23/04/2026

അതിസുന്ദരി : ഭാഗം 46 & 47

രചന – ആയിഷ അക്ബർ

കണ്ണന്റെ മുഖത് നിറഞ്ഞ പുഞ്ചിരിയായിരുന്നു….

ഞങ്ങളുടെ നാട് കാണാനിറങ്ങിയതാവും അല്ലേ…..

സാറിവളെ എങ്ങനെ സഹിക്കുന്നു…..

അങ്ങനെ തുടങ്ങി കണ്ണൻ പരിചയക്കാരെ പോലെ എന്തൊക്കെയോ തന്നോട് പറയുന്നതും ചോദിക്കുന്നതും ഒക്കെ കേട്ട് മറുപടി കൊടുക്കുന്നുണ്ടെങ്കിലും അവനോടുള്ള തന്റെ വാക്കുകൾക്ക് ഒട്ടും ആത്മാർഥത യില്ലാത്തത് പോലവന് സ്വയം തോന്നി…..

മനസ്സിൽ കുരുങ്ങിക്കിടന്ന ആ ഭാരത്താലായിരിക്കണമത്….

കശു മാവിൻ തോട്ടം കടന്ന് കൈ തോടിലേക്കിറങ്ങിയപ്പോൾ ഇട്ടിരുന്ന പാന്റിനെ അവൻ മുകളിലേക്ക് കയറ്റി വെച്ചു അവരോടൊപ്പം നടക്കുമ്പോൾ അവന്റെ കണ്ണുകളിൽ കണ്ടൊരു കൗതുകം സൂര്യയിലും ഒരു സന്തോഷത്തിനിടം നൽകിയിരുന്നു….

തോടും പാടവും കടന്ന് പാറ മേൽ കയറി താഴേക്ക് നോക്കിയപ്പോൾ അവന്റെ കണ്ണുകൾ വിടർന്നിരുന്നു…

വൗ….. ഇട്സ് അമേസിങ്….

അവൻ വല്ലാത്തൊരു ഭാവത്തോടെ താഴേക്ക് മാത്രം നോക്കിയത് പറയുമ്പോൾ സൂര്യയും ഒന്ന് താഴേക്ക് നോക്കി….

എന്തോ ഇത് വരെ കാണാത്തൊരു ഭംഗി അവൾക്കും ആ കാഴ്ച്ചക്ക് തോന്നി…..

ഒരു പക്ഷെ അവൻ കൂടെയുള്ളത് കൊണ്ടാവാം….

അവൾ പതിയേ മിഴികൾ അവനിലേക്ക് ചലിപ്പിച്ചു….

അവൻ താഴേക്ക് തന്നെ നോക്കി നിൽക്കുകയാണ്….

പെട്ടെന്നാണ് അവളുടേ നോട്ടം അറിഞ്ഞെന്ന വണ്ണം അവൻ തലയവൾക്ക് നേരെ തിരിച്ചത്…..

കണ്ണുകൾ തമ്മിലൊന്ന് കൊരുത്തു….

അതിൽ എവിടെയെങ്കിലും തന്നോടുള്ള പരിഭവമുണ്ടോ എന്ന് തിരയുകയായിരുന്നു അവൾ..

എന്നാൽ മാറ്റോട്ടും കുറയാത്ത ആ പുഞ്ചിരിയിൽ തന്നോടുള്ള പ്രണയം മാത്രമേ ഉണ്ടായിരുന്നുള്ളു…..

അവൾ അവനിൽ നിന്നും മിഴികൾ പറിച്ചെടുത്തു താഴേക്ക് നോക്കി….

പിന്നീട് അവരുടെ വിശേഷം പങ്കിടലായിരുന്നു….

പരസ്പരം കളിയാക്കിയും ചിരിച്ചും സമയം പോകുമ്പോൾ അവരിലൊരാളായി കാശിയും ആസ്വദിച്ചിരുന്നു…..

ഇടയ്ക്കിടെ തന്നിലേക്ക് പാറി വീഴുന്ന അവന്റെ നോട്ടങ്ങളിൽ താൻ നാണത്താൽ പൂത്തുലഞ്ഞിരുന്നു….

ഈ പാറയ്ക്കപ്പുറം എന്താണ്…..

ഇതൊക്കെ തന്നെ…. പിന്നൊരു ചെറിയ ഗ്രൗണ്ടുണ്ട്…..

കണ്ണൻ അത് പറയുമ്പോൾ കാശി ഇരുന്നിടത് നിന്നും എഴുന്നേറ്റു….

എങ്കി കണ്ണൻ വാ…. നമുക്കൊന്ന് പോയി കണ്ടിട്ട് വരാം…. ഇവരിവിടെ ഇരിക്കട്ടെ…..

കാശിയത് പറഞ്ഞതും കണ്ണൻ ഉത്സാഹത്തോടെ എഴുന്നേറ്റു…..

എടി എനിക്കൊരു കാര്യം പറയാനുണ്ട്…..

അവർ നടന്നകലുന്നതും നോക്കി കൊണ്ടാണ് സൂര്യ വിദ്യായോടത് പറയുന്നത്….

