രചന – ആയിഷ അക്ബർ
അവൾ ഭക്ഷണം കഴിക്കുമ്പോഴും അവൻ പറഞ്ഞ വാക്കുകൾ ഹൃദയത്തിൽ കിടന്നു പിടക്കുകയായിരുന്നു…..
നിന്നെ ഇഷ്ടമാണ്…
ആ വാക്കുകളിൽ കലർന്ന കുസൃതി വ്യക്തമായിരുന്നെങ്കിലും മനസ്സങ്ങനൊരു വാക്കിനെ വല്ലാതെ ആഗ്രഹിക്കുന്നില്ലേ…..
എന്നാൽ താനവന്റെ കൂടെയുള്ള ഓരോ നിമിഷവും അവനേൽക്കാവുന്ന അപമാനം ഓർക്കുമ്പോൾ മനസ്സ് അവനെ തൊട്ട് ഓടിപ്പോകുന്നു….
അവൾ ചിന്തകൾക്ക് തടയിട്ട് കൊണ്ട് കഴിച്ചിടത്തു നിന്നും എഴുന്നേറ്റു…..
മുറിയിലേക്ക് പോകുമ്പോൾ അവൾക്കെന്തോ വല്ലാത്തൊരു പ്രയാസം തോന്നി…..
അവന്റെ മുഖത് നോക്കുമ്പോൾ വല്ലാത്തൊരു വെപ്രാളവും…
എങ്കിലും അവൾ മുറിയിലേക്ക് കടക്കുമ്പോൾ അവനെ ശ്രദ്ധിക്കുന്നതായി നടിച്ചില്ല…..
എന്നാൽ അവൻ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു….
അവന്റെ നോട്ടം മുഖത് നോക്കാതെ തന്നെ അവൾക്ക് മനസ്സിലായിരുന്നെങ്കിലും അവൾ കണ്ടില്ലെന്നു നടിച്ചു…..
മ്മ്…..?
അവൻ നോട്ടം മാറ്റുന്നില്ലെന്ന് കണ്ടതും അവൾ ഗൗരവത്തിന്റെ മുഖം മൂടി പതിയേ അണിഞ്ഞു…..
മ്മ്ച്ചും…
അവനത് പറയുമ്പോഴും അവന്റെ മുഖത്തെ ചിരി അവൾക്ക് അസ്സഹനീയമായത് കൊണ്ട് തന്നെയാണ് അവൾ പെട്ടെന്ന് മുഖം തിരിച്ചത്…..
അവന്റെ ചിരിയിൽ തന്റെ ശ്വാസോച്ച്വാസം അധികമാവുന്നു…..
നാണത്താൽ തന്റെ നുണക്കുഴിയിൽ വിടരുന്നു..
എന്നാൽ ഇതെല്ലാം തന്റെ തോന്നലാണെങ്കിലോ..
അവന്റെ അടുപ്പത്തെ മനസ്സ് മറ്റൊരു രീതിയിലാണ് താൻ വ്യാഖ്യാനിക്കുന്നതെങ്കിലോ…
അല്ലെങ്കിലും നിറത്തിന്റെ പേരിലായിരുന്നു അവൻ തന്നെ അവഗണിച്ചത്….
അതിനിപ്പോഴും ഒരു മാറ്റവും വന്നിട്ടില്ല….അത് മാറുകയുമില്ല….
പിന്നെങ്ങനെ അവന് തന്നെ പ്രണയിക്കാനാവും…
അവന് തന്നോട് തോന്നിയോരാ അലിവിനെ പ്രണയമായി കണക്കാക്കിയ ഞാനല്ലേ വിഡ്ഢി…..
അവളുടേ മുഖത് പെട്ടെന്ന് നിറഞ്ഞു വന്നൊരു ദുഖത്തിന്റെ നിഴൽ കാശി കണ്ടിരുന്നു…..
അവനവളെ മനസ്സിലാക്കാനേ കഴിയുന്നില്ലായിരുന്നു…
പിന്നീടൊരു നിമിഷം പോലും അവന്റെ നോക്കിനായിടം കൊടുക്കാതെ അവൾ വേഗം ലൈറ്റ് ഓഫ് ചെയ്ത് കിടന്നു…..
