രചന – ആയിഷ അക്ബർ
കുളക്കടവിനെ ലക്ഷ്യമാക്കി നടക്കമ്പോഴും രണ്ട് പേരും പരസ്പരം ഒന്നും മിണ്ടിയില്ല….
എന്നാൽ ഇരുട്ടിനെ വകഞ്ഞു മാറ്റാൻ തക്ക വെളിച്ചമുള്ള ഒരു പുഞ്ചിരി രണ്ട് പേരിലും സ്ഥാനം പിടിച്ചിരുന്നു…..
കുളക്കടവിലെത്തിയതും ആദ്യ പടിയിൽ തന്നെ സൂര്യയയിരുന്നു….
എന്തിനാ താനെന്നെ കണ്ടപ്പോൾ കരഞ്ഞത്…..
ഞാൻ വന്നത് ഇഷ്ടപ്പെടാനിട്ടാണോ…
അല്പം കൂടി താഴെക്കിറങ്ങി ഒന്ന് തിരിഞ്ഞ ശേഷമാണ് കാശിയത് ചോദിച്ചത്…
അവന്റെ വാക്കുകളിലെ ഗൗരവത്തിൽ അവളുടേ മുഖത്തൊരു സങ്കടം നിഴലിച്ചു…..
അയ്യോ അത് കൊണ്ടല്ല…
ഞാൻ പെട്ടെന്ന് കണ്ടപ്പോൾ…..
അവൾ അതും പറഞ് തല താഴ്ത്തി….
അവളെ തന്നെ നോക്കി നിന്നിരുന്ന അവൻ കുളത്തിന് നേറെ തിരിഞ്ഞങ്ങനെ നിന്നു……
നീ പറഞ്ഞത് കൊണ്ടല്ലേ ഞാൻ വന്നത്…..
അവനത് ചോദിച്ചപ്പോൾ അവളുടേ കണ്ണുകളൊന്ന് പിടച്ചു……
അവൻ തല മാത്രം ചെരിച്ചു കൊണ്ടവളെ നോക്കി…..
ആ മുഖത് വിരിഞ്ഞു നിന്നിരുന്ന ചിരി അവളെ പാടേ തളർത്തുന്നുണ്ടായിരുന്നു…
ഞാൻ വന്നത് നിന്റെ നൃത്തം കാണാനാണ് എന്നവൻ പറയാതെ പറയുകയാണ്….
അവന്റെ മുമ്പിൽ കളിക്കേണ്ട അവസ്ഥ യാലോചിച്ചു അവളുടെ ഹൃദയമിടിപ്പ് കൂടിയിരുന്നു…..
അവളുടേ മിഴികളുടെ പിടപ്പും കവിളിണകളിൽ പടർന്ന നാണവും നോക്കി അവൻ അൽപ നേരമേ നിന്നതുള്ളു…..
ഷർട്ടിന്റെ ബട്ടൺ അവനഴിച്ചു തുടങ്ങിയപ്പോഴേ അവൾ വേഗം തിരിഞ്ഞിരുന്നു…..
അവളെ തന്നെ ശ്രദ്ധിക്കുന്നത് കൊണ്ട് അവനത് വ്യക്തമായി കണ്ടിരുന്നു…..
അവന് ചിരി വന്നു…..
പോവാം….
കുളിയെല്ലാം കഴിഞ്ഞ് അവൻ വേഷം മാറി വന്നു അവളെ വിളിച്ചപ്പോഴാണ് അവളെഴുന്നേറ്റത്……
അത്ര നേരം എന്തൊക്കെയോ ചിന്തയിലാണ്ട് പോയ അവൾ പെട്ടെന്ന് കുതറി പിടഞ്ഞെഴുന്നേറ്റതും ആ പടവിൽ നിന്നും കാലൊന്ന് തെന്നിയിരുന്നു….
അപ്പോഴേക്കും തണുത്ത അവന്റെ ഇടം കൈ അവളുടേ കയ്യിൽ കയറി പിടിച്ചു….
