17/04/2026

അതിസുന്ദരി : ഭാഗം 29

രചന – ആയിഷ അക്ബർ

കുറച്ച് നേരം കഴിഞ്ഞപ്പോൾ ആർത്തലച് പെയ്യുന്ന അവളുടേ കണ്ണീർ പേമാരി പതിയേ പതിയേ കെട്ടടങ്ങി….

അവൾ മയക്കത്തിലേക്ക് ആണ്ടു പോയെന്ന് അവന് മനസ്സിലായെങ്കിലും നിന്നും അവളിൽ കൈ അവനെടുത്തില്ല…..

അവളെ പുൽകിയ അത്ര വേഗത്തിൽ നിദ്ര തന്നെ തേടിയെത്തില്ലെന്ന് അവനുറപ്പായിരുന്നു….

അത്രയേറെ മനസ്സ് നീറുന്നു ണ്ട്..

ആദ്യമൊക്കെ അവളോടുള്ള സഹതാപം കൊണ്ടായിരുന്നു മനസ്സ് മുറിപ്പെട്ടിരുന്നത്….

എന്നാൽ സ്നേഹം മനസ്സിൽ നിറഞ്ഞതിനു
ശേഷം അവരുടെ വിഷമങ്ങൾ നമ്മളെ എത്രത്തോളം കീഴ്പ്പെടുത്തുമെന്ന് അവനു മനസ്സിലാകുന്നുണ്ടായിരുന്നപ്പോൾ……

അവൻ അവളെ ഒന്നു കൂടി ചേർത്ത് പിടിച്ചു….

അപ്പോഴും അവന്റെ മിഴികളിലെ നനവ് ഉണങ്ങിയിട്ടില്ലായിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചേർത്ത് പിടിച് കിടക്കുന്നവന്റെ കൈകൾ അവൾ പതിയേ എടുത്തു മാറ്റി…..

കട്ടിലിൽ എഴുന്നേറ്റിരുന്നു മുടി കൈ കൊണ്ട് പിറകിലേക്ക് ചുറ്റി കെട്ടി വെച്ചു…..

കൺപോളകൾക്ക് വല്ലാത്തൊരു കനം തോന്നുന്നുണ്ടായിരുന്നവൾക്ക്….

ഇന്നലത്തെ സംഭവം വീണ്ടും മനസ്സിലേക്ക് ഇരച്ചെത്തി…..

അതുണ്ടാക്കിയ മുറിവിൽ നിന്നും വീണ്ടും രക്തം പൊടിഞ്ഞു തുടങ്ങി….

അവളുടേ കണ്ണുകൾ അവനിലേക്ക് പതിഞ്ഞത് പെട്ടെന്നായിരുന്നു..

വെളുത്ത മുഖത് കറുത്ത നിറമുള്ള കുഞ് മുടിയിഴകൾ പാറി കിടക്കുന്നുണ്ട്……

അവൻ ഇടത് കൈയാൽ തന്നെ വട്ടം പിടിച്ചത് മനസ്സിലേക്കോടിയെത്തി…

മനസിന്റെ ചൂടിലേക്ക് ഒരു തണുപ്പിരചെത്തുന്നത് അവളറിഞ്ഞു……

അവന്റെ ശരീരത്തിന്റെ ചൂട് അപ്പോഴും തന്നോട് ചേർന്ന് നിൽക്കുന്നത് പോലെ അവൾക്ക് തോന്നിയിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ പതിവ് പോലെ രമ ചേച്ചിയും ജയ ചേച്ചിയും പണികളിലായിരുന്നു….

കാശ്ശിക് കാപ്പിയെക്കാൾ എലക്കായ കുത്തിയിട്ട ചായയാണ് പ്രിയം എന്നുള്ളത് കൊണ്ട് തന്നെ അവൾ അടുപ്പത്തേക്ക് വെള്ളം വെച്ചു….
ആവശ്യത്തിന് പഞ്ചസാരയിട്ട് വെള്ളം തിളക്കുന്നത് നോക്കിയിരിക്കുമ്പോഴാണ്
മുത്തശ്ശിയങ്ങോട്ട് വരുന്നത്…..

ജയയും രമയും അവരോട് പുഞ്ചിരിച്ചു….

