങനെ ഒന്നും മനസ്സില് വിചാരിക്കണതൊന്നും അല്ലല്ലോ? എന്നാലേ… ഇവന്മാരൊന്നും അങ്ങനെ ആവൂല്ല ….
നമ്മള് സൂക്ഷിച്ചാൽ നമ്മക്ക് കൊള്ളാം. ഹരീടടുത്ത് നീ പറഞ്ഞാ മതി..
എനിക്കിത് ഹരിയോട് പറയാൻ പറ്റുമോ? മോശവല്ലേ? മോക്ക് ആകുമ്പോ പറയാല്ലോ? ഞാൻ പറഞ്ഞതാണെന്നൊന്നും പറയണ്ട…
നിങ്ങള് ഒന്നിച്ചു പോയപ്പോഴൊള്ള അവന്റെ നോട്ടവും വാർത്തമാനോം ഒന്നും പിടിച്ചില്ല എന്ന് പറഞ്ഞാ മതി. അവന് കാര്യം മനസ്സിലായിക്കോളും. പിന്നെ ഒരുമിച്ചു പോവാൻ നിർബന്ധം പിടിക്കൂല്ല. ”
ഹാ…. ബെസ്റ്റ്….!
അങ്ങനെ വരട്ടെ….!
അപ്പോ ഇതിനാണ് ഇത്രേം വളഞ്ഞു കുത്തി മൂക്ക് പിടിച്ചത്. ഞങ്ങൾ ഇനി രാജേഷ് ചേട്ടന്റെ ഒപ്പം എവിടെയും പോവാൻ പാടില്ല. അതിന് വേണ്ടിയാണിപ്പോ രാജേഷ് ചേട്ടനെ ഇത്രേം വൃത്തികെട്ടവനായിട്ട് എന്റെ മുന്നിൽ പ്രെസെന്റ് ചെയ്തത്. ഇതിനു മാത്രം കുരുട്ട് ബുദ്ധി ഇവരുടെ തലേൽ എവിടുന്ന് വരുന്നാവോ?
” ഞാൻ പറയാനുള്ളത് പറഞ്ഞു. ഇല്ലെങ്കിൽ പിന്നെ നാളെ എന്തെങ്കിലും പറ്റീട്ട്, നിനക്ക് അവന്റെ സ്വഭാവം അറിയാവുന്നതല്ലേ എന്നിട്ട് ആ കൊച്ചിനെ പറഞ്ഞു മനസ്സിലാക്കാത്തത് എന്താന്ന് നാട്ടുകാര് എന്നോട് ചോദിക്കരുതല്ല? അതാ പറഞ്ഞു തന്നത്. പിന്നെ മറ്റൊള്ള പെൺപിള്ളേരെപോലെ അല്ല, നീ പറഞ്ഞാൽ മനസ്സിലാവേം അനുസരിക്കേം ഒക്കെ ചെയ്യുന്ന കൂട്ടത്തിൽ ആണെന്നും തോന്നി. ”
അത്രയും പറഞ്ഞ് അമ്മായി കഴിച്ച പാത്രവും എടുത്തു അടുക്കളയിലേക്ക് പോയി.
ഇത് എന്ത് തരം ജീവി ആണോ എന്തോ എന്ന ഭാവത്തിൽ ഞാൻ അടുക്കളയിലേക്ക് കയറിപ്പോകുന്ന അവരെ നോക്കിയിരുന്നു പോയി.
രാവിലെ ഞാൻ ഒന്നും പറഞ്ഞാൽ അനുസരിക്കില്ല എന്ന് രാജേഷ് ചേട്ടനോട് പറഞ്ഞ ആളാണ്. ഇപ്പൊ പറയുന്നു എനിക്ക് പറഞ്ഞാൽ മനസിലാവും അനുസരിക്കും എന്ന്.
കൊള്ളാം അല്ലെ…?
ഓന്ത് നിറം മാറുമോ ഇങ്ങനെ…?
പാത്രത്തിൽ വിളമ്പിയെടുത്ത ചോറ് അത് പോലെ പുറത്തേക്ക് കൊണ്ട് തട്ടി. വിശപ്പ് രാവിലെ തന്നെ കെട്ട് പോയതാണല്ലോ?
