18/04/2026

അതിസുന്ദരി : ഭാഗം 09

രചന – ആയിഷ അക്ബർ

 

അച്ഛാ…… റിസപ്ഷൻ എന്നാണ് വെക്കുന്നത്…..
ഫ്രണ്ട്സിനെയെല്ലാം വിളിക്കേണ്ടതുണ്ട്…. അത് കൊണ്ടാ ചോദിച്ചത്…..

പുറത്ത് നിന്നും വാങ്ങി വന്ന ഭക്ഷണം മനോഹരമായ ആ ചില്ലു മേശയിലിരുന്നു കഴിക്കുമ്പോഴാണ് കിരൺ ഏറെ ഉത്സാഹത്തോടെയത് ചോദിച്ചത്…..

റിസപ്ഷൻ എന്ന് കേട്ടതും കാശിയുടെ നെഞ്ചിൽ ഒരു തീയാളുന്നത് പോലെ തോന്നി…….

മ്മ്…. അത് വേണ്ടത് തന്നെയാണ്…. ഇവിടെയുള്ളവർക്കും ഒരു പാർട്ടി കൊടുക്കേണ്ടത് അത്യാവശ്യമാണ്…..

എന്നാൽ മുത്തശ്ശി വരാതെ അത് പറ്റില്ല….. മുത്തശ്ശിക്ക് ഇപ്പൊ വയ്യെന്നല്ലേ പറഞ്ഞത്….. മുത്തശ്ശി വരുന്നത് വരെ കാത്തിരുന്നേ പറ്റു…..

ശങ്കരനതും പറഞ്ഞേഴുന്നേൽക്കുമ്പോൾ കിരണിനല്പം നിരാശ തോന്നി…..

എല്ലാവരുടെയും മുമ്പിൽ വീണയെ ഒന്ന് പ്രദർശിപ്പിക്കാനുള്ള ആ അവസരം നീങ്ങിപ്പോകുന്നതിൽ അവന് നിരാശ തോന്നി…..

എന്നാൽ കാശിയിൽ അത് വല്ലാത്തൊരു സമാധാനത്തിന്നിടം നൽകിയിരുന്നു…..

സൂര്യക്കും അത് കേട്ടപ്പോൾ എന്നതെന്നില്ലാത്തൊരു ആശ്വാസം തോന്നി….

ഒരു പക്ഷെ ആളുകളുടെ മുമ്പിൽ ഒരു കോമാളിയായി നിൽക്കാൻ മനസ്സ് വെറുത്തു തുടങ്ങിയത് കൊണ്ടാവാം….. 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വിശാലമായ ആ കട്ടിലിൽ അവൻ തന്നിൽ നിന്ന് കുറച് കൂടി അകന്നതായി അവൾക്ക് തോന്നി……

ഒരു പക്ഷെ ഇത് തന്നെയാവും ജീവിതത്തിലും സംഭവിക്കാൻ പോകുന്നത്…..

അവൻ തന്നെ തൊട്ട് കൂടുതൽ കൂടുതൽ അകലുകയാവാം…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

രാവിലെ എഴുന്നേറ്റവൾ വേഗം അടുക്കളയിലേക്ക് എത്തിയിരുന്നു….

എന്നാൽ അവിടെ ജാനകിക്ക് പകരം മറ്റു രണ്ട് സ്ത്രീകളാണുണ്ടായിരുന്നത്….

അവർ അടുക്കളയിൽ തിരക്കിട്ട പണികളിലായിരുന്നെങ്കിലും തന്നെ കണ്ടപ്പോഴൊന്നു നോക്കി….

അരയിൽ സാരി കുത്തി വെച്ച ആ ചുരുണ്ട മുടിയുള്ള സ്ത്രീ തന്നെ കണ്ടതും അടുത്ത് നിൽക്കുന്ന സ്ത്രീയെ ഒന്ന് തോണ്ടി…..

അവരുടെ വേഷവും സാരി തന്നെയായിരുന്നു…..

