20/04/2026

പ്രണയിനി : ഭാഗം 35

രചന – ഗംഗ ശലഭം

 

സൂരജിൽ നിന്നും സായി സൂര്യയായ കഥ കൃഷ്ണ അറിഞ്ഞു. ഒരു കടംകഥ കേൾക്കുന്നത് പോലെയാണ് അവളത് കേട്ട് നിന്നത്.

***********
സാരംഗി മരണപ്പെട്ട ദിവസം….
ശ്രീനാഥ് സുഹൃത്തിനോട് ഫോണിൽ തന്റെ സന്തോഷം പങ്ക് വയ്ക്കുകയാണ്.

ഫോണിലൂടെ സംസാരിച്ചതൊക്കെ കേട്ട് അടഞ്ഞു കിടന്ന വാതിലിനപ്പുറം ഒരാൾ തറഞ്ഞു നിൽപ്പുണ്ടെന്ന് ശ്രീനാഥ് അന്നേരം അറിഞ്ഞില്ല.

ശ്രീനാഥിന്റെ മുറിക്ക് പുറത്ത് നിന്നും ശബ്ദം ഉണ്ടാക്കാതെ ഡോർ ലാച്ച് ചെയ്ത ശേഷം തന്റെ മുറിയിലേക്ക് പായുകയായിരുന്നു സായി. ഒരു സുഹൃത്തിനെ കാണാനുണ്ടായിരുന്നത് കൊണ്ടാണ് സാരംഗിയോടൊപ്പം അവൻ പോകാതിരുന്നത്. അത് കൊണ്ട് മാത്രമാണ് തനിക്ക് ഈ ഗൂഡാലോചന മനസ്സിലാക്കാനായതെന്ന് സായി ചിന്തിച്ചു.

മുറിയിൽ എത്തിയതും മൊബൈൽ എടുത്ത് ആദ്യം സാരംഗിയെ വിളിച്ചു. അവൾ എടുക്കാതായപ്പോൾ വർമ്മയെ വിളിച്ചു. വർമ്മയും കാൾ എടുക്കുന്നില്ല എന്ന് കണ്ടവൻ തളർച്ചയോടെ ബെഡിലേക്കിരുന്നു. വല്ലാത്ത ഭയം മനസ്സിനെ ബാധിച്ചാൽ ബുദ്ധിയും പ്രവർത്തിക്കാതാകുമെന്ന് ആ നിമിഷം സായിക്ക് മനസ്സിലായി.

പെട്ടെന്ന് എന്തോ ഓർത്തത് പോലെ മൊബൈൽ എടുത്ത് അവൻ മറ്റൊരു നമ്പർ ഡയൽ ചെയ്തു.

” സൂരജേട്ടാ…. ഇപ്പൊ എവിടാ?”

“എന്താടാ എന്ത് പറ്റി?”

സായിയുടെ ശബ്ദത്തിലെ പരിഭ്രാന്തി തിരിച്ചറിഞ്ഞ് സൂരജും ഭയന്നു. സായിയുടെ ഏറ്റവും അടുത്ത സുഹൃത്തും ജേഷ്ഠതുല്യനുമായ ആളാണ്‌ സൂരജ്.

“സൂരജേട്ടൻ ഇപ്പൊ എവിടാന്ന് പറ?”

സായി വെപ്രാളപ്പെട്ടു.

” ഞാൻ ഇവിടെ ഓഫീസിലാടാ… പെട്ട് പോയി. വിചാരിച്ച പോലെ സമയത്തിന് ഇറങ്ങാൻ പറ്റീല്ല. അച്ഛനും നന്ദുവും മോളും, വർമ്മ അങ്കിളിന്റേം സാരംഗിടേം കൂടെ പോയിട്ടുണ്ട്. നീയെന്താ അവരുടെ ഒപ്പം വരാത്തെ?”

” അപ്പൊ നന്ദുവേച്ചി അച്ഛന്റേം സാരുവിന്റേം കൂടെ ഉണ്ടോ? എന്നാൽ ഏട്ടൻ പെട്ടെന്ന് ചേച്ചിയെ വിളിക്ക്…”

സായിയുടെ ശബ്ദം വിറച്ചു.

“എന്താടാ? എന്താ പ്രശ്നം?”

സൂരജ് ജാഗ്രതയോടെ ചോദിച്ചു.

ശ്രീനാഥിൽ നിന്നും അറിഞ്ഞ വിവരങ്ങൾ പങ്ക് വയ്ക്കുമ്പോൾ സായിയിലെ ഭയം സൂരജിലേക്കും വ്യാപിച്ചിരുന്നു.