മനോഹരമായൊരു പുഞ്ചിരി അവർ തിരിച്ചു നൽകിയ ശേഷം നോക്കിയത് തന്നെയായിരുന്നു……
Ggg
പെട്ടെന്ന് ആ മുഖം മാറുന്നത് അവളറിഞ്ഞു…..

വലിഞ്ഞു മുറുകിയ ആ മുഖം കാൻകെ അവൾ പെട്ടെന്ന് തിരിഞ്ഞു നിന്നു….

ഭാഗ്യ വശാൽ അപ്പോഴേക്കും വെള്ളം തിളച്ചിരുന്നു….

ജാനകി…….

തിളച്ച വെള്ളത്തിലേക്ക് സൂര്യ ചായപ്പൊടിയും ഏലക്ക യുമിടുമ്പോഴായിരുന്നു മുത്തശ്ശി ഉറക്കെ വിളിച്ചത്….

എന്താ അമ്മേ…

എന്ന് ചോദിച്ചു കൊണ്ട് ജാനകി വേഗത്തിൽ അടുക്കളയിലേക്ക് വരുമ്പോൾ സൂര്യക്ക് അതിശയം തോന്നി….

കാരണം സാധാരണ അവരീ നേരത്ത് എഴുന്നേൽക്കുക പോലും ചെയ്യാത്തതാണ്..

നീ ഇത്ര നേരം എവിടെയായിരുന്നു….

ഞാൻ വരാൻ നിൽക്കുവായിരുന്നമ്മേ….

മുത്തശ്ശിയുടെ ഗൗരവത്തോടെയുള്ള ചോദ്യത്തിന് അവർ വളരേ സൗമ്യമായി മറുപടി നൽകി…..

നിങ്ങളെന്തിനാ ഇതൊക്കെ ചെയ്യുന്നത്…..

ഇഡ്ഡലി മാവോഴിച്ചു പാത്രം അടുപ്പത്തേക്ക് വെക്കുന്ന ജയയെയും സാമ്പാറിനുള്ള കഷ്ണങ്ങൾ മുറിച്ചു കൊണ്ടിരുന്ന രമയെയും നോക്കിയായിരുന്നു മുത്തശ്ശിയത് ചോദിച്ചത്….

ഇത് ഞങ്ങൾ തന്നെയാണ് സരസ്വതിയമ്മേ ചെയ്യാറുള്ളത്…
ജയ വളരേ സൗമ്യമായി പറയുമ്പോൾ മുത്തശ്ശി കടുപ്പിച്ചത് നോക്കിയത് ജാനകിയെയായിരുന്നു..

ഇതൊക്കെ എന്തിനാ ഇവർ ചെയ്യുന്നത്….

അവരത് ചോദിക്കുമ്പോൾ ജാനകിക്ക് എന്തെന്ന് മനസ്സിലായില്ല…

അതെന്താ അമ്മേ… എപ്പോഴും അവര് തന്നെയല്ലേ ചെയ്യാറുള്ളത്….

അത് അന്നല്ലെ….
അന്നത്തെ പോലെയാണോ ഇപ്പോൾ…
ഇവിടെ ഇത്രയും പേരുള്ളപ്പോൾ അടുക്കളപ്പണിക്ക് വേറൊരാളുടെ ആവശ്യം ഉണ്ടോ…..

മുത്തശ്ശിയത് ചോദിക്കുമ്പോൾ ജാനകിക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു….

എങ്കിലും അവരൊന്നും മിണ്ടിയില്ല…

നിങ്ങള് രണ്ട് പേരും പുറം പണി നോക്കിയാൽ മതി…
അകത്തെ പണിക്ക് ഇവരെല്ലാവരും ഉണ്ടല്ലോ…

സരസ്വതി ജയയോടും രാമയയോടുമായി അത് പറയുമ്പോൾ ജാനകി പല്ലിറുമ്മി….

ജാനകി…. ഇഡ്ഡലി ഉണ്ടാക്കിക്കോളൂ….
എനിക്ക് രണ്ട് ദോശയും വേണം…..

അതും പറഞ്ഞ് കൊണ്ടവിടെ നിന്നും നടന്നു പോകുന്ന മുത്തശ്ശിയെ
ദേഷ്യത്തോടെ നോക്കി നിൽക്കുന്ന ജാനാകിയെ സൂര്യ കാണുന്നുണ്ടായിരുന്നു….