നെറ്റിയിൽ തൊട്ട ചുവന്ന പൊട്ട് അത്യാവശ്യം വലിപ്പത്തിൽ കാണുന്നുണ്ടായിരുന്നു….

രണ്ട് പേരും തന്നെ നോക്കി നിൽക്കുന്നത് കണ്ടതും എന്താണെന്ന് തനിക്കൂഹിക്കാൻ കഴിയുന്നത് കൊണ്ട് തന്നെ അവൾ പിന്തിരിഞ്ഞു നടക്കാൻ തുടങ്ങി….

അതേയ്…. ഞാൻ രമ….

ഞാൻ ജയ….

രണ്ട് പേരും അവരെ പരിചയപ്പടുത്തിയപ്പോൾ സൂര്യ അവർക്ക് നേരെ മനോഹരമായൊന്നു പുഞ്ചിരിച്ചു….

ഞാൻ സൂര്യ…. അവളും പരിചയപ്പെടുത്തുന്നതിൽ പിശുക്കിയില്ല…..

കിരൺ സാറിന്റെ ഭാര്യയാണോ…..

പുതുപ്പെണ്ണ് ആണെന്ന് മനസ്സിലായത് കൊണ്ടും കാശിയെയും കിരണിനെയും എടുത്താൽ കിരൺ അല്പം നിറം കുറവുള്ളത് കൊണ്ടുമാവാം അവരങ്ങനെ ചോദിച്ചതെന്ന് അവളുഹിച്ചു…..

അല്ലാ…..

കാശിയുടെ എന്ന് പറയാൻ ആഗ്രഹമുണ്ടെങ്കിലും അർഹതയില്ലെന്ന തോന്നലിൽ അവളതിനെ ഒളിപ്പിക്കാൻ ശ്രമിച്ചു….

പിന്നേ….. കാശി സാറിന്റെയാണോ….

അവർ അത് ചോദിക്കുമ്പോൾ വാക്കുകളിലുള്ള അത്ഭുതം തന്നെ അവളെ പാടേ തളർത്തി…..

മ്മ്മ്…… അവൾ തല കുനിച്ചാണത് പറഞ്ഞത്…..
അവൻ അംഗീകരിക്കുന്നില്ലെങ്കിൽ കൂടി സത്യം അതാണല്ലോ …

അവരുടെ മുഖത്ത് പടർന്ന വേദനയും സഹതാപവും അവൾക്കത്ര മേൽ അരോചകമായി തോന്നി…

അവൾ അവിടെ നിന്നും പതിയേ ഉൾവലിഞ്ഞു….

അവൾ മുറിയിലേക്ക് നടന്നു…..

അവനുള്ള ആ മുറി അവൾക്കോട്ടും സമാധാനം നൽകുന്ന ഇടമല്ലെങ്കിൽ കൂടി അവിടേക്ക് പോകുകയല്ലാതെ നിവൃത്തി ഉണ്ടായിരുന്നില്ല….

അടുക്കള പണിയൊക്കെ അവരാവും ചെയ്യുന്നത്….. അത് കൊണ്ടായിരിക്കും അപ്പച്ചിയും എഴുന്നേൽക്കാത്തതെന്ന് അവൾക്ക് തോന്നി…..

അവൾ മുറിയിലെത്തി അവിടെ കട്ടിലിനോരത്തായി ഇട്ട ഒരു കുഞ്ഞ് സോഫയിലേക്കമർന്നു…..

തലക്ക് കൈ വെച്ചവൾ ഇരിക്കുമ്പോൾ തനിക്കെതിർവശമുള്ള കട്ടിലിൽ കിടന്നുറങ്ങുന്ന കാശിയെ ഒന്ന് നോക്കി….

പിന്നീട് കട്ടിലിനോട് ചേർന്നുള്ള കണ്ണാടിയിലേക്കും…..

അവളൊന്ന് ചിരിച്ചു… അങ്ങേയറ്റം പുച്ഛത്തോടെ…

തന്റെ നിറത്തിൽ തനിക്കൊരിക്കലും കുറവ് തോന്നിയിട്ടില്ല…..

