23/04/2026

അതിസുന്ദരി : ഭാഗം 13

രചന – ആയിഷ അക്ബർ

ദിവസങ്ങൾ നീങ്ങുന്നത് തങ്ങളിൽ പ്രത്യേകിച്ച് മാറ്റമൊന്നുമുണ്ടാക്കുന്നില്ലെന്നത് സൂര്യ ഒരുതരം നിർവികാരതയോടെയാണ് ആലോചിച്ചത്…..

രണ്ട് ധ്രുവങ്ങളിലുള്ള തങ്ങളെ കൂട്ടിച്ചർക്കാൻ കഴിവുള്ള ഒരു ശക്തിയുമില്ലെന്ന് അവൾ പുച്ഛത്തോടെ ഓർത്തു….

കിരണും വീണയും ജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്നു….

രാവിലെ പോയാൽ വൈകുന്നേരമേ അവർ തിരിച്ചു വരികയുള്ളു….

അപ്പച്ചി മുറിയിൽ തന്നെയാവും അധിക സമയവും….

ആ വലിയ വീട്ടിൽ വല്ലാത്തൊരു ഒറ്റപ്പെടൽ സൂര്യക്ക് തോന്നിയിരുന്നു…

എന്തൊക്കെയോ ചെയ്യണം എന്ന മനസ്സുള്ളവരെ താലി ചരടിനാൽ ബന്ധിക്കപ്പെടുമ്പോൾ അനുഭവപ്പെടുന്ന മാനസിക സമ്മർദ്ദം ഏറെ വലുതാണ്….

ചെയ്യണമെന്ന് വിചാരിച്ച ഏറെ കാര്യങ്ങൾ മനസ്സിൽ കിടന്ന് വീർപ് മുട്ടും….

ഈ താലിയുടെ ആയുസ്സ് എത്രയെന്നു തനിക്കറിയില്ല….

എങ്കിലും ഏറെ വൈകാതെ ഇതിൽ നിന്ന് മോചനമുണ്ടാകും എന്ന് തന്നെയാണ് വിശ്വാസം…

ഈ ജീവിതം സന്തോഷം നൽകുന്നില്ലെങ്കിൽ കൂടി ഓർക്കുമ്പോൾ ഹൃദയത്തിലെന്തോ ഒരു ഭാരം തോന്നിയിരുന്നവൾക്ക്….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

നിങ്ങൾ രണ്ട് പേരും നാളെ മുത്തശ്ശിയെ കാണാൻ അപ്പച്ചിയുടെ അവിടം വരെ പോകണം….

മുത്തശ്ശിക്ക് വരാൻ വയ്യാത്തത് കൊണ്ട് തന്നെ നിങ്ങളെ കാണാൻ ധൃതി ആയിട്ടുണ്ട്…..

ശങ്കരൻ അത് പറയുമ്പോൾ കാശി ലാപ്ടോപ്പിൽ നിന്നും മുഖമുയർത്തി…..

മുത്തശ്ശിയുടെ അടുത്തേക്ക് പോകുക എന്നത് വലിയൊരു കടമ്പയായിരുന്നവന്….

നാളെയാണോ അച്ഛാ….
കിരണമായിരുന്നത് ചോദിച്ചത്…..

അതേ…. നാളെ നിനക്കെന്തെങ്കിലും പരിപാടിയുണ്ടോ….

ഇല്ല അച്ഛാ…. ചോദിച്ചെന്നെ ഉള്ളൂ…. ഞങ്ങൾ പൊയ്ക്കോളാം….

കിരണത് പറയുമ്പോഴും കാശിയുടെ മുഖത്തെ പ്രയാസം സൂര്യ യറിയുന്നുണ്ടായിരുന്നു….

അച്ഛാ… ഞാൻ പോകണോ….
നാളത്തെ പ്രോപ്പർട്ടി ഡീൽ ……

കാശി അത് പറഞ്ഞു മുഴുവനാക്കും മുന്പേ ശങ്കരൻ അവന് നേരെ കയ്യുയർത്തി….

അതെല്ലാം ഞാൻ നോക്കിക്കോളാം….

എപ്പോഴും ബിസ്സിനെസ്സ് എന്ന് പറഞ്ഞിരുന്നാൽ പോര കാശി….പോയെ പറ്റു….