തന്റെ കൈകൾക്കുള്ളിൽ അവളുടേ കയ്യിന്റെ ചൂട് പടർന്നു തുടങ്ങിയ നിമിഷം അവൻ അവളിലേക്കൊന്ന് നോക്കി….
മിഴികൾ കൊരുത്തെന്ന് തോന്നിയ നിമിഷം തന്നെ അവന്റെ മുഖത്തെ പുഞ്ചിരി തന്നെ കൊളുത്തി വലിക്കുന്നത് കൊണ്ടവൾ പെട്ടെന്ന് കൈ കുടഞ്ഞു കൊണ്ട് മുമ്പിൽ നടന്നു……
അവന്റെ പുഞ്ചിരി ഒന്ന് കൂടി മുറുകി….
അവൻ തലയൊന്നു കുടഞ്ഞു കൊണ്ട് അവൾക്ക് പിറകെ നടന്നു….
നടക്കുന്നതിനിടയിൽ അവളെ ദേഷ്യം പിടിപ്പിക്കാൻ വേണ്ടി ഇടയ്ക്കിടെ അവളുടേ മുടി തുമ്പിൽ പിടിച്ചവൻ വലിക്കുന്നുണ്ടായിരുന്നു…..
രണ്ട് മൂന്നു വട്ടം കാര്യമാക്കാതെ അവൾ നടന്നെങ്കിലും നാലാം തവണയും അവൻ അത് തന്നെ ചെയ്തപ്പോൾ അവൾ നടവഴിയിൽ തന്നെ നിന്നു…..
മുഖം കൂർപ്പിച്ചു അവനെയും നോക്കി കൊണ്ട്…..
നീ വരുന്നില്ലേ….
ചിരി അടക്കി പിടിച്ചു കൊണ്ടാണവനത് ചോദിച്ചത്….
ഇല്ലാ…. ഞാനിന്നിവിടെയാ….
ദേഷ്യത്തോടെ അവളത് പറയുമ്പോൾ ആ കണ്ണുകൾ ഒന്ന് കൂടി വീടർന്നതായി അവന് തോന്നി…..
ഓഹോ….അത് വളരേ നല്ലതാ….
അതും പറഞ്ഞോരിളം ചിരിയാലവൻ തിരിയുമ്പോഴും അവളിലൊരു പുഞ്ചിരിയുടെ നിഴലു പോലുമുണ്ടായിരുന്നില്ല….
എന്നാൽ അവൻ നടക്കാൻ തുടങ്ങിയതും അവൾക്കുള്ളിൽ വല്ലാത്തൊരു ആനന്ദം പീലി വിടർത്തിയിരുന്നു…..
ഈ രണ്ട് ദിവസം ഇങ്ങനെയുള്ള അവന്റെ ഓരോ കുസൃതികളും….
എന്തിന് അവനെ തന്നെ എത്രത്തോളം കാണാൻ തന്റെ കണ്ണുകൾ തുടിച്ചിട്ടിട്ടുണ്ട്….
ഓരോ നിമിഷവും നമ്മളേത്ര മാത്രം ആസ്വദിച്ചിട്ടുണ്ടെന്ന് അറിയാൻ അത് നമ്മളിൽ നിന്നകന്നു പോകണം….
അപ്പോൾ ആ ഓർമ്മകൾ നമ്മളെ എത്രത്തോളം വീർപ്പ് മുട്ടിക്കുമെന്ന് താനറിഞ്ഞതാണ്…..
അവളും അവനിൽ നിന്നൊളിപ്പിച്ചു വെച്ച പുഞ്ചിരിയാൽ അവന് പിറകെ നടന്നു…..
മേശ മേൽ നിരന്നിരുന്ന ഭക്ഷണങ്ങൾക്ക് മുമ്പിൽ കാശിയും ഇരുന്നു….
അവനടുത്തായി ഒഴിച്ചിട്ട കസേരയിൽ സൂര്യയുമിരുന്നു…..
അമ്മായിയും ഇരിക്കു…..
