19/04/2026

പ്രണയിനി : ഭാഗം 43

രചന – ഗംഗ ശലഭം

ഒരു ചെയറിലായി ഇരു കൈകളിലും തല താങ്ങി കുനിഞ്ഞിരിക്കുന്ന സായിയെ കണ്ടതും സൂരജ് ഒരു കുതിപ്പിന് അവനരികിൽ എത്തി.

സായി പതിയെ മുഖമുയർത്തി നോക്കി.
അവന്റെ കണ്ണുകൾ കലങ്ങി ചുവന്നിരുന്നു.

“ചേട്ടായി….. എനിക്ക്…. എനിക്കെന്റെ മുഖമൊന്നു കാണാൻ പറ്റോ?”

പതിഞ്ഞ ശ്ബാദത്തിലെ സായിയുടെ ചോദ്യം സൂരജിന്റെ ഹൃദയത്തിൽ ആഴത്തിൽ ഒരു പോറൽ വീഴ്ത്തി.

സ്വന്തം അസ്തിത്വം മറ്റൊരാളിൽ നിന്നും മനസ്സിലാക്കുക എന്നത് എത്ര വലിയ വേദനയാണ്…?

സൂരജ് തല ചരിച്ചു ഡോക്ടറിന്റെ മുഖത്തേക്ക് നോക്കി. ഡോക്ടർ കണ്ണ് ചിമ്മി സമ്മതം അറിയിച്ചതും അവൻ തന്റെ പോക്കറ്റിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്തു. ഗാലറിയിൽ നിന്നും സായിയുടെ ഫോട്ടോ എടുത്തു ഫോൺ അവന് കൈമാറി.

സായി മൊബൈലിലെ ഫോട്ടോയിലേക്ക് ആർത്തിയോടെ നോക്കി. ഫോട്ടോയിലേക്ക് ഉറ്റ് നോക്കും തോറും മാറി വരുന്ന അവന്റെ മുഖഭാവങ്ങൾ കണ്ട് സൂരജിന് പിന്നെയും മനസ്സ് നൊന്തു.

“ഇത് ഞാനാണോ? എനിക്കീ മുഖം ഓർക്കാനേ പറ്റുന്നില്ലല്ലോ ചേട്ടായി…..”

വേദനയോടെ സായി ചോദിക്കവേ ചുണ്ടുകൾ കൂട്ടിപ്പിടിച്ചു വിതുമ്പൽ ഒതുക്കി അവനെ ചേർത്ത് പിടിക്കാനേ സൂരജിന് കഴിഞ്ഞുള്ളൂ…. ഒരു പരിധി വരെ അവന്റെ ഈ അവസ്ഥക്ക് താനും വൈശാലിയും കൂടി കാരണമാണല്ലോ എന്നോർത്തപ്പോൾ മനസ്സിന് വല്ലാത്തൊരു നീറ്റൽ അനുഭവപ്പെട്ടു സൂരജിന്.

” എന്നാലും കുറെയൊക്കെ എന്റെ ഇപ്പോഴത്തെ മുഖവുമായിട്ട് സാമ്യതകൾ ഉണ്ടല്ലേ?”

സായി പിന്നെയും ഏറെ നേരം ആ ഫോട്ടോയിലേക്ക് തന്നെ നോക്കിയിരുന്നു.

“എനിക്ക് ഈ മുഖം തിരികെ വേണം ചേട്ടായി….”

ഒടുവിൽ സായി അത് പറയുമ്പോൾ പതിഞ്ഞതെങ്കിലും ദൃഢമായിരുന്നു അവന്റെ സ്വരം.

സൂരജ് അമ്പരപ്പോടെ അവനെ നോക്കി.

” ഇപ്പൊ കൃഷ്ണ എനിക്ക് ആരാണെന്നയാം. ഉണ്ണിമോൾ എന്റെ മകളാണെന്ന് അറിയാം.
പക്ഷെ പഴയതൊന്നും…. ഒന്നും തന്നെ എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നില്ല. ഇനി കൃഷ്ണയുടെ മുന്നിലേക്ക് പോയി നിൽക്കുമ്പോ പഴയ സായി ആവാൻ കഴിഞ്ഞില്ലെങ്കിലും സായിയുടെ മുഖം എങ്കിലും എനിക്ക് വേണം ചേട്ടായി…”

സൂരജ് പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവന്റെ കണ്ണുകളിലേക്ക് നോക്കി. സായിയുടെ കയ്യിൽ തൊട്ട് പതിയെ വിളിച്ചു.

” മോനെ….
നീയിപ്പോ പറഞ്ഞ കാര്യം ഞാൻ ഡോക്ടർ രാജഗോപ്പാലിനോട് സംസാരിക്കാം.
പക്ഷെ…..

അത് കഴിഞ്ഞു മാത്രമേ കൃഷ്ണയെ കാണൂ എന്ന് നീ വാശി പിടിക്കരുത്. നീ എല്ലാം അറിഞ്ഞു തിരികെ വരുന്നതും കാത്തിരിക്കുകയാകും… നീ അയാളെ അംഗീകരിക്കും എന്നാ പ്രതീക്ഷയോടെ…. ആ പാവത്തിനെ ഇനിയും വിഷമിപ്പിക്കണോ?”

” സൂരജ് പറഞ്ഞതാണ് ശരി… സായി കൃഷ്ണയെ കാണണം…. സംസാരിക്കണം…
സൂര്യയായിട്ടല്ല, സായിയായിട്ട്….!
തന്റെ മനസ്സിൽ നിന്നും മാഞ്ഞു പോയ ഓർമ്മകളൊക്കെ തിരികെ ചേർക്കാൻ കൃഷ്ണയ്ക്ക് കഴിയും എന്നാണ് എന്റെ വിശ്വാസം….”

