20/04/2026

പ്രണയിനി : ഭാഗം 17

രചന – ഗംഗശലഭം

പിന്നീട് എപ്പോഴാണ് അരവിന്ദേട്ടനോടുള്ള ബഹുമാനത്തിൽ പ്രണയത്തിന്റെ വർണ്ണങ്ങൾ ചേർന്ന് തുടങ്ങിയത്?

കല്യാണി കണ്ണുകൾ പതിയെ മൂടി.

അന്ന് താൻ എട്ടിലോ മറ്റോ ആയിരുന്നു. അരവിന്ദേട്ടൻ ട്യൂഷൻ പഠിപ്പുന്ന ട്യൂഷൻ സെന്ററിന് മുന്നിൽ വച്ചാണ് തന്നെ ഒരു സ്കൂട്ടർ തട്ടിയത്. അരവിന്ദേട്ടനാണ് അന്ന് തന്നെ വാരി എടുത്തു ഏതോ ഓട്ടോയിൽ ആശുപത്രിയിലേക്ക് കൊണ്ട് പോയത്.
കാലിൽ ഓടിവുണ്ടായിരുന്നു തനിക്ക്. വേദന എടുത്ത് ഉറക്കെ കരഞ്ഞ തന്നെ ‘ സാരമില്ല കല്ലൂസേ…. പേടിക്കല്ലേ… കരയല്ലേ….’ എന്ന് പറഞ്ഞു ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോൾ ആ കണ്ണുകളിലും വേദന തന്നെ ആയിരുന്നു.

അന്നാ കണ്ണുകൾ നിറഞ്ഞിരുന്നത് ഒരു കുഞ്ഞ് അനിയത്തിയോടുള്ളത് പോലെ വാത്സല്യം തോന്നിയത് കൊണ്ടായിരുന്നിരിക്കാം…… പക്ഷെ, അന്നത്തെ തന്റെ പ്രായത്തിന്റെ ചാപല്യം…. താനത് പ്രണയമായി കണ്ടു. അന്ന് മുതലാണ് അരവിന്ദേട്ടനെക്കുറിച്ചുള്ള ചിന്തകളിൽ പോലും പ്രണയത്തിന്റെ തണുപ്പ് നിറഞ്ഞു തുടങ്ങിയത്. അരവിന്ദേട്ടന്റെ മനസ്സിൽ അന്നും കൃഷ്ണച്ചി ആയിരുന്നിരിക്കണം. അതറിയാതെ പോയ താനാണ് വിഡ്ഢി. അന്നേ അതറിഞ്ഞിരുന്നു എങ്കിൽ ഇന്ന് ഇങ്ങനെ നീറേണ്ടി വരില്ലായിരുന്നു.

കല്യാണിയിൽ നിന്നും ഒരു നെടുവീർപ്പുതിർന്നു. കൺകോണിൽ ഊറി നിന്നിരുന്ന രണ്ടു തുള്ളി കവിളിണകളെ ചുംബിച്ചു താഴേക്ക് ഒഴുകി.

അരവിന്ദൻ തന്റെ ചോദ്യത്തിന് മറുപടി തരുന്നില്ല എന്ന് കണ്ടതും അവൾ വാശിയോട് കണ്ണ്നീര് തുടച്ചു മാറ്റി.

കുറച്ചു ദൂരെ നിന്നും അമ്മു നടന്നു വരുന്നത് കണ്ടതും കല്യാണി അരവിന്ദന്റെ തോളിൽ തട്ടി. കുഞ്ഞ് നാള് മുതൽക്കുള്ള കല്യാണിയുടെ കൂട്ടാണ് അമ്മു.

“ഒന്ന് നിർത്തോ അരവിന്ദേട്ടാ….? ഒരു രണ്ടു മിനിറ്റ്.”

കേൾക്കാൻ കാത്തിരുന്നത് പോലെ അരവിന്ദൻ പെട്ടെന്ന് വണ്ടി നിർത്തി. കല്യാണി ഇറങ്ങിയതും ഒന്നും മിണ്ടാതെ ബൈക്ക് മുന്നോട്ട് ഓടിച്ചു പോയി.

