രചന – ആയിഷ അക്ബർ
കാശിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു…..
അവൻ മുറിയിലെത്തിയതും കയ്യിൽ പിടിച്ച ഫയൽ പതിയേ തുറന്നു….
ആരോരും കാണാതെ അവൾക്കായി കരുതിയിരുന്ന മുല്ലപ്പൂ മാല ചതഞ് പോകാതിരിക്കാൻ അത്രയേറെ സൂക്ഷിച്ചാണ് ഇത് വരെ എത്തിച്ചത്….
എന്നാൽ ദേഷ്യമോ നിരാശയോ കലർന്ന സമയമായത് കൊണ്ട് തന്നെ അതെടുത്തവൻ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു….
അവളോടൊന്ന് മനസ്സ് തുറന്ന് സംസാരിക്കാനും പുതിയൊരു ജീവിതത്തിനു തുടക്കമിടുമ്പോൾ ഈ മുല്ലപ്പൂ വിടർന്നു കിടക്കുന്ന അവളുടേ മുടിയിഴകളിൽ താൻ തന്നെ ചൂടിക്കണമെന്നെല്ലാം കരുതി വാങ്ങിയതാണ്….
എന്നാൽ…..
അവൻ ഒരു നെടു വീർപ്പോടെ കട്ടിലിരുന്നു….
ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ അവന്റെ കവിളുകൾ ചുവന്നിരുന്നു….
അവന്റെ മിഴികൾ വീണ്ടും ആ പൂമാലയിൽ തട്ടി നിന്നു…
മുറിയുടെ ഒരു മൂലയിലേക്ക് അതോതുങ്ങി കിടക്കുമ്പോഴും അതിന്റെ വശ്യമായ സുഗന്ധം അവിടമാകെ പരന്നിരുന്നു…
അവളെ പോൽ….
എത്ര താൻ അവഗണിച്ചിട്ടും അവളുടേ ഉള്ളിലെ പരിമളമാണ് തന്നെ അവളോട് ചേർത്തിയത്……
വീണ്ടും അവളുടേ ഓർമ്മകൾ മനസ്സിനെ ശ്വാസം മുട്ടിച്ചു……
വിടർന്ന മിഴികളും ചുവന്ന അദരങ്ങളും എന്തിനേറെ അവളുടേ നെറ്റിയിൽ കിടക്കുന്ന ആ ചുവന്ന പൊട്ടിനോട് പോലും തനിക്ക് പ്രണയമാണ്….
അവൻ അവളെ ഒന്ന് കൂടി കാണാനെന്ന പോൽ എഴുന്നേറ്റ് ജനലരികിലേക്ക് നിന്നു…..
പെട്ടെന്നാണ് പിറകിലെ ആളനക്കം കേട്ടവനൊന്നു തിരിഞ്ഞത്….
പിറകിൽ നിൽക്കുന്ന അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു…..
ഒരു ചെറിയ കിതപ്പോട് കൂടി അവൾ തന്നെ നോക്കി നിൽക്കുകയാണ്….
അവനും അവളെ തന്നെ നോക്കി…..
ശബ്ദങ്ങൾ അവിടെ കൂട്ടിയിടിച്ചില്ലെങ്കിൽ പോലും അത്രയേറെ വാചാലമായിരുന്നു ഇരുവരുടെയും മിഴികൾ….
അവൾ പതിയേ അവനരികിലേക്കായി നടന്നു..
മ്മ്….?
അവൻ കുസൃതി നിറച്ചൊരാ കണ്ണുകൾ ചുരുക്കി അവൾക്ക് നേറെ പുരികമുയർത്തി…..
എന്തിനാണ് അവൾ വന്നതെന്ന് അവൾക്കും അറിയില്ല….
അവന്റെ കണ്ണുകളിൽ കണ്ടൊരാ നോവ്…. അത് മാത്രമാണ് കാരണം…..
എന്നാൽ ഇപ്പോഴത് അല്പം മാഞ്ഞത് പോലെ….
ഉള്ളിൽ ചെറിയൊരു ആശ്വാസം അവൾക്ക് തോന്നി……
എന്താടോ….. താനെന്താ പോകാത്തത്….
അവനത് ചോദിക്കുമ്പോഴും പോകാതിരുന്നെങ്കിൽ എന്ന് മനസ്സ് പറയുന്നുണ്ടായിരുന്നു….
ഞാൻ….. ഞാൻ പോകാതിരുന്നാലോ….
അവളുടെയാ ചോദ്യം അവന് വേണ്ടിയായിരുന്നു….
അവന് വേണ്ടി മാത്രം….
അവളത് ചോദിക്കുമ്പോൾ വിടർന്ന ആ മിഴികൾ അവന്റെ മിഴികളോട് ചേർന്ന് നിന്നിരുന്നു….
