രചന – അയിഷ അക്ബർ
ഹോസ്പിറ്റലിൽ ഇറങ്ങി റീസെപ്ഷനിൽ ചെന്ന് കാശി നാഥൻ എന്ന് പറയുമ്പോൾ തൊണ്ട ഇടറുന്നത് പോലെ തോന്നിയിരുന്നവൾക്ക്….
കാശ്വാലിറ്റി യിലേക്ക് കടക്കുമ്പോഴെ വാതിലിനു മുമ്പിൽ നിന്നിരുന്ന ആൾ തന്നെ നോക്കുന്നതായി സൂര്യക്ക് തോന്നി….
നിങ്ങളാണോ വിളിച്ചത്….
അവൾ സംശയത്തോടെ ചോദിച്ചു….
കാശി സാറിന്റെ വൈഫ്….
അതേ……
അവളത് പറയുമ്പോഴും അവനെ കുറിച്ചറിയാൻ മനസ്സ് തുടിക്കുന്നുണ്ടായിരുന്നു….
റോഡിൽ ആക്‌സിഡന്റ് ആയി കിടക്കുകയായിരുന്നു….
കാറിൽ ഇടിച്ച വണ്ടി നിർത്താതെ പോയത് കൊണ്ട് ഏതാണെന്നു പോലുമറിയില്ല……
കാശി സാറിനെ എനിക്ക് പരിചയമുണ്ട്….
നിങ്ങളുടെ ഓഫീസിലേക്ക് വിളിച്ചപ്പോൾ അവിടെ നിന്ന് തന്ന രണ്ട് മൂന്ന് നമ്പറുകളിൽ ഒന്നായിരുന്നിത്…
അതിലൊന്നു വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നു….
ഒരു നമ്പറിൽ വിളിച്ചപ്പോൾ എടുത്തിട്ടും വിവരം പറഞ്ഞപ്പോൾ…. കട്ട് ചെയ്തു…….
അയാളത് പറയുമ്പോൾ ഒരുതരം പ്രയാസം ആ വാക്കുകളിൽ തന്നെയുണ്ടായിരുന്നു…..
അവളത് കേട്ടെങ്കിലും മനപ്പൂർവം കേട്ടില്ലെന്ന് നടിച്ചു…..
മനസ്സിലപ്പോഴും അവനെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നു…..
അപ്പോഴേക്കും ഡോക്ടർ പുറത്തേക്ക് വന്നിരുന്നു…
പ്രതീക്ഷയോടെ അവൾ അയാളെ നോക്കി…..
കുഴപ്പമൊന്നുമില്ല…..
കാലിനു ഫ്രക്ച്ചർ ഉണ്ട്…
താടിയിലും തലയിലും ഓരോ മുറിവുമുണ്ട്…
തലയിലെ മുറിവിൽ നിന്ന് ബ്ലഡ് അധികം പോയത് കൊണ്ട് തന്നെ ബ്ലഡ് കയറ്റണം…..
ഇവിടെ ബ്ലഡ് ബാങ്ക് സൗകര്യം ഇല്ലാത്തത് കൊണ്ട് തന്നെ നിങ്ങളത് അറേഞ്ച് ചെയ്യണം….
അതും പറഞ് കൊണ്ട് ബ്ലഡ് ഗ്രൂപ്പെഴുതിയ ലിസ്റ്റ് ഡോക്ടർ അവൾക്ക് നേരെ നീട്ടി…..
രക്തം കൊടുക്കാൻ
തനിക്ക് മറ്റൊരാളെയും ആവശ്യമില്ലെന്ന് അവൾക്ക് വ്യക്തമായറിയാമായിരുന്നു…..
ഒ നെഗറ്റീവ്…. ധാന ശീലതയുള്ള ബ്ലഡ് ഗ്രൂപ്പ്….
അവൾ രക്തം കൊടുക്കാൻ കിടക്കുമ്പോൾ അവൾക്കരികിലായുള്ള കട്ടിലിൽ അവനും കിടക്കുന്നുണ്ടായിരുന്നു….
തലയിൽ കെട്ടുണ്ട്….. താടിയിലും മുറിവിലൊരു ബാൻഡ് ഐഡുണ്ട്….കാലിനു പ്ലാസ്റ്റർ ഇട്ടിട്ടുമുണ്ട്….
ദേഹത്തു ഷർട്ട് ഇല്ലാത്തത് കൊണ്ട് തന്നെ ചെറിയ ചെറിയ മുറിവുകൾ വയറിലും നെഞ്ചിലുമായി കാണുന്നുണ്ട്…..
കണ്ണുകളടച്ചു കിടക്കുന്ന അവനെയവൾ ഒരുതരം വേദനയോടെ നോക്കി….
ഏയ്… പേടിക്കാനൊന്നുമില്ല…
കുറച് ബ്ലഡ് അധികം പോയതിന്റെയാണ്….
