രചന – ആയിഷ അക്ബർ
സൂര്യ വല്ലാത്തൊരു പ്രയാസത്താൽ കയ്യിലുള്ള പുസ്തകം അടച്ചു വെച്ചു….
കോടീശ്വരനും സുമുഖനുമായ അവന് ചേരുന്നവളാണോ താൻ…..
അവന്റെ അവസരം ഞാൻ മുതലെടുക്കുകയാണോ ചെയ്തത്…..
സ്വത്തുക്കൾ അവന്റെയാണെന്ന് ഈ കിടന്ന് കുരക്കുന്ന ഇവർക്കും അവനും മറ്റാർക്കും അറിയില്ലെങ്കിലും തനിക്കറിയാമല്ലോ….
സമ്പന്നനാണെന്ന് അറിഞ്ഞതിനു ശേഷവും ഈ സ്നേഹം അവനെന്നോട് തോന്നുന്നുണ്ടെങ്കിലല്ലേ അത് ആത്മാർത്ഥമാവുകയുള്ളു….
അങ്ങനെ ആലോചനകൾ കടന്ന് പിടിച്ച ഞെരുക്കത്തോടെ അവളങ്ങനെ ഇരുന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറ്റത്ത് വന്ന കാറ് പരിചിതമല്ലാത്തത് കൊണ്ട് തന്നെ മുത്തശ്ശൻ കണ്ണട എടുത്ത് മുഖത്തേക്ക് വെച്ചു….
മുത്തശ്ശി കൈ നെറ്റിയിലേക്ക് വെച്ച് ആരെന്നത് ശ്രദ്ധിച്ചു….
കാറിൽ നിന്നിറങ്ങിയ ആളെ കണ്ടതും അവരുടെ മുഖം ഒരുപോലെ തിളങ്ങി….
ഒട്ടും പ്രതീക്ഷിക്കാത്ത ആളെ മുമ്പിൽ കണ്ടതിലുള്ള സന്തോഷം അവരുടെ മുഖത് വിരിയുന്നത് നോക്കി ചെറു പുഞ്ചിരിയാൽ അവനും കുറച്ച് നേരം അങ്ങനെ നിന്നു…..
കാശി… മോനെ…. കയറി വാ…..
നീയെന്താ ഒരു മുന്നറിയിപ്പും കൂടാതെ…..
മുത്തശ്ശനും മുത്തശ്ശിയും തലങ്ങും വിലങ്ങും ചോദ്യങ്ങളേറിയുമ്പോൾ കാശി ചിരിയോടെ അകത്തു കയറി അവരുടെ കാലിലേക്ക് വീണു…..
എഴുന്നേൽക്ക് മോനെ….
അത്യധികം സന്തോഷത്താലുള്ള പുഞ്ചിരി മുഖത് നിറച്ചു കൊണ്ടായിരുന്നവരുടേയാ വാക്കുകൾ..
ഓഫീസിലെ തിരക്കൊഴിഞ്ഞപ്പോൾ അച്ഛനോട് പറഞ് ഞാനിങ് പോന്നു…
അവൻ മനോഹരമായ പുഞ്ചിരിയോടെ അത് പറയുമ്പോൾ അവർ അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു….
നീ വരുന്ന കാര്യം സൂര്യ മോളും പറഞ്ഞില്ലല്ലോ….
ഇല്ലാ…. അവൾക്കും അറിയില്ല….
എങ്കി വരൂ…. അകത്തേക്ക് കയറാം കുട്ടീ…..
അതും പറഞ്ഞ് കൊണ്ട് അവർ നടന്നതിനൊപ്പം അവനും അകത്തേക്ക് കയറി……
അകത്തേക്ക് ചെന്നോളൂ….
നിന്നെ കണ്ടോന്ന് ഞെട്ടട്ടെ….
കോലായിലെ വാതിൽ പടിയിൽ തന്നെ നിന്ന് കൊണ്ട് മുത്തശ്ശിയത് പറഞ്ഞതും അവൻ ചെറു ചിരിയോടെ അകത്തേക്ക് കയറി……
എന്തോ ഉള്ളിൽ കൊളുത്തി വലിക്കുന്നത് പോലെ തോന്നി സൂര്യ തല താഴ്ത്തി ഇരിക്കുന്നതും നോക്കി വീണയും അവളുടേ അമ്മയും അവൾക്ക് എതിർ വശത്തായി നിൽക്കുന്നതും കാശി കണ്ടിരുന്നു….
