16/04/2026

അതിസുന്ദരി : ഭാഗം 08

രചന – ആയിഷ അക്ബർ

വീട്ടിലെത്തിയതും എല്ലാവരും തിരിച്ചു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു….

കാശിക്ക് പ്രത്യേകിച്ച് ഒന്നും ഒരുക്കാനില്ലെങ്കിലും അങ്ങോട്ട് പോകുന്നത് ആലോചിക്കുമ്പോൾ മനസ്സ് മടുത്തു തുടങ്ങിയിരുന്നു…..

ആ നാടിനോടും വീടിനോടും യാത്ര പറയുന്ന സങ്കടം സൂര്യയിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും തന്റെ പോകലൊരു താത്കാലികമാണെന്ന് അവൾക്കറിയാമായിരുന്നു….

അവന്റെ മനസ്സിലുള്ളതെല്ലാം അവൻ തുറന്ന് പറയുന്നത് വരെ മാത്രമേ ഒരു പക്ഷേ തനിക്കവിടെ നിൽക്കാൻ കഴിയു എന്നവൾക്കുറപ്പായിരുന്നു….

എന്തെന്നാൽ അവൻ അയച്ചു കൊടുത്ത ഫോട്ടോ നോക്കിയിട്ടില്ലെന്നും നിന്നെ മനസ്സ് കൊണ്ട് ഇഷ്ടപ്പെട്ടില്ലെന്നും തന്നോട് നേരിട്ട് പറഞ്ഞാൽ പിന്നേ തന്റെ അഭിമാനത്തെ വ്രണപ്പെടുത്തി തനിക്കൊരിക്കലും അവിടെ നിൽക്കാൻ കഴിയില്ലെന്നും അവൾക്കറിയാമായിരുന്നു…

കണ്ട സ്വപ്നങ്ങളെല്ലാം വിദൂരത്താണ്…..
വിവാഹത്തോടെ കുഴിച്ചു മൂടിയ സ്വപ്‌നങ്ങൾ ഭ്രാതമായൊരു പ്രണയത്തോടെ തന്നെ പുൽകും പോലെ….

ഈ വിവാഹത്തെ കുറിച് ഞാൻ ഇപ്പോൾ കൂടുതലൊന്നും സ്വപ്നം കാണുന്നില്ല……

അവിടെ നിന്ന് പോരേണ്ടി വന്നാലും മുത്തശ്ശനും മുത്തശ്ശിക്കും അടുത്തേക്ക് പോകില്ല….

നിറഞ്ഞ അവരുടെ മിഴികളോർക്കുമ്പോൾ മനസ്സ് നീറുന്നു…..

വയ്യാതിരിക്കുന്നു അവരിലേക്ക് ഇനിയും ഒരു പ്രയാസത്തെ കൊടുത്ത് പരീക്ഷിക്കാൻ വയ്യ……

നിറഞ്ഞൊഴുകുന്ന കണ്ണുകൾ അമർത്തി തുടച്ചു സൂര്യ മുറിയിലേക്ക് നടന്നു…..

അപ്പോഴേക്കും ഒരു മികച്ച അഭിനേതാവിനെ പോൽ കാശി കട്ടിലിൽ കയറി ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു….

സൂര്യക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല…

അവന്റെ മുഖത്ത് നോക്കാതെ തന്നെ ആ രാത്രിയും കഴിഞ്ഞ് പോകുന്നതിൽ അവൾക്കല്പം ആശ്വാസം തോന്നി…..

വാതിലടച്ചവൾ കട്ടിലിൽ കിടക്കുമ്പോഴും കട്ടിലിൽ കൃത്യമായി പാലിച്ചു വെച്ച ആ അകലം നോക്കി അവളൊന്നു ചിരിച്ചു…. അങ്ങേയറ്റം പുച്ഛത്തോടെ…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് എല്ലാവരുടെയും കൂടെ അവളുടെ ശരീരവും യാത്രയിലായിരുന്നു…..