ആവശ്യമായ ബ്ലഡ് ശരീരത്തിലെത്തി കഴിഞ്ഞാൽ പിന്നേ കുഴപ്പമൊന്നുമില്ല.
ഹി വിൽ ബി ആൽറൈറ്…..
അവളുടേ മുഖത്തെ ഭാവം കണ്ടിട്ട് തന്നെയാവണം ചിരിച്ചു കൊണ്ട് ഡോക്ടർ അവളോടത് പറഞ്ഞത്..
കൃത്യ സമയത്ത് ഇവിടെ എത്തിയത് കൊണ്ട് രക്ഷപ്പെട്ടു….. അല്ലായിരുന്നെങ്കിലൊരു പക്ഷെ…..
ഡോക്റ്ററതും കൂട്ടി ചേർത്ത് കൊണ്ടവിടെ നിന്ന് പോകുമ്പോൾ അവളുടേ ഹൃദയം ശക്തിയിൽ മിടിച്ചു തുടങ്ങി
….
അവനെന്തെങ്കിലും സംഭവിക്കുന്നുവെന്ന് ഓർക്കുമ്പോൾ തന്റെ ഹൃദയം എത്രത്തോളം മുറിപ്പെടുമെന്ന് അവൾ തിരിച്ചറിയുകയായിരുന്നു…
താൻ പോലുമറിയാതെ തന്റെ ഹൃദയം ഇത്രത്തോളം അവനേ ചുമക്കുന്നുണ്ടെന്നത് ഒരുതരം വേദനയോടെയാണ് അവളോർത്തത്….
അർഹതയില്ലാത്തത് ആഗ്രഹിച്ചു ദുഖത്തിലേക്ക് കൂപ്പു കുത്താനിത് വരെ നിന്ന് കൊടുത്തിട്ടില്ല സൂര്യ…
എന്നാൽ ഇന്ന് ഞാൻ സ്വയം തോറ്റു പോയിരിക്കുന്നു….
അതൊരു പക്ഷെ അവനോട് തോന്നിയ അനുകമ്പ യാകാം….
അല്ലെങ്കിൽ അവൻ തന്നോട് കാണിച്ച പരിഗണനയാവാം….
അതുമല്ലെങ്കിൽ കഴുത്തിൽ കിടക്കുന്ന ഈ താലിയാവാം….
എന്നാൽ ഇതിലൊന്നും തന്നെ അവനോട് തന്റെ മനസ്സിനുള്ള വികാരത്തെ കുറിച് പറയാത്തതെന്താണ്….
ആ ഇഷ്ടത്തെ താൻ സ്വയം മറന്നെന്നു വെക്കുകയാണോ…..
ചിന്തകൾ അവളെ വീർപ്പു മുട്ടിച്ചപ്പോൾ അവൾ കണ്ണുകളടച്ചു കിടന്നു….
അപ്പോഴേക്കും അവിടേക്ക് ശങ്കരനും ജാനകിയും വീണയും കിരണും എത്തിയിരുന്നു…..
കാശി….. മോനെ….
അവന്റെ നാല് പാടും അവർ ചുറ്റി നിൽക്കുന്നത് അപ്പുറത്തെ കട്ടിലിൽ കിടക്കുന്ന താൻ കണ്ടിരുന്നു…..
സൂര്യ മോളേ….
അച്ഛൻ തന്നെ വിളിച്ചു അരികിലേക്ക് വന്നെങ്കിലും അപ്പച്ചിയും വീണയും കിരണും പുറത്തേക്കിറങ്ങി…..
എന്താ മോളേ ഒന്നും പറയാതെ വന്നത്….
ഡ്രൈവർ വന്നു പറയുമ്പോഴാ ഞങ്ങളറിയുന്നത്…
ശങ്കരന്റെ കണ്ണുകളിലെ നനവ് സൂര്യ കണ്ടിരുന്നു….
അച്ഛനെ ഞാൻ വിളിച്ചിരുന്നു….
ഫോൺ സ്വിച്ഡ് ഓഫ് എന്നാണ് പറഞ്ഞത്….
പിന്നേ ആരെയും തിരഞ്ഞു പിടിക്കാനല്ല അന്നേരം തോന്നിയത്…. ഇങ്ങോട്ടേത്താനായിരുന്നു…
അവളത് പറഞ് കണ്ണുകൾ ചെന്നത് കാശിയിലെക്കായിരുന്നു….
ശങ്കരൻ ചെറു ചിരിയോടെ അവളുടേ മുടിയിഴകകിൽ ഒന്നു തഴുകി…..