ചെറുപ്പം മുതലേ അച്ഛനും അമ്മയും സുന്ദരി എന്നായിരുന്നു തന്നെ വിളിച്ചിരുന്നത്…..

തന്നോടുള്ള അളവറ്റ സ്നേഹം അവരുടെ കാഴ്ച്ചയെ മറച്ചിരുന്നിരിക്കാം…..

അതുമല്ലെങ്കിൽ അവരുടെ ഉള്ളിലെ സ്നേഹം അവർക്ക് മേൽ തന്നെ സുന്ദരിയാക്കിയതായിരിക്കാം എന്ന് മനസ്സിലാക്കി തന്നത് അവർ പോയതിനു ശേഷം തറവാട്ടിൽ ചെറിയമ്മയടക്കം മറ്റുള്ളവർ കറുമ്പിയെന്ന് വിളിച്ചു തുടങ്ങിയപ്പോഴായിരുന്നു….

വളരും തോറും ആ വിളി പലരിൽ നിന്നും കേൾക്കേണ്ടി വന്നിരുന്നു…..

എന്നാൽ അപ്പോഴും എന്നിലെ എന്നെ ഞാൻ അഗാധമായി സ്നേഹിച്ചിരുന്നു……

എന്നിലെ കഴിവുകളും നന്മയും തിരിച്ചറിയാൻ എനിക്കെന്നും കഴിഞ്ഞിരുന്നു…..

എന്നാൽ ഈ വിവാഹത്തോടെ ഞാൻ എന്നിൽ നിന്നും ഒത്തിരി അകന്നത് പോലെ…..

ഇത് വരെ നേരിട്ട പരിഹാസങ്ങളെക്കാളേറെ ഇപ്പോഴുള്ള അവഗണനക്ക് ഒരു മാറ്റം തോന്നുന്നു…

ചിന്തകൾക്ക് ഭാരം തോന്നിയപ്പോൾ അവൾ പതിയേ എഴുന്നേറ്റു…..

കർട്ടൻ കൊണ്ട് മറച്ചിരിക്കുന്ന ഒരു വശത്തെ കർട്ടൻ പതിയെ കൈ കൊണ്ട് നീക്കി…..

സൂര്യന്റെ സ്വർണ രശ്മികൾ മുറിയിലാകെ പരന്നിരുന്നന്നേരം…..

ഏയ്……

മുഖത്തേക്ക് വെളിച്ചം പതിച്ചതും അവൻ ശബ്ധിച്ചു…..

അവന്റെ ശബ്ദം ഉറക്കച്ചടവിൽ നിന്നായത് കൊണ്ടാവാം അല്പം പരുഷമായിരുന്നു…..

അവൾ പെട്ടെന്ന് തന്നെ കർട്ടൻ നീക്കി…..

കാശി അപ്പുറത്തേക്ക് തിരിഞ്ഞു കിടന്നു….

അവിടെ മുഴുവൻ ഗ്ലാസ്‌ ആയിരുന്നെന്നു തനിക്കറിയില്ലായിരുന്നല്ലോ….

അപ്പോഴും ആ ഗ്ലാസ്സിലൂടെ കണ്ട പൂന്തോട്ടത്തിന്റെ മനോഹരമായ ചിത്രമായിരുന്നു അവളുടേ മനസ്സ് മുഴുവൻ……

ഒരു ക്യാൻവാസിൽ വരച്ചു വെച്ച പോൽ മനോഹരമായി അതിനെ അവൾക്ക് തോന്നി……

അൽപ സമയം കൂടി അവളാ മുറിയിൽ കഴിച് കൂട്ടി…..

കാശി പതിയേ കണ്ണു തുറന്നതും അവൾ ഇരുന്നിടത് നിന്നും എഴുന്നേറ്റു വീണ്ടും അടുക്കളയിലേക്ക് നടന്നു
…..

