രചന – ഗംഗ ശലഭം
കഫറ്റേരിയയിലെ ആളൊഴിഞ്ഞ ഒരു കോണിൽ മധുവിന് എതിർ വശത്തായി ഇരിക്കുകയാണ് സൂരജും വൈശാലിയും…..
മധുവിന്റെ മുഖമാകെ അമ്പരപ്പും അവിശ്വസനീയതയുമാണ്.
“നിങ്ങൾ ഈ പറഞ്ഞതൊന്നും എനിക്ക് വിശ്വസിക്കാനേ പറ്റുന്നില്ല.”
മധു വൈശാലിയെയും സൂരജിനെയും മാറി മാറി നോക്കി.
” വിശ്വസിക്കണം സാർ… വിശ്വസിച്ചേ പറ്റൂ…. ഇതാണ് സത്യം.”
മുന്നിലെ കോഫി ഒരു സിപ്പ് എടുത്തു കൊണ്ട് സൂരജ് പറഞ്ഞിട്ടും വിശ്വസിക്കാനാകാത്തത് എന്തോ കേട്ടത് പോലൊരു മുഖഭാവമായിരുന്നു മധുവിന്.
” പക്ഷെ… ഇതൊക്കെ കഴിഞ്ഞിട്ടിപ്പോ ആറ് വർഷത്തിൽ അധികം ആയില്ലേ? ഇത്രയും നാൾ എന്ത് കൊണ്ടാണ് നിങ്ങൾ ഇതിന് മുന്നിട്ടിറങ്ങാത്തത്?”
മധു സംശയത്തോടെ നെറ്റി ചുളിച്ചു.
” ഹ്മ്മ്…. സാർ പറഞ്ഞത് ശരിയാണ്….
ഒക്കെ കഴിഞ്ഞിട്ട് വർഷം ആറ് കഴിയുന്നു.
പക്ഷെ, അന്നത്തെ ആക്‌സിഡന്റിൽ സായിയുടെ അച്ഛനും പെങ്ങളും മാത്രം അല്ല, അവരോടൊപ്പം എന്റെ അച്ഛനും ഭാര്യയും കുഞ്ഞും കൂടി ഉണ്ടായിരുന്നു. സായിയുടെ അച്ഛന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു എന്റെ അച്ഛൻ. ഞാനും സായിയും അടുത്ത ഫ്രണ്ട്‌സും……
ഞാൻ ഈ ലോകത്ത് ഏറ്റവും അധികം സ്നേഹിച്ചിരുന്നത് എന്റെ കുഞ്ഞിനെയാണ്. എന്റെ കുഞ്ഞോളെ…. അത് പോലെ കുഞ്ഞ് നാള് മുതൽക്കേ ഞാൻ എന്റെ അമ്മയേക്കാളും അധികം സ്നേഹിച്ചിരുന്നതും ബഹുമാനിച്ചിരുന്നതും എന്റെ റോൾ മോഡലായി ഞാൻ കണ്ടിരുന്നതും എന്റെ അച്ഛനെയാണ്.
എന്റെ അച്ഛനും കുഞ്ഞോളും…. അവര് രണ്ട് പേരും ഒരുമിച്ച് ഇല്ലാതായപ്പോ….. തകർന്ന് പോയി ഞാൻ….
അപ്പോഴത്തെ ഫ്രസ്ട്രേഷനും വേദനയും സ്‌ട്രെസും ഒക്കെ ഒഴിവാക്കാൻ ഞാൻ തേടിച്ചെന്നത് മദ്യത്തെയാണ്. അത് വരെ ഇല്ലാതിരുന്ന ശീലം പുതിയതായി തുടങ്ങിയപ്പോ ഞാൻ അതിന് അടിമയായിപ്പോയി. ബോധം മറയും വരെ കുടിച്ചാൽ പിന്നെ ഒന്നും അറിയണ്ടല്ലോ? ഒരു വേദനയും…. ഒരു സങ്കടവും…..
അങ്ങനെ ആയിരുന്നു അന്നൊക്കെ…..