കയ്യിൽ പിടിച്ച കണ്ണട മുഖത് വെച്ച് അവർ പുറത്തേക്ക് നടന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
കാശിയെ മുറിയിലേക്ക് മാറ്റും വരെ അവരെല്ലാം ആ ആശുപത്രി വരാന്തയിൽ ചിതറി നിന്നു…
വീണയും കിരണും കസേരയിൽ സംസാരിച്ചിരിപ്പാണ്….
ജാനകി കയ്യിൽ പിടിച്ച മൊബൈലിൽ എന്തൊക്കെയോ നോക്കുന്ന തിരക്കിലാണ്…
ശങ്കരൻ കണ്ണുകളടച്ചു കസേരയിൽ ചാരി കിടന്നിരുന്നു ….
സൂര്യ ഒഴിഞ്ഞൊരു കസേരയിലങ്ങനെ ഇരുന്നു….
എന്തോ ഒരു ഒറ്റപ്പെടൽ അവൾക്ക് തോന്നി….
ഒരു നോട്ടം കൊണ്ട് പോലും അവനരികിലുണ്ടായിരുന്നെങ്കിൽ തനിക്ക് കിട്ടുന്ന സന്തോഷം അവൾ തിരിച്ചറിയുകയായിരുന്നു….
അവൻ പറഞ്ഞത് പോലെ തനിക്കും സ്വന്തമായുള്ളത് അവനാണെന്ന് മനസ്സ് പറയും പോലെ….
കാത്തിരിപ്പ് തന്നിൽ അലോസരം സൃഷ്ടിക്കുന്നു…
അവനെ കാണാനായി കണ്ണുകൾ തുടിക്കും പോലെ…….
കാശി നാഥനേ മുറിയിലേക്ക് ഷിഫ്റ്റ് ചെയ്യാം സാർ….
നേരത്തെ കണ്ട ഡോക്ടർ അച്ഛന്റെ കൈ പിടിച്ചത് പറയുന്നത് കേട്ടപ്പോൾ മനസ്സിലൊരു കുളിര് പോലെ അവൾക്ക് തോന്നി….
ഡോക്ടറും അച്ഛനും വീണ്ടും എന്തൊക്കെയോ സംസാരിക്കുന്നുണ്ട്..
അവര് പരിചയക്കാരാണെന്ന് അവൾക്ക് തോന്നി….
എന്നാൽ അവളുടേ ശ്രദ്ധ അവിടെയൊന്നും ആയിരുന്നില്ല…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
മുറിയിലേക്ക് കിടത്തിയതും കാശി പതിയേ ചുറ്റും നോക്കി….
തന്നെ നോക്കി കൊണ്ടിരുന്ന അച്ഛന്റെ മുഖത് വേദനയിൽ കലർന്നൊരു പുഞ്ചിരി ഉണ്ടായിരുന്നു….
അമ്മയും വീണയും പ്രത്യേകിച്ച് ഭാവങ്ങളൊന്നുമില്ലാതെ നിൽക്കുന്നത് കണ്ടപ്പോൾ തനിക്ക് വലിയ സങ്കടമൊന്നും തോന്നിയില്ലെങ്കിലും കിരണിലും അതേ ഭാവമായത് അവനെ വേദനിപ്പിച്ചു……
അവന്റെ മനസ്സിൽ താൻ അവന്റെ ഏട്ടനല്ലാത്തത് കൊണ്ട് തന്നെയാണത്….
ചെറുപ്പത്തിൽ ഏട്ടാ എന്ന് വിളിച്ചു എന്റെ പിറകെ നടന്നിരുന്ന ആ കുഞ്ഞനിയനെ ഞാൻ ഒത്തിരി സ്നേഹിച്ചിരുന്നു….
അവൻ നിന്റെ ചേട്ടനല്ലെന്ന് അമ്മ അവന് പറഞ്ഞു കൊടുക്കാത്തിരുന്നിരുന്നേങ്കിൽ എന്ന് താൻ ആഗ്രഹിച്ചിട്ടുണ്ട് പിന്നീടങ്ങോട്ട്….. എന്നാൽ അവൻ തന്നോട് ഇത്രത്തോളം അകലുമായിരുന്നില്ല…..
ചേട്ടന്റെ ദുഖത്തിൽ അവനും പങ്കു ചേരുമായിരുന്നു….
എന്നെ താങ്ങി പിടിക്കാൻ അവന്റെ കൈകളുണ്ടാകുമായിരുന്നു…
കാശിക്ക് വല്ലാത്തൊരു വേദന തോന്നി…..
പിന്നീടവന്റെ കണ്ണുകൾ തിരഞ്ഞത് അവളെയായിരുന്നു….
ചുറ്റും കൂടി നിന്ന വരിൽ നിന്നും അല്പം അകലെയാണ് അവൾ നിന്നിരുന്നത്…..
ആ കണ്ണുകളിൽ എവിടെയോ തന്നെയോർത്തൊരു ദുഃഖം ഒളിപ്പിച്ചിട്ടുണ്ടോ….
