രചന – അരുന്ധതി
അച്ഛന്റെ സ്നേഹത്തോടെയുള്ള ഒരു തലോടലിനായി അവൾ കൊതിച്ചു.
പെട്ടന്ന് ആരോ മുടിയിൽ കൂടി തലോടുന്നത് പോലെയവൾക്ക് തോന്നി. എഴുന്നേറ്റ് നോക്കുമ്പോൾ തന്റെ മുഖത്തേക്ക് തന്നെ നോക്കിയിരിക്കുന്ന അർജുനെ കണ്ടതും, പെട്ടെന്നവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അവളുടെ തേങ്ങലിനനുസരിച്ച് അവൻ അവളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. കുറച്ച് സമയം അവള് അങ്ങനെ തന്നെ അവന്റെ നെഞ്ചിൽ ചാരി കിടന്നു.
പെട്ടെന്ന് എന്തോ ഓർത്തെന്ന പോലെ അവൾ അവനിൽ നിന്നും അകന്ന് മാറി.
അവൻ പതിയെ അവളുടെ കൈ എടുത്ത് അവന്റെ കയ്യോട് കോർത്തു പിടിച്ചു.
“അച്ഛന്റെ അനുഗ്രഹമില്ലാതെ എങ്ങനെയാ എന്റെ താലിക്ക് തല കുനിച്ച് തരിക. അച്ഛൻ കൈ പിടിച്ച് തരാതെ എങ്ങനെയാ എന്റെ കൂടെ ജീവിക്കുക . അതല്ലേ ഈ മനസ്സിലെ വിഷമം? ”
അവൻ പറഞ്ഞ് കഴിഞ്ഞതും അതിശയത്തോടെ അവൾ അവനെ നോക്കി.
“അതിശയിക്കണ്ട. ഈ മനസ്സ്, അതിപ്പോൾ എനിക്ക് നന്നായിട്ടറിയാം.
ഞാനൊരു കാര്യം നിന്നോട് ചോദിക്കട്ടെ? ”
“മ്മ്മ്മ്മ്മ് ”
ഒരു മൂളൽ മാത്രമേ അവളിൽ നിന്നും ഉണ്ടായുള്ളൂ.
” നിന്റെ അച്ഛന്റെ അനുഗ്രഹം എന്നും എപ്പോഴും നിന്റെ കൂടെ ഉണ്ട്. അതുകൊണ്ടാണ് എല്ലാ പ്രശ്നങ്ങളിൽ നിന്നും നീ രക്ഷപെട്ടത്.
പിന്നെ അച്ഛൻ കൈ പിടിച്ച് കൊടുക്കുന്ന ആളുടെ താലിക്ക് മാത്രമേ താൻ തല കുനിക്കൂ എന്നൊരാഗ്രഹം നിനക്കില്ലേ.? സത്യത്തിൽ നീ എന്ത് കൊണ്ടാ അങ്ങനെ ആഗ്രഹിച്ചത്? ”
ഉത്തരത്തിനായി അവൻ അവളെ നോക്കി. ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നതല്ലാതെ അവളിൽ നിന്നും ഒരു മറുപടിയും വന്നില്ല.
” വേണ്ട ഞാൻ പറയാം.
നിന്റെ അച്ഛനെ പോലെ നിന്നെ സ്നേഹിക്കാനും, സംരക്ഷിക്കാനും, നിന്നെ മനസ്സിലാക്കാനും ഒക്കെ കഴിവുള്ള ഒരാളെ നിനക്ക് കണ്ടെത്തി തരാൻ നിന്റെ അച്ഛന് മാത്രമേ പറ്റൂ. അതുകൊണ്ടല്ലേ നീ അങ്ങനെ ആഗ്രഹിച്ചത്? കാരണം നീ ഈ ലോകത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല പുരുഷൻ നിന്റെ അച്ഛനാണ്. ”
അവന്റെ ഓരോ വാക്കുകളും അവള് ശ്രദ്ധയോടെ കേട്ടിരുന്നു.
” തനിക്ക് തോന്നുന്നുണ്ടോ അതിനൊന്നുമുള്ള കഴിവ് എനിക്കില്ലാന്ന്.
എങ്കിൽ എല്ലാം ഇവിടെ വെച്ച് തന്നെ നിർത്താം.”
അത്രയും പറഞ്ഞ് അവൻ ഒരു ഉത്തരത്തിനായി അവളുടെ മുഖത്തേക്ക് നോക്കി. മൗനമല്ലാതെ മറ്റൊന്നും അവന് അവിടെ കാണാൻ സാധിച്ചില്ല.