ശങ്കരനത് പറഞ്ഞു നിർത്തുമ്പോൾ
കാശിയുടെ മനസ്സിലെ വിങ്ങൽ അവന്റെ മുഖത്തു നിന്നും വായിച്ചെടുക്കാൻ സൂര്യക്ക് കഴിഞ്ഞിരുന്നു…

ആ പ്രയാസത്തെ മറ്റുള്ളവർ തിരിച്ചറിയാതിരിക്കാൻ അവൻ കഷ്ടപ്പെടുന്നത് കാണുമ്പോൾ അവൾക്ക് പുച്ഛം കലർന്ന സഹതാപം തോന്നി….

കറുപ്പ് നിറമായതിന്റെ പേരിൽ ഭാര്യയെ കൂടെ കൂട്ടാതിരിക്കാനാണ് അവൻ ഇത്രത്തോളം ബുദ്ധിമുട്ടുന്നതോർത്തപ്പോൾ അവൾക്കവനോട് തോന്നിയത് അവഞ്ജയായിരുന്നു….

അല്ലാ…. ഭാര്യയെ ന്നത് താൻ സ്വയം അവകാശപ്പെടുന്ന ഒന്നാണല്ലോ….
അവന്റെ ഭാഷയിൽ പറഞ്ഞാൽ അവന് പറ്റിയ ഒരു അബദ്ധം മാത്രമായിരുന്നു….

അവൾ ഒന്ന് നെടു വീർപ്പിട്ടു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

സൂര്യ…

മുറിയിലേക്ക് കയറും വഴി കട്ടിലിലിരുന്നവനെ കണ്ടിരുന്നെങ്കിലും കണ്ടില്ലെന്ന് നടിച്ചു കിടക്കാനൊരുങ്ങിയപ്പോ
ഴാണ് ആ വിളി ചെവിയിൽ പതിഞ്ഞത്…..

ആ ശബ്ദം കേട്ട് പരിചയ മുള്ളതായിയുന്നെങ്കിലും ആ ശബ്ദത്തിൽ സൂര്യയെന്ന ശബ്ദം കേൾക്കുന്നത് ആദ്യമായായിരുന്നു….

അവൾ കാതുകളെ വിശ്വസിക്കാതെ തിരിഞ്ഞവന്റെ മുഖത്തേക്ക് നോക്കി….

അവൻ അവളെ തന്നെ നോക്കിയിരിക്കുന്നതിൽ നിന്നും ആ വിളി അവൾക് തോന്നിയതല്ലെന്ന് അവളുറപ്പിച്ചു…

സൂര്യ…. എനിക്കൊരു കാര്യം പറയാനുണ്ട്….

ഗാഭീര്യമുള്ള ആ ശബ്ദത്തിനു അപേക്ഷാ സ്വരം ഒട്ടും ചേരുന്നില്ലെന്നവൾക്ക് തോന്നി….

പറഞ്ഞോളൂ….

അവളുടേ ശബ്ദത്തിനോട്ടും മയമുണ്ടായിരുന്നില്ല….
അവന്റെ മുഖവുര എന്തിന് വേണ്ടിയാണെന്ന് അവൾക്കൂഹിക്കാൻ കഴിഞ്ഞിരുന്നു….

ആദ്യമായി താൻ വിളിക്കുമ്പോൾ അതിൽ അലിഞ്ഞു വീഴുന്ന തരം പെണ്ണല്ല അവളെന്നു തോന്നിയിരുന്നെങ്കിലും ഇത്രയേറെ ഗൗരവം അവളുടേ ആ ചോദ്യത്തിനവൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല…..

നാളെ…..എനിക് നാളെ ഓഫീസിൽ അല്പം തിരക്കുണ്ട്….
നമുക്ക് പിന്നീടൊരു ദിവസം പോകാം….

ഞാൻ പറഞ്ഞാൽ അച്ഛൻ സമ്മതിക്കില്ല….
അത് കൊണ്ട്…..

അവൻ പറഞ്ഞു മുഴുവനാക്കിയില്ല…അതിനു മുമ്പേ ശിവ കയ്യുയർത്തി…

അത് കൊണ്ട് കാരണം ഞാനുണ്ടാക്കേണ്ടി വരും അല്ലേ….

അവളത് ചോദിക്കുമ്പോൾ അൽപ നേരം അവൻ ദൂരേക്ക് നോക്കി നിന്നെങ്കിലും പിന്നീട് പതിയേ തലയാട്ടി….

കാണാൻ കൊള്ളാത്ത എന്നെയും കൊണ്ട് പുറത്തിറങ്ങാൻ മകനു വയ്യെന്ന കാരണം മതിയോ…..