അവനൊന്നു തിരഞ്ഞു…
ഉണ്ടാവില്ല.. അത് തന്റെ തോന്നൽ മാത്രമാകും…..
കാരണം…. ഒന്നുമില്ലാത്ത കാശി യെ വേണ്ടാത്തവളല്ലേ അവൾ….
അവനിലൊരു പുച്ഛം നിറഞ്ഞു….
മോനെ…. എന്താ ശെരിക്കും സംഭവിച്ചത്…..
ശങ്കരനത് ചോദിക്കുമ്പോൾ എന്തോ ആലോചിച്ചു അവൻ പറയാൻ തുടങ്ങിയതും ശബ്ദം എവിടെയൊക്കെയോ കുടുങ്ങി നിൽക്കും പോൽ….
താടിയിലെ മുറിവ് കൊണ്ടാവാം സംസാരിക്കുമ്പോൾ വേദനിക്കുന്നത്….
വയ്യെങ്കി പറയേണ്ട…. കിടന്നോ…..
ശങ്കരൻ അവനെ അറിഞ്ഞെന്ന വണ്ണം അത് പറഞ്ഞപ്പോൾ അവൻ പിന്നീടതിന് മുതിർന്നില്ല…..
രണ്ട് ദിവസം ഇവിടെ കിടക്കണമെന്നാണ് ഡോക്ടർ പറഞ്ഞത്….
അത് തന്നെയാ നല്ലത്..
ശങ്കരൻ അത് പറഞ് നിർത്തുമ്പോൾ കാശിയൊന്നും മിണ്ടിയില്ല….
നിങ്ങള് പൊയ്ക്കോളൂ…. ഞാൻ ഇവനു കൂട്ട് നിന്നോളാം…..
ശങ്കരനത് പറഞ്ഞതും ജാനകിയുടെ മുഖം വലിഞ്ഞു മുറുകി…
കാശ്ശിക്കത് അറിയാനും കഴിഞ്ഞിരുന്നു…..
അവൻ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ കിടന്നു…..
അച്ഛനിവിടെ നിന്നാൽ ഓഫീസ് കാര്യങ്ങളൊക്കെ എന്ത് ചെയ്യും…..
കിരണായിരുന്നത് ചോദിച്ചത്…..
എങ്കി നീ നിൽക്ക്…
ശങ്കരന്റെ ആ വാക്ക് കിരൺ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് തന്നെ കൃത്യമായ ഉത്തരവും അവനുണ്ടായിരുന്നു….
ഞാൻ നിന്നേനെ അച്ഛാ…. എന്നാൽ എനിക്ക് നാളെ അത്യാവശ്യമായി ബാംഗ്ലൂർ ഒന്നു പോകണം…..
അവൻ സമർത്ഥമായി ഒഴിയുമ്പോൾ ശങ്കരൻ ജാനകിയെ നോക്കി ….
എങ്കിൽ നീ നിന്നാൽ മതി ജാനകി….
ജാനകിക്ക് എന്ത് പറയാണെന്നറിയില്ലായിരുന്നു….
അയ്യോ…. ഞാൻ ഇന്നലെ കൂടി പറഞ്ഞതല്ലേ…. ഇപ്പൊ രണ്ട് ദിവസമായി നടുവേദന ഭയങ്കര കൂടുതലാണ്…..
ഞാനെങ്ങനെ ഇവന്റെ കാര്യങ്ങൾ നോക്കും…. എന്റെ കാര്യം നോക്കാൻ തന്നേ ഒരാള് വേണം..
ജാനകി തപ്പി തടഞ്ഞത് പറഞു നിർത്തുമ്പോൾ ശങ്കരന് ദേഷ്യം വന്നെങ്കിലും കാശിയെ ഓർത്തായിരുന്നു മൗനം പാലിച്ചത്..
കാശിക്ക് ആകെ ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു….
ആരും നിൽക്കേണ്ട… എല്ലാവരും ഒന്നു പോയി തരുവോ എന്ന് ചോദിക്കാൻ തോന്നിയെങ്കിലും മിണ്ടാൻ വയ്യാത്തത് കൊണ്ട് അവൻ അവിടെ കിടന്നു….
എങ്കി പിന്നേ നാരായണനോട് ഇങ്ങോട്ട് വരാൻ പറയാം….. അല്ലേ….
ശങ്കരൻ അല്പം വേദനയോടെയാണ് കാശ്ശിയോടത് ചോദിച്ചത്….
അവന്റെ കണ്ണുകൾ നിറഞ്ഞൊഴാതിരിക്കാൻ അവൻ ആവുന്നതും ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു……
വേണ്ടാ…..
ഞാൻ നിന്നോളാം ഇവിടെ….