അവളുടെ മൗനം അവനിൽ ഒരുപാട് നോവുണ്ടാക്കി. ഉള്ളിലെ ദുഃഖം പുറത്ത് വരാതിരിക്കാൻ അവൻ നന്നേ പ്രയാസപ്പെട്ടു.
” ശെരി,
നിന്റെ സന്തോഷമാണ് എനിക്ക് വലുത്. അമ്മയോട് ഞാൻ പറഞ്ഞോളാം. പക്ഷേ ഒരു കാര്യം ആരൊക്കെ ഇനി എന്തൊക്കെ അപവാദം പറഞ്ഞാലും നീ പുറത്ത് സുരക്ഷിതയാണ് എന്നെനിക്ക് ബോധ്യപ്പെടും വരെ നീ ഇവിടെ തന്നെ കാണും.
അതിന് ശേഷം,,, ”
പറഞ്ഞു മുഴുവനാക്കാൻ നിൽക്കാതെ അവൻ അവളുടെ അടുത്ത് നിന്നും എഴുന്നേറ്റ് പുറത്തേക്ക് നടക്കാനാഞ്ഞു
പെട്ടെന്ന് അവള് അവന്റെ കയ്യിൽ പിടിച്ചു.
“അതിന് ശേഷം,,?
അതിന് ശേഷം എന്നെ ഇവിടുന്ന് പറഞ്ഞ് വിടുവോ? മ്മ്മ്മ്മ്??? ”
അവളുടെ ആ ചോദ്യത്തിന് അവന് മറുപടി ഇല്ലായിരുന്നു.
“ഞാൻ ഇത്രയും സമയം മൗനിയായി ഇരുന്നത് അച്ചുവേട്ടന് ആ കഴിവൊന്നും ഇല്ലാഞ്ഞിട്ടല്ല.
എന്നെ ഇത്ര മാത്രം മനസ്സിലാക്കുന്ന എന്റെ അച്ചുവേട്ടനെ ഞാൻ മനസ്സിലാക്കാൻ വൈകി പോയല്ലോ എന്നുള്ള കുറ്റബോധം കൊണ്ടാണ് .
എന്റെ അച്ഛനല്ലാതെ ഞാൻ ഈ ഭൂമിയിൽ കാണുന്ന ഏറ്റവും നല്ല പുരുഷൻ എന്റെ അച്ചുവേട്ടനാണ്.
ഈ കൈകളിൽ ഞാനെന്നും സുരക്ഷിതയായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട്. ”
പറഞ്ഞ് കഴിഞ്ഞതും അവളുടെ കണ്ണുനീര് അവന്റെ നെഞ്ചിൽ വീണ് കുതിർന്നിരുന്നു.
” ഈ മിഴികൾ ഇനി നിറയാൻ ഞാൻ അനുവദിക്കില്ല. എന്റെ നെഞ്ചിൽ അവസാന ശ്വാസം ഉള്ള വരെയും എന്റെ ഒപ്പം നീയും ഉണ്ടാവും. ”
അവളെ ചേർത്തു പിടിച്ച് കൊണ്ട് അവനത് പറയുമ്പോൾ അവന്റെ നെഞ്ചിലെ നനവ് കൂടുകയായിരുന്നു.
💓💓💓💓💓💓
ഇനി ഒരു നിശ്ചയത്തിന്റെ അവശ്യമില്ലാത്തത് കൊണ്ട് ഉടൻ തന്നെ കല്യാണം നടത്താം എന്ന് തീരുമാനമെടുത്തു.
പിന്നെ പെട്ടെന്ന് തന്നെ മുഹൂർത്തം കുറിച്ചു.
അങ്ങനെ സാരിയെടുക്കാൻ പോയിട്ട് ഭാമ മുഴുവൻ വലിച്ച് വാരിയിട്ട് തിരഞ്ഞു. ഒടുക്കം ഒരു ദാവണി എടുത്തു. ദേവിക്ക് പച്ച കരയുള്ള സെറ്റും, മുണ്ടുമാണ് എടുത്തത്. പച്ച നിറത്തിലെ ബ്ലൗസും, അർജുന് കസവു മുണ്ടും ഷർട്ടും . അധിക ആഡംബരമൊന്നുമില്ലാതെ നടത്താൻ ഉദ്ദേശിച്ചത് കൊണ്ട് എല്ലാ ഒരുക്കങ്ങളും മിതമായ രീതിയിൽ തന്നെയായിരുന്നു.
