19/04/2026

പ്രണയിനി : ഭാഗം 50

രചന – ഗംഗ ശലഭം

 

സായി അകത്തേയ്ക്ക് ചെല്ലുമ്പോൾ ശ്രീനാഥ് ദേവനരികിൽ മുട്ടുകുത്തി ഇരിക്കുകയാണ്. നിലത്തു കിടന്ന് വേദന കൊണ്ട് പുളയുകയാണ് ദേവൻ. അയാളുടെ മുഖത്തിന്റെ ഒരു വശത്ത് മാംസം ഉൾപ്പെടെ പൊള്ളി അടന്ന് പോയിരിക്കുന്നു. ധരിച്ചിരുന്ന ഷർട്ട് ഉരുകി ശരീരത്തിലേക്ക് ഒട്ടി കിടക്കുന്നു. ശരീരത്തിനും ആകമാനം പൊള്ളലുകളുണ്ട്.

അയാൾക്ക് അരികിലായി എന്ത് ചെയ്യണമെന്നറിയാതെ ഇരിക്കുകയാണ് ശ്രീനാഥ്. പിടിച്ചെഴുന്നേൽപ്പിക്കാനായി ദേഹത്ത് തൊടുമ്പോഴൊക്കെ ദേവൻ വേദന കൊണ്ട് അലറി വിളിക്കുന്നുണ്ട്.

എന്നും ദേവന്റെ ബലത്തിലാണ് ശ്രീനാഥ് എല്ലാം കൊള്ളരുതായ്കകളും ചെയ്തിരുന്നത്. എന്നും അവൻ ദേവന്റെ തണലിലായിരുന്നു. അതേ ദേവന്റെ നിലവിളിയാണ് മുന്നിൽ കേൾക്കുന്നത്…. ആ ആളാണ്‌ മുന്നിൽ കിടന്ന് പിടയുന്നത്. ശ്രീനാഥ് മാനസികമായി തകർന്ന് പോകാൻ കൺമുന്നിൽ കണ്ട അയാളുടെ വീഴ്ചയും നിലവിളയും തന്നെ ധാരാളമായിരുന്നു.

അതിനൊപ്പം അപ്രതീക്ഷിതമായി വൈശാലിയെ കണ്ടതിന്റെ ഞെട്ടലിൽ നിന്നും അവൻ മുക്തനായിരുന്നുമില്ല. ആർക്ക് വേണ്ടിയാണോ താൻ ഒക്കെയും ചെയ്തു കൂട്ടിയത് അവൾ തന്റെ യദാർത്ഥ മുഖം മനസ്സിലാക്കിയിരിക്കുന്നു എന്ന ചിന്ത അവനെ വല്ലാതെ ഉലച്ചു കളഞ്ഞു. അവളോട് എന്തെങ്കിലും പറയാനാണെങ്കിൽ മുന്നിൽ കിടന്ന് പിടയുന്ന സ്വന്തം അച്ഛന്റെ നിലവിളി അതിന് അനുവദിക്കുന്നുമില്ല.

ദേവനെ തൊടാൻ ശ്രമിക്കുമ്പോഴൊക്കെയും അയാൾ ഉച്ചത്തിൽ നിലവിളിച്ചു കൊണ്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയാതെ മുടിയിഴകളിൽ വിരൽ കോർത്തു വലിച്ചു ശ്രീനാഥ്.

മുന്നിൽ നിൽക്കുന്നവരെ തോൽപ്പിച്ച് ദേവനെ ആശുപത്രിയിയിലേക്ക് കൊണ്ട് പോകുന്നത് പ്രാക്ടിക്കൽ അല്ലെന്ന് ശ്രീനാഥിന് അറിയാമായിരുന്നു. പുറത്ത് കാവൽ നിന്ന തങ്ങളുടെ കൂട്ടാളികളെ ‘അടിച്ചു ചുരുട്ടി അടുത്ത മുറിയിൽ ഇട്ടിട്ടുണ്ട് ‘ എന്ന് കുറച്ചു മുന്നേ സൂരജ് പറഞ്ഞത് കൂടി കേട്ടപ്പോൾ ശ്രീനാഥിന്റെ തളർച്ച വർധിച്ചു.