ഓഹ്…. ഇങ്ങനെ ഒരാളെ എനിക്കും കിട്ടിയാൽ മതിയായിരുന്നു….
ആ വധൂരി ഇങ്ങനെയൊക്കെ തന്നെ ആയാ മതിയായിരുന്നെന്റെ ഭഗവാനെ…..

വിദ്യ കാശിയെ നോക്കി എന്തൊക്കെയോ പറയുന്നത് കേട്ടതും സൂര്യ അവളെയൊന്നു ഇരുത്തി നോക്കി…..

ആരാടി അവൻ …. സത്യം പറഞൊ….

സൂര്യയുടെ ശബ്ദത്തിൽ ഭീഷണി കലർന്നു…..

അത് വിട്… അത് പിന്നെ പറയാം….. നീ നിന്റെ കാര്യം പറ……

വിദ്യയത് ചോദിച്ചപ്പോഴേക്കും വിവാഹം കഴിഞ്ഞത് മുതൽ ഇന്നലെ രാത്രിയിലെ സംഭവം വരെ അവൾ ചുരുക്കി പറഞ് നിർത്തുമ്പോൾ വിദ്യയിൽ നിന്നൊരു നെടു വീർപ്പുയർന്നു….

ഹയ്യോ…. ഇതെന്താടി സിനിമ കഥ പോലെയുണ്ടല്ലോ….
ഇഷ്ടമില്ലാത്ത ആളെ ഇഷ്ടമാവുന്നു…..
ദാരിദ്രനായിരുന്നവൻ സമ്പന്നനാവുന്നു….
വാത്സല്യത്തിന് പകരം കൊല്ലാൻ നോക്കുന്നു….
എന്തൊരു മനുഷ്യനാടി അയാൾ….

ഏറ്റവും വലിയ ഹൈ ലൈറ്റ് എന്തെന്ന് വെച്ചാൽ നിനക്ക് മാത്രമേ ഇതൊക്കെ അറിയൂ എന്നതാണ്……
കൊള്ളാം…..

ഇനി നീ യിതു ചെന്ന് കാശിയോട് പറഞ്ഞാൽ അവൻ വിശ്വസിക്കുമോ….

വിദ്യ അത് ചോദിക്കുമ്പോൾ കാൽ മുട്ടിലേക്ക് താടി മുട്ടിച്ചു വെച്ചിരുന്ന സൂര്യ മിഴികൾ മാത്രമൊന്നവൾക്ക് നേരെ ഉയർത്തി….പിന്നീട് അറിയില്ലെന്ന തരത്തിലൊന്ന് ചുമൽ കൂച്ചി…..

പിന്നെന്ത് ചെയ്യുമെടി…..

വിദ്യ അത് ചോദിക്കുമ്പോൾ സൂര്യ അവൾക്ക് നേരെ കണ്ണുരുട്ടി……

അതിനല്ലെടി ഞാനിതൊക്കെ നിന്നോട് പറഞ്ഞത്…. എനിക്കറിയുമെങ്കിൽ ഞാൻ ചെയ്യുമായിരുന്നില്ലേ…..

സൂര്യ അതും പറഞ്ഞവളെയൊന്ന് തള്ളി…..

അതും ശെരിയാ….
വിദ്യ ഒന്ന് നെടുവീർപ്പിട്ടു…..

അല്ലാ…. ഇന്നലെ അവൻ പിടിച്ചപ്പോൾ നീയെന്തിനാ അങ്ങനൊക്കെ പറഞ്ഞത്….
നിനക്കും അവനെ ഇഷ്ടമാണല്ലോ…. അതങ്ങ് പറഞ്ഞാൽ പോരായിരുന്നോ…..
അതിനിടയിലേക്ക് ആവശ്യമില്ലാത്തതൊക്കെ വലിച്ചിഴച്ചതെന്തിനാ…..

വിദ്യ അതും പറഞ്ഞവളെയൊന്നു കൂർപ്പിച്ചു നോക്കി…..

എടി…..
പുതിയൊരു ബന്ധം തുടങ്ങുമ്പോൾ എല്ലാം പറഞ് തീർക്കണ്ടേ….
അച്ഛന്റെ കാര്യം അവനറിയേണ്ടതായത് കൊണ്ട് തന്നെ സാമ്പത്തിന്റെ കാര്യവും തീർച്ചയായും അവനറിയും….

ഞാൻ സ്വത്തിന് വേണ്ടി അവനോടടുത്തു എന്നു അന്നവന് തോന്നില്ലേ…..

അത് കൊണ്ട് അവനെല്ലാം അറിഞ്ഞതിനു ശേഷം മതി എല്ലാം……

അവൾ ദൂരെ എങ്ങോ നോക്കി അത് പറയുമ്പോൾ വിദ്യക്കും അത് ശെരിയാണെന്ന് തോന്നി……

എല്ലാമെന്ന് വെച്ചാൽ….
അവളുടേ മുഖത്തെ ദുഖമൊന്ന് മാറ്റാൻ വേണ്ടിയാണ് കുസൃതിയോടെ വിദ്യ അത് ചോദിച്ചത്…..