ഒരിക്കലും അടർത്തി മാറ്റാൻ കഴിയില്ലെന്ന പോൽ…..
പെട്ടെന്നവളത് ചോദിച്ചപ്പോൾ അവനും ഒരു ഞെട്ടലിലായിരുന്നു…..
ആ ചോദ്യം ഒട്ടും പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവനല്പ നേരം അവളെ തന്നെ നോക്കി നിന്നു….
പിന്നീട് പതിയെയൊന്ന് പുഞ്ചിരിച്ചു…..
നീ പറഞ്ഞിരുന്നില്ലേ ചുവപ്പും പച്ചയും ഇട കലർന്ന മുറ്റവും…. മുറ്റം നിറയെ കുറ്റി ചെടികൾ ഇല ചെടികളും…..
മരം കൊണ്ടുള്ള മച്ചും അഴികളും…
അതൊക്കെ നീ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്…
അതിനേക്കാളോക്കേ മേലെ വരാന്തയിൽ നിന്റെ നൃത്തം കണ്ടിരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും…..
അവര് നിന്നെ കാത്തു ആ ഉമ്മറ കോലായിൽ കണ്ണും നട്ടിരിപ്പാവില്ലേ…..
അത് കൊണ്ട് നീ തീർച്ചയായും പോകണം….
അവൻ ചെറു ചിരിയാലത് പറയുമ്പോൾ സൂര്യയും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു…..
തന്നെ അവനത്രയേറെ ആഴത്തിൽ മനസ്സിലാക്കുന്നുണ്ടെന്നത് അവളിൽ ആനന്ദം വിടർത്തി….
പിന്നേ നീ പോകാതിരിക്കുന്നത് എന്നെ ഓർത്താണോ…
പെട്ടെന്നവനത് ചോദിക്കുമ്പോൾ ആ മിഴികളൊന്ന് പിടഞ്ഞു….
അവൾക്ക് അവന്റെ മുഖത് നോക്കാൻ കഴിഞില്ല…..
ഹാ… തല്ല് പിടിക്കാൻ ആരും ഇല്ലാത്തതിൽ ചെറിയൊരു വിഷമമുണ്ട്….
സാരമില്ല…. നീ വരുവോളം ഞാൻ കാത്തിരുന്നോളാം…
അവസാന വരി പറയുമ്പോൾ അതിലടങ്ങിയ വികാരം പ്രണയമെന്ന വാക്ക് കൊണ്ട് മാത്രം നിർവചിക്കാൻ കഴിയുമോയെന്നവൾക്ക് സംശയം തോന്നി..
ആ മിഴികളിൽ ഇത് വരെ കാണാത്തൊരു ഭാവം….
അതിൽ മുഴുവൻ തന്നോടുള്ള സ്നേഹമായിരുന്നു……
പ്രണയത്തെക്കാൾ തന്നെ പൊതിഞ്ഞു പിടിക്കാൻ വെമ്പുന്ന ഒരു തരം വാത്സല്യം…..
അദരങ്ങളിൽ പതിവ് കുസൃതി നിറച്ചൊരാ പുഞ്ചിരിയല്ല…..
മറിച്ചു വിരഹത്തിന്റെ വേദന കലർന്ന ഒരു മന്ദഹാസമായിരുന്നു…..
അവളിലേക്കും അത് പടരുമെന്നു തോന്നിയോരാ നിമിഷത്തിൽ അവൾ തിരിഞ്ഞു നടന്നു…..
അപ്പോഴാണ് അവിടെ കിടക്കുന്ന മുല്ലപ്പൂമാല അവൾ കാണുന്നത്….
അവൾ അതിലേക്ക് നോക്കി അവനെ നോക്കിയതും അവനതേ ഭാവത്തോട് കൂടി തന്നെ അവളെയും നോക്കി നിന്നു….
നിനക്ക് വേണ്ടിയാണെന്ന് പറയാതെ പറയും പോൽ….
അവൾ പതിയേ കുനിഞ്ഞിരുന്നു കൊണ്ട് അത് കയ്യിലെടുത്തു….
മേശ മേൽ കിടന്നിരുന്ന കുഞ്ഞു സ്ലൈഡ് കൊണ്ടവളത് മുടിയിൽ ചൂടി……
സൂര്യാ…..
താഴെ നിന്നുള്ള വിളി വന്നത് കൊണ്ട് തന്നെ ഒരു നോട്ടം മാത്രം അവനായി നൽകി അവൾ താഴേക്ക് നടന്നു…..
ഒരു കുളിർ കാറ്റ് തന്നെ തഴുകി കടന്ന് പോയത് പോൽ നിൽക്കുകയായിരുന്നവൻ….
