രചന – ആയിഷ അക്ബർ
ആ പോയ പോക്കിൽ നേരം ഏറെ കഴിഞിട്ടും കാശി തിരിച്ചെത്താത്തത് സൂര്യയിൽ അസ്വസ്ഥത നിറച്ചു…..
അവൻ എന്നത് ആരെയും ബാധിക്കാത്ത കാര്യമായത് കൊണ്ട് അവിടെ എല്ലാം പതിവ് രീതിയിൽ തന്നേ നടന്നു…..
അച്ഛൻ വന്നൊരു പക്ഷെ ചോദിച്ചിട്ടുണ്ടാവാം അവനെപ്പറ്റി….
അത് മനോഹരമായ കള്ളങ്ങളിൽ അപ്പച്ചി ഒതുക്കിയിട്ടുമുണ്ടാകുമെന്ന് അവളുഹിച്ചു…..
വീണ്ടും വീണ്ടും മനസ്സിൽ അവനെന്ന ശൂന്യത നിറഞ്ഞപ്പോഴാണ് അവൾ ബാൽക്കണിയിലേക്ക് നടന്നത്….
വലിയ ഗേറ്റ് കടന്ന് കല്ലുകൾ പതിപ്പിച്ചു മനോഹരമാക്കിയ ആ മുറ്റത്തെ തേടിയവന്റെ കാറ് വരുന്നുണ്ടുന്നോ എന്നവളുടെ മിഴികൾ തേടി കൊണ്ടേയിരുന്നു…..
അല്ലെങ്കിലും ഞാനെന്തിനാണ് അവന് വേണ്ടി കാത്തിരിക്കുന്നത്….
അവനെന്നത് ഈ വീട്ടിൽ ആരെയും ബാധിക്കുന്ന ഒരു കാര്യമല്ലെന്നിരിക്കെ താനെന്തിനു അവനെയോർത് ഉറക്കം കളയണം…..
എത്രയൊക്കെ അകറ്റി നിർത്തുമ്പോഴും മനസ്സ് അവനിലേക്ക് തന്നെ ചായുന്നത് എന്ത് കൊണ്ടാണ്……
അവനോട് തോന്നിയ അടങ്ങാത്ത സഹതാപം കൊണ്ടാണോ….
ഈയിടെയായി തനിക്ക് വേണ്ടി സംസാരിക്കുകയും തന്നോട് അടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നു എന്ന ആ തോന്നലിലോ…. അതുമല്ലെങ്കിൽ കഴുത്തിൽ കെട്ടിയ ഈ താലി ചരടിനോടുള്ള കടമ കൊണ്ടോ…
ഇതിലേതെന്നറിയാത്തതിന് കാരണം ഒരുപക്ഷേ ഇത് മൂന്നും തന്റെ മനസ്സിലുള്ളത് കൊണ്ട് തന്നെയാവാം…
എങ്കിലും അവൻ നിറം കൊണ്ട് മനുഷ്യനെ അളന്നവനാണ്…..
താൻ സ്നേഹം പ്രകടിപ്പിച്ചാലും അത് തിരിച്ചറിയാൻ അവന്റെ കണ്ണുകൾക്കാവില്ലെന്ന് ഉറപ്പുള്ളത് കൊണ്ട് തന്നെ എന്തിന്റെ പേരിലായാലും താൻ അകന്ന് നിൽക്കുന്നത് തന്നെയാണ് നല്ലത്…..
എല്ലാവരും അതാത് മുറിയിൽ സ്ഥാനം പിടിച്ചിരിക്കുന്നു….
ഇത്രയൊക്കെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചാലും കാലുകൾ ബാൽക്കണിയിൽ നിന്നും കണ്ണുകൾ ഗേറ്റിൽ നിന്നും പറിച്ചെടുക്കാനെന്തോ തനിക്ക് കഴിയുന്നില്ല….
കുറച്ച് നേരം കഴിഞ്ഞതും ഗേറ്റ് കടന്ന് വരുന്ന ആ കാറ് തന്നിൽ കോറിയിട്ട സമാധാനത്തിന് അതിരുണ്ടായിരുന്നില്ല…..
വാതിൽ അടച്ചിട്ടുണ്ടാവില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ താഴെക്കിറങ്ങാൻ നിൽക്കാതെ അവൾ മുറിയിലേക്ക് നടന്നു….
അവനെ കാത്തിരിക്കുകയാണെന്ന് തോന്നേണ്ട എന്ന് കരുതി അവൾ കട്ടിലിൽ കയറി കണ്ണുകളടച്ചു കിടന്നു….
അവൻ വന്ന് ലൈറ്റ് ഓൺ ചെയ്യുന്നത് അവളറിഞ്ഞു വെങ്കിലും അവൾ കണ്ണുകൾ തുറന്നില്ല…..
