The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ആയിഷ അക്ബർ
അകത്തു ബാത്റൂമിൽ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേൾക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തി അവൾ തിരച്ചിൽ തുടരുമ്പോൾ പ്രത്യേകിച്ച് ഒന്നും അവൾക്ക് കണ്ടെത്താനായിരുന്നില്ല….
അലമാരയിൽ ഡ്രെസ്സുകളടക്കം അയാളുടെതേയ എല്ലാം വെച്ചിരുന്ന ഭാഗം മുഴുവൻ അവൾ തിരഞ്ഞ് നോക്കി…..
എന്നാൽ പ്രത്യേകിച്ചൊന്നും അവിടെ നിന്നവൾക്ക് കിട്ടിയില്ല…
ബാത്‌റൂമിലെ വെള്ളത്തിന്റെ ശബ്ദം വീണ്ടും വീണ്ടും ഉറപ്പ് വരുത്തുന്നതോടൊപ്പം ആരെങ്കിലും വരുന്നുണ്ടോ എന്നും അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു…
ഇങ്ങനെ ഒളിച്ചൊരു കാര്യം ചെയ്യുന്നത് ആദ്യമായത് കൊണ്ട് തന്നെ അവൾ വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു….
അപ്പോഴും അവന്റെ മുഖമായിരുന്നു മനസ്സ് നിറയെ..
ഒന്നും കിട്ടിയില്ലെന്നു കണ്ടതും അവളിൽ വല്ലാത്തൊരു നിരാശ നിറഞ്ഞു……
എവിടെ നിന്ന് തുടങ്ങണമെന്നോ എവിടെ അവസാനിപ്പിക്കണമെന്നോ അറിയില്ല….
അവനെ എങ്ങനെയെങ്കിലും രക്ഷിക്കണം…. അത് മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളു…
എന്നാൽ ഒന്നും അവിടെ നിന്ന് കിട്ടാത്തത് കൊണ്ട് തന്നെ എന്ത് ചെയ്യണമെന്നറിയുന്നുണ്ടായിരുന്നില്ല…..
അവസാനമായി മുറിയുടെ ഒരു മൂലയിലിരിക്കുന്ന മരത്തടി കൊണ്ട് നിർമിച്ച ആ മേശവലിപ്പ് കൂടി അവളൊന്ന് വലിച്ചു നോക്കി….
അതിലും പ്രത്യേകിച്ചൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കുറച്ച് ഫയലുകൾ കിടക്കുന്നത് കണ്ടു…..
അതവൾ കയ്യിലെടുത്തതും ബാത്റൂമിലെ വെള്ളത്തിന്റെ ശബ്ദം നിലച്ചതും ഒരുമിച്ചായിരുന്നു…
പെട്ടെന്ന് തന്നെ അവൾ മേശ വേഗം അടച്ചു കൊണ്ട് മുറിയിൽ നിന്നും പുറത്തേക്ക് നടന്നു…..
ഹാളിലൊന്നും ആരും ഇല്ലാത്തത് കൊണ്ട് തന്നെ അവൾ വേഗം കോണിപ്പടികൾ കയറി മുറിയുടെ വാതിലടച്ചു കൊണ്ട് കട്ടിലിലേക്കിരുന്നു….
അപ്പോഴാണവൾ തന്റെ കയ്യിൽ പെട്ട് പോയ ആ ഫയലുകളിലേക്ക് നോക്കിയത്…..
പെട്ടെന്നുള്ള വെപ്രാളത്തിൽ എടുത്ത് പോയതാണ്….
ആരും കാണാതെ എത്രയും പെട്ടെന്ന് അതവിടെ കൊണ്ട് വെക്കേണ്ടതും അത്യാവശ്യമായിരുന്നു…..
അവൾ അത് അലസമായി ബെഡിലേക്കെറിഞ്ഞു….
ഉള്ളിലെ കിതപ്പപ്പോഴും ഒതുങ്ങിയിട്ടില്ലായിരുന്നു…..
