രചന – ഗംഗ ശലഭം
എന്തായി?”
ഹാളിലേയ്ക്ക് കയറി വന്ന ദേവനെ കാത്തിരുന്നത് പോലെ ശ്രീനാഥ് സെറ്റിയിൽ നിന്നും ചാടി എഴുന്നേറ്റു.
“അറിഞ്ഞതൊക്കെ സത്യം തന്നെ.”
ദേവൻ സെറ്റിയിലേക്ക് തളർച്ചയോടെ ഇരുന്നു.
“ഇപ്പൊ അവരെന്തിനാ ഇങ്ങനെ ചെയ്തത്? ആറു വർഷം ആയിട്ട് ഇല്ലാത്ത എന്ത് പരാതിയാ അവർക്കിപ്പോ?”
ശ്രീനാഥ് അസ്വസ്ഥതയോടെ തല കുടഞ്ഞു.
” അതാണ് എനിക്കും മനസ്സിലാവാത്തത്. സുഭദ്ര തനിയെ ചെയ്തതാവില്ല. എങ്കിൽ അവൾക്ക് അത് ഇതിനും മുന്നേ ആകാമായിരുന്നു. ആരോ ഇടയിൽ നിന്ന് കളിക്കുന്നുണ്ട് ശ്രീ….”
ദേവൻ ആലോചനയോടെ സെറ്റിയിലേക്ക് ചാരി.
” ഇരുചെവി അറിയാതെ മാധവൻ തമ്പിയേം അയാളുടെ മോനേം ഇല്ലാതാക്കിയിട്ടുണ്ടെങ്കിൽ ഇവരെ ഇല്ലാതാക്കാനാണോ അച്ഛാ പാട്? ശല്യം ആണെന്ന് തോന്നിയാൽ തീർത്തു കളഞ്ഞേക്കണം. ”
ശ്രീനാഥ് പല്ല് കടിച്ചു.
” അതത്ര എളുപ്പമല്ല ശ്രീ. ഞാൻ അവളെ പോയി കണ്ടിരുന്നു. ഏട്ടൻ ഉള്ളപ്പോ വീടിനു പുറത്ത് കൂടി ഇറങ്ങാതിരുന്നവളാ ഇന്ന് എന്റെ നേരെ നാക്ക് നീട്ടിയത്. ജീവന് ആപത്തുണ്ടെന്ന് പറഞ്ഞ് നമ്മളുടെ പേരില് ഐ ജി ക്കും സി എമ്മിനും ഒക്കെ ആ സുഭദ്ര ഇതിനോടകം പരാതി കൊടുത്തിട്ടുണ്ട്. അതിന്റെ കോപ്പി എന്നെ ഇന്നവര് കാണിച്ചു.
‘ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ’ എന്നൊരു ഡയലോഗും…. ഇനി നമ്മൾ അവരെ എന്തെങ്കിലും ചെയ്താ ആദ്യം നമ്മുടെ നേർക്ക് തന്നെ അന്വേഷണം വരും. പഴുതടച്ചുള്ള കളിയാടാ മോനെ.. ആരോ അറിഞ്ഞു കളിക്കുന്നതാ….”
“ഇത്രേം വർഷം മുൻപുള്ള ഒരു മരണം. അതിൽ ഇപ്പൊ ഒരു അന്വേഷണം എന്നൊക്കെ പറഞ്ഞാൽ… അത് അത്ര ഈസി ആണോ അച്ഛാ?”
” ആഭ്യന്തരമന്ത്രി നേരിട്ട് ഇടപെട്ട കേസ് ആണെന്നാ ഞാൻ അന്വേഷിച്ചപ്പോ അറിഞ്ഞത്. പേപ്പർ വർക്കുകൾ ഒക്കെ നടക്കുന്നെ ഉള്ളൂ… പക്ഷെ അന്വേഷണം തുടങ്ങീട്ടുണ്ട്. രഹസ്യമായിട്ട്….”