പെട്ടെന്നു എന്തൊക്കെയോ വീഴുന്ന ശബ്ദം കേട്ടതും അവൾ പെട്ടെന്ന് കണ്ണുകൾ തുറന്നു….
തുണികൾ നിവർത്തിയിടുന്ന അലൂമിനിയം സ്റ്റാന്റുണ്ട് റൂമിന്റെ ഒരു മൂലയിൽ..
അവൻ അതിന്റെ മുകളിലൂടെ വീണു കിടക്കുന്നത് കണ്ടതും അവൾ പെട്ടെന്ന് എഴുന്നേറ്റു..
എഴുന്നേൽക്കാൻ ശ്രമിക്കുന്ന അവനെ അവൾ നോക്കി നിന്നു….
എന്നാൽ എത്ര ശ്രമിച്ചിട്ടും അവനെഴുന്നേൽക്കാൻ കഴിയാത്തത് പോലെ…..
എഴുന്നേൽക്കാൻ ശ്രമിക്കും തോറും അവൻ വീണ്ടും വീഴുന്നത് പോലെ…
അവൾ അവന്റെ അടുത്തേക്ക് നടന്നു….
അവൻ മുഖമുയർത്തി അവളെ നോക്കി…
അവന്റെ കണ്ണുകൾ ചുവന്നിരുന്നു….
അവൾ പതിയേ അവനരികിലായിരുന്നു…
മദ്യത്തിന്റെ രൂക്ഷമായ ഗന്ധം അവനിൽ നിന്നും അലയടിക്കുന്നുണ്ടായിരുന്നു…..
അവൾ നെറ്റി ചുളിച്ചു കൊണ്ട് അവന്റെ കയ്യിൽ പിടിച്ചു……
വേണ്ടാ…. എന്നെ പിടിക്കേണ്ട….
അവനത് പറഞ്ഞതും സൂര്യ പെട്ടെന്ന് പിടുത്തം വിട്ടു….
കാശിക്ക് ആരുമില്ല…
ആരെയും വേണ്ടതാനും…
കുഴഞ്ഞുള്ള അവന്റെ ആ വാക്കുകളിൽ തങ്ങി നിന്ന ദുഃഖം സൂര്യക്കറിയാൻ കഴിയുന്നുണ്ടായിരുന്നു…..
അവളങ്ങനെ അതേ നിൽപ്പ് നിന്നു….
അവളുടേ മുഖത് അങ്ങേയറ്റം ഗൗരവം നിറഞ്ഞിരുന്നു എങ്കിലും നെഞ്ചിലെന്തോ വല്ലാത്തൊരു വേദന തിങ്ങുന്നത് അവളറിഞ്ഞിരുന്നു…..
എല്ലാവർക്ക് മുമ്പിലും രാജ കുമാരനായ കാശി നാഥൻ..
അവൻ പുച്ഛത്തോടെയൊന്നു ചിരിച്ചു…..
നീയും അങ്ങനെ തന്നെയായിരിക്കും കരുതിയത് അല്ലേ…
അവൻ അവളെ നോക്കി പൊട്ടിച്ചിരിച്ചു…
ഈ കല്യാണം വേണ്ടായിരുന്നുവെന്ന് തോന്നുന്നുണ്ടല്ലേ….
അവൻ വീണ്ടും അവളെ നോക്കി ചിരിച്ചു കൊണ്ട് തന്നെയാണത് ചോദിചതെങ്കിലും അതിലെ വേദന അറിഞ്ഞത് കൊണ്ട് അവൾ അവനെ നോക്കി അതേ നില്പ് തന്നെയായിരുന്നു…..
ഈ വീട്ടില് കാശി ഒരധികപ്പറ്റ് തന്നെയാണ്….
കാശിക്കാരുമില്ല….
കാശിക്കും ആരെയും വേണ്ടാ…..
അവൻ വീണ്ടും ദുഖത്തോടെ അങ്ങനെ ഓരോന്ന് പറഞ്ഞ് കൊണ്ടിരിക്കുമ്പോഴും വീഴ്ന്നിടത്തു നിന്നും എഴുനെൽകാത്തത് കൊണ്ട് തന്നെ അവൾ അവനേതിർ വശമായി കട്ടിലിന്റെ ഒരു വശത്തു ഇരിപ്പുറപ്പിച്ചു……
എന്താടി നോക്കുന്നത്…
നീയെന്നെ നോക്കിപ്പേടിപ്പിക്കാണോ…
അവനെ തന്നെ ഉറ്റു നോക്കിയിരിക്കുന്ന അവളോടായി അവനത് ചോദിച്ചു കൊണ്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും അവൻ പരാജയപ്പെട്ടിരുന്നു…
എങ്കിലും… നീ കൊള്ളാം….നിന്നെ എനിക്കിഷ്ടമാടി….
