രചന – ഗംഗ ശലഭ
ശിവശങ്കരന്റെ അയൽക്കാരാണ് മധുവും അമ്പിളിയും. അവരുടെ രണ്ടു മക്കളിൽ മുതിർന്ന കുട്ടിയാണ് അരവിന്ദൻ. ഇളയവൾ അപർണയ്ക്ക് കൃഷ്ണയുടെ അതേ പ്രായമാണ്. പ്രീഡിഗ്രി വരെ ഇരുവരും ഒരേ ക്ലാസ്സിലാണ് പഠിച്ചത്. അടുത്ത കൂട്ടുകാരികളും. അരവിന്ദൻ അവരെക്കാൾ മൂന്ന് വയസ്സിനു മുതിർന്നതാണ്. മൂവരും ഒരുമിച്ചു കളിച്ചു വളർന്ന ഉറ്റ ചങ്ങാതിമാർ.
കൗമാരത്തിന്റെ ആരംഭത്തിൽ എപ്പോഴോ ആണ് കൃഷ്ണയോടുള്ള അരവിന്ദന്റെ ചങ്ങാത്തത്തിനു നിറഭേദം വന്നത്. ഉള്ളിലെ ഇഷ്ടം അവൻ കൃഷ്ണയോട് പോലും പറയാതെ മറച്ചു വച്ചു. പല തവണ പറയാൻ ശ്രമിച്ചതാണ്. അപ്പോഴൊക്കെയും അപർണ തന്നോടെടുക്കുന്ന അതേ സ്വാതന്ത്ര്യത്തോടെ കൃഷ്ണ ഇടപ്പഴകുമ്പോൾ ഉള്ളിലെ ഇഷ്ടം തുറന്നു പറയാനുള്ള ധൈര്യം അവന് കിട്ടാതെ പോയി.
പഠിക്കാൻ മിടുക്കൻ ആയിരുന്നു അരവിന്ദൻ. പഠിച്ചു പെട്ടെന്ന് ഒരു ജോലി വാങ്ങിയ ശേഷം ശിവശങ്കരനോട് തന്റെ അച്ഛൻ വഴി കൃഷ്ണയെ ചോദിക്കാം എന്നവൻ മനസ്സിൽ കണക്ക് കൂട്ടി. മധു പോലീസിലാണ്. സാമാന്യം ഭേദപ്പെട്ട സാമ്പത്തികമുള്ള കുടുംബം. അപർണയ്ക്കും അമ്പിളിക്കും ഒക്കെ കൃഷ്ണയെ ജീവനാണ് താനും. തനിക്ക് ഇങ്ങനെ ഒരിഷ്ടം ഉണ്ടെന്ന് അറിഞ്ഞാൽ മധുവോ ശങ്കരനോ അത് എതിർക്കില്ല എന്നവന് ഉറപ്പായിരുന്നു. ശങ്കരന്റെ വാക്കിനപ്പുറം കൃഷ്ണയ്ക്കും തീരുമാനങ്ങൾ ഇല്ല എന്ന് അരവിന്ദനറിയാം. അത് വരെ തന്റെ പ്രണയം ആരും അറിയണ്ട എന്നവൻ കരുതി. കൃഷ്ണ പോലും….!
കൃഷ്ണയാകട്ടെ ദിവസങ്ങൾ കടന്ന് പോയിട്ടും പ്രണയപൂർവ്വമുള്ള ഒരു നോട്ടം പോലും സായിയിൽ നിന്നും കിട്ടാത്തതിൽ ഏറെ വിഷമിച്ചു. എങ്കിലും അവളുടെ ഉള്ളിൽ അവനോടുള്ള പ്രണയം ദിനംപ്രതി തഴച്ചു വളർന്നു വന്നു.
*********
അന്ന് ഒരു വെള്ളിയാഴ്ച ആയിരുന്നു.
ഉച്ചക്ക് കൃഷ്ണ ടൈപ്പ് റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോകുമ്പോൾ വേനൽചൂട് കടുത്തു നിന്നു. വൈകിട്ട് അവിടെ നിന്നും തിരികെ ബസ്സിൽ കയറി ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി ആകാശം കറുപ്പ് മൂടി. ഇടിമിന്നലിന്റെ അകമ്പടിയോടെ തുള്ളിക്ക് ഒരു കുടം കണക്കെ വേനൽ മഴ പെയ്തിറങ്ങി.