” ഇനീപ്പോ നമ്മൾ എന്ത് ചെയ്യും? തെളിവുകൾ ഒന്നും ഇല്ല എന്നറിയാം. എന്നാലും ഇതിപ്പോ ആരോ തുനിഞ്ഞിറങ്ങിയത് പോലെ ഉണ്ട്. അതാണ് എന്റെ പേടി.”
” നീ ടെൻഷൻ ആവാതെ. ആരൊക്കെ അന്വേഷിച്ചാലും ഒന്നും കിട്ടാൻ പോണില്ല. ”
ദേവൻ ശ്രീനാഥിനെ ആശ്വസിപ്പിച്ചു.
” പക്ഷെ മറ്റൊന്നുണ്ട്. സ്റ്റീഫൻ…..
അവൻ നാളെ എത്തും എന്നല്ലേ പറഞ്ഞത്? സൂക്ഷിക്കണം…. എയർപോർട്ടിൽ നമ്മുടെ ആൾക്കാർ ഉണ്ടാവണം. അവര് വേണം സ്റ്റീഫനെ അവിടെ നിന്നും പിക്ക് ചെയ്യാൻ. അവനോട് ഒറ്റയ്ക്ക് വരരുത് എന്ന് പ്രത്യേകം പറയണം. ആരോ നമ്മുടെ പിറകെ ഉണ്ട്. അവരുടെ കയ്യിൽ സ്റ്റീഫനെ കിട്ടിയാൽ? ഞാൻ പറയണ്ടല്ലോ? ”
” ഹ്മ്മ്…. അവൻ ഇങ്ങോട്ട് വന്നോളാം എന്നാ പറഞ്ഞത്. ഇനിയിപ്പോ അച്ഛൻ പറഞ്ഞത് തന്നാ നല്ലത്. ഞാൻ അവനെ വിളിക്കാം.”
ശ്രീനാഥ് പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ എടുത്തു സ്റ്റീഫന്റെ നമ്പർ തിരഞ്ഞു കൊണ്ട് എഴുന്നേറ്റു പുറത്തേക്ക് നടന്നു.
ആരാവും ഇതിന് പിന്നിൽ? ആഭ്യന്തര മന്ത്രിയുമായി ഇത്രയും അടുത്ത പരിചയം ഉള്ള ഏത് ശത്രുവാണ് തനിക്ക് ഉള്ളത്?
ദേവൻ ആലോചനയോടെ നെറ്റിയിൽ വിരൽ ഓടിച്ചു.
**************
ഉണ്ണിമോളുടെയും തന്റെയും ഡ്രസ്സുകൾ ബാഗിനുള്ളിലേക്ക് അടുക്കി വയ്ക്കുകയാണ് കൃഷ്ണ. പിറന്നാൾ കഴിഞ്ഞു പിറ്റേന്ന് പോകണമെന്ന് കരുതിയതാണ്. അപ്പോഴാണ് രാജലക്ഷ്മിക്ക് വയ്യാതായത്. ഇന്നലെ കാലിലെ പ്ലാസ്റ്റർ മാറ്റി. ഇനിയും ഇവിടെ നിൽക്കാൻ എന്ത് കൊണ്ടോ പറ്റുന്നില്ല. സൂര്യ തന്നെയാണിപ്പോ പ്രധാന കാരണം. അവനെ കാണുമ്പോഴൊക്കെ സായിയാണ് എന്ന തോന്നലാണ് മനസ്സിൽ. ഇനിയും ഇവിടെ നിൽക്കാൻ വയ്യ. ഒന്നുകിൽ ഹൃദയം പൊട്ടി മരിച്ചു പോകും. അല്ലെങ്കിൽ ഭ്രാന്ത് പിടിക്കും തനിക്ക്.
“കൃഷ്ണ…..”
ഉണ്ണിമോളുടെ മടക്കി വച്ച വസ്ത്രങ്ങൾ ഒക്കെ ബാഗിന് ഉള്ളിലേക്ക് എടുത്തു വയ്ക്കുമ്പോഴാണ് ആ വിളി കേട്ടത്.
കൃഷ്ണ തിരിഞ്ഞു നോക്കി. തുറന്നിട്ടിരുന്ന വാതിലിനു പുറത്ത് സൂരജ് നിൽക്കുന്നുണ്ട്.
