23/04/2026

നിലാവ് : ഭാഗം 33

രചനഅരുന്ധതി

‍‍‍‍‍‍‍‍‍‍‍‍‍‍‍ഒരു സമാധാനവുമില്ലാതെ ദേവി മുറിയിലേക്ക് പോയി. സർവ്വ ദൈവത്തെയും വിളിച്ച് ഒന്നും വരുത്തരുതേ എന്ന് പ്രാർത്ഥിച്ച് കരഞ്ഞു കൊണ്ട് കട്ടിലിലേക്ക് കയറി കിടന്നു. .

കുറച്ച് കഴിഞ്ഞതും മുറ്റത്തൊരു വണ്ടി വന്ന് നിന്നു.

ദേവി ഒഴിച്ച് എല്ലാവരും പുറത്തേക്ക് ചെന്നു. കാറിൽ നിന്ന് അർജുൻ പുറത്തേക്കിറങ്ങി. അവന് പിറകേ വിഷ്ണുവും, ഭാമയും, പുറത്തേക്കിറങ്ങി. ദേവിയുടെ വീട്ടുകാര് അവരെയെല്ലാം വേഗം തന്നെ ക്ഷണിച്ച് അകത്തേക്ക് കൊണ്ട് വന്നു.

അച്ഛന്മാര് രണ്ടാളും ഇരുന്നു. പിറകിലായി പടിക്കെട്ടിനു താഴെയായി പെൺപടകളെല്ലാം നിരന്നു നിന്നു. പിന്നെ അച്ചന്മാരുടെ രണ്ട് പേരുടെയും നടുവിലായി വലിയ ആൾക്കാരെ പോലെ സൂര്യനും.
അവർക്ക് മുൻപിലുള്ള സോഫയിലാണ് അർജുനും, വിഷ്ണുവും, ഭാമയും ഇരുന്നത്.

” അച്ഛാ,,, ഇവരെ മനസ്സിലായോ.
ഞാൻ പരിചയപ്പെടുത്താം. ഇത് എന്റെ അനിയൻ വിഷ്ണു. ഇത്,, ”
അവനത് പറയാൻ വന്നതും ഞാൻ പറയാം എന്ന് പറഞ്ഞ് ദേവിയുടെ അച്ഛൻ അർജുനെ തടഞ്ഞു.

” അതാരാണെന്ന് മോൻ പറയാതെ തന്നെ ഇവിടെയുള്ള എല്ലാവർക്കും കണ്ടപ്പോഴേ മനസ്സിലായി.
ഭാമ, അല്ലേ? എന്റെ മോളെ ഒറ്റക്കാണെന്ന തോന്നല് പോലും കൊടുക്കാതെ ഒരു കൂടെപ്പിറപ്പിനെ പോലെ സ്നേഹിച്ച ഇപ്പോഴും സ്നേഹിക്കുന്ന അവളുടെ ഭാമ. ”
പറഞ്ഞു തീർന്നതും ഭാമ നോക്കുമ്പോൾ അവിടെയുള്ള എല്ലാ മുഖങ്ങളിലും തന്നോടുള്ള സ്നേഹവും, വാത്സല്യവും നിറഞ്ഞു നിൽക്കുന്നത് അവള് കണ്ടു.

” അതേ ഇവിടെ ഒരാളുടെ കുറവുണ്ടല്ലോ, ഏട്ടത്തിയെവിടെ? ”
അവര് വന്ന് അത്രയും സമയമായിട്ടും ദേവിയെ കാണാതെ വിഷ്ണു തിരക്കി.

അത് കേട്ടതും അർജുന്റെ മുഖത്ത് ഒരു കള്ളച്ചിരി വിരിഞ്ഞു. ആരും പറയാതെ തന്നെ അവനറിയാരുന്നു അവള് വിഷമിച്ച് അകത്തുണ്ടാവും എന്ന്.

” ഏട്ടാ എഴുന്നേറ്റ് അകത്തോട്ട് ചെല്ല്. എന്നിട്ട് കിട്ടുന്നത് മൊത്തം കയ്യോടെ വാങ്ങിച്ചോ. ”
അവളുടെ സംസാരം കേട്ട് അർജുൻ ഭാമയെ ഒന്ന് നോക്കി.

” എന്താ നോക്കുന്നെ?
ഞാൻ കണ്ടായിരുന്നു അവള് വിളിച്ചപ്പോൾ എടുക്കാതിരുന്നത്. എന്റെ ദേവിയെ പേടിപ്പിച്ചതല്ലേ അതുകൊണ്ട് കിട്ടുന്നത് കൈയ്യോടെ ചെന്ന് മേടിച്ചോ ”
ഭാമ അവനോട് പതിയെ പറഞ്ഞു.

