രചന – ആയിഷ അക്ബർ
ഡ്രസ്സ് മാറ്റി കഴിഞ്ഞെങ്കിൽ വരാൻ പറഞ്ഞു….
മുറി കാണിച്. തന്ന പെൺകുട്ടികൾ അതും പറഞ് പോകുമ്പോൾ അവരുടെ കൂടെ വീണയുമുണ്ടായിരുന്നു….
വീണ തന്റെ മുഖത്തേക്ക് നോക്കി പോകുമ്പോൾ ഒരു തരം പുച്ഛം മാത്രമായിരുന്നു…..
അവളുടേ നോട്ടത്തിനെ കണ്ടില്ലെന്ന് നടിച്ചു സൂര്യ വാതിലടച്ചു……
മുറിയിലുള്ള അലമാര പതിയേ തുറന്നപ്പോൾ അതിൽ കുറച്ച് ചുരിദാറുകളും സാരികളും ഉണ്ടായിരുന്നു…..
പല നിറങ്ങളിലുള്ള അവയിലൂടെ കൈകൾ കടന്ന് പോയെങ്കിലും ഏത് നിറം തിരഞ്ഞെടുക്കണമെന്നത് അവൾക്ക് പ്രയാസമുള്ള ഒരു കാര്യം തന്നെയായിരുന്നു….
എന്തെന്നാൽ തന്റെ നിറത്തിനോട് ചേരുന്ന നിറങ്ങൾ കുറവാണല്ലോ….
അവസാനം ഇളം നീല നിറത്തിലുള്ള ഒരു ചുരിദാറവൾ കയ്യിലെടുത്തു….
മുറിക്ക് മൂലയിലുള്ള പാതി തുറന്ന് വെച്ച പെട്ടിയിൽ അലങ്കോലപ്പെട്ടു കിടക്കുന്ന അവന്റെ തുണികളിലേക്കവളുടെ കണ്ണുകൾ നീണ്ടു പ്പോയി…
ഇന്നലെ ഏറെ വൈകിയാണ് അവനെത്തിയതെന്ന് ആരൊക്കെയോ പറഞ് കേട്ടിരുന്നു…..
അവനെ കുറിച് ഓർക്കുമ്പോൾ മനസ്സിൽ നിറയുന്നതെന്തെന്ന് അവൾക്ക് തന്നെ വ്യക്തമല്ലായിരുന്നു….
അവൾ ഡ്രസ്സ് മാറി പെട്ടെന്ന് തന്നെ നടന്നു…..
കല്യാണ വീട് അപ്പോഴേക്കും അല്പം ശാന്തമായി തുടങ്ങിയിരുന്നു…..
അടുക്കളയിൽ തിളച്ചു കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ചായ പൊടിയിട്ടിളക്കുന്ന ജാനകിയുടെ അടുത്തായി ചിരിച്ചു കൊണ്ട് എന്തൊക്കെയോ പറഞ്ഞ് നിൽക്കുന്ന വീണയെയും അവൾ കണ്ടിരുന്നു…..
അവൾ അങ്ങോട്ട് കടന്ന് ചെല്ലുമ്പോൾ ജാനകി അവളെ നോക്കിയോന്ന് പുഞ്ചിരിച്ചു…..
അതൊരു വരുത്തി തീർത്ത ചിരിയായി അവൾക്ക് തോന്നിയെങ്കിലും അവളും പതിഞ്ഞൊരു ചിരി അവർക്കായി തിരിച്ചു നൽകി……
അപ്പോഴും വീണയിൽ നിറഞ്ഞു നിന്നിരുന്നൊരാ പുച്ഛം സൂര്യ ക്കറിയുന്നുണ്ടായിരുന്നു….
വരൂ…. ചായ കുടിക്കാം….
പാത്രത്തിൽ നിരത്തി വെച്ച ചായ ഗ്ലാസുകളുമായി ഉമ്മറത്തേക്ക് നടക്കുമ്പോൾ ജാനകി അവരോട് രണ്ട് പേരോടുമായി അത് പറഞ്ഞു…..