ആ ഉയർന്ന ശബ്ദം സൂര്യയുടേതായിരുന്നു…..
എല്ലാവരുടെയും കണ്ണുകൾ സൂര്യയിലേക്ക് പതിഞ്ഞു….
തിരിഞ്ഞു കിടന്നിരുന്ന കാശി പെട്ടെന്ന് അവളെ നോക്കി…
ശങ്കരനും ഒരു നിമിഷം അവളെ നോക്കി….
മോളേ… നീയെങ്ങനെ ഒറ്റക്ക്…..
അത് കുഴപ്പമില്ല അച്ഛാ…. ഞാൻ മാന്നേജ് ചെയ്തോളാം….നിങ്ങൾ പൊയ്ക്കോളു….
അത് പറയുമ്പോൾ ജാനകി അവളെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു….
പിന്നീട് ഒരു വാക്കിനു പോലും നിൽക്കാതെ ജാനകി ഇറങ്ങിപ്പോയി….
കൂടെ വീണയും കിരണും….
എന്താവശ്യമുണ്ടെങ്കിലും അച്ഛനെ വിളിക്കാൻ മടിക്കരുത്….
അതും പറഞ് ശങ്കരനും ഇറങ്ങി…..
സൂര്യ പതിയേ പതിയേ കാശിയെ നോക്കി….
അവൻ അവളെ തന്നെ നോക്കി കിടക്കുകയായിരുന്നു…..
മ്മ്…..?
അവൾ അവന് നേരെ പുരികമിയർത്തി….
അവൻ അവളിൽ നിന്നു നോട്ടം പറിച്ചെടുത്തു കണ്ണുകളടച്ചു കിടന്നു….
അപ്പോഴും അവന്റെ ചുണ്ടിൽ നിറഞ്ഞു നിന്നൊരു കുഞ്ഞ് പുഞ്ചിരി അവൾ കാണുന്നുണ്ടായിരുന്നു……
(തുടരും)
അതി സുന്ദരി….. ഇരുപത്തി മൂന്നാം ഭാഗം
എല്ലാവരും പോയി കഴിഞ്ഞതും ആ മുറിയിലാകെ ഒരു നിശബ്ദത നിറഞ്ഞു നിന്നു…
എങ്കിലും അതിനൊരു വീർപ്പു മുട്ടലിനിടമില്ലെന്നത് സൂര്യ ശ്രദ്ധിച്ചിരുന്നു….
അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി….
പിറകിൽ ഉയർന്നു നിൽക്കുന്ന മലയാണ്…..
അവയെ പതുക്കെ കോട മഞ്ഞു പൊതിയാൻ തുടങ്ങിയിരിക്കുന്നു…..
കാശി കണ്ണുകൾ തുറന്നത് ശ്രദ്ധയിൽ പതിഞ്ഞതും അവൾ അവനടുത്തേക്ക് ചെന്നു….
വെള്ളം വേണോ…
അവന്റെ നോട്ടം വെള്ളത്തിലേക്കാണെന്ന് കണ്ടതും അവൾ ചോദിച്ചു….
അവനൊന്നും മിണ്ടിയില്ല….
തന്നോടുള്ള ദേഷ്യം കൊണ്ടായിരിക്കുമെന്ന് മനസ്സിലായത് കൊണ്ട് തന്നെ അവൾ വെള്ളമെടുത് അവനരികിൽ വെച്ചു….
പിന്നേ പതിയേ ബെഡ് ഉയർത്തി….
ഗ്ലാസിലുള്ള വെള്ളം അവൻ കയ്യിലേക്ക് വാങ്ങി…
വാ മുഴുവനായി തുറന്ന് വെള്ളം കുടിക്കാൻ അവന് കഴിയില്ലെന്നത് കൊണ്ട് തന്നെ ഒരു സ്പൂണും അവളാ ഗ്ലാസിൽ വെച്ചിരുന്നു……
അവൻ സ്പൂൺ ഉപയോഗിച് വെള്ളം പതിയേ വായിലേക്ക് ഒഴിക്കുമ്പോൾ കൈ വേദനിക്കുന്നത് കൊണ്ടാവാം മുഖം ചുളിയുന്നതെന്നവൾക്ക് തോന്നി….
കയ്യിലുള്ള കുഞ്ഞ് കുഞ്ഞ് മുറിവുകൾ അവൾക്ക് കാണുന്നുണ്ടായിരുന്നു….
ഞാൻ…. ഞാൻ സഹായിക്കണോ….
അവൾ അല്പം മടിച്ചാണത് ചോദിച്ചത്…
അവൻ കണ്ണുകലുയർത്തി അവളെയൊന്നു നോക്കിയ ശേഷം വീണ്ടും വെള്ളം കുടിച്ചു തുടങ്ങി….