സൂര്യ അവളെ ഇരുത്തിയൊന്ന് നോക്കുക മാത്രം ചെയ്തു……

ഓഹ്… ഇന്നലെ നീ യെസ് എന്ന് പറഞ്ഞിരുന്നെങ്കിൽ…

അവൾ വീണ്ടും വഷളൻ ചിരിയോടെ അത് പറഞ് തുടങ്ങിയതും മടക്കി വെച്ച കാൽ മുട്ട് നിവർത്തി സൂര്യ അവളെ ചവിട്ടിയതും ഒരുമിച്ചായിരുന്നു….

ചവിട്ടി കൂട്ടും നിന്നെ ഞാൻ….

സൂര്യ അത് പറയുമ്പോഴും കുറച്ചപ്പുറത്തേക്ക് തെന്നി നീങ്ങിയ വിദ്യ ഉറക്കെ ചിരിക്കുകയായിരുന്നു….

എടി…. നീയൊരു പോലീസ് കാരിയെയാണ് ചവിട്ടുന്നതെന്ന് മറക്കേണ്ട…..

അവളത് പറഞ് വീണ്ടും ചിരിക്കുമ്പോൾ സൂര്യ മുഖം കൂർപ്പിച്ചവളെ നോക്കി….

പിന്നെ പതിയേ കാൽമുട്ടിലേക്ക് തന്നെ മുഖം ചേർത്തു…..
അവളിൽ നിന്നും തല ചെരിച്ചു കിടക്കുമ്പോൾ അവൾ പറഞ്ഞതോർത്തു നാണത്തിൽ കുതിർന്നൊരു പുഞ്ചിരി സൂര്യ യെയും കീഴ്പ്പെടുത്തിയിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

ആ ഗ്രൗണ്ടിനടുത്തുള്ള ഒരു ഇരിപ്പീടത്തിലേക്ക് കാശിയിരുന്നു….ഒപ്പം കണ്ണനും..

നിങ്ങളു മൂന്ന് പേരും എത്ര വയസ്സ് മുതൽക്കുള്ള കൂട്ടാണ്…..

കാശി തലയൊന്ന് ചെരിച്ചവനെ നോക്കിയാണത് ചോദിച്ചത്…….

വയസ്സൊന്നും അറിയില്ല സാറേ…. ഓർമ വെച്ചത് മുതൽ എനിക്ക് കൂട്ടുകാരെന്ന് പറയാനുള്ളത് അവരാണ്….

അവനേറെ ഉത്സാഹത്തോടെ അത് പറയുമ്പോഴും കാശിയുടെ മുഖം തെളിഞ്ഞിരുന്നില്ല….

ഇത്രയും ആത്മാർത്ഥമായ സൗഹൃദമാണെങ്കിൽ പിന്നെങ്ങനെ താൻ സൂര്യയെ പ്രണയിച്ചു…..

കാശിയത് ചോദിച്ചതും കണ്ണൻ ഞെട്ടലോടെ അവനെ നോക്കി……

അങ്ങനെയല്ലെടോ…. ഐ മീൻ….. മുത്തശ്ശിയും മുത്തശ്ശനുമെല്ലാം പറഞ് താൻ വിവാഹലോചനയുമായി വന്നിരുന്നെന്ന്….

കണ്ണന്റെ മുഖത്തെ ഭാവ മാറ്റം കണ്ടത് കൊണ്ട് തന്നെ പെട്ടെന്ന് അവനങ്ങനെയൊരു കള്ളം പറയാനാണ് തോന്നിയത്…..

അവനത് പറഞ്ഞതും കണ്ണന്റെ ഭാവം ശാന്തമായി….. കൂടെ ഒരു ചിരിയും വിരിഞ്ഞു…..

കാശ്ശിക്ക് എന്തെന്ന് വ്യക്തമല്ലായിരുന്നു….

അതായിരുന്നോ…. വിവാഹം ആലോചിച്ചെന്ന് വെച്ച് ഞങ്ങൾ പ്രണയിച്ചെന്നൊരു അർത്ഥമുണ്ടോ സാറേ….

ഞങ്ങൾ ചെറുപ്പം മുതലേ കളിക്കൂട്ടുകാരാണ്…..
അവരുടെ രണ്ട് പേരുടെയും സങ്കടങ്ങൾ എന്റേത് കൂടെയായിരുന്നു…..
അവർക്ക് തിരിച്ചും…..

കാശി കണ്ണന് മികച്ച ഒരു കേൾവിക്കാരനായി ഇരുന്നു …

എത്രയൊക്കെ കാലം പുരോഗമിച്ചെന്ന് പറഞ്ഞാലും നമ്മുടെ സമൂഹം കറുപ്പ് എന്ന നിറത്തിനോട് കാണിക്കുന്ന അവഗണനക്ക് ഒരു മാറ്റവുമില്ല……

കറുപ്പിനെഴഴക് എന്ന് വാഴ്ത്തി പാടുന്നവർ പോലും ഒരു വിവാഹ കാര്യം ആയാൽ ആദ്യം നോക്കുന്നത് പെണ്ണിന്റെ നിറമായിരിക്കും…….

അവളുടേ കല്യാണക്കാര്യവുമായി ആ വീട്ടിൽ കയറുന്നവർക്കെല്ലാം കറുത്തവളെ വേണ്ടാ….

കറുപ്പ് നിറമാണെങ്കിലും അവൾക്കൊരു അഭംഗി ഇത് വരെയും എന്റെ കണ്ണുകൾക്ക് തോന്നിയിട്ടില്ല…..