ഏതാണ്ട് രണ്ട് വർഷത്തോളം ഞാൻ എന്നെത്തന്നെ മറന്ന് നടന്നു.
എന്റെ അമ്മയെ… അച്ഛൻ കഷ്ടപ്പെട്ട് വളർത്തിക്കൊണ്ട് വന്ന ഞങ്ങളുടെ ബിസിനസ്സിനെ… അങ്ങനെ എല്ലാം…. എല്ലാം മറന്ന്, മദ്യത്തെ മാത്രം ആശ്രയിച്ച് ഞാൻ എന്റെ വേദനകൾ മറക്കാൻ ശ്രമിച്ചു. അന്നൊക്കെ ഇവളും അമ്മേടെ മൂത്ത സഹോദരൻ സുരേന്ദ്രൻ മാമയും ആയിരുന്നു അമ്മയ്ക്ക് ആശ്വാസം. ടെൻത്തിൽ വച്ച് തുടങ്ങിയ കൂട്ടുകെട്ടാണ് എനിക്ക് ഇവളോട്. ഇന്നും ഇവളാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്.”
സൂരജ് വൈശാലിയെ നോക്കി ചിരിച്ചു. അവളും അവനെത്തന്നെ നോക്കിയിരിക്കുകയാണ്. മുഖത്ത് പുഞ്ചിരിക്ക് പകരം നിസ്സംഗത ആണെന്ന് മാത്രം. അവന്റെ വേദനകളൊക്കെ അറിഞ്ഞത് പോലെ…..!
മധുവാകട്ടെ വളരെ ഗൗരവത്തോടെയാണ് സൂരജിന്റെ സംസാരം കേട്ടിരിക്കുന്നത്.
” ഞാൻ സ്വബോധം ഇല്ലാതെ നടന്ന ആ ദിവസങ്ങളിൽ ഒക്കെ ബിസിനസ്സിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് സുരേന്ദ്രൻ മാമയാണ്.
അവസാനം മദ്യം എന്നെ പൂർണമായും നശിപ്പിച്ചു കളയും എന്ന് തോന്നിയപ്പോഴാകണം സുരേന്ദ്രൻ മാമയും അമ്മയും പിന്നെ ഇവളുമൊക്കെ കുറേ ബുദ്ധിമുട്ടി എനിക്ക് ഒരു ഡിഅടിക്ഷൻ സെന്ററിൽ ട്രീറ്റ്മെന്റ് എടുക്കുന്നത്. അപ്പോഴും ഞാൻ അതിനെ കുറെയൊക്കെ എതിർത്തു എന്നാണ് ഇവരൊക്കെ പറയുന്നത്. എനിക്കിപ്പോഴും അതൊന്നും ശരിക്കും ഓർമ്മ കൂടി ഇല്ല.
മദ്യത്തോടുള്ള എന്റെ അമിതമായ ആസക്തി ഇല്ലാതായ ശേഷമാണ്, ഞാൻ സ്വബോധത്തിലേക്ക് മടങ്ങി വന്ന ശേഷമാണ്, വൈശാലി കഴിഞ്ഞു പോയതൊക്കെ വീണ്ടും എന്നെ ഓർമിപ്പിക്കുന്നത്. അപ്പോഴേക്കും ആ ആക്‌സിഡന്റ് നടന്നിട്ട് ഏതാണ്ട് രണ്ടര മൂന്ന് വർഷത്തോളം ആയിക്കഴിഞ്ഞിരിഞ്ഞു….
അതിന് മുൻപ് തന്നെ വൈശാലി അതേക്കുറിച്ച് ചെറിയ രീതിയിൽ ഒക്കെ അന്വേഷിച്ചിരുന്നു. പക്ഷെ സായിയുമായി കൂടുതൽ അടുപ്പം എനിക്കായിരുന്നല്ലോ? ശ്രീനാഥിനെക്കുറിച്ചും ദേവനെക്കുറിച്ചും കൂടുതൽ അറിയുന്നതും എനിക്കല്ലേ?