പെട്ടെന്ന് വാതിൽ പടിയിലേക്ക് കണ്ണുകൾ നീങ്ങിയ വീണ കാശിയെ കണ്ടപ്പോഴും ഒരു നിമിഷത്തേക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല….
കാരണം അവനെ തീരെ പ്രതീക്ഷിക്കുന്നില്ലല്ലോ….
അതും ഈ നേരത്ത്……
ആരെയും മയക്കാൻ കഴിയുന്നൊരു പുഞ്ചിരി അവന്റെ മുഖത് സ്ഥാനം പിടിച്ചിരുന്നത് കൊണ്ട് തന്നെ അത് കാശിയാണെന്ന് ഉറപ്പിക്കാൻ അവൾക്ക് കൂടുതൽ സമയം വേണ്ടി വന്നില്ല…
വീണ അവനിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടാണ് ചെറിയമ്മയുടെ മിഴികളും അവനിലേക്ക് നീങ്ങിയത്…..
ഹാ…. ആരായിത്…..
പെട്ടെന്ന് അവനെ കണ്ടൊരു ഞെട്ടലിൽ അവർ കയ്യിലിരുന്ന മുരിങ്ങ അവിടെ വെച്ച് വേഗം എഴുന്നേറ്റു…..
അപ്പോഴാണ് സൂര്യ തല ചെരിച്ചങ്ങോട്ട് നോക്കുന്നത്…..
മനസ്സിലെ ദുഃഖം കിടന്ന് വിങ്ങുന്ന ആ സമയം ആരെങ്കിലും ആയിക്കോട്ടെ എന്നൊരു ചിന്തയിൽ ഒട്ടും താല്പര്യമില്ലാതെയാണ് നോക്കിയത്…
എന്നാൽ പെട്ടെന്നവനെ കണ്ടതും അവളുടേ മിഴികൾ തിളങ്ങി….
അവൾ പെട്ടെന്ന് ഇരുന്നിടത് നിന്നും എഴുന്നേറ്റു……
കാലങ്ങൾക്ക് ശേഷം അവളെ കാണുന്ന പോൽ അവന്റെ കണ്ണുകളും വല്ലാത്തൊരു ഭാവത്തോടെ അവളിൽ തറഞ്ഞു നിന്നു…..
ഓടി ചെന്നവന്റെ നെഞ്ചിലേക്ക് വീണ് കാണാതിരുന്നതിന്റെ പരിഭവങ്ങൾ പറഞ്ഞും സമ്പന്നനായിരുന്നെങ്കിൽ സൂര്യയെ ഉപേക്ഷിക്കുമായിരുന്നോ എന്ന ചോദ്യം കൊണ്ടും മനസ്സിലെ ഭാരങ്ങൾ മുഴുവൻ മായ്ച്ചു കളയാമായിരുന്നെന്നവൾക്ക് തോന്നി…..
എന്നാൽ പുഞ്ചിരിക്ക് പകരം കണ്ണു നീരാണ് അവളിലേക്ക് കടന്ന് വന്നത് ….
വിടർന്ന മിഴികൾ നിറഞ്ഞു തുളുമ്പി…..
തന്റെ വരവ് അവൾക്ക് സന്തോഷം മാത്രമേ നൽകു എന്ന് വിശ്വസിച്ചിടത് നിന്ന് ആ കണ്ണുകൾ നിറഞ്ഞൊഴുകിയത് കാശിയിൽ തെല്ലൊരു അസ്വസ്ഥത സൃഷ്ടിച്ചു….
എന്താ മോളേയിത്…..
എന്തിനാ കരയുന്നത്….
ഇത്ര ദൂരം താണ്ടി അവൻ വന്നപ്പോൾ ഇങ്ങനെയാണോ സന്തോഷം പ്രകടിപ്പിക്കുന്നത്…..
ശാസനയോടെ അതും ചോദിച്ച് മുത്തശ്ശൻ കയറി വന്നപ്പോഴാണ് അവന്റെ മുഖത്തെ അസ്വസ്ഥത താനും ശ്രദ്ധിച്ചത്…..
