The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
സൂരജിനും സൂര്യക്കും രാജലക്ഷ്മിക്കും ഒപ്പം ഉണ്ണിമോൾ കളി പറഞ്ഞു ചിരിക്കുന്നത് നോക്കി നിന്നു കൃഷ്ണ. നാളെ ഈ വീട്ടിൽ നിന്നും പോകണമല്ലോ എന്നോർത്തപ്പോൾ അവൾക്ക് പിന്നെയും നെഞ്ച് പിടഞ്ഞു.
ഒരു നെടുവീർപ്പോടെ പ്ളേറ്റിൽ ബാക്കിയായ കേക്കുമെടുത്തവൾ അടുക്കളയിലേക്ക് നടന്നു.
“കൃഷ്ണാ…”
അടുക്കള വാതിലിൽ എത്തിയതും ഒരു പിൻവിളി കേട്ട് കൃഷ്ണ തിരിഞ്ഞു നിന്നു. പിറകിൽ സൂര്യ……
“ഇവിടെ വന്ന അന്ന് മുതൽ ചോദിക്കണം എന്ന് കരുതിയതാണ്. നമ്മൾ മുൻപ് എവിടെ വച്ചെങ്കിലും കണ്ടിട്ടുണ്ടോ?”
ഒരു നിമിഷം എന്ത് പറയണമെന്ന് അറിയാതെ കൃഷ്ണ കുഴങ്ങി.
ഇത് നിന്റെ സായിയാണ് എന്ന് ആവർത്തിച്ച് ഉരുവിടുന്ന ഹൃദയം…
അങ്ങനെ അല്ല എന്ന് തിരുത്തുന്ന മനസ്സ്….
എന്ത് പറയും താൻ ഇവനോട്?
കണ്ണുകളുയർത്തി സൂര്യയുടെ കണ്ണുകളിലേക്ക് നോക്കി കൃഷ്ണ. ആകാംക്ഷയോടെ അവളെ തന്നെ നോക്കി നിൽക്കുകയാണ്.
കൃഷ്ണ പതിയെ ഇല്ല എന്ന് തല വെട്ടിച്ചു.
ഹൃദയം പിടഞ്ഞു പുറത്ത് ചാടാനൊരുങ്ങുന്നു.
കണ്ണ് നിറഞ്ഞു വരുന്നു.
എന്തിന്…?
അത് മാത്രം അവൾക്ക് മനസ്സിലായില്ല.
സൂര്യ ഒരു നെടുവീർപ്പുതിർത്തു.
” തന്നെ എവിടെയോ കണ്ടിട്ടുണ്ട് എന്ന് ആദ്യം കണ്ടപ്പോൾ മുതൽ എനിക്ക് തോന്നുന്നുണ്ട്. കണ്ടിട്ടുണ്ട് എന്നല്ല… നമ്മൾ തമ്മിൽ…… ”
മുറിച്ചു മാറ്റാനാകാത്ത ഒരു ബന്ധം ഉണ്ടെന്ന്…! പക്ഷെ അതെങ്ങനെ അവളോട് പറയണം എന്നറിയാതെ ഒരു നിമിഷം നിശബ്ദനായി സൂര്യ.
“പക്ഷെ…. എവിടെയാണെന്ന്… എങ്ങനെ ആണെന്ന്…. എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല.”
അസ്വസ്ഥതയോടെ അവൻ നെറ്റി തടവി.
കൃഷ്ണയെ ഒന്ന് കൂടി നോക്കിയ ശേഷം സൂര്യ തിരിഞ്ഞു നടന്നു.
കൃഷ്ണ അവൻ പോകുന്നത് നോക്കി നിന്നു.
എന്നെ എവിടെയോ കണ്ടിട്ടുണ്ട് എന്ന് മാത്രം തോന്നുന്ന നിങ്ങൾക്ക് ഇത്രയും അസ്വസ്ഥത. അപ്പൊ എനിക്കോ?
നിങ്ങൾ എന്റെ പ്രാണൻ ആണെന്ന് എന്റെ ഹൃദയം പറയുന്നു. പക്ഷെ ഈ മുഖം?
ഞാൻ അതേക്കുറിച്ച് ആരോട് ചോദിക്കാനാണ്?
എന്ത് ചോദിക്കാനാണ്?
എങ്ങനെ ചോദിക്കാനാണ്?
മനസ്സ് പിളർന്നു പോകുന്നു. ഭ്രാന്ത് പിടിക്കുമെന്ന് തോന്നുന്നു ചിലപ്പോഴൊക്കെ….
അറിയുന്നില്ലെനിക്ക്….
ഒന്നും…..
******************
“അരവിന്ദേട്ടൻസ്….”
കുളി കഴിഞ്ഞ്, കണ്ണാടിയിൽ നോക്കി മുടി ചീകി ഒതുക്കുകയായിരുന്ന അരവിന്ദൻ ഞെട്ടി തിരിഞ്ഞു നോക്കി.