💟💟💟💟💟💟💟
“ഭാമേ,,,,
ഞാനെത്ര വിളിച്ചിട്ടും നവീനെ കിട്ടുന്നില്ല.
പരീക്ഷ നടക്കുന്നത് കൊണ്ട് അവനെ ശല്യപ്പെടുത്തണ്ടല്ലോ എന്ന് കരുതിയല്ലേ നമ്മള് അവനെ ഒന്നും അറിയിക്കാതിരുന്നത്. ഇപ്പോൾ ദേ വിളിച്ചിട്ട് അവൻ എടുക്കുന്നില്ല. ഹോസ്റ്റലിൽ വിളിച്ചപ്പോൾ അവിടെയുമില്ല. ”
” അവൻ കൂട്ടുകാരുടെ കൂടെ എവിടെയേലും പോയി കാണും. ”
“അങ്ങനെ പോകുന്ന പതിവില്ലല്ലോ അവന്”
” ദേ പെണ്ണേ നല്ലൊരു ദിവസമാ വരാൻ പോകുന്നത്. ചുമ്മാ ആവശ്യമില്ലാതെ ഓരോന്നാലോചിച്ച് കൂട്ടാതെ. അവനിങ്ങ് വരും. ”
” വരട്ടെ, പറയാതെ ഉള്ള ഈ തെണ്ടിത്തിരിയലിന് കൊടുക്കുന്നുണ്ട് ഞാൻ. ”
🌹🌹🌹🌹🌹
“അളിയോ,,,
എന്റെ പെങ്ങൾ എന്തിയെ? ”
“എന്റെ പൊന്നളിയാ ഇവിടെ ഉണ്ട്. നിന്നെ കാണുന്നില്ല. വിളിച്ചിട്ട് കിട്ടുന്നില്ല എന്നും പറഞ്ഞ് ഇവിടെ ഭാമയുടെ ചെവി കടിച്ച് പറിക്കുന്നുണ്ട്. ”
” പാവമാ,
അതിന് സ്നേഹിക്കാൻ മാത്രമേ അറിയൂ… ”
“പ്രതീക്ഷിക്കാതെ കല്യാണത്തിന് നിന്നെ കാണുമ്പോൾ അവളൊന്ന് ഞെട്ടും. ”
” അതേ, ഞെട്ടല് കൂടി അളിയനെ ഒന്നും ചെയ്യാതിരുന്നാൽ മതി. എന്നാൽ ഞാൻ വെക്കട്ടെ അളിയാ… ”
“ആ ശെരി ”
…………………..
” ദേവി നീ ഇങ്ങനെ വിഷമിച്ചിരിക്കാതെ നീ ആഗ്രഹിച്ചിട്ടല്ലല്ലോ എല്ലാം ഇങ്ങനെയൊക്കെ ആയി തീർന്നത്.
എല്ലാം വിധിയാടി. പിന്നെ നീ ഭാഗ്യമുള്ളവളാ അതുകൊണ്ടല്ലേ ഏട്ടനെ പോലെ ഒരാളെ കിട്ടിയത്. ഇനി നീ ഒന്നും ഓർത്ത് വിഷമിക്കണ്ട. സുഖമായിട്ട് കിടന്നുറങ്ങാൻ നോക്ക് നാളെ രാവിലെ എഴുന്നേൽക്കണ്ടതല്ലേ ”
പക്ഷേ എത്ര ശ്രമിച്ചിട്ടും അവൾക്കന്ന് ഉറക്കം വരുന്നുണ്ടായിരുന്നില്ല.
🌹🌹🌹🌹🌹🌹🌹🌹🌹
രാവിലെ, ഒരുങ്ങി കഴിഞ്ഞ് അർജുൻ ദേവിയുടെ മുറിയുടെ പുറത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നത് കണ്ടാണ് മുറിയിൽ നിന്നും ഭാമ പുറത്തേക്ക് വന്നത്.