അവൾ കണ്ണുകൾ അമർത്തി തുടച്ചു തല കുനിച്ചു നിന്നു…..
ആരുടേയും മുഖത്തേക്ക് നോക്കാൻ കഴിയില്ലെന്ന പോൽ…..
മോൻ പോയി കുളിച് വരൂ…
ഭക്ഷണം കഴിക്കണ്ടേ….
വേണം മുത്തശ്ശി…. നല്ല വിശപ്പുണ്ട്…..
അവൻ മുത്തശ്ശിയോടത് പറയുമ്പോഴും നെറ്റിയിലൊന്ന് ഉഴിഞ്ഞു കൊണ്ട് ഇടം കണ്ണാൽ അവളെ നോക്കുന്നുണ്ടായിരുന്നു….
സൂര്യാ…. കാശിക്ക് വേണ്ടതൊക്കെ എടുത്ത് കൊടുക്കു…..
തന്റെ നോട്ടം കണ്ടിട്ടാണോ മുത്തശ്ശി അവളോടായത് പറഞ്ഞതെന്നൊരു സംശയം വന്നപ്പോൾ അവനൊരു ജാള്യത തോന്നി …
സാവിത്രി….. പോയി അവന് കുടിക്കാനെന്തെങ്കിലും എടുത്ത് വരൂ….
ആ ഇതാ എടുക്കുവാ അമ്മേ…
മുത്തശ്ശി ചെറിയമ്മയോടത് പറഞ്ഞതും അവർ അകത്തേക്ക് പോകുമ്പോൾ പിറകെ പോകുന്ന വീണയുടെ മുഖം വലിഞ്ഞു മുറുകിയിരുന്നു…
മുത്തശ്ശനും മുത്തശ്ശിയും വീണ്ടും ഉമ്മറത്തേക് തന്നെ പോകുമ്പോൾ തങ്ങൾക്ക് വേണ്ടി ഒഴിഞ്ഞു തരുകയാണോയെന്ന് അവന് വീണ്ടും തോന്നി….
അപ്പോഴും അവൾ തലയുയർത്തിയിരുന്നില്ല….
അവൻ അവൾക്കെതിർ വശത്തായുള്ള മരത്തിന്റെ സോഫയിലേക്കിരുന്നു….
കൈ രണ്ടും മാറിലേക്ക് പിണച്ചു കെട്ടി അവളെ തന്നെ നോക്കിയങ്ങനെ ഇരുന്നു…..
തന്നെ നോക്കിയാണ് ഇരിക്കുന്നതെന്ന് തോന്നിയത് അവളിൽ അസ്വസ്ഥത തീർക്കുമ്പോഴും അവൾ തലയുയർത്തിയില്ല…..
എന്തോ അവന്റെ മുഖത് നോക്കാൻ വല്ലാത്തൊരു പ്രയാസം…..
ഒരു മുന്നറിയിപ്പുമില്ലാതെ അവൻ ഇവിടെ വന്നെങ്കിൽ അത് തനിക്ക് വേണ്ടിയല്ലേ…
ഓർക്കുമ്പോൾ ഒരു കുളിര്…
അതിനേക്കാൾ ഒരു നാണം തന്നെ വന്നു പൊതിയുന്നു….
ആ മുഖത് നോക്കാൻ പോലും കഴിയാത്തത് പോൽ…..
ചെറിയമ്മ വെള്ളം കൊടുക്കുമ്പോൾ വിശേഷങ്ങളോക്കെ ചോദിക്കുന്നുണ്ട്…..
എങ്കി പോയി കുളിച്ച് വരൂ … ദൂരെ യാത്ര ചെയ്തതല്ലേ…..
ഞാൻ അത്താഴം എടുത്ത് വെക്കാം…..
ചെറിയമ്മയതും പറഞ് അകത്തേക്ക് പോകുമ്പോഴും കാശി അതെയിരിപ്പായിരുന്നു….
കണ്ണിമ വെട്ടാതെ അവളെയും നോക്കി…..
വരൂ ….. കുളി മുറി കാണിച് തരാം……
കുറച് നേരം കഴിഞ്ഞിട്ടും അവനെഴുന്നേൽക്കുകയോ തന്നോടൊന്നും ചോദിക്കുകയോ ഒന്നും ചെയ്യാത്തത് കൊണ്ടാണ് അവളവനോടത് പറഞ്ഞത്….
