രചന – ഗംഗ ശലഭം
” വർഷങ്ങളായി ഓരോന്ന് ഉണ്ടാക്കുന്നു. എന്നിട്ടും വായിൽ വച്ചു കഴിക്കാൻ കൊള്ളുന്നതൊന്നും ഉണ്ടാക്കാൻ അറിയില്ല തള്ളയ്ക്ക്….”
മുന്നിൽ ചോറ് വിളമ്പി വച്ച പാത്രം തട്ടി എറിഞ്ഞു കൊണ്ട് ശ്രീനാഥ് അലറി.
ചോറ് വിളമ്പിക്കൊടുത്ത് അവനരികിലായി നിന്ന ദേവകിയമ്മ ഭയന്ന് പോയി.
ദേവകിയമ്മ ഇന്ദ്രപ്രസ്ഥത്തിലെ ജോലിക്കാരിയാണ്. ഒരു സാധു സ്ത്രീ. വർഷങ്ങളായി ദേവകിയമ്മയും മകളുമാണ് ഇന്ദ്രപ്രസ്ഥത്തിലെ അടുക്കള ജോലികളൊക്കെ ചെയ്യുന്നത്. ഇതേ വരെ ആരും അവരോട് കയർത്തു സംസാരിച്ചിട്ടില്ല. ദേവൻ പോലും….
ഊണ് മുറിയിൽ നിന്നും ശ്രീനാഥിന്റെ ഒച്ച കേട്ട് മുറിയിൽ നിന്നും പുറത്തേക് വന്ന ദേവൻ കാണുന്നത് ശ്രീനാഥ് തട്ടിയെറിഞ്ഞ പാത്രം നിലത്തു നിന്നും കുനിഞ്ഞെടുക്കുന്ന ദേവകിയമ്മയെ ആണ്. നിലത്തു ചിതറിക്കിടക്കുന്ന ചോറിനൊപ്പം അവരുടെ കണ്ണുനീരും നിലത്തേക്ക് വീണു ചിതറുന്നുണ്ട്.
“ദേവകിയമ്മ അകത്തേക്ക് പൊയ്ക്കോളൂ…”
ദേവന്റെ ആജ്ഞ കിട്ടിയതും അവർ ഒന്നും മിണ്ടാതെ പാത്രവും എടുത്ത് കണ്ണുനീരും തുടച്ച് അകത്തേക്ക് കയറിപോയി.
ദേവൻ ശ്രീനാഥിന് അടുത്തുള്ള കസേര വലിച്ചിട്ടിരുന്നു.
“എന്താ നിന്റെ പ്രശ്നം?”
കൈ കെട്ടി കസേരയിലേക്ക് ചാരി ഇരുന്ന് ദേവൻ ചോദിച്ചു.
“അവൻ പിന്നേം വിളിച്ചിരുന്നു.”
ശ്രീനാഥ് ദേഷ്യം അടക്കാൻ പല്ല് കടിച്ച് പിടിച്ചു.
“ആര്?”
“സ്റ്റീഫൻ….”
“അവനിനി എന്താ വേണ്ടത്? കൊടുക്കേണ്ടതൊക്കെ നമ്മൾ അന്നേ കൊടുത്തതല്ലേ?”
“അത് അവന് പോരാന്ന്… അന്ന് നമ്മൾ കൊടുത്തതൊക്കെ കൊണ്ടവൻ ഇന്ത്യ വിട്ടില്ലേ? ജർമ്മനിയോ ഇറ്റലിയോ എങ്ങാണ്ടോ പോയി അവിടെ അവനൊരു ബിസിനസ് തുടങ്ങി. അത് എട്ട് നിലേൽ പോട്ടി. ഇപ്പൊ അവനുണ്ടായ നഷ്ടം നമ്മുടെ കയ്യീന്ന് ഈടാക്കണം. അതിനവൻ ഇന്ത്യയിലേക്ക് വരുന്നുണ്ട്.”
“ഭീഷണിയാ?”
ദേവനൊന്ന് പുച്ഛിച്ചു ചിരിച്ചു.
“ഹ്മ്മ്… ഏതാണ്ട് ആ രീതിയിൽ ഒക്കെ തന്നെയായിരുന്നു സംസാരം.”
” ദേവനെ ഭീഷണിപ്പെടുത്താൻ മാത്രം വളർന്നോ അവൻ? കൊടുക്കേണ്ടത് അന്നേ കൊടുത്തിരുന്നേൽ ഇന്നിങ്ങനെ ശല്യം ചെയ്യാൻ അവൻ ഉണ്ടാവില്ലായിരുന്നു. വരട്ടെ… അവൻ ചോദിച്ചതിന്റെ ഇരട്ടി കൊടുത്തേക്കണം.
ദേവൻ ആരാന്ന് അവൻ അറിയും.
നീ ഇനി അതോർത്തു ടെൻഷൻ ആകണ്ട. അതെനിക്ക് വിട്ടേക്ക്….”
ദേവൻ കുടിലതയോടെ ചിരിച്ചു.
” അല്ല…. കൃഷ്ണയുടേം കൊച്ചിന്റേം കാര്യം എന്തായി?”