” അവള് എന്തെടുക്കുവാണെന്ന് ഭാമക്കും, ഏട്ടനും മനസ്സിലായി എന്ന് തോന്നുന്നല്ലോ? ”
അവരുടെ അടക്കം പറച്ചില് കണ്ട് ഭദ്രയാണ് ചോദിച്ചത്.

അവൻ അവളെ നോക്കിയൊന്ന് ചിരിച്ചു കാണിച്ച് അവിടെ നിന്നും എഴുന്നേറ്റ് മുകളിലേക്കുള്ള പടിക്കെട്ട് കയറി.

” ഭാമ മോളെ,, നീയിങ് എഴുന്നേറ്റ് വന്നേ…”രണ്ടമ്മമാരും ഭാമയെയും വിളിച്ച് അടുക്കളയിലേക്ക് പോയി. അവരുടെ കൂടെ ഭദ്രയും.
സൂര്യനെയും കൊണ്ട് ദേവുവും അവരുടെ പിന്നാലെ പോയി.
വിഷ്ണുവിന് പ്രത്യേകിച്ച് മിണ്ടാൻ അവിടെ ആരും ഇല്ലാത്തത് കൊണ്ട് അവൻ അച്ചന്മാരുടെ കൂടെ കൂടി.

അകത്ത്‌ മുറിയിലായിരുന്ന ദേവി താഴെ നടന്നതൊന്നും അറിയാതെ കിടന്ന കിടപ്പ് തന്നെ ആയിരുന്നു.
അർജുൻ ശബ്ദമുണ്ടാക്കാതെ പതിയെ ചെന്ന് ദേവിയുടെ മുറിയിൽ കയറി കതകടച്ചു കുറ്റിയിട്ടു.
അവൻ നോക്കുമ്പോൾ കട്ടിലിൽ കമഴ്ന്നു കിടക്കുകയാണ് ദേവി. മുഖം തലയിണയിൽ അമർത്തി വെച്ച് കരയുകയാണ്. ഏങ്ങലടിക്കുന്ന ശബ്ദം പുറത്ത് കേൾക്കാം. മുടിയൊക്കെ അഴിഞ്ഞ് അലസമായി കിടക്കുന്നു. ആ കാഴ്ചയിലേ അവളുടെ മനസ്സിന്റെ ആളലും, അവനോടുള്ള സ്നേഹത്തിന്റെ ആഴവും അവന് മനസ്സിലാക്കാമായിരുന്നു.

അവൻ പതിയെ ശബ്ദമുണ്ടാക്കാതെ നടന്ന് അവളുടെ അടുത്ത് ചെന്നു. അഴിഞ്ഞ് കിടക്കുന്ന അവളുടെ മുടി ഒരു വശത്തേക്കൊതുക്കി പുറം കഴുത്തിൽ അമർത്തി ചുംബിച്ചു.
പെട്ടെന്നവൾ ഞെട്ടി പിടഞ്ഞെഴുന്നേറ്റു. മുന്നിൽ അവനെ കണ്ടതും അവള് അവന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്ത് മുഖം മുഴുവൻ ചുംബനങ്ങൾ കൊണ്ട് മൂടി.
അതിനിടയിലും എന്നെ പേടിപ്പിച്ചില്ലേ, എന്നെ കരയിച്ചില്ലേ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. പെട്ടെന്നവൻ അവളെ ഇറുക്കി പുണർന്നു.
അങ്ങനെ തന്നെ ഇരുന്ന് കുറച്ച് സമയം കഴിഞ്ഞപ്പോഴാണ് തന്നെ പറ്റിക്കാൻ മനഃപൂർവം ഫോണെടുക്കാതിരുന്നതാണെന്ന ചിന്ത മനസ്സിലേക്ക് വന്നത്.
പെട്ടെന്ന് അവളവനെ തള്ളി മാറ്റി.
കട്ടിലിൽ നിന്നെഴുന്നേറ്റ് ജനലരികിലേക്ക് പോയി നിന്നു. അവൻ അവളുടെ പിറകിലൂടെ ചെന്ന് അവളെ ചേർത്ത് പിടിച്ചു. അവളവനെ ഒന്ന് ദേഷ്യത്തിൽ നോക്കി. കുറുമ്പ് കാണിക്കുന്ന കുഞ്ഞ് കുട്ടികളുടെ മുഖ ഭാവമായിരുന്നു ആ സമയം അവൾക്ക്. അവന്റെ കൈ തട്ടി മാറ്റി അവള് പുറത്തേക്കു പോകാനായി തുടങ്ങിയതും അവനവളെ വലിച്ച് ഭിത്തിയോടടുപ്പിച്ചു. മീശയൊന്ന് പിരിച്ച് അവൻ അവൾക്കടുത്തേക്ക് നടന്നു. അവളുടെ അടുത്തേക്ക് ചെന്ന് മുഖം കൈക്കുമ്പിളിൽ എടുത്തു. ദേഷ്യത്തിലും താൻ അടുത്ത് വന്നതിന്റെ നാണത്തിൽ ചുവന്നു കിടക്കുന്ന അവളുടെ കവിളിലേക്ക് തന്റെ അധരങ്ങൾ അടുപ്പിച്ചു. അവനെ തടയാനായി അവൾ അവന്റെ നെഞ്ചിൽ കൈ വച്ച് പിറകിലേക്ക് തള്ളി കൊണ്ടിരുന്നു. ഒടുവിൽ പരാജയപ്പെട്ട് അവനിലേക്ക് തന്നെ ഇഴുകി ചേർന്നു .