മുറിയുടെ തുറന്ന് കിടന്ന വാതിലിൽ ചാരി ചിരിയോടെ നിൽക്കുകയാണ് കല്യാണി. അരവിന്ദൻ ധൃതിയിൽ സ്റ്റാൻഡിൽ തൂക്കിയിരുന്ന ഒരു ഷർട്ട് എടുത്തു ധരിച്ചു. അവന്റെ വെപ്രാളം കണ്ട് കല്യാണിക്ക് ചിരി വന്നു.
” ഞാൻ വന്നപ്പോ വാതിൽ തുറന്ന് കിടക്കുന്നു. ആരേം കാണാനും ഇല്ല. നോക്കീപ്പോ ഈ മുറി തുറന്ന് കിടപ്പുണ്ട്.”
കല്യാണി വിശദീകരിച്ചു.
“നീ എന്തിനാ ഇപ്പൊ വന്നത്?”
അവൻ ദേഷ്യത്തോടെ തിരക്കി.
“അരവിന്ദേട്ടനെ കാണാൻ…”
“എന്തിന്?”
“ഞാനേ…. എന്റെ അച്ഛനോട് പറഞ്ഞു.”
“എന്ത്?”
“എനിക്ക് നിങ്ങളെ ഇഷ്ടമാണെന്ന്.”
“കല്യാണി….!!”
അരവിന്ദന്റെ ശബ്ദം വല്ലാതെ ഉയർന്നു.
” അരവിന്ദേട്ടൻ എന്തായാലും എന്റെ വീട്ടിൽ വന്നു ചോദിക്കില്ല. നിങ്ങൾക്ക് എന്നെ ഇപ്പോഴും ഇഷ്ടമല്ലല്ലോ?”
അവളുടെ സ്വരം പതറി.
” പക്ഷെ എനിക്ക് അങ്ങനെ വേണ്ടന്ന് വയ്ക്കാൻ പറ്റുന്നില്ല. ഞാൻ പലതവണ എന്റെ മനസിനോട് പറഞ്ഞു നോക്കി അരവിന്ദേട്ടാ…നിങ്ങളെ മറന്ന് കളയാൻ. അത് പക്ഷെ കേൾക്കണ്ടേ? നിങ്ങളെ അല്ലാതെ വേറെ ആരെയും അവിടെ കേറ്റി ഇരുത്തില്ല എന്നാ അത് പറയണത്. ഞാൻ പിന്നെ എന്തോ ചെയ്യും?”
കല്യാണി കൈ മലർത്തി.
” അപ്പൊ പിന്നെ ഞാൻ തന്നെ എന്റെ കാര്യത്തിൽ മുന്നിട്ടിറങ്ങാം എന്ന് വച്ചു. അച്ഛനോട് പറഞ്ഞപ്പോ പുള്ളിക്കാരന് ഡബിൾ ഓക്കേ. ഇത് പോലെ ഒരു മരുമകനെ മഷിയിട്ട് നോക്കിയാ കിട്ടില്ല എന്നൊക്കെ അമ്മയോട് പറയുന്ന കേട്ടു. അച്ഛൻ മധു മാമയോട് സംസാരിക്കാൻ ഇരിക്കുവാ…. ”
അവൾ ചിരിച്ചു.
അരവിന്ദൻ ദേഷ്യത്തോടെ അവളെ നോക്കി നിന്നു.
“ഇത് പറയാനാണോ നീ ഇപ്പോ വന്നത്?”
അവൻ ഗൗരവത്തിൽ തന്നെയാണ്.
” അതല്ല… ഞാൻ വന്നത് വേറൊരു കാര്യം പറയാനാ…. പിന്നേ…. കഴിഞ്ഞ സെമ്മിന്റെ റിസൾട്ട് വന്നു. ഞാനാ യൂണിവേഴ്സിറ്റി ടോപ്പർ.”
അത് വരെ ഉണ്ടായിരുന്ന ഗൗരവം മാഞ്ഞ് അരവിന്ദന്റെ കണ്ണ് വിടർന്നു.
“കൺഗ്രാറ്റ്സ് ….”
അവൻ ചിരിയോടെ പറഞ്ഞു.
“ഗീതാന്റിയെ വിളിച്ചു ചോദിച്ചപ്പോ അരവിന്ദേട്ടൻ ഇന്ന് വൈകിട്ട് പോകുമെന്ന് പറഞ്ഞു. ”
” ഹ്മ്മ്… ഇന്നലെ പോകാനിരുന്നതാ… പിന്നെ ഇന്നൂടെ ലീവാക്കി. ”
” എന്റെ റിസൾട്ടിന്റെ ക്രെഡിറ്റ് അരവിന്ദേട്ടനും കൂടിയാണ്. അതിനൊരു സമ്മാനം തരാനാ ഞാൻ വന്നത്.”
