19/04/2026

അതിസുന്ദരി : ഭാഗം 11

രചന – ആയിഷ അക്ബർ

സൂര്യ മുറിയിലേക്ക് നടക്കുമ്പോൾ അവളുടേ മനസ്സിനല്പം ആശ്വാസം തോന്നിയിരുന്നു..

അവരുടെ മുമ്പിൽ തോറ്റിട്ടില്ലെന്നൊരു ചിന്തയിൽ….

അല്ലെങ്കിലും അവരോട് താനൊരു തെറ്റും ചെയ്യാതിടത്തോളം അവരെയെന്തിനു ഭയക്കണം…..

തന്റെ നിറം തന്റെ കുറ്റമാണോ…
അത് കണ്ടിട്ട് തന്നെയല്ലെ അവർ കല്യാണം നടത്തിയത്…..

അങ്ങനെയൊക്കെ മനസ്സിൽ ആലോചിക്കുമ്പോഴും അവർക്കിടയിൽ വെച്ച് അപ്പച്ചി പറഞ്ഞ വാക്കുകൾ ഹൃദയത്തിന്റെ ഏതോ മൂലയിൽ കിടന്ന് നീറുന്നുണ്ടായിരുന്നു…..

അവൾ മുറിയിൽ കയറി അവളുടേ ബാഗ് തുറന്ന് സാധനങ്ങളെല്ലാം പുറത്തേക്കെടുത്തു….

ഡ്രെസ്സുകൾ ഓരോന്നായി മനോഹരമായ ആ അലമാരയുടെ ഒഴിഞ്ഞ മൂലയിലേക്ക് വെച്ചു….

പെട്ടെന്നവളുടെ കണ്ണുകൾ ബാഗിനടിയിൽ തങ്ങി നിന്നു…..

അച്ഛന്റെയും അമ്മയുടെയും ഒരു ഫോട്ടോയും തന്റെ പ്രാണനായ ആ ചിലങ്കയും……

അവൾ രണ്ടും ഹൃദയത്തോട് ചേർത്ത് വെച്ചു…..

ഫോട്ടോ അവളുടേ തുണികൾക്കിടയിലേക്ക് വെച്ച് ചിലങ്കയുമായി അവൾ നിലത്തിരുന്നു….

നൃത്തം എന്നും തനിക്ക് ജീവനായിരുന്നു…..

തറവാടിന്റെ അകത്തളങ്ങളിൽ തന്റെ ചിലങ്കയുടെ ശബ്ദം മുഴങ്ങാത്ത ദിവസങ്ങളില്ലായിരുന്നു…

വയസ്സേറിയിട്ടല്ലെങ്കിലും മുത്തശ്ശനും മുത്തശ്ശിയും തന്റെ വിവാഹത്തിന് തിരക്ക് കൂട്ടി….

അതൊരു പക്ഷേ തന്റെ നിറം കൊണ്ടാവാം….

അവരൊക്കെ പഴയ ആളുകളല്ലേ…. കൂട്ടില്ലാതെ ഒരു സ്ത്രീക്ക് മുന്പോട്ട് പോകാൻ കഴിയില്ലെന്ന് അവർ കരുതിയിരിക്കാം….

വിദേശത്തു ഒരു പ്രോഗ്രാമിന് വേണ്ടി തനിക്ക് ക്ഷണം കിട്ടിയതായിരുന്നു പല തവണ….

പണത്തിന്റെ പ്രശ്നങ്ങളും പുറത്ത് പോകേണ്ടതിന്റെ ബുദ്ധിമുട്ടുകളും നിരത്തി ചെറിയച്ഛനടക്കം എല്ലാവരും അതിനെ എതിർത്തു…..

ആ ഒരു പ്രോഗ്രാമ്മോട് കൂടി തന്റെ തലവരയെ മാറുമായിരുന്നു….
അന്ന് തനിക്ക് പകരക്കാരിയായി പോയ കൂട്ടുകാരി ഇന്ന് അറിയപ്പെടുന്ന നർത്തകിയാണ്…..

താൻ നാല് ചുമരുകൾക്കിടയിലും….

അവൾ പുച്ഛത്തോടെ ഒന്ന് ചിരിച്ചു…..

അല്ലെങ്കിലും സമൂഹത്തിന്റെ പൊതുവായ കാഴ്ചപ്പാട് അങ്ങനെയാണ്…..

വിവാഹമാണ് എല്ലാം എന്ന് ധരിക്കുന്നവരാണ് കൂടുതലും….

അങ്ങേയറ്റം സന്തോഷത്തോടെ വിവാഹം കഴിച് വിടുമ്പോൾ നാല് ചുമരുകളാണ് സന്തോഷമെന്ന് അവർ കരുതുന്നുണ്ടാകുമോ….