” എന്താ ഏട്ടാ ഭാര്യ പ്രസവിക്കാൻ കിടക്കുമ്പോൾ ഭർത്താവ് ഇരിപ്പുറക്കാതെ പുറത്ത് കൂടി നടക്കുന്ന പോലെ ഏട്ടനിങ്ങനെ നടക്കുന്നെ? ”
“അത്,,, അവള് ഒരുങ്ങി കഴിഞ്ഞെങ്കിൽ പുറപ്പെടാരുന്നു. അതൊന്നറിയാൻ. ”
“അതിന് നിങ്ങള് രണ്ടാളും രണ്ട് കാറിലാണല്ലോ പോകുന്നത്? ”
“അതൊക്കെ ശെരിയാ,, ”
“എന്റെ ഏട്ടാ ഏട്ടൻ കല്യാണത്തിന് താലി കെട്ടാൻ സമയത്തല്ലാതെ അവളെ ഇന്ന് കാണില്ല. അതിന് വേണ്ടി ഇതിന്റെ വാതിലിൽ കിടന്ന് കറങ്ങണ്ട. ”
“ടി, എന്റെ ഒരേയൊരു പെങ്ങളല്ലേടി നീ. നിന്റെ ഒരേയൊരു ആങ്ങളയല്ലേടി ഞാൻ ”
” എങ്കിലേ,,, ആങ്ങള ചെല്ല്. ”
പറഞ്ഞു തീർന്നതും അവള് കതകടച്ചതും ഒന്നിച്ചായിരുന്നു.
“ദുഷ്ട,, ”
“അച്ചൂ,,,, ”
“എന്തോ,,,,
ദാ വരുന്നു അമ്മേ ”
“നമുക്ക് കാറിലിരിക്കാം വാ. അവര് അപ്പോഴേക്കും വന്നോളും ”
🌹🌹🌹🌹🌹🌹🌹🌹
“ടി ഭാമേ എനിക്കൊരു ടെൻഷൻ പോലെ ”
“എന്താടി ഫസ്റ്റ് നൈറ്റ് ഓർത്തിട്ടാണോ ”
” അതല്ല, എന്തോ ആദ്യായിട്ട് കല്യാണം കഴിക്കാൻ പോകുന്നതിന്റെ ഒരു,,, ”
” ബാംഗ്ലൂർ ഡേയ്‌സിലെ പോലെ ഇപ്പോൾ ടെൻഷൻ മാറ്റാൻ നിനക്ക് സിഗരറ്റ് വാങ്ങി തരണോ ഞാൻ ”
“പോ ഭാമേ,,, ”
ഭാമയുടെ ചെവിക്ക് പിടിച്ച് കിഴുക്കുമ്പോഴാണ്. ആരോ വന്ന് പറഞ്ഞത് ചെറുക്കനും പെണ്ണും ഇറങ്ങാൻ സമയമായി എന്ന്.
അവര് പുറത്തേക്കിറങ്ങുമ്പോൾ കാണുന്നത് അർജുനെ മാലയിട്ട് സ്വീകരിക്കുന്ന നവീനെയാണ്.
” ഭാമേ,,, നോക്കെടി,,
ഇന്നലെ വരെ ഒരു വിവരവുമില്ലാതിരുന്നതാ. ഇതിപ്പോൾ എവിടുന്ന് പൊട്ടി മുളച്ചു. ഇവനെ ആരാ അറിയിച്ചത്? ”
” നിന്റെ കെട്ടിയോൻ ”
“എന്ത്???
അച്ചുവേട്ടനോ, അതിനിവര് തമ്മിൽ എങ്ങനെയാ പരിചയം? ”
” ഏട്ടന് നിന്നെയും നിനക്ക് ചുറ്റുമുള്ള എല്ലാത്തിനെയും കുറിച്ചറിയാം.
പിന്നെ ഇവര് തമ്മിൽ എന്ന് മുതലേ കൂട്ടാണ്. എല്ലാം നിനക്ക് സർപ്രൈസ് തരാൻ വെച്ചതാ. അവനെ വിളിച്ചിട്ട് കിട്ടാഞ്ഞതല്ല. അവനെ കൊണ്ട് ഫോൺ ഓഫാക്കി വെപ്പിച്ചതാ. പിന്നെ അവനെ കാണാതെ നീ വിഷമിക്കുന്നത് കണ്ടപ്പോൾ നിന്റെ കണവന് സഹിക്കാൻ പറ്റുന്നില്ല. അതുകൊണ്ടാ ഇപ്പോൾ തന്നെ ഇതെല്ലാം പറയാൻ എന്നെ ഏൽപ്പിച്ചത്. ഞാൻ പറഞ്ഞതാ പറയണ്ടാന്ന്. കേൾക്കണ്ടേ ”
ഒക്കെ കേട്ട് കഴിഞ്ഞപ്പോൾ ദേവി അർജുനെ നോക്കി.
ആള് കല്യാണം കഴിക്കാൻ റെഡി ആയിട്ട് നടക്ക് മുന്നിൽ പോയി നിൽപ്പുണ്ട്.
