The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ഗംഗ ശലഭം
റയിൽവേ സ്റ്റേഷനിൽ ഇറങ്ങി ലഗേജും എടുത്തു ടാക്സി സ്റ്റാൻഡ് വരെ നടക്കുമ്പോഴേക്കും വിയർത്തു പോയിരുന്നു സൂര്യ. അവന്റെ നെറ്റിയിലേക്ക് വീണു കിടന്നിരുന്ന നീണ്ട മുടിയിഴകൾ ഒക്കെ വിയർപ്പിൽ കുതിർന്നിരുന്നു.
” ചേട്ടാ…. കുറച്ചു നേരം ആരുടേം ശല്യം ഇല്ലാതെ സ്വസ്ഥമായിട്ട് ഇരിക്കാൻ പറ്റിയ സ്ഥലം വല്ലതും ഉണ്ടോ ഇവിടെ?”
ഒരു ടാക്സി വിളിച്ച് ലഗേജോക്കെ അതിന്റെ ഡിക്കിയിലേക്ക് വച്ച് ടാക്സിക്ക് ഉള്ളിലേക്ക് കയറി ഇരുന്നു കൊണ്ട് സൂര്യ ചോദിച്ചു.
അല്പം പ്രായം ചെന്ന ടാക്സി ഡ്രൈവർ അവനെ തിരിഞ്ഞു നോക്കി.
“മോൻ എന്താ ഉദ്ദേശിച്ചത്?”
” അതായത്….. കുറച്ചു പ്രകൃതി രമണീയമായ ഒരിടം. തണുത്ത അന്തരീക്ഷം…. ആരുടേം ഡിസ്റ്റർബൻസ് ഇല്ലാതെ എനിക്ക് ഇത്തിരി നേരം സ്വസ്ഥമായി ഇരിക്കണം.”
കണ്ണാടി ഊരി കണ്ണുകളിൽ പൊടിഞ്ഞിരുന്ന വിയർപ്പൊപ്പി പിന്നെയും കണ്ണുകളിലേക്ക് തന്നെ വച്ചു സൂര്യ.
” ഇവിടെ ഒരു കുന്നുണ്ട്. ‘കാനായിക്കുന്ന്….’
കേട്ടിട്ടുണ്ടോ?”
” ഇല്ല…. ഞാൻ ഇവിടെ പുതിയതാ….”
” ഇവിടുന്ന് കുറച്ചു ദൂരമുണ്ട്…. നല്ല ഉയരത്തിലാ… അത് കൊണ്ട് ഈ ചൂടത്തും അവിടെ ചെറിയ തണുപ്പ് കാണും. കേറി കണ്ടാൽ ഇറങ്ങാൻ തോന്നൂല്ല…. അവിടെ നിന്നാ കേരളം മുഴുവൻ കാണാന്ന് തോന്നും. പിന്നെ സ്ഥലം കാണാൻ വരുന്ന കുറച്ചു പേരൊക്കെ കാണും. പക്ഷെ സൂപ്പർ സ്ഥലമാണ്….”
അയാൾ ഇഷ്ടത്തോടെ വിശദീകരിക്കുകയാണ്.
“എന്നാപ്പിന്നെ അങ്ങോട്ട് പോവാം ചേട്ടാ….”
സൂര്യ പറഞ്ഞതും അയാൾ തലയാട്ടിക്കൊണ്ട് വണ്ടി മുന്നോട്ടെടുത്തു.
കാനായിക്കുന്നിന് മുകളിലേക്ക് കയറി നിൽക്കുമ്പോൾ ആ ഡ്രൈവർ പറഞ്ഞതിലും സുന്ദരമാണ് അവിടം എന്ന് തോന്നി സൂര്യയ്ക്ക്.
അങ്ങ് ദൂരെ സൂര്യൻ കൊതിപ്പിക്കുന്നൊരു പഴം പോലെ ചുവന്നു തുടുത്തു അസ്‌തമിക്കാൻ ഒരുങ്ങി നിൽപ്പുണ്ട്. ചുറ്റുമുള്ള മേഘക്കൂട്ടങ്ങൾക്കും സൂര്യൻ ചുവന്ന ചായം പൂശിയിരിക്കുന്നു….! സൗര്യനെ എത്തിപ്പിടിക്കാൻ മത്സരിച്ച് പേരറിയാത്ത ഏതൊക്കെയോ മരങ്ങളുടെ കൂട്ടങ്ങൾ തലയുയർത്തി നിൽക്കുന്നു. അതിനൊപ്പം കൂട് തേടി പറന്നകലുന്ന പറവകളും ചേരവേ ഏതോ ചിത്രകാരൻ സൂക്ഷ്മമായി വരച്ചു ചേർത്തൊരു ചിത്രം പോലെ തോന്നി അവന്….!
കണ്ണെടുക്കാൻ തോന്നാത്തത്ര മനോഹരമായൊരു ചിത്രം…!