ആ കാറ്റിന്റെ കുളിരപ്പോഴും അവനെ പൊതിഞ്ഞു പിടിക്കുന്നതിലുള്ള ആനന്ദവും വിട്ട് പോയതിന്റെ വേദനയും ഒരേ സമയം അവനിൽ തങ്ങി നിന്നു…..
സൂര്യ ഇറങ്ങിയപ്പോഴേക്കും എല്ലാവരും കാറിൽ കയറി ഇരുന്നിട്ടുണ്ടായിരുന്നു….
എല്ലാവരോടും ഒരു പുഞ്ചിരിയോടെ യാത്ര പറഞ്ഞ് അവളും കയറി….
കാറ് പോർച് കടന്ന് മുറ്റത്തേക്കെത്തിയപ്പോൾ മിഴികൾ നീണ്ടു പോയത് മുറിയുടെ ഭാഗത്തേക്കായിരുന്നു….
വിചാരിച്ചത് പോലെ തന്നെ ഒരു കൈ ഗ്ലാസിൽ വെച്ച് തന്നെ നോക്കി അവൻ നിൽക്കുന്നുണ്ട്……
അന്നേരം മിഴികൾ കൊണ്ട് യാത്ര പറഞ്ഞത് ഇത് വരെ പറഞ്ഞതിനേക്കാൾ തീവ്രമായി അവൾക്ക് തോന്നി…..
അവൾ പിറകിലേക്ക് തിരിഞ്ഞപ്പോഴാണ് മുടിയിൽ പറ്റിപ്പിടിച്ച മുല്ലപ്പൂ വീണ കാണുന്നത്….
നിനക്കെവിടെ നിന്നാ സൂര്യാ മുല്ലപ്പൂ….
വീണ അത് ചോദിക്കുമ്പോൾ മുത്തശ്ശി കൊടുത്തതായിരിക്കുമോയെന്നൊരു സംശയം അവളിലുണ്ടായിരുന്നു….
അത്…. കാശി കൊണ്ട് വന്നതാ…..
സൂര്യ അത് പറഞ്ഞതും വീണക്ക് വല്ലാത്തൊരു പ്രയാസം തോന്നി….
അവൾ മുകളിലേക്ക് കയറിയ സമയം അവൻ തന്നെ ചൂടിച്ചതാവും…
അവൾ സ്വയം ഊഹിച്ചു….
അവൾക്കെന്തോ ഒരു കല്ല് കടി മനസ്സിൽ നിറഞ്ഞു…..
കിരൺ അങ്ങനെയുള്ള കാര്യങ്ങളൊന്നും ശ്രദ്ധ വെക്കാറില്ല…..
കല്യാണം കഴിഞ്ഞ ഉടനെയുള്ള സംസാരങ്ങളൊക്കെ കേട്ടപ്പോൾതാൻ ആഗ്രഹിച്ചത് പോലൊരു ഭർത്താവ് തന്നെയായിരിക്കും അവനെന്നു തനിക്ക് തോന്നിയിരുന്നു….
എങ്കിലും തന്നെ സന്തോഷിപ്പിക്കാൻ അവനറിയില്ല….
പ്രണയിക്കാനും….
അവന്റെ സ്നേഹം തന്റെ ശരീരത്തോട് മാത്രമാണ്……
ഇങ്ങനെയുള്ള ചെറിയ ചെറിയ സന്തോഷങ്ങൾ താനും ആഗ്രഹിക്കുന്നില്ലേ….
വീണക്ക് സൂര്യയോടൊരു അസൂയയും ഒപ്പം തന്നെ തൊണ്ടക്കുഴിയിലൊരു നീറ്റലും തങ്ങി നിന്നു……
അപ്പോഴും അവന്റെ സ്വത്തുക്കൾ അ അവളിൽ നൽകിയ അഹങ്കാരത്താൽ
അവൾ സൂര്യയിൽ നിന്നും മുഖം തിരിച്ചു പുറത്തേക്ക് നോക്കിയിരുന്നു…..
റെയിൽ വേ സ്റ്റേഷനിൽ ഞങ്ങളെ ഇറക്കി ഡ്രൈവർ തിരിച്ചു പോയി……
ബാക്കി യാത്ര ട്രെയിനിലാണ്…..
വീണയും ചെറിയമ്മയും ഇരുന്നു വിശേഷങ്ങളൊക്കെ പരസ്പരം പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ട്….
വിൻഡോ സൈഡ് കിട്ടിയത് കൊണ്ട് അവരിൽ നിന്നുള്ള ഒറ്റപ്പെടൽ വല്ലാതെ തന്നെ ബാധിച്ചില്ല…..
പുറത്തേക്ക് മിഴികൾ നട്ടങ്ങനെ ഇരുന്നു….
അപ്പോഴും മനസ്സിൽ നിറഞ്ഞു നിന്നത് തന്റെ പ്രണയമായിരുന്നു….