അന്ന് സായി എന്നോട് പറഞ്ഞതിൽ കുറച്ചു കാര്യങ്ങളൊക്കെ ഞാൻ വൈശാലിയോട് പറഞ്ഞിരുന്നു എങ്കിലും പൂർണമായി ഒന്നും അവൾക്കും അറിയില്ലായിരുന്നല്ലോ? അതുകൊണ്ട് ഡീറ്റൈൽ ആയ ഒരു അന്വേഷണത്തിന് അവൾക്കന്ന് പറ്റിയില്ല. അതുമല്ല ഒരു തെളിവും അവശേഷിപ്പിക്കാത്ത രീതിയിൽ ആയിരുന്നു ശ്രീനാഥ് എല്ലാം പ്ലാൻ ചെയ്തിരുന്നത്. വൈശാലി അന്ന് ബാംഗ്ലൂർ ഉണ്ടായിരുന്നു എങ്കിലും അന്വേഷണത്തിന്റെ ചുമതലയും മറ്റൊരാൾക്ക് ആയിരുന്നു. അതും അവൾക്ക് നേരിട്ട് അന്വേഷിക്കുന്നതിൽ പ്രശ്നം സൃഷ്ടിച്ചിരുന്നു…….
തെളിവുകളുടെ അഭാവമാണോ അതോ ശ്രീനാഥിന്റെ സ്വാധീനമോ അതൊരു സാധാരണ ആക്‌സിഡന്റ് എന്ന രീതിയിൽ തന്നെയാണ് ബാംഗ്ലൂർ പോലീസ് എഫ് ഐ ആർ ക്ലോസ് ചെയ്തത്.
പിന്നീട് ഞാൻ ഒന്ന് നോർമൽ ആയ ശേഷമാണ് വീണ്ടും ഞങ്ങൾ അതേക്കുറിച്ച് അന്വേഷിക്കുന്നത്. അപ്പോഴേക്കും അന്നത്തെ കേസിലെ പ്രധാന പ്രതികൾ ഒക്കെ രാജ്യം വിട്ടിരുന്നു. കഴിഞ്ഞ മൂന്ന് വർഷമായി അതിൽ ഒരുവന്റെ പിറകെയാണ് ഞങ്ങൾ…
ദേവന്റെ വലം കൈ…. സ്റ്റീഫൻ …
പ്ലാനിങ് ഒക്കെ ദേവന്റെ ആയിരുന്നു എങ്കിലും അവനാണ് എല്ലാം നടപ്പിലാക്കിയത്. പക്ഷെ അന്നത്തെ സംഭവത്തിന് ശേഷം രാജ്യം വിട്ടവൻ പിന്നീട് ഇത് വരെ ഇന്ത്യയിൽ കാലു കുത്തിയിട്ടില്ല. അവൻ ഉടനെ ഇന്ത്യയിൽ എത്തും എന്ന് സൂചന കിട്ടിയിട്ടുണ്ട്. അതിന് മുന്നേ ശ്രീനാഥിന് ആദ്യത്തെ കൊട്ട് കൊടുക്കണം.”
സൂരജ് പറഞ്ഞ് അവസാനിപ്പിച്ചു.
” പക്ഷെ, ഈ ശ്രീദേവ് ശ്രീനാഥിന്റെ ഏട്ടനല്ലേ? അച്ഛന്റെ ഏട്ടന്റെ മകൻ… അവനോട് എന്തായിരുന്നു ശ്രീനാഥിന് ഇത്ര ശത്രുത?”
മധുവിന്റെ ചോദ്യത്തിന് ഇത്തവണ മറുപടി നോക്കിയത് വൈശാലിയാണ്.