അബദ്ധം പിണഞ്ഞത് പോലെ കല്യാണി അത് നോക്കി നിന്നു.

” മൊരടൻ… ദുഷ്ടൻ…. തനിക്ക് ഞാൻ വച്ചിട്ടുണ്ട്…. ”

അരവിന്ദൻ പോയ വഴിയേ നോക്കി രണ്ടു കയ്യും ഇടുപ്പിൽ കുത്തി നിന്ന് പിറുപിറുക്കുന്നവളെ കണ്ടുകൊണ്ടാണ് അമ്മു നടന്നു വന്നത്.

” എന്താടി? ഇത് ഇതുവരേം സെറ്റ് ആയില്ലേ?”

അമ്മു ചിരിയോടെ ചോദിച്ചു.

” എവിടെ? ഇത് ഒരു നടയ്ക്ക് പോകുമെന്ന് തോന്നുന്നില്ല.”

കല്യാണി നിരാശപ്പെട്ടു.

“എന്നാപ്പിന്നെ നിനക്ക് അത് വിട്ടൂടെ?”

കല്യാണിക്ക് അരവിന്ദനെ എത്രമാത്രം ഇഷ്ടമാണെന്ന് അമ്മുവിന് അറിയാം. എന്നിട്ടും അവളെ ചൊടിപ്പിക്കാനായി അമ്മു ചോദിച്ചു. .

“നീ ആരെങ്കിലും പ്രണയിച്ചിട്ടുണ്ടോ?”

കല്യാണി അമ്മുവിനെ നോക്കി മറുചോദ്യത്തോടെ പുരികം പൊക്കി.

” അങ്ങനെ ചോദിച്ചാ…….

പലരോടും ക്രഷ് തോന്നിയിട്ടുണ്ട്.
നിന്റെ ഈ അരവിന്ദേട്ടനോട് പോലും….
പുള്ളിക്കാരൻ എന്തൊരു ഗ്ലാമറാ…. ”

അമ്മു ഒരു കണ്ണടച്ച് കള്ളചിരിയോടെ കല്യാണിയെ നോക്കി.

“എടി….”

കല്യാണി അവളെ അടിക്കാനായി കയ്യോങ്ങിയതും അവളാ കൈ പിടിച്ചു വച്ചു.

” ഹാ… പറയട്ടെ പെണ്ണെ……
ഈ ദുൽഖർസൽമാനോടും ഉണ്ണിമുകുന്ദനോടും ഒക്കെ തോന്നില്ലേ? അത് മാതിരി ഒരു ക്രഷ്… അത്രേ ഉള്ളെന്ന്… അല്ലാതെ പ്രണയം ഒന്നും ആരോടും ഇതേ വരെ തോന്നീട്ടില്ല. ”

അമ്മു പിന്നെയും ചിരിച്ചു.

” അതാ കുഴപ്പം……
നീ ഒരാളെ പ്രണയിച്ചു നോക്ക്… അപ്പൊ അറിയാം….

നമുക്കേ…..
ഒരാളോട് വല്ലാത്ത ഒരിഷ്ടം തോന്നിയാലേ….
നമ്മൾ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും പോലും അയാളെക്കുറിച്ച് മാത്രം ആയാലേ….
ഹൃദയത്തിലേക്ക് മറ്റൊരാൾക്കും ഇനി ഒരിക്കലും പ്രവേശനം ഉണ്ടാവാത്ത വിധം അയാള് മാത്രം നമ്മുടെ മനസ്സിൽ ഇങ്ങനെ നിറഞ്ഞു നിന്നാലേ….
പിന്നെ അയാളെ മറക്കാൻ…. വിട്ട് കളയാൻ…. വലിയ പാടാണ് പെണ്ണെ….”

