രചന – ആയിഷ അക്ബർ
മുത്തശ്ശിയുടെ മുഖത്തെ ഭാവം പെട്ടെന്ന് മാറി മറിഞ്ഞു….
ദേഷ്യത്താൽ ആ മുഖം ചുവന്നു….
വീണ എന്ത് പറയണമെന്നറിയാതെ നിന്ന് വിയർത്തു….
മുത്തശ്ശി വരുന്നത് കണ്ട തിടുക്കത്തിൽ അതൊന്നും ആലോചിച്ചില്ല.
അല്ലെങ്കിലും ഇത്ര സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് താനും വിചാരിച്ചില്ലല്ലോ….
എന്തേ… നിന്റെ നാവിറങ്ങി പോയോ….
മുത്തശ്ശിയത് ചോദിക്കുമ്പോൾ അവരുടെ ശബ്ദത്തിന് ഒട്ടും മയമില്ലെന്നുള്ളത് കൊണ്ട് തന്നെ വീണക്ക് കരച്ചിൽ വന്നു തുടങ്ങിയിരുന്നു……
അത് മുത്തശ്ശി…. ഞാനും അവളും കൂടെ…..
അവൾ പറഞ് മുഴുവനാക്കും മുന്പേ മുത്തശ്ശി കയ്യുയർത്തി…
ഇനിയും നുണ പറഞ് ബുദ്ധിമുട്ടേണമെന്നില്ല….
അപ്പച്ചിയും മരുമക്കളും എല്ലാം കൂടി എന്റെ കുടുംബം മുടിപ്പിക്കാൻ ഇറങ്ങിയേക്കുവാ…..
അതും പറഞ്ഞ് ജാനകിയെ കൂടി ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം അവർ ദേഷ്യത്തോടെ പുറത്തേക്ക് നടന്നു……
ഒത്തിരി ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് വീണയുടെ കണ്ണു നീർ പുറത്തേക്ക് വന്നു….
അവൾക്ക് സൂര്യയുടെ മുഖത് നോക്കാൻ കഴിഞ്ഞിരുന്നില്ല…
ഇനി ഇതായിട്ട് എന്തിനാ ഞാൻ ചെയ്യുന്നത്….
അതും പറഞ്ഞവൾ ദേഷ്യത്തോടെ കത്തിയവിടെയിട്ട് എഴുന്നേറ്റു….
സൂര്യ ഭാവ ഭേതങ്ങളെതുമില്ലാതെ ജോലി തുടർന്നു…..
അല്ലെങ്കിലും തനിക്ക് പ്രത്യേകിച്ചൊരു ഭാവത്തിന്റെ ആവശ്യമില്ലല്ലോ…
എന്തൊരു സാധനമാ അവര്…
അപ്പച്ചി…. ഇവരെന്നാ ഇനിയൊന്നു തിരിച്ചു പോകുക…..
വീണ ജാനകിയോടത് ചോദിക്കുമ്പോൾ ദേഷ്യവും സങ്കടവും അവളിൽ കുമിഞ്ഞു കൂടിയിരുന്നു….
തിരിച്ചു പോകുക എന്നത് കഷ്ടമാണ്……
രാജിക്ക് എപ്പോഴും അമ്മ കൂടെ വേണം…..
അത് കൊണ്ടാണ് അവള് കൂട്ടി കൊണ്ട് പോകുന്നത്….
കുറച് ദിവസം ഇവിടെ നിൽക്കുമ്പോഴേക്കും രാജി കൂട്ടി കൊണ്ട് പോകാറുണ്ട്…
എന്നാൽ ഇനി പോകുമോയെന്ന് സംശയമാണ്…..
കാശിക്ക് വയ്യാത്ത സ്ഥിതിക്ക് അത് മാറാതെ പോകില്ല….
സൂര്യയും കാശിയും അടുപ്പത്തിലല്ലെന്ന് കൂടി തോന്നിയാൽ പോകുമോയെന്ന് തന്നെ സംശയമാണ്….
ജാനകി അടക്കി പിടിച്ചത് പറയുമ്പോൾ നിസ്സഹായതയായിരുന്നാ മുഖത്….
വീണ സൂര്യയിലേക്ക് നോക്കി….
അവൾ ഉപ്പേരിയുണ്ടാക്കുന്ന തിരക്കിലാണ്….
അപ്പച്ചി…. അവരെ പിരിക്കാൻ വേണ്ടി മുത്തശ്ശിയെ കൊണ്ട് വന്ന നമ്മൾ തന്നെ മുത്തശ്ശിയെ പറഞ്ഞയക്കാൻ വേണ്ടി അവരെ ഒന്നിപ്പിക്കേണ്ട അവസ്ഥ വരുമോ…..