അവൾ വേഗം ഗ്ലാസ്സിലേക്ക് പകർത്തിയ ചായയുമായി മുകളിലേക്ക് നടന്നു…..

മുറിയിലേക്ക് ചെല്ലുമ്പോഴേക്കും കാശി എഴുന്നേറ്റ് ബെഡിൽ ഇരിക്കുന്നുണ്ടായിരുന്നു….

അവൻ അവളുടേ മിഴികളിലേക്ക് നോക്കി…

വീങ്ങിയ കാൻപോളകൾ കണ്ടപ്പോൾ അവന്റെ നെഞ്ചോന്ന് പിടച്ചു….

അവൾക്കെന്തോ അവന്റെ മുഖത്തേക്ക് നോക്കാൻ കഴിഞ്ഞില്ല…..

കൈ മാറാൻ പ്രത്യേകിച്ച് വാക്കുകൾ അവരില്ലാത്തത് കൊണ്ട് തന്നെ നിശബ്ദത ബാക്കിയായി….

അടുക്കളയിൽ ജോലികൾ ഉണ്ടെന്ന ബോധ്യമുള്ളത് കൊണ്ട് തന്നെ സൂര്യ വേഗം താഴേക്ക് നടന്നു……

കാശിക്ക് വല്ലാത്തൊരു വേദന തോന്നി….

മുത്തശ്ശി തന്റെ അടുത്തേക്ക് വരുമ്പോൾ തീർച്ചയായും പറഞ് മനസ്സിലാക്കണമെന്നവ
ൻ മനസ്സിലുറപ്പിച്ചിരുന്നു….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
സൂര്യ അടുക്കളയിലേക്ക് ചെല്ലുമ്പോൾ ജാനകി ഇഡ്ഡലിയുണ്ടാക്കുകയായിരുന്നു…..

അവരുടെ മുഖം അപ്പോഴും ദേഷ്യത്താൽ ചുവന്നിരുന്നിരുന്നു……

സൂര്യ അത് കണ്ടില്ലെന്ന മട്ടിൽ രമ ചേച്ചി ബാക്കിയാക്കി വെച്ചു പോയ സാമ്പാർ കഷ്ണങ്ങൾ മുറിച്ചു തുടങ്ങി……

ജാനകി എന്തൊക്കെയോ ദേഷ്യത്തോടെ പിറു പിറുക്കുന്നുണ്ട്…….

ജോലി ചെയ്യുന്നതിലുള്ള അമർഷമാവാം….

അവൾ ഒന്നും ശ്രദ്ധിക്കുന്നില്ലെന്ന മട്ടിൽ അവളുടേ ജോലി തുടർന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഹാ… മുത്തശ്ശി നേരത്തെ എഴുന്നേറ്റോ…
ചായ കുടിച്ചിരുന്നോ….

മുറി തുറന്ന് പുറത്തേക്ക് വരികയായിരുന്ന വീണ പത്രം വായിച്ചു കൊണ്ടിരിക്കുന്ന മുത്തശ്ശിയെ കണ്ടതും പുഞ്ചിരിയോടെയാണ് ചോദിച്ചത്…….

പിന്നേ…. ചായ മാത്രമല്ല….
ഉച്ചയൂണും കഴിഞ്ഞു….

മുത്തശ്ശി തിരിച്ചത് പറയുമ്പോൾ നിറഞ്ഞ ചിരി ആ മുഖത്തുണ്ടായിരുന്നെങ്കിലും അതിൽ കലർന്ന പരിഹാസത്തെ വീണക്ക് വ്യക്തമായി മനസ്സിലായിരുന്നു…..

അവളുടേ മുഖം പെട്ടെന്ന് മാറി…

പെൺകുട്ടികൾ രാവിലെ നേരത്തെ എഴുന്നേൽക്കണം….
അതാണ് വീടിന്റെ ഐശ്വര്യം….
നിങ്ങളെ ഇതൊന്നും വീട്ടിൽ നിന്ന് പഠിപ്പിച്ചിട്ടില്ലായിരുന്നോ..

അതെങ്ങനെ….അവളുടെ ബാക്കിയല്ലേ……

പുച്ഛിച്ചതും പറഞ് കൊണ്ട് മുത്തശ്ശി വീണ്ടും കണ്ണുകൾ പത്രത്തിലേക്ക് നീക്കി….

