രചന – ആയിഷ അക്ബർ
കണ്ണൻ…..
അവൾ പുഞ്ചിരിച്ചു….
അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് നിൽക്കുന്ന ആ ചുരുണ്ട മുടിക്കാരനെ നോക്കി അവൾ കണ്ണുകൾ തുടച്ചു……
പിന്നീട് പതിയേ മുറിയിൽ നിന്നിറങ്ങി അടുക്കള പുറത്ത് കൂടെ മുറ്റത്തേക്കിറങ്ങി….
കണ്ണാ…. അവൾ പുഞ്ചിരിയോടെ അവനെ വീണ്ടും വിളിച്ചു….
പുതു പെണ്ണിനെ ഒന്ന് കാണാൻ വേണ്ടി വന്നതാ…
അവൻ വീണ്ടും ചിരിച്ചു…
സീതാമ്മ വന്നില്ലേ….
ഇല്ലാ… അമ്മക്ക് ചെറിയൊരു പനി….
ഇന്നത്തെ ചെറിയ ജോലികൾക്ക് അമ്മ എന്നെ പറഞ്ഞ് വിട്ടു….
അവനത് പറയുമ്പോഴും അവളവനെ തന്നെ നോക്കി നിന്നു….
കല്യാണത്തിന് വന്നില്ല അല്ലേ…..
അവളത് ചോദിച്ചതും സദാ പ്രസന്നമായ ആ മുഖത്തെ ചിറി ഒന്ന് കൂടി വിടർന്നെങ്കിലും അതിൽ വേദനയുള്ളതായി അവൾക്ക് തോന്നി…..
വന്നിരുന്നു…. ഒത്തിരി സമയം നിന്നില്ലെന്ന് മാത്രം … നിങ്ങളൊക്കെ പോയതിനു ശേഷം ജോലികൾ തീർക്കാൻ മുത്തശ്ശൻ വീണ്ടും വിളിച്ചിരുന്നു…..
ഇരുട്ടും വരെ ഇവിടെ തന്നെയായിരുന്നു…..
അവനത് പറയുമ്പോഴും രണ്ട് പേരിലും വേദന നിറഞ്ഞു നിന്നിരുന്നെങ്കിലും പരസ്പരം മുഖത്ത് നോക്കാൻ അവർക്കൊരു പ്രയാസവുമുണ്ടായിരുന്നില്ല…..
അയവിറക്കാൻ മാത്രം അത്രയും മനോഹരമായ ഓർമ്മകൾ അവർക്കുണ്ടായിരുന്നത് കൊണ്ടാവാം അത്….
വിദ്യ പോയോ….
മ്മ്…. അവളിന്നലെ കല്യാണത്തിന് വേണ്ടി വന്നതല്ലേ….. ഇന്ന് രാവിലെ പോകുകയാണെന്ന് പറയാൻ എന്റടുത്തു വന്നിരുന്നു…..
കണ്ണൻ മറുപടി പറയുമ്പോഴും അവളെതോ ചിന്തയിലായിരുന്നു…..
വിദ്യ യും സൂര്യയും കണ്ണനും…..
പിരിക്കാൻ കഴിയാത്ത സൗഹൃദത്താൽ ചുറ്റപ്പെട്ടവർ…..
എല്ലാവരും ഒറ്റപ്പെടുത്തുമ്പോഴും താൻ ആശ്വസിച്ചിരുന്ന,പരസ്പരം എന്തും തുറന്ന് പറയാൻ കഴിയുന്ന സൗഹൃദം….
നിറത്തെ കുറിച് മനസ്സിലാകുന്നതിനു മുൻപ് തന്നെ നിഷ്കളങ്കമായി ഒത്തു ചേർന്ന ബാല്യ കാല സുഹൃത്തുക്കൾ…..
അത് കൊണ്ടായിരിക്കാം ഇന്നും ആ ബന്ധത്തിന് മാറ്റ് കൂടാൻ കാരണം….
വിദ്യയുടെ അമ്മയും കണ്ണന്റെ അച്ഛനും തറവാട്ടിൽ പണിക്ക് വരുന്നവരാണ്….
ആ വീട്ടിൽ അകറ്റി നിർത്തപ്പെട്ടിരുന്ന തനിക്ക് കിട്ടിയത് അവരെ പോലെ സ്നേഹിക്കാൻ മാത്രമറിയുന്നവരെയായിരുന്നു…..
