23/04/2026

അതിസുന്ദരി : ഭാഗം 33

രചന – ആയിഷ അക്ബർ

ഭക്ഷണം കഴിച് സൂര്യ കിടക്കാനായി മുറിയിലേക്ക് വരുമ്പോൾ പതിവിന് വിപരീതമായി കാശി ഉറങ്ങി പോയിരുന്നു…

അവൾക് ഉള്ളിലെന്തോ ഒരു നിരാശ തോന്നി….

ആദ്യമൊക്കെ ആ മുറിയിലേക്ക് കയറുക എന്നത് തന്നെ വല്ലാത്ത പ്രയാസമായിരുന്നു തനിക്ക്…..

തന്നെ അവഗണിക്കുന്ന ആ മുഖം കാണാതിരിക്കാൻ ഒഴിഞ്ഞു മാറുകയാണ് പതിവ്…….

എന്നാൽ ഇന്നാ മുറി ഒരു സ്വർഗമായി തോന്നാറുണ്ട് …
കേട്ട് കേൾവി മാത്രമുള്ള സ്വർഗം ഇതിനേക്കാൾ മനോഹരമാകാൻ സാധ്യതയില്ല……

കുസൃതി കലർന്ന ആ പുഞ്ചിരിയുമായി തന്നെ നോക്കുന്ന അവനെ കാണുമ്പോൾ ഹൃദയമൊന്ന് പിടക്കുമെങ്കിലും അതിനെ സമർത്ഥമായി മറച്ചു വെച്ച് കൊണ്ടൊരു ഗൗരവത്തിന്റെ മുഖം മൂടി അണിയാറാണ് പതിവ്…..

എന്നാൽ ഇന്നവൻ ഉറങ്ങിക്കിടക്കുന്നത് കൊണ്ട് തന്നെ വല്ലാത്തൊരു അസ്വസ്ഥതയായിരുന്നു മനസ്സ് മുഴുവൻ…..

അവൾ പലതും നീക്കി വെച്ചു പല ശബ്ദങ്ങളും ഉണ്ടാക്കി അവനെയൊന്നുണർത്താൻ……..

എന്നാൽ അവൻ എഴുന്നേറ്റിരുന്നില്ല….

അവന്റെ അടുത്ത് കിടക്കുന്ന മേശ മേലുള്ള പലതും നീക്കിവെച്ചിട്ടും അവനുണരാത്തതിൽ അവൾക്ക് ദേഷ്യം തോന്നിയിരുന്നു…..

അവൾ നിരാശയോടെ കിടക്കാനായി ലൈറ്റ് ഓഫ് ചെയ്തതും ഒരു കിലുക്കം കേട്ടതും ഒരുമിച്ചായിരുന്നു..

സ്വിച് ബോർഡിൽ നിന്നെടുത്ത വിരലുകൾ അവയിലേക്ക് തന്നെ നീങ്ങി…

വെളിച്ചം ആ മുറിയിൽ വീണ്ടും പരക്കുമ്പോൾ കട്ടിലിൽ ചാരിയിരുന്നു കുസൃതി ചിരിയോടെ തന്നെ നോക്കുന്ന അവനെ കാൺകെ അവൾ പോലുമറിയാതെ അവളുടേ മുഖം പ്രകാശിച്ചിരുന്നു….

കളഞ്ഞു പോയതെന്തോ തിരികെ കിട്ടിയ പോൽ..

ആ കണ്ണുകളിലെ പ്രകാശം വിശ്വസിക്കണമോ വേണ്ടയോ എന്ന് മനസ്സ് സംശയത്തിലായിരുന്നെങ്കിലും അവനിലത് വല്ലാത്തൊരു സന്തോഷത്തിനിടം നൽകിയിരുന്നു…

മ്മ്…..?
പുഞ്ചിരി കൈ വിടാതെ അവൻ അവൾക്ക് നേരെ പുരികമുയർതി….

അവൻ അത് ചോദിക്കുമ്പോഴാണ് അവൾ അവനെ തന്നെ നോക്കി നിൽക്കുന്ന തന്റെ മിഴികളെ കുറിച്ചോർക്കുന്നത്…..

അവളൊന്ന് പരുങ്ങിയെങ്കിലും പെട്ടെന്ന് അവന്റെ കയ്യിലെ തന്റെ ചിലങ്ക കണ്ടതും അവൾ അതിലേക്ക് നോട്ടമൂന്നി കൊണ്ട് അവന് നേരെ കൈ നീട്ടി…..