അപ്പോഴും അവളെയോർത് അവനിൽ വിരിഞ്ഞ പുഞ്ചിരിക് മാറ്റങ്ങളെതുമില്ലായിരുന്നു….
എന്നാൽ അവനെയോർത് അവളുടേ ഹൃദയം വല്ലാത്തൊരു ഭാരത്തെ ചുമന്നിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹 🔹
മുറിയിലേക്ക് കയറി വരുമ്പോൾ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പ്രയാസപ്പെടുന്ന കാശിയെയാണ് സൂര്യ കാണുന്നത്…..
എഴുന്നേൽക്കുന്നത് മാത്രമല്ല…. അവൻ നടക്കാനാണ് ശ്രമിക്കുന്നതെന്നവൾക്ക് തോന്നി……
എങ്ങോട്ടാ….
അവനടുത് വന്നു നിന്നവളത് ചോദിക്കുമ്പോൾ അവൻ അവളെയൊന്നു നോക്കി….
അമേരിക്കയിലേക്ക് ഒരു ട്രിപ്പ് പോകുന്നുണ്ട്…. നീ വരുന്നോ….
അവൻ അവളെ കളിയാക്കിയത് പറയുമ്പോൾ അവൾക്ക് ദേഷ്യം വന്നു…
വികലാംഗരുടെ യാത്ര യായിരിക്കും….
അവൾ അവനെ നോക്കാതെ പിറു പിറുത്തു….
അവൻ അവളെയൊന്നു ഇരുത്തി നോക്കി….
എന്തെങ്കിലും പറഞ്ഞായിരുന്നോ….
ഒന്നുമില്ല…..സഹായിക്കണോ എന്ന് ചോദിച്ചതാ…..
അയ്യോ… വേണ്ടായേ…. ഈ വികലാംഗൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ…
അതും പറഞ്ഞവൻ ഞൊണ്ടി കൊണ്ട് നടക്കാൻ ശ്രമിച്ചതും വീണതും ഒരുമിച്ചായിരുന്നു….
അവൾ വേഗം അവനെ താങ്ങി പിടിച്ചു…..
അവൻ മുഖമുയർത്തി അവളെ നോക്കി….
അവന്റെ മുഖത്തെ ഭാവമറിയാൻ പോലും അവൾ മുഖത്തേക്ക് നോക്കാത്തതിൽ അവന് ഏറെ നിരാശ തോന്നി….
അവന് എന്തോ ഒരു ദേഷ്യം തോന്നിയിരുന്നവളോട്….
തന്റെ സ്നേഹം പ്രകടിപ്പിക്കാൻ ശ്രമിക്കും തോറും അവളത് കണ്ടില്ലെന്ന് നടിക്കുന്നതെന്തിനാണ്….
ശെരിയാണ്…. ഞാൻ ചെയ്തത് തെറ്റാണ്….
അന്നെനിക്കറിയില്ലായിരുന്നു…. സൗന്ദര്യത്തിന് ഇത്രയേറെ മനോഹരമായ മറ്റൊരു തലമുണ്ടെന്ന്….
ഒരു മാപ്പ് പറയലിലൂടെ അവളെ ചേർത്ത് സ്വന്തമാക്കാൻ മനസ്സിലുണ്ടെങ്കിലും അതിനു തനിക്ക് ഭയമാണ്…..
അവളോട് താൻ ചെയ്ത തെറ്റ് ഒരു പക്ഷെ ഒരു മാപ്പ് പറയൽ കൊണ്ട് തീരുന്നതല്ലെങ്കിൽ….
അത്ര മാത്രം വേദന അവളിൽ പതിഞ്ഞിട്ടുണ്ടെങ്കിൽ…..
അത് തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരിക്കും…..
അവളുടേ മനസ്സറിയാൻ താൻ ശ്രമിക്കുമ്പോൾ അവളൊഴിഞ്ഞു മാറുന്നതിനെതിനാണ്….
ഒരു നോട്ടം കൊണ്ട് പോലും പിടി തരാത്ത അവളോട് അവന് അമർഷം തോന്നി….
അവൻ പിടിച്ചിരുന്ന അവളുടേ കയ്യെടുത്തു മാറ്റി…..