” സൂരജിനെ പോലെ തന്നെ ശ്രീദേവും സായിയുടെ അടുത്ത സുഹൃത്തായിരുന്നു. സൂരജിനോട് സായി പറഞ്ഞതൊക്കെ ശ്രീദേവിനോടും പറഞ്ഞിരുന്നു എന്ന് കുറച്ചു വൈകിയാണ് ഞങ്ങൾ അറിഞ്ഞത്. ഒരുപക്ഷെ അയാൾ അതേക്കുറിച്ച് ദേവനോട് സംസാരിച്ചിരിക്കണം. അത് തന്നെയാവും ശ്രീദേവ് ഇല്ലാതാകാനുള്ള കാരണവും…
ഇപ്പോൾ ശ്രീദേവിന്റെ മരണത്തിന് കാരണം ശ്രീനാഥ് ആണെന്നതിന് വ്യക്തമായ തെളിവുകൾ ഞങ്ങളുടെ പക്കൽ ഉണ്ട്. വേണ്ടപ്പെട്ടവരുടെ പരാതിയിന്മേൽ അല്ലാതെ ഇത്രയും വർഷങ്ങൾക്കിപ്പുറം ആ മരണം അന്വേഷിക്കാൻ വകുപ്പില്ലല്ലോ? അതും സാധാരണ മരണം എന്ന രീതിയിൽ അല്ലെ അന്ന് ശരീരം ദഹിപ്പിച്ചത്? അന്ന് ഒരു അന്വേഷണം പോലും ഉണ്ടായതല്ലല്ലോ?
ശ്രീദേവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് തമ്പിയുടെ ഭാര്യയുടെ പരാതി വേണം. ആറ് വർഷങ്ങൾക്ക് ശേഷം ആയത് കൊണ്ട് ചില ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടാവും. അതൊക്കെ ഞാൻ ഡീൽ ചെയ്തോളാം.”
വൈശാലി ഉറപ്പ് നൽകിയപ്പോൾ സത്യത്തിനും നീതിക്കും വേണ്ടി അവരുടെ ഒപ്പം ചേരാൻ മധുവും തയാറായിരുന്നു.
” രാജലക്ഷ്മിക്ക് ഇതൊക്കെ അറിയുമോ?
” എല്ലാമൊന്നും അറിയില്ല. കുറച്ചൊക്കെ….. ”
” കൃഷ്ണ സായിയുടെ ഭാര്യയാണെന്ന്….? ”
” അത് അമ്മയ്ക്ക് അറിയില്ല…. മനപ്പൂർവം പറയാത്തതാണ്. രഹസ്യങ്ങൾ സൂക്ഷിക്കാൻ അമ്മയ്ക്ക് വശമില്ല. അതാണ് പറയാത്തത്…. ”
” അപ്പൊ ശരി… നമുക്ക് നാളെ കാണാം. ”
ടേബിളിൽ ഇരുന്ന ടിഷ്യൂ എടുത്തു കയ്യും ചുണ്ടും തുടച്ചു കൊണ്ട് മധു എഴുന്നേറ്റു.
പിറ്റേന്ന് ശ്രീദേവിന്റെ അമ്മയെ കാണാൻ പോകാമെന്ന ഉറപ്പിന്മേലാണ് മൂവരും കഫെയിൽ നിന്നും പിരിഞ്ഞത്.
*************
അടുക്കളപ്പണികളൊക്കെ കഴിഞ്ഞു സിറ്റൗട്ടിൽ പത്രം വായിച്ചിരിക്കുമ്പോഴാണ് ഗേറ്റ് കടന്ന് വരുന്ന കൃഷ്ണയെ ഗീത കാണുന്നത്.
” ഇതാരാ? കൃഷ്ണയോ? എത്രനാളായി കണ്ടിട്ട്? മറന്നോ ഞങ്ങളെയൊക്കെ?”
പരിഭവത്തോടെ അവർ എഴുന്നേറ്റപ്പോഴേക്കും കൃഷ്ണ വീട്ടിലേക്ക് കയറിയിരുന്നു.
“ഉണ്ണിമോളെവിടെ?”
കൃഷ്ണയുടെ പിറകിലേക്ക് നോക്കി അവർ ചോദിച്ചു.
” ഇന്ന് വെള്ളി അല്ലേ ഗീതാമ്മേ… അവൾ സ്കൂളിൽ പോയി. സ്കൂൾ ബസ് കേറ്റി വിട്ടിട്ടാ ഞാൻ ഇങ്ങോട്ട് പോന്നത്.”