സുന്ദരിയല്ലേ അവൾ…..

അത്രയേറെ ആത്മാർത്ഥമായിരുന്ന അവന്റെയാ ചോദ്യം തന്നോടായിരുന്നു….

ഇപ്പോഴത്തെ എന്നോടല്ല….കറുപ്പെന്ന നിറം വെച്ച് അവളെ വിലയിരുത്തിയ ആ പഴയ തന്നോടാണെന്ന് തോന്നിപ്പോയി…..

അവന്റെ ഓരോ വാക്കുകളും തനിക്ക് നേരെ വിരൽ ചൂണ്ടുന്നത് പോൽ തോന്നുകയാണ്….. കാശിയൊന്ന് വിയർത്തു….

ഒരു പെണ്ണിന് വേണ്ട എല്ലാ ഭംഗിയും അവൾക്കുണ്ട്….

അല്ലെങ്കിലും ഭംഗി എന്നത് ബാഹ്യ സൗന്ദര്യത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നാണോ…

സ്വഭാവവും പെരുമാറ്റവും കൂടി നന്നാവുമ്പോഴല്ലേ നമ്മുടെ കണ്ണിന്നവർ സുന്ദരിയാവുന്നത്…..

അവന്റെ ഓരോ വാക്കുകളും തന്നെയും കുത്തി നോവിക്കുന്നത് പോൽ കാശ്ശിയിരുന്നു ഉരുകുകയായിരുന്നു…..

നഗരത്തിൽ വളർന്നിട്ടും ഇത്രയധികം പഠിച്ചിട്ടും ഒരു ഗ്രാമത്തിൽ ജീവിച്ച അവന് മനസ്സിലാകുന്ന അത്ര പോലും തനിക്ക് മനസ്സിലായില്ല എന്നോർത്തപ്പോൾ അവന് സ്വയം പുച്ഛം തോന്നി……

കാശി അവന്റെ മുഖത്തേക്ക് പോലും നോക്കാനാവാതെ തല കുനിച്ചു…..

അത് കൊണ്ട് അവളുടേ സങ്കടം തീരട്ടെയെന്ന് കരുതിയാ ണ് അവളെ വിവാഹം കഴിക്കാമെന്ന് പറഞ്ഞത്….

എനിക്കൊരിക്കലും അവളെ വെറുക്കാൻ കഴിയില്ലല്ലോ….

അപ്പോഴും അവിടെയും സമ്പത്തിന്റെയും തറവാടിത്തതിന്റെയും തുലാസിലാണ് സ്നേഹത്തെ തൂക്കിയത്…..

അവൻ പുച്ഛത്തോടെയൊന്ന് ചിരിച്ചു……

കാശി അവനെ അത്ഭുതത്തോടെ നോക്കി നിന്നു…..

അവന്റെ ഓരോ വാക്കുകളിലും ഉറച്ച തീരുമാനങ്ങളുണ്ട്….
ഓരോ കാര്യത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുകളും…..

ഇവരുടെ കൂട്ടിൽ നിന്നായിരിക്കാം സൂര്യയുടെ പല സ്വഭാവങ്ങളും ഗുണങ്ങളും അവൾക്ക് ലഭിച്ചതെന്ന് അവന് തോന്നി……

എന്തായാലും സാറിനോട് എനിക്ക് വല്ലാത്തൊരു ബഹുമാനമുണ്ട്…..

വല്ലാത്തൊരു കുറ്റബോധത്തോടെ ഇരിക്കുന്ന തന്നെ നോക്കി അവനത് പറയുമ്പോൾ കാശ്ശി അവന് നേരെ മുഖമുയർത്തി……

എന്താണെന്നോ…..ഇവിടെ നിന്ന് നിങ്ങളുടെ കൂടെ പോരുമ്പോൾ സൂര്യയുടെ കണ്ണിൽ കണ്ട ആ ദുഖത്തിന്റെ നിഴൽ ഇപ്പൊ അവളിലില്ല …

അവനത് പറഞ്ഞോന്നു പുഞ്ചിരിക്കുമ്പോൾ അതിൽ തന്നോടുള്ള ബഹുമാനം കണ്ടിരുന്നു…..

കാശിയൊന്ന് പുഞ്ചിരിച്ചു….

അവന്റെ കണ്ണുകൾ എന്തിനോ നിറയുന്നത് പോലെ അവന് സ്വയം തോന്നി……

എടൊ… താനീ സാറെന്ന വിളി ഒഴിവാക്കണം…. കാശി… അങ്ങനെ വിളിച്ചാൽ മതി…..

വാക്കുകൾ ഇടരാതിരിക്കാൻ തന്നെ കൊണ്ടാവും വിധം ശ്രമിച്ചവൻ അവനെ വാരിപ്പുണർന്നു……

കണ്ണൻ എന്തെന്നറിയാതെ അങ്ങനെ ഒരു നിമിഷം നിന്നെങ്കിലും പിന്നീട് അവനെ യും കെട്ടിപ്പിടിച്ചു…..

കണ്ണനും കാശിയും നടന്ന് വരുന്നത് കണ്ടതും വിദ്യയും സൂര്യയും എഴുന്നേറ്റു….