എന്നാൽ മനസ്സ് മുഴുവൻ അവളുടേ സ്വന്തങ്ങൾക്കിടയിൽ ചുറ്റി കിടന്നു……

നാളെ മുതൽ താനിവിടെ നിന്നും ഒത്തിരി ദൂരെയാണെന്ന് അവളോർത്തു….

മുത്തശ്ശനും മുത്തശ്ശിയും സ്നേഹത്തോടെ തലോടാൻ തന്റെ അരികിലുണ്ടാവില്ല….

മുറ്റത്ത് തനിക്കേറ്റവും ഇഷ്ടമുള്ള തൈരൂട്ടി മാങ്ങ അനാഥമായി കിടപ്പുണ്ടാവും…

കണ്ണന്റെയും വിദ്യയുടെയും കണ്ണുകൾ നാളെ മുതൽ തന്നെ തേടി തറവാട്ട് മുറ്റത്തെത്തില്ലാ…..

സ്വന്തങ്ങളെ അകറ്റി നിർത്തി തികച്ചും അന്യരായ ആളുകളുടെ കൂടെ ലക്ഷ്യമില്ലാത്ത ഒരു യാത്രയായി അതിനെ അവൾക്ക് തോന്നി…..

ഭർത്താവിന്റെ വീട്ടിൽ പോകുന്ന ഏതൊരു പെൺകുട്ടിയുടെയും അവസ്ഥ ഒരു പക്ഷെ ഇത് തന്നെയായിരിക്കാം…..

എന്നാൽ അതിലെല്ലാം ധൈര്യം കണ്ടെത്തുന്നത് ഭർത്താവെന്ന ഒരാളിൽ മാത്രമായിരിക്കും…..

എന്നാൽ തനിക്ക് അങ്ങനൊരു ആശ്വാസത്തിനിടം ഉണ്ടോ….
അവൾ സ്വയം ചോദിക്കുമ്പോഴും ഉത്തരമില്ലാത്തത് കൊണ്ടാവാം മനസ്സ് പോലും നിശ്ചലമായത്.. .

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവരാ വീട്ടിലേക്കെത്തിയപ്പോൾ രാത്രിയായിരുന്നു…..

യാത്രാ ക്ഷീണം നന്നേ പിടി മുറുക്കിയതിനാൽ ഒന്ന് കിടക്കാൻ മനസ്സ് വല്ലാതെ കൊതിച്ചിരുന്നു…..

ആ വീടിന്റെ മുറ്റത്ത് ഇറങ്ങിയപ്പോഴും ഇരുട്ട് കൊണ്ടൊന്നും വ്യക്തമായിരുന്നില്ല….

എന്നാൽ ഞങ്ങളവിടെ ഇറങ്ങിയതും ഉയരം കുറഞ്ഞൊരു മനുഷ്യൻ വന്ന് ചാവി കൊണ്ട് വന്ന് വാതിൽ തുറന്ന് ലൈറ്റ് ഓൺ ചെയ്തപ്പോഴാണ് കൊട്ടാര സമാനമായ ആ വീടിന്റെ ഭംഗി കണ്ണിലേക്കു തുളച്ചു കയറിയത്….

വീണയുടെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു…..

മുൻപ് കാണുമ്പോഴുള്ളതിനേക്കാൾ ഇന്നീ വീട് അവളെ എത്രത്തോളം സന്തോഷത്തിലാക്കുന്നുവെന്ന് അവളുടേ മുഖത്തെഴുതി വെച്ചിരുന്നു….

ഇന്നിതിന്റെയെല്ലാം അവകാശി താൻ കൂടിയാണെന്നോർക്കുമ്പോൾ അവൾക്ക് അതിരറ്റ സന്തോഷം തോന്നി…….

അവൾ സൂര്യയിലേക്ക് നോക്കി….

ആ വീട് കണ്ടതിലുള്ള ഞെട്ടൽ സൂര്യയുടെ മുഖത്ത് കണ്ടതും വീണ ഉള്ളിലൂറി ചിരിച്ചു…..