” ഒന്ന് ക്ഷമിക്കെന്നെ,,,
നിനക്കൊരു സർപ്രൈസ് തരാനല്ലേ ഞാൻ ഫോണെടുക്കാതിരുന്നത്. പേടിക്കും എന്ന് വിചാരിച്ചു. പക്ഷേ ഇത്രയും ആകുമെന്ന് വിചാരിച്ചില്ല. ”
തന്റെ നെഞ്ചിൽ പറ്റിച്ചേർന്ന് നിൽക്കുന്ന ദേവിയുടെ മുടിയിൽ തലോടിക്കൊണ്ട് അവനത് പറഞ്ഞതും. അവള് മുഖമുയർത്തി അവനെ നോക്കി.

” അച്ചുവേട്ടൻ എന്റെ പ്രാണനാ.
അച്ചുവേട്ടന് എന്തെങ്കിലും സംഭവിക്കും എന്ന് ചിന്തിക്കുന്നത് പോലും എന്നെ തളർത്തി കളയും. അതുകൊണ്ട് ഇനി ഇത് പോലത്തെ സർപ്രൈസ് ഒന്നും വേണ്ടാട്ടോ. ”
ഒരു കുഞ്ഞിനെ പോലെ കൊഞ്ചിക്കൊണ്ട് അവള് അവന്റെ നെഞ്ചിലേക്ക് ഒന്ന് കൂടി ചേർന്ന് നിന്നു.

” അതേ അച്ചുവേട്ടാ,
അവിടെ ഞാനില്ലാതെ ഭാമക്ക് പറ്റുന്നുണ്ടോ? ഉണ്ടാവില്ല അല്ലേ? . ”

” നീയില്ലാത്തത് കൊണ്ട് ആൾക്ക് നല്ല മൂഡോഫാ… ”

” എന്ത് ചെയ്യാനാ അച്ചുവേട്ടാ.
ഇവിടെ ആർക്കും എന്നെ കണ്ട് കൊതിതീർന്നില്ലാന്നാ പറയുന്നേ.
എങ്കിലും ഞാൻ അച്ഛനോടൊന്നു ചോദിക്കട്ടെ നാളെയൊന്ന് അങ്ങോട്ട് പൊക്കോട്ടേന്ന്. ”

” അതിന് നീ അങ്ങോട്ട് ചെന്നാൽ അവളവിടെ ഇല്ലല്ലോ. അവളിവിടെയല്ലേ. ”

കേട്ടത് വിശ്വസിക്കാനാവാതെ പെട്ടെന്നവള് മുഖമുയർത്തി അവനെ നോക്കി.

” അതേ.
അവളെ കാണാൻ നീ അങ്ങോട്ട് പോകണ്ട അവളിങ്ങോട്ട് വന്നിട്ടുണ്ട്. ”

“ഞാനും, വിഷ്ണുവും, ഭാമയും കൂടിയാ വന്നത്. അവള് ദേ താഴെ അവരുടെയെല്ലാം കൂടെയുണ്ട്..നിനക്കൊരു സർപ്രൈസ് ആവട്ടേന്ന് വെച്ചാ പറയാതിരുന്നത്. ”

” എങ്കിൽ ഞാൻ താഴേക്ക് പോട്ടെ. എല്ലാവരും എന്നെ തിരക്കും. ”
അതും പറഞ്ഞ് താഴേക്കോടാൻ തുടങ്ങിയ അവളെ അവൻ കയ്യിൽ പിടിച്ച് പിന്നോട്ട് വലിച്ചു.

