19/04/2026

പ്രണയിനി : ഭാഗം 23

രചന – ഗംഗ ശലഭം

” എങ്ങനെയാ അരവിന്ദേട്ടാ നിങ്ങൾക്ക് ഇത്രയും സ്വാർത്ഥനാകാൻ പറ്റുന്നത്?”

മുഖത്ത് നോക്കി കൃഷ്ണ അത് ചോദിക്കവേ അരവിന്ദന്റെ മുഖം ദയനീയമായി.

” നീ തന്നെ ഇത് പറയണം കൃഷ്ണേ…. ഞാൻ എന്നെക്കാളും…….”

അരവിന്ദന്റെ സ്വരം പതിഞ്ഞു. കണ്ണ് നനഞ്ഞു.

” നിങ്ങളെക്കാളും നിങ്ങൾ എന്നെ സ്നേഹിക്കുന്നു എന്നാവും അല്ലെ? ”

കൃഷ്ണയുടെ ചിരിയിൽ പുച്ഛം കലർന്നു.

അരവിന്ദൻ ഒന്ന് പതിഞ്ഞു ചിരിച്ചു. ആ ചിരിയിൽ വിഷാദം മുറ്റി നിന്നു.

” വെറുതെയാ…. വെറുതെയാ ആ പറയണത്….
അങ്ങനെ അരവിന്ദേട്ടൻ എന്നെ സ്നേഹിച്ചിരുന്നെങ്കിൽ എന്നെ മനസ്സിലാക്കാനും ശ്രമിച്ചേനെ….
പറഞ്ഞതല്ലേ ഞാൻ പലവട്ടം… എനിക്കിനി ഒരു കല്യാണത്തെക്കുറിച്ച് ചിന്തിക്കാൻ പോലും പറ്റില്ല എന്ന്.
എന്ത് കൊണ്ടാണ് നിങ്ങൾ അത് മനസിലാക്കാത്തത് അരവിന്ദേട്ടാ?

നിങ്ങൾ നിങ്ങളെ മാത്രമേ സ്നേഹിക്കുന്നുള്ളൂ…
അതാണ്‌ സത്യം…..!

സ്വാർത്ഥനാ നിങ്ങൾ…

നിങ്ങളെക്കുറിച്ചല്ലാതെ എപ്പോഴെങ്കിലും എന്റെ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ അരവിന്ദേട്ടൻ? ”

അരവിന്ദൻ അമ്പരപ്പോടെ കൃഷ്ണയെ നോക്കി. ആദ്യമായാണ് അവൾ ഇങ്ങനെ ക്ഷോഭത്തോടെ തന്നോട് സംസാരിക്കുന്നത് എന്നവൻ ഓർത്തു.

” നിങ്ങൾ എന്നെയാണ് മനസിലിട്ട് നടക്കുന്നതെന്നുള്ള ചിന്ത എന്നെ എത്രമാത്രം വേദനിപ്പിക്കുന്നുണ്ടാവുമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോഅരവിന്ദേട്ടാ? ”

ആ ചോദ്യത്തിന് അരവിന്ദന് മറുപടി ഉണ്ടായില്ല. നിസ്സംഗനായി അവൻ കൃഷ്ണയെ കേട്ടു നിന്നു.

” നിങ്ങൾ എനിക്ക് എന്റെ ഏട്ടനാണ്… പണ്ട് ഞാനും അപർണയും നിങ്ങൾക്ക് വേണ്ടി അടി വച്ചിട്ടുണ്ട്… എന്തിനാണെന്ന് അറിയാമോ അരവിന്ദേട്ടന്?

നിങ്ങൾക്ക് ഞങ്ങളോടുള്ള സ്നേഹവും വാത്സല്യവും കരുതലും ഒക്കെ കാണുമ്പോ…. നിങ്ങൾ എന്റെ സ്വന്തം ഏട്ടനായിരുന്നു എങ്കിൽ എന്ന് കൊതിച്ചിട്ടുണ്ട് ഞാൻ പലപ്പോഴും… അതിന് വേണ്ടി…. നിങ്ങൾ എന്റെ ഏട്ടനാണെന്ന് വെറുതെ അവളോട് വാദിച്ചു ജയിക്കാൻ വേണ്ടി മാത്രം ഞാൻ അപർണയോട് അടിയിടും…
നിങ്ങൾ എന്റെ ഏട്ടനാണെന്ന് ഞാനും അവളുടെ ഏട്ടനാണെന്ന് അവളും പറഞ്ഞ് തർക്കിക്കും…….

അന്നൊക്കെ നിങ്ങളെ എന്റെ മാത്രം ഏട്ടനായി കിട്ടാൻ വാശിയായിരുന്നു എനിക്ക്…. ഇന്നും അതേ ആഗ്രഹം മനസ്സിൽ ഉള്ളൊരു കൃഷ്ണ ഉണ്ടെന്റെ ഉള്ളിൽ…. എന്റെ പഴയ അരവിന്ദേട്ടനെ… എന്റെ സ്വന്തം ഏട്ടനെ വാശിയോടെ ആഗ്രഹിക്കുന്ന ആ പഴയ കൃഷ്ണ…..