അവൾ രണ്ട് കയ്യും കൊണ്ട് മുഖവും പൊത്തി കുറച്ചു നേരം അങ്ങനെ ഇരുന്നു…..
പിന്നെ ബാത്റൂമിലേക്ക് കയറി ടാപ്പിൽ നിന്ന് വെള്ളം കയ്കുമ്പിളിലാക്കിയെടുത്തു കൊണ്ട് മുഖം ഒന്ന് കഴുകി……
അവൾ വിചാരിച്ചത് പോലെ ആ മുറിയിൽ നിന്നും ഒന്നും കിട്ടാത്തത് അവളിൽ വല്ലാത്തൊരു നിരാശ നിറച്ചിരുന്നു….. ഒപ്പം ഇനിയെന്ത് ചെയ്യും എന്നൊരു ചോദ്യവും….
ചിന്തകൾക്കൊടുവിൽ അവളുടേ കണ്ണുകൾ വീണ്ടും ആ ഫയലിൽ പതിഞ്ഞു…..
മനപ്പൂർവം എടുത്തതല്ലെങ്കിൽ കൂടി അവളതെടുത്തു ഒന്ന് കൂടി മറിച്ചു നോക്കി….
ഓഫീസിലെ യും ഫാക്ടറികളിലെയും എന്തൊക്കെയോ കണക്കുകളായിരുന്നത്….
അവളത് മടക്കി വെച്ച് കൊണ്ട് അതുമായി താഴേക്ക് നടക്കാനൊരുങ്ങിയതും അതിൽ നിന്നെന്തോ ഒന്ന് താഴേക്ക് വീണിരുന്നു..
അവളതെടുത്തു നോക്കി.
ഒരു വിസിറ്റിംഗ് കാർഡ് ആയിരുന്നത്…..
അതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ലെങ്കിൽ കൂടി പെട്ടെന്ന് ആ സ്ഥാപനത്തിന്റെ പേര് അവൾക്ക് പരിചയം തോന്നിയിരുന്നു….
അവളൊന്ന് കൂടി അതിലേക്ക് സൂക്ഷിച്ചു നോക്കി….
കണ്ടതിന്റെ ബാക്കി ഭാവനയിൽ മെനഞ്ഞെടുത്തവൾ ആ വിസിറ്റിംഗ് കാർഡിലുള്ള അഡ്രെസ്യും ഫോൺ നമ്പറും ഒരു പുസ്തകത്തിലേക്ക് എഴുതി വെച്ചു….പിന്നീട് പതിയേ താഴെക്കൊന്നിറങ്ങി നോക്കി…..
മുറിയിൽ എപ്പോഴും ചടഞ്ഞു കൂടിയിരിക്കുന്ന അവരില്ലാത്ത സമയം നോക്കി ആ മുറിയിലേക്ക് കയറി പറ്റുക എന്നത് വലിയൊരു കടമ്പയായിരുന്നു….
എങ്കിലും ചെയ്തത് ഓർത്ത് മനസ്സിലെവിടെയോ ഒരു പ്രതീക്ഷ നിറഞ്ഞിരുന്നു..
ഡെയിനിങ് ടേബിൾ കടന്ന് വേണം അവരുടെ മുറിയിലേക്കെത്താനുള്ളത് എന്നത് കൊണ്ട് തന്നെ ഭക്ഷണം കഴിക്കുമ്പോൾ കൊണ്ട് വെക്കാമെന്ന പ്രതീക്ഷ വെച്ചിട്ടും കാര്യമില്ലായിരുന്നു….
അവൾക്കല്പം ഭയം തോന്നി..
ഇനിയൊരു പക്ഷെ അയാൾ വന്നു അതവിടെ ഇല്ലെന്ന് കണ്ടാലോ…..