” അതേ,,,
അച്ഛൻ എന്നെ അംഗീകരിച്ചു. ”
അവളുടെ രണ്ട് തോളിലേക്കും കയ്യിട്ട് അവളുടെ മുഖത്തേക്ക് തന്നെ നോക്കി അവൻ പറഞ്ഞു.

” അതിനെന്താ നല്ലതല്ലേ,,,”
അവന്റെ കൈ തോളിൽ നിന്നും എടുത്ത് മാറ്റി അവളവനോട് പറഞ്ഞ് പുറത്തേക്ക് നടന്നു.

” ദേവീ,,, അർജുൻ,,,, ”
താഴെ നിന്നും വിളി വന്നതും അവള് പുറത്തേക്കോടി.

” നീ ഓടിക്കോ ഞാൻ പിന്നെ എടുത്തോളാം. ”
ഓടുന്ന വഴിക്ക് അവന്റെ വാക്കുകൾ കേട്ട് അവളിൽ നാണം വിരിഞ്ഞു.

” ദേവീ മോനെവിടെ,,,
വാ കഴിക്കാനിരിക്കാം ”
അടുക്കളയിലേക്ക് വന്ന ദേവിയെ നോക്കി സാവിത്രി (ദേവിയുടെ അമ്മ)ചോദിച്ചു.

” ദാ വരുന്നുണ്ടമ്മേ,,, ”

” എന്നാൽ നീ അങ്ങോട്ട് നടന്നോ അവന്റെ കൂടെ പോയിരിക്ക്.
ഭദ്രേ, ഭാമേ നിങ്ങളും കൂടി അങ്ങോട്ട് പോയി കഴിക്കാനിരുന്നോ. ദേവൂനോടും പറഞ്ഞേക്ക്. ”
കറികളൊക്കെ ഓരോ
പത്രത്തിലേക്കാക്കിക്കൊണ്ട് സാവിത്രി
പറഞ്ഞു.

” വേണ്ടാ, നിങ്ങള് രണ്ടമ്മമാരും അങ്ങോട്ട് ചെല്ല് ഞങ്ങള് വിളമ്പാം. ”

” നിങ്ങളിപ്പോൾ പറയുന്നതനുസരിച്ചൽ മതി അങ്ങോട്ട് ചെല്ല്… ”

” അമ്മേ,,, ”

” ദേവീ”
ഇത്തവണ ശബ്ദം അൽപ്പം കടുപ്പിച്ചിരുന്നു.

പിന്നെ ഒന്നും പറയാതെ അവര് മൂന്നാളും ഹാളിലേക്ക് നടന്നു. എല്ലാവരും നിലത്തു ചമ്രംപടഞ്ഞിരുന്നു. ഭദ്രയുടെ അച്ഛന്റെ അടുത്ത് ദേവിയുടെ അച്ഛൻ അതിനടുത്ത് ദേവിയും അവൾക്കപ്പുറം അർജുനും അവർക്കെതിരായി വിഷ്ണുവും, അതിന് ശേഷം ഭാമയും, ഭദ്രയും, അവസാനം ദേവുവും അവളുടെ മടിയിൽ സൂര്യനും. അമ്മമാരും രണ്ട് പേരും വിളമ്പാനും.

തൂശനിലയിൽ ആദ്യം ഉപ്പ് വിളമ്പി. പിന്നെ, ഉപ്പേരി, ശർക്കരവരട്ടി, മാങ്ങാ അച്ചാറ്, നാരങ്ങാ അച്ചാറ്, (ഇഞ്ചിക്കറി)പുളിയിഞ്ചി, പച്ചടി, കിച്ചടി, ഓലൻ, തോരൻ, കൂട്ടുകറി, അവിയല്, എരിശ്ശേരി. അങ്ങനെ ഒരുമാതിരിപ്പെട്ട എല്ലാ വിഭവങ്ങളെല്ലാം അണിനിരന്നു. പിന്നീട് ചോറും, പരിപ്പ് കറിയും അതിന് മുകളിൽ അൽപ്പം ഉരുക്കിയ നെയ്യും. എല്ലാവരും കഴിക്കാൻ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ സാമ്പാറും, വന്നു.

എല്ലാവരും കഴിക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ ദേവിക്ക് അച്ഛൻ ഒരു ഉരുള വായിൽ വെച്ച് കൊടുത്തു . എല്ലാവരും ആ രംഗം നിറഞ്ഞ മനസ്സോടെ നോക്കിയിരുന്നു. കുടുംബത്തിന്റെ നഷ്ടപ്പെട്ട സന്തോഷം തിരികെ ലഭിച്ച സന്തോഷത്തിൽ രണ്ടമ്മമാരും മനസ്സ് കൊണ്ട് ഈശ്വരനോട് നന്ദി പറഞ്ഞു.