ജാനകിക്ക് പിറകെ ഇരുവരും നടക്കുമ്പോൾ വീണയെ കണ്ടതും കിരണിന്റെ കണ്ണുകൾ വിടർന്നിരുന്നു……
അവൻ അവളെ നോക്കി മനോഹരമായി ചിരിക്കുമ്പോൾ നാണത്തിൽ കലർന്നൊരു പുഞ്ചിരി അവളും അവനായി നൽകിയിരുന്നു……
സൂര്യയുടെ കണ്ണുകൾ അവരുടെ ചിരിയെ കണ്ടില്ലെന്ന് നടിച്ചു നീണ്ടു ചെന്നത് ഊഞ്ഞാലിൽ തലക്ക് കൈ വെച്ചു മലർന്ന് കിടക്കുന്ന കാശിയിലെക്കായിരുന്നു..
അവനിൽ നിന്നൊരു പുഞ്ചിരി തന്റെ ഹൃദയവും ആഗ്രഹിക്കുന്നില്ലേ…..
ജാനകി മേശ മേൽ ചായ നിരത്തിയപ്പോഴേക്കും മേശക്ക് ചുറ്റുമായി ശങ്കരനും കിരണും വന്നിരുന്നു…..
കാശി…..എഴുന്നേൽക്ക് …. വന്ന് ചായ കുടിക്ക്….
ശങ്കരൻ അല്പം കനത്തിലത് പറഞ്ഞതും കാശി ഉറക്കത്തിൽ നിന്നെന്ന പോൽ എഴുന്നേറ്റു…..
നിങ്ങളും ഇരുന്നോളു…..
ജാനകി യത് പറഞ്ഞതും സൂര്യയും വീണയും ഒഴിഞ്ഞു കിടന്ന കസേരകളിലേക്കിരുന്നു….
കാശി എഴുന്നേറ്റ് മുഖം കഴുകി മേശക്കരികിലേക്ക് വന്നു….
കിരണിനടുത്തെ ഒഴിഞ്ഞ കസേരയിൽ അവനിരിക്കുമ്പോൾ എതിർ വശത്തായിരിക്കുന്ന വീണയെ കണ്ടില്ലെന്ന് നടിച്ചു…..
എന്നാൽ ചായ ചുണ്ടോടു ചേർക്കുമ്പോഴും ചെറു ചിരിയോടെ കണ്ണുകൾ വീണയിൽ മാത്രം പതിഞ്ഞിരിക്കുന്ന കിരണിനെ കാണുമ്പോൾ കാശിയുടെ മനസ്സാകെ അസ്വസ്ഥമായിരുന്നു…..
അവൻ പതിയേ സൂര്യയിലേക്ക് നോക്കി….
ചായ കുടിക്കുന്നുണ്ടെങ്കിലും അവളുടേ കണ്ണുകൾ നിലത്തേക്കൂന്നിയിരുന്നു…
തന്നിൽ നിന്നും ഒരു നോട്ടത്തെ പോലും അവൾ പ്രതീക്ഷിക്കാത്തത് കൊണ്ടായിരിക്കുമോ……
ഇളം നീല ചുരിദാരിട്ടിരിക്കുന്ന അവളുടേ മുഖത്തേക്ക് ഒരു തവണ യിൽ കൂടുതൽ തനിക് നോക്കാനും കഴിയുന്നില്ലെന്ന് അവൻ തിരിച്ചറിയുകയായിരുന്നു….
പ്രണയം എന്ന. വികാരത്തെ തിരിച്ചറിയാൻ കഴിയുന്നത് മുതൽ ഏതൊരാളിലും നിറഞ്ഞു നിൽക്കുന്നത് വെളുത്തു സുന്ദരിയായ ഒരു പെൺകുട്ടിയുടെ മുഖമായിരിക്കും…..
സുന്ദരനും സമ്പന്നനുമായ കാശിക്ക് പിറകെ വരാൻ ഒത്തിരി പെൺകുട്ടികളുണ്ടായിരുന്നെങ്കിലും താൻ വിചാരിച്ച സൗന്ദര്യം ഒത്തിണങ്ങി കണ്ടത് വീണയിൽ മാത്രമായിരുന്നു…..