കൂടെ പിറന്നില്ലന്നെ ഉള്ളൂ… നിങ്ങൾ എനിക്ക് എന്റെ കൂടെപ്പിറപ്പ് തന്നെയാ… അന്നും ഇന്നും… ഇനി എന്നും….

സ്വന്തം ഏട്ടനെ ആർക്കെങ്കിലും പ്രണയിക്കാൻ പറ്റോ അരവിന്ദേട്ടാ? ”

അരവിന്ദന്റെ കണ്ണുകളിൽ വല്ലാത്ത ഒരു ഞെട്ടൽ തെളിഞ്ഞു.

” നിങ്ങൾ എന്നെ സ്നേഹിക്കുന്നുണ്ടെങ്കിൽ ഇനിയെങ്കിലും എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്ക്….
നിങ്ങടെ ഉള്ളിലെ പ്രണയം കാണിച്ച് എന്നെ ഇങ്ങനെ കൊല്ലാതെ കൊല്ലല്ലേ അരവിന്ദേട്ടാ……”

അരവിന്ദന്റെ മുന്നിൽ അപേക്ഷയോടെ കൈകൾ കൂപ്പി നിന്നു കൃഷ്ണ. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്.

” പ്ലീസ്…. എന്നെ ഇനിയെങ്കിലും ഒന്ന് മനസിലാക്ക് അരവിന്ദേട്ടാ….
ഗീതാമ്മയെ മനസിലാക്ക്…
മധു മാമയെ മനസ്സിലാക്ക്… അപേക്ഷയാണ്…. ”

കണ്ണുകൾ അമർത്തി തുടച്ച് തിരിഞ്ഞു നടക്കവേ പറഞ്ഞതെല്ലാം കൂടിപ്പോയോ എന്നൊരു സന്ദേഹം തോന്നി കൃഷ്ണയ്ക്ക്.

നൊന്തിട്ടുണ്ടാവും അരവിന്ദേട്ടന്. നോവട്ടെ…….
എന്നാലേ മറ്റുള്ളവരുടെ നോവും മനസ്സിലാകൂ.
ഇപ്പൊ പറഞ്ഞതൊക്കെ അരവിന്ദേട്ടന് വേണ്ടി തന്നെയാ… പിന്നെ ആളിനെ മാത്രം മനസ്സ് നിറഞ്ഞു സ്നേഹിക്കുന്ന മറ്റ് ചിലർക്ക് വേണ്ടിയും…

കല്യാണിയുടെ മുഖം മനസ്സിൽ തെളിഞ്ഞതും പറഞ്ഞതൊന്നും ഒട്ടും കൂടുതൽ അല്ല എന്ന് സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൃഷ്ണ.

കൃഷ്ണ നടന്നു മറഞ്ഞിട്ടും നിന്നിടത്തു നിന്നും അനങ്ങാനായില്ല അരവിന്ദന്.
കൃഷ്ണ പറഞ്ഞ ചില വാചകങ്ങൾ അവന്റെ കാതിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടിരുന്നു. കൃഷ്ണ തൊടുത്തു വിട്ട വാഗ്ശരങ്ങൾ ഓരോന്നും അതിന്റെ ലക്ഷ്യത്തിൽ തന്നെ വന്നു തറച്ചിരുന്നു. അരവിന്ദന്റെ ഹൃദയത്തിൽ നിന്നും രക്തം പൊടിഞ്ഞു.

‘സ്വന്തം ഏട്ടനെ ആർക്കെങ്കിലും പ്രണയിക്കാൻ പറ്റോ അരവിന്ദേട്ടാ?’

മുന്നിൽ നിന്നും കൃഷ്ണ ആ ചോദ്യം പിന്നെയും പിന്നെയും ചോദിക്കുന്നുണ്ട് എന്ന് തോന്നി അരവിന്ദന്.

നനഞ്ഞ കണ്ണുകൾ മുറുകെ അടയ്ക്കുമ്പോൾ താൻ ഒരു തെറ്റായിരുന്നു എന്ന തോന്നൽ അരവിന്ദന്റെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഉറവയെടുത്തു കഴിഞ്ഞിരുന്നു.

*************

വീടിനു മുന്നിലെ പൂന്തോട്ടം ഒന്ന് കൂടി വിശാലമാക്കാനുള്ള ശ്രമത്തിലാണ് രാജലക്ഷ്മി. സഹായത്തിന് കൃഷ്ണയും ഉണ്ട്. പൂച്ചെടികളോട് വല്ലാത്തൊരു ഭ്രമമാണ് രാജാലക്ഷ്മിക്ക്. സാമാന്യം നല്ലൊരു പൂന്തോട്ടമുണ്ട് വീടിനു മുന്നിൽ. എങ്കിലും എവിടെ നിന്നെങ്കിലും ഒക്കെ പിന്നെയും അവർ പൂച്ചെടികൾ സംഘടിപ്പിച്ചു കൊണ്ടുവരും. പിന്നീട് കൃഷ്ണയും അവരും കൂടി അതൊക്കെയും ചെടിച്ചട്ടികളിലാക്കി വയ്ക്കും. ഇന്നും കുമാരനോട് പറഞ്ഞ് എവിടെ നിന്നോ കുറച്ചു ചെടികൾ കൊണ്ട് വന്നിട്ടുണ്ട്.