അച്ഛനില്ലാത്ത അമ്മയുടെ സങ്കടം കാണുന്നതായിരുന്നു കണ്ണന്റെ സങ്കടമെങ്കിൽ ദാരിദ്ര്യത്താൽ മൂന്ന് പെൺകുട്ടികളെ കൊണ്ട് എന്ത് ചെയ്യുമെന്നറിയാത്ത അച്ഛന്റെയും അമ്മയുടെയും നോവായിരുന്നു വിദ്യയുടെ മനസ്സ് മുഴുവനും….
പോരാത്തതിന് നന്നായി പഠിക്കുന്ന അവളുടെ ഫീസടകാൻ പോലും അവർ കഷ്ടപ്പെന്നത് അവൾ കാണുന്നുണ്ടായിരുന്നു….
അച്ഛനുമമ്മയുമില്ലാത്ത ഒരു കറുത്ത പെണ്ണിന്റെ ദുഖത്തിന്റെ കാര്യം പിന്നേ പറയേണ്ടതില്ലല്ലോ……
പരസ്പരം പങ്കു വെക്കുന്നത് സങ്കടങ്ങൾ മാത്രമായിരുന്നില്ല….. ചെറിയ സന്തോഷങ്ങളും വലുതായി തോന്നിയിരുന്നത് അതവർക്കിടയിൽ പങ്കു വെക്കുമ്പോഴായിരുന്നു…..
എന്തെങ്കിലും പ്രശ്നമുണ്ടോ നിനക്ക് ….
കണ്ണൻ പെട്ടെന്നത് ചോദിക്കുമ്പോൾ അവൾക്കെന്ത് പറയണമെന്നറിയില്ലായിയുന്നു….
നീ സന്തോഷത്തിൽ അല്ലേ സൂര്യ…..
മ്മ്…..
അവനത് വീണ്ടും ചോദിക്കുമ്പോൾ ഇത് വരെ ഒന്നും മറച്ചിട്ടില്ലെങ്കിലും അവളുടെയുള്ളിലെ നോവിനെ ഇന്നവൾ അവനു മുമ്പിൽ മറക്കാൻ ശ്രമിച്ചു…..
ഒരു ദിവസം കൊണ്ട് ഇത്ര മനോഹരമായി കള്ളം പറയാൻ നീ പഠിച്ചല്ലോ….
അവൻ വീണ്ടും പുഞ്ചിരിച്ചു….
അവളോന്നും മിണ്ടിയില്ല….
ഞാൻ പറഞ്ഞതല്ലേ ഞാൻ നിന്നെ വിവാഹം കഴിച്ചോളമെന്ന്…. അപ്പൊ ഞാൻ ജോലിക്കാരിയുടെ മകനായത് നിന്റെ വീട്ടുകാർക്ക് കുറവായി….
അവൻ പുച്ഛത്തോടെയത് പറയുമ്പോൾ അവൾ ഒന്നും മിണ്ടിയില്ല….
ശെരിയായിരുന്നു…. ഞങ്ങളുടെ സങ്കടങ്ങൾ പരസ്പരം തീർക്കാൻ ഞങ്ങളെപ്പോഴും ശ്രമിക്കാറുണ്ട്……
വിദ്യയുടെ പരീക്ഷ ഫീസ് പലപ്പോഴും അടച്ചിരുന്നത് ഞങ്ങളും കൂടി ചേർന്നായിരുന്നു….
കണ്ണന് എങ്ങോട്ടെങ്കിലും പോകേണ്ടി വന്നാൽ സീതാമ്മക്ക് കൂട്ടിരിക്കുന്നതും ഞങ്ങൾ രണ്ട് പേരുമായിരുന്നു….
അങ്ങനെ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും ഞങ്ങൾ പരസ്പരം കൈ കോർത്തു പിടിച്ചിരുന്നു…..
അത് പോലെ എല്ലാവർക്ക് മുമ്പിലും ചായയുമായി പ്പോയി നിന്ന് കറുപ്പിന്റെ പേരിൽ അവഗണിക്കപ്പെടുമ്പോഴായിരുന്നു കണ്ണന്നത് പറഞ്ഞത്…..
നിന്നെ ഞാൻ കെട്ടിയാ പോരെ….. എനിക്ക് നിന്നെ ഇഷ്ടമാണല്ലോ…. ഭാര്യ ആയാലും ആ ഇഷ്ടം കുറയില്ലാ…. കൂടുകയേ ഉള്ളൂ……
തന്റെ കറുപ്പൊന്നും അവന്റെ കണ്ണിൽ കുറവായിരുന്നില്ല…..
തങ്ങൾക്കിടയിലെ സൗഹൃദം അവന്റെ കണ്ണുകളെ മറച്ചു പിടിച്ചതാവാം ഒരുപക്ഷേ….