“അതേ ഇവിടെ നിന്നിങ്ങനെ നോക്കിക്കൊണ്ട് നിന്നാലേ മുഹൂർത്തം തെറ്റും. അതുകൊണ്ട് മോള് നടക്ക്. ”
അങ്ങനെ ദേവി മുന്പോട്ട് നടന്നു.
സെറ്റും, മുണ്ടും ഉടുത്ത്, മുടി പിറകിലേക്ക് പിന്നിയിട്ട് തല നിറയെ മുല്ലപ്പൂ ചൂടി, കാതിൽ വലിയ ജിമിക്കി അണിഞ്ഞ്, ആവശ്യത്തിന് മാത്രം ആഭരണങ്ങളണിഞ്ഞ്, ശാലീന സൗന്ദര്യത്തിൽ അടുത്ത് നിൽക്കുന്ന ദേവിയെ കണ്ണിമ വെട്ടാതെ അവൻ നോക്കി നിന്നുപോയി.
തിരുമേനി പ്രസാദം നൽകാൻ വിളിച്ചപ്പോഴാണ് അവൻ അവളിൽ നിന്ന് മിഴികളെ മാറ്റിയത് .
ശേഷം തിരുമേനി പൂജിച്ച താലിയെടുത്ത് അവന്റെ കയ്യിൽ കൊടുത്തു. അത് അവളുടെ കഴുത്തിൽ അണിയിക്കുമ്പോൾ കണ്ണടച്ച് പ്രാർത്ഥനയോടെ തൊഴുകൈകളോടെ നിൽക്കുകയായിരുന്നു അവൾ.
പിന്നെ രണ്ടാളും അമ്മയുടെ അനുഗ്രഹവും വാങ്ങി വീട്ടിലേക്ക് പുറപ്പെട്ടു.
തിരിച്ച് അർജുനും ദേവിയും ഒരു കാറിലും,
നവീനും, ഭാമയും, ദേവകിയമ്മയും ഒരു കാറിലുമായി പുറപ്പെട്ടു.
അർജുനും, ദേവിയും എത്തുന്നതിന് മുന്നേ തന്നെ അവരെത്തി രണ്ട് പേരെയും സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം തുടങ്ങിയിരുന്നു.
അവരെത്തിയതും രണ്ട് പേരെയും ആരതി ഉഴിഞ്ഞ ശേഷം ദേവിയുടെ കയ്യിലേക്ക് ദേവകിയമ്മ നിലവിളക്ക് കൊടുത്തു. അവളത് വാങ്ങി ശ്രദ്ധയോടെ വലത് കാൽ വെച്ച് അകത്തേക്ക് പ്രവേശിച്ചു. നിലവിളക്കുമായി ദേവി നേരെ പൂജാ മുറിയിലേക്ക് പോയി. അവളുടെ ഒപ്പം അർജുനും. രണ്ടാളും കണ്ണടച്ച് പ്രാർത്ഥിച്ച്
അവിടെ നിന്ന് ഹാളിലേക്ക് വന്നു. അവിടെ അവർക്ക് മധുരം കൊടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അവര്. ദേവകിയമ്മ രണ്ടാൾക്കും മധുരം കൊടുത്ത് അവരെ രണ്ടാളെയും അനുഗ്രഹിച്ച് ദേവിയുടെ നെറ്റിയിൽ ഒരു സ്നേഹ ചുംബനവും നൽകി.
” ദേവകിയമ്മോ, എനിക്കും വേണം ഉമ്മ, മരുമകളെ കിട്ടിയപ്പോൾ എന്നെ വേണ്ട അല്ലേ. ഹ്മ്മ്. ഞാൻ മിണ്ടൂല്ല ”
കുറുമ്പോടെയുള്ള ഭാമയുടെ പറച്ചില് കേട്ടപ്പോൾ എല്ലാവരും അവളെ നോക്കി ചിരിച്ചു. നവീൻ മാത്രം അവളെ നോക്കി കളിയാക്കി.
“നാണമുണ്ടോ ”
അത് കേട്ട പാതി അവന്റെ വയറിനിട്ടൊരു ഇടിയും കൊടുത്ത് അവള് അടുക്കളയിലേക്ക് പോയി.
പിന്നെ ഉച്ചയായപ്പോൾ എല്ലാവരും ചേർന്ന് ഒരു ചെറിയ സദ്യ ഉണ്ടാക്കി. എല്ലാവരും ചേർന്ന് കഴിച്ച ശേഷം തമാശയും, കളിയും, ചിരിയും, പാട്ടുമൊക്കെയായി അന്നത്തെ ദിവസം അവരാഘോഷിച്ചു.