എങ്ങനെയെങ്കിലും അതവിടെ എത്തിക്കണമെന്ന ഉറച്ച ചിന്തയിൽ അവൾ അവരെ നിരീക്ഷിച്ചു കൊണ്ടേയിരുന്നു അന്നത്തെ ദിവസം മുഴുവൻ……
എന്നാൽ കാത്തിരുന്ന സമയം വന്നത് വൈകുന്നേരമായിരുന്നു….
എന്നും ഡൈനിംഗ് ടേബിളിലിരുന്ന് ചായ കുടിക്കുന്ന അവർ അന്ന് എന്തോ ഭാഗ്യം കൊണ്ട് സിറ്റ് ഔട്ടിലേക്ക് നീങ്ങി…
താൻ മനസ്സുരുകി പ്രാർത്തിച്ചത് കൊണ്ടായിരിക്കാം ഒരു പക്ഷേ…..
അവൾ വേഗം ആ ഫയൽ അവിടെ തന്നെ വെച്ച് മുറിക്ക് പുറത്തിറങ്ങിയപ്പോഴായിരുന്നു ശ്വാസം നേരെ വീണത്… 🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹നാളെ…….നാളെ വിദ്യയോടൊപ്പം ഞാനൊന്നു പുറത്ത് പൊയ്ക്കോട്ടേ….
ഒന്ന് മടിച്ചാണ് അവളത് അവനോട് ചോദിച്ചത്…..
അവൾ വരാൻ വേണ്ടിയായിരുന്നു താനീ രണ്ട് ദിവസം കാത്തു നിന്നത്…..
ഒപ്പം കണ്ണനും എത്തിയിട്ടുണ്ട്…..
കാശിയുടെ ഓഫീസിൽ ജോയിൻ ചെയ്തിട്ടുണ്ടെന്ന് അവൻ തന്നെ പറഞ്ഞാണ് താനറിഞ്ഞത്….
കാശി തന്നോട് പ്രത്യേകിച്ചൊന്നും മിണ്ടാറില്ല….
അല്ലെങ്കിലും തനിക് മിണ്ടാൻ വേണ്ടിയാണല്ലോ അവൻ സമയം തന്നിരിക്കുന്നത്…….
നാളെയല്ലേ സ്നേഹയുടെ എൻകെജ്‌മന്റ്…..
കയ്യിലുള്ള വാച്ച് അഴിച് വെക്കുന്നതിനിടക്ക് അവൻ മുഖത് നോക്കാതെയാണത് പറഞ്ഞത്……
അത് ഉച്ചക്കല്ലേ…. ഞാൻ രാവിലെ പോയിട്ട് ഉച്ചയാവുമ്പോഴേക്കും ഇങ്ങേതാം…..
അവളതും പറഞ് പ്രതീക്ഷയോടെ അവനെ നോക്കി….
അവളാവശ്യപ്പെടുന്ന ഒരു കാര്യത്തിന് പറ്റില്ലെന്ന് പറയാൻ തനിക്കെങ്ങനെ കഴിയും…..
മ്മ്…..
ഒരു മൂളലിൽ അവൻ സമ്മതമറിയിച്ചു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേന്ന് അതി രാവിലെ തന്നെ സൂര്യ പുറപ്പെടുമ്പോൾ കാശി എഴുന്നേറ്റിട്ടില്ലായിരുന്നു….
ഉണർത്താനും അവൾ മുതിർന്നില്ല…..
ഡ്രൈവറോട് പറഞ് ടൌൺ വരെ എത്തി….
അവിടെ തന്നെ കാത്തു വിദ്യ നിൽക്കുന്നുണ്ടായിരുന്നു…..
അവൾ കണ്ട പാടേ വന്നു കെട്ടിപ്പിടിച്ചു…..
പോകാം….
സൂര്യയത് പറഞ് മുന്പോട്ട് നടന്ന് തുടങ്ങിയതും വിദ്യ അവളുടേ കയ്യിൽ പിടിച്ചു….
സൂര്യ എന്തെന്ന അർത്ഥത്തിൽ അവളെ നോക്കി……
നമ്മളെങ്ങോട്ടാ പോകുന്നത്….. ആദ്യം നീ അത് പറ സൂര്യാ….