വീണ അത് ചോദിക്കുമ്പോൾ ജാനകി ഒന്ന് നെടു വീർപ്പിടുക മാത്രം ചെയ്തു….
രണ്ട് പേരും വല്ലാത്തൊരു കെണിയിലാണ് അകപ്പെട്ടിട്ടുള്ളതേന്ന് അവർക്ക് ബോധ്യമായിരുന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഭക്ഷണം ഉണ്ടാക്കി കഴിഞ്ഞ ഉടനെ തന്നെ ജാനകിയും വീണയും അടുക്കള വിട്ടിരുന്നു….
ഇനി മോളവിടെ വെച്ചോളൂ ഞാൻ ചെയ്തോളാം….
സൂര്യ പാത്രങ്ങളോരോന്നായി കഴുകിയെടുക്കുമ്പോഴായിരുന്നു ജയ അതും പറഞ്ഞ് കൊണ്ട് അകത്തേക്ക് വന്നത്…
കയ്യിലുണ്ടായിരുന്ന പാത്രം കൂടി കഴുകി വെച്ചു കൊണ്ട് അവൾ തിരിയുമ്പോഴാണ് മുത്തശ്ശി അടുക്കളയിലേക്ക് വരുന്നത്…..
ജയേ…. കാശിക്കുള്ള ഭക്ഷണം കൊണ്ട് കൊടുത്തോ….
താനോരാൾ അവിടെ ഉണ്ടെന്ന് പോലും ശ്രദ്ധിക്കാതെ മുത്തശ്ശി ജയ ചേച്ചിയോട് ചോദിക്കുമ്പോൾ ജയ ചേച്ചി തന്നെ നോക്കി.
മ്മ്…..?
അവരൊന്നും പറയുന്നില്ലെന്ന് കണ്ടതും മുത്തശ്ശി വീണ്ടും ചോദിച്ചു….
അല്ലാ…. സാധാരണ സൂര്യ മോളാണ് ഭക്ഷണം കൊണ്ട് കൊടുക്കാറുള്ളത്…..
ജയ ചേച്ചി അത് പറഞ്ഞപ്പോഴേക്കും ആ മുഖം വലിഞ്ഞു മുറുകിയത് തന്നിലൊരു ഭയം വരുത്തിയിരുന്നു…..
ഇവളോ…. ഇവള് കൊടുത്താൽ അവൻ കഴിക്കുമോ…
എന്റെ കുഞ്ഞിനെ ചതിച്ചോരു വിവാഹവും നടത്തി….. പോരാനിട്ട് എന്റെ കുഞ്ഞിനെ പട്ടിണികിടുക കൂടി ചെയ്യുന്നോ…
ഇവളെ കാണുന്നത് പോലും അവന് ഇഷ്ടമുണ്ടാവില്ല….
അവനൊരു പാവമാ… എല്ലാം സഹിച് നിൽക്കും..
ഇനി മുതൽ നിങ്ങളിൽ രണ്ടിലൊരാൾ അവന് ഭക്ഷണം കൊണ്ട് കൊടുത്താൽ മതി… കേട്ടല്ലോ…..
ഒരൊറ്റ ശ്വാസത്തിൽ അത്രയും പറഞ് നിർത്തുമ്പോൾ ജയയും രമയും തല കുലുക്കി..
മുത്തശ്ശി തന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവിടെ നിന്ന് പോകുമ്പോൾ ശില കണക്കെ താനവിടെ നില്കുകയായിരുന്നു……
ജയ വേഗം കാശിക്കുള്ള ഭക്ഷണവും വിളമ്പി മുകളിലേക്ക് നടന്നു…..
ജയ ചേച്ചി ഭക്ഷണവുമായി വരുന്നത് കണ്ടപ്പോൾ തന്നെ കാശി കയ്യിലുള്ള ലാപ്ടോപ് മടക്കി വെച്ചു……
പതിവില്ലാതെ ഭക്ഷണവുമായി ജയയെ കണ്ടപ്പോഴേ കാശിയിൽ സംശയമുണർന്നു….
ജയ ചേച്ചി……സൂര്യ എവിടെ…..
