രചന – ഗംഗ ശലഭം
“നിന്റെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാണ്.”
പറയുന്നതിനൊപ്പം സൂരജ് മൊബൈൽ സ്ക്രീൻ ശ്രീനാഥിന് നേർക്ക് തിരിച്ചു പിടിച്ചു. വീഡിയോ കാളാണ്. അതിൽ തെളിഞ്ഞ സ്ത്രീ രൂപത്തിലേക്ക് ശ്രീനാഥ് സൂക്ഷിച്ചു നോക്കി.
കേരള രാഷ്ട്രീയത്തിലെ പ്രധാനിയായ സ്ത്രീ വ്യക്തിത്വം. വരുന്ന ഇലക്ഷന് ജയിച്ചാൽ കേന്ദ്ര മന്ത്രി വരെ ആവാൻ സാധ്യത കൽപ്പിക്കുന്നവർ…. മായാദേവി…! അവരെ അറിയാത്തവരായി ആരുണ്ട്? ശ്രീനാഥിനും കണ്ട മാത്രയിൽത്തന്നെ അവരെ മനസ്സിലായി.
“എന്നെ മനസ്സിലായില്ലേ ശ്രീനാഥിന്?”
ഗാഭീര്യം നിറഞ്ഞ സ്ത്രീ സ്വരം. ശ്രീനാഥ് ഒന്നും മിണ്ടിയില്ല. ഈ പുതിയ കഥാപാത്രത്തിന്റെ റോൾ എന്തെന്നുള്ള ചിന്തയിൽ ആയിരുന്നു അവൻ അന്നേരം.
” ഒരു രാഷ്ട്രീയ നേതാവെന്ന നിലയിൽ നീയെന്നെ അറിയുമായിരിക്കും. പക്ഷെ നീയറിയാത്ത ഒരു ബന്ധമുണ്ട് നമ്മൾ തമ്മിൽ….”
ശ്രീനാഥിന്റെ നെറ്റി ചുളിഞ്ഞു.
” ഞാൻ നിന്റെ അമ്മായിയമ്മയാണ്. എന്ന് വച്ചാൽ പ്രഭാകരവർമ്മയുടെ ഭാര്യ…!
അയാളുടെ ഭാര്യ എന്ന് പറയാൻ… ആ പേരിൽ അറിയപ്പെടാൻ അല്പം പോലും ആഗ്രഹിക്കാത്ത ഭാര്യ….!”
ശ്രീനാഥിന്റെ കണ്ണ് മിഴിഞ്ഞു. അതെങ്ങനെ? അപ്പോ സായിയുടെ അമ്മയോ? ചോദ്യം അവന്റെ തൊണ്ടയിൽ കുടുങ്ങി കിടന്നു.
ഒരുപക്ഷെ ഇവർ സാരംഗിയുടെ അമ്മയായിരിക്കുമോ?
” സംശയിക്കണ്ട. സാരംഗിയുടെ അമ്മ തന്റെ ആദ്യ ഭാര്യയാണെന്ന് വർമ്മ നിന്നോട് പറഞ്ഞിട്ടുണ്ടാകും എന്ന് തന്നെയാണെന്റെ വിശ്വാസം. അതാരാണ് എന്ന് വെളിപ്പെടുത്തിയില്ലെങ്കിലും….”
ശ്രീനാഥ് ഉമിനീർ വിഴുങ്ങി. സാരംഗിയുടെ അമ്മ മകളെ കൊന്നതിനു പ്രതികാരം തീർക്കാൻ വന്നതാണ്…..
സാരംഗി തന്റെ ആദ്യഭാര്യയിലെ മകളാണെന്നും, സായിയുടെ അമ്മയെ താൻ രണ്ടാമത് വിവാഹം ചെയ്തതാണെന്നും വർമ്മ അന്ന് പറഞ്ഞിരുന്നു. അവരാരാണെന്ന് വെളിപ്പെടുത്താൻ അയാൾ ആഗ്രഹിച്ചില്ല. അതറിയേണ്ട കാര്യമുണ്ടെന്ന് തനിക്കും അന്ന് തോന്നിയില്ല. പക്ഷെ ഇപ്പൊ…..
എട്ട് കൊലപാതകങ്ങൾ…. ഇപ്പൊ സ്റ്റീഫൻ പോലും അവരുടെ കസ്റ്റടിയിലാണ്.
തങ്ങൾക്കെതിരെയുള്ള എല്ലാ തെളിവുകളും അവർ ശേഖരിച്ചിട്ടുണ്ടാകും. വക്കീലും കൂടിയായാൽ പൂർത്തിയായി. തന്നെയും ദേവനെയും ആജീവനാന്തം ജയിലഴിക്കുള്ളിലാക്കാൻ മായാദേവിക്ക് നിഷ്പ്രയാസം കഴിയും.