ഞാൻ ഇന്നലെ മുതൽ ചോദിക്കുന്നതല്ലേ….
അവൾ പരിഭവത്തോടെ മുഖം കൂർപ്പിച്ചു…..
സൂര്യ ബാഗിൽ നിന്നും ഒരു കടലാസ് കഷ്ണം അവൾക്ക് നേരെ നീട്ടി…..
സെന്റ് തെരേസാസ് ഹോം വേങ്ങപുരം……
വിദ്യ അത് വായിച്ചു കൊണ്ട് എന്താണെന്ന് മനസ്സിലാകാത്തത് പോൽ അവളെ നോക്കി….
എടി…. ഇത് എനിക്ക് അച്ഛന്റെ മുറിയിൽ നിന്ന് കിട്ടിയതാണ്…..
ഒരു വിസിറ്റിംഗ് കാർഡിൽ നിന്നും……
ഇതാണ് അന്ന് അയാൾ പറഞ്ഞ ആ ഓർഫനെജ് എങ്കിലോ…….
കാശിയെ ദത്തെടുത്ത അനാഥാലയം…..
അങ്ങനെയാണെങ്കിൽ ആ അച്ഛന്റെ കയ്യിൽ അവന്റെ സ്വത്തുക്കളുടെ എല്ലാ രേഖകളും ഉണ്ടാകും..
അത് കാശിയെ കാണിച് ആ ഞെട്ടലിലൂടെ തന്നെ അച്ഛന്റെ വിവരങ്ങളും പറഞ്ഞാൽ രണ്ടും കൂടി ചേർത്ത് വായിച്ചവൻ വിശ്വസിക്കാതിരിക്കില്ലല്ലോ…..
അവൾ വലിയൊരു കാര്യം പറഞ് നിർത്തിയിട്ടും ഒട്ടും താല്പര്യമില്ലാത്ത പോലെ നിൽക്കുന്ന വിദ്യയെ അവളൊന്ന് തുറിച്ചു നോക്കി…..
നീ ഞാൻ പറയുന്നത് വല്ലോം കേൾക്കുന്നുണ്ടോ….
സൂര്യ അവളുടേ കയ്യിൽ പിടിച്ചൊന്ന് കുലുക്കി…..
മ്മ്…. കേൾക്കുന്നുണ്ട്…..
പിന്നെന്താ നീയൊന്നും പറയാത്തത്….
സൂര്യ യ ത് ചോദിച്ചതും വിദ്യ അവളെ തുറിച്ചു നോക്കി…
എന്താടി കോപ്പെ ഞാൻ പറയേണ്ടത്….. അയാളുടെ അലമാരയിൽ നിന്നും ഏതോ ഒരു അനാഥലയത്തിന്റെ വിസിറ്റിംഗ് കാർഡ് കിട്ടിയെന്ന് വെച്ച് അങ്ങോട്ട് പോകാൻ നിനക്കെന്താ ഭ്രാന്താണോ…..
ഇതൊന്നും നടക്കില്ല സൂര്യാ…..
നമുക് വേറെ വഴി നോക്കാം…….
നീ ഇത് തന്നെ ചിന്തിച്ചിരിക്കുന്നത് കൊണ്ടാണ് നിനക്ക് എല്ലാം സംശയമായി തോന്നുന്നത്….
അന്ന് കാശിക്ക് ആക്‌സിഡന്റ് ആയ ത് കേസ് കൊടുത്തിരുന്നു എന്നല്ലേ പറഞ്ഞത്….
ഞാൻ ആ വഴിക്കോന്ന് അന്ന്വേഷിക്കട്ടെ…..
അവരെ കിട്ടിയാൽ പിന്നെ നമുടെ കാര്യങ്ങൾ എളുപ്പമായില്ലേ…..
വിദ്യ അവളെ സമാധാനപ്പെടുത്തി…..
അതല്ല വിദ്യാ…..