ബസിന്റെ സൈഡ് സീറ്റിൽ ഇരുന്ന് മഴ ആസ്വദിക്കുന്നതിനിടെ എന്തോ ഓർത്തിട്ടെന്ന പോലെ കൃഷ്ണ പെട്ടെന്ന് ബാഗിനുള്ളിൽ കൈ കടത്തി തപ്പി നോക്കി . കുട കയ്യിൽ തടഞ്ഞതും ആശ്വാസത്തോടെ കൈ പിൻവലിച്ചു വീണ്ടും മഴയിലേക്ക് നോക്കിയിരുന്നു.
തൊട്ട് മുന്നിലെ സീറ്റിന്റെ വിൻഡോ ഷട്ടർ തുറന്ന് കിടന്നിരുന്നു. അതിലൂടെ തന്റെ മുഖത്തേക്ക് ചിതറി തെറിക്കുന്ന തൂവാനം അവളുടെ മനസ്സിനെ കുളിരണിയിച്ചു. സായി അരികിൽ ഉണ്ടായിരുന്നെങ്കിൽ എന്നവൾ വെറുതെ ആശിച്ചു. അവനൊപ്പം ഒന്നിച്ചൊരു പുതുമഴ നനയാൻ അവൾക്ക് കൊതി തോന്നി.
ബസ് സ്റ്റോപ്പിൽ ഇറങ്ങുമ്പോഴും മഴയ്ക്ക് ശമനം ഉണ്ടായില്ല. ആരോടോ ഉള്ള വാശി തീർക്കും പോലെ അത് പൂർവാധികം ശക്തിയോടെ പെയ്തു കൊണ്ടേ ഇരുന്നു. കൃഷ്ണ കുട നിവർത്തി റോഡിനു ഓരം ചേർന്ന് നടക്കാൻ തുടങ്ങി. മഴ ഇഷ്ടമാണ്. പക്ഷെ ഇടയ്ക്കിടെ ഉള്ള ശങ്കതമായ ഇടിമിന്നൽ…. കുഞ്ഞ് നാള് മുതൽക്കേ കൃഷ്ണയ്ക്ക് ഇടിമിന്നൽ പേടിയാണ്. പ്രത്യേകിച്ച് ഒറ്റയ്ക്കാകുമ്പോൾ….
പത്തു മിനിറ്റോളം ഉണ്ട് വീട്ടിലേക്ക് നടക്കാൻ. അത് വരെ ഒറ്റക്ക് നടക്കുന്നത് ഓർത്തപ്പോൾ അവൾക്ക് ഭയം തോന്നി. എവിടെ എങ്കിലും കയറി നിന്നാലോ എന്നോർക്കുമ്പോഴാണ് മഴയിലൂടെ ഒരാൾ ഓടി വന്ന് കുടയിലേക്ക് കയറിയത്. കൃഷ്ണ ആദ്യം ഒന്ന് പകച്ചു. തൊട്ടരികിൽ സായിയെ കണ്ടതും പകപ്പ് അമ്പരപ്പിന് വഴി മാറി.
കുറച്ചു മുൻപ് ഓർത്തതാണ് ഒരു കുടക്കീഴിൽ മഴയിലൂടെ കൈ കോർത്തു നടക്കുന്നത്. ഇപ്പൊ ഇതാ തന്റെ കുടയ്ക്കുള്ളിൽ അവൻ….! സ്വപ്നമാണോ എന്ന അമ്പരപ്പിൽ രണ്ടു നിമിഷം അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി നിന്നു.
സായ് കൈ കൊണ്ട് മുഖത്തു പറ്റിയ വെള്ളതുള്ളികൾ തുടച്ചു മാറ്റി തല കുടഞ്ഞു. അവന്റെ നീണ്ട മുടിയിഴകളിൽ പറ്റിയിരുന്ന വെള്ളത്തുള്ളികൾ കൃഷ്ണയുടെ മുഖത്തേക്കും തെറിച്ചു. കൃഷ്ണ പക്ഷെ അതൊന്നും അറിഞ്ഞതേയില്ല. കുറച്ചു മുൻപ് താൻ ആശിച്ചത് പോലെ സായിയെ തന്റെ കുടക്കീഴിൽ കണ്ട അമ്പരപ്പിലായിരുന്നു അവൾ അപ്പോഴും…
” ടൌൺ വരെ പോയതാണ്. മഴ പെയ്യുമെന്ന് കരുതിയില്ല. തന്നെ കണ്ടത് നന്നായി. ഇല്ലേൽ ആകെ നനഞ്ഞു നാശമായേനെ…..”
