രചന – ഗംഗ ശലഭം
” അവൻ…. അവൻ ആ സായീടെ കൂട്ടുകാരൻ ആണെന്ന്… കൂട്ടുകാരനെ കൊന്നതിലുള്ള പകരം വീട്ടാൻ വന്നതാണ്… നമ്മൾ ആ വഴി ചിന്തിച്ചു പോലും ഇല്ലല്ലോ….”
ദേഷ്യവും നിരാശയും മറച്ചു പിടിക്കാനായില്ല ശ്രീനാഥിന്.
” അവൻ മാത്രം അല്ല ശ്രീ…. അവനും മുന്നിൽ മറ്റാരൊക്കെയോ ഉണ്ട്. അതെനിക് ഉറപ്പാണ്. കണ്ട് പിടിക്കണം. അതാരാണെന്ന്. ഇപ്പൊ തന്നെ നമ്മൾ ഒത്തിരി വൈകിപ്പോയി.”
ദേവന്റെ മുഖം ഇരുണ്ടു. ശബ്ദം കനത്തു.
“ഹ്മ്മ്… കണ്ട് പിടിക്കും.”
ശ്രീനാഥിന്റെ ശബ്ദവും ദൃഢമായി.
“ഇനിയുള്ള നമ്മുടെ നീക്കങ്ങൾ പെട്ടെന്ന് വേണം. നിനക്ക് അറിയാലോ കുരുവിളയെ? പരാജയം അയാൾക്ക് സഹിക്കാൻ പറ്റാത്ത കാര്യമാണ്. എടുത്ത കേസുകൾ ഒന്നും തോൽക്കില്ല കുരുവിള. അതിന് വേണ്ടി ഏത് അറ്റംവരെയും പോകും. അടുത്ത കോടതി സിറ്റിങ്ങിനു മുൻപ് എനിക്ക് എതിരെ പ്രയോഗിക്കാനുള്ള എല്ലാ ആയുധങ്ങളും അയാൾ കണ്ട് പിടിച്ചിരിക്കും. എന്നെ ഒന്നാം പ്രതി ആക്കിയല്ലേ കേസ് ഫ്രെയിം ചെയ്തിരിക്കുന്നത്? അത് മാറാൻ അയാൾ അനുവദിക്കില്ല.”
” അതിനിനി പറ്റുമോ അച്ഛാ? നമ്മൾ ആ പഴുത് അടച്ചില്ലേ? ക്രിസ്റ്റഫർ അങ്കിൾ കുറ്റം സ്വയം ഏറ്റെടുത്തില്ലേ?”
” നിനക്ക് കുരുവിളയെ ശരിക്ക് അറിയാഞ്ഞിട്ടാ ശ്രീ… ഒരിക്കൽ ഇത് പോലെ കുറ്റം ഏറ്റെടുത്തു വന്ന ഒരുത്തനെക്കൊണ്ട് ഞാൻ അത് ചെയ്തിട്ടില്ല എന്ന് കോടതിയിൽ വച്ച് തന്നെ പറയായിപ്പിച്ചവനാ ഈ മൊതല്. ഇവിടെയും അതേ നടക്കുള്ളൂ…
തിരിച്ചു ജയിലിലോട്ട് പോകുന്നേന് മുൻപ് എനിക്ക് അവനെ ഒന്ന് നേരിട്ട് കാണണം. ഇതിന്റെ ഒക്കെ പിറകിൽ കളിക്കുന്നവനെ….!
അതിന് വേണ്ടി മാത്രമാ ബെയിൽ വേണമെന്ന് ഞാൻ നിന്നോട് പറഞ്ഞത്. നീയത് നന്നായി കൈകാര്യം ചെയ്തു.”
അഭിനന്ദിക്കുന്നത് പോലെ ദേവൻ ശ്രീനാഥിന്റെ ചുമലിൽ തട്ടി.
“അച്ഛൻ പറ… അവനെ പൊക്കട്ടെ…? നാളെത്തന്നെ….”
