20/04/2026

പ്രണയിനി : ഭാഗം 24

രചന – ഗംഗ ശലഭം

 

കൃഷ്ണയുടെ മുഖം പെട്ടെന്ന് വല്ലാതായി.

സൂരജിനെക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നത് പോലും ശരിയല്ല. മോളോട് സംസാരിക്കുമ്പോ ആ കണ്ണുകളിൽ നിറഞ്ഞ വാത്സല്യം മാത്രമാണ് കാണാറ്.

സൂര്യയ്ക്കും മോളെ വലിയ ഇഷ്ടമാണെന്ന് ഈ കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങൾ കൊണ്ട് തന്നെ മനസ്സിലായതാണ്. ഇപ്പോഴാകട്ടെ തന്റെ നേർക്കുള്ള നോട്ടങ്ങൾ പോലും വിരളമാണ്. തങ്ങളുടെ നോട്ടങ്ങൾ തമ്മിൽ കോർക്കാതിരിക്കാൻ സൂര്യ ഇപ്പൊൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് എന്ന് കൃഷ്ണ ഓർത്തു. ഒരുപക്ഷെ അവന്റെ നോട്ടം തന്നെ അസ്വസ്ഥയാക്കുന്നു എന്ന് മനസ്സിലാക്കിയത് കൊണ്ടാകാം…..

താൻ മനസ്സിൽ പോലും ചിന്തിക്കാത്ത കാര്യമാണ് രാജലക്ഷ്മി പറഞ്ഞതെന്ന് ഓർത്തപ്പോൾ കൃഷ്ണക്ക് വേദന തോന്നി. താൻ അങ്ങനെ ചിന്തിക്കും എന്നാണോ ലക്ഷ്മിയമ്മ കരുതിയിരിക്കുന്നത്? ഇനിയും അവർക്ക് തന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ലേ?

“ലക്ഷ്മിയമ്മേ…. ഞാൻ അങ്ങനെ ഒന്നും….”

അവൾ പറഞ്ഞു തുടങ്ങിയതും രാജലക്ഷ്മി ഉറക്കെ പൊട്ടിച്ചിരിച്ചു.

” എന്റെ പൊന്ന് കുഞ്ഞേ… ഞാൻ അത് വെറുതെ പറഞ്ഞതാ…. ഇനി അതും പറഞ്ഞു വിഷമിക്കല്ലേ നീ..? ”

അവരത് പറഞ്ഞതും കൃഷ്ണ രാജലക്ഷ്മിയേ നോക്കി ഒരു ചമ്മിയ ചിരി ചിരിച്ച ശേഷം തിരിഞ്ഞ് ഉണ്ണിമോളേ നോക്കി.

” അവളെ നോക്കണ്ട. അവള് വരാൻ റെഡിയായി ഇരിക്കുവാ…. അമ്മ സമ്മതിച്ചാൽ മാത്രം മതി. അല്ലേടി കുറുമ്പി…? ”

സൂര്യ കുഞ്ഞിന്റെ മൂക്കിൽ പിടിച്ചു കൊഞ്ചിച്ചു. ഉണ്ണിമോള് സൂര്യയെ നോക്കി ചിരിച്ച ശേഷം കൃഷ്ണയെ നോക്കി. അവളോട് സമ്മതം ചോദിക്കുന്നത് പോലെ….

“ഉണ്ണിമോക്ക് പോണോങ്കി പൊയ്ക്കോട്ടേ…”

കൃഷ്ണ പറഞ്ഞതും ഉണ്ണിമോള് പനിനീർ പൂവ് പോലെ വിടർന്നു ചിരിച്ചു.

“ഞാൻ പറഞ്ഞില്ലേ അമ്മ സമ്മതിക്കും എന്ന്…. അപ്പൊ കുറുമ്പിക്ക് സംശയം. ഇപ്പൊ എന്തായി?”

സൂര്യ ചോദിക്കുന്നുണ്ട്.

ഉണ്ണിമോള് നിറഞ്ഞ ചിരിയോടെ അവനെ ചുറ്റിപ്പിടിച്ചിരിക്കുന്നു.