സൂരജിനെ ഡോക്ടർ പ്രമീളയും പിന്താങ്ങിയപ്പോൾ പതിയെ മൂളിക്കൊണ്ട് സായി എഴുന്നേറ്റു.
പെട്ടെന്ന് വേച്ച് വീഴാൻ പോയവനെ സൂരജ് ചേർത്ത് പിടിച്ചു.

“ഒക്കെ അംഗീകരിക്കാൻ നിനക്ക് കുറച്ചു സമയം വേണം എന്നറിയാം. എങ്കിലും വിഷമിക്കരുത്… നിനക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ല…. ഒന്നും….”

സായി സൂരജിന്റെ മുഖത്തേക്ക് നോക്കി… അവൻ പതിയെ ചിരിച്ചു. വാടിക്കുഴഞ്ഞൊരു ചിരി.

” ശരിയാണ്… എനിക്ക് എന്റെ ഭാര്യയെ നഷ്ടപ്പെട്ടിട്ടില്ല. എന്റെ കുഞ്ഞിനെ നഷ്ടപ്പെട്ടിട്ടില്ല….

പക്ഷെ എന്റെ ഭൂതകാലം? അതെനിക്ക് നഷ്ടപ്പെട്ടില്ലേ ചേട്ടായി…?
എന്റെ അച്ഛൻ, എന്റെ ചേച്ചി…. അവരോ?

എനിക്ക് ഓർമ്മയില്ല… ശരി തന്നെ…!
എന്നാലും ഞാൻ അവരെ സ്നേഹിച്ചിട്ടുണ്ടാവില്ലേ?
ഒരുപാട്…
ഒരുപാട് സ്നേഹിച്ചിട്ടുണ്ടാവില്ലേ…? എനിക്കവരെ നഷ്ടമായില്ലേ?

ആറു വർഷം…
ആറു വർഷങ്ങൾ എന്റെ ഭാര്യക്ക് ഞാൻ കൊടുക്കേണ്ടിയിരുന്ന സ്നേഹം… സംരക്ഷണം….. എന്റെ കുഞ്ഞിന് കിട്ടേണ്ടിയിരുന്ന ഒരച്ഛന്റെ കരുതൽ… വാത്സല്യം….
ഇതെല്ലാം നഷ്ടങ്ങൾ അല്ലെ ചേട്ടായി….? വലിയ നഷ്ടങ്ങൾ….!

എന്റെ നഷ്ടങ്ങൾക്ക് കണക്ക് തീർക്കണം എനിക്ക്… പകരം ചോദിക്കണം…
ശ്രീനാഥും ദേവനും….
എനിക്കവരുടെ മുഖം പോലും ഓർത്തെടുക്കാൻ പറ്റുന്നില്ല. എങ്കിലും അവരുടെ തകർച്ച കാണാൻ ചേട്ടായീടേം വൈശാലിയുടേം ഒപ്പം ഞാനും ഉണ്ടാവും…. നിങ്ങളുടെ പിറകിൽ അല്ല… മുന്നില്….!”

വളിഞ്ഞു മുറുകിയ മുഖഭാവത്തോടെ മുന്നിൽ നിൽക്കുന്നവനെ സൂരജ് തന്നിലേക്ക് അണച്ചു പിടിച്ചു. ഡോക്ടർ പ്രമീളയുടെ മുഖത്തും ഒരു പുഞ്ചിരി മൊട്ടിട്ടു.

************

അതി വേഗത്തിൽ ഗേറ്റ് കടന്ന് വന്ന ആ പോലീസ് വാഹനം ഒരിരമ്പലോടെ ദേവന്റെ വീടിന് മുന്നിൽ ബ്രെക്കിട്ടു. ആദ്യം മധുവും പിന്നിലായി മറ്റ് രണ്ട് പോലീകാരും പുറത്തേക്കിറങ്ങി. ഡ്രൈവിങ് സീറ്റിൽ ഇരുന്നയാൾ അവിടെ തന്നെ ഇരുന്നതേയുള്ളൂ…

മധു കാളിംഗ് ബെല്ലിലേക്ക് വിരൽ വയ്ക്കാൻ ഒരുങ്ങിയപ്പോഴേ വാതിൽ തുറക്കപ്പെട്ടു. മധുവിനെ കണ്ട് ചുളിഞ്ഞ നെറ്റിയുമായി ദേവൻ ഇറങ്ങി വന്നു.

“നീയോ? എന്താ കാര്യം?”

പരിഹാസച്ചുവയുള്ള ചോദ്യം കേട്ട് മധു ചിരിച്ചു.

” ഒരു കേസൊണ്ട് ദേവൻ സാറേ… ഒരു ചെറിയ കൊലപാതക കേസ്…. ദേ… ഇത് അങ്ങോട്ട് കാണിച്ച് നിങ്ങളെ തൂക്കി എടുത്തോണ്ട് പോവാനാ വന്നത്.”

കയ്യിൽ ഇരുന്ന അറസ്റ്റ് വാറണ്ട് നിവർത്തി കാണിച്ച മധുവിന്റെ മുഖത്ത് വിജയച്ചിരി…!

ദേവൻ ഒന്നമ്പരന്നു… ഇത്ര പെട്ടെന്ന് ഒരു നീക്കം അയാൾ തീരെ പ്രതീക്ഷിച്ചിരുന്നില്ല.

*********

അപ്പൊ തുടങ്ങാം അല്ലെ…. 😁