രചന – ആയിഷ അക്ബർ
ഓഫീസിലെ ജോലി തിരക്കുകൾ കാരണം കാശി വല്ലാതെ ക്ഷീണിതനായിരുന്നു…..
ഹാളിലെ സോഫയിലവൻ വന്നു കിടക്കുന്നത് മുകളിൽ നിന്നും സൂര്യ കണ്ടിരുന്നു….
രാവിലെ പോകുമ്പോഴുള്ളതിൽ നിന്നും വ്യത്യസ്തമായി അവന്റെ മുഖത്ത് വല്ലാത്തൊരു ക്ഷീണം കാണപ്പെട്ടിരുന്നു…..
അല്പം വെള്ളം കുടിക്കാനൊരു പക്ഷെ അവനാഗ്രഹിക്കുന്നുണ്ടാവുമെന്നവൾക്ക് തോന്നി…
എടുത്ത് കൊടുക്കണോ…
അവളാലോചിച്ചപ്പോഴേക്കും അവളുടേ മനസ്സ് തന്നെ ഉത്തരം കണ്ടെത്തിയിരുന്നു….
തന്നെ നോട്ടം കൊണ്ട് പോലും പരിഗണിക്കാത്ത അവനേ കുറിച് താനെന്തിനു ചിന്തിക്കണം..
ഇനി താൻ കൊടുത്താൽ തന്നെ അവനത് ഇഷ്ടപ്പെടുമോ അതുമില്ല..
അത് കൊണ്ട് തന്നെ അവളാ സാഹസത്തിനു മുതിർന്നില്ല….
ജാനകി അവന്റെ അടുത്ത് കൂടി പോയെങ്കിലും മോനെന്തെങ്കിലും വേണോ യെന്നൊരു ചോദ്യം അവൾ പ്രതീക്ഷിച്ചിരുന്നു….
എന്നാൽ അവരതൊന്നും ചോദിക്കാതെ തിരിഞ്ഞു നടന്നത് അവളിലെന്തോ ഒരു പ്രയാസം തോന്നി….
രമ ചേച്ചി…. എനിക്കൊരു ജ്യൂസ് വേണം….
രമ ചേച്ചി അതിലെ വന്നപ്പോഴാണ് കാശിയത് പറഞ്ഞത്….
ഓറഞ്ച് എടുക്കട്ടെ….
മ്മ്…….
അവനൊന്നു മൂളുക മാത്രം ചെയ്ത് തലക്ക് കൈ വെച്ചു കൊണ്ടതേ കിടപ്പ് തുടർന്നു…..
തന്റെ വീട്ടിലൊക്കെ താൻ കണ്ടിട്ടുള്ളത് മക്കളെയും ഭർത്താക്കന്മാരുടെയും മനസ്സറിഞ്ഞു അവർക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുക്കുന്ന സ്ത്രീകളെയായിരുന്നു….
അത് നാട്ടിൻ പുറങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒരു കാഴ്ചയാണോ….
എത്രയൊക്കെ അവരെ കുല സ്ത്രീകളെന്ന് പറഞ്ഞാലും ഇന്നും താനോർക്കുന്നത് തന്റെ അമ്മ തനിക്ക് വേണ്ടി സ്നേഹത്തോടെ ചെയ്ത് തന്ന കാര്യങ്ങളല്ലേ….
എല്ലാ കാര്യങ്ങളും ജോലിക്കാർക്ക് വിട്ട് കൊടുത്ത് വിശ്രമിക്കുന്ന അമ്മമാരിൽ നിന്നും മക്കൾക്കെങ്ങനെ അമ്മയുടെ പരിചരണം അറിയാൻ കഴിയും….
മകന്റെ മനസ്സറിഞ്ഞു ഒന്നും അവർക്ക് ചെയ്ത് കൊടുക്കാൻ കഴിയാത്തതിനും കാരണം അത് തന്നെയായിരിക്കും….