ചൂട് കാലവസ്ഥ ആയിട്ട് കൂടി അവിടുത്തെ അന്തരീക്ഷത്തിൽ ആകെ പുതുമഴ പെയ്തു തോർന്നത് പോലൊരു കുളിര് അനുഭവപ്പെടുന്നുണ്ട്. അസ്തമയം കാണാൻ വന്ന ആളുകൾ അവിടവിടെയായി ചിതറി നിൽക്കുന്നു. എങ്കിലും ഒട്ടും തിരക്ക് അനുഭവപ്പെടുന്നില്ല.
സൂര്യ ചുറ്റിനും ഒന്ന് കണ്ണോടിച്ചു.
ഇവിടെ വന്നത് മുതൽ മുൻപ് എപ്പോഴോ കണ്ട് മറന്നത് പോലെ തോന്നുന്നത് എന്ത് കൊണ്ടാകും എന്നവൻ ചിന്തിച്ചു.
താൻ ഇവിടെ വന്നിട്ടില്ല. എന്നിട്ടും എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു തോന്നൽ?
അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ കുറച്ചു നാളായി ഊര്തെണ്ടൽ ആയിരുന്നില്ലേ? എവിടെ എങ്കിലും ഇത് പോലെ ഒരു സ്ഥലം കണ്ടിട്ടുണ്ടാവണം.
സൂര്യ തന്നെ തന്റെ സംശയത്തിന് ഉത്തരവും കണ്ടെത്തി.
ചില മരങ്ങളുടെ കീഴിൽ കല്ലു കൊണ്ടുള്ള ഇരിപ്പിടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സൂര്യ അവയിൽ ഒന്നിലേക്ക് ചെന്നിരുന്നു. ഭാരം കുറഞ്ഞ ബാഗ്പാക്ക് അവൻ തനിക്ക് അരികിലായി തന്നെ വച്ചു. കരിങ്കല്ല് കൊണ്ടുണ്ടാക്കിയ ആ ഇരിപ്പിടം മഞ്ഞു വീണാൽ എന്നപോലെ തണുത്തു കിടന്നിരുന്നു. സൂര്യയുടെ ശരീരമാകെ നേർത്തൊരു കുളിര് പൊതിഞ്ഞു.
അസ്തമയ സൂര്യനെത്തന്നെ നോക്കിയിരുന്നു അവൻ.
പെട്ടെന്നാണ് തനിക്ക് തൊട്ട് മുന്നിലായി രണ്ടു പേര് നിൽക്കുന്നത് പോലെ സൂര്യയ്ക്ക് തോന്നിയത്.
ഒരു സ്ത്രീയും പുരുഷനും….
അവന്റെ കൈ കോർത്തു പിടിച്ച് അസ്തമയ സൂര്യനെ നോക്കി നിൽക്കുകയാണ് ആ പെൺകുട്ടി. അലസമായി തോളിൽ ഇട്ടിരിക്കുന്ന ഇളം പിങ്ക് നിറത്തിലുള്ള സാരിയുടെ മുന്താണി കാറ്റിൽ ഇളകി പറക്കുന്നു. മുടിയിഴകളിൽ ചിലത് അവളുടെ കവിളിണകളെ ചുംബിച്ചു കിടക്കുന്നു.
ഒന്ന് നോക്കിയാൽ നോട്ടത്തെ പിടിച്ചു വയ്ക്കുന്ന വിധം സുന്ദരിയായൊരു പെൺകുട്ടി….
പീലികൾ തിങ്ങിയ വിടർന്ന കണ്ണുകളിൽ അതിശയം നിറച്ച് അസ്തമയം കാണുകയാണവൾ……
എന്നാൽ ആ ചെറുപ്പക്കാരന്റെ കണ്ണുകൾ അവളിലാണ്. അസ്തമയ സൂര്യനെക്കാൾ സുന്ദരിയായ അവളുടെ മുഖത്തേക്ക് പ്രണയത്തോടെ നോക്കി നിൽക്കുകയാണവൻ…!
അവന്റെ വിരലുകൾ അവളുടെ മുടിയിഴകളെ ചെവിക്ക് പിന്നിലേക്ക് ഒതുക്കി വയ്ക്കവേ കണ്ണെടുക്കാതെ സൂര്യനെ നോക്കി നിന്നവളുടെ ചുണ്ടുകളിൽ തെളിഞ്ഞ പുഞ്ചിരിക്ക് മഴവില്ലഴക്….!
ആ ചെറുപ്പക്കാരനെ സൂര്യയ്ക്ക് പരിചയം തോന്നിയില്ല. പക്ഷെ ആ പെൺകുട്ടി…. അവളുടെ മുഖം…..!
തലയ്ക്കുള്ളിൽ ഒരു സ്ഫോടനം നടക്കുന്നത് പോലെ തോന്നി സൂര്യയ്ക്ക്.
മുന്നിൽ കാണുന്നത് യാദാർഥ്യമല്ല… മിഥ്യയാണ്. അത് മനസ്സിലാകുന്നുണ്ട്. എങ്കിലും കണ്മുന്നിൽ നിന്നത് മാഞ്ഞു പോകുന്നില്ല.