വീണക്ക് ദേഷ്യമോ സങ്കടമോ എന്നറിയുന്നില്ലായിരുന്നു….

അവൾ നേരെ പോയത് ജാനകിയുടെ മുറി ലക്ഷ്യമാക്കിയായിരുന്നു…

പരാതികളെല്ലാം അവരോട് പറയാൻ അവൾ ചെന്നെങ്കിലും അവിടെ അവരെ കാണാത്തത് കൊണ്ട് തന്നെ അവൾ അടുക്കളയിലേക്ക് നടന്നു…..

അടുക്കളയിലെത്തിയതും അവൾ കണ്ട കാഴ്ചയിൽ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞിരുന്നില്ല…..

സ്റ്റോവിനരികിൽ നിന്ന് വെന്ത ഇഡലി പാത്രത്തിലേക്ക് മാറ്റുന്ന ജാനകി….

അവർക്ക് കുറച്ചപ്പുറത്തായി പച്ചക്കറികൾ കഷ്ണമാക്കുന്ന സൂര്യ….

അവൾ നേരെ ചെന്നത് ജാനകിയുടെ അടുത്തേക്കാണ്….

അപ്പച്ചിയെന്തിനാ ഇതൊക്കെ ചെയ്യുന്നത്….
രമ യും ജയയും എവിടെ…

അവളല്പം ശബ്ദത്തിൽ തന്നെയത് ചോദിക്കുമ്പോൾ പതുക്കെ എന്ന തരത്തിൽ ജാനകി കൈ കൊണ്ട് കാണിച്ചു…

എന്താ അപ്പച്ചി….

അവളല്പം പതുക്കെ തന്നെയാണത് ചോദിച്ചത്…

ഞാൻ പറഞ്ഞില്ലേ ആ തള്ള ഓരോന്ന് പറഞ്ഞ് ചൊറിയുമെന്ന്…..
ഇനി മുതൽ ജോലിക്കാരികൾ ഭക്ഷണം ഉണ്ടാകേണ്ട എന്നാണ് പുതിയ ഉത്തരവ്….

ദേഷ്യം കടിച്ചമർത്തി ജാനകിയത് പറയുമ്പോൾ അവൾ പറയാൻ വന്നത് അപ്പാടെ വിഴുങ്ങി….

ഇതിപ്പോ വേലിയിൽ കിടക്കുന്ന പാമ്പിനെ എടുത്ത് തോളിൽ വെച്ച പോലായെന്നാ തോന്നുന്നത്…..

ജാനകി നിരാശയോടത് പറയുമ്പോൾ വീണയുടെ മുഖത്തും നിരാശ പടർന്നു..

വീണക്ക് സൂര്യയെ കാണുമ്പോൾ ദേഷ്യം തോന്നി…..

നീയാ തേങ്ങ ചിരവിക്കോ മോളേ…. ഉച്ച ഭക്ഷണം കൂടി തയ്യാറാക്കാതെ ഇവിടെ നിന്ന് പുറത്ത് കടക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല….

ജാനകി അത് പറയുമ്പോൾ വീണക്ക് വല്ലാത്ത അരിശം തോന്നി…..

അപ്പോഴാണ് സൂര്യയുടെ കഷ്ണം മുറിക്കൽ കഴിഞ്ഞത് അവൾ കണ്ടത്….

ദേ…. ഈ തേങ്ങ ചിരവ്…
തേങ്ങാ മുറി അവൾക്ക് മുമ്പിൽ വെച്ചു കൊണ്ട് വീണയത് പറയുമ്പോൾ കേട്ടില്ലെന്ന മട്ടിൽ അവളവിടെ നിന്നും എഴുന്നേറ്റു….

ദേ….. നീ കാരണമാ അപ്പച്ചിക്ക് പോലും ഇതൊക്കെ ചെയ്യേണ്ടി വന്നത്…. എന്നിട്ടും നിന്റെ അഹങ്കാരത്തിനൊരു കുറവുമില്ലല്ലോ……

വീണ ബുദ്ധിപരമായി ജാനകിയെ കൂടി അതിലേക്ക് വലിച്ചിടുമ്പോൾ അവർ ദേഷ്യത്തോടെ അവളിലേക്ക് തിരിഞ്ഞു….