സൂരജ് തന്റെ ശത്രുവാണ്. ശത്രുവിനോട് സഹായം അഭ്യർത്തിക്കാൻ മനസ്സനുവദിച്ചില്ല എങ്കിലും അവന് മുന്നിൽ മറ്റ് മാർഗങ്ങൾ ഉണ്ടായിരുന്നില്ല.
ഒടുവിൽ എന്തും വരട്ടെ എന്ന് കരുതി വീണ്ടും ഒരു അഭിനയത്തിന് അവന്റെ മനസ്സ് ഒരുക്കം കൂട്ടി.

ആ സമയത്താണ് സായി വീണ്ടും മുറിയിലേക്ക് കടന്ന് വരുന്നത്.

വൈശാലിയും സൂരജും മധുവും മുന്നിൽ കാണുന്ന രംഗങ്ങൾ ആസ്വദിച്ചെന്ന പോലെ കുറച്ചു മാറി നിന്നിരുന്നു.

“നീ വന്നിട്ട് തുടങ്ങാം എന്ന് കരുതി.”

സായിയെ കണ്ട പാടെ സൂരജ് പറഞ്ഞു.

അതേ സമയം നിലത്തിരിക്കുകയായിരുന്ന ശ്രീനാഥ് തിരിഞ്ഞു വൈശാലിയെ നോക്കി.

” വൈശാലി… നീ കരുതുന്നത് പോലെ ഞങ്ങൾ ഒന്നും ചെയ്തിട്ടില്ല. അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ട് പോകണം… ഇല്ലെങ്കിൽ മരിച്ചു പോകും. ഒന്ന് ഹെല്പ് ചെയ്യ്….”

അവന്റെ ശബ്ദം ദയനീയമായിരുന്നു.

” അത് ഞാൻ എങ്ങനെ വിശ്വസിക്കും ശ്രീ? ഞങ്ങൾ വന്നപ്പോ കണ്ടത് അതല്ലല്ലോ?”

വൈശാലി പരിഹാസം സ്ഫുരിക്കുന്ന സ്വരത്തിൽ അവനോട് തിരക്കി.

” അത്… അതവൾ ഞങ്ങൾക്കെതിരെ ഇല്ലാത്ത പരാതി കൊടുത്തപ്പോ വെറുതെ ഒന്ന് വിരട്ടാൻ വേണ്ടി… അല്ലാതെ… അല്ലാതെ ബാക്കി ഒന്നും ഞങ്ങൾ ചെയ്തതല്ല…. ”

ശ്രീനാഥ് വിക്കി.

“ബാക്കിയോ? ബാക്കി എന്താ ശ്രീ? ഇനിയും ഉണ്ടോ നിന്റെ പേക്കൂത്തുകൾ… പറ ഞാൻ കേൾക്കട്ടെ?”

വൈശാലി ഒന്ന് കൂടി അവനടുത്തേക്ക് നീങ്ങി നിന്നു.

“അത്…. ഞാൻ…..”

പറഞ്ഞു പോയത് അബദ്ധമായിപ്പോയോ എന്ന് തോന്നി ശ്രീനാഥിന്. ഇനി അവളൊന്നും അറിഞ്ഞിട്ടില്ലേ?

“അത് ഞാൻ പറയാം….”

സായി മുന്നിലേക്ക് വന്നു.

” ചെയ്തു കൂട്ടിയ ക്രൂരതകൾ എണ്ണിയാൽ ഒടുങ്ങില്ല. എങ്കിലും കുറച്ച്.. വളരെ കുറച്ച് പറഞ്ഞു തരാം ഞാൻ….