ആ പെൺകുട്ടിയുടെ മുഖത്തേക്ക് നോക്കും തോറും ഹൃദയത്തിന് ഭാരം കൂടുന്നതറിഞ്ഞു സൂര്യ. തൊണ്ട വരളുന്നു. ശ്വാസം വിലങ്ങുന്നത് പോലെ… മസ്‌തിഷ്കത്തിൽ ഒരായിരം വണ്ടുകൾ ഒരുമിച്ച് മൂളിപ്പറക്കുന്നു.
ഇരു കൈകൾ കൊണ്ടും കണ്ണ് മൂടി തല വെട്ടിച്ചു കൊണ്ട് മുന്നിൽ കാണുന്ന മായക്കാഴ്ചയെ ആട്ടി അകറ്റാൻ നോക്കി സൂര്യ.
************
സൂരജ് ആരെയോ ഫോൺ വിളിച്ചിട്ട് കിട്ടാത്തതിന്റെ ദേഷ്യത്തിൽ മൊബൈൽ ടേബിളിലേക്കിട്ട് കുളിക്കാനുള്ള ടവലുമെടുത്തു ബാത്ത്റൂമിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് രാജലക്ഷ്മി മുറിയിലേക്ക് വന്നത്.
” സൂരജ്… ”
ഗൗരവത്തോടെ രാജലക്ഷ്മി വിളിച്ചതും സൂരജ് തിരിഞ്ഞ് നിന്നു.
” നിന്റെ ആഗ്രഹം പോലെ കൃഷ്ണയും കുഞ്ഞും പൊയ്ക്കോളും. അടുത്ത ആഴ്ച ഉണ്ണിമോളുടെ പിറന്നാളാണ്. അത് വരെ ഇവിടെ തങ്ങാൻ ഞാൻ പറഞ്ഞിട്ടുണ്ട്. ഇനി അതിനും നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടാവോ?”
എത്ര അടക്കാൻ ശ്രമിച്ചിട്ടും രാജലക്ഷ്മിയുടെ സ്വരത്തിൽ പരിഭവമോ ദേഷ്യമോ ഒക്കെ കലർന്നു പോയി.
” ഇനിയിപ്പോ അത് വേണ്ടമ്മേ… അവരിവിടെ വേണം. എന്നാലേ കാര്യങ്ങൾ ഒക്കെ നടക്കൂ….”
സൂരജ് പെട്ടെന്ന് പറഞ്ഞു.
“കാര്യങ്ങളോ? എന്ത് കാര്യങ്ങൾ…?”
രാജലക്ഷ്മി സംശയത്തോടെ കണ്ണ് കൂർപ്പിച്ച് , നെറ്റി ചുളിച്ച് സൂരജിനെ നോക്കി.
“അത്… പിന്നെ….”
അബദ്ധം പിണഞ്ഞത് പോലെ സൂരജ് നാവ് കടിച്ചു.
” അത്…. അമ്മേ…. അത് പിന്നെ… ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അയാള് കൂടി ഉള്ളത് കൊണ്ടല്ലേ സ്മൂത്ത് ആയിട്ട് പോകുന്നത്? ഇല്ലെങ്കിൽ അമ്മയ്ക്ക് ഒറ്റയ്ക്ക് എല്ലാം ചെയ്യണ്ടേ? അങ്ങനെ പറഞ്ഞതാ ഞാൻ….”
അവൻ പറഞ്ഞൊപ്പിച്ചു.
രാജലക്ഷ്മി പുച്ഛത്തോടെ ചിരിച്ചു.
” എന്റെ മോന് ഇപ്പോഴാണോ അമ്മേടെ വിഷമം മനസ്സിലായത്?
എന്നാലേ ഞാൻ കുറച്ചു വിഷമിച്ചോളാം. എന്നാലും ഇനി കൃഷ്ണയും മോളും ഇവിടെ നിൽക്കുന്നില്ല. അടുത്ത സൺഡേ കുഞ്ഞിന്റെ പിറന്നാള് കഴിഞ്ഞാൽ പിറ്റേന്ന് അവര് രണ്ടും അങ്ങോട്ട് മാറും. ഇനി ആർക്കും അവരൊരു ശല്യം ആവണ്ട….!”
അവസാന തീരുമാനം പോലെ അത്രയും പറഞ്ഞ് അവർ മുറിവിട്ട് പോയി.
സൂരജ് തലയിൽ കൈ താങ്ങി ബെഡിലേക്കിരുന്നു. കൃഷ്ണയെയും കുഞ്ഞിനേയും ഇവിടെ നിന്നും മാറ്റണം എന്ന് പറയാൻ തോന്നിയ നിമിഷത്തെ അവൻ ഉള്ളാലെ പഴിച്ചു.
************
വായിക്കുന്നവർ അഭിപ്രായം പറയാതെ പോകല്ലേ….