പെട്ടെന്നാണ് അവന്റെ സമ്മതത്തിന് കാത്തു നിൽക്കാതെ അവളാ ഗ്ലാസ് അവനിൽ നിന്നും വാങ്ങിയത്…..
അവൻ ഒരല്പം ദേഷ്യത്തോടെ അവളെ നോക്കിയെങ്കിലും അവൾ കണ്ടില്ലെന്ന് നടിച്ചു……
അവളല്പം വെള്ളം സ്പൂണിലെടുത്തു അവന്റെ വായിലേക്ക് വെച്ചു കൊടുക്കുമ്പോൾ അവൻ അവളെ നോക്കിയത് അല്പം ഗൗരവത്തോടെ തന്നെയായിരുന്നു….
അവളവന്റെ മുഖത്തേക്ക് നോക്കിയില്ല……
അവന്റെ കണ്ണുകളിലേക്ക് നോക്കാതെ തന്നെ അവളത് തുടർന്നു….
പെട്ടെന്നൊരു നിമിഷം അവളുടെ മിഴികൾ അവനിൽ കൊരുതൊരാ സമയം അവൻ അവളെ തന്നെ നോക്കി കിടക്കുന്നതായി അവൾ കണ്ടു….
അവളിലത് വല്ലാത്തൊരു അസ്വസ്ഥത നിറച്ചു…..
മ്മ്….
അവൾ അവന് നേരെ അല്പം ഗൗരവത്തോടെ പുരികമുയർത്തി….
പുഞ്ചിരിക്കുമ്പോൾ ഒരുപക്ഷെ താടിയിലെ മുറിവ് അവന് വേദനിക്കുമായിരിക്കും…..
എങ്കിലും ഒരു ചെറു പുഞ്ചിരി അവൾക്കായവൻ നൽകി തല തിരിഞ്ഞു കിടന്നു…..
അവന്റെ മുഖത് തെളിഞ്ഞോരാ പ്രകാശം പതിയേ അവളിലേക്കും വ്യാപിച്ചിരുന്നു…..
പ്രത്യേകിച്ച് വാക്കുകൾ അവർക്കിടയിൽ സ്ഥാനം പിടിച്ചില്ലെങ്കിലും അനിർവചനീയമായ എന്തോ ഒരു അനുഭൂതി അവിടെ നിറഞ്ഞു നിന്നതായി അവൾക്ക് തോന്നി……
അവൾ ജനലിലൂടെ വീണ്ടും പുറത്തേക്ക് നോക്കി…
കോട മഞ്ഞു പൂർണമായും ആ മലയെ ആവരണം ചെയ്തിരിക്കുന്നു…..
അവളാ ഭംഗി അൽപ നേരം അങ്ങനെ ആസ്വദിച്ചിരുന്നു….
വേദനക്കിടയിലും അവളെന്ന ആശ്വാസത്താൽ അവനും കിടന്നു…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
പിറ്റേ ദിവസം രാവിലെ ഡോക്ടർ വന്ന ഉടനെ താടിയിലെ ബാൻഡ് എയ്ഡ് എടുത്തിരുന്നു….
ഹാ…. ഇന്നേക്ക് ആള് ഉഷാറായല്ലോ…..
വേറെ കുഴപ്പമൊന്നുമില്ലെങ്കിൽ നാളെ പോകാം കേട്ടോ….
ഡോക്ടറത് പറയുമ്പോൾ അവനും ശരീരത്തിനൊരുന്മേഷം തോന്നുന്നുണ്ടായിരുന്നു…
ഇന്നലെ വല്ലാതെ ക്ഷീണം തോന്നിയിരുന്നു…..
അവനൊന്നു പുഞ്ചിരിച്ചു….
കുറച്ച് കഴിഞ്ഞപ്പോഴേക്കും ശങ്കരൻ ഓടി പിടച്ചങ്ങോട്ടേത്തിയിരുന്നു..
അച്ഛനെന്തിനാ തിരക്കിട്ടിപ്പോ വന്നത്….
ഓഫീസിലെത്താൻ വൈകില്ലേ….
കാശി സ്നേഹത്തോടെ ചോദിക്കുമ്പോൾ ശങ്കരൻ അവന്റെ മുടിയിഴകളിലൂടെ ഒന്നു തലോടി…..
ഇന്നലെ ഒരു രാത്രി അച്ഛൻ കഴിച്ചു കൂട്ടിയതെങ്ങനെയാണെന്ന് തന്നെ എനിക്കറിയില്ല….
അത് പോട്ടെ….. എങ്ങനെയാ ആക്സിഡന്റ് ആയത്….
ശങ്കരനത് ചോദിക്കുമ്പോൾ കാശിയുടെ മുഖം മാറി….
ആരോ മനപ്പൂർവം ചെയ്തതാണ് അച്ഛാ….
