20/04/2026

പ്രണയിനി : ഭാഗം 09

രചന – ഗംഗ ശലഭം

പിറ്റേന്ന് കൃഷ്ണ ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകും വഴി വീടിനോട് ചേർന്നുള്ള വഴിയരികിൽ അരവിന്ദൻ കൃഷ്ണയെ കാത്ത് നിന്നു. സായ് പറഞ്ഞത് പോലെ ഒരുപാട് വൈകിപ്പോയി എന്ന് അവന്റെ മനസ്സ് പറഞ്ഞു എങ്കിലും ഹൃദയം അപ്പോഴും കൃഷ്ണ എന്ന പേര് മാത്രം ഉരുവിട്ട് കൊണ്ടിരുന്നു. ഉള്ളിൽ എവിടെയോ നേർത്തൊരു പ്രതീക്ഷയോടെ അരവിന്ദൻ കൃഷ്ണയെ നോക്കി നിന്നു.

പക്ഷെ, തല കുനിച്ചു നിന്ന് തനിക്ക് മറ്റൊരാളെ ഇഷ്ടമാണെന്ന് കൃഷ്ണ പറഞ്ഞപ്പോൾ അരവിന്ദന്റെ ഹൃദയം നുറുങ്ങിപ്പോയി. സ്വാർത്ഥനാകാൻ അരവിന്ദന് സാധികുമായിരുന്നില്ല. കൃഷ്ണയെ വേദനിപ്പിക്കാനും…..

അത് കൊണ്ട് തന്നെ ഹൃദയം തകരുന്ന വേദനയോടെ ആണെങ്കിലും സായിയുടെയും കൃഷ്ണയുടെയും പ്രണയവീഥിയിൽ നിന്നും സ്വയം ഒഴിഞ്ഞു നടക്കാനാണ് അവൻ തീരുമാനിച്ചത്. അവന്റെ ആ തീരുമാനം കൃഷ്ണയ്ക്കും സായിക്കും ഒരുപോലെ ആശ്വാസം പകർന്നു.

സായിയുടെയും കൃഷ്ണയുടെയും പ്രണയം ശാന്തമായ തെളിനീർ അരുവി പോലെ ഒഴുകി. ഇരുവരും നിശബ്ദമായി പ്രണയിച്ചു. സായിയിൽ നിന്നും തേടിയെത്തുന്ന ഓരോ നോക്കും കൃഷ്ണയോട് ആയിരം കഥകൾ പറഞ്ഞു. അവന്റെ ഓരോ വാക്കും അവൾക്ക് തേനൂറും മധുരമുള്ളവയായിരുന്നു. കൃഷ്ണയുടെ സ്വപ്നങ്ങൾ സായിയും, സായിയുടെ സ്വപ്നങ്ങൾ കൃഷ്ണയും സ്വന്തമാക്കി.
രണ്ടുവർഷം കൊണ്ട് അവരുടെ പ്രണയം ഒരിക്കലും ഉടയാത്ത വിധം ദൃഢമായി തീർന്നു. സായിയില്ലാതെ കൃഷ്ണയ്ക്കോ കൃഷ്ണയില്ലാതെ സായിക്കോ തുടർന്ന് ജീവിക്കാൻ സാധിക്കാത്ത വിധം.

കൃഷ്ണയ്ക്ക് വാക്ക് നൽകിയത് പോലെ കോഴ്സ് കഴിഞ്ഞു തിരികെ പോകും മുൻപ് ശങ്കരനോട് സായി കൃഷ്ണയെ തനിക്ക് ഇഷ്ടമാണെന്ന് തുറന്നു പറഞ്ഞു. ശങ്കരന് അതുകേട്ട് ഭയമാണ് തോന്നിയത്. മാധവൻ തമ്പിയേക്കാൾ സമ്പത്തിലും പാരമ്പര്യത്തിലും ഒരുപാട് ഉയർന്നുനിൽക്കുന്ന കുടുംബമാണ് സായിയുടെത് എന്ന് അയാൾക്ക് അറിയാം. അതുകൊണ്ടു തന്നെ സായിയുടെ അച്ഛൻ വിവാഹത്തെ എതിർക്കുമെന്ന് അയാൾക്കുറപ്പായിരുന്നു. എങ്കിലും വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച് താൻ തിരികെ വരും ഇന്ന് സായി ഉറപ്പു നൽകിയപ്പോൾ കൃഷ്ണയെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ശങ്കരൻ സമ്മതം മൂളി.