ഉള്ളിൽ അരിച്ചു കയറുന്ന ഭയം പതിയെ ശ്രീനാഥിന്റെ ശരീരത്തിൽ ഒരു വിറയലായി പടർന്നു തുടങ്ങി.
എന്നാൽ മായാദേവിയുടെ അടുത്ത വെളിപ്പെടുത്തൽ ശ്രീനാഥിനെ പിന്നെയും ഞെട്ടിച്ചു.
” ഇപ്പോഴും നീ പ്രതീക്ഷിക്കുന്നുണ്ടാകും വർമ്മയുടെ കോടികൾ വച്ച് കേസിൽ നിന്നൊക്കെ നിഷ്പ്രയാസം ഊരിപ്പോരാമെന്ന്…. അത് വെറും വ്യാമോഹം മാത്രമാണ്…. കാരണം സാരംഗിയുടെ മകൾക്ക് പ്രായപൂർത്തി ആകുന്നത് വരെ വർമ്മയുടെ സ്വത്തുകളുടെ പൂർണ്ണ അവകാശം നിനക്കാണെന്ന്, വർമ്മയുടെ ഇപ്പോഴത്തെ ഭാര്യയെന്ന് നീ വിശ്വസിക്കുന്ന ആ സ്ത്രീ നിനക്ക് എഴുതി തന്ന ആ പവർ ഓഫ് അറ്റോർണി ഇല്ലേ? അത് വാലിഡ് അല്ല. കാരണം… ലീഗലി ഇപ്പോഴും വർമ്മയുടെ ഭാര്യ ഞാനാണ്. അയാൾ എന്നെ ഡിവോഴ്സ് ചെയ്തിട്ടില്ല. സായിയുടെ അമ്മയെ നിയമപരമായി വിവാഹം ചെയ്തിട്ടുമില്ല.”
ഒന്ന് ശബ്ദിക്കാൻ പോലും ആകാത്ത വിധം ശ്വാസം നിലച്ചു നിന്നുപോയി ശ്രീനാഥ്. മായാദേവി പറഞ്ഞത് പോലെ കാശ്ശെറിഞ്ഞ് എല്ലാത്തിൽ നിന്നും ഊരിപ്പോരാമെന്ന് അവന് അപ്പോഴും നേരിയ പ്രതീക്ഷയുണ്ടായിരുന്നു.
മായാദേവി തുടർന്നു….
” പിന്നെ ചുരുക്കം ചിലർക്ക് മാത്രം അറിയുന്ന മറ്റൊന്ന് കൂടിയുണ്ട്… ദി ഗ്രേറ്റ് ബിസിനസ് മാൻ പ്രഭാകരവർമ്മ, സ്വന്തം പോലെ വച്ചനുഭവിച്ചിരുന്ന സ്വത്തുക്കളുടെയും എംഡി ഗ്രൂപ്സ് എന്ന ഇന്ത്യ ഒട്ടുക്ക് അറിയുന്ന ബിസിനസ് സാമ്രാജ്യത്തിന്റെയും വെറും കെയർടേക്കർ മാത്രമാണെന്ന്…. അതൊക്കെയും എന്റേതാണ്.
എന്റെ എന്ന് പറഞ്ഞാൽ എനിക്ക് വിശ്വസ്ഥരായ ചില ബിനാമികളുടെ പേരിൽ… എല്ലാത്തിന്റെയും ഉടമ ഞാൻ മാത്രമാണ്. വർമ്മ വെറും കാവൽക്കാരൻ… നിധി കാത്തിരുന്ന ഭൂതം…!”
ശ്രീനാഥിന് അവർ പറഞ്ഞതൊന്നും പൂർണ്ണമായും ഉൾക്കൊള്ളാൻ ആയില്ല. എവിടെയൊക്കെയോ ചില ചേരായ്കകൾ….
” എന്നിട്ടും സായിയുടെ അമ്മ നിനക്ക് തന്ന പവർ ഓഫ് അറ്റോർണിയുടെ ബലത്തിൽ കഴിഞ്ഞ മൂന്ന് വർഷമായിട്ട് നീ ഒപ്പിട്ട് നൽകിയ ഫയലുകൾക്കൊക്കെ എന്ത് സാധുതയാണ് ഉള്ളതെന്നാകും നീയിപ്പോ ഓർക്കുന്നത്?”
ശ്രീനാഥിന്റെ ചിന്തകളിൽ ഓടിയതും അതേ കാര്യം തന്നെയായിരുന്നു.
