രചന – ആയിഷ അക്ബർ
അവൻ കഴിക്കാത്തത് കൊണ്ട് തന്നെ അവൾക്ക് ഭക്ഷണം തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു…
അവൾ കഴിച്ചെന്നു വരുത്തി എഴുന്നേറ്റു…..
പിന്നീടെന്തോ മുറിയിലേക്ക് പോകാനവളുടെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു…..
കലങ്ങിയ അവന്റെ മിഴികൾ അവളിൽ വല്ലാത്തൊരു വീർപ്പു മുട്ടലിനിടം നൽകിയിരുന്നു….
മുകളിലെ തന്നെ മറ്റൊരു മുറിയിലാണ് അന്ന് മുഴുവൻ കഴിച് കൂട്ടിയത്…
അവനെ കുറിച്ചാലോചിക്കുമ്പോൾ തന്നെയൊരു വിങ്ങൽ….
പതിയേ അങ്ങനെ ഓരോന്നാലോചിച് മയങ്ങി പോയിരുന്നു….
എഴുന്നേറ്റത് അവന് ചായ കൊടുക്കണ്ടേ എന്നൊരു ഉൾവിളി കൊണ്ടായിരുന്നു…
അപ്പോഴും അവന്റെ മുമ്പിലേക്ക് പോകാൻ മനസ്സിനൊരു പ്രയാസം…..
എങ്കിലും ചായ ഗ്ലാസ്സിലേക്ക് പകർത്തിയവൾ മുറിയിലേക്ക് നടന്നു…..
എന്നാൽ കട്ടിലിൽ അവനില്ലായിരുന്നു…
ബാത്റൂമിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേൾക്കാനുണ്ട് താനും…
പെട്ടെന്ന് ബാത്‌റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടതും അവൾ വേഗം പുറത്തേക്ക് നടന്നു…..
അപ്പോഴും അവന്റെ കരഞ്ഞു കലങ്ങിയോരാ കണ്ണുകളായിരുന്നു മനസ് മുഴുവൻ…..
അവൾ കോണിപ്പടികളിറങ്ങുമ്പോൾ അകത്തേക്ക് കയറി വരുന്ന വീണയെയാണ് കാണുന്നത്…..
പുറത്തെവിടെയോ പോയി വരികയാണ്…..
കയ്യിലൊരു ബാഗുണ്ട്…
അവളിൽ പ്രത്യേകിച്ചെന്തോ ഒരു മാറ്റം സൂര്യക്ക് തോന്നി…
അപ്പോഴാണ് അവളുടേ മുടി സൂര്യ ശ്രദ്ധിക്കുന്നത്….
അത്ര ഇട തൂർന്ന നീളൻ മുടിയൊന്നുമല്ലെങ്കിലും അത്യാവശ്യത്തിന് നീളം വീണയുടെ മുടിക്കുമുണ്ടായിരുന്നു….
എന്നാൽ അത് തോളോളം വെട്ടിയവൾ മിനുസപ്പെടുത്തിയിരിക്കുന്നു….
തന്നെ കണ്ടതും അവളൊന്നു നിന്നു….
തന്നോടുള്ള അവളുടേ മനോഹരമായൊരു ചിരി തന്നെ പരിഹസിക്കാനുള്ള എന്തെങ്കിലും കാരണമവൾ മെനഞ്ഞു കൊണ്ട് തന്നെയാകുമെന്ന് അറിയുന്നത് കൊണ്ട് തന്നെ സൂര്യ തിരിച്ചു ചിരിച്ചില്ല…
കേട്ടോ…. സൂര്യാ…. പണ്ടൊക്കെ നിന്റെ മുടി കാണുമ്പോൾ എനിക്ക് വല്യ ആഗ്രഹം തോന്നാറുണ്ടായിരുന്നു…. അത് പോലെ മുടി വേണമെന്ന്…..
എന്നാൽ ഇവിടെ വന്നതിൽ പിന്നെയാണ് മുട്ടോളം നീണ്ടു കിടക്കുന്ന മുടിയൊക്കെ നാട്ടിൻ പുറത്തെ ഭംഗി മാത്രമാണെന്ന് എനിക്ക് മനസ്സിലായത്…..
അതും പറഞ്ഞവളൊന്നു ചിരിക്കുമ്പോഴും സൂര്യക്ക് വ്യക്തത വന്നില്ലായിരുന്നു….