എന്നാൽ തന്റെ വീട്ടിൽ അതേറ്റവും വലിയ കുറ്റമായിരുന്നു…..
ജോലിക്കാരെ മക്കളുടെ കൂടെ കളിക്കുമ്പോ ഞാൻ പറഞ്ഞിരുന്നു…..
ഇപ്പോ എന്തായി അവരീ തറവാട്ടിൽ വന്ന് പെണ്ണ് ചോദിക്കാനുള്ള ഇട വരുത്തിയില്ലേ …..
ചെറിയമ്മായത് പറയുമ്പോൾ തന്റെ കൂടെ കളിച്ചതിനു വീണയെ വഴക്ക് പറയുന്നതാണ് മനസ്സിൽ തെളിഞ്ഞു നിന്നത്…..
നീയൊരിക്കലും സങ്കടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഞാന്നത് പറഞ്ഞത്….. എന്നാൽ ഇന്ന് നിന്റെ കണ്ണുകളിൽ മുൻപ് കണ്ടിരുന്ന കാർമേഘത്തേക്കാൾ ഇരുട്ട് തോന്നുന്നു സൂര്യാ…..
കണ്ണന്നത് പറയുമ്പോൾ അവൾ അവനെ നോക്കിയൊന്ന് ചിരിച്ചു….
വാക്കുകൾ പുറത്തേക്ക് വരുന്നില്ലായിരുന്നു…..
എന്നാൽ ഫോണുമായി പുറത്തേക്ക് വന്ന കാശി ഇതെല്ലാം കേട്ട് കൊണ്ട് അപ്പുറത് നിൽക്കുന്നത് അവർ കണ്ടിട്ടുണ്ടായിരുന്നില്ല…..
അവളോടും പ്രണയമോ….
അവനത് അവിശ്വാസനീയമായിരുന്നു….
അവളെ കാണുന്ന ഏതൊരാൾക്കാണ് അവളെ പ്രണയിക്കാൻ കഴിയുക…..
ആ സംശയം അവനെ ചുറ്റപ്പെട്ടിരുന്നു…..
അവൻ പതിയേ അകത്തേക്ക് കയറി….
അവളും പ്പോയി…. നീയും പോകുവാ…. ഞാനൊറ്റക്കായി അല്ലേ….
വിദ്യ ജോലി സ്ഥലത്തേക് പോയപ്പോഴും നീ ഇവിടെയുണ്ടായിരുന്നു….
എന്നാൽ ഇന്ന് നീ കൂടി പോകുമ്പോൾ ഞാൻ വല്ലാണ്ട് ഒറ്റപ്പെടുന്നത് പോലെ…..
അവനത് പറയുമ്പോൾ വാക്കുകളിൽ വേദന കലർന്നിരുന്നു…
നീയിനി എപ്പോഴാ വരിക ….
ചോദ്യം അങ്ങേയറ്റം ആർദ്രമായിരുന്നു….
അറിയില്ല….
അത് പറയുമ്പോഴും ഇവിടെ നിന്ന് പോകുമോയെന്ന ഉറപ്പ് പോലും അവളിലില്ല എന്നത് അവളൊരു നിമിഷം ഓർത്തു……
പോയാലും കുഴപ്പമില്ല…. നീ സന്തോഷമായിരുന്നാൽ മാത്രം മതി…..
അവനത് പറയുമ്പോൾ അവളൊന്നു ചിരിച്ചു….
ആ ചിരിയിൽ കലർന്ന വേദനയെ അങ്ങേയറ്റം മനോഹരമായി മറച്ചു വെക്കാൻ ശ്രമിച്ചു കൊണ്ട്….
എന്നാൽ എത്ര ആഴത്തിലൊളിപ്പിച്ചാലും എല്ലാം കണ്ട് പിടിക്കുന്ന ചിലരുണ്ട്…..
നമ്മളോട് അത്ര മേൽ അടുത്തവർ……
അത് കൊണ്ടാവാം അവന്റെ മുഖവും ഒന്ന് മങ്ങിയത്…..
സൂര്യാ…. ഇങ്ങോട്ട് വരുന്നുണ്ടോ….
അതിലെ വന്ന വല്യമ്മയും ചെറിയമ്മയും ദേഷ്യത്തോടെ തന്നെ വിളിക്കുമ്പോൾ അവരിൽ നിന്നും മുറു മുറുപ്പ് കേൾക്കുന്നുണ്ടായിരുന്നു….