ഇവന്റെ വല്യച്ഛനെ… വല്യച്ഛന്റെ മകനെ… ഇവന്റെ ഭാര്യ സാരംഗിയെ… അവളുടെ അച്ഛനെ…. ഈ നിൽക്കുന്ന സൂരജേട്ടന്റെ അച്ഛനെയും ഭാര്യയെയും മകളെയും…. കൊന്ന് കളഞ്ഞു ഇവൻ……!”

ശ്രീനാഥിനോട്‌ ഒന്ന് കൂടി ചേർന്ന് നിന്ന് സായി അവന്റെ മുഖത്തേക്ക് മുഖം അടുപ്പിച്ചു…. അവന്റെ കണ്ണുകളിൽ കനലെരിയുന്നെന്ന് തോന്നി ശ്രീനാഥിന്.

“പിന്നെ… എന്നെയും….!
സാരംഗിയുടെ അനിയൻ സായി കൃഷ്ണയെ…!”

മുരളിച്ച പോലെ സായി അത് പറഞ്ഞു നിർത്തിയതും ശ്രീനാഥ് ഞെട്ടി പിറകിലേക്ക് നീങ്ങിപ്പോയി.

ദേവനാകട്ടെ ഒന്നും കേൾക്കാനോ കാണാനോ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല. മുഖം ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും മാംസം ഉരുകി അസ്ഥി വരെ തെളിഞ്ഞു കണ്ടിരുന്നു. അസഹ്യമായ വേദന കൊണ്ട് അയാൾ അപ്പോഴും ഉറക്കെ അലറുന്നുണ്ടായിരുന്നു.

” മറന്ന് പോയോ നാഥേട്ടൻ എന്നെ?”

നാഥേട്ടൻ എന്ന വിളി. സായി മാത്രമാണ് അവനെ അങ്ങനെ വിളിക്കാറുള്ളത്. ശ്രീനാഥിന്റെ കണ്ണുകൾ മിഴിഞ്ഞു പോയി. പ്രേതത്തെ കണ്ടത് പോലെ അവൻ സായിയെ തുറിച്ചു നോക്കി.

” എങ്ങനെ തോന്നി നാഥേട്ടൻ? അനിയൻ ആണെന്ന് പറഞ്ഞിരുന്നതല്ലേ? എന്നിട്ട് തല അടിച്ചു തകർത്ത് ചാക്കിൽ കെട്ടി പുഴയിൽ എറിഞ്ഞു കളയാൻ കൊടുത്തു വിട്ടില്ലേ നിങ്ങൾ എന്നെ?”

സായി ശ്രീനാഥിന്റെ അടുത്തേയ്ക്ക് ചുവടു വച്ചു.

സായി അടുത്തേയ്ക്ക് വരും തോറും ശ്രീനാഥ് പിറകിലേക്ക് നടന്നു മാറിക്കൊണ്ടിരുന്നു. സായിയുടെ ഡെഡ്ബോഡി കാണാനില്ല എന്ന് സ്റ്റീഫന്റെ കൂട്ടാളി അറിയിച്ചത് മുതലുള്ള കാര്യങ്ങൾ അവൻ ഓർത്തെടുത്തു. മുന്നിൽ നിൽക്കുന്നവൻ സായിയാണെന്ന് അവനു തോന്നിത്തുടങ്ങിയിരുന്നു….. ആ ചിന്ത അവന്റെ ശരീരത്തെ ഒരു വിറയലായി ബാധിച്ചു.

സായി തുടർന്നു….

” എന്നിട്ടും ഞാൻ മരിച്ചില്ല. എന്റെ ജീവന് വേണ്ടി പ്രാർത്ഥിക്കാൻ…. എന്നെ പ്രാണനെപ്പോലെ സ്നേഹിക്കുന്ന ഒരുവൾ ഉള്ളപ്പോ എങ്ങനെ മരണത്തിന് എന്നെ കീഴടക്കാൻ പറ്റും? ”

ശ്രീനാഥ് പിറകിലെ ചുമരിൽ തട്ടി നിന്നു.