ഞങ്ങൾക്ക് ഒരൊറ്റ മകനേയുള്ളു…. അതാണ്‌ കിരൺ…. ഞങ്ങളുടെ എല്ലാ സ്വത്തുക്കളുടെയും ഒരേയൊരു അവകാശി….

അപ്പച്ചിയുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുമ്പോൾ വല്ലാത്തൊരു കുളിര് തോന്നിയിരുന്നവൾക്ക്….

അപ്പച്ചിക്ക് അത് തുറന്ന് പറയാൻ തോന്നിയ നേരത്തെ ഓർത്ത് അവൾകങ്ങേയറ്റം ആശ്വാസം തോന്നി…
അല്ലെങ്കിലൊരു പക്ഷെ താനിന്ന് ഒന്നുമില്ലാത്ത കാശിയുടെ ഭാര്യയാകുമായിരുന്നു…..

അപ്പോഴേക്കും അകത്തു പ്പോയി നില വിളക്കും ആരതിയുമായി ജാനകി വന്നു……

രണ്ട് പേരും അകത്തേക്ക് കയറുമ്പോഴും കിരൺ വീണയോട് ചേർന്ന് നിൽക്കാൻ ആഗ്രഹിക്കുന്നതിലേറെ കാശി സൂര്യയിൽ നിന്ന് അകന്ന് നിൽക്കാൻ ശ്രമിച്ചിരുന്നു……

ഇതാണ് നമ്മുടെ മുറി….
കിരണിന്റെ മുറി താഴെയായിരുന്നത് കൊണ്ട് തന്നെ അകത്തേക്ക് കയറിയ ഉടനെ അവൻ അവൾക്ക് നേരെ മുറി കാണിച്ചു……..

കാശിയുടെ മുറി മുകളിലാണ് …..അവൻ വന്നിട്ട് അവനോടൊപ്പം പോകാം……

ഏത് ദിക്കിലേക്ക് പോകണമെന്നറിയാതെ നിന്നിരുന്ന സൂര്യയോട് ശങ്കരനത് പറഞ്ഞപ്പോഴേക്കും പുറത്തായിരുന്ന കാശി അകത്തേക്ക് കയറി വന്നിരുന്നു……

കാശി നടന്നതിന് പിറകെ അവളും നടന്നു….

മനോഹരമായ കോണിപ്പടികൾ കയറി അവനെയവൾ പിന്തുടരുമ്പോൾ ഫോണിലേക്ക് കാൾ വന്നതും അവനൊന്നു നിന്നു…..

അവൻ കുറച്ച് നേരം സംസാരിച്ചു നിൽക്കുമ്പോൾ അവന്റെ പിറകെ തന്നെ നിൽക്കുന്നത് അവൾക്കാരൊചകമായി തോന്നി….

അവൾ പതിയേ നടന്നു തുടങ്ങി…..

വിശാലമായ ഒരു ഹാളിന്റെ ഇരു വശവും മുറികൾ കാണുന്നുണ്ട്…..

അവൾ വീണ്ടും മുമ്പിലേക്ക് നടന്നു…..

ഹേയ്…..പിറകിൽ നിന്നുമുള്ള ആ വിളി ആരുടേതായിരിക്കുമെന്ന് അവളൊരു നിമിഷം ചിന്തിച്ചു….

കാരണം പിറകിൽ നിൽക്കുന്നവനിൽ നിന്നങ്ങനൊന്ന് അവളോട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടായിരുന്നത്…..

എന്നാൽ തിരിഞ്ഞു നോക്കിയ അവൾ അക്ഷരാർത്ഥത്തിൽ ഞെട്ടി യിരുന്നു….

ഇവിടെ…..

എന്തെന്ന ചോദ്യമാണ് മുഖത്ത് വരുത്താൻ ശ്രമിച്ചതെങ്കിലും തന്റെ ഞെട്ടൽ അതിനേക്കാൾ മുഖത്ത് തെളിഞ്ഞു കാണുമോയെന്ന ഭയത്തിൽ നിൽക്കുന്നവളോടത് പറഞ്ഞ് കൊണ്ട് ആ മുയിലേക്കാവൻ കയറിയതും അവളും തിരിഞ്ഞു നടന്നു…..