നീ എന്നോട് മിണ്ടുന്നതു കണ്ടിട്ടാവും…
അവൻ പുച്ഛത്തോടെയോന്നു ചിരിച്ചു….
നീയത് കാര്യമാക്കെണ്ട…. നമ്മുടെ സൗഹൃദത്തിന്റെ പരിശുദ്ധി അളക്കാൻ മാത്രം വിശാലത്തയൊന്നും അവർക്കില്ല കണ്ണാ….
അവളത് പറയുമ്പോൾ അവൻ മനോഹരമായൊന്നു പുഞ്ചിരിച്ചു….
എന്നാ നീ അങ്ങോട്ട് ചെല്ല്… ഇനി അവരുടെ വായിലിരിക്കുന്നത് കേൾക്കേണ്ട…..
എല്ലാം അറിയുന്നത് കൊണ്ട് തന്നെ അവനവളെ പറഞ്ഞ് വിട്ടു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭക്ഷണം കഴിക്കുമ്പോഴും സൂര്യക്ക് തൊണ്ടക്കുഴിയിൽ നിന്നിറങ്ങുന്നില്ലായിരുന്നു…
മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അളവറ്റ സന്തോഷം അസ്‌തമിക്കാൻ പോകുകയാണെന്ന ചിന്ത അവളെ വീർപ്പു മുട്ടിച്ചു….
എനിക്കിവളെ വേണ്ടാ എന്നവൻ പറയുമ്പോൾ ഓരോരുത്തരുടെയും മുഖഭാവം ഓർക്കുമ്പോൾ അവൾക്കാരൊചകമായി തോന്നി…….
എന്നാ ഞങ്ങളിറങ്ങുവാണ്…..
ശങ്കരനത് പറയുമ്പോൾ സൂര്യയുടെ ഹൃദയമിടിപ്പ് ശക്തിയായി…..
എന്നാൽ ഞങ്ങളിറങ്ങട്ടെ മുത്തശ്ശ…..
സൗമ്യമായി മുത്തശ്ശനോടത് പറയുന്ന കാശിയെ കണ്ടപ്പോൾ അവൾക്ക് തോന്നിയത് ആശ്വാസമാണോ അതോ ആശങ്കയാണോ എന്നവൾക്കറിയുന്നില്ലായിരുന്നു……
തന്നേ ഒരിക്കലും സ്നേഹിക്കാൻ കഴിയില്ലെന്നറിഞ്ഞിട്ടും കൂടെ കൂട്ടുന്നതെന്തിനായിരിക്കെന്നവളോർത്തു……
അവളുടേ വേർപാടിൽ മുത്തശ്ശനും മുത്തശ്ശിയും അവളെ ചേർത്ത് പിടിച്ചു ചുംബിച്ചു…..
തനിക്ക് യാത്ര പറയാൻ അവർ മാത്രമല്ലേയുള്ളു…..
തന്നെ ഓർത്ത് കിട്ടാവിന്നടത്തോളം സമാധാനം ആ മനസ്സ്കൾക്ക് കിട്ടട്ടെയെന്ന് കരുതി അവളും അവരോടൊപ്പം നടന്നു….
അപ്പോഴും അവളുടേ മനസ്സ് ശൂന്യമായിരുന്നു….
കാറിൽ കയറിയതും കാശി കണ്ണുകലടച്ചൊരു നിമിഷം കിടന്നു……
തന്റെ ഇഷ്ടങ്ങളെ പാടേ തകർത്തു കൊണ്ടൊരു വിവാഹം നടന്നു…..
ഒരിക്കലും അവളെ സ്നേഹിക്കാൻ തനിക്ക് കഴിയില്ലെന്ന് വ്യക്തമായറിയാം…..
എങ്കിലും സാഹചര്യങ്ങൾ തന്റെ ജീവിതത്തോട് അവളെ ചേർത്ത് നിർത്തുന്നു…..
അവളെ വേണ്ടെന്ന് ഇന്ന് തനിക്ക് പറയാമായിരുന്നു….
ഒത്തിരി തവണ പറയാൻ മനസ്സ് പറഞ്ഞ് കൊണ്ടിരുന്നതാണ്….
എന്നാൽ നിഷ്കളങ്കമായ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അതിരറ്റ സന്തോഷത്താലുള്ള ആ ചിരി തല്ലി കെടുത്താൻ മനസ്സ് വന്നിരുന്നില്ലെന്നതാണ് സത്യം……
ഇറുകെയടച്ച കണ്ണുകൾ തുറന്നപ്പോഴേക്കും വീടെത്തിയിരുന്നു…..
(തുടരും )

by