മ്മ് ഹ്ഹ് മ്മ്…
അവൻ ഇല്ലെന്ന അർത്ഥത്തിൽ ഇരു വശത്തേക്കും തല ചലിപ്പിച്ചു…

അവൾ കണ്ണുകൾ ഒന്ന് കൂടി അവന് നേരെ ഉരുട്ടി…

അവളുടേ ദേഷ്യം അവനാസ്വാധിക്കുന്നത് പോൽ അവളെ തന്നെ നോക്കിയിരുന്നു….

പിന്നീട് അവൾക്ക് നേരെ ചിലങ്ക നീട്ടി….

അവൾ കൈ നീട്ടി വാങ്ങാൻ വന്നതും അവൻ കൈ പിറകിലേക്ക് വലിച്ചു..

എന്തെന്ന ഭാവത്തിൽ അവളവനെ നോക്കി..

ഇതൊന്ന് അണിഞ് രണ്ടു ചുവട് വെക്കുമെങ്കിൽ തിരികെ തരാം ……

കുസൃതി കലർന്ന ഗൗരവത്തോടെ അവനത് പറയുയമ്പോൾ അവളൊന്ന് ഞെട്ടി….

ഉള്ളിലൊരു കിതപ്പ്…
അവന്റെ മുമ്പിൽ നൃത്തം ചെയ്യുന്നത് ഓർക്കുമ്പോൾ തന്നെ അവളുടേ കവിളിണയിൽ നാണം കലർന്നിരുന്നു….

കാശിക്ക് നൃത്തം ഇഷ്ടമാണെന്ന് ആ കണ്ണുകളിൽ നിന്ന് തനിക്ക് വായിച്ചെടുക്കാൻ കഴിയുന്നുണ്ടല്ലോ…..

അപ്പോൾ അന്ന് വീണ പറഞ്ഞതെല്ലാം നുണയാണോ…..

ഹലോ..

അവളെന്തോ ചിന്തയിലാണെന്ന് തോന്നിയതും അവൻ അവൾക്ക് നേരെ വിരൽ ഞൊടിച്ചു….

അവൾ ചിന്തകൾക്ക് തടയിട്ട് അവനെ നോക്കി…

ഒരു സ്റ്റെപ് കളിക്കാൻ ഇത്രയൊക്കെ ആലോചിക്കേണ്ടതുണ്ടോ….
അതും എനിക്ക് വേണ്ടി….

അവസാനത്തെ ആ വരി അത്ര മേൽ ആർദ്രമായിരുന്നു….
ഹൃദയത്തിലേക്ക് തുളഞ്ഞു കയറാൻ പാകത്തിലുള്ളവ…

അവൾ അവനിലേക്ക് നോക്കി….

ആ മിഴികൾ തന്നിൽ തന്നെ പിണഞ്ഞു കിടക്കുകയാണ്…..

അവൾക്ക് അവന്റെ മിഴികളെ നേരിടാൻ കഴിയാത്തത് കൊണ്ട് തന്നെയാണ് താഴേക്ക് നോക്കി ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടിയത്……

അവന്റെ മുഖത്തു ഒരുതരം നിരാശ പടർന്നു….

അവളിലും അതൊരു നോവിനിടം നൽകിയിരുന്നു….

എന്നാൽ പെട്ടെന്ന് തന്നെ അവന്റെ മുഖത് ഒരു ചെറു പുഞ്ചിരി വിരിഞ്ഞു….

എങ്കിൽ പിന്നേ ഇത് ഞാൻ തിരിച്ചു തരില്ല….

അവൻ കുസൃതി ചിരിയോട് കൂടിയത് പറയുമ്പോൾ അവൾക്കും അൽപം ആശ്വാസം തോന്നി….

അവൾ വീണ്ടും ദേഷ്യം മുഖത് വരുത്തിയവനെ നോക്കി…..

അതെന്റെയല്ലേ…..

അവൾ ചോദിക്കുമ്പോൾ അവൻ അവളെ കളിയാക്കിയെന്ന വണ്ണം കുറച്ച് ഉറക്കെയാണ് ചിരിച്ചത്…..

ആരുടെ ആയാലും ഇതിപ്പോ എന്റെ കയ്യിലാ…
അപ്പൊ ഞാൻ പറയുന്നതാണ് ഡിമാൻഡ്…

എങ്കി ഇയാള് തന്നെ വെച്ചോ..

അവളതും പറഞ് കട്ടിലിലേക്ക് കയറി കിടക്കുമ്പോൾ അവൻ അവളെ യൊന്നു നോക്കി നെടു വീർപ്പിട്ടു….

ലൈറ്റ് ഓഫ് ചെയ്ത് കിടക്കെഡോ….