അവളോരോന്നോർത്ത് നിൽക്കെ അവളുടേ ചിന്തകൾ പാടേ തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് വീടിനകത്തേക്ക് കയറി വന്നത് കിരണായിരുന്നു…..
നീ ഇത്ര നേരം എവിടെയായിരുന്നു… ഭക്ഷണം കഴിചോ…
കിരണിന് നേരെ ജാനകിയുടെ ചോദ്യ പ്രളയമായിരുന്നു….
സൂര്യക്കത്ഭുതം തോന്നി…
കിരണിനോട് ചോദിച്ചതവർ കാശിയോട് ചോദിക്കാത്തിരുന്നതെന്താണ്…..
കാശിയുടെ മുഖത്തെ പ്രയാസം ഇത്ര ദൂരെ നിന്ന് തനിക്ക് മനസ്സിലായി…
എന്നിട്ടെന്തേ അവർക്ക് മനസ്സിലാക്കായിരുന്നത്….
അതോ മനസ്സിലായില്ലെന്ന് നടിക്കുകയോ….
കിരണിനോടുള്ള അവരുടെ പ്രവർത്തിയിൽ അമ്മയുടെ വാത്സല്യം തെളിഞ്ഞു കാണുന്നുണ്ട്….
എന്നാൽ കാശിയോട് അവരെന്താണ് അകന്ന് നിൽക്കുന്നത് പോലെ….
സൂര്യയിൽ സംശയങ്ങൾ തോന്നി തുടങ്ങിയിരുന്നു….
അവൾ കാശിയിലേക്ക് നോക്കി….
ജാനകിയുടെയും കിരണിന്റെയും സംസാരം കേട്ട് കിടക്കുന്ന അവന്റെ ഹൃദയത്തിലെ നീറ്റൽ അവന്റെ മുഖത്ത് തെളിഞ്ഞു കാണുന്നത് പോലെ യവൾക്ക് തോന്നി…
ഇതാ സാറേ ജ്യൂസ്….
രമ ചേച്ചി ജ്യൂസ് കൊണ്ട് വന്നതും അവൻ കിടന്നിടത്തു നിന്നും എഴുന്നേറ്റു…..
ജ്യൂസ് കുടിച്ചു ഗ്ലാസ് അവിടെ വെച്ച് അവൻ മുകളിലേക്ക് കയറി തുടങ്ങിയതും സൂര്യ വേഗം അവിടെ നിന്നും മുറിയിലേക്ക് നടക്കാനൊരുങ്ങി…..
പ്രയാസം നിറഞ്ഞ അവന്റെ മുഖത്തെ ബുദ്ധിമുട്ട് തന്നേ കാണുമ്പോൾ അധികമാവുകയെ ഉള്ളുവെന്ന് അവൾക്കറിയാവുന്നത് കൊണ്ട് തന്നെ അവൾ മുറിയിലേക്ക് നടക്കാതെ ബാൽക്കണിയിലേക്ക് നടന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാശി മുറിയിലേക്ക് കയറുമ്പോൾ മുറിയിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളതായി അവന് തോന്നി…..
മുറിയിൽ വെച്ചിട്ടുള്ള സാധങ്ങൾ സ്ഥാനം മാറ്റി വെച്ചിരിക്കുന്നെങ്കിലും ഭംഗിയുണ്ടായിരുന്നു….
മാറ്റം പുതിയതായത് കൊണ്ട് തന്നെ അവളായിരിക്കുമെന്നവനറിയാമായിരുന്നു…
മുറിയിലൊന്നും അവളില്ലാത്തത് കൊണ്ട് തന്നെ ഷർട്ട് അഴിച്ചവൻ കട്ടിലിലേക്ക് വീണു….
തലക്ക് വല്ലാത്ത ഭാരം….
നേരം വെളുക്കുന്നു ഇരുട്ടുന്നു….