അരവിന്ദൻ പോയ വഴിയിലേക്ക് നോക്കി നിന്ന് കൊണ്ട് കല്യാണി പതിയെ പറഞ്ഞു. അത് പറയുമ്പോൾ അവളുടെ ചുണ്ടിൽ അവൾ പോലും അറിയാതെ നേർത്തൊരു ചിരി തെളിഞ്ഞിരുന്നു. കണ്ണുകളിൽ അരവിന്ദനോടുള്ള അടങ്ങാത്ത പ്രണയം പൂത്തു വിടർന്നു നിന്നു.

” ആ ഒരാൾ ഇങ്ങനെ ഹൃദയത്തിൽ നിറഞ്ഞു തുളുമ്പി….
എന്താ പറയാ…? ഓർക്കുമ്പോ പോലും നെഞ്ച് ഇങ്ങനെ വിറയ്ക്കില്ലേ? ശ്വാസം മുട്ടില്ലേ…..?
ആ ഒരു ഫീൽ……
ആ ആളില്ലാതെ നമ്മൾ മരിച്ചു പോവൂന്ന് തോന്നുന്ന ഒരവസ്ഥ….!
അങ്ങനെ നമ്മൾ ഒരാളെ സ്നേഹിച്ചു പോയാൽ… അയാളെ പിന്നെ ആർക്കും വിട്ട് കൊടുക്കാൻ പറ്റില്ല അമ്മൂ…… മറക്കാനും…!”

പറഞ്ഞു നിർത്തുമ്പോൾ കല്യാണിയുടെ കണ്ണ് നനഞ്ഞിരുന്നു.

“ദൈവമേ….! ഇത് കയ്യീന്ന് പോയി….”

അമ്മു ചിരിയോടെ താടിക്ക് കൈ കൊടുത്തു.

“പോടീ…..”

കല്യാണി കളിയായി അവളെ തല്ലി കണ്ണ് തുടച്ച് അമ്മുവിനൊപ്പം നടന്നു. പറയാൻ അവർക്ക് ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു. അമ്മുവിന്റെ വീടെത്തിയത് രണ്ട് പേരും അറിഞ്ഞില്ല.

“നീ കേറുന്നില്ലേ?”

ഗേറ്റിന്റെ ഒരു പാളി തുറന്നിട്ട്, മറ്റേ പാളിയിൽ പിടിച്ചു നിന്ന് അമ്മു കല്യാണിയെ നോക്കി.

എന്നാൽ ഒന്ന് കയറിക്കളയാം എന്ന് ചിന്തിക്കുമ്പോഴാണ് റോഡിന്റെ മറുവശത്തു കൂടി കൃഷ്ണ നടന്നു പോകുന്നത് കല്യാണി കാണുന്നത്.

“ഇന്നിപ്പോ വേണ്ട. ഞാൻ നാളെ വരാം.”

കല്യാണി അമുവിനോട് യാത്ര പറഞ്ഞ് റോഡ് ക്രോസ്സ് ചെയ്തു.

“കൃഷ്ണേച്ചി…..”

കല്യാണി വിളിക്കുന്നത് കേട്ട് കൃഷ്ണ തിരിഞ്ഞു നിന്നു.

“ആഹാ… കല്ലൂസോ….? ഇതെവിടെ പോയതാ?”

കൃഷ്ണ ചിരിച്ചു.

“അരവിന്ദേട്ടന്റെ വീട്ടിൽ….
ചേച്ചിയോ?”

ഓരോന്നൊക്കെ സംസാരിച്ചവർ മുന്നോട്ട് നടന്നു.

“കല്ലൂസിന് അരവിന്ദേട്ടനെ ഇഷ്ടമാണല്ലേ?”

പെട്ടെന്ന് കൃഷ്ണ ചോദിച്ചപ്പോൾ കാലുകൾ പിടിച്ചു കെട്ടിയത് പോലെ നിന്ന് പോയി കല്യാണി.

“അത് കൃഷ്ണേച്ചിക്ക് എങ്ങനെ അറിയാം?”