കൃഷ്ണ അരഭിത്തിയിലേക്ക് ഇരുന്നു കൊണ്ട് ചുരിദാറിന്റെ ഷാൾ പിടിച്ച് കഴുത്തിലെ വിയർപ്പൊപ്പി.
” അത് കൊള്ളാം. കഷ്ടമുണ്ട് കേട്ടോ കൃഷ്ണേ…. കഴിഞ്ഞ ആഴ്ച നീ വന്നപ്പോഴും കുഞ്ഞിനെ കൊണ്ട് വന്നില്ലല്ലോ?”
ഗീത പിന്നെയും പരിഭവം പറഞ്ഞു.
” അയ്യടാ…. അപ്പൊ ഞാൻ കഴിഞ്ഞ ആഴ്ച വന്നത് ഗീതാമ്മയ്ക്ക് ഓർമ്മയുണ്ട് അല്ലെ? എന്നിട്ടാ വന്നിട്ട് ഏതാണ്ട് വർഷങ്ങൾ ആയത് പോലെ ഒരു പറച്ചില്….”
കൃഷ്ണ ചിരി ഒതുക്കി.
” അത് പിന്നെ മക്കൾ ഇന്നലെ വന്നിട്ട് പോയാലും ഇന്ന് ഫോൺ വിളിച്ച് കുറേ കാലമായി കണ്ടിട്ട് എന്ന് പറയുന്നത് ഈ അമ്മമാരുടെ സ്ഥിരം പരിപാടിയാണെന്റെ കൃഷ്ണേ….”
അപർണ അകത്തു നിന്നും ഇറങ്ങി വന്നു.
“ആഹാ… നീയെപ്പോ വന്നു?”
അപർണയെ കൃഷ്ണ തീരെ പ്രതീക്ഷിച്ചില്ല.
” പരോളിന് അപേക്ഷ കൊടുത്തിട്ട് കുറച്ചായിരുന്നു. ഇന്നലെ രണ്ടു ദിവസത്തെ പരോൾ അനുവദിച്ചു കിട്ടി…”
അപർണ ചിരിയോടെ പറഞ്ഞു കൊണ്ട് കൃഷ്ണയുടെ അടുത്തായി വന്നിരുന്നു.
അപർണയെ അവളുടെ ഭർത്താവിന്റെ വീട്ടുകാർ സ്വന്തം വീട്ടിലേക്ക് വിടുന്നത് ചുരുക്കമാണ്. ഭർത്താവിന്റെ വീടിനെ അവൾ ‘ജയിൽ’ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇടക്ക് രണ്ടു ദിവസം വീട്ടിൽ വന്നു നിൽക്കാൻ കിട്ടുന്ന അവസരത്തെ ‘പരോൾ’ കിട്ടി എന്നും…..
” ആണ്ടിലൊരിക്കെ വരുന്ന നീയാണോ അമ്മമാരുടെ പരിഭവത്തെക്കുറിച്ച് പറയണത്? എന്നെ വല്ലപ്പോഴും വന്നൊന്ന് അന്വേഷിക്കുന്നത് ഈ കൃഷ്ണ മോള് മാത്രേ ഉള്ളൂ….”
അപർണയെ ചൊടിപ്പിക്കാനായിത്തന്നെ ഗീത പറഞ്ഞു. അമ്മ ഇല്ലാത്ത കുട്ടി ആയത് കൊണ്ട് കൃഷ്ണയോട് ഗീതയ്ക്ക് പണ്ട് മുതൽക്കേ ഒരു പ്രത്യേക വാത്സല്യം ഉണ്ട്. അപർണയ്ക്ക് അതൊരു പ്രശനമേ അല്ല എങ്കിലും ഗീതയുമായി ഉടക്കുണ്ടാക്കാനായി മാത്രം അപർണ അതിൽ പിടിച്ചു തൂങ്ങാറുണ്ട്.