“രാമലിംഗം…
വർമ്മയുടെ ആൾ ഇൻ ആൾ…
ഇപ്പൊ നിന്റെയും…
അയാളെ എല്ലാം ഏൽപ്പിച്ചിട്ടല്ലേ നീ കേരളത്തിലേക്ക് വന്നത്. രാമലിംഗം എന്റെ ആളാണ്. ഞാൻ നോക്കി നടത്താൻ ഏല്പിച്ചതൊക്കെ വർമ്മ നന്നായി നോക്കുന്നോ എന്ന് എനിക്ക് അറിയണ്ടേ? അപ്പൊ വർമ്മയുടെ സന്തത സഹചാരി എന്റെ ആളായിക്കോട്ടെ എന്ന് ഞാനും കരുതി. വർമ്മയ്ക്ക് പോലും അതറിയില്ല. ബിസിനസ്സുമായി ബന്ധപ്പെട്ട എന്ത് കാര്യത്തിനും നിന്റെ ഒപ്പിന് വിലയില്ല എന്ന് നിനക്കറിയില്ല എങ്കിലും രാമലിംഗത്തിന് അതു നന്നായി അറിയാം. നീ അയാൾക്ക് കൊടുത്ത ഫയലുകൾ എല്ലാം എന്റെ പക്കൽ എത്തിയിട്ടുമുണ്ട്.
ഇപ്പോഴും നിനക്ക് നൂറ് സംശയങ്ങൾ ഉണ്ടാകും. അതൊന്നും തീർത്തു തരേണ്ട ബാധ്യത എനിക്കില്ല. നീ ഒന്ന് മനസ്സിലാക്കിക്കോ ശ്രീനാഥെ…
നീ ഏത് കോടികൾക്ക് വേണ്ടിയാണോ ആറ് പേരെ കൊന്ന് തള്ളിയത് അതൊന്നും നിനക്ക് കിട്ടാൻ പോകുന്നില്ല.
ഏത് പെണ്ണിന് വേണ്ടിയാണോ സ്വന്തം ഭാര്യയെ കൊന്ന് തള്ളിയത് അവളെയും നിനക്ക് കിട്ടാൻ പോകുന്നില്ല.
പകരം നീ ചെയ്ത വീരകൃത്യങ്ങൾക്ക് നിനക്ക് തക്കതായ റിവാർഡ് ഞങ്ങൾ തരും. ആജീവനാന്ത ജയിൽ വാസം….!…”
അവരൊന്നു നിർത്തി.
” സായി…..”
ശ്രീനാഥിനോടുള്ള സംഭാഷണം അവസാനിപ്പിച്ചു മായാദേവി സായിയെ വിളിച്ചു.
എല്ലാം കേട്ട് സ്തംബിച്ചു നിൽക്കുന്ന ശ്രീനാഥിനെ ഒന്ന് പുച്ഛത്തോടെ നോക്കി സായി സൂരജിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
” എനിക്കവനെ ജീവനോടെ ഒന്ന് കാണണം. അതുകൊണ്ട് കൊല്ലരുത്.
പിന്നെ ജീവൻ വേണമെന്നേ ഉള്ളൂ… കയ്യും കാലുമൊന്നും യഥാസ്ഥാനത്ത് വേണമെന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല.
ശ്രീനാഥും ദേവനും സഞ്ചാരിച്ചിരുന്ന കാർ ആക്‌സിഡന്റിൽ പെട്ട് തീപിടിച്ചാൽ ദേവന് പൊള്ളൽ ഉണ്ടായെന്നിരിക്കും…. ശ്രീനാഥിന് കയ്യും കാലമൊക്കെ ഒടിഞ്ഞു നുറുങ്ങിയെന്നിരിക്കും…… പൊള്ളലുകൾ ആസിഡ് കൊണ്ടുണ്ടായതാണെന്നോ, കയ്യും കാലും നിങ്ങൾ തല്ലി ഓടിച്ചതാണെന്നോ ആരും അറിയാൻ പോകുന്നില്ല. ഇത് ഞാൻ തരുന്ന ഉറപ്പാണ്.”
സായി എല്ലാം സമ്മതിച്ചു ക്രൂരമായ ഒരു ചിരിയോടെ തല കുലുക്കി.
പ്രതിമ കണക്കെ നിൽക്കുന്ന ശ്രീനാഥിനരികിലേക്ക് സായിയും സൂരജും ഒരുമിച്ചു ചുവടുവയ്ക്കുന്നേരവും ദേവന്റെ അലർച്ച ആ മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
********
അപ്പൊ എങ്ങനെ കൊള്ളാമോ? ഇങ്ങനെ ഒന്നും എഴുതാൻ എനിക്ക് അറിഞ്ഞൂടാ… തെറ്റുകൾ കാണും. ക്ഷമിക്കൂ ട്ടോ…
അഭിപ്രായം ഉറപ്പായും പറയണം. ഇല്ലേൽ ഞാൻ പിണങ്ങും 😒
മായാദേവിക്കും ചിലത് പറയാനുണ്ട്. അതൂടെ കേട്ടാലേ കഥ പൂർത്തിയാകൂ…
അപ്പൊ പ്രണയിനി അവസാന ഭാഗങ്ങളിലേക്ക്….

by