ദിവസങ്ങൾ കൊഴിഞ്ഞു പോകുന്നെന്നതിൽ കവിഞ്ഞു പ്രത്യേകിച്ച് മാറ്റങ്ങളൊന്നും തന്നെയില്ല….
തന്നെ കുറിച്ചറിയാനോ ചിന്തിക്കാനോ ആരുമില്ലല്ലോ…
തനിക്ക് താൻ മാത്രം…..
വളരും തോറും അമ്മക്ക് തന്നോടുള്ള ഇഷ്ട കുറവുണ്ടെങ്കിലും ഇപ്പോൾ താനിവിടെ അധിക പറ്റാണെന്നൊരു തോന്നൽ…
പല തവണ വിചാരിച്ചതാണ്…. എങ്ങോട്ടെങ്കിലും പോയാലോയെന്ന്….
അച്ഛനെ മാത്രം ഓർത്താണ് ഇന്ന് വരെ അത് ചെയ്യാതിരുന്നത്….
വീണയെ കണ്ട് ഇഷ്ടപെട്ട മുതൽ ഹൃദയത്തിൽ പുതിയൊരു പ്രതീക്ഷ മൊട്ടിട്ടിരുന്നു….
തന്നെ സ്നേഹിക്കാനും തന്റെ ഉള്ളറിയാനും ഒരാളായി അവളുണ്ടാകുമെന്…
തനിക്ക് അമ്മയായും സുഹൃത്തായും ഭാര്യയായും മാറാൻ അവൾക്കാകുമെന്ന്….
ഉള്ളിലെ വിങ്ങൽ അറിഞ്ഞു തന്നെ ചേർത്ത് പിടിക്കുമെന്ന്…..
അവനിൽ നിന്നൊരു നെടുവീർപ്പുയർന്നു….
വിധി എത്ര മനോഹരമായി തന്നെ കബളിപ്പിച്ചു….
അതിനെ കുറിച്ചൊന്നും ഓർമിപ്പിക്കാത്ത വിധം തന്നേ നിരാശയുടെ പടു കുഴിയിലേക്കേറിയപ്പെട്ടിരിക്കുന്നു…..
സ്വയം തന്നെ ഒരു അഭയാർത്തിയായി അവന് തോന്നി…….
എല്ലാവർക്ക് മുമ്പിലും കാശി ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ അധികാരിയാണ് ഞാൻ….
എന്നാൽ കൊട്ടാര സമാനമായ ഈ വീട്ടിൽ താൻ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ ആർക്കുമറിയില്ല….
ആരോരുമില്ലാത്ത അനാഥനേ സ്വന്തം ജീവിതത്തിലേക്ക് ചേർത്ത് വെക്കുന്നതോടൊപ്പം അവൻ വന്നതിനു ശേഷം കിട്ടിയ സൗഭാഗ്യങ്ങൾക്ക് അവന്റെ പേര് വെക്കണമെന്നും പറഞ്ഞ ആ ഒരു മനുഷ്യനെ ഓർത്താണ് ഇന്നും ഇവിടെ നിൽക്കുന്നത്…..
ഓർമ്മകൾ ഹൃദയത്തെ വലിഞ്ഞു മുറുക്കിയപ്പോൾ അവൻ പതിയേ എഴുന്നേറ്റു…..
ഷവർ തുറന്ന് വെച്ച് അതിനു താഴെയായി നിൽക്കുമ്പോൾ വെള്ളത്തിനൊപ്പം തന്റെ ദുഖങ്ങളും ഒലിച്ചു പോയെങ്കിൽ എന്നവനാഗ്രഹിച്ചു….
ഡ്രസ്സ് മാറ്റി പുറത്തിറങ്ങി ഒരു സിഗററ്റ് എടുത്ത് കത്തിച്ചു കൊണ്ട് അവൻ ബാൽക്കണിയിലേക്ക് നടന്നു….
