19/04/2026

പ്രണയിനി : ഭാഗം 41

രചന – ഗംഗ ശലഭം

സൂരജ് സായിയെ ബെഡ്ഡിലേക്ക് ഇരുത്തി. അവനും അരികിലായി ഇരുന്നു.

“എനിക്ക്…. എനിക്ക് ഈ തലവേദന സഹിക്കാൻ പറ്റുന്നില്ല ചേട്ടായി…..”

ഇരു കൈകൾ കൊണ്ടും ചെന്നിയിൽ അമർത്തി പിടിച്ച് സായി കണ്ണുകൾ ഇറുക്കെ അടച്ചു.

സൂരജ് വേഗത്തിൽ എഴുന്നേറ്റ് ചെന്ന് അടുത്തുള്ള മേശവലിപ്പിൽ നിന്നും ഒരു ടാബ്ലറ്റ് എടുത്തു. ടേബിളിന് മുകളിൽ ഇരുന്ന ഫ്ലാസ്കിൽ നിന്നും വെള്ളം ഒരു ഗ്ലാസ്സിലേക്ക് പകർന്നെടുത്ത ശേഷം സായിക്ക് അടുത്തേക്ക് ചെന്നു.

ഓർമ്മകൾ നഷ്ടമായ ശേഷം ഇടയ്ക്കൊക്കെ സായിക്ക് തലവേദനയും ഉറക്കക്കുറവും ഉണ്ടാവാറുണ്ട്. തലവേദന അസഹ്യമാവുകയോ, ഉറക്കമില്ലായ്മ രണ്ട് ദിവസം നീണ്ടു നിൽക്കുകയോ ചെയ്‌താൽ കഴിക്കാനായി ഡോക്ടർ കൊടുത്ത ഗുളികയാണത്.

“ഇത് കഴിക്ക്….”

കയ്യിലെ ഗുളികയും ഗ്ലാസും അവൻ സായിക്ക് നേരെ നീട്ടി.

സൂരജിന്റെ മുഖത്തേക്ക് ഒന്ന് നോക്കി മറുത്ത് ഒന്നും പറയാതെ സായി അത് വാങ്ങി കഴിച്ചു.

“ഒന്ന് ഉറങ്ങി എണീക്ക്… എല്ലാം ശരിയാകും.”
സൂരജ് അവനെ ബെഡ്ഡിലേക്ക് കിടത്തി.
അവനരികിലായി ഇരുന്ന് നെറ്റിയിൽ വാത്സല്യത്തോടെ പതിയെ തഴുകി.

സായി സൂരജിന്റെ വലം കയ്യിൽ മുറുകെ പിടിച്ചു.

“ചേട്ടായി…. കൃഷ്ണ… അവൾ പറഞ്ഞത്….?
ഞാൻ….
സായി……?”

സായിയുടെ കണ്ണ് നിറഞ്ഞു. അവൻ വീണ്ടും തന്റെ തലയിലേക്ക് അമർത്തി പിടിച്ചു. സൂരജിനോട് അത് എങ്ങനെയാണ് ചോദിക്കേണ്ടത് എന്ന് പോലും അവന് അറിയുമായിരുന്നില്ല.

” ടെൻഷൻ ആകല്ലേ സൂര്യ… ഇപ്പോ നന്നായിട്ട് ഒന്നുറങ്ങ്. എഴുന്നേറ്റിട്ട് നമുക്ക് സംസാരിക്കാം. ഞാൻ ഇല്ലേ നിന്റെ കൂടെ? വിഷമിക്കാതെ…. നിന്നെ വിഷമിപ്പിക്കുന്നതായി ഒന്നും ഉണ്ടാവില്ല…… ഒന്നും…….
അത് പോരെ?”

സൂരജ് ഇടം കൈ കൊണ്ട് സായിയുടെ ഉലഞ്ഞു കിടന്ന മുടിയിഴകളെ മാടി ഒതുക്കി. കുനിഞ്ഞ് അവന്റെ നെറ്റിയിൽ വാത്സല്യത്തിൽ പൊതിഞ്ഞൊരു മുത്തം കൊടുത്തു. കവിളിൽ മെല്ലെ തട്ടി…

“ഉറങ്ങിക്കോ….. നീ എന്റെ അനിയൻ തന്നാ… അത് ഒരിക്കലും മാറാൻ പോണില്ല….”

സൂരജ് പതിയെ പറഞ്ഞു.

സൂരജിന്റെ വാക്കിനെക്കാൾ അവൻ നൽകിയ സ്നേഹചുംബനം സായിക്ക് നൽകിയ ആശ്വാസം ചെറുതായിരുന്നില്ല.