ഈ ഒരു കാർഡ് മാത്രമല്ല…..
അലമാര യിൽ തിരയുന്ന സമയം ഈ യൊരു പേര് പല തവണ ഞാൻ കണ്ടിരുന്നു…..
പല ഡോനേഷൻസ് അവിടേക്ക് കൊടുത്തതിന്റെ റസിപ്റ്റ് എന്റെ കണ്ണിലുടക്കിയിരുന്നെങ്കിലും അപ്പോഴൊന്നും എനിക്കൊന്നും തോന്നിയില്ല…..
പിന്നീട് ഈ വിസിറ്റിങ് കാർഡിലെ പേര് കാണുമ്പോഴാണ് അലമാരക്കുള്ളിൽ പല തവണ ഈ പേര് ഞാൻ വായിച്ചതോർക്കുന്നത്…..
രണ്ടും കൂടി ചേർത്ത് വായിക്കുമ്പോഴെന്തോ….
അവളതും പറഞ് നിർത്തി….
ഡോണെഷൻസ് കൊടുത്തു എന്നതിന്റെ പേരിൽ മാത്രമെങ്ങനെ വിശ്വസിക്കും….
അതയാൾ ചാരിറ്റി എന്ന ഉദ്ദേശത്തോടെ കൊടുത്തതാണെങ്കിലോ….
വിദ്യ സംശയം പ്രകടമാക്കി….
ചാരിറ്റി എന്ന നിലക്കായിരുന്നെങ്കിൽ മറ്റു പല സ്ഥാപനങ്ങളിലേക്കും അയാൾ ഡോണഷൻസ് കൊടുക്കുമായിരുന്നില്ലേ…..
ഈ സിറ്റിയിൽ തന്നെ എത്ര ചാരിറ്റബിൾ ട്രസ്റ്റ് ഉണ്ട്….
അതിലേക്കൊന്നും ഒന്നും കൊടുക്കാതെ ഒരേ ഹോമിലേക്ക് മാത്രം ഡോനേഷൻ കൊടുക്കുന്നതെന്തിനാണ്…..
അതും ഇത്രയേറെ ദൂരേയുള്ള ഒന്നിലേക്ക്….
അതിനർത്ഥം അയാൾക്ക് ആ സ്ഥാപനവുമായി എന്തോ ബന്ധമുണ്ടെന്നല്ലേ…..
സൂര്യ ഗൗരവത്തോടെ അത് പറഞ്ഞ് നിർത്തുമ്പോൾ വിദ്യക്കും സംശയം തോന്നിയിരുന്നു….
മാത്രവുമല്ല…. ഞാൻ ഇന്നലെ ഈ ഓർഫനേജ് നെ പറ്റി സെർച്ച് ചെയ്തിരുന്നു….
ഇന്നും ഇന്നലെയും ഉള്ളതല്ല ഈ സ്ഥാപനം ….
പഴക്കമുണ്ട്…..
കാശിയുടെ വയസ്സിനെക്കാൾ…..
ഒരു കൂർമതയോടെയുള്ള നോട്ടതാൽ അവളത് പറഞ് നിർത്തുമ്പോൾ മാറിൽ പിണച്ചു കെട്ടിയിരുന്ന കൈ വിദ്യ അഴിച്ചു……
അപ്പൊ അത് തന്നെയാവുമോ…..
വിദ്യ അത് ചോദിച്ചു കൊണ്ട് അവളെ നോക്കി….
ഒരു പക്ഷെ ആയാലോ…..
സൂര്യയുടെ ചോദ്യത്തിന് അങ്ങേയറ്റം പ്രതീക്ഷയുടെ നനവുണ്ടായിരുന്നു….
എങ്കി സമയം കളയേണ്ട… നമുക്ക് പുറപ്പെടാം……
വിദ്യ അവളുടേ തോളിൽ തട്ടിയത് പറഞ് രണ്ട് പേരും ബസ്സിനെ ലക്ഷ്യമാക്കി നടന്നു…..
(തുടരും)