സാവിത്രി ഭക്ഷണങ്ങളോരോന്നായി മേശ മേൽ കൊണ്ട് വെക്കുമ്പോഴായിരുന്നു കാശിയത് പറഞ്ഞത്…..
നീയും ഇരിക്ക്….
കാശി പറഞ്ഞതിന്റെ പിറകെ സാവിത്രി ഇരുന്നപ്പോൾ അവിടെ തന്നെ നിൽക്കുന്ന വീണയെ അവർ തന്നെ വിളിച്ചു……
കാശി വിളിക്കുമെന്നൊരു പ്രതീക്ഷ അവളിലുണ്ടായിരുന്നത് കൊണ്ട് തന്നെ അവൾ അവനെയൊന്നു നോക്കി….
അവൻ അത് ശ്രദ്ധിക്കുന്നെയില്ലെന്ന മട്ടിൽ ഭക്ഷണം കഴിച്ചു തുടങ്ങിയിരുന്നു…..
അല്ലെങ്കിലും തന്റെ വീടല്ലേ… അവനെന്തിനു വിളിക്കണം എന്ന് സ്വയം ആശ്വസിപ്പിച്ചു കൊണ്ട് സാവിത്രീക്കരികിലായി അവളും ഇരുന്നു…..
ആരെയും ഒരു പരിചയക്കുറവ് ഇല്ലാത്തത് പോലെയായിരുന്നു അവന്റെ ഇട പെടലുകളൊക്കെയും ……
എല്ലാവരിലേക്കും ഇറങ്ങി ചെല്ലാൻ അവന് പെട്ടെന്ന് കഴിയുമെന്ന് ആലോചിച്ചു കൊണ്ട് സൂര്യ അവനെയൊന്ന് നോക്കിയിരുന്നു…..
മുത്തശ്ശനും മുത്തശ്ശിയും അവനോട് എത്ര പെട്ടെന്നടുത്തു…..
അവരുടെ സ്വന്തം പേരക്കുട്ടിയല്ല അവനെന്ന് അവർക്കറിയില്ലെങ്കിലും അവനറിയാമല്ലോ…..
എന്നിട്ടും ഒരു ചെറിയ അകൽച്ച പോലും അവരിലുണ്ടാക്കാതിരിക്കാൻ അവൻ ശ്രമിക്കുന്നത് കാണുമ്പോൾ അവൾക്കവനോട് അലിവിലേറെ ഒരു ആദരവ് തോന്നി…..
ഭക്ഷണം കഴിച് കഴിഞ്ഞ് പതിവ് പോലെ മുത്തശ്ശിക്കും മുത്തശ്ശനുമൊപ്പം സംസാരിക്കാൻ അവനുമിരുന്നു…..
ഞങ്ങളുടെ രാജേഷ്വരി അപ്പച്ചിയുടെ മോൾടെ വളയിടീക്കലാണ് തിങ്കളാഴ്ച…..
അതിനു ഇവരെ രണ്ട് പേരെയും കൂട്ടി കൊണ്ട് വരാൻ കൂടി പറഞ്ഞയച്ചതാണ് അച്ഛനെന്നെ…..
ഡേറ്റ് ഫിക്സ് ചെയ്തയത് പെട്ടെന്നായിരുന്നു….
അല്ലെങ്കിൽ അത് കൂടി കഴിഞ്ഞിട്ട് ഇവർക്കിങ്ങോട്ട് പോന്നാൽ മതിയായിരുന്നു…
കാശി അത് പറഞ്ഞപ്പോൾ വീണക്ക് തല ചുറ്റുന്നത് പോലെ തോന്നി…..
കാശിയുടെ കൂടെ തന്നെ തിരിച്ചു പോകണമെന്നു ആലോചിക്കുമ്പോൾ അവൾക്ക് വല്ലാത്ത ദേഷ്യം തോന്നി…..
കുറച് ദിവസം വീട്ടിൽ നിന്നിട്ടെ തിരിച്ചു പോകൂ യെന്ന് കരുതിയതാണ്…..
അവൾ പല്ലുകൾക്കിടയിൽ ദേഷ്യം കടിച്ചമർത്തി…..
