രചന – ഗംഗ ശലഭം
നിസ്സാരമായി കേസിൽ നിന്നും ഊരിപ്പോരാമെന്ന ദേവന്റെ കണക്ക് കൂട്ടലുകൾ അപ്പാടെ പിഴച്ചു. ദേവനെ പുറത്തിറക്കാനായി രാഷ്ട്രീയത്തിലും പോലീസിലും ഉള്ള പലരുടെയും സഹായം ശ്രീനാഥ് തേടി എങ്കിലും ആരും തന്നെ അവനെ സഹായിക്കാൻ തയാറായില്ല. അടുത്ത് പരിചയമുള്ളവർ പോലും ഒഴിഞ്ഞു മാറിയത് ശ്രീനാഥിനെ സമ്മർദ്ദത്തിൽ ആക്കി. സാക്ഷി മൊഴികളും തെളിവുകളും ദേവന് എതിരായിരുന്നു.
ശ്രീനാഥ് ഏറെ തളർന്ന് പോയത് കോടതി മുറിയിൽ വാദിഭാഗം വക്കീലിന്റെ മുഖം കണ്ട മാത്രയിലാണ്. പ്രശസ്തനായ ക്രിമിനൽ ലായർ ജോർജ്ജ് കുരുവിള…! ഏറ്റെടുത്തിട്ടുള്ള ഒരു കേസിൽ പോലും പരാജയത്തിന്റെ രുചി അറിയാത്ത ആൾ…!
ദേവനെ എങ്ങനെയും രക്ഷിക്കാം എന്ന അവന്റെ അവസാന പ്രതീക്ഷയും അതോടെ അസ്തമിച്ചു. കുരുവിള ദേവന്റെ പരിചയക്കാരൻ ആയിരുന്നു. ശ്രീനാഥ് ആദ്യം പോയി കണ്ടതും അയാളെയാണ്. മറ്റൊരു കേസിന്റെ തിരക്കിൽ ആണ് എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയ ആൾ ഇപ്പൊ വാദിഭാഗ്യത്തിന് വേണ്ടി ഹാജർ ആയിരിക്കുന്നു….!
കോടതി മുറിയിൽ ഇരുന്ന് ശ്രീനാഥ് വിയർത്തു. പതിയെ അവനെ ഭയം വിഴുങ്ങി തുടങ്ങി.
ശ്രീനാഥ് ഭയന്നത് പോലെ ദേവന് ജാമ്യം നിഷേധിക്കപ്പെട്ടു. പതിനാല് ദിവസം അയാളെ റിമാൻഡ് ചെയ്യാൻ കോടതി ഉത്തരവായി.
രാഷ്ട്രീയത്തിലും മറ്റും നല്ല രീതിയിൽ പിടിപാടുള്ള ആളാണ് ദേവൻ. ഇപ്പൊ കയ്യിൽ ആരെയും വിലയ്ക്കെടുക്കാൻ തരത്തിൽ പണവും ഉണ്ട്. എന്നിട്ടും പലരും തങ്ങളുടെ ഒപ്പം നിൽക്കാൻ മടിക്കുന്നതിൽ നിന്നും അവർക്ക് പിന്നിൽ തങ്ങളെക്കാൾ അധികമായി എല്ലാ മേഖലകളിൽ ഉള്ളവരെയും സ്വാധീനിക്കാൻ കഴിവുള്ള ആരോ ഉണ്ടെന്ന് ശ്രീനാഥ് ഉറപ്പിച്ചു.
കേസിന്റെ വിചാരണ നടക്കുന്ന അവസരത്തിൽ കോടതിയിലേക്ക് വന്നത് മാധവമേനോന്റെ ഭാര്യയും സഹോദരനും മാത്രമാണ്. അവർക്ക് ഒരിക്കലും കുരുവിളയെ തന്നിലും അധികം സ്വാധീനിക്കാൻ കഴിയില്ല എന്ന് ശ്രീനാഥിന് ഉറപ്പായിരുന്നു. പിന്നെ ആര്? ആഭ്യന്തരമന്ത്രിയാണ് പല ഇടങ്ങളിക്കും ഇടപെട്ടിരിക്കുന്നത് എന്ന് രഹസ്യമായി അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതാണ്. അദ്ദേഹത്തെയും കുരുവിളയേയും പോലും വശത്താക്കാൻ കഴിവുള്ള ആരാണ് തങ്ങൾക്ക് ശത്രുവായുള്ളത്? എത്ര ആലോചിച്ചിട്ടും ശ്രീനാഥിന് അത് കണ്ടെത്താനായില്ല.
