The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
എങ്ങനെ തുടങ്ങണം എന്നറിയാതെ അൽപ സമയം നിശബ്ദനായിട്ടിരുന്ന ശേഷമാണ് സൂരജ് പറഞ്ഞു തുടങ്ങിയത്.
” മോഹനേട്ടന്റെ വീടിനടുത്തായി ഞാൻ ഒരു വീട് വാങ്ങിയിരുന്നത് തനിക്ക് അറിയാല്ലോ? അവിടത്തെ മുകൾ നിലയിലെ വാടകക്കാര് ഇന്ന് ഒഴിഞ്ഞു. തനിക്കും ഉണ്ണിമോൾക്കും ഇനി അങ്ങോട്ട് മാറാം. താഴെ താമസിക്കുന്നത് ഡ്രൈവർ ജോസേട്ടനും ഫാമിലിയും ആയത് കൊണ്ട് തനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടാവില്ല. ഞാൻ ജോസേട്ടനോട് പറഞ്ഞിട്ടുണ്ട്. തനിക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ആള് നോക്കിക്കോളും. ”
സൂരജ് പറഞ്ഞത് കേട്ടപ്പോൾ കൃഷ്ണയ്ക്ക് വലിയ ആശ്വാസമാണ് തോന്നിയത്. ഭയന്നത് പോലെ ഒന്നും സംഭവിച്ചില്ലല്ലോ? അതുമല്ല കുമാരേട്ടൻ പറഞ്ഞത് പോലെ ലക്ഷ്മിയമ്മയുടെ മനസ്സിൽ അങ്ങനെ എന്തെങ്കിലും ചിന്ത ഉണ്ടെങ്കിൽ താൻ ഇനിയും അവിടെ തങ്ങാതിരിക്കുന്നത് തന്നെയാണ് നല്ലത് എന്നവൾക്ക് തോന്നി.
കൃഷ്ണ നിശബ്ദയായിരിക്കുന്നത് കണ്ട് സൂരജ് തല ചരിച്ചു അവളെ നോക്കി.
“അമ്മ എന്നോട് ഒരു കാര്യം സംസാരിച്ചിരുന്നു. തന്നെക്കുറിച്ച്….
എനിക്ക്…. എനിക്ക് അത് പറ്റില്ലെടോ….”
സൂരജിന്റെ തൊണ്ടയിടറി. ആദ്യമായിട്ടാണ് കൃഷ്ണ സൂരജിനെ അങ്ങനെ ഒരു വിഷമാവസ്ഥയിൽ കാണുന്നത്.
സൂരജ് എന്താണ് പറഞ്ഞു വരുന്നതെന്ന് കൃഷ്ണയ്ക്ക് ഊഹിക്കാമായിരുന്നു. കുമാരൻ പറഞ്ഞത് സത്യമായിരുന്നു എന്ന് അവൾക്കപ്പോൾ ബോധ്യമായി.
തന്നോട് ഇക്കാര്യം ലക്ഷ്മിയമ്മ പറഞ്ഞിട്ടുണ്ടാകും എന്ന് സൂരജ് കരുതിയിട്ടുണ്ടാകണം. അത് കൊണ്ടാകും സൂരജ് തന്നോട് സംസാരിക്കാൻ തന്നെ തയാറായത്. ഇല്ലെങ്കിൽ ഒന്നോ രണ്ടോ വാക്കിനപ്പുറം ഒന്നും തന്നോട് ഇന്നേവരെ സംസാരിച്ചിട്ടില്ല സൂരജ്….
” തനിക്ക് മറ്റെന്തെങ്കിലും ജോലി വേണമെങ്കിൽ പറഞ്ഞാൽ മതി. ഞാൻ നോക്കാം…..”
ഇതേ വരെ പറഞ്ഞിട്ടില്ലാത്ത കാര്യം ആയത് കൊണ്ടാകും സൂരജിന് അത് പറയാൻ വല്ലാത്ത മടി ഉള്ളത് പോലെ തോന്നി കൃഷ്ണയ്ക്ക്.
കൃഷ്ണ വേണമെന്നോ വേണ്ടെന്നോ പറഞ്ഞില്ല.
പിന്നീട് ടൗണിൽ എത്തുന്നത് വരെ സൂരജ് അവളോട് ഒന്നും തന്നെ സംസാരിച്ചില്ല.
ടൗണിൽ എത്തി കാറിൽ നിന്നും ഇറങ്ങുന്നതിനു മുന്നേ കൃഷ്ണ സൂരജിന്റെ മുഖത്തേക്ക് നോക്കി.
“നാളത്തേന്നെ ഞങ്ങൾ മാറിയേക്കാം സാർ. വാടക എത്രയാണെന്ന് പറഞ്ഞാൽ മതി.”
“വാടകയോ…?”
സൂരജ് മനസിലാകാത്തത് പോലെ അവളെ നോക്കി.
“വീടിന്….”