അവനത് പറയുമ്പോൾ അവയിലെ പരിഭവത്തിന്റെ സ്വരം അവളിലൊരു പുഞ്ചിരി വിരിയിച്ചു….

അവൻ കാണുന്നില്ലെന്ന ധൈര്യത്തിൽ തന്നെ തിരിഞ്ഞു കിടന്നിരുന്ന അവൾ ഉള്ളിൽ വിരിഞ്ഞോരാ മന്ദഹാസത്തെ മുഖത്തേക്ക് ക്ഷണിച്ചിരുന്നു……

അവളൊന്നും മിണ്ടാതെ അങ്ങനെ കിടന്നു…..

എന്നാൽ പെട്ടെന്നാണ് തന്റെ മേൽ അവന്റെ ചൂട് പടരുന്നത് അവളറിഞ്ഞത്…

മുഖമുയർത്തി അവൾ നോക്കിയില്ല….

അതിനുള്ള ധൈര്യം അവൾക്കുണ്ടായിരുന്നില്ല…

നെഞ്ചിടിപ്പ് ശക്തമായി….
ശ്വാസോച്ചാസത്തിന്റെ ശക്തിയിൽ അവളുടേ ദേഹം മുഴുവൻ ഇളകുന്നുണ്ടായിരുന്നു….

അവന്റെ ശ്വാസം ചെരിഞ്ഞു കിടക്കുകയായിരുന്ന അവളുടേ കവിളിലും കഴുത്തിലും പതിക്കുമ്പോൾ അവൾ കണ്ണുകൾ ഇറുക്കേ ചിമ്മിപ്പോയിരുന്നു…..

പതിയേ ആ ശ്വാസം അകന്ന് പോയതും അവൾ മിഴികൾ തുറന്നു…

എങ്ങും ഇരുട്ടായിരുന്നു….

അപ്പോഴാണ് താൻ കിടക്കുന്ന വശത്തോട് ചേർന്നുള്ള ചുമരിലെ ബെഡ് സ്വിചിലേക്ക് അവളുടെ ശ്രദ്ധ പതിയുന്നത്…..

അവൻ ലൈറ്റ് ഓഫ്‌ ചെയ്യാനായിരിക്കാം തനിക്കരികിലേക്ക് നീങ്ങി വന്നത്…

അവളുടേ ശ്വാസം നേരെ വീണു….

എന്നാൽ അവളുടേ ചൊടിയിൽ വിരിഞ്ഞ പുഞ്ചിരിക്ക് നാണത്തിന്റെ കലർപ്പായിരുന്നപ്പോൾ….

കാശിയും കണ്ണുകൾ തുറന്നങ്ങനെ
കിടക്കുകയായിരുന്നു….

എന്തിനെന്നറിയാത്തൊരു പുഞ്ചിരി അവനിലും നിറഞ്ഞു നിൽപ്പുണ്ടായിരുന്നു…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അടുക്കളയിൽ കയറുക എന്നത് നിർബന്ധമായാത് കൊണ്ട് തന്നെ ജാനകിയും വീണയും അതിനു മുടക്കം വരുത്തിയിരുന്നില്ല…..

എങ്കിലും സൂര്യ വേഗത്തിൽ ചെയ്ത് തീർക്കട്ടെയെന്ന് കരുതി ഒരു ജോലി തന്നെ ഒരുപാട് നേരം ചെയ്ത് കൊണ്ടിരിക്കുന്നത് അവരിലൊരു ശീലമായി മാറിയിരുന്നു…..

എന്നാൽ സൂര്യ മറ്റാരിലേക്കും ശ്രദ്ധ കൊടുക്കാതെ അവളുടെ ജോലികൾ തുടർന്നു…..

വീണ സാമ്പാറിലേക്കുള്ള കഷ്ണങ്ങൾ മുറിക്കാനെന്ന പേരിൽ ഇരുന്നിട്ട് മണിക്കൂറോന്ന് കഴിഞ്ഞത് കൊണ്ടും ഇനിയും അതെടുത്തില്ലെങ്കിൽ സാമ്പാറിലേക്കുള്ള ക്യാരറ്റും മറ്റും അവൾ തിന്ന് തീർക്കുമെന്നുള്ളത് കൊണ്ടും സൂര്യ അത് കയ്യിലേക്ക് വാങ്ങി കഷ്ണങ്ങളാക്കി വെന്ത പരിപ്പിലേക്ക് പൊടികളും ചേർത്ത് വീണ്ടും അടുപ്പിലേക്ക് വെച്ചു……

ജാനകിയാണെങ്കിൽ ചോറ് വെക്കുകയാണെന്ന പേരിനായിരിക്കാം അടുപ്പിനോട് ചേർന്നങ്ങനെ നിന്നു…..