സൂരജും വൈശാലിയും അപ്പോഴും ശ്രീനാഥിന് മുന്നിൽ വരാതെ മറഞ്ഞു നിന്ന് കരുക്കൾ നീക്കി.
അവർക്കൊപ്പം സൂരജിനെയും വൈശാലിലെയും എല്ലാം വിധത്തിലും സഹായിച്ച് അവർക്കൊപ്പം നിൽക്കുന്ന, സൂരജിനും വൈശാലിക്കും മാത്രം അറിയുന്ന, രാഷ്ട്രീയത്തിലും പോലീസിലും മറ്റ് പല മേഖലകളിലും ദേവനിലും ശ്രീനാഥിലും അധികം പിടിപാടുള്ള ശ്രീനാഥിന്റെ അജ്ഞാത ശത്രുവും മറഞ്ഞു തന്നെ നിന്നു…..!
**********
എന്നാൽ പതിനാല് ദിവസത്തെ റിമാൻഡ് കാലാവധി അവസാനിക്കുന്നതിനു മുന്നേ രണ്ട് കൊലപാതകങ്ങളും സ്വയം ഏറ്റെടുത്ത് കൊണ്ട് ഒരാൾ പോലീസിൽ കീഴടങ്ങി. ദേവന്റെ വിശ്വാസ്തനായ പേർസണൽ അസിസ്റ്റന്റ്….
അയാൾ ആദ്യം മാധവമേനോന്റെ പി എ ആയിരുന്നു. ദേവന്റെ ഒത്താശയോടെ ചില പ്രധാനപ്പെട്ട ബിസിനസ് വിവരങ്ങൾ മേനോന്റെ ബിസിനസ്സിലെ ശത്രുക്കൾക്ക് ചോർത്തി നൽകിയതിന്റെ പേരിൽ മേനോൻ അയാളെ ജോലിയിൽ നിന്നും പിരിച്ചു വിടുകയുണ്ടായി. അയാൾ നടത്തിയ രഹസ്യ ഇടപാടുകൾ ഒക്കെ കണ്ടെത്തിയതാകട്ടെ ശ്രീദേവും….!
മേനോന്റെ മരണശേഷം ദേവന്റെ വിശ്വസ്ഥൻ ആയിരുന്ന അയാൾ പഴയ സ്ഥാനത്തേയ്ക്ക് മടങ്ങി വന്നു.
അയാൾക്ക് മേനോനോടുള്ള മുൻ വൈരാഗ്യം പലർക്കും അറിയുന്നതുമാണ്. അത് കൊണ്ട് തന്നെ മുൻവൈരാഗ്യത്തിന്റെ പേരിൽ അയാൾ മേനോനെയും മകനെയും കോലപ്പെടുത്തി എന്നുള്ള മൊഴി വിശ്വാസയോഗ്യമായിരുന്നു. അത് അതേ രീതിയിൽ കോടതിയിൽ അവതരിപ്പിക്കാൻ പ്രതിഭാഗം വക്കീലിനും കഴിഞ്ഞു.
അതോടെ റിമാൻഡ് കാലാവധി കഴിഞ്ഞു കോടതിയിൽ ഹാജരാക്കപ്പെട്ട ദേവന് സംശയത്തിന്റെ ആനുകൂല്യത്തിൽ ജാമ്യം അനുവദിക്കപ്പെട്ടു.
************
എന്നാൽ പുറത്തിറങ്ങുന്ന ദേവന് വേണ്ടി വൈശാലിയും സൂരജും സായിയും ചേർന്ന് അടുത്ത കുരുക്ക് ഒരുക്കി വച്ചിയുന്നു. കൃഷ്ണയുടെ രൂപത്തിൽ….
ശ്രീനാഥ് കൈകാര്യം ചെയ്യുന്ന വർമ്മയുടെ സ്വത്തുവകകൾ എല്ലാം തന്റെ മകൾക്ക് കൂടി അവകാശപ്പെട്ടതാണെന്ന് കൃഷ്ണ പരാതി നൽകി. വർമ്മയുടെ നിലവിലെ ഭാര്യയിൽ നിന്നും ( സായിയുടെ അമ്മ ) സാരംഗിയുടെ മകൾക്ക് പ്രായപൂർത്തി ആകുന്നത് വരെ വർമ്മയുടെ മുഴുവൻ സ്വത്തുക്കളും കൈവശം വച്ച് അനുഭവിക്കാനുള്ള അവകാശം ശ്രീനാഥ് സ്വന്തമാക്കിയിരുന്നു.