” സമ്മാനോ?”
അരവിന്ദൻ നെറ്റി ചുളിച്ചു.
അവൻ ചിന്തിച്ചു നിൽക്കെ കല്യാണി ഓടി വന്ന് അവന്റെ കവിളിൽ അമർത്തി ചുംബിച്ചു തിരിഞ്ഞോടിക്കഴിഞ്ഞിരുന്നു.
അപ്രതീക്ഷിതമായി കിട്ടിയ ചുംബനത്തിൽ അവൻ പകച്ചു പോയി.
“സമ്മാനം ഇഷ്ടമായില്ലെങ്കിലേ അതിങ്ങ് തിരിച്ചു തന്നേക്ക്….”
വാതിൽക്കൽ ചെന്ന് തിരിഞ്ഞു നിന്ന് ചിരിയോടെ കല്യാണി പറഞ്ഞു.
എന്നാൽ അരവിന്ദന്റെ ദേഷ്യം കൊണ്ട് മുറുകിയ മുഖം ശ്രദ്ധിച്ചതും അവളിലെ കുസൃതി ചിരി പാടേ മാഞ്ഞു പോയി.
അതേ ഭാവത്തോടെ അവൻ അവൾക്ക് അരികിലേക്ക് ചുവടു വച്ചു. അത് വരെ ഇല്ലാത്ത അരവിന്ദനിലെ പുതിയ ഭാവം കണ്ട് കല്യാണിക്ക് ഭയം തോന്നി.
അവൾക്കരികിലേക്ക് വന്നു നിന്ന് അരവിന്ദൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി. കല്യാണിയുടെ കണ്ണുകളിൽ ഭീതി നിറഞ്ഞു. അവൾ അനങ്ങാനാകാതെ ശ്വാസം വിലങ്ങി നിന്നു.
പതിയെ അവന്റെ മുറുകിയ മുഖപേശികൾക്ക് അയവു വരുന്നതും അവിടെ നേർത്തൊരു ചിരി സ്ഥാനം പിടിക്കുന്നതും അവൾ അമ്പരപ്പോടെയാണ് കണ്ട് നിന്നത്.
“ഒരു തിരുത്തുണ്ട്. ഇഷ്ടമായിട്ടില്ലെങ്കിൽ എന്നല്ല… ഇഷ്ടം ആകുമ്പോൾ എന്നാക്കണം….
ഇത് വരെ ഇഷ്ടമായിട്ടില്ല. ഞാൻ ശ്രമിക്കുന്നുണ്ട്. ഇഷ്ടമാകട്ടെ…. അപ്പൊ തിരികെ തന്നേക്കാം….”
അരവിന്ദൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞ് അവളിൽ നിന്നകന്ന് മാറി തിരിഞ്ഞു ഹാളിലേക്ക് നടന്നു.
അവന്റെ വാക്കുകളിലെ കുസൃതി തിരിച്ചറിഞ്ഞതും അവിശ്വസനീയതയോടെ കല്യാണി അവനെ മിഴിച്ചു നോക്കി.
സ്നേഹിക്കുന്നതിനേക്കാൾ സുഖം സ്നേഹിക്കപ്പെടുമ്പോഴാണ്…
പ്രണയിക്കുന്നതിനേക്കാൾ ആനന്ദം പ്രണയിക്കപ്പെടുമ്പോഴാണ്….
എന്നെ സ്നേഹിക്കാൻ….
എന്നെ പ്രണയിക്കാൻ…..
എനിക്ക് വേണ്ടി വാശി പിടിക്കാൻ…
എനിക്ക് വേണ്ടി കാത്തിരിക്കാൻ…..
എനിക്ക് വേണ്ടി ജീവിക്കാൻ….
അങ്ങനെ ഒരാളുണ്ടാവുക എന്ന ചിന്തയേക്കാൾ സന്തോഷം നൽകുന്ന മറ്റെന്തുണ്ട് ഈ ലോകത്ത്….?
അങ്ങനെ ഒരാളെ മനസ്സിലാക്കാൻ ശ്രമിക്കുകയാണ് ഞാൻ ഇപ്പൊ…..
ഹാളിൽ നിന്നും മുറ്റത്തേയ്ക്ക് ഇറങ്ങി നടക്കുമ്പോൾ അരവിന്ദന്റെ ചുണ്ടിൽ ഒരിളം ചിരി സ്ഥാനം പിടിച്ചിരുന്നു….
************
അങ്ങനെ അവരെ രണ്ടാളെയും സെറ്റ് ആക്കിയിട്ടുണ്ട് 😌
പിന്നെ പാവല്ലേ അരവിന്ദൻ… കുറച്ചു ടൈം കൊടുക്കാം. 😁