” ഇന്ന് അടിയിടാൻ വയ്യെന്റെ മാതാശ്രീയെ… പോയി ഒരു കപ്പ് തണുത്ത വെള്ളം കൊണ്ട് വാ…. ഞാൻ എന്റെ കൃഷ്ണയെ ശരിക്കൊന്ന് കാണട്ടെ… എത്ര നാളായി ഇവളെ കണ്ടിട്ട്…? ”
അപർണ കൃഷ്ണയെ ചുറ്റിപ്പിടിച്ചിരുന്നു കൊണ്ട് ഗീതയെ നോക്കി ചിറി കോട്ടി.
“വേണേൽ തനിയെ പോയെടുത്തു കുടിച്ചോ…. ഞാനും എന്റെ മോളോടൊന്ന് സംസാരിക്കട്ടെ….”
ഗീതയും കൃഷ്ണയുടെ മറുവശത്തായി വന്നിരുന്നു.
” എനിക്കല്ലന്നേ… കൃഷ്ണക്കാ… കണ്ടില്ലേ ആകെ വിയർത്തു ക്ഷീണിച്ചിരിപ്പാ….”
അപർണ കൃഷ്ണയെ നോക്കി കണ്ണിറുക്കി.
” ഹാ…. അത് ശരിയാ…. എന്നാ ഞാൻ പോയി തണുത്തത് എന്തെങ്കിലും എടുത്തിട്ട് വരാം….”
ഗീത എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു.
” മംഗോ ജ്യൂസ് മതീമ്മാ… നല്ല പഴുത്തു തുടുത്ത വരിക്ക മാങ്ങ ഇരിപ്പില്ലേ?
കൃഷ്ണയ്ക്ക് എടുക്കുമ്പോ എനിക്കൂടെ ഒരു ഗ്ലാസ്സ് എടുത്തോട്ടാ….”
അപർണ അവിടെ ഇരുന്ന് വിളിച്ചു കൂവി.
” നേരത്തെ ഞാൻ പറഞ്ഞതാ. ഉണ്ടാക്കിത്തന്നില്ല… ഇപ്പൊ എന്തായാലും ഉണ്ടാക്കും.”
അപർണ കണ്ണിറുക്കി ചിരിച്ചു.
കൃഷ്ണ ചിരിയോടെ ഒക്കെയും കണ്ടിരിപ്പാണ്. ഇവർക്ക് ഇപ്പോഴും ഒരു മാറ്റവും ഇല്ലല്ലോ എന്നോർത്ത് കൊണ്ട്….
പണ്ടും അവരിങ്ങനെയാണ്. ഒരു കാര്യവും ഇല്ലാതെ ഒന്നും രണ്ടും പറഞ്ഞു കൊണ്ടേ ഇരിക്കും….
അന്നും ഇടയിൽ താനുണ്ടാകും. എന്തൊക്കെ മാറിയാലും ചിലതൊന്നും ഒരിക്കലും മാറില്ല എന്ന് കൃഷ്ണ ഒരു നറുചിരിയോടെ ഓർത്തു.
കൃഷ്ണയും അപർണയും സംസാരിച്ചിരിക്കുമ്പോഴേക്കും ഗീത രണ്ടു ഗ്ലാസ്സിലായി മംഗോ ജ്യൂസ് കൊണ്ട് വന്നു.
“അല്ല… എത്ര ദിവസത്തെ പരോളാ?”
ഗീതയുടെ കയ്യിൽ നിന്നും ജൂസ് വാങ്ങിക്കൊണ്ട് കൃഷ്ണ അപർണയോടായി ചോദിച്ചു.
“രണ്ടേ രണ്ട് ദിവസം. അതും ജയിൽ സൂപ്രണ്ടിന്റെ കാലു പിടിച്ചു കിട്ടിയതാ…”
അപർണ ആംഗ്യം കാട്ടി പറയുന്നത് കേട്ട് കൃഷ്ണ പൊട്ടിച്ചിരിച്ചു.
” ശരിക്കും നിന്റെ വരവിന്റെ ഉദ്ദേശം എന്താ? അങ്ങനെ ഇങ്ങനെ ഒന്നും ജയിൽ സൂപ്രണ്ട് പരോൾ അനുവദിക്കുന്നതല്ലല്ലോ?”