ഇതിനാണ് വന്നതല്ലേ….
എന്ന അർത്ഥത്തിൽ സൂര്യ കാശിയെ ഒന്ന് നോക്കി…..
അവനവൾക്ക് നേരെയൊന്നു കണ്ണിറുക്കി കാണിച്ചു……
അവൾ പെട്ടെന്ന് നോട്ടം മാറ്റി…..
അമ്മാവൻ വരാൻ ഒത്തിരി വൈകുവോ….
അവൻ കച്ചവടത്തിന് പോയതാ കുഞ്ഞേ..
ഇനി രണ്ട് ദിവസം കഴിഞ്ഞ് നോക്കിയാ മതി….
അവൻ ചോദിക്കുമ്പോഴും മുത്തശ്ശി തിരിച്ചുത്തരം പറയുമ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ എതിർ വശത്തിരിക്കുന്നവളെ തഴുകി കൊണ്ടിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കിടക്കാൻ നേരം അവൻ മുറിയിലേക്ക് വരും മുൻപ് തന്നെ അവൾ കിടക്ക വിരി നല്ലൊരെണ്ണം വിരിച്ചിട്ടിരുന്നു……
അവൻ മുറിയിലേക്ക് കടന്നതും നാല് പുറമോന്നു നോക്കി…..
നീ ഇത്ര വലിയ കലാകാരിയായിരുന്നോ….
ചുമരിൽ തന്റെ ഓരോ ചിത്ര പണികൾ നോക്കി അവനത് പറയുമ്പോൾ അവൾകാകെ നാണം തോന്നിയിരുന്നു….
കാരണം അതത്ര നന്നായിട്ടില്ലെന്ന് അവൾക്ക് തന്നെ ബോധ്യമുണ്ടായിരുന്നു..
അവൻ കട്ടിലിലേക്കിരുന്നു…..
മിഴികൾ വീണ്ടും അവളിലേക്ക് തന്നെ നീങ്ങി കൊണ്ടിരുന്നു….
നീയാകെ മാറിയത് പോലെ…
ഞാൻ കാണാത്തൊരു സൂര്യയെ പോലെ……
കട്ടിലിനരികിലായി നിൽക്കുന്ന അവളെ കണ്ണിമ വെട്ടാതെ നോക്കി അവനത് പറയുമ്പോൾ ആ മാറ്റവും അവനിഷ്ടപ്പെട്ടുവെന്ന് അദരങ്ങളിൽ പറ്റിപ്പിടിച്ച പുഞ്ചിരി വിളിച്ചോതുന്നുണ്ടായിരുന്നു……
അവന്റെ നോട്ടത്തെ നേരിടാനുള്ള ശക്തി ഈയിടെയായി തന്റെ മിഴികൾക്ക് തീരെ നഷ്ടപ്പെട്ടിരിക്കുന്നു…..
ഞാൻ…. വെള്ളം എടുത്തില്ല….
അതും പറഞ്ഞവൾ വേഗം പുറത്തേക്ക് നടന്നു…..
അവളുടേ മുഖത് പടർന്ന വികാരങ്ങളെല്ലാം ഒപ്പിയെടുത് ഒരു ചെറു ചിരിയാൽ അവനുമിരുന്നു….
അവൻ പറഞ്ഞത് ശെരിയാണ് …. ഇവിടെ വന്നതിൽ പിന്നെ താൻ ആ പഴയ സൂര്യ യായി മാറിയിരിക്കുകയാണ്……
അവനുറങ്ങട്ടെയെന്ന് കരുതി കുറച്ചു നേരം അടുക്കളയിൽ തന്നെ നിന്ന ശേഷമാണ് അവൾ മുറിയിലേക്ക് പോയത്….
മുറിയിലെത്തിയപ്പോൾ ആഗ്രഹിച്ചത് പോലെ തന്നെ അവനുറങ്ങിയിട്ടുണ്ട്……
ശെരിക്കും താൻ ആഗ്രഹിക്കുന്നത് അത് തന്നെയാണോ….