ശ്രീനാഥ് ദേവന്റെ മറുപടിക്ക് കാത്തിട്ടെന്ന പോലെ അയാളുടെ മുഖത്തേക്ക് നോക്കി.
” എനിക്ക് ആദ്യം വേണ്ടത് അവനെയല്ല. അവളെയാ….. കൃഷ്ണയെ…!
ആ സൂരജിന്റെ ബലത്തിൽ അവൾ ഇതിന് ഇറങ്ങിത്തിരിക്കണമെങ്കിൽ അവര് തമ്മിൽ എന്തോ ബന്ധം ഇല്ലേടാ? ചിലപ്പോ രണ്ടും കൂടെ കെട്ടാൻ തീരുമാനിച്ചു കാണും. ഇനി അങ്ങനെ അല്ലെങ്കിലും സൂരജിന് അവളോട് എന്തോ താല്പര്യം ഉണ്ടെന്ന് എനിക്ക് മുൻപേ തോന്നീട്ടുള്ളതാണ്. അത് അങ്ങനെ അങ്ങ് തീരുന്നേൽ തീരട്ടെ എന്നാ അന്ന് ഞാൻ കരുതിയത്. പക്ഷെ, അവള് നമ്മളോട് മുട്ടാൻ ഇറങ്ങിയേക്കുന്നു…. ഞാൻ ഉദ്ദേശിക്കുന്നത് പോലെയാണ് കാര്യങ്ങൾ എങ്കിൽ അവളെ തൊട്ടാൽ അവന് പൊള്ളാതിരിക്കുമോ?”
ദേവൻ ആലോചനയോടെ താടി ഉഴിഞ്ഞു.
“പൊള്ളും…. പൊള്ളണമല്ലോ?”
ശ്രീനാഥിന്റെ മുഖത്തിനും മുറുക്കം കൂടി.
“അല്ല… അച്ഛന് മുൻപ് അവളോട് എന്തോ സോഫ്റ്റ് കോർണർ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഇതിപ്പോ അച്ഛൻ ഇങ്ങനെ പറയുമെന്ന് ഞാൻ ഒട്ടും കരുതിയില്ല.”
അവൻ സംശയത്തിൽ ദേവനെ നോക്കി. ദേവൻ ചിരിച്ചു.
” എനിക്ക് എതിരെ തിരയുന്നത് എന്റെ അച്ഛനായാ പോലും ഞാൻ വെറുതെ വിടില്ല.. പിന്നാ….!”
ഒരൊഴുക്കൻ മട്ടിൽ അത്രയും പറഞ്ഞു ദേവൻ ശ്രീനാഥിന്റെ സംശയത്തിന്റെ മുനയൊടിച്ചു.
“നാളെ അവളെന്റെ മുന്നിൽ ഉണ്ടാവണം. പറ്റോ നിനക്ക്?”
ദേവൻ ശ്രീനാഥിനെ നോക്കി.
“ഇത് നമ്മുടെ നിലനിൽപ്പിന്റെ പ്രശ്നം ആണ്. നമുക്ക് ഇവിടെ ജയിച്ചേ പറ്റൂ. അത് കൊണ്ട് എന്ത് വില കൊടുത്തും നാളെ ഞാൻ അവളെ അച്ഛന്റെ മുന്നിൽ എത്തിച്ചിരിക്കും.”
ദേവന് വാക്ക് കൊടുക്കുന്നത് പോലെ ശ്രീനാഥ് മേശമേൽ തന്റെ വലം കൈ പതിപ്പിച്ചു.