അതേ… നീയൊറ്റ ഒരുത്തി കാരണമാ ഞാനിതൊക്കെ അനുഭവിക്കേണ്ടി വന്നത്….

നിന്നെ ഇങ്ങോട്ട് കെട്ടിയെടുത്തതിന്റെ ദേഷ്യമാ അവരീ തീർക്കുന്നത്…..

അവർ ദേഷ്യത്തോടെ അത് പറയുമ്പോൾ ഉള്ളിലെ വിങ്ങൽ കടിച്ചമർത്തി അവൾ തേങ്ങ ചിരവി തുടങ്ങി….

വീണ അത് നോക്കി യൊന്നു ചിരിച്ചു…..

അപ്പച്ചി…. നമുക്കിവളെ കൊണ്ടിങ്ങനെ ഓരോന്ന് ചെയ്യിക്കാമെന്നേ….
അതിപ്പോ മുത്തശ്ശി അറിയാനൊന്നും പോകുന്നില്ലല്ലോ…..

വീണത് പറയുമ്പോൾ ജാനകിക്കും അത് ശെരിയെന്നു തോന്നി….

സൂര്യ പെട്ടെന്ന് തന്നെ ഓരോന്ന് ചെയ്ത് തുടങ്ങി…

നിയന്ത്രിച്ചു കൊണ്ട് രണ്ട് പേരും അടുക്കളയുടെ ഒരു ഭാഗത്തായിരുന്നു….

ഇടയ്ക്കിടെ മുത്തശ്ശി വരുന്നുണ്ടോയെന്ന് നോക്കിയവർ വീണ്ടും വിശ്രമത്തിനായിരിക്കും….

എന്നാൽ പെട്ടെന്നായിരുന്നു മുത്തശ്ശി വരുന്നതവർ കണ്ടത്….

അപ്പോഴേക്കും ജാനകി പെട്ടെന്ന് സ്റ്റോവിനരികിലേക്ക് നീങ്ങി….

സൂര്യാ…. ഇനി നീ ഇങ്ങോട്ടിരുന്നോ…. ഞാൻ ചെയ്യാം…..

അതും പറഞ്ഞ് കൊണ്ട് ബീറ്റ്റൂട്ട് നുറുക്കി കൊണ്ടിരിക്കുന്ന സൂര്യയെ ഇരുന്നിടത് നിന്നും വീണ കൈ പിടിച് വലിച്ചു….

ഏയ്…. നീയെന്താ കാണിക്കുന്നത്….

സൂര്യ അതും പറഞ്ഞ് കൊണ്ട് അവളെ നോക്കിയതും അവൾ കത്തിയെടുത്തു ബീറ്റ് റൂട്ട് മുറിക്കുന്നത് തുടർന്നു…..
കാര്യമെന്തെന്ന് സൂര്യക്ക് മനസ്സിലാകും മുന്പേ മുത്തശ്ശി അങ്ങോട്ടെത്തിയിരുന്നു…..

മുത്തശ്ശി വരുമ്പോൾ സ്റ്റോവിനരികിലായി കറി യിളക്കുന്ന ജാനകിയേയും ബീറ്റ്റൂട്ട് മുറിക്കുന്ന വീണയെയും വെറുതെ നിൽക്കുന്ന സൂര്യ യെയുമാണ് കാണുന്നത്…..

അവർക്ക് ദേഷ്യം വന്നു….

കാണാൻ മെനയില്ലെന്നു മാത്രമല്ല…..
അടുക്കള കൊണ്ട് നടക്കാനും വയ്യാത്ത ഒന്നിനെ ആണല്ലോ നീയെന്റെ കുഞ്ഞിന്റെ തലയിൽ കെട്ടി വെച്ചത്….

അതും പറഞ്ഞ് കൊണ്ട് ജാനകിയെയും ഒപ്പം അവളെയും തുറിച്ചു നോക്കുന്ന മുത്തശിയെ അവളൊന്നു നോക്കി….

അവരോട് തിരിച്ചു പറയാൻ മറുടി തന്റെ കയ്യിലുണ്ടായിരുന്നെങ്കിലും ഒരു ചോദ്യം അവർ തന്നോട് ചോദിക്കാത്തിടത്തോളം തന്റെ ഉത്തരത്തിനു പ്രസക്തിയില്ല മാത്രവുമല്ല…..