അപ്പൊ ഞങ്ങൾ നാളെ രാവിലെ പോകും…..
നിങ്ങള് രണ്ട് പേരും അങ്ങോട്ട് വരണം…..

പിരിയാൻ നേരമാണ് വിദ്യയോടും കണ്ണനോടുമായി കാശിയത് പറഞ്ഞത്….

അതിനെന്താ…..
വിദ്യ ആൾറെഡി തൊട്ടടുത്ത ദിവസം തന്നെ അവിടെ ജോയിൻ ചെയ്യും….
പിന്നെ ഞാനല്ലേ…. ഒറ്റക്കാണെന്ന് വല്ലാതെ മനസ്സിന് തോന്നുമ്പോൾ ഞാനും അങ്ങോട്ട് വരാം…. അങ്ങനെയല്ലെന്ന് സ്വയം വിശ്വസിപ്പിക്കാൻ…..

കണ്ണൻ ചെറു ചിരിയോടെയാണ് അത് പറഞ്ഞതെങ്കിലും അതിൽ കലർന്ന നോവിനെ സൂര്യക്കും വിദ്യക്കും ഒപ്പിയെടുക്കാൻ കഴിഞ്ഞത് കൊണ്ട് അവരുടെ മുഖവും മങ്ങിയിരുന്നു….

സൂര്യയുടെ മുഖത് പടർന്നൊരു ഇരുൾ കാശി കണ്ടത് കൊണ്ട് തന്നെ അവന്റെയുള്ളിൽ അതൊരു കരടായി കിടന്നു…..

കണ്ണനേത് വരെ പഠിച്ചിട്ടുണ്ട്….

പെട്ടെന്ന് കാശിയത് ചോദിച്ചപ്പോൾ എല്ലാവരിലും ഒരു പ്രതീക്ഷ ജനിച്ചിരുന്നു…..

എന്റെ ഡിഗ്രി കഴിഞ്ഞു…..
ഒരു വിധത്തിൽ കഴിച്ചു എന്ന് പറയുന്നതാവും ശെരി……

ചെറിയൊരു ചമ്മലോട് കൂടിയാണ് കണ്ണന്നത് പറഞ്ഞത്……

ആ ഡിഗ്രി ഒക്കെ കഴിഞ്ഞ ആള് ഈ പലചരക്കു കടയിൽ കിടന്ന് സമയം കളയേണ്ട….
നീ ഞങ്ങളുടെ അടുത്തേക്ക് വണ്ടി കയറ്…..
നിനക്കൊരു ജോലി ശെരിയാക്കുക എന്നത് ഇപ്പൊ എനിക്ക് പ്രയാസമുള്ള കാര്യമല്ല….

കാശി മനോഹരമായൊരു ചിരിയോടെ തന്നെ അത് പറയുമ്പോൾ എല്ലാവരും അവനെ അങ്ങേയറ്റം ആരാധാനയോടെ നോക്കി…

സൂര്യയുടെ കണ്ണിൽ മാത്രം അവനെന്ന തന്റെ പ്രണയത്തെ ഓർത്തുള്ള ഒരു അഭിമാനമായിരുന്നു….

കണ്ണൻ സ്നേഹത്താൽ അവനെ ഒന്ന് കൂടി വാരിപ്പുണർന്നു…..

കണ്ണന്റെ വീടിന്റെ മുമ്പിലെത്തിയപ്പോൾ അവൻ പിരിഞ്ഞു…..

വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ ക്ഷണിച്ചെങ്കിലും മുത്തശ്ശനും മുത്തശ്ശിയും കാത്തിരിക്കുന്നുണ്ടാകുമെന്ന് അറിയുന്നത് കൊണ്ട് തന്നെ പിന്നീടൊരിക്കലാവാമെന്ന് പറഞ്ഞ് സ്നേഹ പൂർവ്വം അതിനെ നിരസിച്ചു…..

വിദ്യയുടെ വീട്ടിലേക്കുള്ള ഇട വഴിയേത്തിയപ്പോൾ അവളും തിരിഞ്ഞു.

അവന്റെ കൂടെ അങ്ങനെ തന്റെ നാട്ടു വഴികളിലൂടെ അങ്ങനെ നടക്കുമ്പോൾ അവൾക്കെന്തോ വല്ലാത്തൊരു സന്തോഷം തോന്നി..

ഉരുണ്ട അവന്റെ വിരലുകളിൽ തന്റെ വിരൽ കോർത്തു നടക്കാൻ അവളുടേ ഉള്ളേറേ കൊതിക്കുന്നുണ്ടായിരുന്നു…..

ഒരുമിച്ചാണ് നടത്തമെങ്കിലും തങ്ങൾക്കിടയിൽ ഒരു അകലം പാലിച്ചിരുന്നു…..

താങ്ക്സ്…..

തങ്ങൾക്കിടയിൽ നില കൊള്ളുന്ന കടുത്ത നിശബ്ദതയെ ഭേധിച്ചു അവളത് പറയുമ്പോൾ എന്തിനെന്ന അർത്ഥത്തിൽ അവനൊന്നു തല ചെരിച്ചു നോക്കി…..

കണ്ണനു ജോലി ശെരിയാക്കി കൊടുക്കാമെന്നു പറഞ്ഞില്ലേ…

അവന്റെ ചോദ്യ ഭാവം മനസ്സിലായെന്ന പോൽ അവൾ ഉത്തരം പറഞ്ഞു…..