കുറച് നേരം കൂടി സംസാരിക്കണമെന്ന് മനസ്സ് അതിയായി ആഗ്രഹിക്കുന്നില്ലേ…..
എങ്കിലും നന്നായി…..
ഇനിയും സംസാരിച്ചു അവന്റെ ഉള്ളു തുറന്നാൽ തിരിച്ചൊന്നും പറയാൻ കഴിയാതെ നിൽക്കാനെ തനിക്കാവൂ….
ശബ്ദമുണ്ടാക്കാതെ അവൾ കയ്യിലുള്ള ജഗ് മേശക്ക് മുകളിൽ വെച്ചു….
അവിടെ ആയിരുന്നപ്പോൾ മുറിക്ക് നടുവിലായി കട്ടിൽ കിടക്കുന്നത് കൊണ്ട് തന്നെ രണ്ട് പേർക്കും രണ്ട് വശത്തു നിന്നും കട്ടിലിലേക്ക് കിടക്കാം…..
അവിടെ അത്രമാത്രം വിശാലമായ മുറിയാണ് താനും….
എന്നാൽ ഇവിടെ ചെറിയ മുറിയല്ലേ…. അത് കൊണ്ട് തന്നെ കട്ടിലിന്റെ ഒരു വശം ചുവരിനോട് ചാരിയാണ് കിടക്കുന്നത്….
അവൻ കട്ടിലിന്റെ തെല്ലിനായി കിടക്കുന്നത് കൊണ്ട് തന്നെ അരിക് വശത്തേക്ക് കയറണമെങ്കിൽ അവനെ കടന്ന് പോകണം….
അവൾ തെല്ലൊരു നിരാശയോടെ നിന്ന ശേഷം പതിയേ ശബ്ദമുണ്ടാക്കാതെ അവന്റെ കാലുകൾ കടന്നു അരികിൽ സ്ഥാനം പിടിച്ചു…
അവൻ ഉണർന്നില്ലെന്ന ആശ്വാസത്തിൽ അവൾ കിടന്നു…..
അവൻ അപ്പുറത്തേക്ക് തിരിഞ്ഞു കിടക്കുന്നത് കൊണ്ട് തന്നെ അവൾ ചുമരിലേക്ക് മുഖം തിരിച്ചാണ് കിടന്നത്…..
അൽപ നേരം കഴിഞ്ഞപ്പോഴാണ് തന്റെ വയറിലൂടെ ഒരു പിടുത്തം വരുന്നത് അവളറിഞ്ഞത്….
അവളുടേ ഹൃദയമിടിപ്പ് കൂടി….. ശ്വാസമെടുക്കാൻ കഴിയാത്ത വണ്ണം അവളൊന്ന് വിയർത്തു….
കണ്ണുകൾ ഇറുകേ പൂട്ടി…. അനങ്ങാൻ പോലും കഴിയാത്തൊരവസ്ഥ…..
അവന്റെ കയ്യിന്റെ ചൂട് തന്റെ മേൽ പതിക്കുമ്പോൾ താനത്ര മാത്രം തളർന്നു പോകുകയാണെന്ന് അവൾക്ക് തോന്നി…..
ഇങ്ങനെ ജീവിത കാലം മുഴുവൻ ഞാൻ നിന്നെ മുറുകെ പിടിച്ചോട്ടെ…..
പതിഞ്ഞ ശബ്ദത്തിൽ കാതോട് ചേർന്ന് വന്നാണ് അവനത് ചോദിച്ചതെങ്കിലും അത്രമേൽ പ്രണയർദ്രമായിരുന്നാ വാക്കുകൾ…..
അപ്പോഴേക്കും കയ്യിലെ പിടുത്തം ഒന്ന് കൂടി മുറുകുന്നത് അവളറിഞ്ഞു….
പിൻ കഴുത്തിൽ അവന്റെ ശ്വാസം തട്ടുമ്പോൾ അവളറിയാതൊരു കിതപ്പ് അവളിൽ നിന്നുയർന്നു….
(തുടരും)

by