സിറ്റിയിലൊക്കെ ജീവിക്കുന്ന ആൺ പിള്ളേർക്കൊക്കെ ഷോർട് ഹെയർ ആണ് ഇഷ്ടമെന്ന് കിരൺ പറയുമ്പോൾ പിന്നേ ഒന്നും നോക്കിയില്ല…
അവന്റെ ഇഷ്ടമെന്നോണം മുടി മുറിച്ചു…..
അവളുടേ മുഖത്തെ പ്രകാശം പരന്ന് കാണാം…
നീയും ആ മുടിയൊക്കെ ഒന്നു വെട്ടി കുറച്ച് മോഡേൺ ആവാൻ നോക്ക് സൂര്യാ….
ചിലപ്പോ കാശി നിന്നെ ഇഷ്ടപ്പെട്ടാലോ…..
അവളത് പറയുമ്പോൾ അതിൽ കലർന്ന പരിഹാസം സൂര്യക്ക് വ്യക്തമായിരുന്നു…..
അവൾ തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും അവളുടേ മറുപടിക്ക് കാത്തു നിൽക്കുന്നില്ലെന്ന പോൽ വീണ അകത്തേക്ക് പോയി….
അല്ലെങ്കിലും അവളുടേ ഉള്ളിലെ വിഷം തന്നിലെ ചീറ്റുക എന്നത് മാത്രമണല്ലോ അവളുടേ മനസ്സിൽ….
സൂര്യ അവൾ പോയ വഴിയേ നോക്കി നിന്നെങ്കിലും വീണ പറഞ്ഞ വാക്കുകൾ ചെറുതായി അവളെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു…..
ഞങ്ങളുടെ ചുറ്റുവട്ടതൊന്നും തന്റെ അത്ര മുടിയുള്ള ഒരു പെൺകുട്ടിയും ഉണ്ടായിരുന്നില്ല…..
തന്റെ നിറം നോക്കി മുഖം ചുളിക്കുന്നവരുടെ വായിൽ നിന്ന് തന്നെ അറിയാതെ വീണു പോകുന്ന ഒന്നായിരുന്നു തന്റെ മുടിയുടെ ഭംഗി ….
ഓഹ്… എന്തോരം മുടിയാ…
എന്ന താടിക്ക് കൈ വെച്ചു പറയുന്നവരുടെ മുമ്പിൽ നിന്നു മുത്തശ്ശിയുടെ ഒരു ചിരിയുണ്ട്….
കയ്പ്പ വേപ്പിലയും ജീരകവും തുളസിയിലയുമിട്ട് ഞാൻ കാച്ചിയ എണ്ണ തേച് വളർന്ന മുടിയാണെതെന്ന ഗമ നിറഞ്ഞ ചിരി….
അവളുടേ ചുണ്ടിൽ ഓർമ്മകൾ നുണഞ്ഞ മധുരത്താലൊരു പുഞ്ചിരിയൂറി…..
പെട്ടെന്ന് തന്നെ ആ മുഖത്തൊരു നിരാശയും സ്ഥാനം പിടിച്ചു….
ഇവിടെ വന്നതിൽ പിന്നേ ആ മുടിയും ഒരഭംഗി ആയെന്ന് ഓർക്കുമ്പോൾ എന്തോ ഒരു പ്രയാസം….
അതോ….. കാശിക്കും നീളൻ മുടി ഇഷ്ടമല്ലെന്ന് വീണ പറഞ്ഞത് കൊണ്ടാണോ….
മനസ്സവളോട് സ്വയം ചോദിച്ചു……
അവനിഷ്ടമല്ലെങ്കിൽ എനിക്കെന്താ….
അവന് എന്നെ തന്നെ ഇഷ്ടമല്ലല്ലോ….
ചിന്തകളെ തളച്ചിടാനായി അവൾ അങ്ങനെ സ്വയം പറയുമ്പോഴും തന്നെ കാണുമ്പോൾ ആ കണ്ണുകളിൽ വിടരുന്ന വ്യത്യസ്തമായൊരു ഭാവത്തെ അവളുടേ മനസ്സ് ഓർമിപ്പിക്കുന്നുണ്ടായിരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാത്രി അവൾ അവനുള്ള ഭക്ഷണം വിളമ്പുമ്പോൾ അവളുണ്ടാക്കിയ ഭക്ഷണത്തിൽ നിന്നും കൈകൾ താനേ വിദൂരത്തായിരുന്നു….
അത് കാണുമ്പോഴേ നിറഞ്ഞൊഴുകുന്ന കണ്ണുകളായിരുന്നു അവളുടെ മനസ്സ് മുഴുവൻ..