രണ്ടു മാസങ്ങൾക്കു ശേഷം സായ് തിരികെ വന്നു. എന്നാൽ പ്രതീക്ഷിച്ചത് പോലെ അച്ഛനമ്മമാരെ പറഞ്ഞു സമ്മതിപ്പിക്കാൻ അവന് കഴിഞ്ഞില്ല. ശങ്കരൻ പ്രതീക്ഷിച്ചത് പോലെ സാധാരണക്കാരനായ ശങ്കരന്റെ മകളെ സായി വിവാഹം ചെയ്യുന്നതിൽ അവർക്ക് എതിർപ്പുണ്ടായിരുന്നു. സായിയുടെ പ്രണയം അംഗീകരിക്കാൻ അവർ തയാറായില്ല. എങ്കിലും കൃഷ്ണയെ വിട്ട് കളയാൻ അവൻ ഒരുക്കമായിരുന്നില്ല.

എറണാകുളത്തുള്ള ഭേദപ്പെട്ട ഒരു കമ്പനിയിൽ അവൻ ഇതിനോടകം ജോലി നേടിയിരുന്നു. ശങ്കരന്റെ സമ്മതത്തോടെ കൃഷ്ണയെ സ്വന്തമാക്കാൻ സായ് താല്പര്യം പ്രകടിപ്പിച്ചു. കൃഷ്ണയുടെ ഇഷ്ടത്തിനും സന്തോഷത്തിനും അപ്പുറം ശങ്കരന് മറ്റൊന്നും ഉണ്ടായിരുന്നില്ല. അയാൾ ജീവിക്കുന്നത് പോലും അവൾക്ക് വേണ്ടി ആയിരുന്നല്ലോ?

തന്റെ മകൾക്ക് വേണ്ടി സായി സ്വന്തം അച്ഛനമ്മമാരെ എതിർക്കാൻ തയാറായത് ശങ്കരന് സന്തോഷത്തേക്കാളേറെ വിഷമം ആണുണ്ടാക്കിയത്. സായി എത്രയധികം വേദനിക്കുന്നുണ്ടാകും എന്നയാൾ ചിന്തിച്ചു. ശങ്കരൻ അതേക്കുറിച്ച് സായിയോട് സംസാരിക്കുകയും ചെയ്തു.

” ഇത് വരെയും ഞാൻ ജീവിച്ചത് അവരുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ചാണ്. എനിക്ക് ഒട്ടും താല്പര്യം ഇല്ലാതിരുന്നിട്ടും ബി ടെക് ചെയ്തു. അമ്മേടെ ഇഷ്ടത്തിന് എം ടെക് നാട്ടിൽ ചെയ്യാൻ തീരുമാനിച്ചു. ഇതേ വരെ എന്റെ ലൈഫിലേ ഓരോ തീരുമാനങ്ങളും അവരാണ് എടുത്തത്. പക്ഷെ ഇത്… ജീവിതത്തിലെ പ്രധാന തീരുമാനങ്ങളിൽ ഒന്നാണ് വിവാഹം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ജീവിതാവസാനം വരെ കൂടെ കാണേണ്ട ഒരാളെ കൂടെ കൂട്ടുമ്പോ അവിടെ എന്റെ ഇഷ്ടങ്ങൾക്കല്ലേ പ്രാധാന്യം കൊടുക്കേണ്ടത്?