സൗന്ദര്യത്തെ അത്രമാത്രം ആഗ്രഹിക്കുന്ന തനിക്ക് രണ്ടാമതൊരു തവണ അവളിലേക്ക് നോക്കാനെങ്ങനെയാണ് കഴിയുക……
അവളെ തന്റെ സുഹൃത്തുക്കൾക്കും പരിചയക്കാർക്കും മുമ്പിൽ പരിചയപ്പെടുത്തുന്നതായിരുന്നു അതിനേക്കാളേറെ അവനെ വേദനിപ്പിച്ചത്……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
നേരം ഇരുട്ടി തുടങ്ങും തോറും കാശിയുടെ മനസ്സിലും ഇരുട്ട് പടർന്നു തുടങ്ങി…..
നാട്ടിലായിരുന്നെങ്കിൽ പുറത്തെങ്കിലും പോകാമായിരുന്നു….
ഇവിടെ സുഹൃത്തുക്കളൊ മറ്റു സ്വന്തക്കാരോ ഇല്ലാത്തത് കൊണ്ട് തന്നെ അവൻ ഉമ്മറത്തെ തിണ്ണയിൽ തന്നെയിരുന്നു….
കിരൺ വീണ യുള്ളിടത്തെല്ലാം ചുറ്റി പറ്റി നിൽക്കുന്നതായി തോന്നി….
വീണ വീട്ടിൽ വന്നിരുന്ന സമയങ്ങളിൽ അവൻ ഹോസ്റ്റലിലായിരുന്നു….
വീണയെ ഒരിക്കലും പോലും അവൻ കണ്ടിട്ടുണ്ടാവില്ല….
അവളെ കണ്ടതും ആഗ്രഹിച്ചതുമെല്ലാം താനായിരുന്നു…..
അവളുടേ കണ്ണുകളിൽ തിരിച്ചും താനാ ഇഷ്ടത്തെ അറിഞ്ഞതാണ്…..
ഞാൻ വന്ന് കെട്ടി ക്കോളാം നിന്നെ……
അവൾ പഠിത്തം കഴിഞ്ഞ് തിരിച് പോരുമ്പോൾ കള്ള ചിരിയോടെ താനവളോട് പറഞ്ഞത് അത് മാത്രമായിരുന്നു…..
അവളുടേ സമ്മതത്തെ മനോഹരമായൊരു ചിരിയിൽ അവളെനിക്ക് നൽകുമ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു…..
അമ്മ നാട്ടിലേക്ക് പോകുന്നതിനു മുമ്പ് തന്നെ തന്റെ മനസ്സിലുള്ള ഇഷ്ടം ഞാൻ പറഞ്ഞിരുന്നതാണ്….
അവിടെ ചെന്ന് ഞാൻ ശ്രീധരേട്ടനോട് സംസാരിക്കട്ടെ എന്നമ്മ പറയുമ്പോൾ മനസ്സിൽ പ്രതീക്ഷകൾ നിറഞ്ഞിരുന്നു…….
രണ്ട് പേരോടും അങ്ങോട്ട് ചെല്ലാൻ പറഞ് മുത്തശ്ശനും മുത്തശ്ശിയും വിളിച്ചെങ്കിലും ജോലി തിരക്കുകളിൽ പെട്ടത് കാരണം തനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല…..
അപ്പോഴും മനസ്സ് മുഴുവൻ അവിടെ തന്നെയായിരുന്നു…
കാരണം അവളുള്ളത് അവിടെയാണല്ലോ……
എന്നാൽ കിരൺ നേരെ പോയത് അമ്മ വീട്ടിലേക്കായിരുന്നു….
ഞാൻ ശ്രീധരേട്ടനോട് സംസാരിച്ചിരുന്നു…
വീണ മോളേ അവർ മാറ്റാർക്കോ വേണ്ടി പറഞ് വെച്ചിട്ടുണ്ടത്രേ…..
അമ്മയുടെ ഇളയ സഹോദരാനൊരു മകളുണ്ട്….