നീയും അതാഗ്രഹിച്ചിരുന്നോ….

അവനിൽ നിന്ന് അലസമായൊരു ചോദ്യം….

മ്മ്…… എപ്പോഴും ആഗ്രഹിക്കാറുണ്ട്….

അവളുടേ കണ്ണുകൾ തിളങ്ങി…..

എന്നിട്ട് നീയിതെന്താ എന്നോട് പറയാതിരുന്നത്….

ഒഴുക്കോടെയുള്ള അവന്റെ ചോദ്യം വീണ്ടും….

അത്…..

അവൾ പറഞ് തുടങ്ങിയപ്പോഴേക്കും വീടിന്റെ പടിക്കലെത്തിയിരുന്നു…

അത്ര പോലും നിനക്ക് ഞാൻ ആരുമല്ലല്ലോ അല്ലേ……

അവൻ പുച്ഛത്തോടെ അത് ചോദിക്കുമ്പോൾ അവൾ വല്ലാത്തൊരു ഭാവത്തോടെ അവന്റെ മിഴികളിലേക്ക് നോക്കിയങ്ങനെ നിന്നു…..

അവൻ അവളുടേ മറുപടിക്ക് കാത്തു നിൽക്കാതെ അകത്തേക്കു കയറിപ്പോയി….

അവൻ മറുപടിക്ക് കാത്തു നിന്നിരുന്നെങ്കിലും തന്റെ കയ്യിൽ ഒരു ത്തരമില്ലെന്ന ചിന്തയോടെ അവളവിടെ നിന്ന് ഒരടി പോലും മുമ്പോട്ട് എടുത്ത് വെക്കാതെ അതേ നിൽപ്പായിരുന്നു……

അത്രമാത്രം സ്വന്തന്ത്ര്യം അവനിൽ നിന്നെടുക്കേണ്ട എന്ന് തോന്നി…..
അതല്ലേ സത്യം ….

അവളകത്തേക്ക് കയറി ചെല്ലുമ്പോഴേക്കും കാലെല്ലാം കഴുകി കാശി വരാന്തയിലെ തിണ്ണയിൽ കയറിയിരുന്നു കൊണ്ട് മുത്തശ്ശനോടും മുത്തശ്ശിയോടും സംസാരിക്കുകയാണ്….

പതിവ് പോലെ മനോഹരമായൊരു പുഞ്ചിരി ആ അദരങ്ങളിലുണ്ട്…..

എങ്കിലും കണ്ണുകളിൽ ഒളിപ്പിച്ചു വെച്ചൊരു പ്രയാസത്തെ അവൾക്ക് മാത്രമായി കാണാൻ കഴിഞ്ഞു…..

അവളിലേക്കത് പടർന്നെന്ന് തോന്നിയ നിമിഷം അവൾ മുറിയിലേക്ക് നടന്നു…..

കട്ടിലിലേക്ക് കമിഴ്ന്നു കിടക്കുമ്പോഴും ഉള്ളിലെന്തോ ഒരു വിങ്ങലായിരുന്നു…..

പിന്നീട് എന്തോ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചത് പോലെയവൾ എഴുന്നേറ്റു…..

ഉച്ചയൂണ് കഴിക്കുമ്പോഴും എല്ലാം അവൻ തനിക്ക് മുഖം തരാത്തത് പോലെയവൾക്ക് തോന്നിയിരുന്നു…..

ഇടയ്ക്കിടെ തന്നിലേക്ക് പാറി വീഴുന്ന ആ നോട്ടങ്ങളും പാടേ മാഞ്ഞു പോയിരിക്കുന്നു….

അവൾക്ക് തൊണ്ടയിൽ നിന്നോന്നും ഇറങ്ങാത്തത് പോലെ തോന്നി…..

ഭക്ഷണം കഴിച് കഴിഞ്ഞ് പതിവ് പോലെ മുറുക്കാൻ ചവച്ചു മുത്തശ്ശനും മുത്തശ്ശിയും ഇരിക്കുമ്പോൾ സൂര്യയും കാശിയും അവർക്കൊപ്പമുണ്ടായിരുന്നു…..

മുത്തശ്ശി…. ഞാനൊന്ന് നൃത്തം ചെയ്താലോ ..

പെട്ടെന്നവളത് ചോദിക്കുമ്പോൾ കണ്ണുകൾ കാശിയിലായിരുന്നു…

അവൻ അത് ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ ഫോണെടുത്തു അകത്തേക്ക് കയറി പ്പോകുകയായിരുന്നു…..

തന്നോടുള്ള പരിഭവം മാറ്റാൻ താൻ തന്നെയാണ് അവനോട് മിണ്ടണ്ടതെന്ന് തോന്നിയ നിമിഷം അവന് പിറകെ അവളും ഓടി ചെന്നു…..

മുറിയിലേക്ക് കയറാൻ തുടങ്ങിയ അവന്റെ കയ്യിലൊരു പിടുത്തം വീണതും അവൻ തിരിഞ്ഞു നോക്കി…..

ഇയാള് ഇത്രേം ദൂരം കഷ്ടപ്പെട്ട് വന്നത് എന്റെ ഡാൻസ് കാണാനല്ലേ….