*************
പതിവ് പോലെ അഞ്ച് മണി കഴിഞ്ഞപ്പഴേ കൃഷ്ണ ഉണർന്നു. അടുക്കളയിൽ എത്തിയപ്പോൾ രാജലക്ഷ്മിയും ഹാജർ. കാലിന് സുഖമായ ശേഷം ഇതിപ്പോൾ പതിവാണ്. മുൻപ് സൂരജിനെ പേടിച്ച് പണിയൊന്നും ചെയ്യണ്ട എന്ന് പറഞ്ഞ് കൃഷ്ണ തന്നെ ആളിനെ വിലക്കാറുള്ളതാണ്. ഇപ്പൊ അതൊന്നും വിലപ്പോവില്ല. കൃഷ്ണയോട് സൂരജ് കാണിച്ച ദേഷ്യം ഒക്കെ അഭിനയം ആയിരുന്നു എന്ന് കൃഷ്ണയെക്കാൾ നന്നായി ഇന്ന് രാജലക്ഷ്മിക്ക് അറിയാം.
” അഞ്ചു മണിക്ക് ശേഷം കിടന്നാലും ഉറക്കം വരില്ല. ഇതാവുമ്പോ ഒരുമിച്ചു എന്തെങ്കിലും ചെയ്തോണ്ട് നിന്നാ രണ്ടാൾക്കും പണി ചെയ്യുന്നേന്റെ ബുദ്ധിമുട്ട് അറിയില്ലല്ലോ? ചുമ്മാതെ ഇരുന്നാലേ ഞാൻ വയസായിപ്പോയീന്ന് എനിക്ക് തന്നെ തോന്നും.”
കൃഷ്ണ എന്തെങ്കിലും പറഞ്ഞാൽ ഉടനെ രാജലക്ഷ്മി പറയും. അത് കൊണ്ട് കൃഷ്ണയും അവരോട് ഒന്നും പറയാറില്ല. അല്ലെങ്കിൽ തന്നെ എന്ത് പറയാനാണ്? അവർക്ക് ഇഷ്ടം ആണെങ്കിൽ ചെയ്യുന്നതിന് എന്താ? സ്വന്തം വീട് തന്നെ അല്ലെ?
അടുക്കളയിലെ പണികൾ ഒക്കെ ഇരുവരും ചേർന്ന് ഒതുക്കി കഴിഞ്ഞപ്പോൾ കൃഷ്ണ ഉണ്ണിമോളെ ഉണർത്താനായി പോയി. കുഞ്ഞിനെ വിളിച്ചുണർത്തി, പല്ല് തേയ്പ്പിച്ച്, കുളിപ്പിച്ച് ഒരുക്കി ഡൈനിങ് റൂമിലേക്ക് കൊണ്ട് വന്നപ്പോഴേക്കും സായിയും സൂരജും പുറത്ത് പോകാൻ തയ്യാറായി അവിടേക്ക് വന്നു.
ഉണ്ണിമോൾക്ക് ഒപ്പം അവർക്കും കൃഷ്ണ തന്നെ ഭക്ഷണം വിളമ്പി. സൂരജിന് ഭക്ഷണം വിളമ്പി കൊടുക്കാൻ പറഞ്ഞാൽ മുൻപ് മടിച്ചു നിൽക്കുന്നവളാണ്. ഇപ്പൊ പറയാതെ തന്നെ അവനും വിളമ്പി കൊടുക്കാറുണ്ട്. ഇപ്പോഴും സാർ എന്ന വിളി മാറ്റിയിട്ടില്ലെങ്കിലും ഒരു സഹോദരനോട് എന്ന പോലെ സ്നേഹവും ബഹുമാനവും സൂരജിനോട് അവൾക്ക് ഉണ്ടെന്ന് പുഞ്ചിരിയോടെ മൂവർക്കും ഭക്ഷണം വിളമ്പുന്ന കൃഷ്ണയെ നോക്കി നിന്ന രാജലക്ഷ്മി ഓർത്തു. ആ നിമിഷം സൂരജിന്റെ ഭാവി എന്ന ചിന്ത വീണ്ടും ആ അമ്മ മനസ്സിനെ നീറ്റി. വൈവാഹിക ജീവിതം ഒരു മനുഷ്യ ജീവിതത്തിന്റെ അവസാന വാക്കല്ല എന്നും, വിഭാര്യനായി ജീവിക്കുന്നത് ഒരു കുറവല്ല എന്നും എത്ര തവണ പറഞ്ഞാലും അംഗീകരിക്കാനാകാത്ത അമ്മമാരുടെ കൂട്ടത്തിൽ ഒരാളായിരുന്നു രാജലക്ഷ്മിയും…
” ഡോക്ടർ രാജഗോപാൽ ബാംഗ്ലൂരിൽ നിന്നും വന്നിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തെ ഒന്ന് കാണാനായിട്ട് പോകുവാണ്. ചിലപ്പോ തിരികെ വരാൻ രാത്രി ആകും.”