കഴിച്ച് കഴിഞ്ഞ് എല്ലാവരും എഴുന്നേൽക്കാൻ തുടങ്ങി. അപ്പോഴാണ് സൂര്യന് ദേവിയുടെ മടിയിലിരുന്ന് കഴിക്കണമെന്ന് ഒരേ വാശി. അത്രയും സമയം കൊണ്ട് തന്നെ അവന്റെ മേലും, മുഖവും, ദേവൂന്റെ മേലും മൊത്തം ചോറും കറിയും ആക്കി വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഭദ്ര വേണ്ടാന്നും പറഞ്ഞ് അവനെ കഴുകിക്കാൻ പോകാനായി എടുത്തു.
അവളുടെ കയ്യിലിരുന്ന് അവൻ അലറിക്കരഞ്ഞു.

” ഭദ്രേ,, അവനെ ഇങ്ങോട്ട് തന്നെ ”

” എന്റെ ദേവി നിനക്കിതെന്താ ഇവൻ കഴിക്കാൻ വേണ്ടിയിട്ടൊന്നുമല്ല ചുമ്മാ നിന്റെ മേലും കൂടി മൊത്തം ആക്കും അത്രേം ഉള്ളു ”

” ഭദ്രേ നിന്നോട് അവനെ ഇങ്ങോട്ട് തരാനല്ലേ പറഞ്ഞത്. ”
ദേവി ഇച്ചിരി ദേഷ്യത്തിൽ തന്നെ ഭദ്രയോട് പറഞ്ഞു.

” എനിക്കെന്താ,
പറഞ്ഞിട്ട് മനസ്സിലാകുന്നില്ലെങ്കിൽ. നിന്റെ മേലും മുഴുവൻ ആക്കുമ്പോൾ നീ പഠിച്ചോളും. ”
അതും പറഞ്ഞ് സൂര്യനെ ദേവിയുടെ മടിയിലേക്കിരുത്തി ഭദ്ര കൈ കഴുകാൻ പോയി.

ദേവി കുഞ്ഞിന് വാരി കൊടുക്കുന്നതും നോക്കി അർജുൻ അവരുടെ അടുത്ത് തന്നെയിരുന്നു. സൂര്യനെ മടിയിലിരുത്തി ഊട്ടുന്ന ദേവിയെ കാൺകെ അവനും ഒരു കുഞ്ഞെന്ന സ്വപ്നം മനസ്സിൽ തോന്നിത്തുടങ്ങി. അവരെ നോക്കി ഒന്ന് ചിരിച്ചിട്ട് അർജുനും എഴുന്നേറ്റ് പോയി.

കുറച്ച് കഴിഞ്ഞതും ഭദ്ര പറഞ്ഞത് പോലെ തന്നെ അവൻ ദേവിയെയും ഒരു ഒരുപരുവമാക്കിയെടുത്തു. എന്നിട്ടും അവൻ എഴുന്നേൽക്കാൻ സമ്മതിക്കുന്നില്ല.

എന്ത് ചെയ്യണമെന്നറിയാതെ ദേവി അവിടെ തന്നെ ഇരുന്നു. അപ്പോഴാണ് ഭദ്ര അങ്ങോട്ട് വന്നത്.

” ഭദ്രേ,,
ഡീ മോളെ ഇവനെ ഒന്നെടുക്കെടി”
ദേവി അവളെ നോക്കി പറഞ്ഞു.

” ഇല്ല,,,
ഞാൻ നിന്നോട് പറഞ്ഞതല്ലേ നീ കേട്ടോ. അപ്പോൾ ഇങ്ങനെ തന്നെ കിട്ടണം.
എന്റെ പൊന്ന് മോള് പതിയെ എഴുന്നേറ്റ് വന്നാൽ മതി. ”
അതും പറഞ്ഞ് ഭദ്ര പോയി.

ഇച്ചിരി കഴിഞ്ഞതും ദേവു പായസവും കുടിച്ചോണ്ട് അങ്ങോട്ട് വന്നു. പെട്ടെന്നാണ് ദേവിക്കൊരു ബുദ്ധി തോന്നിയത്.
അവള് സൂര്യനോട് ദേവു ചിറ്റേടെ കയ്യിൽ
പായസമുണ്ടെന്ന് പറഞ്ഞു. കേട്ടപാടെ അവനോടി ദേവൂന്റെ അടുത്ത് ചെന്നു. കിട്ടിയ തക്കത്തിന് ദേവി അവിടെനിന്നും ഇലയും എടുത്തോടി.