അവളെന്തെന്ന ഭാവത്തിൽ അവനെ നോക്കി..
ഞാൻ പൊയ്ക്കോളാം…. ഈ ബാത്റൂം വരെ പോകാൻ എനിക്കാരുടെയും സഹായം വേണ്ടാ……
അവനത് പറഞ്ഞതും അവൾ അവന്റെ പിറകിൽ നിന്ന് ചിറി കോട്ടി….
മുമ്പിലുള്ള കണ്ണാടിയിലൂടെ അവനത് കണ്ടെന്നു അവൾ മനസ്സിലാക്കിയതും അവൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു…..
അവൾ പെട്ടെന്ന് തന്നെ മുറിയിൽ നിന്നും പുറത്തേക്ക് നടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ കാബ്ബേജ് നുറുക്കി കൊണ്ടിരിക്കുന്ന ജയയെയാണ് കാണുന്നത്….
എന്തോ പെട്ടെന്ന് അവനെ ഓർമ വന്നു….
അവൾ പെട്ടെന്ന് ഫ്രിഡ്ജ് തുറന്നു നോക്കി….
പല തരം പച്ചക്കറികൾ അതിലുണ്ടായിരുന്നു…..
മാത്രമല്ല സ്റ്റോർ ഏരിയ യിലേക്ക് അവളൊന്നു എത്തി നോക്കി….
അവിടെയും പച്ചക്കറികൾ കുമിഞ്ഞു കൂടി കിടപ്പുണ്ട്…
എന്നാൽ ഇവിടെ ഉണ്ടാക്കുന്നത് മാത്രം കാബ്ബേജ്…..
വല്ലപ്പോഴും മറ്റെന്തെങ്കിലും ഉണ്ടാക്കിയാൽ ആയി…
ജയ ചേച്ചി…. ഇന്ന് പയറു മതി കേട്ടോ….
സൂര്യ ജയയോടത് പറയുമ്പോൾ ജയ അവളെയൊന്ന് നോക്കി….
പിന്നേ കാബ്ബേജ് അവിടെ വെച് എഴുന്നേറ്റു….
അപ്പോഴേക്കും സൂര്യ പയറുമായി അവർക്കരികിലേക്ക് വന്നു…
ഇന്നെന്താ ഇവിടെ….
പയർ നുറുക്കുന്ന ജയയെയും അവിടെ നിൽക്കുന്ന സൂര്യയെയും നോക്കിയാണ് ജാനകിയത് ചോദിച്ചത്……
സൂര്യ മോള് ഇന്നു പയറു മതിയെന്ന് പറഞ്ഞത് കൊണ്ട്….
ജാനകിയുടെ ഭാവം കണ്ട് ജയക്ക് പറഞ് മുഴുവനാക്കാൻ കഴിഞ്ഞില്ല…..
ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി അതങ്ങ് ഉണ്ടാക്കാനാണോ നിങ്ങൾക്ക് ശമ്പളം തരുന്നത്…..
ജാനകിയത് ചോദിക്കുമ്പോൾ ഉയർന്നു പൊങ്ങിയ ശബ്ദം ജയയുടെ തല താഴ്ത്തി….
ഞാൻ പറഞ്ഞതെ നിങ്ങൾ ഉണ്ടാക്കാവൂ……
ഞാൻ പറഞ്ഞത് മാത്രം….
അതും പറഞ്ഞ് ജാനകി നോക്കിയത് സൂര്യയെ കൂടിയായിരുന്നു…..
ജാനകിയുടെ ദേഷ്യത്തിന് കുറവ് വരട്ടെയെന്ന് കരുതിയാവും ജയ എടുത്ത പയർ അവിടെ തന്നെ കൊണ്ട് വെച്ചത്…..
അവരെ എല്ലാവരെയും ഒന്നു തറപ്പിച്ചു നോക്കി കൊണ്ട് വിജയ ഭാവത്തിൽ ജാനകി അവിടെ നിന്നും പോയി….
അപ്പോഴാണ് വാതിൽ പടിയിൽ നിന്നിരുന്ന വീണ ചിരിയോടെ സൂര്യയുടെ അടുത്തേക്ക് വന്നത്….