ഇതാണ് കിരണിന്റെ ഭാര്യ…..
വീണ മോളേ…. ഇത് ഇവിടെ ജോലിക്ക് നിൽക്കുന്നവരാണ്…..

രമയും ജയയും…..നീ ഇത് വരെ കണ്ടിട്ടില്ലല്ലോ…..

ജാനകി അവളെ എല്ലാവർക്ക് മുമ്പിലും പരിചയപ്പെടുത്തുന്നതാണ് സൂര്യ അടുക്കളയിലേക്ക് വരുമ്പോൾ കാണുന്നത്….

അത്യധികം ആഹ്ലാദം ജാനകിയുടെ വാക്കുകളിൽ അവൾ കണ്ടിരുന്നു….

കാശി സാറിന്റെ ഭാര്യ…..

രമയത് പറഞ്ഞതും ജാനകി സൂര്യയെ ഒന്ന് നോക്കി….

അവളെ കണ്ടതും വീണയുടെ മുഖവും മാറിയിരുന്നു……

ഓഹ്…. അതിനെ പുറത്ത് കാണിക്കാനുള്ള മെനയൊന്നും ഇല്ലാ…

ജാനകി സൂര്യയെ നോക്കി അത് പറയുമ്പോൾ ഭൂമി രണ്ടായി പിളർന്നിരുന്നെങ്കിൽ എന്നവൾക്ക് തോന്നി….

ഇവിടെ വന്നത് മുതൽ അവരിലുള്ള മാറ്റം താൻ കാണാനിട്ടല്ല….

പിന്നേ ഇതവരുടെ വീടായി പോയില്ലേ…

എങ്കിലും ഇതവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…..

ഇത് കേട്ട് കൊണ്ടാണ് കാശി അടുക്കളയിലേക്ക് വന്നത്…..

അവന് ഹൃദയത്തിൽ പെട്ടെന്നെന്തോ ഒരു വിങ്ങൽ തോന്നി…..

അവൾക്ക് വേണ്ടി ഹൃദയം പിടച്ചു തുടങ്ങുന്നത് അന്നാദ്യമായിരുന്നു….

കേട്ട് നിന്ന രമയുടെയും ജയയുടെയും മുഖത്ത് പടർന്ന അതേ സഹതാപമാവാം അവളോട് തനിക്കും തോന്നിയതെന്ന് അവൻ സ്വയം സമാധാനിപ്പിച്ചു…..

ടേബിളിൽ വെച്ചിരിക്കുന്ന വെള്ളമെടുക്കാൻ അവൻ തുടങ്ങിയപ്പോഴാണ് സൂര്യയടക്കം എല്ലാവരും അവനെ കാണുന്നത്…..

അവനെ കണ്ടതും അവൾക്ക് ഹൃദയം പിളരുന്നത് പോലെ തോന്നി….

താൻ കേട്ട് ശീലിച്ച പരിഹാസങ്ങളാണെങ്കിൽ കൂടി അവൻ കേട്ടുവെന്നത് അവളിൽ തീർക്കുന്ന നൊമ്പരം ചെറുതായിരുന്നില്ല……

തനിക്ക് വേണ്ടി സംസാരിക്കാനോ തന്നെ ആശ്വസിപ്പിക്കാനോ ഈ വീട്ടിൽ ആരുമില്ലെന്ന തിരിച്ചറിവിൽ കൂടി അവനിൽ നിന്നൊരു കനിവിനായി മനസ്സ് തുടിച്ചിരുന്നു….

എന്നാൽ അവൻ സ്വാഭാവികമായി ജഗ്ഗിൽ നിന്നും വെള്ളമെടുക്കുമ്പോൾ മുഖത്ത് പോലും ഒരു ഭാവ മാറ്റം അവൾ കണ്ടിരുന്നില്ല…..

അല്ലെങ്കിലും താനെന്നത് ആരെയും ബാധിക്കുന്ന കാര്യമല്ലല്ലോ…..