ഞാൻ എന്റെ അച്ഛനെയോ അമ്മയെയോ ഉപേക്ഷിച്ചിട്ടില്ല. എന്നെകിലും അവർക്ക് എന്റെ തീരുമാനം അംഗീകരിക്കാൻ കഴിഞ്ഞാൽ സന്തോഷത്തോടെ ഞാൻ അന്ന് തിരികെ ചെല്ലും…. കൃഷ്ണയെയും കൂട്ടി. ”

സായ് പറഞ്ഞു നിർത്തുമ്പോഴേക്കും ശങ്കരൻ അവനെ തന്നോട് ചേർത്ത് പിടിച്ചിരുന്നു. സായിയേക്കാൾ അധികം തന്റെ മകളെ സ്നേഹിക്കാൻ മറ്റാർക്കും കഴിയില്ല എന്ന് ആ നിമിഷം ശങ്കരന് തോന്നി.

അങ്ങനെ ഏറ്റവും അടുത്ത ശുഭ മുഹൂർത്തത്തിൽ ശിവശങ്കരന്റെ അനുഗ്രഹത്തോടെ കൃഷ്ണയും സായിയും നിയമപരമായി ഒന്നിച്ചു….
അവരുടെ മനസ്സുകൾ അതിനും എത്രയോ മുൻപ് തന്നെ ഒന്നായിക്കഴിഞ്ഞിരുന്നു.

വിവാഹത്തിന് വേണ്ട എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത് മാധവൻ തമ്പിയുടെ മകൻ ശ്രീ ദേവും, തമ്പിയുടെ സഹോദര പുത്രൻ ശ്രീകാന്തും ചേർന്നാണ്. സായിയുടെ സഹോദരിയുടെ ഭർത്താവ് കൂടിയാണ് ശ്രീകാന്ത്.
മാധവൻ തമ്പിക്കും ഈ വിവാഹത്തിന് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല എങ്കിലും സായിയുടെ അച്ഛനോടുള്ള സൗഹൃദത്തിന്റെ പുറത്ത് അയാൾ എല്ലാത്തിൽ നിന്നും വിട്ട് നിന്നു.

ഉടലും ഉയിരും ഒന്നായതോടെ കൃഷ്ണയുടെ ജീവിതം സായി എന്ന ബിന്ദുബിലേക്ക് മാത്രമായി കേന്ദ്രീകരിക്കപ്പെട്ടു. ശങ്കരനെ പോലും താൻ ഇത്രയധികം സ്നേഹിച്ചിട്ടില്ല എന്ന് കൃഷ്ണയ്ക്ക് തോന്നിയ നാളുകൾ…..

സായിയുടെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇതിലും അധികമായി ഒരാൾക്ക് മറ്റൊരാളെ പ്രണയിക്കാൻ ആവില്ല എന്ന വിധത്തിൽ ആത്മാവുകൾ തമ്മിൽ അലിഞ്ഞു ചേരുന്ന വിധം അവർ പരസ്പരം പ്രണയിച്ചു. പ്രണയം എന്ന മായാജാലം അവരെ പരസ്പരപൂരകങ്ങളാക്കി. ഒന്നില്ലെങ്കിൽ മറ്റൊന്ന് അർത്ഥശൂന്യം എന്നത് പോലെ….!

വിവാഹം കഴിഞ്ഞ് ആറ് മാസങ്ങൾക്കു ശേഷമാണ് സായിയെ തേടി സായിയുടെ അച്ഛന്റെ ഫോൺ കാൾ എത്തുന്നത്. സായിയെ ഒന്ന് നേരിൽ കാണണം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അച്ഛന്റെ ഒരു ഫോൺ കാൾ സായിയും അത്രയേറെ ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തെ കാണാൻ പോകാമെന്നു തന്നെ അവൻ തീരുമാനിച്ചു. ഒരു കൂടിക്കാഴ്ച കൊണ്ട് താൻ കാരണം സായിക്കും സായിയുടെ അച്ഛനും ഇടയിൽ രൂപപ്പെട്ട മഞ്ഞു മല ഉരുകി തീരുന്നെകിൽ തീരട്ടെ എന്ന് കൃഷ്ണയും കരുതി.