ഉണ്ണിമോളുടെ ചിരി….!
കൃഷ്ണയുടെ നെഞ്ചിൽ മൂർച്ചയുള്ളൊരു മുള്ള് കൊണ്ടു.
എത്ര മാത്രം കൊതിക്കുന്നുണ്ടാവും തന്റെ കുഞ്ഞ്… ഇങ്ങനെ പുറത്തൊക്കെ പോയി സന്തോഷിക്കാൻ? ഒരിടത്തും കൊണ്ട് പോയിട്ടില്ല അതിനെ…..
അവള് ജനിച്ചപ്പോൾ മുതൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാനുള്ള തത്രപ്പാടിലായിരുന്നല്ലോ താൻ? തന്റെ വിഷമങ്ങൾക്കിടയിൽ കുഞ്ഞിന്റെ ഇത്തരം സന്തോഷങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം.

കുഞ്ഞിന് വളയോ പൊട്ടോ കണ്മഷിയോ ഒക്കെ വാങ്ങാൻ പോകുമ്പോ കൂടെ കൊണ്ട് പോകും. അമ്പലങ്ങളിൽ കൊണ്ട് പോകാറുണ്ട്, ഇടയ്ക്കൊക്കെ ഗീതാമ്മേടെ അടുത്ത് കൊണ്ട് പോകാറുണ്ട്… അതല്ലാതെ അവൾ എവിടെയും പോയിട്ടില്ല.

ബന്ധുക്കൾ എന്ന് പറയാൻ ആരും ഉണ്ടായിട്ടില്ല. അത് കൊണ്ട് തന്നെ ബന്ധു വീടുകളിലേക്കും പോകാനില്ല. അച്ഛനോട് പണ്ടൊക്കെ ചോദിച്ചിട്ടുണ്ട് നമ്മുടെ ബന്ധുക്കൾ ഒക്കെ എവിടെയാണെന്ന്… ‘നമ്മൾക്ക് നമ്മൾ മാത്രം മതി കുഞ്ഞേ’ എന്ന് പറഞ്ഞു കളയും അച്ഛൻ. ഒരുപക്ഷെ അച്ഛനും അമ്മയും പ്രണയിച്ചു വിവാഹം കഴിച്ചവരായിരിക്കാം. വിവാഹത്തോടെ ബന്ധുക്കൾ പിണങ്ങിയിട്ടുണ്ടാകാം… അത് കൊണ്ടാവുമല്ലോ തന്റെയും സായിയുടെയും പ്രണയത്തെ പോലും അദ്ദേഹം എതിർക്കാത്തത്.

ഇപ്പോൾ ഉണ്ണി മോളുടെ മുഖത്ത് കാണുന്ന ചിരി ഈ നാളുകൾ അത്രയും അവൾ ആഗ്രഹിച്ച, അവൾക്ക് നഷ്ടമായ സന്തോഷങ്ങളെ ഓർമ്മിപ്പിക്കുകയാണ്.
വേദന തോന്നി കൃഷ്ണയ്ക്ക്….
വല്ലാത്ത വേദന.

” നീയിത് എന്തോ ആലോചിച്ചു നിക്കാണ് കൊച്ചേ… പോയി അതിന്റെ വേഷമൊക്കെ മാറ്റിക്കൊടുക്ക്…”

രാജലക്ഷ്മി പറഞ്ഞപ്പോൾ കൃഷ്ണ സൂര്യയുടെ അടുത്തേയ്ക്ക് ചെന്ന് ഉണ്ണിമോളുടെ നേർക്ക് കൈകൾ നീട്ടി. അറിയാതെ പോലും സൂര്യയുടെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൾ ശ്രദ്ധിച്ചു.

കുഞ്ഞിനേയും എടുത്ത് മുറിയിലേക്ക് പോയി കയ്യും മുഖവും ഒക്കെ കഴുകിച്ച് ഉള്ളതിൽ നല്ലത് നോക്കി ഒരു ഫ്രോക്ക് എടുത്തു ധരിപ്പിച്ചു കൊടുത്തു കൃഷ്ണ.

” ഞാൻ സൂരജ് അങ്കിളിനോടൊപ്പം പോണതിൽ അമ്മയ്ക്ക് ദേഷ്യം ഉണ്ടോ?”

കണ്ണാടിക്ക് മുന്നിൽ നിർത്തി മുടി ചീകി കെട്ടി കൊടുക്കുന്നതിനിടയിൽ ഉണ്ണിമോൾ ചോദിച്ചു.

“എന്തിന്? അമ്മേടെ മോള് പോയിട്ട് വാ….”

അവൾ കുഞ്ഞിക്കവിളിൽ ചുംബിച്ചു കൊണ്ട് പറഞ്ഞു.