അല്ലെങ്കിലും, മനസ്സ് വല്ലാതെ വിങ്ങുമ്പോൾ, നിയന്ത്രിക്കാൻ ആകാത്ത വിധം അസ്വസ്ഥമാകുമ്പോൾ, പ്രിയപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന ഒരു തലോടലിനോ ചുംബനത്തിനോ നൽകാൻ കഴിയുന്ന ആശ്വാസം മറ്റൊന്നിനും ചിലപ്പോൾ നൽകാനായി എന്ന് വരില്ല.

സായി, മുറുകെ പിടിച്ചിരുന്ന സൂരജിന്റെ കൈ പതിയെ തന്റെ നെഞ്ചോട് ചേർത്ത് വച്ചു. എന്നെ തനിച്ചാക്കരുതേ എന്ന് പറയുന്നത് പോലെ…. ശേഷം പതിയെ കണ്ണുകൾ മൂടി….

സായിയുടെ മുറുകിയ ഹൃദയംതാളം സൂരജ് തൊട്ടറിഞ്ഞു. അവൻ അനുഭവിക്കുന്ന ആത്മസംഘർഷം എത്രയധികമാണെന്ന് അന്നേരം സൂരജിന് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. സായി ഉറങ്ങും വരെയും അവന്റെ മുടിയിൽ പതിയെ തഴുകി സൂരജ് അവന് കൂട്ടിരുന്നു.

********

സായി ഉറങ്ങി എന്ന് ഉറപ്പാക്കിയ ശേഷം സൂരജ് മുറിക്ക് പുറത്തേക്ക് ഇറങ്ങുമ്പോൾ, മുറിക്ക് പുറത്ത് ചുമരും ചാരി കൃഷ്ണ നിന്നിരുന്നു. ഏറെ നേരമായി അവളാ നിൽപ്പ് തുടരുകയായിരുന്നു എന്ന് തോന്നി സൂരജിന്. കണ്ണുകൾ അടച്ച് എന്തൊക്കെയോ ആലോചിച്ചു നിൽക്കുകയാണ്.

സൂരജ് അവളുടെ അടുത്തേക്ക് ചെന്നു.

“കൃഷ്ണ…”
അവൻ പതിയെ വിളിച്ചു.

കൃഷ്ണ ഞെട്ടിക്കൊണ്ട് കണ്ണ് തുറന്നു.

“സാർ… സായി….”

അവൾ അല്പം തുറന്ന് കിടന്ന വാതിലിലൂടെ തലയെത്തിച്ച് മുറിക്ക് ഉള്ളിലേക്ക് നോക്കിക്കൊണ്ട് വെപ്രാളത്തോടെ ചോദിച്ചു.

“ഉറങ്ങി…..”

സൂരജ് ശാന്തനായി പറഞ്ഞു.
കൃഷ്ണയിൽ നിന്നുമൊരു വീടുവീർപ്പുതീർന്നു വീണു.

“സോറി സാർ…. ഞാൻ… മനഃപൂർവം അല്ല….”

അവൾ തെറ്റ് ചെയ്തത് പോലെ തല കുനിച്ച് നിന്നു.

” സായി…
പെട്ടെന്ന് അവൻ എന്റെ അടുത്ത് വന്നു നിന്നപ്പോ… ഞാൻ എവിടെ ആണെന്ന് ഓർത്തില്ല… എന്താ പറയുന്നേന്ന് ഓർത്തില്ല… സാറെന്നോട് പറഞ്ഞതൊന്നും ഞാൻ അന്നേരം ഓർത്തില്ല….”

വിതുമ്പൽ ഒതുക്കാൻ അവൾ പാട് പെട്ടു.

“എനിക്ക് മനസ്സിലാവും….”

സൂരജ് പുഞ്ചിരിക്കാൻ ശ്രമിച്ചു.

“സായിക്ക്… ഇപ്പൊ എങ്ങനെ?”

കൃഷ്ണ മുഖമുയർത്തി.

” അവന് അന്നത്തെ അപകടത്തിനു ശേഷം ഓവർ സ്‌ട്രെസ് കൊടുക്കുന്ന എന്തെങ്കിലും കാണുകയോ കേൾക്കുകയോ ചെയ്‌താൽ ഇങ്ങനെ ഉണ്ടാവാറുണ്ട്. ഉറങ്ങി എഴുന്നേൽക്കുമ്പോ മാറാറുള്ളതാണ്. ഇന്നിപ്പോ…? എഴുന്നേൽക്കുമ്പോ അറിയാം. ”

സൂരജ് ശബ്ദം ഒതുക്കി പറഞ്ഞു. കൃഷ്ണ വിതുമ്പിപ്പോയി.