അപ്പോഴും അവൾ മുഖമുയർത്തി നോക്കിയിരുന്നില്ല….
അവൻ കൈ രണ്ടും സോഫക്ക് പിറകിലേക്ക് ചാരി വെച്ച് ഒന്ന് കൂടി വിശാലമായി ഇരുന്നു …..
അത് കണ്ടതും അവൾ മിഴികളുയർത്തി അവനെയൊന്നു നോക്കി….
അവന്റെ മിഴികൾ തന്നെ തടവിലാക്കും പോൽ….
മ്മ്….
അവൻ അവൾക്ക് നേറെ പുരികമുയർത്തി….
വരൂ…. കുളിച്ചിട്ട് വേണ്ടേ…. അത്താഴം കഴിക്കാൻ….
അവളത് പറയുമ്പോൾ സ്വരം അങ്ങേയറ്റം പതിഞ്ഞതായിരുന്നു…..
അപ്പോഴും അവൻ അവളെ നോക്കി അതെയിരിപ് തന്നെ……
അവൾ ദയനീയമായി അവനെ നോക്കിയതും അവൻ എഴുന്നേറ്റു….
എന്റെ ബാഗ് കാറിൽ നിന്നെടുത്തിട്ടില്ല….
അതും പറഞ്ഞ് കൊണ്ട് അവൻ പുറത്തേക്ക് നടക്കുമ്പോൾ അവളും അവനെ പിന്തുടർന്നു…..
പാന്റിന്റെ പോക്കറ്റിൽ നിന്നും കാറിന്റെ ചാവിയെടുത് അവൻ മുറ്റത്തേക്കിറങ്ങി…..
ഡോർ തുറന്നു ബാഗ് എടുത്തതും അതിലൊരു പിടി വീണത് പോൽ തോന്നി….
സംശയിച്ചത് പോൽ അവൾ തന്നെയാണ്…..
ബാഗ് കയ്യിൽ നിന്ന് വാങ്ങുമ്പോൾ അവൻ അവളിലേക്ക് നോക്കി….
അടക്കി വെച്ച മനോഹരമായൊരു ചിരി അവനിൽ നിന്നുതീർന്നെങ്കിലും അവൾ പടികൾ കയറി ഉമ്മറത്തേക്ക് നീങ്ങി….
ഡോർ അടച്ചു കാറ് ലോക്ക് ചെയ്ത് താനും ഉമ്മറത്തേക്ക് കയറി…..
അവിടെ മുത്തശ്ശൻ മാത്രമേയുള്ളു…..
മുത്തശ്ശിയും ഒരു പക്ഷെ അടുക്കളയിലേക്ക് ഉൾ വലിഞ്ഞിട്ടുണ്ടാകാം…..
മുത്തശ്ശനോട് അല്പം സംസാരിച്ചിരുന്നപ്പോഴേക്കും അവൾ വന്നു….
കയ്യിലൊരു വെള്ള തോർത്തും എന്റെ ബാഗിൽ നിന്നെടുത്ത ഡ്രെസുമുണ്ട് ….
കുളി പ്പുര അപ്പുറത്താണ്….
അതും വാങ്ങി മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയപ്പോഴാണ് അവൾ പറഞ്ഞത്….
ഞാൻ കുളക്കടവിലേക്കാണ്…
പിന്നമ്പുറത്തായി അന്നൊരു കുളം കണ്ടത് ഞാനോർക്കുന്നുണ്ട്….
കാശ്ശി മുത്തശ്ശനെ നോക്കിയാണത് പറഞ്ഞത്…..
ഹാ….. ഒന്ന് പോയി മുങ്ങി കുളിച് വന്നോളൂ…
സൂര്യാ…. നീ കൂടി കൂട്ടിനു ചെല്ലു….
അവന് വഴിയൊന്നും വശണ്ടാവില്ല്യ…..
മുത്തശ്ശനത് പറഞ്ഞതും പ്രതീക്ഷിച്ചത് പോലൊരു പ്രകാശം അവന്റെ മുഖത് പടർന്നു…..
അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി….