“നീ ടെൻഷൻ ആകാതെ ഞാൻ ഇപ്പൊ തന്നെ നന്ദുനെ വിളിക്കാം.”

സൂരജ് കാൾ കട്ട് ചെയ്തു.

ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം സായി മൊബൈൽ പിടിച്ചിരുന്നു. എന്തോ ഓർത്തത് പോലെ സൂരജിനെ വിളിച്ച നമ്പർ കാൾ ലോഗിൽ നിന്നും അവൻ ഡിലീറ്റ് ചെയ്തു കളഞ്ഞു.

പെട്ടെന്നാണ് മാധവൻ തമ്പിയെക്കുറിച്ച് ശ്രീനാഥ് സംസാരിച്ച കാര്യങ്ങൾ അവന്റെ മസ്‌തിഷ്കത്തിലേക്ക് എത്തിയത്. വർമ്മയെയും സാരംഗിയെയും പോലെ തമ്പിയുടെ ജീവനും അപകടത്തിലാണ്….!

ഉടൻ തന്നെ അവൻ ശ്രീദേവിനെ വിളിച്ച് അറിഞ്ഞ കാര്യങ്ങൾ ധരിപ്പിച്ചു. തമ്പിയെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി.

സംസാരിച്ചു നിൽക്കെ ആരോ റൂമിന്റെ ഡോർ തുറക്കുന്ന ഒച്ച കേട്ടു. മൊബൈൽ ചെവിയിൽ തന്നെ വച്ച് സായി തിരിഞ്ഞു നോക്കി. ശ്രീനാഥിനെ മുറിയിൽ കണ്ട് അവൻ അമ്പരന്നു. ഇവൻ എങ്ങനെ മുറിയിൽ നിന്നും പുറത്തിറങ്ങി എന്ന് ചിന്തിച്ചതും ശ്രീനാഥിന് തൊട്ട് പിറകിലായി സായി മറ്റൊരുവനെ കൂടി കണ്ടു…..

ഇരുവരെയും പ്രതിരോധിച്ചു നിൽക്കാൻ സായി ശ്രമിച്ചു എങ്കിലും അധികനേരം അവരെ എതിർത്തു നിൽക്കാൻ അവന് കഴിഞ്ഞില്ല.

**************

“നന്ദു….”

“നന്ദു അല്ല മോനെ… ഞാനാ… അവൾ ഫോൺ എടുക്കാൻ മറന്നു.”

നന്ദുവിന്റെ അമ്മയുടെ ശബ്ദം കേട്ടതും കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ സൂരജ് ഉടനെ കാൾ കട്ടാക്കി.

ഇനിയിപ്പോൾ ആരെ വിളിക്കും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് വൈശാലിയുടെ മുഖം അവന്റെ മനസ്സിലേക്ക് എത്തിയത്. സൂരജ് അപ്പോൾ തന്നെ വൈശാലിയെ കാൾ ചെയ്തു.

വൈശാലി അന്ന് യു പി എസ് സി എക്സാം എഴുതി റിസൾട്ട്‌ പ്രതീക്ഷിച്ചു നിൽക്കുന്ന സമയം. ഒപ്പം സൂരജിന്റെ തന്നെ സ്ഥാപനത്തിൽ എച്ച് ആർ അസിസ്റ്റന്റ് മാനേജർ ആയിട്ട് ജോലിയും നോക്കുന്നുണ്ട്.

വൈശാലിയുടെ വീടിനടുത്തായിട്ടാണ് വർമ്മ ഫങ്ക്ഷന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കിയിരുന്ന ഫൈവ് സ്റ്റാർ ഹോട്ടൽ. വൈശാലിയെ വിളിക്കുമ്പോൾ സൂരജിനേക്കാൾ വേഗത്തിൽ അവൾക്ക് വർമ്മയെ കോൺടാക്ട് ചെയ്യാൻ കഴിയും എന്നൊരു പ്രതീക്ഷ അവനുണ്ടായിരുന്നു. ഐ പി എസ് നേടി പോലീസ് യൂണിഫോം അണിയണം എന്ന മോഹമുള്ളവൾക്ക് ഉള്ളിലെ പോലീസ് ബുദ്ധി മറ്റാരേക്കാളും സൂരജിന് വ്യക്തമായി അറിയാമായിരുന്നു.