അതിൽ എരിഞ്ഞമരുന്ന സ്വപ്‌നങ്ങൾ ആരും അറിയാത്തതെന്താണ്….

ഏറ്റവും നല്ല നർത്തകിമാരും ഗായികമാരും അഭിനേതാക്കളും എഴുത്തുകാരും എല്ലാം പല അടുക്കളകളിൽ നാല് ചുവരിനോട് പരിഭവം പറഞ്ഞിരിക്കുന്നുണ്ടാവാം..

അവൾ എഴുന്നേറ്റ് കാലുകൾ മുന്പോട്ടെടുത്തു വെച്ചു..

അവൾ കാലുകൾ ചലിപ്പിക്കുന്നതിനനുസരിച്ചു അവളുടേ ചിലങ്ക ശബ്ധിച്ചു….

അവളുടേ മനസ്സ് സന്തോഷം കണ്ടെത്തുന്നത് ആ ചിലങ്കയിലാണെന്ന് അവൾക്കറിയാമായിരുന്നു…

കാലുകൾ ചലിക്കുന്നതിനനുസരിച്ചാണ് തന്നിലെ സൂര്യ ഉണരുന്നതെന്നവൾക്ക് തോന്നി….

ഇവിടെ നിൽക്കുന്നത് വെറും ജഡം മാത്രമാണല്ലോ…..

ആത്മാവും മനസ്സുമില്ലാത്ത വേറും ജഡം ..

പെട്ടെന്ന് വാതിൽക്കൽ നിൽക്കുന്ന വീണയെ കണ്ടതും അവൾ പതിയേ നിശ്ചലയായി….

മ്മ്…..?
സൂര്യ അവൾക്ക് നേരെ പുരികമുയർത്തി…..

അപ്പോഴും വീണ അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു….

പണ്ട് മുതലേ അവളുടേ നൃത്തം തറവാട്ടിൽ എല്ലാവർക്കും വലിയ ഇഷ്ടമായിരുന്നു….

അവളെ എത്ര പ്രശംസിച്ചാലും മുത്തശ്ശിക്കും മുത്തശ്ശനും മതി വരില്ലായിരുന്നു….

അവളുടേ കഴിവുകളെ കുറിച് അവർ വാചാലമാകുമ്പോൾ തൊട്ടടുത്തായിരിക്കുന്ന തനിക്ക് അതത്രയേറെ അസഹനീയമായിരുന്നു…..

ഇനി ഇവിടെയും അവൾ എല്ലാവരെയും കയ്യിലാക്കുമോയെന്ന ഭയം വീണയിൽ നിറഞ്ഞു നിന്നു….

എന്താ…..

തന്നെ നോക്കി നിൽക്കുന്ന വീണക്ക് നേരെ സൂര്യ വീണ്ടും ചോദിച്ചു…..

ഒന്നുമില്ല സൂര്യാ…. നിന്റെ നൃത്തം കണ്ടിട്ട് കുറച്ചായല്ലോ അത് കൊണ്ട് നോക്കി നിന്നതാ…..

വീണ ചിരിച്ചു കൊണ്ടതും പറഞ് അകത്തേക്ക് വന്നു…സൂര്യ അപ്പോഴേക്കും കട്ടിലിലിരുന്നു ചിലങ്ക കാലിൽ നിന്നഴിക്കുകയായിരുന്നു…

വീണ മുറിക്ക് ചുറ്റുമോന്ന് കണ്ണോടിച്ചു….

വളരേ മനോഹരമായി ആ മുറിയവൾക്ക് തോന്നി….

ഹോസ്റ്റലിൽ പഠിക്കുന്ന സമയത്ത് ഇവിടെ വരാറുണ്ടായിരുന്നെങ്കിലും അപ്പച്ചി എവിടെ ഇരിക്കുന്നുവോ അവിടെ ഇരിക്കാറാണ് പതിവ്…..

ഈ മുറി മുമ്പേ കണ്ടിരുന്നെങ്കിൽ കിരണിനോട് പറഞ് ഈ മുറി ഞങ്ങൾക്കെടുക്കാമായിരുന്നെന്ന നഷ്ട ബോധം അവളിൽ നിറഞ്ഞു…..

നമ്മുടെ വീട്ടിൽ ഞാനടക്കം എല്ലാവർക്കും നിന്റെ ഡാൻസ് ഒത്തിരി ഇഷ്ടമായിരുന്നു…..

വീണ അത് പറയുമ്പോൾ സൂര്യ മുഖമുയർത്തി അവളെ നോക്കി….