ഇട്സ് എ മർഡർ അറ്റമ്പ്റ്റ്…
അവനത് പറയുമ്പോൾ ശങ്കരനും സൂര്യയും ഒരു പോലെ ഞെട്ടി….
എന്താ നീ പറയുന്നത്…. അതൊരു കൊലപാതക ശ്രമമായിരുന്നെന്നോ….
അതേ അച്ഛാ….
ആ വണ്ടി വരുന്നതു കണ്ടപ്പോഴേ എനിക്കൊരു പന്തികേട് തോന്നി മാക്സിമം ഒതുക്കിയതാ ഞാൻ……
എന്നാൽ എന്നേ തന്നെ ലക്ഷ്യമാക്കി ആ വണ്ടിയുടെ അടുത്തെത്തിയതും ഭാഗ്യത്തിന് ഞാൻ പെട്ടെന്ന് വെട്ടിച്ചു കളഞ്ഞു….
പോയി ഇടിച്ചതൊരു മരത്തിലും……
അത് കൊണ്ട് മാത്രമാണ്…..
അവനത് പറഞ് കൊണ്ട് നിർത്തി……
ആരാ… ആരാ ഇതിന്റെ പിന്നിലെന്ന് എനിക്കറിഞ്ഞേ തീരു…..
ശങ്കരൻ ദേഷ്യത്തോടെ അതും പറഞ്ഞേഴുന്നേറ്റു….
പോകുന്ന വഴി സ്റ്റേഷനിൽ ഇറങ്ങണം….സി ഐ യെ കണ്ട് ഇതിനു പിറകിലാരാണെന്ന് എത്രയും പെട്ടെന്ന് കണ്ട് പിടിക്കാൻ പറയണം….
അയാളത് പറയുമ്പോൾ കാശി അവരുടെ കയ്യിൽ പിടിച്ചു…..
അച്ഛൻ അതോർത്തു ടെൻഷൻ ആവണ്ട……
അവനത് പറഞ്ഞതും അവർ അവന്റെ കയ്യും കൂട്ടിപ്പിടിച്ചു…..
സൂര്യാ…. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അച്ഛനെ വിളിക്കാൻ മടിക്കരുത് കേട്ടോ..
സ്നേഹത്തോടെ അതും പറഞ് ശങ്കരനിറങ്ങി…..
സൂര്യയുടെ മനസ്സിലപ്പോഴും കാശി പറഞ്ഞ വാക്കുകളായിരുന്നു….
ഇട്സ് എ മർഡർ അറ്റമ്പ്റ്റ്….
അവനെ ആരോ കൊല്ലാൻ ശ്രമിക്കുന്നുണ്ടെന്ന് അവന് തോന്നാൻ കാരണമെന്താവും…..
അവളോർത്തു….
ആരാ ഇയാളെ കൊല്ലാൻ നോക്കിയത്…..
അവനുള്ള ചായ ഗ്ലാസ്സിലേക്ക് പകർത്തുന്നതിനിടയിലാണ് സൂര്യയത് ചോദിച്ചത്….
മനസ്സിൽ ഉയർന്നു പൊങ്ങിയ ചോദ്യം അവളെ അത്രത്തോളം വീർപ് മുട്ടിച്ചത് കൊണ്ടായിരുന്നു അവളത് ചോദിച്ചത്….
കാശി പെട്ടെന്ന് കണ്ണുകൾ ഉയർത്തി അവളെയൊന്ന് നോക്കി…..
അവൻ അവളിൽ നിന്നങ്ങനൊരു ചോദ്യം ഒട്ടും പ്രതീക്ഷിക്കുന്നുണ്ടായിരുന്നില്ല……
എന്നെ കൊല്ലാൻ തോന്നിയ ആരെങ്കിലുമായിരിക്കും….
അവൻ അത് പറയുമ്പോൾ അതിൽ കലർന്നിരുന്ന കുസൃതി അവളെ ചൊടിപ്പിച്ചു……
ആണോ…. ഞാൻ അറിഞ്ഞില്ല…..
മുഖം കൂർപ്പിച്ചു കൊണ്ട് അതും പറഞ്ഞവൾ ബെഡുയർത്തി…..
അവന്റെ മുഖത് അപ്പോഴും അവളെ കളിയാക്കിയെന്ന വണ്ണം ഒരു ചിരിയുണ്ടായിരുന്നു…..
അവൾ ഇഡ്ഡലി ഒരു പാത്രത്തിലെടുത്തു അല്പം ചമ്മന്തിയിൽ മുക്കി അവന്റെ വായിൽ വെച്ചു കൊടുത്തു…
അപ്പോഴും മുഖത് നിറഞ്ഞു നിന്ന ദേഷ്യം അവന് കാണുന്നുണ്ടായിരുന്നു….