സായ് ചിരിച്ചു കൊണ്ട് കണ്ണാടി എടുത്തു തുടച്ചു വീണ്ടും മുഖത്തേക്ക് വച്ചു.
” താൻ ആള് കൊള്ളാല്ലോ? ഈ വെയിലത്ത് കുടയൊക്കെ എടുത്തിരുന്നോ….? നോക്കിയേ എല്ലാരും അവിടേം ഇവിടേം ഒക്കെ കയറി നിൽപ്പുണ്ട്. നമ്മൾ മാത്രേ കുടയിൽ ഉള്ളൂ…”
അവൻ ചുറ്റിനും നോക്കികൊണ്ട് പറഞ്ഞു.
സായ് പറഞ്ഞതൊന്നും അവൾ കേട്ടില്ല. അവളപ്പോഴും വല്ലാത്തൊരു ഉന്മാദാവസ്ഥയിൽ ആയിരുന്നു. അവൾക്കപ്പോഴും അതൊരു സ്വപ്നം അല്ല എന്ന് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.
സായ് തന്റെ അരികിൽ ഉണ്ടെന്നത് തന്റെ മനസ്സിന്റെ തോന്നൽ ആണെന്നാണ് അവൾ കരുതിയത്. സായിയുടെ നെറ്റിയിലേക്ക് വീണ് കിടക്കുന്ന മുടിയിഴകളിലൂടെ ഊർന്നിറങ്ങി മുഖത്തേക്ക് ഒഴുകുന്ന മഴതുള്ളികളെ അവൾ കൗതുകത്തോടെ നോക്കി. മുന്നോട്ട് നടക്കാൻ പോലും കൃഷ്ണ മറന്നു പോയിരുന്നു. വേട്ടക്കാരന്റെ കെണിയിൽ അകപ്പെട്ട മാൻ പേടയെപ്പോലെ പ്രണയം എന്ന വലയിൽ അകപ്പെട്ടു പോയിരുന്നു ആ കൗമാരക്കാരി.
“ഹലോ….”
സായ് അവളുടെ കണ്ണിന് നേർക്ക് കൈ വീശിയപ്പോഴാണ് അവൾക്ക് സ്ഥലകാലബോധം കൈ വന്നത്.
“താൻ എന്താടോ ഇങ്ങനെ നോക്കുന്നത്?”
സായിയുടെ ചോദ്യം കേട്ടതും അവൾ ചമ്മലോടെ തല താഴ്ത്തി.
“താൻ എന്തെ കുട എടുത്തത്?”
സായ് തന്റെ ചോദ്യം ആവർത്തിച്ചു.
“കുട സ്ഥിരം എന്റെ ബാഗിൽ കാണും. മഴ ആയാലും വെയിൽ ആയാലും. മാറ്റി വയ്ക്കില്ല.”
അവൾ പറഞ്ഞപ്പോൾ “നന്നായി” എന്ന് പറഞ്ഞു സായ് തലയാട്ടി.
പിന്നീട് കൃഷ്ണ തലയുയർത്തി സായിയെ നോക്കിയില്ല. സായ് ഏറെ നാളായി പരിചയം ഉള്ളവരെപ്പോലെ എന്തൊക്കെയോ പറഞ്ഞു നടന്നു. കൃഷ്ണ പലതും കേട്ടത് കൂടി ഇല്ല… അവളൊരു മായാവലയത്തിൽ പെട്ടത് പോലെ അവനൊപ്പം നടന്നു. അവന്റെ കയ്യിലൊന്ന് കൈ കോർക്കാൻ കൊതിക്കുന്ന മനസ്സിനെ അടക്കി അവനൊപ്പം നടക്കുമ്പോൾ ആ യാത്ര അവസാനിക്കാതിരുന്നെങ്കിൽ എന്ന് മാത്രമാണ് അവൾ ആശിച്ചത്.