അവനത് ചോദിക്കുമ്പോൾ അവളെയോർത് ജയയുടെ മനസ്സിൽ നിറഞ്ഞ ഒരു കുഞ്ഞു നൊമ്പരം അലിഞ്ഞിരുന്നു……
അടുക്കളയിലുണ്ട്……
അത് മാത്രം പറഞ്ഞവർ നിർത്തുമ്പോൾ സരസ്വതിയമ്മ പറഞ്ഞതാണെന്ന് പറഞ്ഞാൽ അതിലെന്തെങ്കിലും പ്രശ്നമുണ്ടാകുമോയെന്ന് അവർ ഭയന്നിരുന്നു….
ഇന്നെന്താ ജയചേച്ചി പതിവില്ലാതെ ഭക്ഷണവുമായിട്ട്…….
കാശിയത് ചോദിക്കുമ്പോൾ മുത്തശ്ശി എന്തെങ്കിലും പറഞ്ഞിട്ടുണ്ടാകുമോയെന്ന ഭയം അവനിൽ നിറഞ്ഞു നിന്നിരുന്നു….
അത്…..
അവർ പറയാൻ മടിക്കുമ്പോഴേ കാശിയുടെ ഹൃദയമിടിപ്പ് കൂടി….
എന്താ ജയ ചേച്ചി….. എന്തെങ്കിലും പ്രശ്നമുണ്ടോ…..
തല താഴ്ത്തി നിൽക്കുന്ന ജയയോടത് ചോദിക്കുമ്പോൾ വാക്കുകൾ പുറത്ത് വരാൻ അവൻ നന്നേ പ്രായാസപ്പെട്ടിരുന്നു….
സരസ്വതിയമ്മ പറഞ്ഞു ഞങ്ങളിൽ രണ്ട് പേരിലൊരാൾ സാറിനു ഭക്ഷണം കൊണ്ട് കൊടുത്താൽ മതിയെന്ന്….
അതാണ് ഞാൻ….
ജയ മടിച്ചു കൊണ്ടത് പറയുമ്പോൾ കാശി തലക്ക് കൈ കൊടുത്തു….
സാറേ… ഞാനാണ് പറഞ്ഞതെന്ന് ആരോടും പറയല്ലേ….
ജയ അവനോടത് പറയുമ്പോൾ വാക്കുകളിൽ ഭയമുണ്ടായിരുന്നു……
ഏയ്…. അതൊന്നും കുഴപ്പമില്ല…
പക്ഷേ ഇനി മുതൽ നിങ്ങൾ ഭക്ഷണവുമായി വരെണ്ട..
സൂര്യ കൊണ്ട് വരട്ടെ….
ആരു ചോദിച്ചാലും ഞാൻ പറഞിട്ടാണെന്ന് പറഞ്ഞാൽ മതി….
ബാക്കി ഞാൻ നോക്കിക്കോളാം….
അവന്റെ ശബ്ദം ഉറച്ചതായിരുന്നു…..
ജയ തല കുലുക്കി കൊണ്ട് അവിടെ നിന്നിറങ്ങി…..
പിന്നേയ്…. സൂര്യ യോടൊന്ന് വരാൻ പറയു ചേച്ചി…..
നടന്നു തുടങ്ങിയ അവരോടതും കൂട്ടിയവൻ കൂട്ടി ചേർത്തു……
കാശിയുടെ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു…..
അവളുടേ വിടർന്ന കണ്ണുകളിൽ തളം കെട്ടി നിൽക്കുന്ന കണ്ണു നീർ അവനെ വല്ലാതെ വേദനിപ്പിച്ചിരുന്നു…….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സൂര്യ അതേ ഇരിപ്പിലായിരുന്നു അപ്പോഴും…
കുഞ്ഞ് നാളു തൊട്ട് അവഗണന തന്നെ വരിഞ്ഞു മുറുക്കിയിരുന്നു….
എന്നാൽ ഒരു വീടിനുള്ളിൽ അതത്രയേറെ വീർപ്പു മുട്ടൽ നൽകുന്നുവെന്ന് താനറിയുന്നത് ഇപ്പോഴാണ്……
അത് അവന്റെ കാര്യത്തിൽ കൂടി യാകുമ്പോൾ മനസ്സ് പിടി വിട്ട് പോകുന്നു…
അവന്റെ കാര്യങ്ങളിൽ നിന്ന് തന്നെ മാറ്റി നിർത്തുമ്പോഴാണ് അവനെന്നത് തന്നിലേക്ക് എത്രത്തോളം ആഴ്ന്നിറങ്ങിയ ഒരു വൃക്ഷമാണെന്ന് മനസ്സിലാക്കുന്നത്..
