രചന – ആയിഷ അക്ബർ
ഇവിടെ വാ…..
അവന്റെ സ്വരം ആർദ്രമായിരുന്നു…..
സൂര്യ പതിയേ അവന്റെ അടുത്തേക്ക് വന്നു….
അവൾ വന്നതും അവൾക്ക് ഇരിക്കാനെന്ന വണ്ണം അവൻ കട്ടിലിൽ കാല് അല്പം നീക്കി വെച്ചു….
തനിക്കറിയുമോ….
ഒരു കണക്കിന് ആക്‌സിഡന്റ് ആയത് നന്നായി എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്….
എന്താണെന്നോ….
അവനത് പറയുമ്പോൾ അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കിയിരുന്നു…..
അത് കൊണ്ടല്ലേ താൻ എനിക്ക് ഭക്ഷണം കൊണ്ട് തന്ന് തുടങ്ങിയത്…..
ഞാൻ വയറു നിറച് കഴിച്ചു തുടങ്ങിയതും അതില് പിന്നെയാണ്…..
ഒരു ചെറു ചിരിയാൽ അവനത് പറയുമ്പോൾ അത് വരെ മുത്തശ്ശിയുടെ വാക്കുകൾ മനസ്സിൽ തീർത്ത മുറിവിലേക്കുള്ള മരുന്നായിരുന്നത് ……
താൻ തരുന്ന ഭക്ഷണ ത്തിന്റെ സ്വാദ് എനിക്ക് മറ്റൊരു ഭക്ഷണത്തിനും തോന്നിയിട്ടില്ല…..
അതൊരു പക്ഷെ…..
അവൻ എന്തോ പറയാൻ വന്നതും പാതി വഴിയിൽ നിർത്തിയപ്പോൾ അവൾ അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു…..
മനസ്സ് കേൾക്കാൻ കൊതിക്കുന്ന ആ വാക്കുകൾക്കായി……
അവന്റെ ശ്വാസം അല്പം വേഗത്തിലായിരുന്നു….
ചുണ്ടുകൾ വിറക്കുന്നുണ്ട്….
കൈ കൊണ്ടവനൊന്ന് മുഖമാകെ തടവി….
അവൾ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
എന്നാൽ ചില നിമിഷങ്ങളിൽ ചില കാര്യങ്ങൾ തുറന്ന് പറയാൻ ധൈര്യം കിട്ടാറില്ല…..
നാവ് ചലിക്കാത്തത് പോൽ..
എനിക്ക് നിന്നെ അത്രയേറെ ഇഷ്ടമായത് കൊണ്ടാണെന്ന് ആ കണ്ണുകളിൽ നോക്കി പറയണമായിരുന്നവന്…..
അവൻ മുഖമുയർത്തി അവളെ നോക്കി….
ആ കണ്ണുകളിൽ നോക്കുമ്പോൾ താൻ ദുർബലനാവുന്നത് പോലെ…..
അവന്റെ മിഴികൾ തന്റെ മിഴികളുമായി കൊരുക്കുമ്പോൾ സൂര്യക്കും അതിൽ നിന്ന് വേർപ്പെടാൻ കഴിഞ്ഞിരുന്നില്ല…..
മൗനത്തിലും വാചാലമാക്കുന്ന മിഴികളെ സൂര്യ വേഗം അവനിൽ നിന്നും ചലിപ്പിച്ചു…..
കാശിയും എന്തോ ഓർമയിൽ നിന്നെന്ന പോൽ മിഴികളെ അടർത്തി മാറ്റി….
മുത്തശ്ശി…..
അവനെന്ത് പറയണമെന്നറിയാതെ ഉഴറി…..
അവൻ പാതി വെച്ച് പോയ വാക്കുകളിൽ തന്നെ സൂര്യയുടെ ഹൃദയം കുരുങ്ങി കിടന്നിരുന്നു…..
മനസ്സിന് വല്ലാത്തൊരു നിരാശ പോലെ…..
തന്നെ എനിക്കിഷ്ടമില്ലാതെ വിവാഹം കഴിപ്പിച്ചതാണെന്ന് വിചാരിച്ചാണ് മുത്തശ്ശി അങ്ങനെയൊക്കെ പറയുന്നത്…..