ഹരിയേട്ടൻ എങ്ങാനും ഉണ്ടായിരുന്നേൽ അവരെന്നെ ഇത് മുഴുവനും കഴിപ്പിച്ചേനെ….. ഇതിപ്പോ ഞാൻ കഴിക്കാതിരുന്നാൽ അവർക്കെന്താ ?.
പാത്രങ്ങൾ കഴുകുമ്പോഴും അടുക്കള വൃത്തിയാക്കുമ്പോഴുമൊക്കെ അവര് പറഞ്ഞതിനെക്കുറിച്ചായിരുന്നു എന്റെ ചിന്ത.
ആക്‌സിഡന്റിനെക്കുറിച്ച് എന്തെങ്കിലും പറയുമെന്നാണ് കരുതിയത്. അതുണ്ടായില്ല. അതല്ലെങ്കിലും നാട്ടുകാരോട് പറയാനാകും താല്പര്യം.
എന്തായാലും ഹരിയേട്ടനോട് ആയമ്മ പറഞ്ഞത് പോലൊന്നും പറയില്ല എന്ന് മനസ്സിൽ ഉറപ്പിച്ചു. വർഷങ്ങളുടെ പരിചയമുണ്ട് ഹരിയേട്ടനും രാജേഷ് ചേട്ടനും തമ്മിൽ. തിക്ക് ഫ്രണ്ട്‌സ് ആണവര്. ഇരുവർക്കും പരസ്പരം നന്നായിട്ടറിയാമായിരിക്കണം.
അങ്ങനെ ഉള്ള ഒരാളെക്കുറിച്ച് ഞാൻ ഇല്ലാവചനം പറയാനോ? അല്ലെങ്കിൽ തന്നെ ആ മനുഷ്യൻ എന്നെ മോശമായിട്ടൊന്ന് നോക്കിയിട്ട് പോലുമില്ല.
ഇനി അമ്മായി രാജേഷ് ചേട്ടനെക്കുറിച്ചിങ്ങനെ മോശമായി പറഞ്ഞു എന്ന് ഹരിയേട്ടനോട് പറയാമെന്നു വച്ചാലോ ആളെന്നെ വിശ്വസിക്കില്ല എന്ന് നൂറ്റൊന്ന് ശതമാനം ഉറപ്പാണ്. അവരെന്നോട് പറഞ്ഞതിനെക്കുറിച്ച് ഒന്നുമേ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് തന്നെ മനസ്സിൽ ഉറപ്പിച്ചു.
അങ്ങനെ കരുതുമ്പോഴും എന്തിനെന്നറിയാതെ മനസ്സ് അസ്വസ്ഥമായിക്കൊണ്ടിരുന്നു.
🦋 🦋 🦋 🦋
അടുക്കളയൊക്കെ ഒതുക്കിക്കഴിഞ്ഞു റൂമിൽ ചെന്നിട്ട് മീനുവിനെ ഒന്ന് വിളിക്കാമെന്നോർത്തു. അവളോട് സംസാരിച്ചാൽ മനസ്സിന് സമാധാനം കിട്ടും. ഇല്ലെങ്കിൽ അവൾ എന്തെങ്കിലും ഒക്കെ പറഞ്ഞ് മൈൻഡ് relax ആക്കിക്കോളും.
റൂമിലേക്ക് നടക്കുമ്പോ വരാന്തയിലെ കസേരയിൽ ചാരി വായ തുറന്നിരുന്ന് അമ്മായി സുഖമായി ഉറങ്ങുന്നു. അല്ലെങ്കിലും അവർക്കെന്ത് സമാധാനക്കേട്? അവര് കാരണം പോയത് എന്റെ മനസമാധാനം അല്ലെ?
മുറിയിലേക്ക് കയറി കതക് അടച്ച് കുറ്റിയിട്ടു. മീനുവിനോട് സംസാരിക്കുന്നത് അമ്മായി കേൾക്കരുതല്ലോ?
മീനുവിനെ വിളിച്ച് അമ്മായി പറഞ്ഞതൊക്കെ അവളോട് പറഞ്ഞു കഴിഞ്ഞപ്പോ അവൾ അവിടെ കിടന്ന് ചിരിയോ ചിരി.