” വാടകയൊന്നും വേണ്ട. തന്നോട് വാടക ചോദിച്ചു എന്നറിഞ്ഞാൽ അമ്മ എന്നെ കൊല്ലും. ഇത് തന്നെ പറഞ്ഞു സമ്മതിപ്പിക്കാൻ ഞാൻ അല്പം പാട് പെടേണ്ടി വരും.”
സൂരജ് നേർത്തൊരു ചിരിയോടെ പറഞ്ഞു. കൃഷ്ണയ്ക്ക് അത്ഭുതം തോന്നി. ഒരുപക്ഷെ ആദ്യമായിട്ടാവണം സൂരജ് ഇത്ര ഫ്രീ ആയി അവളോട് സംസാരിക്കുന്നത് തന്നെ. അതും വീട്ടിൽ നിന്നും മാറണം എന്ന് പറയാൻ…… സൂരജിന്റെ പെരുമാറ്റത്തിലെ വൈരുദ്ധ്യം അവളെ അമ്പരപ്പിച്ചു എങ്കിലും താൻ ഒഴിഞ്ഞു പോകുന്നതിന്റെ ആശ്വാസം ആകും കാരണം എന്നവൾ ഊഹിച്ചു.
പുറത്തേക്കിറങ്ങി കാറിന്റെ ഡോർ അടച്ച് റോഡിന്റെ വശം ചേർന്ന് നടക്കുമ്പോൾ കൃഷ്ണയ്ക്ക് തന്നോട് തന്നെ അവജ്ഞ തോന്നി. ഇത്ര നാളും താൻ അവിടെ കഴിഞ്ഞിരുന്നതിൽ സൂരജിന് എത്രയധികം ബുദ്ധിമുട്ട് തോന്നിയിട്ടുണ്ടാകണം എന്നവൾ ഓർത്തു. ബന്ധുത്വം പോലും ഇല്ലാത്ത ഒരാൾക്ക് താൻ ഇത്ര നാളും വലിയൊരു ശല്യമായിരുന്നു എന്ന തോന്നൽ അവളെ വല്ലാതെ വേദനിപ്പിച്ചു. രാജലക്ഷ്മിയോട് അവൾക്ക് പരിഭവം തോന്നി.
എന്നാൽ പെട്ടെന്ന് തന്നെ ആ പരിഭവം മാഞ്ഞു പോവുകയും ചെയ്തു. രാജലക്ഷ്മിയേ എങ്ങനെ തെറ്റ് പറയാനാണ്? രണ്ട് ആൺമക്കളിൽ ഒരാളെങ്കിലും സന്തോഷത്തോടെ കുടുംബ ജീവിതം നയിക്കണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടാവില്ലേ?
രാജലക്ഷ്മി സ്കൂൾ ഹെഡ്മിസ്ട്രസ് ആയിട്ട് റിട്ടയർ ചെയ്ത ആളാണ്. ഭർത്താവ് വിശ്വനാഥൻ ബിസിനസ്കാരനും. ‘വിശ്വലക്ഷ്മി’ എന്ന പേരിൽ കേരളത്തിലെ ഒട്ടു മിക്കവാറും ജില്ലകളിൽ ടെക്സ്റ്റയിൽസും ബേക്കറികളും ഉണ്ട് അവർക്ക്. ബിസിനസ്സ് ഒക്കെ നോക്കി നടത്തിയിരുന്നത് വിശ്വനാഥനും മൂത്ത മകൻ സൂരജും ചേർന്നാണ്. സൂരജ് നന്നേ ചെറുപ്പത്തിലേ വിവാഹിതനായതാണ്. വിശ്വനാഥന്റെ സഹോദരീ പുത്രിയെ തന്നെയാണ് സൂരജ് വിവാഹം ചെയ്തത്.
എല്ലാ വിധ സന്തോഷങ്ങളും അനുഗ്രഹിച്ചു കിട്ടിയ ഒരു കുടുംബം ആയിരുന്നു രാജലക്ഷ്മിയുടേത്…. ആറ് വർഷങ്ങൾക്ക് മുൻപ് വിശ്വനാഥനും, സൂരജിന്റെ ഭാര്യയും കുഞ്ഞും ഒരു ആക്‌സിഡന്റിൽ മരണപ്പെടുന്നത് വരെ….!
അത് കഴിഞ്ഞു കുറേ നാൾ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിൽ ആയിരുന്നു സൂരജ്. മദ്യം മാത്രമായിരുന്നു അവന്റെ കൂട്ട്.
” എന്തോരം നേർച്ചേം കാഴ്ച്ചേം നടത്തീന്നറിയാമോ എന്റെ കുഞ്ഞ് ഒന്ന് പഴയത് പോലെ ആവാൻ…?”
സൂരജിന്റെ പഴയ കാര്യങ്ങൾ പറയുമ്പോഴൊക്കെ രാജാലക്ഷ്മി കൃഷ്ണയോട് പറയാറുള്ളതാണ്.