ആ മുറി വീട്ടിറങ്ങുമ്പോൾ തന്നെ നോക്കി നോക്കി നിൽക്കുന്നവന്റെ രൂപമായിരുന്നു….
മനപ്പൂർവം മറക്കാൻ ശ്രമിച്ചു…..
ട്രെയിനിന്റെ വേഗത കൂടുമ്പോൾ മുഖത്തേക്കടിക്കുന്ന കാറ്റിന്റെ ശക്തിയും കൂടി…….
വളവ് തിരിയുമ്പോൾ ട്രെയിനിന്റെ മുഴുവൻ ഭാഗം കാണാൻ കുട്ടികളെ പോലൊരു കൗതുകം തോന്നി…..
തുരങ്കതിനകത്തു കൂടെ ട്രെയിൻ പോകുമ്പോൾ ആ ഇരുട്ടിലവൾ കണ്ണുകൾ തുറന്ന് പിടിച്ചിരുന്നു……
പുഴകൾക്ക് മുകളിലൂടെ പോകുമ്പോൾ തടവിനായി വെച്ചിട്ടുള്ള മെറ്റൽ ശീൽഡ് വലിയൊരു ശബ്ദത്തോടെ പിറകിലേക്ക് നീങ്ങുമ്പോൾ അവളുടേ ഹൃദയമിടിപ്പ് വല്ലാതെ കൂടിയിരുന്നു……
ഇളം കാറ്റിൽ തന്റെ മുഖത്തേക്ക് പാറി വീഴുന്ന മുടിയിഴകൾ പിറകിലേകൊതുക്കുംമ്പോഴേക്കും കൂടെ അവനുണ്ടായിരുന്നെങ്കിൽ എന്ന ചിന്ത അവളെ പിടി കൂടിയിരുന്നു…..
അല്ലെങ്കിലും അവനെ താൻ മറന്നിട്ടില്ലല്ലോ….
മറന്നത് പോലെ മറ്റു പലതിലേക്കും ശ്രദ്ധ തിരിക്കുകയല്ലേ…..
ഒരു ചെറിയ അകൽച്ച പോലും തങ്ങളെ ഇത്ര മാത്രം വേദനിപ്പിക്കുന്നുണ്ടെങ്കിൽ ഉള്ളിലെ പ്രണയം അത്രയേറെ ശക്തമായത് കൊണ്ടല്ലെ….
അതിനു ഞങ്ങൾ പ്രണയിച്ചതെപ്പോഴാണ്….
മനസ്സ് തുറന്ന് വാക്കുകൾ പ്രവഹിച്ചട്ടില്ല ….
അതിരു കടന്നവന്റെ ശരീരവും തന്നിലേക്ക് ചേർന്നിട്ടില്ല….
എങ്കിലും ജന്മാന്തരങ്ങളിൽ എവിടെയോ കുടിയിരിക്കുന്ന ഒരു പ്രണയം ഞങ്ങളിൽ പൂത്തുലഞ്ഞത് അത്രയേറെ നിശബ്ദമായിട്ടായിരുന്നില്ലേ..
അതിന്റെ ശബ്ദം ഞങ്ങൾക്ക് മാത്രമേ കേൾക്കാൻ കഴിയുകയുള്ളു…..
ഇങ്ങനെയും പ്രണയിക്കാമെന്ന് തനിക്ക് മനസ്സിലായത് അവനെ കണ്ടതിനു ശേഷമാണ്….
എപ്പോഴും ഒരേയൊരു പ്രാർത്ഥന മാത്രമേ മനസിസിലുണ്ടായിരുന്നുള്ളു….
സ്നേഹിക്കാൻ മാത്രമറിയുന്ന ഒരുവന്റെ താലി എന്റെ കഴുത്തിൽ പതിയണം…
പ്രണയത്തിന്റെ കുളിരിനാൽ എനിക്കും അവന്റെ ചൂടകറ്റണമായിരുന്നു….
എന്നാൽ വിവാഹം കഴിഞ്ഞ നാളുകളിൽ ഒത്തിരി ആലോചിച്ചിട്ടുണ്ട്.. ദൈവം എന്തിനെന്നോടിങ്ങനെ ചെയ്‌തെന്ന്…
എന്നാൽ നമുക്ക് നമ്മുടെ വർത്തമാന കാലം മാത്രമല്ലേ അറിയൂ….
ഭാവിയും കൂടി അറിയുന്ന അവന്റെ വിധി എങ്ങനെ തെറ്റാനാണ്……
എനിക്ക് വേണ്ടി മാത്രം സൃഷ്ടിച്ചതാവാം ദൈവം അവനെ……
അവനെയോർത്തുള്ള പുഞ്ചിരിയിൽ അവൾ ചുറ്റുമുള്ളതൊന്നും കണ്ടിരുന്നില്ല….
(തുടരും)

by