മുത്തശ്ശൻ വാങ്ങി തന്ന ചിലങ്ക പറമ്പിലെ കുളത്തിലേക്കാവൾ ആരും കാണാതെ വലിച്ചെറിഞ്ഞത് സൂര്യയുടെ മനസ്സിൽ തെളിഞ്ഞു വന്നെങ്കിലും അവളൊന്നും മിണ്ടിയില്ല….

പക്ഷെ ഇവിടെ അങ്ങനെയല്ല സൂര്യാ….
ഇവർക്കൊന്നും നൃത്തത്തോട് ഒട്ടും പ്രിയമില്ല…..

വീണയത് പറയുമ്പോൾ സൂര്യ ചിലങ്കയുമായി എഴുന്നേറ്റു…..

അതിനു ആരെയും ഇഷ്ടപ്പെടുത്താനല്ല ഞാൻ നൃത്തം ചെയ്യുന്നത്….

സൂര്യ അതും പറഞ് അലമാരകരികിലേക്ക് നടന്നു…..

അതെനിക്കറിയാം…. പക്ഷെ പ്രത്യേകിച് പറയുകയാണെങ്കിൽ കാശിക്ക് ഒട്ടും ഇഷ്ടമില്ലെന്ന് മാത്രമല്ല…
നൃത്തം ചെയ്യുന്നവരോട് തന്നെ വെറുപ്പാണ് പോലും…

വീണയത് പറയുമ്പോൾ ചിലങ്ക അലമാരയിൽ വെക്കുകയായിരുന്ന അവളൊരു നിമിഷമൊന്നു നിന്നു…..

ഇഷ്ടപ്പെടാത്തവർ ഇഷ്ടപ്പെടണ്ട…. ഞാൻ നൃത്തം ചെയ്യുന്നത് എന്റെ ഇഷ്ടത്തിനാണ്….

അതും പറഞ്ഞവൾ അലമാരയുടെ വാതിൽ വലിച്ചടച്ചു……

പക്ഷെ… നമ്മുടെ ഇഷ്ടങ്ങൾ മാത്രം നടത്താൻ ഇത് നമ്മുടെ വീടല്ലല്ലോ…..അവരുടെ വീടല്ലെ….

വീണ ആ പറഞ്ഞതിൽ ഒരു ഓര്മപ്പെടുത്തൽ മാത്രമല്ല…. ഒരു പരിഹാസവും കലർന്നിരുന്നു…..

അവളൊന്നും മിണ്ടിയില്ല…

അവളുടേ പെരുമാറ്റം വീണക്ക് തീരെ പിടിക്കുന്നുണ്ടായിരുന്നില്ല…

പണ്ട് മുതലേ തനിക്കങ്ങനെ തന്നെയാണെങ്കിലും ഇവിടെ വന്നതിൽ പിന്നേ അതല്പം കൂടി….

അല്ലെങ്കിലും താൻ സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യമാണല്ലോ ഞാനും അവളും ഒരു വീട്ടിലെ മരുമക്കളാകുമെന്നുള്ളത്..

ഈ അപ്പച്ചിക്കിതെന്തിന്റെ കേടായിരുന്നു…. വീണ ദേഷ്യത്തോടെ മനസ്സിൽ പിറു പിറുക്കുമ്പോഴാണ് സൂര്യ ആ കർട്ടൻ വലിച്ചു നീക്കിയത്….

വീണ ഒരു നിമിഷം അവിടെയുള്ള മനോഹരമായ ആ കാഴ്ചയിലേക്ക് കണ്ണു നട്ടിരുന്നു…..

മുറ്റത്തെ ഏറ്റവും മനോഹരമായ ഭാഗത്തേക്കായിരുന്നു ആ മുറി ഒരുക്കിയിരിക്കുന്നത്…

ആ മുറിയിൽ നിന്നും നോക്കിയാൽ കണ്ണും മനസും ഒരു പോലെ നിറയുമായിരുന്നു….

വലിയ പൂന്തോട്ടം…. അതിനു നടുവിലായി ഒരു കുഞ്ഞ് താമരക്കുളം….

തേൻ കുടിക്കാനെന്നതുന്ന ശലഭങ്ങളും കുഞ്ഞ് കിളികളും…

സൂര്യ രശ്മി ആ ഗ്ലാസിൽ തട്ടി മഴവിൽ തീർക്കുന്നത് പോലെ….

മൊത്തത്തിൽ ഒരു സ്വർഗം….

താഴെ നിന്നും നോക്കുമ്പോൾ ആ ഭാഗത്തിന് ഇത്ര ഭംഗി തോന്നിയിട്ടില്ലെന്നും അവളോർത്തു…..

വീണയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു….

നല്ലതെല്ലാം അവർക്ക്…..
ശെരിക്കും ഇനി ഇതെല്ലാം കാശ്ശിയുടേതാകുമോ….

വീണക്ക് ശ്വാസം തടയുന്നത് പോലെ തോന്നി…..