“ഞാൻ…. എനിക്ക് തന്നോട് ഒരു കാര്യം സംസാരിക്കാനുണ്ട്.”
മടിയോടെയാണ് അവൻ പറഞ്ഞു തുടങ്ങിയത്.
” ഇവിടെ നിന്ന് പോകുന്നേനെക്കുറിച്ചാണെങ്കിൽ ഞാൻ ഇന്ന് തന്നെ പോകും സാർ. ലക്ഷ്മിയമ്മേടെ കാല് സുഖമാകുന്നത് വരെ രാവിലെ വന്ന് ഇവിടുത്തെ പണികൾ ഒക്കെ ചെയ്തോളാം.
മധു മാമയോട് ഒരു ജോലീടെ കാര്യം ഞാൻ സൂചിപ്പിച്ചിരുന്നു. ഞാൻ ടൈപ്പ് ഹയർ ഒക്കെ കഴിഞ്ഞതാ… അത് വച്ചിട്ട് എവിടേലും നോക്കാം എന്ന് മധു മാമ പറഞ്ഞിട്ടുണ്ട്. അത് കിട്ടുന്നത് വരെ ഇവിടെ വരാൻ എന്നെ അനുവദിക്കണം… വേറെ വരുമാനം ഒന്നും എനിക്ക് ഇല്ലല്ലോ?”
കൃഷ്ണ മുഖം കുനിച്ചു നിന്ന് താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു.
“തന്നോട് ഇവിടെ നിന്ന് പോകരുത് എന്ന് പറയാനാണ് ഞാൻ വന്നത്.”
സൂരജിന്റെ ശബ്ദവും പതിഞ്ഞിരിഞ്ഞു.
കൃഷ്ണ മുഖമുയർത്തി അവനെ നോക്കി.
” ലക്ഷ്മിയമ്മയ്ക്ക് വയ്യാഞ്ഞിട്ടാണെങ്കിൽ ഞാൻ പറഞ്ഞല്ലോ സാർ…? സുഖമാകുന്നത് വരെ രാവിലെ ഞാൻ വന്ന് എല്ലാം ചെയ്തോളാം.”
“അതല്ലടോ…..”
“സാരമില്ല സാർ… എനിക്ക് വിഷമം ഒന്നുമില്ല. എന്നായാലും ഞാൻ പോകണം…. എത്ര നാളാണെന്ന് കരുതിയാ നിങ്ങൾക്ക് ബുദ്ധിമുട്ടാകുന്നത്. ഇതിപ്പോ ആ വീടാകുമ്പോ പേടിക്കേം വേണ്ട.”
കൃഷ്ണ ചിരിക്കാൻ ശ്രമിച്ചു.
“ഞാൻ അകത്തേയ്ക്ക് വന്നോട്ടെ?”
അനുവാദം ചോദിച്ച് കൊണ്ട് കൃഷ്ണയുടെ മറുപടി കാക്കാതെ സൂരജ് അകത്തേക്ക് കയറി. സ്റ്റെയറിനു മുകളിലേക്ക് കണ്ണെത്തിച്ചു സൂര്യ മുകളിൽ ആണെന്ന് ഉറപ്പാക്കാനും അവൻ മറന്നില്ല.
“കൃഷ്ണ…..
എന്തായാലും താൻ ഇപ്പൊ ഇവിടുന്ന് പോകുന്നില്ല.”
അധികാരത്തോടെയുള്ള സൂരജിന്റെ സംസാരം കൃഷ്ണയ്ക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല.
“സോറി സാർ…. ഞാൻ….”
അവൾ എന്തോ പറഞ്ഞു തുടങ്ങിയതും സൂരജ് കൈ എടുത്തു വിലക്കി.
“സായി ഉള്ളിടത്തു നിന്നും കൃഷ്ണ എവിടേയ്ക്ക് പോകാനാണ്?”
മിഴിഞ്ഞ കണ്ണുകളോടെ കൃഷ്ണ സൂരജിനെ നോക്കി.
************
അപ്പൊ സായിയെ ഉടനെ കാണാം 😁

by