എന്നാൽ വൈശാലിക്ക് എന്തെങ്കിലും ചെയ്യാനാകുന്നതിനു മുന്നേ വർമ്മയും സാരംഗിയും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു കഴിഞ്ഞിരുന്നു.

വർമ്മയ്ക്കും സാരംഗിയ്ക്കും ഒപ്പം സൂരജിന്റെ അച്ഛനും ഭാര്യയും കുഞ്ഞും മരണപ്പെട്ടു.

അതേ സമയം വൈശാലിയുടെ നിർദ്ദേശപ്രകാരം സാരംഗിയുടെ ആഡംബര ഫ്ലാറ്റിൽ എത്തിയ വൈശാലിയുടെ സുഹൃത്തിന് അവിടെ സായിയെയും ശ്രീനാഥിനെയും കണ്ടെത്താനായില്ല. ശ്രീനാഥിനെ അന്വേഷിച്ച് ഒരാൾ വന്നിരുന്നു എന്ന് സെക്യൂരിറ്റി പറയുക കൂടി ചെയ്തതോടെ സായിയുടെ മിസ്സിംഗിന് പിന്നിൽ ശ്രീനാഥ് ആണെന്ന് വൈശാലി ഉറപ്പിച്ചു.

സൂരജാകട്ടെ സായിയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്ത ഒരു മാനസികാവസ്ഥയിൽ ആയിരുന്നു അപ്പോൾ…. ജീവിതത്തിൽ ഏറ്റവും അധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത അച്ഛൻ, ഭാര്യ, പ്രാണനെപ്പോലെ കരുതിയ മകൾ….
മൂന്ന് മരണങ്ങൾ….
അത് സൂരജിന്റെ ജീവിതത്തിൽ സൃഷ്‌ടിച്ച ശൂന്യത ചെറുതായിയുന്നില്ല. അവനാകെ തകർന്നു പോയി. അതുമായി പൊരുത്തപ്പെടാൻ അത്ര പെട്ടെന്നൊന്നും അവന്റെ മനസ്സിന് കഴിയുമായിരുന്നില്ല.

എന്നാൽ ശ്രീനാഥിന് പിറകെ വൈശാലി ഉണ്ടായിരുന്നു. ശ്രീനാഥിന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കാനുള്ള ഏർപ്പാടുകൾ അവൾ ചെയ്തിരുന്നു.

അപകടം നടന്നതിന്റെ അന്ന് രാത്രി ശ്രീനാഥിനെ പിന്തുടർന്ന് സ്റ്റീഫന്റെ രഹസ്യ സംഗേദത്തിലേക്ക് വൈശാലിയും അവളുടെ സുഹൃത്തും എത്തുന്നത് അങ്ങനെയാണ്.

അവിടെ എത്തുമ്പോൾ, സായി മരണപ്പെട്ടു എന്ന് കരുതി അവനെ ചാക്കിലാക്കി കാറിന്റെ ഡിക്കിയിലേക്ക് ഇടുന്ന ഇർഷാദിനേയും കൂട്ടാളിയേയുമാണ് വൈശാലി കാണുന്നത്. അവൾ തന്റെ വാഹനത്തിൽ അവരെ പിന്തുടർന്നു.

വഴിയിൽ പോലീസിനെക്കണ്ട് ഇർഷാദ് കാർ നിർത്തുന്നതും തുടർന്ന് സായിയെ കുറ്റിക്കാട്ടിൽ ഒളിപ്പിക്കുന്നതും കുറച്ചു മാറി നിർത്തിയിട്ട തന്റെ കാറിൽ ഇരുന്ന് കൊണ്ട് വൈശാലി കണ്ടു. വൈശാലിയും സുഹൃത്തും ചേർന്ന് സായിയെ ഹോസ്പിറ്റലിൽ എത്തിച്ചു. ഇരുമ്പ് കസേര കൊണ്ടുള്ള ശക്തിയായ പ്രഹരത്തിൽ സായി ആണെന്ന് പോലും തിരിച്ചറിയാനാകാത്ത വിധം അവന്റെ മുഖമാകെ തകർന്നു പോയിരുന്നു. ഹോസ്പിറ്റലിൽ എത്തിക്കുമ്പോഴേക്കും സായി മരണപ്പെട്ടു എന്ന് തന്നെയാണ് വൈശാലിക്കും തോന്നിയത്.

*************

എന്തെങ്കിലും ലോജിക് ഇല്ലായ്മ തോന്നിയാൽ ഉറപ്പായും പറയണേ… ഞാൻ തിരുത്താം.