മാത്രവുമല്ല….. അവന് വേണ്ടി ഓരോന്ന് ചെയ്തു കൊടുക്കുമ്പോഴും അതിൽ കലർന്നിരുന്ന സന്തോഷവും തന്റേതെന്ന ചിന്തയും തനിക്ക് നൽകിയിരുന്ന ആശ്വാസ ത്തെയും താനിപ്പോൾ തിരിച്ചറിയുന്നുണ്ട്….
അവളുടേ മിഴികൾ നിറഞ്ഞു വന്നു….
മുറിയിലേക്ക് പോകാൻ തോന്നാത്തത് കൊണ്ട് തന്നെ അവൾ അടുക്കളയിൽ തന്നെ യിരിക്കുകയായിരുന്നു….
അപ്പോഴാണ് ജയ ചേച്ചി തിരികെ വരുന്നത്..
അവരുടെ മുഖത് നോക്കാനൊരു പ്രയാസം തോന്നി…..
സൂര്യാ……
അവർ തന്നെ പുഞ്ചിരിയോടെ വിളിച്ചപ്പോഴാണ് മുഖമുയർത്തി അവരെ നോക്കിയത്…..
കാശി സാർ ഇനി ഞങ്ങളോട് അങ്ങോട്ട് ഭക്ഷണവുമായി ചെല്ലേണ്ടെന്ന് പറഞ്ഞു….
അവൾ എന്തെന്ന അർത്ഥത്തിൽ വിടർന്ന കണ്ണുകൾ ഒന്ന് കൂടി വിടർത്തി….
ഇനി സൂര്യ തന്നാലേ കഴിക്കുവെന്ന് പറഞ്ഞു….
അതിനു ആരു ചോദിച്ചാലും കാശി പറഞ്ഞതാണെന്ന് പറഞ്ഞാൽ മതിയെന്നും പറഞ്ഞു…..
പുഞ്ചിരിയോടെയാണ് ജയ ചേച്ചി അത് പറഞ്ഞതെങ്കിലും മനസ്സിലൊരു കുളിര് വീഴുന്നുണ്ടെങ്കിലും എന്തോ അവ മുഖത്തേക്ക് പരന്നില്ല…..
ജയ ചേച്ചി താടി തുമ്പിൽ പിടിച് അവളുടേ മുഖമൊന്നുയർത്തി….
ആരെന്തു പറഞ്ഞാലും മോള് കാര്യമാക്കേണ്ട…..
ഇവിടെ ഏറ്റവും നന്മയുള്ളത് കാശി സാറിനാണ്…..
ആൾക്ക് ഏറ്റവും ഇണങ്ങിയ ആളെ തന്നെയാണ് ദൈവം ചേർത്ത് വെച്ചിരിക്കുന്നത്…
അവരത് പറയുമ്പോൾ അവളൊന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു……
പിന്നേയ്….. സൂര്യയോടൊന്ന് മുറിയിലേക്ക് ചെല്ലാൻ പറഞ്ഞിരുന്നു സാറ്……
അവരതും കൂടി കൂട്ടി ചേർക്കുമ്പോൾ സൂര്യ പോകണോ വേണ്ടയോ എന്ന സംശയത്തിലങ്ങനെ നിന്നു……
പിന്നേ പതിയേ മുറിയിലേക്ക് നടന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയിലെത്തിയപ്പോൾ ലാപ്ടോപിലേക്ക് നോക്കിയിരിക്കുന്ന കാശിയെയാണ് സൂര്യ കാണുന്നത്….
മനസ്സിനു വല്ലാത്തൊരു ഭാരം അവൾക്ക് തോന്നിയത് കൊണ്ട് തന്നെ അവൾ ജനലിനരികത്തായി നിന്നു….
കാശി മുഖമുയർത്തി അവളെ നോക്കി……
അവളുടേ കൺകോണിൽ പടർന്നു തുടങ്ങിയ ദുഃഖത്തിന്റെ നിഴൽ അവന് കാണുന്നുണ്ടായിരുന്നു….
സൂര്യാ..
അവളെതോ ഓർമയിലെന്ന പോൽ അങ്ങനെ നിൽക്കുകയായിരുന്നു…..
സൂര്യാ….
അവൾ തിരിഞ്ഞു നോക്കിയില്ലെന്ന് കണ്ടതും അവൻ വീണ്ടും വിളിച്ചു….
അവൾ തിരിഞ്ഞത് പെട്ടെന്നായിരുന്നു…..
ഏതോ ഓർമകളിൽ നിന്നെന്ന പോൽ…..
(തുടരും )

by