കാലിയായ ജൂസ് ഗ്ലാസ് കയ്യിൽ പിടിച്ചു തിരിച്ചു കൊണ്ട് കൃഷ്ണ ചോദിക്കവേ അപർണ ഗീതയെ നോക്കി. അവൾക്കത് തന്നോട് പറയാൻ എന്തോ മടിയുള്ളത് പോലെ തോന്നി കൃഷ്ണയ്ക്ക്.
” അരവിന്ദന് ഒരു ആലോചനയും കൊണ്ട് വന്നതാ ഇവള്….”
കൃഷ്ണയ്ക്ക് മറുപടി കൊടുത്തത് ഗീതയാണ്.
“ആഹാ…”
കേട്ട പാടെ കൃഷ്ണയുടെ മുഖം വിടർന്നു.
” നല്ല കൂട്ടരാ…. വിനോദിന്റെ ബന്ധത്തിലുള്ളതാ കുട്ടി. ഇപ്പൊ പി ജി ഒക്കെ കഴിഞ്ഞു നിക്കുവാ. അരവിന്ദനേം അവർക്കൊക്കെ അറിയുന്നതല്ലേ? അതോണ്ട് അവർക്കും താല്പര്യം….. പക്ഷെ, ഇവിടെ ഒരാള് അമ്പിനും വില്ലിനും അടുക്കണ്ടേ?”
ഗീതയുടെ മുഖത്തെ വിഷമം കാണവേ കൃഷ്ണയ്ക്ക് അരവിന്ദനോട് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
സ്വന്തം വിഷമം മാത്രമേ അരവിന്ദേട്ടൻ ചിന്തിക്കുന്നുള്ളൂ… മറ്റുള്ളവരെക്കുറിച്ച് ആലോചിക്കുന്നേ ഇല്ല. ഇനി കാണുമ്പോ ഒഴിഞ്ഞു മാറാതെ അരവിന്ദനോട് സംസാരിക്കണം. കൃഷ്ണ മനസ്സിൽ ഉറപ്പിച്ചു.
“അരവിന്ദേട്ടൻ ഇനി എന്ന് വരും?”
” അവൻ ഇന്നലെ രാത്രി വന്നു. പോയിട്ട് രണ്ട് ദിവസം ആയതേ ഉള്ളൂ… ഇന്ന് അവന്റെ കൂട്ടുകാരന്റെ കല്യാണമാ… കൂടെ പഠിച്ചതോ മറ്റോ ആണ്. അതിന് പോകാൻ വേണ്ടി വന്നതാ….”
“എന്നിട്ട് ആളെവിടെ?”
“പണയിലോട്ട് പോയി. കുറച്ചു മരച്ചീനി എടുത്തു വരാൻ പറഞ്ഞു ഞാൻ. ഇവക്ക് പുഴുങ്ങിയ മരച്ചീനി ഇഷ്ട്ടമാണല്ലോ?”
” അരവിന്ദേട്ടൻ പണയിൽ ഉണ്ടോ? എന്നാ ഞാനൂടെ അങ്ങോട്ട് ചെല്ലട്ടെ… എനിക്ക് ഇത്തിരി കയ്യോന്നി വേണം… കാച്ചിയ എണ്ണ തീർന്നു. പണയിൽ ആവുമ്പോ കാണുമല്ലോ? ”
കൃഷ്ണ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി. അപർണ ഒപ്പം വരുന്നോ എന്നവൾ ചോദിച്ചില്ല. ഒറ്റയ്ക്ക് അരവിന്ദനോട് സംസാരിക്കുകയായിരുന്നു ഉദ്ദേശം. അത് മനസിലായത് കൊണ്ടാകും അപർണയും അവളുടെ കൂടെ ഇറങ്ങിയില്ല.