ദേവൻ തിരക്കി.
” ഓ…. അതത്ര വലിയ വിഷയം ഒന്നും അല്ലച്ഛാ… അവള് എന്തോ ചെയ്യാനാ? അച്ഛൻ ഈ പേടിക്കുന്ന പോലെ സായീടെ സ്വത്ത് അന്വേഷിച്ച് അവള് വരാനൊന്നും പോണില്ല. അങ്ങനെ വല്ലോം ഉണ്ടായിരുന്നേൽ ഇതിന് മുന്നേ അവൾ അതിന് ശ്രമിച്ചേനെ…. അവളിപ്പോഴും സായി സായി എന്ന് മന്ത്രോം ജപിച്ചു ഇരിക്കുവാ…… അവന് എത്ര സ്വത്തുണ്ടെന്ന് പോലും അവക്ക് അറിയാൻ ചാൻസ് ഇല്ല.
അല്ല… ഇനിയിപ്പോ ഭാവീല് അവള് വല്ല ഉടക്കും ഉണ്ടാക്കാൻ വന്നാല്…..?
അതപ്പഴല്ലേ?
ഇപ്പൊ നമ്മുടെ കയ്യിലുള്ള കോടികൾക്ക് വേണ്ടി എട്ട് പേരെ തീർത്തില്ലേ? ഒരീച്ച പോലും അറിയാതെ…..
പിന്നെയാണോ ഈ നരുന്ത് പോലത്തെ രണ്ടെണ്ണത്തിനെ…?”
ശ്രീനാഥ് ദേവന്റെ ആശങ്ക നിസ്സാരവൽക്കരിച്ചു.
” നീ അന്ന് ഒരു തഞ്ചത്തിൽ നിന്നിരുന്നേൽ നമുക്ക് അവളേം കൊച്ചിനേം ഇങ്ങോട്ട് കൊണ്ട് വരാരുന്നു. അന്ന് വെറുതെ സീൻ ഉണ്ടാക്കി എല്ലാം കുഴപ്പത്തിൽ ആക്കിയില്ലേ?”
ദേവൻ നീരസത്തോടെ പറഞ്ഞു.
“അച്ഛന് എന്താണ് അവളോട് ഒരു സോഫ്റ്റ് കോർണർ?”
കൃഷ്ണയോടുള്ള ദേവന്റെ സമീപനം ഇഷ്ടമാകാതെ ശ്രീനാഥ് ദേവനോട് അരിശപ്പെട്ടു.
” എനിക്കെന്ത്? എനിക്ക് ആരോടും സോഫ്റ്റ് കോർണർ ഒന്നും ഇല്ല. ഈ ലോകത്തുള്ള സകലരേം കൊന്ന് തള്ളാൻ ഒന്നും പറ്റില്ലല്ലോ?”
കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ കസേര പിറകിലേക്ക് തള്ളി മാറ്റി ദേവൻ എഴുന്നേറ്റു പോയി.
ശ്രീനാഥ് ചുളിഞ്ഞ നെറ്റിയോടെ അത് നോക്കിയിരുന്നു.
സ്വന്തം പദ്ധകൾക്ക് ആരെങ്കിലും തടയിടും എന്നൊരു നേരിയ തോന്നൽ ഉണ്ടായാൽപോലും അവരെ അപായപ്പെടുത്താൻ മടിക്കാത്ത ആളാണ് ദേവൻ. അങ്ങനെ ഒരാൾ കൃഷ്ണയോടിങ്ങനെ അനുഭാവം കാണിക്കുന്നത് എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും ശ്രീനാഥിന് മനസ്സിലായില്ല.
അന്ന് താൻ കൃഷ്ണയെ റോഡിൽ വച്ച് അപമാനിച്ചപ്പോ മിണ്ടാതെ നിന്ന് കണ്ടെങ്കിലും തിരികെ എത്തിയ ശേഷം അതിന്റെ പേരിൽ അച്ഛനിൽ നിന്നും കുറേ ശകാരം കേട്ടതാണ്. അവളെ കൊന്ന് കളയാൻ പറയുമ്പോഴെല്ലാം വല്ലാത്ത ദേഷ്യം അച്ഛന്റെ മുഖത്ത് നിറയാറുണ്ട്. ഇതിനിടയിൽ അരവിന്ദനെ കൊണ്ടോ സൂരജിനെ കൊണ്ടോ അവളെ വിവാഹം കഴിപ്പിക്കാൻ ഒരു ശ്രമവും നടത്തിയിരുന്നു. അവളുടെ ജീവിതം സേഫ് ആക്കാൻ അച്ഛൻ ശ്രമിക്കുന്നത് പോലെ തോന്നിയിട്ടുണ്ട്. ഇനി അവൾ അച്ഛന്റെ ജാരസന്തതി വല്ലതും ആണോ? ഏയ്… അങ്ങനെ എങ്കിൽ എന്നോട് അവളെ വിവാഹം ചെയ്യാൻ പറയില്ലല്ലോ?