അവൾ അത് ചോദിക്കുമ്പോൾ അവന്റെ ഉള്ളൊന്നു പിടഞ്ഞു….

തന്നെ കുറ്റപ്പെടുത്തുന്ന അവളുടേ മൂർച്ചയെറിയ വാക്കുകൾക്ക് അവളുടേ ദുഖത്തിന്റെ നനവ് അവനറിയാൻ കഴിഞ്ഞിരുന്നു….

അവന് തിരിച്ചൊന്നും പറയാൻ കഴിഞ്ഞിരുന്നില്ല…

തന്റെ അവഗണനയിൽ നിന്നും കാരണത്തെ അവൾ മനോഹരമായി വായിച്ചെടുത്തിട്ടുണ്ടെന്ന് അവന് മനസ്സിലായി….

ഞാൻ…..

അവൻ പറഞ്ഞു തുടങ്ങിയതും അവൾ മുഖം തിരിച്ചു….

പിന്നീട് പതിയെ അവനിലേക്ക് തന്നെ തിരിഞ്ഞു..

അതേയ്….. ഈ വീടോ നിങ്ങളുടെ സ്വത്തോ നിങ്ങളെയോ ഒന്നും നഷ്ടപ്പെടാതിരിക്കാനല്ല ഞാനിവിടെ നിൽക്കുന്നത്..

എന്നെ നല്ലൊരു ആൾക്ക് കൈപിടിച്ചു കൊടുത്തെന്ന സന്തോഷത്തിൽ കഴിയുന്ന രണ്ട് മനസ്സുകളുണ്ടെന്റെ വീട്ടിൽ…

കല്യാണം കഴിഞ്ഞ ഉടനെ തിരിച്ചു കയറി ചെന്ന് അവരെ ദുഖിപ്പിക്കാൻ മനസ്സില്ലാത്തത് കൊണ്ട് മാത്രമാനിവിടെ കഴിയുന്നത്..

ബന്ധം രണ്ടാവണമെങ്കിലും അതിനും കുറച്ച് സമയമെടുക്കുമല്ലോ….

അത് വരെ എന്നൊന്നുമില്ല…

കേൾക്കുമ്പോൾ അവർക്ക് താങ്ങാനുള്ള ശേഷി ഉണ്ടാക്കിയെടുക്കുന്നത് വരെ മാത്രം…..

അല്ലാതെ കല്യാണത്തിന് മുന്പേ അയച്ചു തന്ന ഫോട്ടോ ഇയാള് കണ്ടിട്ടില്ലെന്നത് അവരോട് പറയാൻ പറ്റില്ലല്ലോ…..

അവൾ കനത്തിലത് പറയുമ്പോൾ കാശിയൊന്ന് ഞെട്ടി….

ഇതവളെങ്ങനെ അറിഞ്ഞുവെന്ന സംശയം അവനിൽ നിറഞ്ഞു നിന്നു…

അമ്മ പറഞ്ഞത് തന്നെയാവുമെന്നവനൂഹി
ച്ചു….

തന്റെ ശിരസ്സവളുടെ മുന്നിൽ താഴ്ന്നു പോകുമോയെന്നൊരു നിമിഷം അവൻ ഭയപ്പെട്ടു…..

ഇയാൾ പേടിക്കേണ്ട….
എനിക്ക് സമയം വേണമെന്നത് സത്യമാണെങ്കിലും കാശി ആവശ്യപ്പെടുകയാണെങ്കിൽ ആ നിമിഷം ഞാൻ ഇവിടെ നിന്നിറങ്ങി തരും…

സൂര്യ ആർക്കും ഭാരമാവില്ല….
അതോർത്തു ആരും പേടിക്കേണ്ട….

അത്രയും പറഞ്ഞു കൊണ്ട് സൂര്യ കട്ടിലിനോരം ചേർന്ന് കിടന്നു…..

കാശി നേരെ പുറത്തേക്കും….

അത് വരെ പിടിച്ചു വച്ചിരുന്ന കണ്ണു നീർ ധാരയായി അവളുടേ കവിളിലൂടെ ഒലിച്ചിറങ്ങി…

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കാശി നേരെ ചെന്നത് ബാൽക്കണിയിലേക്കായിരുന്നു….

മനസ്സ് തീചൂളയിലെന്ന പോൽ ഉരുകി കൊണ്ടിരുന്നു….

തെറ്റ് ചെയ്തത് താനാണ്…
അത് കൊണ്ട് തന്നെ കുറ്റ ബോധം തന്നെ വരിഞ്ഞു മുറുക്കുന്നു….