സ്വന്തക്കാരാരുമില്ലെങ്കിലും കാശിക്ക് ശത്രുക്കൾക്ക് കുറവില്ല…
ബിസ്സിനെസ്സ് ലുള്ള ദേഷ്യം തീർക്കുന്നതാവാം….
പലരും പല തരത്തിലല്ലേ ദേഷ്യം പ്രകടിപ്പിക്കുക….
അവനൊന്നു ചിരിച്ചു….
അവൾക്ക് സങ്കടം തോന്നി…..
പിന്നേ അവളൊന്നും ചോദിക്കാൻ നിന്നില്ല……
അതുമല്ലെങ്കിൽ…..
എന്നോട് മറ്റെന്തെങ്കിലും ദേഷ്യമുള്ളവരുമാവാം കേട്ടോ…..
കാശി അവളെ ഇടം കണ്ണിട്ട് നോക്കിയത് പറയുമ്പോൾ സൂര്യക്ക് ദേഷ്യം വന്നു……
അത് തന്നെ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് ഓർത്തതും അവൾക്ക് ദേഷ്യം സഹിക്കാൻ കഴിയുന്നില്ലായിരുന്നു…..
കൂട്ട് നിന്ന എന്നെ പറഞ്ഞാൽ മതി….
അവളതും പറഞ്ഞ് പിറു പിറുത്തു കൊണ്ട് കഴിച്ച പാത്രം കഴുകി തുടങ്ങി…
അതിന്ന് നിന്നോട് ഞാൻ പറഞ്ഞോ എനിക്ക് കൂട്ട് നില്ക്കാൻ….
നീയെന്തിനാ ഞാൻ നിന്നോളാമെന്ന് ചാടി കേറി അച്ഛനോട് പറഞ്ഞത്….
തങ്ങൾക്കിടയിൽ നില നിൽക്കുന്ന ആ നിശബ്ദത നീങ്ങി ദേഷ്യത്തോടെയാണെങ്കിലും ഒരു സംസാരമുണ്ടാവട്ടെയെന്ന് വിചാരിച്ചു തന്നെയാണ് അവനത് പറഞ്ഞത്…..
അവളുടെ മുഖം വലിഞ്ഞു മുറുകി…..
ഇയാളോടുള്ള പ്രേമം കൊണ്ടൊന്നുമല്ല….
അതൊരു കടമയാണെന്ന് തോന്നി….. അത്രേയുള്ളൂ….
അവൾ അവനെ നോക്കിയത് പറയുമ്പോഴും ഉള്ളിൽ വിരിഞ്ഞൊരു കുസൃതിയാലേ അവനവളെ നോക്കി കിടക്കുകയായിരുന്നു…..
അപ്പൊ പിന്നേ നീയെന്തിനാ എനിക്ക് ബ്ലഡ് തന്നത്…..
അവനത് ചോദിച്ചതും അവളൊന്ന് ചിരിച്ചു….
അതിൽ അല്പം പുച്ഛം കലർന്നിരുന്നില്ലേ…..
മുഖത്തിന് നിറമെന്തായാലും രക്തത്തിന് നിറം ഒന്നു തന്നെയാണല്ലോ…. അത് കൊണ്ടാണ് തന്നത്….
അവളത് പറഞ്ഞ് നിർത്തുമ്പോൾ നിറത്തിന്റെ പേരിൽ അനുഭവിച്ച അവഗണങ്ങളെല്ലാം ആ മുഖത് പറ്റിപ്പിടിച്ചു കിടപ്പുണ്ടായിരുന്നു….
അതിൽ ഏറ്റവും മുകളിലായി നിന്നിരുന്നത് തന്റെ അവഗണനയായി അവന് തോന്നി….
ഹൃദയം വല്ലാത്തൊരു ഭാരത്തെ ചുമക്കുന്നത് അവനറിഞ്ഞു…..
കുറ്റബോധം കൊണ്ടവന്റ മിഴികൾ താഴ്ന്നു പോയി….
ഇഷ്ടപ്പെട്ടില്ലെങ്കിൽ അങ്ങോട്ട് തന്ന രക്തം തിരിച്ചു തന്നോളൂ….
അവന്റെ മുഖം മങ്ങിയെന്ന് തോന്നിയത് കൊണ്ട് തന്നെയാണ് അല്പം കുറുമ്പോടെ അവളത് പറഞ്ഞതും….
അവൻ ചെറുതായൊന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു…
അവളുടെയുള്ളിലെ വിങ്ങൽ സമർത്ഥമായി മറച്ചു പിടിച്ചവൾ ദൂരേക്ക് കണ്ണു നട്ടിരുന്നു…..
അപ്പോൾ മേഘങ്ങൾ ആ മലഞ്ചേരുവിലൂടെ ഒഴുകി നടക്കുന്നതായി അവൾക്ക് തോന്നിയിരുന്നു……
(തുടരും)

by