” എന്താടി….? ”
മനുഷ്യൻ ഇവിടെ ടെൻഷൻ അടിച്ചിട്ട് അതൊന്ന് കുറയ്‌ക്കാൻ വേണ്ടിയാണിവളെ വിളിച്ചത് തന്നെ. അപ്പൊ അവക്ക് ചിരി. എനിക്കങ്ങു ദേഷ്യം വന്നു.
” എന്റെടിയെ…. പണ്ട് പാലാഴി കടഞ്ഞപ്പോ പൊങ്ങി വന്ന കാളകൂട വിഷം പരമശിവനാണ് കുടിച്ചതെന്നല്ലേ നമ്മൾ കരുതിയത്..?. അല്ലെടി… അല്ല…! അത് മുഴുവൻ കുടിച് തീർത്തത് നിന്റെ അമ്മായിയാ… ഇല്ലെങ്കിൽ പിന്നെ അവരുടെ ഉള്ളിൽ എവിടുന്നാ ഇതിനും മാത്രം വിഷം….! അതോ ഇനി അവര് ദിവസോം കരിമൂർഖനെയാണോ തിന്നണത്? ”
അവള് ഞാൻ എന്തോ തമാശ പറഞ്ഞത് പോലാണ് സംസാരം….
” അവരുടെ ഉള്ളിൽ ഇത്രേം വിഷം എവിടുന്ന് വന്നു എന്ന് കണ്ടു പിടിക്കാനാണോ ഞാൻ ഇപ്പൊ നിന്നെ വിളിച്ചത്? ”
എന്റെ ക്ഷമ നശിച്ചു തുടങ്ങി.
” അതല്ല…. എന്നാലും എന്റെ ഒരു സംശയം ഞാൻ ചോദിച്ചതാന്നെ…. ”
” നീ തമാശ വിട് മീനു. ”
ഞാൻ സീരിയസ് ആയതോടെ അവളും ചിരി നിർത്തി.
” നീയപ്പോ ഇന്നവര് പറഞ്ഞതൊന്നും ഹരി ചേട്ടനോട് പറയുന്നില്ല എന്നാണോ? ”
” പിന്നല്ലാതെ…. പറഞ്ഞാൽ ഹരിയേട്ടൻ വിശ്വാസിക്കോ? ”
” അതില്ല… ”
” അപ്പൊ പറയാത്തത് തന്നല്ലേ നല്ലത്? അവര് ഇന്നൊന്നും പറഞ്ഞിട്ടും ഇല്ല. ഞാൻ ഒന്നും കേട്ടിട്ടും ഇല്ല. ”
” ഹ്മ്മ്…. അന്ന് മുടങ്ങിയ ട്രിപ്പ് അടുത്ത മാസം പ്ലാൻ ചെയ്യുന്നു എന്ന് പറഞ്ഞില്ലേ? അപ്പൊ അതോ….? ”
ചക്കുളത്തേക്ക് പോകും വഴി കാറിൽ വച്ച് ഹരിയേട്ടനും രാജേഷ് ചേട്ടനും തമ്മിൽ അതേക്കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു. അന്ന് മുടങ്ങിയ കൊടൈക്കനാൽ ട്രിപ്പ് അടുത്ത മാസമോ അതിനടുത്ത മാസമോ പോയാലോന്ന്. ഞാൻ അത് മീനുവിനോട് പറയുകേം ചെയ്തു.
” അതിന് പോകും… ”
സംശയം ഒന്നും ഇല്ലാതെ തന്നെ പറഞ്ഞു.
” അപ്പൊ മറ്റേ ചേട്ടനും ഫാമിലിയും കാണില്ലേ? ”
” കാണും…. ”
” അവരുടെ കൂടെ പോകണ്ട എന്ന് പറഞ്ഞിട്ട് പിന്നേം പോയാൽ അമ്മായി ഇനീം വല്ല ഉടായിപ്പും ഒപ്പിച്ചാലോ? ”
” എന്ത് ഉടായിപ്പ്? ”
” എടി… നിങ്ങൾ ട്രിപ്പ് കഴിഞ്ഞു വരുമ്പോ ഇവര് നിന്നേം രാജേഷ് ചേട്ടനേം കുറിച്ച് മോശമായിട്ട് ആ നാട് മുഴുവൻ പറഞ്ഞു പരത്തില്ല എന്നാര് കണ്ടു? ”
എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി. അങ്ങനെ ഒക്കെ അവര് പറയുമോ?