അവളുടേ വാക്കുകളത്രയും താനെന്ന ദുഷ്ടന്റെ മേലിലുള്ള അവളുടേ വെറുപ്പാണ്….

എങ്ങനെ വെറുക്കാത്തിരിക്കും….

നിറം കുറഞ്ഞതിന്റെ പേരിൽ അവളെ അവഗണിക്കുന്ന ഒരുവനെ എങ്ങനെ വെറുക്കാത്തിരിക്കും….

നിറം അവളുടേ കുറ്റമല്ലല്ലോ….

ശെരിക്കും അവൾ നിറമില്ലാത്തത് കൊണ്ടാണോ താനവളെ അകറ്റി നിർത്തുന്നത്…

അവളെ സ്നേഹിക്കാൻ തനിക്ക് കഴിയില്ലേന്ന് കരുതുന്നത് എന്ത് കൊണ്ടാണ്….

ചിന്തകൾ പോലും തനിക്കെതിരെ സംസാരിക്കുന്നത് പോൽ….

മനസ്സ് വല്ലാതെ മുറിഞ്ഞു തുടങ്ങിയിരുന്നു..

സ്വസ്ഥത എന്തെന്നറിഞ്ഞിട്ട് ഏറെയായി….

തന്നോടുള്ള ദേഷ്യത്തിന് അവളെന്തായാലും അച്ഛനോട് ഒന്നും പറയില്ലെന്നവനുറപ്പായിരുന്നു….

അപ്പച്ചിയുടെ വീട്ടിൽ പോകുന്നത് ആലോചിക്കുമ്പോൾ അവനു ഭയമായിരുന്നു…

അതൊരിക്കലും അവള് കരുതുന്ന പോലെ അവളെ കൂടെ കൂട്ടാനുള്ള മടി കൊണ്ടല്ല….
മുത്തശ്ശിയെ പേടിച്ചാണ്….

അതവളെ പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യമില്ലല്ലോ….
അതിനുള്ള അർഹതയും തനിക്കില്ല….

എന്തായാലും നാളെ പോയെ തീരു വെന്ന് ആലോചിക്കുമ്പോൾ തന്നെ അവന്റെ നെറ്റി ചുളിഞ്ഞിരുന്നു…

നെടു വീർപ്പോടെ അവൻ മുറിയിലേക്ക് നടന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

കാശി…. നീ ഓഫീസിലേക്ക് പോകും വഴി ആ കുമാരനെ കൂട്ടി പോയി ആ സ്ഥലം കാണണം….

അച്ഛാ…. ഞാൻ… മുത്തശ്ശിയെ കാണാൻ പോവുകയല്ലേ….

ശങ്കരൻ മറന്ന് കൊണ്ടാണത് പറഞ്ഞതെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് കാശിയത് ഓർമിപ്പിച്ചത്…

സൂര്യ മോൾക്ക് വയ്യാതെ എങ്ങനെയാ പോകാ…
അവര് പൊയ്ക്കോട്ടേ… നിങ്ങൾക്ക് പിന്നീടൊരിക്കൽ പോവാം….

ശങ്കരനത് പറഞ്ഞതും കാശിയുടെ മനസ്സിൽ ഒരു തണുപ്പിരചിറങ്ങി….

അവൾക്ക് വയ്യാ… ഞങ്ങൾ പോകണോ എന്നൊക്കെ ചോദിച്ച് രാവിലെ എന്റെ അരികിലേക്കവൾ വന്നപ്പോൾ തന്നെ ഞാൻ പറഞ്ഞതാണല്ലോ വയ്യായ്ക കുറവുണ്ടെങ്കിൽ പോയാൽ മതിയെന്ന്….

അവള് പറഞില്ലേ…

ശങ്കരൻ കയ്യിലുള്ള ചായ മോന്തി അത് ചോദിക്കുമ്പോൾ അവൻ തല കുലുക്കി….

പറഞ്ഞിരുന്നച്ചാ….

അതും പറഞ്ഞവനവിടെ നിന്നും വലിയുമ്പോൾ മനസ്സിൽ ആശ്വാസം തളം കെട്ടി നിന്നു…..

ഇന്നലത്തെ അവളുടേ സംസാരം കേട്ടപ്പോൾ ശെരിക്കും അവളൊരിക്കലും പറയില്ലെന്ന് കരുതിയതാണ്….

അവൻ അവളെ കുറിച്ചൊന്നു ഓർത്തെടുക്കാൻ ശ്രമിച്ചു……

(തുടരും)