അവൾ വേഗം ജയ ചേച്ചി ഉണ്ടാക്കിയ കറി തന്നെ വിളമ്പി മുറിയിലേക്ക് നടന്നു……
മുറിയിലെത്തുമ്പോൾ തലക്ക് മുകളിൽ കൈ വെച്ചു കിടക്കുന്ന കാശിയെയാണവൾ കാണുന്നത്…..
അവളുടേ ഹൃദയം ശക്തിയായി മിടിച്ചു തുടങ്ങി..
അവൾ ശബ്ദമുണ്ടാക്കാതെ ഭക്ഷണം അവിടെ വെച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയതും കൈ തട്ടി മേശ മേൽ വെച്ച ഫ്ലവർ വേസ് താഴേക്കു വീണതും ഒരുമിച്ചായിരുന്നു…..
പെട്ടെന്നവൻ മുഖത് നിന്നും കയ്യെടുത്തു കൊണ്ടവളെ നോക്കി….
അവൾ അവനിലേക്ക് നോക്കിയത് അല്പം പരിഭ്രമത്തോടെയാണെങ്കിലും അവന്റെ കണ്ണുകൾ അവളിൽ ആശ്വാസം നിറച്ചിരുന്നു….
കലങ്ങിയ മിഴികൾക്ക് പകരം അത്ര മേൽ ശാന്തമായിരുന്നു അവ..
മ്മ്….
അവൻ അവൾക്ക് നേരെ ചോദ്യമെറിഞ്ഞു…..
ഭക്ഷണം…..
അവൾ പ്ലേറ്റ് ചൂണ്ടിയത് പറഞ്ഞതും അവൻ പതിയേ എഴുന്നേറ്റു കൈ കഴുകി……
എവിടെ… ഉച്ചക്ക് തന്ന കറികളൊക്കെ കഴിഞ്ഞോ….
അവൻ പ്ലേറ്റിലേക്ക് നോക്കി ചെറു ചിരിയോടെ ഒരു വ്യത്യാസവുമില്ലാതെയാണ് അവളോടത് ചോദിച്ചത്….
സൂര്യക്ക് ദേഷ്യം വന്നിരുന്നു…
കരയാൻ വേണ്ടിയായിരിക്കും….
അവൻ കേൾക്കാതെയാണ് അവൾ പിറു പിറുത്തതെങ്കിലും അവനത് വ്യക്തമായി കേട്ടിരുന്നു…..
ഏഹ്….
അവൻ കണ്ണൂരിട്ടി ചോദിച്ചപ്പോഴേക്കും അവൾ പെട്ടെന്ന് പുറത്തേക്ക് നടന്നിരുന്നു…
അവളുണ്ടാക്കിയ കറികളെടുത് മുറിയിലേക്ക് നടക്കുമ്പോഴും അവളുടേ ഉള്ളിലൊരു ഭയം ഉണ്ടായിരുന്നു….
എന്നാലും എന്തിനാവും അവൻ കരഞ്ഞതെന്ന ഒരു ചോദ്യവും……
അവന്റെ പാത്രത്തിലേക്ക് ഓരോന്നായി വിളമ്പി കൊടുക്കുമ്പോഴും എന്തെങ്കിലും ഭാവ മാറ്റം അവനിലുണ്ടാകുന്നുണ്ടോയെന്നവൾ ചൂഴ്ന്ന് നോക്കുന്നുണ്ടായിരുന്നു….
എന്നാൽ ആ മുഖം ശാന്തമായിരുന്നു….
അതിലേറെ ഒരു ചെറു പുഞ്ചിരി എവിടെയോ തങ്ങി നിൽപ്പുണ്ടായിരുന്നു….
അവൻ ഭക്ഷണം ആസ്വദിക് കഴിച്ചു കൊണ്ടിരിക്കുന്നത് കാണുമ്പോൾ അവൾക്ക് അത്ഭുതം തോന്നി….
നേരത്തെ പൊട്ടി കരഞ്ഞ ആള് തന്നെയാണോ ഇതെന്ന് അവൾക്ക് മനസ്സിലാവുന്നില്ലായിരുന്നു…
നേരത്തെ എന്തിനാണ് കരഞ്ഞതെന്ന് ചോദിക്കണോ എന്നൊരു സംശയത്തിൽ അവൾ നിൽക്കുമ്പോൾ അവനെ തന്നെ നോക്കി ആലോചനയിലേക്കാണ്ട് പോയത് കൊണ്ടാവാം അവൻ തനിക്ക് നേരെ എന്തെന്ന ഭാവത്തിൽ പുരികമുയർത്തിയത്….
അവളൊന്നും മിണ്ടിയില്ല…..
എന്നാലും ചോദ്യങ്ങൾ അവളുടെ മുഖത് നിറഞ്ഞു നിന്നിരുന്നു…..