ഇലയും കളഞ്ഞ് കൈ കഴുകി നോക്കുമ്പോഴുണ്ട് രണ്ടമ്മമാരും ഭാമക്ക് പായസം കൊണ്ട് കൊടുക്കുന്നു. ഒരാള് പാൽപ്പായസമാണെങ്കിൽ അടുത്ത ആള് അടപ്രഥമൻ. അടുത്തായി എല്ലാം കണ്ട് സന്തോഷത്തോടെ ഭദ്രയും. അതെല്ലാം കണ്ട് സന്തോഷം കൊണ്ട് ദേവിയുടെ കണ്ണ് നിറഞ്ഞു.
പെട്ടെന്ന് പിറകിൽ നിന്ന് ആരോ അവളുടെ തോളിൽ തട്ടി

” അതേ, എല്ലാവരും പായസം കുടിച്ചു. പാവം ഞാൻ മാത്രം കുടിച്ചില്ല. ”

” അയ്യോ അച്ചുവേട്ടാ,, അമ്മ എടുത്ത് തന്നില്ലേ,? ”
അതും ചോദിച്ചവൾ അടുക്കളയിലേക്ക് പോകാൻ തിരിഞ്ഞു.

” അമ്മ എനിക്കെടുത്ത് തന്നിട്ടാ ബാക്കി എല്ലാവർക്കും കൊടുത്തത്. ”

പിന്നെ എന്താ എന്നുള്ള രീതിയിലുള്ള ദേവിയുടെ നോട്ടം കണ്ടപ്പോൾ അർജുൻ കുറച്ച് കൂടി അവൾക്കടുത്തേക്ക് വന്നു.

” നീ കുടിക്കാണ്ട് ഞാനെങ്ങനെയാ കുടിക്കുന്നെ. വാ നമുക്കൊരുമിച്ച് കഴിക്കാം.”
അതും പറഞ്ഞവര് അകത്തേക്ക് നടന്നു.
അവൾക്ക് അവൻ തന്നെ ഒരു സ്പൂൺ പായസം വായിലേക്ക് വെച്ച് കൊടുത്തു.
അത് കഴിച്ചു കൊണ്ട് അവള് വിഷ്ണുവിനെ തിരക്കി.

” അവനും സൂര്യനും കൂടി ദേ അപ്പുറത്ത് ഭയങ്കര ആനകളിയാ. അത് കണ്ടിട്ട് ആരാ കുഞ്ഞെന്നാ എനിക്കിപ്പോൾ സംശയം. ”

” ദേവൂന് ഓൺലൈൻ ക്ലാസ്സാണെന്നാ തോന്നുന്നേ. ഉച്ചക്ക് പറയുന്നുണ്ടായിരുന്നു.”
ഒരു സ്പൂൺ പായസം അവന് കൊടുത്തുകൊണ്ട് അവള് പറഞ്ഞു.

പിന്നെ എല്ലാവരും ഒന്നിച്ച് മുറ്റത്ത്‌ കസേരയിട്ട് കുറേ സമയം സംസാരവും, കളിയും ചിരിയും ഒക്കെ ആയിട്ട് കടന്ന് പോയി..

” ഹലോ,,
ഞാനൊരു ക്ലാസിന് പോയപ്പോൾ ഇവിടെ എന്താ ഇത്ര വലിയ സംസാരം.. ”
അവരുടെ അടുത്തേക്ക് ചെന്ന് കൊണ്ട് ദേവു ചോദിച്ചു.

” നിന്റെ കല്യാണം നടത്താനുള്ള പ്ലാനിടുവാ എന്തേയ് വല്ല വിരോധവും ഉണ്ടോ? ”
ഭദ്രയാണ് പറഞ്ഞത്.

” എല്ലാവർക്കും അതാണ് ആഗ്രഹമെങ്കിൽ പിന്നെ ഞാനായിട്ട് വേണ്ടന്ന് പറയുവോ ”
ഭദ്രയുടെ തോളിലേക്ക് ഒരടി കൊടുത്ത് കൊണ്ട് ദേവു പറഞ്ഞതും ഓടിച്ചു സാവിത്രി അവളെ.