ഇവിടെയുള്ളവരുടെയെല്ലാം മനസ്സ് ഇരുണ്ടിട്ടാ…
എന്നാൽ നിന്റെ മുഖത്തെ ഇരുൾ നിന്റെ മനസ്സിനില്ലാ…..
അവന്റെ അക്ഷരങ്ങൾക്ക് മദ്യം നൽകിയ കുഴച്ചിലുണ്ടായിരുന്നെങ്കിലും അത് കേട്ടപ്പോൾ അവളുടേ കണ്ണുകളൊന്ന് വിടർന്നിരുന്നു….
നീ കാശിയെ അറിയുന്നുണ്ട്…
ആരോരുമില്ലാത്ത ഈ എന്നെ അറിയാൻ ശ്രമിക്കുന്നുണ്ട്…..
മറ്റുള്ളവരെ മനസ്സിലാക്കാനുള്ള കഴിവ് എല്ലാവർക്കും കിട്ടുന്ന ഒന്നല്ല….
അവനത് പറയുമ്പോൾ ഹൃദയത്തിൽ പേരറിയാത്തൊരു ആനന്ദം അവളറിയുന്നുണ്ടായിരുന്നു…..
അവനാ പറഞ്ഞതൊരു പക്ഷെ പ്രകടിപ്പിക്കാൻ കഴിയാതെ അവന്റെ ഉള്ളിൽ പൂട്ടി വെച്ച കാര്യങ്ങളാണോ……
മദ്യത്തിന്റെ അകമ്പടിയോടെ അവന്റെ വാക്കുകൾ കേട്ട് സന്തോഷിച്ചു വിഡ്ഢിയാവാൻ കഴിയാത്തത് കൊണ്ട് തന്നെ അവൾ നിർവികാരമായി അവനെ നോക്കിയങ്ങനെ ഇരുന്നു….
ഓഹ്….. ഈ കാണുന്ന സ്വത്തിനെല്ലാം അവകാശി ഞാനും കൂടിയാണെന്ന് വിചാരിച്ചാവും നീയും എന്നെ അറിയാൻ ശ്രമിച്ചതെല്ലാം..
അല്ലേ…..
അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു…..
അവൾക്ക് ദേഷ്യം വരുന്നുണ്ടായിരുന്നെങ്കിലും അവളൊന്നും മിണ്ടിയില്ല…..
എന്നാ കേട്ടോടി….
ഈ വീടും ഇവിടെയുള്ള ആരും ഒന്നും കാശിക്ക് സ്വന്തമല്ല…..
അവൻ അവളെ പരിഹസിച്ചെന്ന വണ്ണം ഉറക്കെ ചിരിച്ചു…..
അതോന്നും അവളെ ഒട്ടും ബാധിക്കാത്ത കാര്യമായത് കൊണ്ട് തന്നെ അവൾ നിർവികാരമായി അവനെ നോക്കി അതെയിരിപ്പ് തന്നെയായിരുന്നു അപ്പോഴും…..
പെട്ടെന്ന് അവന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു…
ഞാൻ ….. ഞാനോരു അനാഥനാണ്….
ആരോരുമില്ലാത്ത അനാഥൻ…..
അത് പറയുമ്പോൾ ആ ശബ്ദം ഇടറിയിരുന്നു…
അനാഥൻ…..സൂര്യക്ക് ആ വാക്ക് നെഞ്ചിൽ തറച്ചത് പോലെ തോന്നി….
അവന്റെ കൺ കോണിലെവിടെയോ പടർന്ന നീർ തുള്ളി അവളെ വല്ലാതെ വേദനിപ്പിച്ചിരുന്നു….
അവളുടേ കണ്ണുകളും നിറഞ്ഞു വന്നു…
അവനേ ചേർത്ത് പിടിച്ചൊന്നാശ്വസിപ്പിക്കാൻ തോന്നിയെങ്കിലും താനതിന് അർഹയല്ലെന്ന തോന്നലിൽ അവൾ അതിൽ നിന്നും പിന്തിരിഞ്ഞു…..
സത്യം പറഞ്ഞാൽ എനിക് സ്വന്തമെന്ന് പറയാൻ ആകെയുള്ള ബന്ധം നീയാ….
അവനത് പറഞ്ഞോന്നു ചിരിച്ചപ്പോൾ അവളുടേ മനസ്സിലെന്തോ ഒരു തണുപ്പിരച്ചെത്തി….
ആരോരുമില്ലാത്ത കാശിക്ക് ആകെയുള്ള ഭ്യാര്യ യല്ലേ നീ…..