” അത് പോലെ ഒരുവൾ നിനക്കും ഉണ്ടായിരുന്നു. എന്റെ സാരംഗി…
അവൾ എന്ത് ചെയ്തിട്ടാ? എന്ത് ഇഷ്ടമായിരുന്നു എന്നറിയോ അവൾക്ക് നിങ്ങളെ? പ്രാണനായിരുന്നു അവൾക്ക് അവളുടെ ശ്രീയേട്ടനെ….
എന്നിട്ട് നീയോ?
മറ്റൊരുവൾക്ക് വേണ്ടി അവളെ കൊന്ന് കളഞ്ഞില്ലേ?
എന്നിട്ട് നീ എന്ത് നേടി?
നീ ആശിച്ചത് കിട്ടിയോ നിനക്ക്?”

ഇത്തവണ ശ്രീനാഥിന്റെ മുഖം കുനിഞ്ഞു. സായിക്കരികിൽ എല്ലാം കേട്ട് വൈശാലി ഉണ്ടെന്ന ചിന്ത ചിതൽപുറ്റ് പോലെ അവന്റെ തലച്ചോറിനെ പൊതിഞ്ഞു. അവൾ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് അവനെ ഭ്രാന്ത് പിടിപ്പിച്ചു.

” അത് കൊണ്ട് നിനക്ക് കിട്ടേണ്ട ആദ്യത്തെ തല്ല് എന്റെ വകയല്ല….”

സായി അത് പറഞ്ഞു നിർത്തും മുന്നേ വൈശാലി ശ്രീനാഥിനെ തന്റെ അടുത്തേയ്ക്ക് വലിച്ചു നീക്കി നിർത്തിയിരുന്നു.

“അത് എന്റെ വകയായിക്കോട്ടെ….”

വൈശാലിയുടെ കൈ ഉയർന്നു താണു. ശ്രീനാഥ് കവിൾ പൊത്തിയില്ല. പക്ഷെ അവന്റെ കണ്ണുകളിൽ അവനറിയാതെ രണ്ട് നീർത്തുള്ളി പൊടിഞ്ഞു.

” ഇഷ്ടമായിരുന്നു നിന്നെ. നീ സാരംഗിയെ വിവാഹം ചെയ്തപ്പോഴും ആ ഇഷ്ടം മാറ്റാൻ ഞാൻ കുറേ ശ്രമിച്ചു പരാജയപ്പെട്ടതാണ്. പക്ഷെ നീയാണ് സാരംഗിയെ ഇല്ലാതാക്കിയത് എന്നറിഞ്ഞപ്പോ വെറുത്തു പോയതാ ഞാൻ നിന്നെ. നിനക്ക് അറിയാമോ? വല്ലാതെ സ്നേഹിച്ചിരുന്ന ഒരാളെ വെറുക്കേണ്ടി വന്നാൽ ആ വെറുപ്പിന് സ്നേഹിച്ചതിന്റെ ആയിരം മടങ്ങ് വ്യാപ്തിയുണ്ടാകും. വെറുപ്പാണ് എനിക്ക് നിന്നെ. പുഴുത്ത പട്ടിയെ കാണുന്നത് പോലെ അറപ്പാണ്.”

ശ്രീനാഥിന്റെ ഹൃദയം തകർന്ന് പോയി. വെറുപ്പാണത്രേ… പുഴുത്ത പട്ടിയെ പോലെ അറപ്പാണത്രേ…!

ഇഷ്ടമാണെന്ന്…….
പ്രണയമാണെന്ന് കേൾക്കാൻ കൊതിച്ച നാവിൽ നിന്നും കേട്ടത്…. പ്രണയത്തോടെ ശ്രീ എന്ന് മന്ത്രിക്കുന്നത് കേൾക്കാൻ ആശിച്ച നാവിൽ നിന്നും കേട്ടത്…..