ആദ്യമായി അവനിൽ നിന്നുതിർന്ന വാക്കുകൾ അവളൊന്നോർത്തെടുക്കാൻ ശ്രമിച്ചു……

ഒരു കുഞ്ഞ് വീടിനു സമാനമായി അവൾക്കാ മുറി തോന്നി…..

ഭംഗിയുള്ള ഓരോന്നും അതാത് സ്ഥാനത് മുറിയെ അലങ്കരിക്കാനെന്ന വണ്ണം വെച്ചിരിക്കുന്നു….

അടുക്കി വെച്ച പുസ്തകങ്ങൾ ഒരു വശത്……

അവൻ അവന്റെ ലോകത്തെത്തിയത് മുഖഭാവത്തിൽ നിന്നും അവൾക്ക് മനസ്സിലായിരുന്നു…..

അലമാര തുറന്ന് ടവലും അവന്റെ ഡ്രെസ്സുകളുമെടുത്തു കൊണ്ട് അവൻ ബാത്റൂമിലേക്ക് കയറി….

അവൾക്കും ഒന്ന് കുളിക്കണമായിരുന്നു….
മനസ്സിന്റെയും ശരീരത്തിന്റെയും ചൂടിനല്പം ആശ്വാസമേകാൻ….

അവൾ അവളുടേ ബാഗ് അവിടെ ഒരു വശത്തു വെച്ചു……

നെറ്റിയിൽ തൊട്ട പൊട്ട് കയ്യിലെടുത്തു…..

കെട്ടി വെച്ച മുടി പതിയേ അഴിച്ചു……

ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്ന കാശി കാണുന്നത് പുറം തിരിഞ്ഞു നിൽക്കുന്ന സൂര്യയെയാണ്……

അവന്റെ കണ്ണുകളൊരു നിമിഷം അഴിഞ്ഞുലഞ്ഞു കിടക്കുന്ന അവളുടേ മുടിയിൽ പതിഞ്ഞു…..

കറു കറുത്ത കട്ടിയുള്ള ആ മുടി ഏകദേഷം മുട്ടോളം നീണ്ടു കിടക്കുന്നുവെന്ന് തോന്നി….

ആ കാർകൂന്തൽ അവനെ ഏതോ ഓർമയിലേക്കെന്ന പോൽ കൂട്ടികൊണ്ട് പോകുന്നുണ്ടായിരുന്നു….

നീളൻ മുടികളിൽ പറ്റിപ്പിടിച്ച കാച്ചെണ്ണയുടെ മണം അവനിൽ ചൊരിഞ്ഞത് വാത്സല്യമായി അവന് തോന്നി…..

അവനൊരു നിമിഷം കണ്ണിമ വെട്ടാതെ ആ മുടിയിൽ കണ്ണ് നട്ടിരുന്നു…

അവനപ്പോഴും ഓർമകളുടെ കുത്തൊഴുക്കിലായിരുന്നു….

കാശി……

അച്ഛന്റെ ശബ്ദത്തിലുള്ള വിളി കാതുകളിൽ പതിഞ്ഞതും അവൾ തന്നിലേക്ക് തിരിഞ്ഞതും ഒരുമിച്ചായിരുന്നു….

അവൻ ടവൽ അവിടെ വെച്ച് താഴേക്ക് നടന്നു….

അവൾ തന്നിലേക്ക് നോക്കിയ ആ സമയം തന്നെ അച്ഛൻ വിളിച്ചതൊരു കണക്കിന് നന്നായെന്നവന് തോന്നി….

അല്ലെങ്കിൽ അവൾ തിരിയുമ്പോൾ അവളുടേ സ്ഥാനത് തന്റെ മനസ്സ് മാറ്റാരെയെങ്കിലും പ്രതീക്ഷിക്കുമായിരുന്നു….

അപ്പോഴും ഹൃദയത്തിൽ വല്ലാത്തൊരു നീറ്റൽ ബാക്കി നിൽക്കുന്നത് അവനറിഞ്ഞിരുന്നു…..

(തുടരും )