ബാൽക്കണിയിൽ നിൽക്കുന്ന സ്ത്രീ രൂപത്തെ കണ്ട് പെട്ടെന്നവനൊന്നു ഞെട്ടിയിരുന്നു…
എങ്കിലും അവളുടേ വിടർത്തിയിട്ട നീളൻ മുടികളിൽ നോക്കി അവനൊന്നു പുഞ്ചിരിച്ചു….
അവളുടേ മുഖത്തെ കുറിച്ചവന്നപ്പോൾ ചിന്തിച്ചിരുന്നില്ല….
മനസ്സിൽ അല തല്ലുന്ന ഒരു സ്നേഹ സാഗരം മാത്രം ബാക്കിയായിരുന്നു….
മനസ്സിൽ വന്ന് തിങ്ങിയ ഓർമകൾക്ക് അത് വരേയുള്ള ദുഖത്തെ നീക്കാൻ കഴിഞ്ഞിരുന്നു….
അരികിലായി പടർന്ന സിഗറേറ്റിന്റെ മണം കൊണ്ട് അവൾ പെട്ടെന്ന് പിറകിലേക്ക് തിരിഞ്ഞു….
പെട്ടെന്നവനെ കണ്ടതും അവളൊന്ന് പേടിച്ചു കൊണ്ട് മുന്പോട്ടാഞ്ഞതും വീഴാൻ പോയ അവളെ അവൻ പോലുമറിയാതെ അവന്റെ കൈ താങ്ങി പിടിച്ചിരുന്നു…
അപ്പോഴും അവന്റെ കൈകളിൽ അവളുടേ നീളൻ മുടി തത്തി കളിച്ചിരുന്നു….
അവയിലെ നേർത്ത സുഗന്ധത്തിൽ നിന്നും വല്ലാത്തൊരു വാത്സല്യം അവന് മാത്രമായി അനുഭവിക്കാൻ കഴിഞ്ഞിരുന്നു…
അവൾ ഒരു നിമിഷം അവനെ നോക്കി….
ഇരുട്ടിൽ രൂപം വ്യക്തമല്ലെങ്കിലും നെറ്റിയിലേക് വീണു കിടന്ന അവന്റെ കുഞ്ഞ് മുടിയിഴകൾ പാതിരാ കാറ്റിനാൽ പാറി കളിക്കുന്നതവൾക്ക് കാണാൻ കഴിഞ്ഞിരുന്നു….
ഇത് വരെ കാണാത്ത ഒരിളം പുഞ്ചിരി അവനിൽ നിറഞ്ഞു നിൽക്കും പോൽ….
അവൾ പെട്ടെന്ന് തന്നെ അവനിൽ നിന്നകന്നു മാറി മുറിയിലേക്ക് നടന്നു….
കാശി കയ്യിലിരുന്ന സിഗററ്റ് ഒന്ന് കൂടി അമർത്തി വലിച്ചു…..
അവളുടെ മണം അപ്പോഴും അവനിൽ തന്നെ നിറഞ്ഞു നിൽക്കുന്നത് പോലെ തോന്നിയിരുന്നവന്..
സൂര്യ മുറിയിലേക്ക് നടക്കുമ്പോൾ അവളുടേ മനസ്സ് വല്ലാത്തൊരു അവസ്ഥയെ പേറിയിരുന്നു….
സ്വപ്നം കാണാൻ അനുവാദാമില്ലാത്തതെന്തൊക്കെയോ മനസ്സ് നെയ്തെടുക്കും പോൽ..
അവന്റെ മനസ്സിൽ തനിക്കൊരു സ്ഥാനവുമില്ലെന്ന തിരിച്ചറിവിൽ അവളാ ചിന്തകളെയെല്ലാം ഒതുക്കി….
അവനെ കുറിച്ചൊർക്കാൻ സമ്മതിക്കാത്ത വിധം അവൾ മനസ്സിനെ തളച്ചിട്ടിരുന്നു…
(തുടരും )

by