ശ്രീനാഥിന് അന്നേരം സാരംഗിയെ ഓർമ്മ വന്നു. ശ്രീയേട്ടാ എന്നുള്ള അവളുടെ പ്രണയം നിറഞ്ഞ വിളിയൊച്ച ഓർമ്മ വന്നു. അവൻ തന്റെ കണ്ണുകൾ മുറുകെ അടച്ച് കളഞ്ഞു.

“തീർന്നില്ല ശ്രീനാഥെ…. ഒരു ട്വിസ്റ്റ്‌ കൂടി ബാക്കിയുണ്ട്.”

സൂരജ് മുന്നോട്ട് വന്നു. മധു കാഴ്ച്ചക്കാരനായതേയുള്ളൂ…

” വർഷങ്ങൾക്ക് മുൻപുള്ള ഒരു മരണം ഇത്ര ഈസിയായിട്ട് പൊക്കിക്കൊണ്ട് വന്നതും, നിനക്കെതിരെ ഇത്രയും തെളിവുകൾ ശേഖരിച്ചതും, നിന്റെ വിശ്വസ്തനായ സ്റ്റീഫനെ വരെ പൊക്കിയതും, ഉന്നതങ്ങളിൽ ഞങ്ങൾക്ക് നിന്നെക്കാളും നിന്റെ തന്തയെക്കാളും പിടിപാടുണ്ടായതുമൊക്കെ എങ്ങനെയാണെന്ന് അറിയണ്ടേ നിനക്ക്?”

സൂരജ് എന്താണ് പറഞ്ഞു വരുന്നതെന്നറിയാതെ ശ്രീനാഥ് നെറ്റി ചുളിച്ച് അവനെ നോക്കി.

” ദേ… ആ കിടന്ന് പിടയുന്നില്ലേ? അവനും കൂടി കേൾക്കേണ്ടതായിരുന്നു ഇതൊക്കെ. പക്ഷെ, ഒറ്റയടിക്ക് ചാവാതെ ഇങ്ങനെ കിടന്ന് നീറി പുകഞ്ഞു ചാവാനായിരിക്കും അവന്റെ വിധി! ചെയ്തു കൂട്ടിയതൊന്നും ചില്ലറയ്ക്കല്ലല്ലോ?”

അപ്പോഴും ഉറക്കെ നിലവിളിച്ചു കൊണ്ടിരിക്കുന്ന ദേവനെ സൂരജ് പുച്ഛത്തോടെ നോക്കി. അയാളുടെ വേദന ഒരാളിലും സഹതാപം ഉണർത്തിയില്ല.

അപ്പോഴേക്കും സൂരജിന്റെ മൊബൈൽ ശബ്ദിച്ചു.

“ഹാ…. നൂറായുസ്സാ…”

അവൻ പോക്കറ്റിൽ നിന്നും മൊബൈൽ എടുത്തു മൊബൈൽ സ്ക്രീനിലേക്ക് നോക്കി പറഞ്ഞു. കുറച്ചു മാറി നിന്ന് ഒരു മിനിറ്റ് നീണ്ടു നിന്ന സംസാരം. അതിനൊടുവിൽ മൊബൈലുമായി സൂരജ് തിരികെ വന്നു.

“നിന്റെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാണ്.”

പറയുന്നതിനൊപ്പം സൂരജ് മൊബൈൽ സ്ക്രീൻ ശ്രീനാഥിന് നേർക്ക് തിരിച്ചു പിടിച്ചു. വീഡിയോ കാളാണ്. അതിൽ തെളിഞ്ഞ സ്ത്രീ രൂപത്തിലേക്ക് ശ്രീനാഥ് സൂക്ഷിച്ചു നോക്കി.

***********

അഭിപ്രായം പറയണേ…
പ്ലീസ്….