ഇടക്കിടക്ക് വേവായോ എന്ന് ഓരോ വറ്റെടുത് നോക്കും….
വീണ്ടും അവിടെ തന്നെ നിൽക്കും…..

സൂര്യക്ക് ചിരി വരുന്നുണ്ടായിരുന്നു….

അവനവന്റെ അടുക്കളയിലെ ജോലികൾക്ക് പോലും മടി കാണിക്കുന്ന അവരോട് അവൾക്ക് പുച്ഛം തോന്നി….

ഇവരൊന്നു പോയിരുന്നെങ്കിൽ സ്വസ്ഥമായി ഇതൊക്കെയൊന്ന് ചെയ്ത് തീർക്കാമായിരുന്നെന്ന് മനസ്സിൽ കരുതിയവൾ നിൽക്കുമ്പോഴാണ് മുത്തശ്ശിയങ്ങോട്ട് വരുന്നത്…..

എന്താ ജാനകി….. അരിയുടെ ഭയം ഇപ്പോഴും മാറിയില്ലേ…..

മുത്തശ്ശി ചെറു ചിരിയാലത് ചോദിക്കുമ്പോൾ ആർക്കും എന്തെന്ന് മനസ്സിലായില്ല…

എന്താ അമ്മേ…. മനസ്സിലായില്ല…..

അല്ലാ…. നീ കുറെ നേരമായി കാവൽ നിൽക്കുന്നത് കൊണ്ട് ചോദിച്ചതാണ്….

അതും പറഞ് കൊണ്ട് ചിരിച്ചവർ തിരിഞ്ഞത് വീണയിലേക്കായിരുന്നു….

തനിക്കുള്ള പണി ഇപ്പൊ കിട്ടും എന്നറിയാവുന്നത് കൊണ്ട് തന്നെ അവൾ ഉമിനീരീറക്കി നിന്നു….

സാമ്പാർ കഷ്ണങ്ങൾ കൊണ്ട് വയറു നിറഞ്ഞില്ലെങ്കിൽ മഞ്ഞളും മുളകും ഒക്കെയുണ്ട്…..

അവർ അവളെ നോക്കി കളിയാക്കിയത് പറഞ്ഞതും വീണ തല കുനിച്ചങ്ങനെ നിന്നു….

ആ തള്ളേടെ മുഖത് നോക്കി നാലങ്ങ് പറഞ്ഞാലോ എന്നവൾക്ക് തോന്നി…..

അവളുടേ നോട്ടം പതിയേ ജാനകിയിലേക്ക് നീങ്ങി…

കാറ്റ് പോയ ബലൂൺ പോലെ നിൽക്കുന്ന അവരെ കണ്ടതും അവളുടേ ധൈര്യം ചോർന്നു പോയിരുന്നു….

തന്റെ ദേഷ്യം കൊണ്ട് ഇവിടെ ഒന്നും സംഭവിക്കില്ലെന്ന് തോന്നിയത് കൊണ്ട് തന്നെ
അവൾ മിണ്ടാതെയങ്ങനെ നിന്നു…

അവർ സൂര്യയെ കൂടി ഒന്ന് നോക്കിയതും അവളിൽ പ്രത്യേകിച്ച് ഭാവ മാറ്റങ്ങളെതുമുണ്ടായിരുന്നില്ല….

എന്നാൽ മുത്തശ്ശിയുടെ മനസ്സിലായിരുന്നു മാറ്റങ്ങൾ പലതും നടന്നിരുന്നത് …..

പിന്നേ…. സൂര്യ ഒന്ന് വരൂ….

അടുക്കള വിട്ട് പോകാനൊരുങ്ങിയ മുത്തശ്ശി ഒന്ന് നിന്ന ശേഷം തിരിയാതെ തന്നെ അവളെ വിളിച്ചതും അവളുൾപ്പടെ എല്ലാവരും ഞെട്ടിയിരുന്നു….

വീണയും ജാനകിയും അവളെ നോക്കി….

അവളിലും അത്ഭുതം തന്നെയായിരുന്നു…..

കയ്യിലുള്ള തവി അവിടെ വെച്ചു അവൾ മുത്തശ്ശിയിലേക്ക് നടക്കുമ്പോൾ ഇടി മിന്നലേറ്റ പോൽ നിൽക്കുകയായിരുന്നു വീണയും ജാനകിയും…..

(തുടരും)