” പൊക്കോണം,
ഡിഗ്രി പോലും കഴിഞ്ഞിട്ടില്ല അവള്. അപ്പോഴാ അവൾടെയൊരു കല്യാണം. ”

” ഹാ ഇത് നല്ല കൂത്ത്. ഇതിപ്പോൾ ഞാനാണോ നിങ്ങളോട് കല്യാണം വേണമെന്ന് പറഞ്ഞത്. പിന്നെ ഡിഗ്രി,,,
അത് ഈ വർഷം കൊണ്ട് തീരുവല്ലോ. ”

” ദേവു,,,
നീ എന്റെ കൈയ്യീന്ന് വാങ്ങുവെ ”

” അവളെ പറഞ്ഞിട്ടെന്താ സാവിത്രി കാര്യം ഇവൾക്കിട്ടാ കൊടുക്കേണ്ടത്. ”
ഭദ്രയുടെ കൈക്കിട്ട് ഒരടി കൊടുത്ത് കൊണ്ട് ലക്ഷ്മി പറഞ്ഞു.

” അവള് തമാശ പറഞ്ഞതല്ലേ. അതിന്റെ പിറകേ കിടന്ന് ഇവൾക്ക് തൂങ്ങണോ ”
സാവിത്രി വിട്ട് കൊടുക്കാതെ വീണ്ടും ദേവൂനെ വഴക്ക് പറഞ്ഞു.

സംഭവം വഷളാകുന്നു എന്ന് മനസ്സിലായപ്പോൾ ദേവി എല്ലാവരോടും നിർത്താൻ പറഞ്ഞു. എന്നിട്ട് എല്ലാത്തിനോടും പാടത്തേക്ക് പോകാന്ന് പറഞ്ഞു. വെയില് താന്നത് കൊണ്ട് ഇപ്പോൾ നടക്കാൻ നല്ല സുഖാ.
എല്ലാവരും സമ്മതിച്ചു. ദേവു മാത്രം വരുന്നില്ലെന്ന് പറഞ്ഞു. മുൻപേ പറഞ്ഞതല്പം കൂടിപ്പോയത് കൊണ്ട് എല്ലാവരെയും പറഞ്ഞുവിട്ടിട്ട് സാവിത്രിയെ സോപ്പിടാൻ നിന്നു. അച്ഛന്മാര് പുറത്തേക്കും പോയി.

ബാക്കിയുള്ള എല്ലാം കൂടി പാടത്തേക്കും പോയി. കുറേ സമയം അവിടെയെല്ലാം നടന്നു. ഭദ്ര അവരുടെ പണ്ടത്തെ കാലത്തെ ഓരോ ഓർമ്മകൾ കാണിച്ചു കൊടുത്തു. അവരെല്ലാവരും കൂടി പാടവരമ്പത്തൂടെ നടന്ന് മാവിൻ ചുവട്ടിൽ പോയി തമ്പടിച്ചിരുന്നു.

വിഷ്ണുവും, ഭാമയും, ഒരുമിച്ചും ദേവിയും അർജുനും ഒന്നിച്ചും ഇരുന്നു.

” ആഹാ ഇവിടെ എന്താ ഹണിമൂൺ പാക്കേജോ. ഇവിടെ പാവം ഞാൻ. എന്റെ ഹരിയേട്ടൻ വരുമ്പോൾ ഞാൻ കാണിച്ചു തരാം എല്ലാത്തിനെയും. ”
അവരുടെ ഇരിപ്പ് കണ്ട് ഭദ്ര മുഖം കോട്ടി പറഞ്ഞു.

” അയ്യോ എന്റെ പൊന്നേ പിണങ്ങല്ലേടി.”
ദേവി എഴുന്നേറ്റ് ചെന്ന് അവളുടെ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. ഒപ്പം ഭാമയും.

” അല്ലാ,
ഭദ്രേ നിന്റെ കെട്ടിയോന്റെ പേരെന്താ ശെരിക്കും. ”
അർജുനാണ് ചോദിച്ചത്.

” ഹരിപ്രതാഭ്‌ ”

” എങ്ങനെയുണ്ട് അവിടെ എല്ലാവർക്കും നല്ല സ്നേഹാണോടി ”
ദേവിയാണ് ചോദിച്ചത്.

പിന്നെ ഭദ്ര അവരെക്കുറിച്ചൊക്കെ പറഞ്ഞു തുടങ്ങി…

ഇതേ സമയം തറവാട്ടിൽ ദേവു ഹാളിലിരുന്ന് ടീവിയിൽ ചാനൽ മാറ്റി കളിക്കുവായിരുന്നു.