കൃഷ്ണയോടും രാജലക്ഷ്മിയോടുമായിട്ട് സായി പറയുന്നത് കേട്ടാണ് രാജലക്ഷ്മി ചിന്തകളിൽ നിന്നും ഉണർന്നത്.
കഴിച്ചു കഴിഞ്ഞ് സായിയും സൂരജും പുറത്തേക്ക് ഇറങ്ങുന്നേരം കൃഷ്ണയും സായിക്ക് പിറകെ ചെന്നു.
അവളെ നോക്കി പുഞ്ചിരിച്ചു പുറത്തേക്കിറങ്ങിയ സായി പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരികെ വന്നതും കൃഷ്ണ സംശയത്തിൽ അവനെ നോക്കി.
“ഒറ്റയ്ക്ക് എവിടെയും പോകരുത്. എവിടെ എങ്കിലും പോകണമെന്നുണ്ടെങ്കിൽ ജോസേട്ടനെ വിളിച്ചാൽ മതി. ആള് കൂടെ വരും.”
കൃഷ്ണ സമ്മതഭാവത്തിൽ തലയാട്ടി. സായി തിരികെ നടന്നു. കാർ അകന്ന് പോകുന്നത് വരെ അവിടെ തന്നെ നിന്ന ശേഷം കൃഷ്ണ അകത്തേയ്ക്ക് ചെന്നു.
ഉണ്ണിമോൾക്കുള്ള ടിഫിൻ ബോക്സും ലഞ്ച് ബോക്സും ഒക്കെ ഒരുക്കി ബാഗിലേക്ക് എടുത്തു വച്ച് , സാരിതലപ്പു കൊണ്ട് മുഖവും കഴുത്തും അമർത്തി തുടച്ച ശേഷം കൃഷ്ണ ഹാളിലേക്ക് വന്നു.
“ഞാൻ മോളെ സ്കൂൾ ബസ് കേറ്റി വിട്ടിട്ട് വരാം ലക്ഷ്മിയമ്മേ…”
ഹാളിലെ സോഫയിൽ ഉണ്ണിമോളോടൊപ്പം ഇരിക്കുകയായിരുന്ന രാജലക്ഷ്മിയോടായി പറഞ്ഞു കൊണ്ടവൾ ഉണ്ണിമോളെ സോഫയിൽ നിന്നും കൈ പിടിച്ച് എഴുന്നേൽപ്പിച്ചു.
” സൂര്യ പറഞ്ഞതല്ലേ കൃഷ്ണേ ഒറ്റയ്ക്ക് പോണ്ടാന്ന്. ഞാൻ ജോർജ്ജിനെ വിളിക്കാം. അവൻ കാർ കൊണ്ട് വരും.”
രാജലക്ഷ്മി എഴുന്നേറ്റതും കൃഷ്ണ അവരെ തടഞ്ഞു.
” അതൊന്നും വേണ്ടമ്മേ… ഇത്തിരി ദൂരമല്ലേ ഉള്ളൂ. കവല വരെ പോകാൻ അഞ്ച് മിനിറ്റ് കൂടി വേണ്ട… എനിക്ക് ഇവിടം പരിചയം ഇല്ലാത്തത് ഒന്നും അല്ലല്ലോ? പിന്നെന്താ? ഞാൻ പോയിട്ട് ഇപ്പൊ വരാം….”
കൃഷ്ണ ഉണ്ണിമോളുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി.
*******

by