**************
മുറി വൃത്തിയാക്കുന്നതും മറ്റും സായി തന്നെ സ്വയം ചെയ്യുമായിരുന്നു. അക്കാര്യങ്ങളിൽ ഒന്നും ഒരിക്കൽ പോലും കൃഷ്ണയ്ക്ക് അവനെ സഹായിക്കേണ്ടി വന്നിരുന്നില്ല.
ഒരിക്കൽ ശങ്കരനാണ് സായി മനോഹരമായി ചിത്രം വരയ്ക്കും എന്ന് കൃഷ്ണയോട് പറഞ്ഞത്. അന്ന് മുതൽ അവളുടെ ചിന്ത അവൻ തന്റെ ചിത്രവും വരച്ചിട്ടുണ്ടാകുമോ എന്നത് മാത്രമായി. അന്ന് ഒരു കുടക്കീഴിൽ നടന്നു വന്നിട്ടും പ്രണയം നിറഞ്ഞൊരു നോട്ടമോ സംസാരമോ സായിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് കൃഷ്ണയെ വേദനിപ്പിച്ചിരുന്നു. എങ്കിലും അവൾക്ക് അവനോടുള്ള ഇഷ്ടത്തിന് മാത്രം കുറവ് വന്നില്ല.
സായ് നന്നായി ചിത്ര വരയ്ക്കും എന്ന് ശങ്കരൻ പറഞ്ഞപ്പോൾ മുതൽ അവളുടെ ചിന്ത ഒന്ന് മാത്രമായി. അവന് തന്നോട് പ്രണയം ഉണ്ടെങ്കിൽ ഉറപ്പായും അവൻ തന്റെയും ചിത്രം വരച്ചിട്ടുണ്ടാകും എന്നവൾ ചിന്തിച്ചു. അതറിയാൻ ഒരാകാംക്ഷ അവളുടെ ഉള്ളിൽ നിറഞ്ഞു നിന്നു.
സായ് അവിടെ ഇല്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് കൃഷ്ണ അന്നവന്റെ മുറിയിലേക്ക് വന്നത്. സായ് വന്ന ശേഷം അവളാദ്യമായിട്ടായിരുന്നു അവിടേക്ക് വരുന്നത്. ഭംഗിയായി അടുക്കി ഒതുക്കി വച്ചിരിക്കുന്ന മുറി കണ്ടപ്പോഴേ അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു.
ജനലൊരം ഇട്ടിരുന്ന ടേബിളിൽ കുറേ പുസ്തകങ്ങൾ അടുക്കി വച്ചിരുന്നു. സായ് ഇരിക്കാറുള്ള കസേരയിൽ ഇരുന്നു കൊണ്ടവൾ ജനാലയിലൂടെ പുറത്തേക്ക് നോക്കി. താൻ സായിയെ നോക്കി നിൽക്കാറുള്ള മരച്ചുവട്ടിലേക്ക് അവളുടെ നോട്ടം എത്തി. ഇവിടെ ഇരുന്നാൽ അവിടം വ്യക്തമായി കാണാം. എന്നിട്ടും എന്ത് കൊണ്ടാകും അവൻ ഒരിക്കൽ പോലും തന്നെ ഒന്ന് നോക്കാത്തത്? ആ നിമിഷം താൻ ആശിച്ചത് പോലൊരു വികാരം അവന് തന്നോടില്ല എന്ന് അവൾക്ക് തോന്നിപ്പോയി. ഹൃദയത്തിൽ എന്തോ കോർത്തു വലിച്ചത് പോലെ അവൾക്ക് നോവ് അനുഭവപ്പെട്ടു.
ഒരു നെടുവീർപ്പോടെ കൃഷ്ണ ടേബിളിലേക്ക് നോക്കി. പുസ്തകങ്ങൾക്ക് ഏറ്റവും മുകളിലായി ഒരു റൈറ്റിങ് ബോർഡിൽ വെളുത്ത പേപ്പറിന്റെ ഒത്ത നടുവിൽ ‘പ്രണയിനി’ എന്ന് എഴുതി വച്ചിരിക്കുന്നു. അവളത് കയ്യിൽ എടുത്തു. കഥ എഴുതാനുള്ള തുടക്കമാണോ?
മനോഹരമായ കൈപ്പട…!
അവൾ അതിലൂടെ പതിയെ വിരൽ ഓടിച്ചതും ചെവിക്കുടയിൽ ഒരു പിടി വീണു.
**********

by