കൃഷ്ണ പണയിലേക്ക് ചെല്ലുമ്പോൾ പിഴുതു മാറ്റി വച്ച മരച്ചീനിയുടെ ഇടയിൽ പറ്റിയിരിക്കുന്ന ചെളികട്ടകൾ വെട്ടുകത്തി കൊണ്ട് കുത്തി ഇളക്കി കളയുകയാണ് അരവിന്ദൻ. കൈലി മുണ്ടും ബനിയനുമാണ് വേഷം. തലയിൽ ഒരു തോർത്ത് ചുറ്റിക്കെട്ടി വച്ചിട്ടുണ്ട്.
കൃഷ്ണയെ കണ്ടതും അവൻ വെട്ടുകത്തി നിലത്തേക്കിട്ട് തലയിലെ തോർത്തഴിച്ച് അത് കഴുത്തിനു ചുറ്റിയിട്ടു.
“കൃഷ്ണയോ? നീയെപ്പോ വന്നു? എന്താ ഇവിടെ?”
അരവിന്ദന്റെ മുഖത്തെ സന്തോഷം കാണെ കൃഷ്ണയുടെ മനസ്സ് അസ്വസ്ഥമാകാൻ തുടങ്ങി.
” ഞാൻ കുറച്ചു കയ്യോന്നി എടുക്കാൻ…. ”
” അത്രേ ഉള്ളോ? ഞാൻ എടുത്തു തരാം…. ”
അരവിന്ദൻ തന്നെ പണയുടെ വശത്തായുള്ള ചെറിയ തൊടിന് ഉള്ളിൽ വളർന്ന് നിൽക്കുന്ന ചെടികൾക്ക് ഇടയിൽ നിന്നും കയ്യോന്നി തിരഞ്ഞു പിടിച്ചു പിഴുതെടുക്കാൻ തുടങ്ങി. കൃഷ്ണ വെറുതെ അത് നോക്കി നിന്നതേയുള്ളൂ. അരവിന്ദനോട് പറയാനുള്ളതൊക്കെ മനസ്സിൽ അടുക്കി വയ്ക്കുകയായിരുന്നു അവൾ.
അധികം വൈകാതെ ഒരു കൈപ്പിടി നിറയെ കയ്യോന്നിയുമായി അവൻ കൃഷ്ണയ്ക്ക് അരികിൽ എത്തി.
“ഇത്രേം മതിയാവില്ലേ?”
അവനത് അവൾക്ക് നേരെ നീട്ടി.
” മ്മ്… ”
കൃഷ്ണ അത് കയ്യിൽ വാങ്ങി.
“എന്നാ നടന്നോ… ഇവിടെ മുഴുവൻ ചെളിയാ….”
അരവിന്ദൻ ചിരിയോടെ പറഞ്ഞു.
” അരവിന്ദേട്ടൻ എന്താ അപ്പൂസ് പറഞ്ഞ ആലോചന വേണ്ട എന്ന് പറഞ്ഞത്? ”
കൃഷ്ണയുടെ പെട്ടെന്നുള്ള ചോദ്യം കേട്ട് അരവിന്ദൻ നെറ്റി ചുളിച്ചു.
” അപ്പൂസ് എന്നോട് പറഞ്ഞു അവൾ അരവിന്ദേട്ടന് ഒരു കല്യാണാലോചനയുമായിട്ട് വന്നതാണെന്ന്. എന്താ അരവിന്ദേട്ടന്റെ ഉദ്ദേശം? ”
അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
അരവിന്ദൻ ഒരു നെടുവീർപ്പുതിർത്തു.
“നിനക്കറിയില്ലേ?”
അവന്റെ സ്വരം താഴ്ന്നു പോയിരുന്നു.
” ഇല്ല… എനിക്കറിയില്ല… ”
കൃഷ്ണ പെട്ടെന്ന് പറഞ്ഞു.
അരവിന്ദൻ മുഖമുയർത്തി കൃഷ്ണയെ നോക്കി.
**********
വലിയ പാർട്ട് തന്നിട്ടുണ്ട് ട്ടോ…
അപ്പൊ അഭിപ്രായവും മറക്കാതെ പറയണം 😌

by