എന്നോടുള്ള സ്നേഹ കൂടുതൽ കൊണ്ടാണ്…..
കാശി അത് പറഞ്ഞതും സൂര്യയുടെ മുഖം മാറി….
അത് അങ്ങനെ തന്നെയാണല്ലോ…
ഇയാൾ എന്റെ ഫോട്ടോ നോക്കാത്തത് കൊണ്ട് തന്നെയാണല്ലോ ഈ വിവാഹം നടന്നത്….
അതും പറഞ് അവളൊന്ന് പുഞ്ചിരിച്ചു…..
അതില് കലർന്നിരുന്ന ദുഖവും തന്നോടുള്ള പുച്ഛവും വ്യക്തമായിരുന്നു…
പിന്നീട് അവനെന്തെങ്കിലും പറയാൻ തുടങ്ങും മുന്പേ അവളവിടെ നിന്നും എഴുന്നേറ്റ് പോയിരുന്നു….
ഒരു പക്ഷെ മിഴികൾ നിറയുന്നത് താൻ കാണാതിരിക്കാൻ വേണ്ടിയാവാം….
അവന് അവളോട് വല്ലാത്തൊരു ദേഷ്യം തോന്നി….
ഇത്രയൊക്കെ താൻ അടുത്തിടപഴകിയിട്ടും തന്റെ മനസ്സ് കാണാൻ അവൾക്ക് കഴിയാത്തതെന്താണ്…..
മനസ്സിലാവാനിട്ടല്ലെന്നത് ആ മിഴികളിൽ നിന്ന് വ്യക്തമാണ്…..
എന്നാൽ തന്നിൽ നിന്ന് അവൾ അകന്ന് നിൽക്കുന്നു…..
ഒരു പക്ഷെ ഈ വീട്ടിലുള്ളവർ തന്നെ അവളെ കുറ്റപ്പെടുത്തുന്നത് കൊണ്ടാവാം……
തന്നോട് അകന്ന് നിൽക്കേണ്ടവളാണ് അവളെന്ന് അവൾ സ്വയം പറഞ്ഞു പഠിപ്പിക്കും പോലെ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അമ്മ കാശിക്ക് വയ്യാനിട്ട് വന്നതാണെന്ന് പറഞ്ഞിട്ട് അവന്റെ അടുത്തേക്ക് ഒന്ന് പോവുന്നത് കൂടിയില്ലല്ലോ….
ഇന്ന് ഞാൻ അവന്റെ അടുത് ചെന്നപ്പോൾ കൂടി അവൻ മുത്തശ്ശിയെയാണ് അന്ന്വേഷിച്ചത്…..
ശങ്കരൻ ഓഫീസിലേക്ക് ഇറങ്ങാൻ നേരമാണ് മുത്തശ്ശിയോടത് പറഞ്ഞത്…..
അവരുടെ മുഖം പെട്ടെന്ന് ദയനീയമായി….
എനിക്കെന്റെ കുഞ്ഞിനെ കാണാൻ ആഗ്രഹമില്ലാനിട്ടല്ലടാ….
അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ എനിക്ക് നിയന്ത്രണം വിട്ട് പോകുകയാണ്…..
അവനെയും അവളെയും ഒരുമിച്ച് കാണുമ്പോഴൊക്കെ എനിക്ക് ശ്വാസം നിലക്കുന്നത് പോലെ തോന്നുകയാണ്……
മുത്തശ്ശിയത് പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു…..
അമ്മേ…. അവനും കൂടെ ഇഷ്ടപ്പെട്ടു തന്നെയാണ്…..
നീ… മിണ്ടരുത്…..
എല്ലാരും കൂടി എന്റെ കുഞ്ഞിനെ ചതിച്ചിട്ട് ന്യായം വെക്കാൻ നിൽക്കരുത്…..
ശങ്കരൻ അനുനയിപ്പിക്കാൻ ശ്രമിച്ചപ്പോഴേക്കും അവർ ദേഷ്യത്തോടെ അതും പറഞ് കൊണ്ട് അകത്തേക്ക് പോയി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അലക്കി വെച്ച തുണികളിൽ നിന്ന് ജാനകിയും വീണയും തങ്ങളുടെ തുണികളെടുക്കുന്ന തിരക്കിലാരുന്നു….