അവള വനെയൊന്നു കൂർപ്പിച്ചു നോക്കി….
പിന്നീട് റാന്തലെടുത് അവന് പിറകിലായി നടന്നു……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അടുക്കളയിൽ കാശിക്ക് വേണ്ട തെല്ലാം ഒരുക്കിയെടുക്കുമ്പോൾ വീണയിൽ വല്ലാത്തൊരു നിരാശ കലർന്നിരുന്നു….
എത്രയൊക്കെ ഉയരാൻ ശ്രമിച്ചാലും അവൾക്ക് മുമ്പിൽ എന്നും താഴ്ന്നിട്ടേയുള്ളു….
ഇന്നും അത് തന്നെ ആവർത്തിക്കുന്നു….
എല്ലാവരും അവളുടെ സ്നേഹ നിധിയായ ഭർത്താവിനെ പറ്റി പുകഴ്ത്തും….
അവിടെയും താൻ തോറ്റു പോകും….
അവൾ ഉയർന്നു വന്നൊരു ദേഷ്യത്തോടെ മുറിയിലേക്ക് നടന്നു…….മൊബൈൽ കയ്യിലെടുത്തു വേഗം വിളിച്ചത് കിരണിനെയാണ്…..
കാശ്ശി വന്ന വിവരം ചുറ്റുമുള്ള അയൽവക്കക്കാരും കുടുംബ ക്കാരും എല്ലാം അറിയുന്നതിന് മുൻപ് കിരണിനെ എങ്ങനെ യെങ്കിലും ഇവിടെ എത്തിക്കണമെന്ന് മാത്രമായിരുന്നു അവളുടേ ചിന്ത…..
കിരൺ…… നീയെവിടെയാ….
ഫോണെടുത്തപ്പോൾ തന്നെ ഡിജെ സോങ്ങിന്റെ കാതടപ്പിക്കുന്ന ശബ്ദം കേട്ടാണ് അവളത് ചോദിച്ചത്….
ഞാനൊരു ട്രിപ്പ് ലാണെടോ ….
അവിടെയുള്ള ശബ്ദത്തെ കീഴ്പ്പെടുതാനെന്ന വണ്ണം അവൻ അലറി കൊണ്ടത് പറയുന്നത് പോലെയവൾക്ക് തോന്നി…..
വൈകുന്നേരം വിളിച്ചപ്പോൾ കൂടി നീ അവിടെയുണ്ടല്ലോ…..
വീണക്ക് ദേഷ്യവും സങ്കടവും ഒപ്പം വന്നു….
സോറി ഡാർലിംഗ്…. ഞാൻ പറയാൻ വിട്ട് പോയി…..ഫ്രെണ്ട്സ് എല്ലാവരും കൂടി പെട്ടെന്ന് അറേഞ്ച് ചെയ്തൊരു ട്രിപ്പ് ആയിരുന്നു….
നീ വരുമ്പോഴേക്കും ഞാൻ എത്താം….
രണ്ട് ദിവസത്തിൽ കൂടില്ല…….
രണ്ട് ദിവസം….. അത് കേട്ടപ്പോൾ തന്നെ അവൾക്ക് ദേഷ്യം വന്നു….
ഇപ്പൊ പുറപ്പെട്ടാൽ നാളെ രാവിലെ ഇവിടെ എത്താം എന്ന ഉദ്ദേശത്തിൽ നിൽക്കുന്ന തന്നോടാണ് രണ്ട് ദിവസത്തെ കുറിച് പറയുന്നത്……
ഹലോ… ഹലോ…..
അവളൊന്നും മിണ്ടാതെ നിന്നത് കൊണ്ട് തന്നെ അവൻ വീണ്ടും മറു പുറത്ത് നിന്ന് അലറുന്നുണ്ട്……
അവൾ ദേഷ്യത്തോടെ ഫോൺ കട്ട് ചെയ്ത് ബെഡിലേക്കോരേറായിരുന്നു…
ഉള്ളിലെ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും നിസ്സഹായത കൊണ്ടും അവളുടേ കണ്ണിൽ നിന്നൊരിറ്റ് താഴെക്കുതിർന്നു…..
അവൾ തലക്ക് കൈ വെച്ച് കൊണ്ടങ്ങനെ ഇരുന്നു……
(തുടരും)

by