അവരാകട്ടെ ഒരു സാധു സ്ത്രീ ആയിരുന്നു. ഭർത്താവിനെയും മക്കളെയും ഒരുമിച്ചു നഷ്ടമായതിന്റെ ഷോക്കിൽ, ഹൃദരോഗികൂടി ആയിരുന്നവർ ശാരീരികവും മാനസികവുമായി ആകെ തകർന്നു പോയി. ശ്രീനാഥിനെ അവർക്ക് വിശ്വാസമായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ഭാര്യയെ അകമഴിഞ്ഞ് സ്നേഹിച്ചിരുന്ന ഭർത്താവായിരുന്നു ശ്രീനാഥ്.
സാരംഗിയുടെ ശവശരീരത്തിലേക്ക് വീണ് അലറിക്കരഞ്ഞവനെ, സാരംഗിയുടെ ചിത ആളിക്കത്തും നേരം നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും എന്ന് ചോദിച്ച് അവിടേക്ക് ഓടി അടുത്തവനെ അവരെങ്ങനെ അവിശ്വസിക്കാനാണ്? ആ വിശ്വാസത്തിന്റെ പുറത്താണ് അവരെല്ലാം ശ്രീനാഥിനെ ഏൽപ്പിച്ചത്.
ശേഷം ഏകാന്തതയുടെ കാരാഗ്രഹത്തിൽ അവർ അവരെ സ്വയം തളച്ചിട്ടു. ചിന്തകളുടെ വേലിയേറ്റത്തിൽ അവരുടെ മനസ്സ് തകർന്നടിഞ്ഞു. പതിയെ പതിയെ ഭ്രാന്തിന്റെ കൈകൾ അവരെ വരിഞ്ഞു മുറുക്കി. അവരൊരു മുഴുഭ്രാന്തിയായി മാറി. സൂരജും വൈശാലിയും മുൻകൈ എടുത്ത് അവരുടെ സഹോദരനെ മുൻനിർത്തി അവരെ ചികിൽസിപ്പിച്ചു എങ്കിലും അതൊന്നും തന്നെ ഫലം കണ്ടില്ല.
അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചതും കൂടുതൽ ലാഭം ഉണ്ടായതും ശ്രീനാഥിന് തന്നെ ആയിരുന്നു.
ഇനി ഒരിക്കലും ആ സ്വത്തുക്കൾക്ക് മറ്റൊരു അവകാശി ഉണ്ടാകില്ല എന്ന വിശ്വാസത്തിൽ ആയിരുന്നു ഇതേ വരെ ശ്രീനാഥും ദേവനും. പ്രത്യേകിച്ചും കൃഷ്ണ അതിനായി ഇറങ്ങിത്തിരിക്കില്ല എന്ന് പൂർണ്ണമായും അവർ ഉറപ്പിച്ചിരുന്നു. ആ ഉറപ്പാണ് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ശ്രീനാഥിന് തന്റെ ദേഷ്യം അടക്കാനായില്ല.
“അച്ഛാ… ആ സൂരജ്… അവനാ… അവനാ ഇതിന്റെ ഒക്കെ പിന്നില്…”
ശ്രീനാഥ് കലി അടക്കാൻ ആകാതെ മുഷ്ടി ചുരുട്ടിപ്പിടിച്ചു ടേബിളിന് മുകളിൽ ആഞ്ഞിടിച്ചു.
*************
ബാക്കി മറ്റന്നാൾ…. ❤️
ഈ കോടതിയും കേസും…. അതിനെക്കുറിച്ചൊന്നും എനിക്ക് ഒരു ധാരണയും ഇല്ല. ഈ ഭാഗം വേഗത്തിൽ പറഞ്ഞു പോയതിന് പ്രധാന കാരണം അതാണ്. പിന്നെ കൂടുതൽ പറഞ്ഞു കുളമാക്കണ്ട എന്ന് കരുതി. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ പറഞ്ഞു തരണേ…. തിരുത്താം…

by