എന്നിട്ട് ഇയാളെന്താ എഴുന്നേറ്റ് പോകുന്നത്….

അവൾ മുഖം കൂർപ്പിച്ചത് ചോദിക്കുമ്പോഴും അവന്റെ മുഖത് യാതൊരു വ്യത്യാസവുമുണ്ടായിരുന്നില്ല…….

ഞാൻ…. ഞാൻ കളിക്കുന്നത് ഇയാൾക്ക് വേണ്ടിയാ….

അത്ര മേൽ ആർദ്രമായിരുന്നവളുടെ സ്വരം……

അവൻ അവളുടേ മിഴികളിലേക്കൊന്ന് നോക്കിയെങ്കിലും യാതൊരു ഭാവ ഭേതവുമില്ലാതെ തന്റെ ഇടത് കൈ കൊണ്ട് തന്നെ അവളുടേ കൈ വിടുവിപ്പിച്ചു മുറിയിലേക്ക് നടന്നു…..

സൂര്യക്ക് കരച്ചിൽ വന്നിരുന്നു…..

നിറഞ്ഞു വന്ന കണ്ണുകൾ ഒഴുകുന്നതിനു മുൻപ് തന്നെ അവൾ അമർത്തി തുടച്ചു……..

അവനിത്രയും തുറന്ന് പറഞ്ഞിട്ടും വീണ്ടും അവനെ വേദനിപ്പിച്ചു എന്ന തോന്നൽ ഒഴിവാക്കാനാണ് ഞാൻ തന്നെ അവനോട് സംസാരിച്ചത്……
എന്നിട്ടും……..

അവളുടേ ഉള്ളിൽ നിന്നൊരു ഗദ് ഗദമുയർന്നു…..

എങ്കിലും അതിനെ അടക്കി പിടിച്ചു കൊണ്ട് അവൾ വരാന്തയിലേക്ക് തന്നെ നടന്നു…..

മുറിയിൽ അവനാണ്…
അല്ലായിരുന്നെങ്കിൽ മുറിയിൽ കയറിയിരുന്നു ആരും കാണാതെ കരഞ്ഞു തീർത്താൽ അല്പം ആശ്വാസം കിട്ടിയേനെ എന്നവളോർത്തു….

എന്താ കുട്ടി കളിക്കുന്നില്ലേ….

പെട്ടെന്ന് മുത്തശ്ശിയത് ചോദിച്ചതും കുത്തനെ തലയാട്ടി അവൾ ഉയർന്നിരിക്കുന്ന ആ തിട്ടിൻ മേൽ കയറി …..

ശബ്ദം പുറത്തേക്ക് വന്നാൽ അതിടറുമെന്ന് ഉറപ്പായത് കൊണ്ടാണ് തലയാട്ടലിൽ ഒതുക്കിയത്……

മനസ്സിനൊട്ടും താല്പര്യം തോന്നുന്നുണ്ടായിരുന്നില്ല….
ഹൃദയം കിടന്നങ്ങനെ വിങ്ങുകയല്ലേ…. പിന്നെങ്ങനെ കഴിയും…..

എങ്കിലും അവൾ കൈ വിരലുകൾ ചേർത്ത് പിടിച് മുദ്ര പതിപ്പിച്ചപ്പോഴേക്കും തന്റെ കാൽ പാദത്തിലേക്ക് അവൻ കുനിഞ്ഞിരുന്നു…

എന്തെന്നറിയാതെ അവളൊന്ന് താഴേക്ക് നോക്കി….

അവൾ മാത്രമല്ല…. മുത്തശ്ശനും മുത്തശ്ശിയും അവനെ തന്നെ ശ്രദ്ധിക്കുകയായിരുന്നു….

കയ്കളിൽ നിന്ന് എന്തോ അവിടെ വെച്ച് അവൻ തിരിഞ്ഞു നടന്നതും അവളുടേ കണ്ണുകൾ വിടർന്നു…..

തന്റെ ചിലങ്ക…..

അവൾ അതെടുത്തു അവന്റെ മുഖത്തേക്കൊന്ന് നോക്കി…..

വരാന്തയിൽ തൂണിൽ ചാരി കൈ രണ്ടും മാറിൽ പിണച്ചു കെട്ടി തന്നെ ഉറ്റ് നോക്കി നിൽക്കുകയാണ്….

ആ മിഴികൾ പ്രത്യേകിച്ച് തന്നോടൊരു ഭാവവും ഇല്ലെങ്കിൽ കൂടി അവന്റെ മിഴികൾക്ക് തന്നിൽ നിന്ന് ഒരുപാടൊന്നും അകന്ന് നിൽക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അവളിലൊരു പുഞ്ചിരി വിരിഞ്ഞു……

അവൾ ഉത്സാഹത്തോടെ അതെടുത്തു കാലിലണിഞ്ഞു…..

കളഞ്ഞു പോയ എന്തോ തിരിച്ചു കിട്ടിയ ഒരു ആവേശത്തോടെ അവൾ ചുവട് വെക്കാനൊരുങ്ങി….

പൂർണ മനസ്സോടെ…..