രാത്രി ആയപ്പോൾ ദേവകിയമ്മയോടൊപ്പം അടുക്കളയിൽ നിന്ന ഭാമക്ക് ഭയങ്കര സംശയം.,
“അല്ലമ്മേ, എന്തിനാ ഈ പാല് കൊടുക്കുന്നത് ? ”
“പാല് കുടിക്കുന്നത് എന്തിനാണ് എന്ന് എന്റെ മോൾക്കറിയില്ലേ? ”
“അതല്ലമ്മേ,,,
ഈ ഫസ്റ്റ് നൈറ്റിൽ എന്തിനാ ഈ പാല് കൊണ്ട് പോകുന്നെ? ”
” ഡീ, കാന്താരി എനിക്കറിയാടി നിന്റെ സംശയം ഇത് തന്നെയാണെന്ന്. അത് നിന്റെ വായിൽ നിന്ന് വരാൻ വേണ്ടിയാ ഞാൻ അങ്ങനെ പറഞ്ഞത് ”
ഭാമയുടെ ചെവിക്ക് പിടിച്ച് ദേവകിയമ്മ കിഴുക്കുന്നത് കണ്ടു കൊണ്ടാണ് ദേവി അടുക്കളയിലേക്ക് വരുന്നത്.
” എന്താ അമ്മേ ഇവളെന്താ ഒപ്പിച്ചെ? ”
” ഞാൻ എന്റെ ഒരു സംശയം ചോദിച്ചതാ. അതിനാ ഈ അമ്മ ”
” സംശയമോ,
അതെന്താടി? ”
” അത് പിന്നെ ഈ,, ”
” ഭാമേ,,, ”
ദേവകിയമ്മയുടെ പെട്ടെന്നുള്ള വിളിയിൽ ഭാമ ഞെട്ടി.
” സമയം ഒത്തിരി ആയി എല്ലാവരും പോയി കിടക്കാൻ നോക്ക്. ബാക്കിയൊക്കെ നാളെ.
ദാ മോളെ പാല്. നീ മുറിയിലേക്ക് പൊയ്ക്കോ ”
“ശെരി അമ്മേ ”
ദേവിയുടെ പിന്നാലെ പോകാൻ വന്ന ഭാമയെ ദേവകിയമ്മ അവിടെ പിടിച്ച് നിർത്തി.
“ഭാമേ,,,
അവള് പൊയ്ക്കോട്ടേ മോള് ദേ ഒന്ന് വന്ന് ഇതൊക്കെ പാത്രത്തിലാക്കാൻ സഹായിച്ചേ .”
“ഞാൻ സഹായിക്കാം അമ്മേ ”
എന്ന് പറഞ്ഞ് ദേവി തിരികെ വരാനാഞ്ഞു
” വേണ്ട മോള് പൊയ്ക്കോ ഭാമ ഇവിടെ നിന്നോളും ”
ദേവി പോയി കഴിഞ്ഞതും ഭാമയുടെ ചെവി പൊന്നാക്കി ദേവകിയമ്മ.
” എന്തിനാടി നീ അവളുടെ കൂടെ പോകാൻ പോയത് ”
“അതൊരു രസല്ലേ ന്റെ ദേവകിയമ്മേ ”
കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് അവള് പറഞ്ഞതും, തവി കൊണ്ട് തന്നെ കൊടുത്തു പുറത്തൊരെണ്ണം.
ഇതെല്ലാം കണ്ട് നിന്ന നവീനും കൊടുത്തു ഒരെണ്ണം.
പിന്നെ കുറച്ച് സമയം രണ്ടാളും കിട്ടിയത് തിരിച്ചു കൊടുക്കാനുള്ള ഓട്ടമായിരുന്നു .
🌹🌹🌹🌹🌹🌹🌹🌹🌹
മുകളിലേക്ക് ചെന്ന്,
ദേവി പതിയെ വാതില് തുറന്നു.
നോക്കുമ്പോൾ മുറി മുഴുവൻ മുല്ലപ്പൂ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്.
അർജുൻ കട്ടിലിൽ ഇരിക്കുന്നു. അവള് മുറിയിലേക്ക് കയറി വാതിലടച്ചു. പതിയെ നടന്ന് അർജുന് അരികിലെത്തി.
തുടരും,,,

by