ഇത് പോലൊക്കെ കാട്ടുന്നവര് അങ്ങനെ പറഞ്ഞാലും അതിശയിക്കാൻ ഇല്ലല്ലോ?
” എന്റെ പൊന്ന് മീനു… നീയെന്നെ വട്ടാക്കരുത്. ”
” ഹ…! ഞാൻ നിന്നെ സമാധാനിപ്പിച്ചതല്ലേ? ”
അവൾക്ക് പിന്നെയും ചിരി. ചാവാറായി കിടന്നവനെ ശ്വാസം മുട്ടിച്ചു കൊന്നിട്ട് നിന്ന് ചിരിക്കയാണ്. ശവം….!
” നീയൊന്ന് വച്ചിട്ട് പോയെ…. നിന്നോടൊക്കെ ഇത് പറയാൻ വന്ന എന്നെ പറഞ്ഞാൽ മതിയല്ലോ? ”
ഞാൻ ദേഷ്യത്തിൽ കാൾ കട്ടാക്കാനൊരുങ്ങി.
” നീ ചൂടാവാതെ… ഞാൻ പറയട്ടെ…
എനിക്ക് തോന്നുന്നത് നിന്റെ അമ്മായി നല്ല അസ്സൽ സൈക്കോ ആണെന്നാണ്.
മറ്റുള്ളോർക്ക് മുന്നിൽ നിന്നെ മോശക്കാരി ആക്കുന്നതിലൂടെ സന്തോഷം കണ്ടെത്തുന്ന നല്ല ഒന്നാന്തരം സൈക്കോ… ”
അതെനിക്കും തോന്നാതിരുന്നില്ല. അത് കൊണ്ട് ഞാൻ അവള് പറഞ്ഞു വരുന്നത് എന്താണെന്ന് അറിയാൻ മിണ്ടാതെ കേട്ട് നിന്നു.
” ഇപ്പൊ അവര് നിന്നെക്കുറിച്ച് നിന്റെ അമ്മായിയച്ഛനോടും ആ ചേട്ടനോടും ഫോണിൽ കൂടെയും ഒക്കെ കുറ്റം പറയുന്നില്ലേ? പതിയെ പതിയെ ഇത് പോലെ ഹരിയേട്ടനോടും പറയും.
കല്യാണം കഴിഞ്ഞ് രണ്ട് മൂന്ന് മാസം ആയിട്ടും നീയും ഹരി ചേട്ടനും തമ്മിൽ അത്ര വലിയ അടുപ്പം ഒന്നും ആയിട്ടില്ലലോ? ഹരി ചേട്ടനെക്കുറിച്ചു പൂർണ്ണമായിട്ട് നിനക്കും അറിയില്ല. അത് പോലെ നിന്നെക്കുറിച്ചു ഹരി ചേട്ടനും….
ഇപ്പോഴത്തെ കണ്ടീഷനിൽ അമ്മായി നിന്നെക്കുറിച്ചു ഹരി ചേട്ടനോട് ഇങ്ങനെ പറയാണെന്ന് വച്ചോ…
‘ എടാ ഹരി…. നീ പോയിക്കഴിഞ്ഞാ പിന്നെ ആ പെണ്ണ് ഏത് നേരോം കതകടച്ചകത്തിരിക്കും. ആരോടോ ഫോണിൽ കൂടി കൊഞ്ചുകേം കുഴയുകേം ഒക്കെ ചെയ്യുന്നുണ്ട്. നീ ഒന്ന് സൂക്ഷിക്കണം. ഇക്കാലത്തു കല്യാണം കഴിഞ്ഞു ഓടിപ്പോകുന്നതല്ലേ ഫാഷൻ?’
ഇങ്ങനെ അവര് ഹരി ചേട്ടനോട് പറഞ്ഞാ ചേട്ടനത് പൂർണമായും തള്ളികളയുമോ? ”
” എനിക്കറിഞ്ഞു കൂടാ…. ”
അവള് ചോദിച്ചു നിർത്തിയതിനു മറുപടി ആയിട്ട് എനിക്ക് അങ്ങനെ പറയാനേ കഴിഞ്ഞുള്ളൂ….