“സെത്തു പോവതെ എന്തെൻ ഉടമ്പു മട്ടുമേ,,
സെത്തു പോണാലും വിട്ട് പോവതെയെൻ ഉയിർ കാതലേ,,, ”

” അടിപൊളി,,, എന്റെ ഫേവറൈറ് സോങ്”
അതും പറഞ്ഞ് അവള് പാട്ടിന്റെ കൂടെ തകർത്ത് പാടിക്കൊണ്ടിരുന്നു. പെട്ടെന്നാണ് ആരോ ബെല്ലടിച്ചത്.

അവള് പുറത്തേക്ക് ചെല്ലുമ്പോൾ ഒരു വലിയ ബാഗും പുറത്തിട്ട് ആരോ തിരിഞ്ഞ് നിൽക്കുന്നു. അവള് ആരാ എന്ന് ചോദിച്ചതും നിന്ന ആള് തിരിഞ്ഞു നോക്കി.

” ആരാ,,, ”

അവൻ പറയാൻ തുടങ്ങിയതും, ദേവു അവനെ തടഞ്ഞു.

” ഇവിടെ ഒന്നും വേണ്ട ചേട്ടാ. ഞങ്ങള് ഇങ്ങനെ കൊണ്ട് വരുന്നതൊന്നും വാങ്ങാറില്ല. ”

അവള് പറഞ്ഞത് മനസ്സിലാകാതെ അവൻ അവളെ തുറിച്ചു നോക്കി.

” അതേ ഞാൻ,,, ”

അവൻ പറയാൻ തുടങ്ങിയതും കണ്ണാ എന്നും വിളിച്ച് ദേവി അങ്ങോട്ട് ഓടി വന്നു.

” നീ എന്താടാ ഒന്ന് വിളിച്ച് പോലും പറയാതെ വന്നത്.? ഒത്തിരി പാട് പെട്ടോ മോനേ? ”

” ഏയ് ഇല്ല ചേച്ചി… അവിടെ വന്നിറങ്ങി ചായക്കടയിൽ ചോദിച്ചു അപ്പോൾ കൃത്യമായിട്ട് പറഞ്ഞു തന്നു. ”

” എന്തായാലും സമാധാനായി നീ ഇങ്ങ് വന്നല്ലോ ”

ഇതെല്ലാം കണ്ട് കണ്ണും മിഴിച്ച് നിൽക്കുകയാണ് ദേവു.

” ദേവു,,, ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ കണ്ണനെ കുറിച്ച്. അവനാണ് ഇത്. ”
അവന്റെ തോളിൽ നിന്നും ബാഗൂരി എടുത്ത് കൊണ്ട് ദേവി പറഞ്ഞു.

അവരെ രണ്ടാളെയും നോക്കി മുഖം കോട്ടി ദേവു അകത്തേക്ക് കയറി പോയി.

” ഇതെന്താ ഇവൾക്ക് പറ്റിയത്? ”
അകത്തേക്ക് പോയ അവളെ നോക്കി ദേവി കണ്ണനോട് ചോദിച്ചു.

അവൻ അവളെ ഒന്ന് നോക്കി നന്നായിട്ടൊന്ന് ഇളിച്ചു കാണിച്ചു.

” എന്താടാ കാര്യം? ”

” എന്നെ ഈ ബാഗും ഒക്കെ ആയിട്ട് കണ്ടപ്പോൾ ചേച്ചീടെ അനിയത്തി ഓർത്തു ഞാൻ മാർക്കെറ്റിങ്ങുമായിട്ട് വന്നതാണെന്ന്. അല്ലാന്ന് ഞാൻ പറയാൻ വന്നതും ചേച്ചി കയറി വരികയും ചെയ്തു. ”

” ഓ അപ്പോൾ അതാണ് കാര്യം. അവള് ചെറുതായിട്ടൊന്ന് ചമ്മിയില്ലേ അതിന്റെയാ.”

” ആളിത്തിരി കാന്താരിയാണല്ലേ ചേച്ചി ? ”
ദേവിയോട് അത് ചോദിക്കുമ്പോൾ ഉള്ളിൽ എവിടെയോ അവനൊരു ചിരി ഒളിപ്പിച്ചു .

” ഇത്തിരിയോ?
നിന്നോട് ഞാൻ അവളെക്കുറിച്ച് പറഞ്ഞതോർക്കുന്നില്ലേ? ”

” ഓർക്കുന്നുണ്ട് ചേച്ചി. ”
അവരതും പറഞ്ഞ് അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് ബാക്കിയുള്ളവരെല്ലാം അങ്ങോട്ടേക്ക് വന്നത്.

” അളിയോ,,, ”
അർജുൻ വിളിച്ചത് കേട്ടാണ് കണ്ണനും, ദേവിയും തിരിഞ്ഞ് നോക്കിയത്.

തുടരും,,,,