ഞാനെന്തിനാ കരഞ്ഞെന്നാണോ…..
ഹാ…..
അവൻ ചോദിച്ചു മുഴുവനാക്കും മുന്പേ അവളത് പറയുമ്പോൾ അവനവളെ അല്പം അത്ഭുതത്തോടെ നോക്കി..
പിന്നീട് പതിയൊയൊന്നു പുഞ്ചിരിച്ചു…..
അവളിൽ നിന്ന് പെട്ടെന്നങ്ങയൊരു മറുപടി അവൻ പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെയായിരുന്നത്….
അവൾക്ക് അല്പം ചമ്മിയ പോലെ തോന്നി…..
ഈ കറികൾ…. അതെന്റെ അമ്മയുടെ കറികളാണ്…
നാവിൻ തുമ്പിൽ ഇപ്പോഴും തങ്ങി നിൽക്കുന്ന അമ്മയുടെ സ്വാദ്….
പെട്ടെന്ന് അമ്മയെ ഓർമ വന്നു…. അതാണ് ഞാൻ….
അവനൊരു ചെറു പുഞ്ചിരിയോടെ അത് പറയുമ്പോൾ അതിൽ കലർന്നിരുന്ന നോവിനേ സൂര്യക്കറിയുന്നുണ്ടായിരുന്നു….
ജയ ചേച്ചി ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ…..
സങ്കടമാകുമെന്ന് ഞാനും കരുതിയില്ല…
അവൾ അവന്റെ മുഖത്തേക്ക് നോക്കാതെയാണത് പറഞ്ഞത്….
ഇന്ന് മാത്രമല്ല…..നീ വന്നത് മുതൽ പല ദിവസങ്ങളിലും അമ്മയെ ഓർത്തെന്റെ മിഴികൾ നിറഞ്ഞിട്ടുണ്ട്….
നിന്നേ കാണും തോറും അമ്മയെയാണ് എനിക്കോർമ്മ വരുന്നത്….
നിങ്ങൾക്ക് രണ്ട് പേർക്കും ഒരു സാമ്യമുണ്ട്…..
അവനതും പറഞ് പുഞ്ചിരിയോടെ അവളെ നോക്കി….
അവളുടേ മുഖത് അത്ഭുതം നിറഞ്ഞു കണ്ടു…
അതിലേറെ അനിർവചനീയമായൊരു ആനന്ദവും ……
എന്താണെന്ന് അറിയുമോ….
അവൻ വീണ്ടും ഒരുരുള വായിലേക്ക് ഇട്ട് കൊണ്ടാണത് ചോദിച്ചത്….
അവളും അതെന്തായിരിക്കുമെന്ന ചിന്തയിലായിരുന്നു…..
ഒരു പക്ഷെ നിറമായിരിക്കുമോ….
ഏയ്…. അതായിരിക്കില്ല…
തന്റെ ശബ്ദമോ സംസാരമോ എന്തെങ്കിലും ആയിരിക്കുമോ…..
കാച്ചെണ്ണ പറ്റിപ്പിടിച്ച ഈ മുടിയിഴകൾ…….
കെട്ടി വെച്ച അവളുടേ മുടി നോക്കി അവനത് പറയുമ്പോൾ പെട്ടെന്നവളെ കീഴ്പ്പെടുത്തിയ വികാരമെന്തെന്ന് അവൾക്കറിയില്ലായിരുന്നു….
ആ നിമിഷം വീണയുടെ വാക്കുകളും അത് തീർത്ത മുറിവുകളും താനേ മാഞ്ഞു പോയി….
പകരം കാശിയുടെ വാക്കുകൾ മാത്രം സ്ഥാനം പിടിച്ചു…..
പക്ഷെ അമ്മ നിന്നെ പോലെ കെട്ടി വെക്കാറില്ല…
അതിങ്ങനെ വിടർത്തിയിട്ട് മുല്ലപ്പൂ ചൂടും…
എന്നെ ചേർത്ത് പിടിക്കുമ്പോൾ മുടിയിഴകൾ എന്റെ മുഖത്തങ്ങനെ പാറി കളിക്കും…..
ഓർമകൾ അവന്റെ മുഖത് വിരിയിച്ച പുഞ്ചിരിക്ക് വല്ലാത്തൊരു ഭംഗിയായി അവൾക്ക് തോന്നി….
അവളിലും പറഞ്ഞറിയിക്കാൻ പറ്റാത്തൊരു സന്തോഷം അല തല്ലിയിരുന്നു…..