” തന്നെ വിഷമിപ്പിക്കാൻ പറഞ്ഞതല്ല കൃഷ്ണ….
തന്നോട് എല്ലാം പറഞ്ഞപ്പോഴേ ഞാൻ കരുതിയതാണ് അവനോടും ഇനി ഒന്നും ഒളിച്ചു വയ്ക്കേണ്ടതില്ല എന്ന്. പക്ഷെ തന്നോട് പറഞ്ഞത് പോലെ പെട്ടെന്ന് അങ്ങനെ ചെന്ന് അവനോട് പറയാൻ പറ്റുമോ?

തന്നോട് ഇപ്പൊ ആരെങ്കിലും വന്ന് താൻ കൃഷ്ണ അല്ല എന്ന് പറഞ്ഞാൽ അത് അംഗീകരിക്കാൻ തനിക്ക് പറ്റുമോ? തന്നെ അത് എത്രത്തോളം ഇറിറ്റേറ്റ് ചെയ്യിക്കും? എത്രത്തോളം അസ്വസ്ഥത ഉണ്ടാക്കും? താൻ അത് അംഗീകരിക്കില്ല. അങ്ങനെ അല്ല എന്ന് ഉറപ്പിച്ചു പറയും. കാരണം പഴയ കാലം തനിക്ക് ഓർമ്മയുണ്ട്. കൃഷ്ണയുടെ അച്ഛനെ… കൃഷ്ണയുടെ അമ്മയെ…. കൃഷ്ണയുടെ സായിയെ…. ഒക്കെ…. ഓർമ്മയുണ്ട്. പക്ഷെ അവനോ…?”

കൃഷ്ണ സൂരജ് പറയുന്നത് ശ്രദ്ധയോടെ കേട്ട് നിൽക്കുകയാണ്.

” തന്റെ ഭൂതകാലം അവന് അറിയില്ല. ഒരു ആക്‌സിഡന്റിൽ ഓർമ്മ നഷ്ടമായി എന്നാണ് ആദ്യം വൈശാലിയും പിന്നീട് ഞാനും ഒക്കെ അവനോട് പറഞ്ഞിരിക്കുന്നത്. അവനെ സംബന്ധിച്ച് അവൻ സൂര്യയാണ്. ഞാൻ അവന്റെ ഏട്ടൻ ആണ്. എന്റെ അമ്മ അവന്റെ സ്വന്തം അമ്മയാണ്. ഞങ്ങൾ മാത്രമാണ് അവന് അറിയുന്ന ബന്ധം.

അതങ്ങനെ അല്ല എന്ന് പറയുമ്പോ അത് അംഗീകരിക്കാൻ അവന്റെ മനസ്സ് വിസമ്മതിക്കും. താൻ സായി അല്ല സൂര്യ ആണ് എന്ന് വിശ്വസിക്കാൻ ശ്രമിക്കും. പക്ഷെ, അപ്പോഴും അവന് അത് ഉറപ്പിക്കാൻ പറ്റില്ല. കാരണം… നമ്മളെപ്പോലെ അവനവന്റെ കുട്ടിക്കാലം അറിയില്ല. കൗമാരമോ യൗവനമോ അറിയില്ല. അവനെ സംബന്ധിച്ച് അവൻ സൂര്യയാണ്.

മുൻപ് ആരായിരുന്നു എന്ന് ഓർത്തെടുക്കാൻ ശ്രമിച്ചാലൊട്ട് കഴിയുകയുമില്ല…. അതിന്റെ കൂടെ ഇപ്പൊ അവന് കൃഷ്ണ അവന്റെ ആരോ ആണ് എന്ന ഒരു തോന്നലും ഉണ്ട്. അത് അവന്റെ അസ്വസ്ഥത കൂട്ടും….”

കൃഷ്ണ കുറ്റബോധത്തോടെ മുഖം കുനിച്ച് കളഞ്ഞു.

” ഇതൊന്നും ഞാൻ പറഞ്ഞതല്ല. തന്നോട് എല്ലാം തുറന്ന് പറഞ്ഞപ്പോ അവനോടും പറയാം എന്ന് ഞാൻ ആലോചിച്ചതാണ്. അപ്പൊ വൈശാലിയാണ് പറഞ്ഞത് ഡോക്ടർ രാജഗോപാലിന്റെ ഒപ്പീനിയൻ കൂടി ഒന്ന് ചോദിക്കാമെന്ന്. അദ്ദേഹം ആണല്ലോ അവനെ ട്രീറ്റ് ചെയ്തിരുന്നത്.

പെട്ടെന്ന് ഒരു ദിവസം സായിയോട് ചെന്ന് അവൻ സൂര്യ അല്ല എന്ന് പറഞ്ഞാൽ അവന്റെ മാനസികാവസ്ഥ എങ്ങനെ ആയിരിക്കും എന്ന് അദ്ദേഹമാണ് എനിക്ക് പറഞ്ഞു തന്നത്. അതിന്റെ കൂടെ സായിയോട് എല്ലാം പറയുന്നത് ഒരു സൈക്കോളജിസ്റ്റിന്റെ പ്രസൻസിൽ ആകുന്നതാകും നല്ലത് എന്നും അദ്ദേഹം പറഞ്ഞു.