അത് കണ്ട് കൊണ്ടാണ് മുത്തശ്ശിയങ്ങോട്ട് വരുന്നത്……
വീണയുടെ കയ്യിൽ അവളുടേ വസ്ത്രങ്ങളും ജാനകിയുടെ കയ്യിൽ അവരുടേതുമുണ്ട്…..
മുത്തശ്ശി ഒന്ന് കൂടി അവരെ നോക്കി….
മുത്തശ്ശി നോക്കുന്നത് കണ്ടപ്പോഴേ എന്തിനാകുമെന്ന് അവർ ക്കൽപം ഭയം തോന്നിയിരുന്നു….
ഇതില് നിങ്ങളുടെ വസ്ത്രങ്ങൾ മാത്രേ ഉള്ളോ…
മുത്തശ്ശി അത് ചോദിക്കുമ്പോൾ അവർ പരസ്പരം നോക്കി….
അമ്മേടെ തുണികൾ രമ മുറിയിൽ കൊണ്ട് വെച്ചിട്ടുണ്ടാകുമല്ലോ…… ഇല്ലേ….
ജാനകി സൗമ്യമായി അത് ചോദിക്കുമ്പോൾ മുത്തശ്ശി അവരെ കൂർപ്പിചൊന്നു നോക്കി……
എന്റെയല്ല….. കാശ്ശിയുടേത് എവിടെയെന്നാ ചോദിച്ചത്….
മുത്തശ്ശി അത് ചോദിച്ചപ്പോഴേക്കും ജാനകിയുടെ ഉള്ളു വിറക്കാൻ തുടങ്ങിയിരുന്നു….
എന്തേ….. ചോദിച്ചത് കേട്ടില്ലെന്നുണ്ടോ….
അവർ നിശബ്ദരായത് കൊണ്ട് തന്നെ മുത്തശ്ശി വീണ്ടും ചോദിച്ചു…..
അത്….. അത് വാഷിംഗ് മെഷിനിൽ ഇടാറാണ് പതിവ്…..
അപ്പൊ ഇതോ….
മുത്തശ്ശിയുടെ വാക്കുകളിൽ അതീവ ഗൗരവം നിറഞ്ഞു….
ഇത് വില കൂടിയ ഡ്രെസ്സുകളായത് കൊണ്ട്…. രമയോടും ജയയോടും ഇത് കല്ലിൽ അലക്കിയാൽ മതിയെന്ന് പറഞ്ഞിരുന്നു….
ജാനകിയത് പറയുമ്പോൾ വാക്കുകൾ പതിയെയാണ് പുറത്തേക്ക് വന്നത്…..
അവർ മുത്തശ്ശിയെയൊന്ന് മുഖമുയർത്തി നോക്കി…
വീണയും അവരെ തന്നെ നോക്കി നിൽക്കുകയായിരുന്നു…..
മുത്തശ്ശിയൊന്നു ചിരിച്ചു.
ദേഷ്യപ്പെട്ടു അലറും എന്ന് വിചാരിച്ച മുത്തശ്ശി ചിരിച്ചത് ജാനകിയിലും വീണയിലും ഒരുപോലെ അത്ഭുതം നിറച്ചിരുന്നു…..
നിന്റെയും നിന്റെ മക്കളുടെയും വില കൂടിയ വസ്ത്രങ്ങൾ….
അവന്റെ മാത്രം വില കുറഞ്ഞത് അല്ലേ മരുമോളെ…..
ചിരിയോടെ അവരത് ചോദിക്കുമ്പോൾ ജാനകി നിന്ന് പരുങ്ങി…..
ഒരു വീട്ടിൽ രണ്ട് വില……
നന്നായി വളരേ നന്നായി….
ജയേ…….
മുത്തശ്ശി ജയയെ വിളിച്ചപ്പോഴേക്കും അവരോടി വന്നിരുന്നു….
ഇനി മുതൽ കാശിയുടെ ഒരു വസ്ത്രവും വാഷിംഗ് മെഷിനിൽ അലക്കരുത്….