ചെടികൾ നടാനായി മൂന്ന് നാല് പൂച്ചട്ടികൾ നിരത്തി വച്ച് അതിലേക്ക് മണ്ണ് നിറയ്ക്കുന്ന തിരക്കിലാണ് കൃഷ്ണയും രാജലക്ഷ്മിയും.

“കൃഷ്ണ…..”

പതിവില്ലാതെ സൂരജ് തന്റെ പേര് വിളിക്കുന്നത് കേട്ട് ധൃതിയിൽ പിടഞ്ഞെഴുന്നേറ്റു കൃഷ്ണ. കൈകൾ കൂട്ടി തട്ടി കയ്യിലെ മണ്ണ് കളഞ്ഞു കൊണ്ടവൾ തിരിഞ്ഞു നോക്കി.

രാജലക്ഷ്മി ഇരുന്നിടത്തു നിന്നും എഴുന്നേറ്റില്ല എങ്കിലും അവരുടെ മുഖത്തും അമ്പരപ്പ് പ്രകടമാണ്.

ഇരുവരും സൂരജിനെ നോക്കുമ്പോൾ നേർത്തൊരു ചിരിയോടെ അവർക്ക് അരികിലേക്ക് നടന്നു വന്നു സൂരജ്.

“ഞാൻ മോളെ ഒന്ന് പുറത്തേക്ക് കൊണ്ട് പൊയ്ക്കോട്ടേ?”

സൂരജ് കൃഷ്ണയുടെ മുന്നിൽ വന്നു നിന്ന് അവളോട് അനുവാദം ചോദിച്ചു.

“എവിടേക്കാടാ?”

കൃഷ്ണ മറുപടി പറയും മുന്നേ രാജലക്ഷ്മിയുടെ ചോദ്യം വന്നു.

” നാളെ മോളുടെ പിറന്നാൾ അല്ലെ? മോളെക്കൂടി കൊണ്ട് പോയി അവൾക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും വാങ്ങി കൊടുക്കാമെന്നു കരുതി.”

അത് പറയുമ്പോഴും സൂരജിന്റെ കണ്ണുകൾ കൃഷ്ണയിൽ തന്നെ ആയിരുന്നു. അവളുടെ മറുപടി പ്രതീക്ഷിച്ചു കൊണ്ട്….

“ഞങ്ങൾ പോയിട്ട് പെട്ടെന്ന് വരാം… മോളെ നന്നായി നോക്കിക്കോളാം ഞാൻ…”

കൃഷ്ണ മടിച്ചു നിൽക്കുന്നത് കണ്ട് സൂരജ് വീണ്ടും പറഞ്ഞു.

” ഞങ്ങൾ എന്ന് പറഞ്ഞാൽ സൂര്യയും വരണുണ്ടോ? ”

അപ്പോഴേക്കും ഉണ്ണിമോളെയും എടുത്തു കൊണ്ട് സൂര്യയും അങ്ങോട്ടേക്ക് വന്നു.
അവര് രണ്ട് പേരും വളരെ പെട്ടെന്ന് കൂട്ടായിക്കഴിഞ്ഞിരിഞ്ഞു. സാധാരണ ഉണ്ണിമോൾ ആരോടും അത്ര പെട്ടെന്ന് കൂട്ടാവാറില്ല. സൂരജിനോട് പോലും കുറേ നാളുകൾക്ക് ശേഷമാണ് അവൾ അടുപ്പം കാണിച്ച് തുടങ്ങിയത്. എന്നിട്ടും സൂര്യയുയുമായിട്ടവൾ വളരെ പെട്ടെന്ന് കൂട്ടായതോർത്ത് കൃഷ്ണയ്ക്ക് അത്ഭുതം തോന്നി.

” ഹാ…. കൃഷ്ണ സമ്മതിച്ചാൽ ഞാനും സൂര്യയും കൂടി മോളെയും കൊണ്ട് പോയിട്ട് വരാമെന്നാ കരുതിയെ…. ”
സൂരജ് പറഞ്ഞു.

“അവര് കൊണ്ട് പൊയ്ക്കോട്ടേ മോളെ…
അതോ നിനക്ക് എന്റെ മക്കളെ പേടിയാണോ?”

കൃഷ്ണ പിന്നെയും മിണ്ടാതെ നിൽക്കുന്നത് കണ്ടതും രാജലക്ഷ്മി ചോദിച്ചു പോയി.

**************

ബാക്കി നാളെ ❤️