അവളെ നിനക്ക് വേണ്ടി ഞാൻ ആലോചിക്കട്ടെ…..
രണ്ട് മൂന്ന് ദിവസത്തിന് ശേഷമാണ് അമ്മ എന്നെ വിളിച്ചത് പറയുന്നത്….
മനസ്സാകെ തകർന്നു പോയ നിമിഷമായിരുന്നത്….
വേണ്ടമ്മേ….. കല്യാണം ഇപ്പൊ ധൃതിയുള്ള കാര്യമൊന്നുമല്ലല്ലോ…..
അത് മാത്രം പറഞ് നിർത്തുമ്പോൾ മനസ്സിലെ ദുഃഖം അത്രത്തോളമായിരുന്നു…
എന്നാൽ കിരണിനൊരു വിവാഹം ശെരിയായിട്ടുണ്ടെന്ന് പറയുമ്പോൾ ഏട്ടനായ തന്റെ വിവാഹം നിർബന്ധിതമായി…..
പെങ്കൊച്ചിന്റെ ഫോട്ടോ അയച്ചിട്ടുണ്ടെന്ന് പറയുമ്പോൾ നോക്കാൻ തോന്നിയില്ല…..
വീണ യെ കുറിച്ചോർത്തു മനപ്രയാസത്തിലായിരുന്നത് കൊണ്ട് തന്നെ ആ ഫോട്ടോ താൻ നോക്കിയത് പോലുമില്ല…..
എന്താണെങ്കി തീരുമാനിച്ചോളൂ…..
എന്നൊരു വാക്ക് വിവാഹത്തിനുള്ള സമ്മതമായി താൻ നൽകുമ്പോഴും അത് നൽകിയത് അച്ഛനും തന്റെ വിവാഹം ആഗ്രഹിക്കുന്നുണ്ട് എന്ന ഒറ്റ ചിന്തയുടെ പേരിലായിരുന്നു…..
അല്ലെങ്കിലൊരു പക്ഷേ താൻ വിവാഹമേ വേണ്ടെന്ന് വെക്കുമായിരുന്നു….
മനസ്സ് അത്രത്തോളം വേദനിച്ചിരുന്നു അന്നേരം….
വിവാഹത്തിനോടുള്ള താല്പര്യ കുറവും ജോലിയുടെ തിരക്കും തന്നെ ഇവിടെ എത്തിച്ചത് കല്യാണ തലേന്നായിരുന്നു….
കല്യാണ പന്തലിൽ അണിഞ്ഞൊരുങ്ങി വീണ വരുന്നത് കണ്ടപ്പോൾ ഒരു നിമിഷം അവൾ തന്നിലേക്കാണെന്ന് ചിന്തിച്ചു പോയിരുന്നു….
എന്നാൽ കിരണിനടുത്തായി അവളിരുന്നതും ഒരു വേള ഹൃദയം നിലച്ചു പോയിരുന്നു…..
എന്നാൽ അതിനേക്കാൾ തന്നെ ഇപ്പോൾ മുറിപ്പെടുത്തുന്നത് താൻ താലി കെട്ടിയവളെ കുറിച്ചോർത്തല്ലേ…..
ഫോണിൽ ഡൌൺലോഡ് ചെയ്യാൻ പോലും അവൻ മെനക്കേടാതെ വന്ന് കിടക്കുന്ന ആ ഫോട്ടോ അവനൊന്നു നോക്കി….
അവനത് ഡൌൺലോഡ് ചെയ്യാൻ തുടങ്ങിയതും മനസ്സിനു താല്പര്യമില്ലെന്നു മനസ്സിലാക്കിയ പോൽ വിരലുകൾ പതിയേ പിന്തിരിഞ്ഞു…..
അവൻ ഫോൺ തിണ്ണയിലേക്ക് തന്നെ വെച്ചു…..
ചിന്തകൾ അവനെ വല്ലാതെ വീർപ്പു മുട്ടിച്ചപ്പോൾ അവൻ കൈകൾ കൊണ്ട് മുഖം പൊത്തി…….
(തുടരും )

by