അവന് മാത്രമായി ഒരു വിലക്കുറവും ഇവിടെയില്ല…. കേട്ടല്ലോ….
ജയയോടത് പറയുമ്പോൾ ജാനകിയെ അവർ തുറിച്ചു നോക്കുന്നുണ്ടായിരുന്നു….
അതിനു സരസ്വതിയമ്മേ… കാശി സാറിന്റെ വസ്ത്രങ്ങളൊന്നും ഞങ്ങളല്ല അലക്കാറുള്ളത്…
സൂര്യയാണ് …
അതും അലക്ക് കല്ലിന്മേൽ തന്നെ……
ജയ അത് പറഞ്ഞതും മുത്തശ്ശി പെട്ടെന്ന് അവളെയൊന്നു നോക്കി…
അവരുടെ മുഖത് മറ്റൊരു ഭാവം സ്ഥാനം പിടിക്കുന്നത് അവിടെയുള്ളവർ നോക്കി കണ്ടു….
നേരാണോ….
മുത്തശ്ശി വീണ്ടും ചോദിച്ചു…
അതേ…. അത് മാത്രമായിട്ട് മെഷിനിൽ ഇടേണ്ട…. അത് ഞാൻ അലക്കി ക്കോളാം എന്ന് പറഞ്ഞ് എടുത്തത് സൂര്യ തന്നെയാണ്….
ജയ വീണ്ടും അത് പറഞ്ഞപ്പോൾ മുത്തശ്ശി എന്തോ ചിന്തയിലായിരുന്നു…..
ജാനകിക്ക് ദേഷ്യം വന്നു…
അവന്റെ തുണികൾ മാത്രം കൈ കൊണ്ട് അലക്കരുതെന്ന് ജോലിക്കാരെ പറഞ്ഞേൽപ്പിച്ചത് താനായിരുന്നു….
അവനെ ഒറ്റപ്പെടുത്തണമെന്നത് ചെറിയ കാര്യങ്ങളിൽ പോലും താൻ ശ്രദ്ധിച്ചത് കൊണ്ടായിരുന്നത്…..
എന്നാൽ ഇങ്ങനെയൊരു കാര്യം നടക്കുന്നത് താനറിഞ്ഞില്ലല്ലോ….
അവർക്ക് സൂര്യയോട് വല്ലാത്തോരു ദേഷ്യം തോന്നി……
എങ്കിൽ ഇനി മുതൽ നിങ്ങൾ ഇവിടെ അലക്കുകയും വേണ്ടാ…..
മുത്തശ്ശി ചിരിച്ചു കൊണ്ട് ജയയോടത് പറയുമ്പോൾ എന്തെന്ന അർത്ഥത്തിൽ എല്ലാവരും മുത്തശ്ശിയെ നോക്കി…..
വില കൂടിയ തുണികളല്ലേ അത് സ്വന്തം കൈകൾ കൊണ്ടങ് കഴുകിയിട്ടാൽ മതി……
മുത്തശ്ശി അതും പറഞ്ഞോന്നു ചിരിക്കുമ്പോൾ വീണ്ടും പണി കിട്ടിയെന്ന് വീണക്കും ജാനകിക്കും മനസ്സിലായി….
അവർ പരസ്പരം മുഖത്തോട് മുഖം നോക്കി….
മുത്തശ്ശി ചെറു ചിരിയോടെ അവിടെ നിന്നും നടന്ന് പോകുമ്പോഴും അവരിത് വരെ അറിയാൻ ശ്രമിക്കാത്ത സൂര്യയെ കുറിച്ചൊരു ചിന്ത അവരിൽ നിറഞ്ഞു തുടങ്ങിയിരുന്നു….
ഇങ്ങനേ യാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ മിക്കവാറും ജോലിക്കാരികളെ അവര് പറഞ്ഞു വിടും…..
നോക്കിക്കോ….
ജാനകിയെ നോക്കി അതും പറഞ്ഞു ദേഷ്യത്തോടെ വീണ അവിടെ നിന്നും പോകുമ്പോൾ ജാനകിയിലും അഗ്നി ആളി കത്തിയിരുന്നു…..
(തുടരും)

by