ഹരിയേട്ടൻ അത് ഒരിക്കലും വിശ്വസിക്കില്ല, ആര് പറഞ്ഞാലും എന്നെ അവിശ്വസിക്കില്ല എന്ന് പറയാനും മാത്രം ഞങ്ങൾ അടുത്തിട്ടില്ലല്ലോ? പരസ്പരം മനസ്സിലാക്കി തുടങ്ങുന്നല്ലേയുള്ളൂ….
പക്ഷെ ഹരിയേട്ടനും അമ്മയും തമ്മിലൊ? എന്നെക്കാൾ എന്ത് കൊണ്ടും ഹരിയേട്ടന് വിശ്വാസം അമ്മയെതന്നെ ആയിരിക്കും. അക്കാര്യത്തിൽ സംശയം ഒന്നും ഇല്ല.
” എടി… അവര് അങ്ങനെ ഒക്കെ പറയോ? അങ്ങനെ ഒക്കെ പറഞ്ഞിട്ട് അവർക്ക് എന്ത് കിട്ടാനാ? ”
ഞാൻ ടെൻഷൻ കാരണം ചെറു വിരലിലെ നഖം കടിച്ച് തുപ്പി.
” പിന്നെ ഇപ്പോ അവര് എന്ത് കിട്ടിയിട്ടാ ഈ പറയണേ….? സൈക്കോ അമ്മായിക്ക് ഒരു മനസുഖം… അത്ര തന്നെ…. ”
” എന്നാലും എടി….? ”
” അങ്ങനെ പറയും എന്നല്ല… ഞാൻ ഒരു പോസ്സിബിലിറ്റി പറഞ്ഞതാ…. ഇത് പോലെ എല്ലാ വശവും നമ്മള് ചിന്തിക്കേണ്ട?
മൂന്ന് നാല് കൂട്ടുകാരികൾ കല്യാണം കഴിഞ്ഞു പോയിട്ട് അവരുടെ അനുഭവങ്ങൾ കേട്ടിട്ടുള്ള അനുഭവസമ്പത്തു കൊണ്ട് പറയാണെന്ന് കരുതിക്കൊള്ളൂ കുട്ട്യേ…. യുവർ അമ്മായി റൊമ്പ dangerous….!
നമ്മൾ എന്തും പ്രതീക്ഷിക്കണം….!”
ഇവളുടെ കൂടെ ഒരു അഞ്ച് മിനിട്ട് കൂടി സംസാരിച്ചാൽ ഞാൻ ടെൻഷൻ അടിച്ചു അറ്റാക്ക് വന്ന് മരിക്കും…
” അപ്പൊ പിന്നെ ഞാൻ എന്താടി ചെയ്യാ? അമ്മേടെ ഈ സ്വഭാവം എങ്ങനെ മാറും? ”
” ഇതിന് പ്രതിവിധി ഇല്ല്യാ…. This is incurable… ”
അവള് തിലകൻ സ്റ്റൈലിൽ പറയുന്നുണ്ട്.
” പക്ഷെ അവരുടെ പദ്ധതികളൊക്കെ നമുക്ക് പൊളിച്ചടുക്കാൻ പറ്റും? ”
“എങ്ങനെ?”
” അതിനുള്ള വഴിയാ ഞാൻ ഇന്നാളു പറഞ്ഞത്. അവര് പറയുന്നതൊക്കെ ഹരി ചേട്ടനെ കേൾപ്പിക്കുക. അമ്മേടെ സൈക്കോത്തരം മോന് മനസ്സിലായ ശേഷം മാത്രം ഇന്നവര് പറഞ്ഞത് വള്ളി പുള്ളി വിടാതെ ഹരി ചേട്ടനോട് പറയുക. അതോടെ നീ സേഫ് ആകും.. ”
” വേറെ വഴി ഒന്നും ഇല്ല അല്ലേടി? ”
ഞാൻ ആലോചനയോടെ ചോദിച്ചു.
” ഇതിലും നല്ല വഴി എന്ത്? ഇനി വേണേൽ നീ ആലോചിച്ചു കണ്ട് പിടിക്ക്… അല്ല പിന്നെ….! ”
അവൾ ദേഷ്യത്തിൽ കാൾ കട്ടാക്കി പോയി.
🦋 🦋 🦋 🦋 🦋