ഇന്നലെ കളിച്ചപ്പോൾ തന്നെ നിന്റെ ചുവടുകളൊന്നും ശെരിയായിരുന്നില്ല മോളേ…. ഇന്ന് ശ്രദ്ധിച്ചു കളിക്കു…..

മുത്തശ്ശി താക്കീതെന്ന പോലെ അത് പറയുമ്പോൾ അവൾ അവർക്ക് നേരെ തിരിഞ്ഞു…..

ഇന്നലത്തെ പോലെയല്ല മുത്തശ്ശി…..
ഇന്നെനിക്ക് ചുവടു പിഴക്കില്ല…..

അവളുടേ വാക്കുകളിൽ ആത്മവിശ്വാസമുണ്ടായിരുന്നു…..

എന്തെന്നാൽ ഇന്നലെയെന്റെ മനസ്സ് ഇവിടെ ആയിരുന്നില്ല….
എന്നാൽ ഇന്നതിവിടെയുണ്ട് ….

അവൾ അത് പറയുമ്പോൾ അവന്റെ മിഴികളിലേക്കാണ് നോക്കിയത്…..

അവളോടുള്ള പരിഭവം പ്രകടിപ്പിക്കാൻ താനെടുത് വെച്ച മുഖം മൂടി എത്ര കട്ടിയുള്ളതാണെങ്കിലും അതിനെയെല്ലാം പാടേ നീക്കാൻ കഴിവുള്ളതായിരുന്നവളുടെയാ നോട്ടവും വാക്കുകളും……

അവനറിയാതെ തന്നേ അവന്റെ ചൊടിയിലൊരു പുഞ്ചിരി വിരിഞ്ഞു……

ഇരു കാലുകളും ചേർത്ത് പിടിച് കൈ വിരലുകളിൽ കടകാമുഖം മുദ്ര തീർത്തവൾ….

വല്ലാത്തൊരു താളത്തോടെ വലത് കാലും പിന്നീട് ഇടത് കാലും പൊക്കി ചവിട്ടി…..

തോളിനു മേൽ ശിഖരം മുദ്ര പിടിച് കൈ മുന്നോട്ട് കൊണ്ട് വന്നു കാൽ വിരിച്ച് ഉപ്പൂറ്റി ഉയർത്തിയിരുന്നു തറ തൊട്ട് കണ്ണുകൾക്ക് മേൽ വെച്ചു കൊണ്ട് ഭൂമി ദേവിയെ തൊട്ട് വന്ദിച്ചു…..

പിന്നീടങ്ങോട്ട് അവളുടേ ചടുലമായ ചലനങ്ങൾക്കൊത് അവന്റെ ഹൃദയവും അവൾക്കൊപ്പം ആടി തുടങ്ങിയിരുന്നു……

കണ്ണിമ അവളിൽ നിന്ന് വെട്ടിക്കാൻ തോന്നിയിരുന്നില്ല..

അത്രക്ക് മനോഹരമായിരുന്നു……

അവളെന്റെയാണെന്നോർത്തൊരു അഹങ്കാരം പോലും തന്നെ വരിഞ്ഞു മുറുക്കിയിരുന്നാ നേരം…..

ഉള്ളിൽ നിന്ന് വന്നൊരു കിതപ്പോട് കൂടി അവൾ നൃത്തം അവസാനിപ്പിക്കുമ്പോൾ ഒരിക്കലും തീരാതിരുന്നെങ്കിൽ എന്നവൻ ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു…..

അവളുടേ മിഴികളും അവനിൽ തങ്ങി നിൽക്കുന്നു……

അപ്പോഴേക്കും പരിഭവങ്ങളെല്ലാം അവനിൽ നിന്നും കൂടോഴിഞ്ഞിരുന്നു….

ഒരു ചെറു ചിരിയോടെയല്ലാതെ അവളെ നോക്കാൻ അവനും കഴിഞ്ഞിരുന്നില്ല…

അന്നത്തെ വൈകുന്നേരവും അങ്ങനെ കഴിഞ്ഞു…

ഓരോ വാർത്തമാനങ്ങൾ പറഞ്ഞോടുക്കം കിടന്നോളു…. നാളെ രാവിലെ പുറപ്പെടേണ്ടതല്ലേ എന്ന് മുത്തശ്ശൻ പറയുമ്പോൾ ആ വാക്കുകളിൽ കലർന്ന നൊമ്പരം വ്യക്തമായിരുന്നു……

അന്ന് രാത്രി കിടക്കുമ്പോഴും പോകേണ്ട സമയത്തെ കുറിച്ചല്ലാതെ രണ്ട് പേരും ഒന്നും മിണ്ടിയില്ല…..

ഒത്തിരി എന്തൊക്കെയോ പറയണമായിരുന്നവന്….
എന്നാൽ ഇനിയുള്ള മറുപടി അവളിൽ നിന്നുള്ളതാകണമെന്നുള്ളത് കൊണ്ട് തന്നെ അവൻ വാക്കുകളെ പിടിച്ചു കെട്ടി….

സത്യങ്ങളെല്ലാം പറഞ്ഞതിന് ശേഷവും അവൻ തന്നെ ചേർത്ത് പിടിക്കുകയാണെങ്കിൽ ആ നെഞ്ചിലേക്ക് ചായാൻ അവളും കാത്തിരുന്നു….

(തുടരും)