” പിന്നെ…. ഒന്നും വേണമെന്ന് പറഞ്ഞു വാശി പിടിക്കരുത്. ഒത്തിരി ഒന്നും വാങ്ങാനും സൂരജ് സാറിനെ സമ്മതിക്കരുത്… കേട്ടല്ലോ? ”

കൃഷ്ണ കുഞ്ഞിനെ ചട്ടം കെട്ടി.
ഉണ്ണിമോൾ തലയാട്ടി സമ്മതിച്ചു.

” അമ്മേം കൂടി വരാരുന്നു. എന്നാ നല്ല രസം ആയേനെ….”

ഉണ്ണിമോൾ പറഞ്ഞപ്പോ കൃഷ്ണ അവളുടെ കവിളിൽ വെറുതെ തട്ടിയതേയുള്ളൂ.

കുഞ്ഞിനെ ഒരുക്കി ഹാളിലേക്ക് ഇറക്കിയതേ സൂര്യ വന്നവളെ പൊക്കി എടുത്തു.

“സുന്ദരിക്കുട്ടി പെട്ടെന്ന് ഒരുങ്ങിയോ? എന്നാ പോയാലോ?”

സൂര്യ ചോദിച്ചതും കുഞ്ഞ് പെട്ടെന്ന് തലയാട്ടി.

സൂര്യ കുഞ്ഞിനേയും എടുത്തു സൂരജിനോപ്പം കാറിൽ കയറിയതും ഉണ്ണിമോൾ കൃഷ്ണയ്ക്ക് നേരെ കൈ വീശി. കൃഷ്ണയും ചിരിയോടെ കൈ വീശി കാണിച്ചു. കാർ അകന്ന് പോയതും കൃഷ്ണ പിന്നെയും രാജലക്ഷ്മിയേ സഹായിക്കാൻ കൂടി.

*************

ഉണ്ണിമോളെയും കൊണ്ട് രണ്ടു പേരും കൂടി മുന്തിയ ഒരു തുണിക്കടയിലേക്കാണ് ആദ്യ പോയത്.

” എനിക്കീ സെലക്ഷൻ ഒക്കെ വലിയ പാടാ… നീ തന്നെ മോൾക്ക് സെലക്ട്‌ ചെയ്താ മതി.”

സൂരജ് കടയിൽ എത്തിയ പാടെ ഒഴിഞ്ഞു മാറി.

സൂര്യ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു. ഉണ്ണിമോൾ ആകട്ടെ വണ്ടർ ലാൻഡിൽ എത്തിയ ആലീസിന്റെ ഭാവത്തിലാണ് നിൽപ്പ്. കുഞ്ഞിക്കണ്ണുകൾ വിടർന്നിരിപ്പുണ്ട്. ചിരിച്ചു കൊണ്ട് സൂര്യയുടെ കയ്യിൽ ചുറ്റിപ്പിടിച്ചു നടക്കുകയാണ് കുഞ്ഞ്.

കുറേ തിരഞ്ഞിട്ടാണ് ഉണ്ണിമോൾക്ക് വേണ്ടി സൂര്യ ഒരുടുപ്പ് കണ്ട് പിടിച്ചത്.
ബേബി പിങ്ക് നിറത്തിലുള്ള ആ ഉടുപ്പ് ഉണ്ണിമോളുടെ ദേഹത്തു വച്ച് നോക്കിയതും സൂര്യയുടെ കണ്ണുകൾ വിടർന്നു.

” മാലാഖക്കുഞ്ഞ്……”

അവൻ ചിരിച്ചു. ആ വിളി ഇഷ്ടപ്പെട്ടത് പോലെ ഉണ്ണിമോളും നിറഞ്ഞു ചിരിച്ചു.

സൂര്യ അഭിപ്രായം അറിയാനെന്നോണം സൂരജിനെ നോക്കി. അവനും സൂപ്പർ എന്നാഗ്യം കാട്ടി. അതോടെ സെലക്ട്‌ ചെയ്തത് തന്നെ മതി എന്ന് സൂര്യ ഉറപ്പിച്ചു.

” ഇത് പിറന്നാളിന്… ഇനി വേറെ നോക്കാം. ”

സൂര്യ പിന്നെയും തിരയാൻ തുടങ്ങിയതും ഉണ്ണിമോൾ വേണ്ട എന്നവനെ വിലക്കി.