സായിയുടെ അച്ഛന്റെ മനം മാറ്റത്തിൽ ഏറെ സന്തോഷിച്ചത് സായിയുടെ സഹോദരി സാരംഗിയാണ്. ശ്രീകാന്തും സാരംഗിയും സായിക്ക് കൂട്ടായി ആ യാത്രയിൽ സായിക്ക് ഒപ്പം കൂടി. അവരുടെ കുഞ്ഞിനെ ഇന്ദ്രപ്രസ്ഥത്തിൽ തമ്പിയുടെ ഒപ്പം നിർത്തിയാണവർ പോയത്.

സായ് പോയതിന്റെ പിറ്റേന്ന്, വീട്ട് വളപ്പിൽ ശ്രീ ദേവിനെ സർപ്പദംശനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് എല്ലാവരെയും വിഷമത്തിലാക്കി…. ആ വീട്ടിൽ സായിക്ക് ഏറ്റവും അടുപ്പം ശ്രീ ദേവിനോട് ആയിരുന്നു.

സായ് പോയ ശേഷം ഒരു ഫോൺ കാൾ പോലും ചെയ്യാത്തത്തിൽ കൃഷ്ണയും വല്ലാതെ ഭയന്നിരുന്നു. അതിനൊപ്പം ശ്രീദേവിന്റെ മരണം കൂടി ആയപ്പോൾ ശങ്കരനും ഭയപ്പെട്ടു. അസുഖകരമായത് എന്തോ സംഭവിക്കാൻ പോകുന്നു എന്നൊരു തോന്നൽ അയാൾക്കുണ്ടായി. എങ്കിലും മനസാനിദ്ധ്യം കൈവിടാതെ കൃഷ്ണയെ അയാൾ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.

ശങ്കരൻ ഭയന്നത് പോലെ ശ്രീദേവ് മരണപ്പെട്ടതിന്റെ അന്ന് വൈകിട്ട് ശ്രീകാന്തിന്റെ സുഹൃത്തിന്റെ കാൾ അയാളെ തേടിയെത്തി. സായിയുടെ അച്ഛനും, സഹോദരനും, സായിയും, സായിയുടെ പെങ്ങളും സഞ്ചാരിച്ചുന്ന കാർ ആക്‌സിഡന്റിൽ പെട്ടു എന്നും സായ് ഒഴികെ മറ്റു മൂന്ന് പേരും മരണപ്പെട്ടു എന്നും സായിയെ കാണാതായി എന്നുമുള്ള വാർത്തയാണ് ശ്രീകാന്തിന്റെ സുഹൃത്തിന് അറിയിക്കാനുണ്ടായിരുന്നത്. സായിയെ കണ്ടെത്തുന്നതിനുള്ള തിരച്ചിൽ, ആക്‌സിഡന്റ് നടന്നതിന് അടുത്തായുള്ള പുഴയിൽ നടക്കുന്നു എന്നും അടിയോഴുക്കുള്ള പുഴ ആയതിനാൽ മരണപ്പെട്ടിട്ടുണ്ടാകാനാണ് സാധ്യത എന്നും കൂടി അയാൾ കൂട്ടിച്ചേർത്തു.

എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിൽ ആയിരുന്നു ശങ്കരൻ. കൃഷ്ണയെ ഇത് എങ്ങനെ അറിയിക്കും എന്ന് അയാൾക്ക് ഒരു രൂപവും ഉണ്ടായിരുന്നില്ല.

*************

പാസ്ററ് തീരുകയാണ്. അടുത്ത പാർട്ട്‌ മുതൽ പ്രസന്റ്ലേക്ക് വരാം.

കൂടെ കൂടിയ എല്ലാവർക്കും ഒരുപാട് സ്നേഹം 🥰