ഇന്ന് ബിസിനസ്സ് ഒക്കെ നല്ല രീതിയിൽ തന്നെ സൂരജ് നോക്കി നടത്തുന്നുണ്ട്.
രണ്ടാമത്തെ മകനെക്കുറിച്ച് രാജലക്ഷ്മി അധികം സംസാരിച്ചു കണ്ടിട്ടില്ല.
“അവനൊരു ഊര് തെണ്ടിയാ…. ഒന്നിനെക്കുറിച്ചും ഒരു ചിന്തയും ഇല്ലവന്.
ലോകോത്തര പെയിന്റർ ആണെന്നാ വിചാരം. വിൻസെന്റ് വാൻ ഗോങ് ആവാൻ നടക്കാ ചെക്കൻ. എന്തെങ്കിലും പറഞ്ഞാലോ ചില കൊച്ച് പിള്ളേരെ പോലെ ഒരു കള്ള ചിരി ചിരിച്ച് മയക്കിക്കളയും….”
ഒരിക്കൽ ഇളയ മകൻ സൂര്യയെക്കുറിച്ച് രാജലക്ഷ്മി പറഞ്ഞത് കൃഷ്ണയ്ക്ക് ഓർമ്മ വന്നു. പറഞ്ഞത് മുഴുവൻ കുറ്റങ്ങൾ ആയിരുന്നു എങ്കിലും വാക്കുകളിൽ പരിഭവം മാത്രമേ ഉണ്ടായിരുന്നുള്ളൂ… കുറ്റപ്പെടുത്തലിന്റെ ധ്വനി ലവലേശം പോലും ഉണ്ടായിരുന്നില്ല. ലക്ഷ്മിയമ്മ അയാളെക്കുറിച്ച് എപ്പോ പറഞ്ഞാലും ചുണ്ടുകളിൽ നേർത്ത പുഞ്ചിരിയും കണ്ണുകളിൽ വാത്സല്യവും നിറയാറുണ്ട് എന്ന് കൃഷ്ണ ഓർത്തു.
ഈ രണ്ടര വർഷത്തിനിടയിൽ ഒരിക്കൽ പോലും കൃഷ്ണ അയാളെ നേരിൽ കണ്ടിട്ടില്ല. രാജലക്ഷ്മിയും സൂരജും സൂര്യയും ഒരുമിച്ചുള്ള ഫോട്ടോ ഒരിക്കൽ കണ്ടിട്ടുണ്ട്. വിശ്വനാഥനോടോ, രാജലക്ഷ്മിയോടോ യാതൊരു മുഖസാദൃശ്യവും ഇല്ലാത്തൊരു മനുഷ്യൻ. സൂരജിനേക്കാൾ രണ്ടോ മൂന്നോ വയസ്സ് ഇളയതാണ്. അവിവാഹിതൻ. വിവാഹം വേണ്ട എന്നാണത്രേ തീരുമാനം.
രണ്ടു മക്കളും കുടുംബം ഇല്ലാതെ കഴിയുന്നത് ആ അമ്മയ്ക്ക് സഹിക്കുന്നുണ്ടാവില്ല. ഇളയ ആളോട് പറഞ്ഞിട്ട് കാര്യമില്ല എന്നവർക്ക് അറിയാം. അതാവും സൂരജിനോട് തന്നെ വിവാഹം ചെയ്യാൻ അവർ പറയുന്നത്. ഉണ്ണിമോളോട് സൂരജ് കാണിക്കുന്ന അടുപ്പവും അതിനൊരു കാരണം ആയിരിക്കാം.
പക്ഷെ ലക്ഷ്മിയമ്മ മനസ്സിലാക്കാതെ പോയ ഒന്നുണ്ട്. ഞങ്ങളുടെ മനസ്സ്….!
ഈ ജന്മം സായിയെ അല്ലാതെ മറ്റൊരാളെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും തനിക്ക് കഴിയില്ല. സൂരജിന്റെ കാര്യവും മറിച്ചാവില്ല. അതാണല്ലോ അയാൾ തന്റെ കാര്യത്തിൽ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
ഓരോന്നോർത്ത് മുന്നോട്ട് നടക്കവേ തന്റെ ജീവിതം ഇനി എങ്ങോട്ടാണ് ഒഴുകാൻ പോകുന്നത് എന്ന ചിന്ത കൃഷ്ണയുടെ ഉള്ളിൽ ചെറുതല്ലാത്ത ആധി രൂപപ്പെടുത്തുന്നുണ്ടായിരുന്നു.
പെട്ടെന്നാണ് ഒരു കാർ ഇരമ്പലോടെ അവളുടെ അടുത്ത് വന്ന് നിന്നത്. അതിൽ നിന്നും ഇറങ്ങിയ ആളിനെ കണ്ടതും കൃഷ്ണയുടെ മുഖത്ത് അനിഷ്ടം നിറഞ്ഞു.
*************
അഭിപ്രായം പറയണേ….
തെറ്റുകൾ കണ്ടാൽ അതും പറയാട്ടോ….