വീണയെ ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ സൂര്യ അവളുടേ ജോലികൾ തുടർന്നു….

ഒന്നും പറയാതെ മുറിയിൽ നിന്നിറങ്ങി പോകുന്ന വീണയെ സൂര്യയൊന്നു നോക്കി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീണ നേരെ പോയത് ജാനകിയുടെ അരികിലേക്കായിരുന്നു….

ജാനകി എന്തോ ആലോചനക്ക് നടുവിലായിരുന്നു…..

അപ്പച്ചി….

വീണ മുഖത്ത് അങ്ങേയറ്റം പുഞ്ചിരി വരുത്തി അവരെ വിളിച്ചു…..

അവരും ഒന്ന് ചിരിച്ചെന്ന് വരുത്തി…

ഓഹ്…. അപ്പച്ചി ഇപ്പോഴും അവര് പറഞ്ഞതോർത്തിരിക്കുകയാണോ…..

വീണ മുഖവുരയെന്നോണം അത് പറഞ് വെക്കുമ്പോഴും ജാനാകിയൊന്നും പറഞ്ഞില്ല…. പകരം അവരുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു…..

സൂര്യ പണ്ട് മുതലേ അഹങ്കാരിയാണ്….
അവളിൽ നിന്ന് അതല്ല അതിനപ്പുറവും പ്രതീക്ഷിക്കണം…..

എന്നാൽ കാശി അപ്പച്ചിയോട് ഇങ്ങനൊക്കെ പറയുമെന്ന് ഞാൻ വിചാരിച്ചതേയില്ല…

സ്വന്തം മകനല്ലാത്തിരുന്നിട്ട് കൂടി എല്ലാം ചെയ്ത് കൊടുക്കുന്നത് ഒന്നുകിൽ ഓർമ വേണ്ടേ…..

വീണയത് പറയുമ്പോൾ അവൾക്കറിയേണ്ടത് സത്യാവസ്ഥ യായിരുന്നു..

അവൾ വിചാരിച്ചത് പോലെ തന്നെ ജാനകിയിലെ കനലിനെ ആളി കത്തിക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു…

എല്ലാത്തിനും ശങ്കരേട്ടനെ പറഞ്ഞാൽ മതിയല്ലോ….
അവന്റെ എല്ലാത്തിനും കൂട്ട് നിൽക്കുന്നത് അങ്ങേരാണ്….
അവനെ ഒന്നും പറയാൻ പാടില്ല… അവൻ ഞങ്ങളുടെ ഭാഗ്യമാണ് പോലും…..

ഒന്നുമില്ലാത്തിരുന്ന ഞങ്ങളെ തേടി ഐശ്വര്യം വന്നത് അവൻ വന്നതിനു ശേഷമായിരുന്നു…..

അത് കൊണ്ട് തന്നെ അവനാണ് അങ്ങേർക്ക് ഏറ്റവും വലുത്…..

ഇക്കാണുന്നതിനെല്ലാം അവകാശി എന്റെ കിരൺ ആണെങ്കിലും എല്ലാത്തിന്റെയും നിയന്ത്രണം അവന്റെ കയ്യിലാണ്…..

ജാനകിയത് പറയുമ്പോൾ അവനോടുള്ള ദേഷ്യം വാക്കുകളിൽ തിങ്ങി നിറഞ്ഞിരുന്നു….

വീണക്കല്പം ആശ്വാസം തോന്നി……

അവളുടേ അഹങ്കാരമൊന്നും എന്റടുത്തു നടക്കില്ല….

നാരായണനെയും രമയെയും ജയയെയും പോലെ അവനിവിടുത്തെ ജോലിക്കാരൻ മാത്രമാണ്…

അവളും അതിനൊത്തെ വളരു….
ഇതെല്ലാം കണ്ടവളുടെ കണ്ണ് മഞ്ഞളിക്കട്ടെ….
അവസാനം കണ്ട സ്വപ്നങ്ങളൊക്കെ തകർന്നടിയുമ്പോൾ മൂക്കും കുത്തി താഴേക്ക് വീണു കൊള്ളും…

അവരൊന്നു ചിരിച്ചു…

ഇക്കണ്ട സ്വത്തിനൊക്കെ അവകാശി കിരണും നീയും നിങ്ങൾക്ക് ജനിക്കാൻ പോകുന്ന മക്കളുമാണ്….

അവർ വീണയുടെ കവിളിൽ പിടിച്ചത് പറയുമ്പോൾ വീണക്ക് വല്ലാത്ത സന്തോഷം തോന്നി…..

മനസ്സിലെ മഞ്ഞു മല പാടേ ഉരുകിയത് അവളറിഞ്ഞിരുന്നു…..

(തുടരും )