അവൻ അവളെ നോക്കി കളിയാക്കി അത് ചോദിക്കുമ്പോഴും അവളതേ ഇരിപ്പ് തന്നെയായിരുന്നു…
ഹാ….. കാശി ദാരിദ്രനായ ഒരു അനാഥയാണെന്ന് ഇന്നാവും നീയും അറിഞ്ഞത് അല്ലേ…..
ആ സ്ഥിതിക്ക് നീയും എന്നെ വിട്ട് പോകുമായിരിക്കും അല്ലേ….
അവളുടേ മുഖത് നോക്കി അത് ചോദിക്കുമ്പോൾ ആ വാക്കുകളിൽ ദയനീയത നിറഞ്ഞിരുന്നോ….
നീ എന്നെ വിട്ട് പോയില്ലായിരുന്നെങ്കിൽ എന്നവൻ പറയാതെ പറയുന്നുവോ….
സൂര്യയുടെ മനസ്സ് ചോദ്യങ്ങളെ തേടി കൊണ്ടിരുന്നു…..
പൊയ്ക്കോ…. എല്ലാവരും പൊയ്ക്കോ…
കാശിക്കാരും വേണ്ടാ…. കാശിക്കാരും വേണ്ടാ….
ദേശത്തോടെ അത് പറയുന്നതോടൊപ്പം അരികിലുള്ള മേശ മേൽ വെച്ചിരുന്ന ജഗ്ഗെടുത്തവൻ ശക്തിയായി നിലത്തേക്കെറിഞ്ഞിരുന്നു…….
നാല് പുറവും ചില്ലുകൾ ചിഞ്ഞി ചിതറി…
പെട്ടെന്നുള്ള അവന്റെ പ്രവർത്തിയായതിനാൽ ഓർക്കാപ്പുറതിരുന്ന സൂര്യയുടെ നെറ്റിയിലേക്കായിരുന്നു ഒരു ചില്ല് തെറിച്ചെത്തിയത്…..
ആ……
അവൾ പെട്ടെന്ന് ഒന്നു ശബ്ധിച്ചു….
പിന്നേ രക്തം വരുന്ന മുറി പൊത്തി പിടിച്ചു അതിൽ മരുന്ന് വെച്ചു…..
അപ്പോഴേക്കും അവൻ പൂർണമായും അബോധവസ്ഥയിലേക്ക് പോയിരുന്നു….
അവൾ അവനെയൊന്നു നോക്കി…. അവന്റെ കാലിലും ചില്ലു തറച്ചിരിക്കുന്നു….
അവൾ അവനരികിലായിരുന്നു കാലിലെ ചില്ലു കഷ്ണങ്ങൾ വലിച്ചൂരുമ്പോൾ വേദന കൊണ്ടാവാം അവൻ ഉറക്കത്തിലും ഒന്നു ഞെരങ്ങിയത്……
അവൾ പതിയേ മരുന്നെടുത് അവന്റെ കാലിൽ വെച്ചു കൊടുക്കുമ്പോൾ അവന്റെ നെറ്റി ചുളിയുന്നുണ്ടായിരുന്നു……
അവൾ അവനരികിൽ തന്നെയിരുന്നു….
നെറ്റിയിലെ മുറി നീറുമ്പോഴും അവനോടെന്തോ തനിക്ക് ദേഷ്യം തോന്നുന്നില്ല…..
അവനോടുള്ള ദേഷ്യവും വെറുപ്പുമെല്ലാം മാഞ്ഞു പോയ പോലെ….
അവൾ അവനെ തന്നെ നോക്കിയിരുന്നു…
നെറ്റിയിൽ വീണ് കിടന്ന മുടിയിഴകൾ പുറത്ത് നിന്നും വരുന്ന പാതിരാ കാറ്റിനാൽ പാറി കളിക്കുന്നുണ്ടായിരുന്നു….
അപ്പോഴും അവളുടേ കാതിൽ അവന്റെ വാക്കുകളായിരുന്നു….
എനിക്ക് സ്വന്തമെന്ന് പറയാൻ ആകെയുള്ള ബന്ധം നീയാ…….
അവൻ പറഞ്ഞത് ശെരിയല്ലേ….
ഇഷ്ടപ്പെട്ടല്ലെങ്കിലും അവൻ താലി കെട്ടിയ ഞാൻ മാത്രമല്ലേ അവന് സ്വന്തമായി ഈ ഭൂമിയിലുള്ളത് ……
അവളിലൊരു ചെറു ചിരി വിരിഞ്ഞിരുന്നു….
തനിക്കും ആരൊക്കെയോ ഉണ്ടെന്നൊരു തോന്നൽ……..
(തുടരും )

by