” അതെന്തേ? അമ്മ വഴക്ക് പറയോ? ”

സൂര്യ കുഞ്ഞിനെ അടുത്ത് കുനിഞ്ഞു നിന്നു.

” മ്ഹും… എന്റെ അമ്മ വഴക്കൊന്നും പറയൂല്ല. പക്ഷെ, അങ്കിമാരെ ബുദ്ധിമുട്ടിക്കല്ലേന്ന് അമ്മ പറഞ്ഞാരുന്നു…. ”

ഉണ്ണിമോൾ അത് പറഞ്ഞതും കുഞ്ഞുങ്ങളുടെ നിഷ്കളങ്കത ഓർത്ത് സൂര്യ ചിരിയോടെ അവളുടെ കവിളിൽ വേദനിപ്പിക്കാതെ പിച്ചി.

” അമ്മ ഒന്നും പറയില്ല. അമ്മയോട് അങ്കിൾ പറയാട്ടോ…. ”

സൂര്യ പിന്നെയും രണ്ട് മൂന്ന് ജോഡി വസ്ത്രങ്ങൾ കൂടി ഉണ്ണിമോൾക്കായി തിരഞ്ഞെടുത്തു.

അത്ര നേരവും സൂര്യയെയും ഉണ്ണിമോളെയും നേർത്തൊരു ചിരിയോടെ നോക്കി നിൽക്കുകയായിരുന്നു സൂരജ്.

സെലക്ഷൻ ഒക്കെ കഴിഞ്ഞതും സൂര്യയും കുഞ്ഞും കൂടി സൂരജിനടുത്തേക്ക് വന്നു.

“എടാ…. ഞാൻ കാശെടുക്കാൻ മറന്നു…. നിന്റെൽ ഉണ്ടാവുമല്ലോ അല്ലെ?”

സൂര്യയെ കണ്ട പാടെ സൂരജ് ചോദിച്ചു.

” ഈ ചേട്ടായി…..!
എന്നാ ഞാൻ ബില്ല് പേ ചെയ്തിട്ട് വരാം.”

പറഞ്ഞിട്ട് ചിരിയോടെ തിരിഞ്ഞു നടന്നു സൂര്യ.

ഉണ്ണിമോളെ തന്റെ അടുത്തേക്ക് പിടിച്ചു നിർത്തി സൂരജ് സൂര്യ പോകുന്നത് നോക്കി നിന്നു.

‘ഈ പിറന്നാളിന് ഉണ്ണിമോൾക്കുള്ള ഉടുപ്പ് നിന്റെ വക ആകട്ടെ മോനെ… ഇനിയുള്ള പിറന്നാളുകൾക്കും അങ്ങനെ ആകട്ടെ എന്നാണിപ്പൊ എന്റെ പ്രാർത്ഥന…!’

മനസ്സിൽ പറഞ്ഞു കൊണ്ട് പാന്റിന്റെ പോക്കറ്റിൽ നിന്നും പുറത്തേക്ക് തള്ളി നിന്ന വാലറ്റ് സൂരജ് പോക്കറ്റിലേക്ക് തന്നെ തിരുകി വച്ചു.

” ഇത്തവണത്തെ ഉണ്ണിമോൾക്കുള്ള പിറന്നാൾ ഉടുപ്പ് അങ്കിളിന്റെ വക. അടുത്ത തവണ ചിലപ്പോ അങ്കിൾ ഇവിടെ ഇല്ലെങ്കിലോ? അപ്പൊ സൂരജ് അങ്കിൾ മേടിച്ചു തരും….”

ബിൽ പേ ചെയ്തു തിരികെ വന്ന് ഉണ്ണിമോളുടെ കൈ പിടിച്ചു നടക്കവേ സൂര്യ പറഞ്ഞു.

അത് വരെയും സൂരജിന്റെ ചുണ്ടിൽ തെളിഞ്ഞു നിന്ന ചിരിയിൽ സൂര്യയുടെ വാക്കുകൾ വിഷാദം പുരട്ടി എങ്കിലും അവനത് ഒരു നെടുവീർപ്പിൽ വിദഗ്ധമായി മറച്ചു.
സൂര്യയോടൊപ്പം നടക്കാൻ ഒരുങ്ങിയവൻ ഒരുവേള നിന്ന് കണ്ണിലൂറിയ നനവൊപ്പി.

***************

ബാക്കി നാളെ… ❤️