അന്ന് സായി റിക്കവർ ആയ ശേഷം അവൻ ഒന്ന് നോർമൽ ആകാൻ ഒന്ന് രണ്ട് കൗൺസിലിംഗ് സെഷൻസ് വേണ്ടി വന്നിരുന്നു. അന്നത് ചെയ്തത് ഡോക്ടർ രാജഗോപാലിന്റെ കൊളീഗ് ആയ ഡോക്ടർ പ്രമീളയാണ്. ആളിപ്പോ കോട്ടയത്ത്‌ ഒരു ഹോസ്പിറ്റലിൽ ആണ് ജോലി നോക്കുന്നത്. സായിയേം കൂട്ടി പുള്ളിക്കാരിയെ പോയി കണ്ടാലോ എന്ന് ആലോചിച്ചിരിക്കുവായിരുന്നു ഞങ്ങൾ…. അപ്പോഴാണ്….”

കൃഷ്ണ വിതുമ്പിപ്പോയി…
അവൾ പെട്ടെന്ന് തന്റെ വായ പൊത്തിപ്പിടിച്ചു.

” ഏയ്‌… താൻ ഇങ്ങനെ ഇമോഷണൽ ആകാതെ…. എപ്പോഴായാലും പറയേണ്ടതല്ലേ? അവൻ സത്യമൊക്കെ അറിയേണ്ടതല്ലേ?

സത്യത്തിൽ തെറ്റ് ചെയ്തത് ഞങ്ങളാണ്. അപ്പൊ അവന്റെ സേഫ്റ്റിയ്ക്ക് മാത്രമേ ഞങ്ങൾ ഇമ്പോർട്ടൻസ് കൊടുത്തുള്ളൂ… അത് കാരണം അവന് പിന്നീട് ഉണ്ടായേക്കാവുന്ന പ്രയാസങ്ങൾ ഓർത്തില്ല എന്ന് തന്നെ പറയാം.

ഒരാളുടെ ഐഡന്റിറ്റി തന്നെ മാറ്റുക… അതും അയാൾ അറിയുക പോലും ചെയ്യാതെ… ശരിക്കും അതൊരു വലിയ ക്രൈം ആണ്. ആ ആളിനെ കൊല്ലുന്നതിനു തുല്യം…! അതിനി എന്തിന്റെ പേരിൽ ആയാലും….”

സൂരജ് കണ്ണുകൾ അടച്ച് ഒന്ന് നീട്ടി ശ്വാസം എടുത്തു.

” സാറങ്ങനെ ഒന്നും പറയണ്ട. അന്നങ്ങനെ ചെയ്തത് കൊണ്ടല്ലേ ഇന്ന് എനിക്ക് എന്റെ സായിയെ തിരികെ കിട്ടിയത്? ഇല്ലെങ്കിൽ ചിലപ്പോ നിങ്ങൾ പേടിച്ചത് പോലെ….”

കൃഷ്ണ ഒന്ന് നിർത്തിയ ശേഷം സൂരജിന് മുന്നിൽ കൈ കൂപ്പി.

“നന്ദിയുണ്ട്… എന്റെ സായിയെ തിരികെ തന്നതിന്….”

” നന്ദിയോ? എന്തിന്? സായിയും എന്റെ അനിയൻ തന്നെ ആയിരുന്നു കൃഷ്ണ. പിന്നെ അന്ന് സായിയെ രക്ഷിച്ചതും അവനെ സൂര്യ ആക്കിയതും ഒക്കെ വൈശാലിയാണ്. എനിക്കന്ന് പകുതി ബോധം പോലും ഉണ്ടായിരുന്നില്ല.”

അവൻ ഒരു മങ്ങിയ ചിരി ചിരിച്ചു.

” ഞാൻ ഒന്ന് വൈശാലിയെയും ഡോക്ടർ രാജഗോപാലിനെയും വിളിക്കട്ടെ. പറ്റുമെങ്കിൽ സായി ഉണർന്നിട്ട് നമുക്ക് ഡോക്ടർ പ്രമീളയെ ഒന്ന് പോയി കാണാം.”

സൂരജ് പോക്കറ്റിൽ നിന്നും മൊബൈലും എടുത്തു മുന്നോട്ട് നടക്കാൻ ഒരുങ്ങി.

“ലക്ഷ്മിയമ്മ….”

കൃഷ്ണ എന്തോ പറയാൻ ഒരുങ്ങിയതും സൂരജ് തിരിഞ്ഞു നിന്നു.

തുടരും