കല്യാണിയെ ഒപ്പം കാണാതെ കൃഷ്ണ തിരിഞ്ഞു നിന്നതും മുഖത്തൊരു ചിരി വരുത്തിക്കൊണ്ട് കല്യാണി ചോദിച്ചു.

“അതൊക്കെ അറിയാം.”

കൃഷ്ണ ഒരു കള്ളചിരി ചിരിച്ചു.

“പക്ഷെ, അരവിന്ദേട്ടന് എന്നെ അല്ലാലോ ഇഷ്ടം?”

നിരാശയോടെ പറഞ്ഞു കൊണ്ട് അവൾ കൃഷ്ണയുടെ മുഖത്തേക്കൊരു കള്ള നോട്ടം എറിഞ്ഞു. കൃഷ്ണയുടെ മനസ്സറിയുകയായിരുന്നു ഉദ്ദേശം.

“അരവിന്ദേട്ടന്റെ ആ ഇഷ്ടം നടക്കാൻ പോകുന്നില്ല മോളെ…..”

കല്യാണിയെ തന്നെ നോക്കി നിർവികാരതയോടെ പറഞ്ഞു കൃഷ്ണ.

” എന്റെ അരവിന്ദേട്ടൻ പാവല്ലേ? പിന്നെ എന്താ…. എന്താ….. അരവിന്ദേട്ടനെ ഇഷ്ടപ്പെടാൻ പറ്റാത്തെ?”

“അരവിന്ദേട്ടന് എന്നെയാണ് ഇഷ്ടം എന്നറിഞ്ഞിട്ടും കല്ലൂസിന് ആളിനെ മറക്കാൻ പറ്റുന്നുണ്ടോ?”

കല്യാണി തല താഴ്ത്തി ഇല്ല എന്ന് തലയാട്ടി.

“അപ്പൊ പരസ്പരം പ്രണയിച്ചവരുടെ കാര്യമോ?”

കൃഷ്ണ ചുരിദാറിനുള്ളിൽ കിടന്ന മുത്ത് മാല എടുത്തു വെളിയിൽ ഇട്ടു. അതിന്റെ തുമ്പത്ത് തിളങ്ങുന്നൊരു സ്വർണ്ണ താലി കണ്ട് കല്യാണിയുടെ കണ്ണുകൾ അമ്പരപ്പിൽ വിടർന്നു.

” ഇന്നും ഇത് അഴിച്ചു മാറ്റാതെ ഇട്ടേക്കുന്നത് എന്തിനാന്ന് അറിയോ കല്യാണിക്ക്? എല്ലാർക്കും ഇത് വെറുമൊരു ലോഹം ആയിരിക്കും… പക്ഷെ, ഇന്നും എന്നെ ജീവിപ്പിക്കുന്നത് ഇതാണ്. സായി മരിച്ചു എന്ന് എല്ലാരും പറഞ്ഞു. എന്റെ അച്ഛൻ പോലും…
കൃഷ്ണ ഇന്നും അത് വിശ്വസിച്ചിട്ടില്ല. അങ്ങനെ വിശ്വസിക്കേണ്ടി വന്നാൽ അന്ന് കൃഷ്ണയുടെ മരണമായിരിക്കും….!”

കണ്ണ് നിറച്ചു കൊണ്ട് കൃഷ്ണ പറഞ്ഞ വാക്കുകളിൽ ഉണ്ടായിരുന്നു കല്യാണിയുടെ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി. ഒരിക്കലും കൃഷ്ണയ്ക്ക് അരവിന്ദനെ അംഗീകരിക്കാനാവില്ല എന്ന്…..
മരിക്കുവോളം സായിയെ മറക്കാൻ കഴിയില്ല എന്ന്…!

************

അഭിപ്രായം പറയാതെ പോകരുത് കേട്ടോ…. നിങ്ങളുടെ കമന്റ്സ് കാണുമ്പോഴാ എനിക്ക് പെട്ടെന്ന് പെട്ടെന്ന് എഴുതി ഇടാൻ തോന്നുന്നേ…