നിന്നോട് ഞാൻ മുന്പേ പറഞ്ഞതല്ലേ സൂര്യാ നീ ഇവിടെ ആരുമല്ലെന്ന്….
പിന്നെന്തിനാണ് ആവശ്യമില്ലാതെ ആഗ്നാപിക്കാൻ പോയത്….
അവളതും പറഞ് അമർത്തി ചിരിച്ചവിടെ നിന്നും പോകുമ്പോൾ സൂര്യ ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു…..
മോളേ….ചേച്ചിയോട് ഒന്നും തോന്നല്ലേ….
ദേഷ്യത്തോടെ വീണയേ നോക്കി പല്ലിറുമ്മി നിൽക്കുന്ന സൂര്യയോട് ജയയത് പറയുമ്പോൾ സൂര്യ ഒന്നു പുഞ്ചിരിച്ചു….
കുഴപ്പമില്ല ചേച്ചി…. എനിക്ക് മനസ്സിലാവും….
അതും പറഞ്ഞവൾ ജയ കൊണ്ട് വെച്ച പയറെടുത്തു കൊണ്ട് വന്നു നുറുക്കാൻ തുടങ്ങി….
മോൾക്കെന്താ പയറിത്ര ഇഷ്ടമാണോ….
രമ ചേച്ചി അവളോട് പതിയേ ചോദിച്ചു….
അവൾ മുഖമുയർത്തി…
എന്നാലെന്ത് പറയണമെന്ന് അവൾക്കറിയില്ലായിരുന്നു….
അത്…. കാശി…..
അത്രയും പറഞ്ഞപ്പോഴെക്കും അവൾ നിർത്തിയിരുന്നു….
സാറിനു വേണ്ടിയായിരുന്നോ….
എങ്കിൽ പയറിനെക്കാൾ ആൾക്കിഷ്ടം മത്തൻ ആണ്…..
രമ ചേച്ചിയത് പറഞ്ഞത് പതിഞ്ഞ സ്വരത്തിലാണെങ്കിലും അതിലൊരു ഉത്സാഹം കലർന്നിരുന്നതായി അവൾക്ക് തോന്നി….
കഞ്ഞി വെള്ളം ഒഴിച്ച തക്കാളി കറിയും മത്തനും ഉണ്ടാക്കാൻ എന്നോട് പറഞ്ഞിരുന്നു ആദ്യമൊക്കെ….
എന്നാൽ ഇവരൊന്നിനും സമ്മതിക്കില്ല…..
സാറിനു ഇഷ്ടമില്ലാത്ത ക്യാബേജ് മാത്രമേ കൊടുക്കു…..
ഇനി വേറെന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പോലും സാറിനു പ്രത്യേകം കാബേജ് മാറ്റി വെച്ചിട്ടുണ്ടാകും…..
അത്രയേറെ സ്വരം താഴ്ത്തി നാല് പാടും നോക്കി ജയയത് പറയുമ്പോൾ സൂര്യക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു….
പാവം…. ഒക്കെ അറിയുന്നത് കൊണ്ടാവാം ഒന്നും മിണ്ടാത്തെ കഴിച്ചെഴുന്നേറ്റ് പോകും..
വല്യ സാറേങ്ങാനും ഇതറിഞ്ഞാൽ……
അതും കൂടി അവർ കൂട്ടിച്ചേർത്തു….
ശെരിയായിരിക്കാം…. അച്ഛൻ ഇതൊന്നും അറിയുന്നില്ലായിരിക്കാം….
നന്ദി കേട് കാണിക്കാതിരിക്കാൻ അവനൊന്നും പറയുന്നുമില്ലായിരിക്കാം….
അവനെയോർത് അവളുടേ നെഞ്ചോന്നു പിടഞ്ഞു…..
പിന്നീടവൾ പയറെടുത്തു വെച്ച് ഉരുണ്ടൊരു കുഞ്ഞ് മത്തൻ എടുത്തു മുറിച്ചു തുടങ്ങി……
അവനായി ഉണ്ടാക്കുന്നത് കൊണ്ടാണോ എന്തോ മനസ്സ് പറഞ്ഞറിയിക്കാൻ പറ്റാത്തൊരു ഉത്സാഹം പേറുന്നുണ്ടായിരുന്നു…..
(തുടരും )

by