സത്യം എന്തെന്ന് അറിയാതെ ഒരാളെ വിധിക്കുന്ന അവരോട് താനേന്ത് പറഞ്ഞിട്ടും കാര്യവുമില്ലെന്നും അവൾക്കറിയാമായിരുന്നു….

എങ്കിലും ഹൃദയം എന്തോ വല്ലാതെ വേദനിച്ചു….

കണ്ണുകൾ നിറഞ്ഞു വരാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചു…..

അവരെ കൂടി കുറ്റപ്പെടുത്തുന്നത് കൊണ്ട് തന്നെ ജാനകിക്ക് വലിയ സന്തോഷമൊന്നും തോന്നിയില്ല….

എന്നാൽ വീണക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു……

ഹൃദയത്തിൽ നിറഞ്ഞ പുഞ്ചിരിയുടെ അംശങ്ങൾ മുഖത് വരാതിരിക്കണേ എന്നവൾ പ്രാർത്ഥിച്ചു…..

മുത്തശ്ശി വീണയിലേക്കും നുറുക്കി വെച്ച ബീറ്റ്‌റൂട്ടിലേക്കും ഒന്നു നോക്കി……

അവളിലൊരു സംതൃപ്തി അവർക്ക് തോന്നിയിരുന്നു…

അത് വീണക്കും സൂര്യയ്ക്കും മനസ്സിലാവുകയും ചെയ്തിരുന്നു….

ദേഷ്യത്തോടെ സൂര്യയെ അമർത്തി ഒന്നും നോക്കുക കൂടി ചെയ്ത് കൊണ്ട് അവിടെ നിന്നും പോകാനൊരുങ്ങിയ അവർ പെട്ടെന്നൊന്നു തിരിഞ്ഞു…..

പിന്നീട് ചിരിച്ചു കൊണ്ട് വീണയുടെ അടുത്തേക്ക് വന്നു……

അവൾക്കരികിലായി നിൽക്കുന്ന സൂര്യ യെയും ഒന്നു കൂടി നോക്കി….

ഇതെല്ലാം മോള് നുറുക്കിയതാണോ….

അവർ ചിരിയോടെ അത് ചോദിക്കുമ്പോൾ വീണക്ക് സന്തോഷം തോന്നി….

അതേ മുത്തശ്ശി….
എനിക്കിതൊന്നും അത്ര പാടുള്ള കാര്യമല്ല….
ചെയ്യുന്ന ജോലികൾ വേഗത്തിലും വൃത്തിയിലും ചെയ്യണമെന്ന് എനിക്ക് നിർബന്ധമാണ്….

സൂര്യ അത്ഭുതത്തോടെ അവളെ നോക്കി….
താനിരിക്കെ എത്ര മനോഹരമായി അവൾ കള്ളം പറയുന്നു…..
താൻ എതിർത്തു പറയില്ലെന്ന് ധൈര്യമോ അതോ താൻ പറഞ്ഞാൽ അവർ സ്വീകരിക്കില്ലെന്ന വിശ്വാസമോ….

അവൾക്കു പുച്ഛം തോന്നി…

ഓഹ്… നീയൊരു മിടുക്കി തന്നെ….
മുത്തശ്ശി വീണ്ടും ചിരിയോടെ അവളുടേ തോളിൽ കൈ വെച്ചത് പറയുമ്പോൾ സന്തോഷം കൊണ്ടവളുടെ മുഖം വിടർന്നു….

പക്ഷെ മോളേ എനിക്കൊരു സംശയം ..
നീ നുറുക്കിയ ബീറ്റ് റൂട്ടിന്റെ നിറമിങ്ങനെ ഇവളുടെ കയ്യിൽ പറ്റിപ്പിടിച്ചു……?

സൂര്യയുടെ കയ്യിലേക്ക് ചൂണ്ടി മുത്തശ്ശിയത് ചോദിക്കുമ്പോൾ കറ പറ്റിപ്പിടിച്ച സൂര്യയുടെ കൈ നോക്കി ശ്വാസമെടുക്കാൻ പോലും മറന്ന് വീണ അങ്ങനെ ഇരുന്നു…..

(തുടരും)