വീണക്ക് വല്ലാത്ത സന്തോഷം തോന്നി….
അവൾ ഉള്ളിലെ ചിറി അടക്കി പിടിക്കാൻ പാട് പെട്ടു…..

ജാനകി കാശിയെ കണ്ടില്ലെന്ന ഭാവത്തിൽ തിരിഞ്ഞു നിന്നു…..

അതല്ല ചേച്ചി….. ഞങ്ങൾ കാശി സാറിന്റെ ഭാര്യയെ നേരത്തെ തന്നെ പരിചയപ്പെട്ടു എന്ന് പറയുകയായിരുന്നു…..

വല്ലാത്തൊരു വിഷമത്തോടെ അതും പറഞ്ഞ് കൊണ്ട് രമയും ജയയും ജോലിയിലേക്ക് തിരിയുമ്പോൾ സൂര്യ വേഗം മുറിയിലേക്ക് നടന്നു…..

നിറഞ്ഞു വരുന്ന കണ്ണുകൾ ആർക്ക് മുമ്പിലും കാണിക്കാൻ അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല…..

അവൾക്കവരോടൊന്നും പറയാനില്ലായിരുന്നു…..

നിറം കൊണ്ട് മനുഷ്യരെ അളക്കുന്ന അവരോട് അല്ലെങ്കിലും എന്താണ് പറയുക…..

അവരിൽ നിന്ന് അങ്ങനൊരു വാക്ക് ആ സമയത്ത് അവളോട്ടും പ്രതീക്ഷിച്ചതായിരുന്നില്ല….

കരയില്ലെന്ന് മനസ്സിലുറപ്പിച്ചിട്ടും കണ്ണുകളെന്തോ നിറഞ്ഞൊഴുകുന്നു…..

മുറിയിലേക്ക് അവൻ കയറി വരുമെന്ന ഭയത്തിൽ അവൾ ബാത്റൂമിലേക്ക് കയറി….

അടക്കി പിടിച്ച വിങ്ങൽ ധാരയായി കവിളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അമ്മേ….

ജാനകി അടുക്കളയിൽ നിന്നും പുറത്തേക്ക് കടക്കുമ്പോഴാണ് കാശ്ശി അവരെ പിറകിൽ നിന്നു വിളിക്കുന്നത്…..

ജാനകിയും കൂടെയുണ്ടായിരുന്ന വീണയും ഒന്ന് നിന്നു….

കയ്യിലുള്ള വെള്ള ഗ്ലാസുമായി അവൻ അവരുടെ അടുത്തേക്ക് വന്നു…..

അമ്മയല്ലേ പറഞ്ഞത് അവൾക്ക് പ്രത്യേകിച്ച് കുറവുകളൊന്നുമില്ലെന്ന്…
അത് കൊണ്ടാണല്ലോ അമ്മ എനിക്ക് വേണ്ടി കണ്ട് പിടിച്ചത്…..

കാശി ചോദ്യ ഭാവത്തോടെ നിന്നതും ജാനകിയൊന്ന് പതറി….

അത്….
അവർ വാക്കുകൾക്കായി പരതുമ്പോൾ കാശിയൊന്ന് ചിരിച്ചു….
അതിൽ കലർന്ന പരിഹാസം ജാനകിക്കറിയുന്നുണ്ടായിരുന്നു…

അവൾക്ക് കുറവുകളൊന്നുമില്ലെന്ന് അമ്മ തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി ഇങ്ങനൊരു സംസാരം ഇവിടെ ഉണ്ടാവരുത്….

അതൊരു താക്കീതായിരുന്നു……
വാക്കുകൾ അത്രത്തോളം ശക്തമായിരുന്നു……..

അതും പറഞ്ഞവൻ അവിടെ നിന്നും നടന്ന് പോകുമ്പോൾ ജാനകി ദേഷ്യം കൊണ്ട് പല്ലിറുമ്മി….
വീണയുടെയും അവസ്ഥ മറിച്ചായിരുന്നില്ല…..
(തുടരും )