അല്ലെങ്കിലും അമ്മയെ പോലെ യുള്ള ഭാര്യയെ കിട്ടാനൊരു ഭാഗ്യം വേണം….
അവൻ ചെറു ചിരിയോടെ അതും പറഞ് ഭക്ഷണം കഴിക്കുന്നത് തുടർന്നെങ്കിലും ഭാര്യ എന്ന വാക്ക് അവളിൽ നൽകിയ പ്രകമ്പനത്തിലായിരുന്നു അവളുടേ മനസ്സപ്പോഴും….
എന്നാൽ അവനാ വാക്ക് ശ്രദ്ധിക്കാത്തത് കൊണ്ടാകുമോ അവന്റെ മുഖത് യാതൊരു ഭാവ മാറ്റവും ഇല്ലാത്തത് എന്ന് സൂര്യ ആലോചിച്ചു കൊണ്ടിരുന്നു…..
നന്നായിട്ടുണ്ട്…. ഒത്തിരി നാളുകൾക്ക് ശേഷം വയറു നിറച്ചു കഴിച്ചു…..
കഴിച്ചു കഴിഞ്ഞ് പുഞ്ചിരിയോടെ അവനത് പറയുമ്പോഴും അവളുടേ മനസ്സ് ഭാര്യ എന്ന വാക്കിലായിരുന്നു….
അവൾ പതിയെയൊന്ന് ചിരിച്ചു…..
അവൾ പാത്രവുമെടുത് പുറത്തേക്ക് നടന്നു….
നടന്ന് പോകുന്നവളുടെ മനസ്സ് കൊളുത്തി വലിച്ചതെന്തിലാണെന്ന് വ്യക്തമായി അറിയുന്നത് കൊണ്ട് തന്നേ ഒരു കള്ള ചിരിയോടെ അവൻ അവളെ നോക്കി നിന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മനസ്സിൽ കടന്ന് പിടിച്ചത് സന്തോഷമായത് കൊണ്ട് തന്നെ പതിവിലും നേരത്തെ ഭക്ഷണം കഴിച്ചവൾ മുറിയിലേക്ക് നടന്നു…..
അന്ന് കിടക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു കുളിര് പൊതിഞ്ഞിരുന്നു…..
ഇരുട്ടിലും അവരിൽ രണ്ട് പേരിലും നിറഞ്ഞു നിന്നൊരാ പുഞ്ചിരിയെ ഇരുവരും കണ്ടിരുന്നില്ല….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാശി….. ഇപ്പൊ വേദന കുറവുണ്ടോ….
രാവിലെയുള്ള പതിവ് സന്ദർശനത്തിനായി ശങ്കരൻ കാശിയുടെ അടുത്തേക്ക് വന്നതായിരുന്നു….
ആ അച്ഛാ… ഇപ്പൊ വേദനയൊന്നുമില്ല….
ആ…. എങ്കിലും രണ്ടാഴ്ച കഴിഞ്ഞല്ലേ അഴിക്കാൻ പറഞ്ഞത്….. അത് വരെ നീ അടങ്ങി കിടക്കണം…
അതും പറഞ് കൊണ്ട് ശങ്കരൻ എഴുന്നേറ്റു….
ആ… കാശി….. ഇന്ന് മുത്തശ്ശി വരും …..
വൈകുന്നേരം കിരണിനോട് കൂട്ടി കൊണ്ട് വരാൻ പറഞ്ഞിട്ടുണ്ട്….
ശങ്കരനത് പറഞ്ഞതും കാശിയുടെ മനസ്സൊന് കിടുങ്ങി….
എന്താ അച്ഛാ… ഇത്ര പെട്ടെന്ന്……
മുത്തശ്ശിക്ക് വയ്യെന്നല്ലേ പറഞ്ഞത്….
ചോദിക്കുമ്പോഴും ആ വാക്കുകളിലെ ഭയം കാശി മറച് വെച്ചു…..
അപ്പൊ നീയല്ലേ നിനക്ക് ആക്‌സിഡന്റ് ആയ കാര്യം വിളിച്ചു പറഞ്ഞത്….
നിന്നെ കാണണമെന്ന് പറഞ് ഒരേ വാശിയിലാ ….
അതും പറഞ്ഞ് ശങ്കരൻ പുറത്തേക്ക് നടന്നപ്പോഴും കാശിയുടെ ഉള്ളിലെ കനൽ കെട്ടടങ്ങിയിരുന്നില്ല…..
എന്തൊക്കെ സംഭവിക്കുമെന്നോർത്ത് അവന്റെ ഹൃദയം ശക്തിയായി മിടിച്ചു തുടങ്ങി……
(തുടരും)

by