അച്ഛൻ ഇനി എന്തൊക്കെ പറഞ്ഞാലും സായിയുടെ സ്വത്തുക്കളുടെ മേൽ അവകാശം ചോദിച്ചവൾ വന്നാൽ പിന്നെ കൃഷ്ണയും കൊച്ചും ഈ ഭൂമിയിൽ ഉണ്ടാവില്ല. കോടികളുടെ സ്വത്തുക്കളാണിപ്പോ സാരംഗിയുടെ മകളുടെ പേരിൽ ഉള്ളത്. അതായത് എന്റെ മകളുടെ പേരിൽ…. അവള് കൊച്ചല്ലേ? അതൊക്കെ അനുഭവിക്കാൻ എനിക്ക് മാത്രമാണ് യോഗം. ആ യോഗം മാറ്റി എഴുതാൻ ഞാൻ ഒരുത്തിയേം അനുവദിക്കില്ല.
ശ്രീനാഥ് ദേഷ്യത്തിൽ എഴുന്നേറ്റ്, കൈ കഴുകി സ്വന്തം മുറിയിലേക്ക് പോയി.
തിരികെ ഓഫീസിലേക്ക് പോകാൻ അവന് തോന്നിയില്ല. കട്ടിലിലേക്ക് കയറി കിടന്ന് കണ്ണിനു മുകളിൽ കൈ എടുത്തു വച്ച് കണ്ണുകൾ അടച്ചു.
പതിവില്ലാതെ അവന്റെ മനസ്സിൽ സാരംഗിയുടെ മുഖം തെളിഞ്ഞു വന്നു.
സാരംഗി…..
അതിസുന്ദരിയായ ഒരുവൾ….
വിദ്യാഭ്യാസവും സൗന്ദര്യവും തന്റെടവും ഒത്തിണങ്ങിയവൾ….
എപ്പോഴെങ്കിലും താൻ അവളെ ആത്മാർത്ഥമായി പ്രണയിച്ചിരുന്നോ?
ഇല്ല എന്ന് നിസ്സംശയം പറയാം.
സ്നേഹിച്ചത് അവളുടെ അച്ഛന്റെ സ്വത്തുക്കളെ മാത്രമാണ്. കോടികൾ വിലമതിക്കുന്ന സ്വത്തുക്കളെ….!
അതിൽ ഒരിക്കലും അയാളുടെ ഏറ്റവും വലിയ സ്വത്തുക്കളിൽ ഒന്നായ സാരംഗി ഉണ്ടായിരുന്നില്ല. അങ്ങനെ അവളെ ഒരല്പം എങ്കിലും സ്നേഹിച്ചിരുന്നു എങ്കിൽ ഒരു മനസാക്ഷിക്കുത്തും കൂടാതെ അവളെ ഇല്ലാതാക്കാൻ തനിക്ക് കഴിയുമായിരുന്നില്ലല്ലോ? അച്ഛന് ഇപ്പോഴും അറിയില്ല താൻ അവളെ അറിഞ്ഞു കൊണ്ട് ഇല്ലാതാക്കിയതാണെന്ന്….
അന്നും ഇന്നും ഒരുവളെ മാത്രമേ പ്രണയിച്ചിട്ടുള്ളൂ… ഒരേ ഒരാളെ…
ഇഷ്ടമായിരുന്നു പരസ്പരം. വിവാഹിതരാകാൻ തന്നെ തീരുമാനിച്ചിരുന്നതാണ്.
അച്ഛനോട് പറയാനിരിക്കുമ്പോഴാണ് അച്ഛൻ സാരംഗിയുടെ കാര്യം എടുത്തിടുന്നത്. അവളുടെ അച്ഛന്റെ കോടികൾ വരുന്ന ആസ്തിയെക്കുറിച്ച് പറഞ്ഞ് അച്ഛൻ എന്നെ പ്രലോഭിപ്പിച്ചു.
അച്ഛന് അതൊരു വാശിയായിരുന്നു. വല്യച്ഛൻ മാധവൻ തമ്പിയോടുള്ള വാശി. അച്ഛൻ ആദ്യം സാരംഗിയുടെയും എന്റെയും വിവാഹക്കാര്യം വല്യച്ഛനോട് സംസാരിച്ചപ്പോൾ വല്യച്ഛൻ എതിർത്തു അത്രേ… അച്ഛന് പണ്ട് മുതൽക്കേ വല്യച്ഛനെ ധിക്കരിച്ചാണ് ശീലം. ഇവിടെയും അങ്ങനെ തന്നെ.
ആ വാശിയാണ് തന്റെയും സാരംഗിയുടെയും വിവാഹത്തിൽ എത്തിയത്. അന്നൊക്കെ അച്ഛനെ എതിർത്ത് തനിക്കും ശീലമുണ്ടായിരുന്നില്ല.
**********
നടന്ന സംഭവങ്ങൾ കുറച്ചു ശ്രീനാഥിന്റെ POV യിലൂടെ അറിയാം. സസ്പെൻസ് മുഴുവൻ പൊളിക്കില്ല ട്ടൊ…. എന്നാൽ തുടർന്ന് വായിക്കാൻ നിങ്ങൾക്കും ഇന്ട്രെസ്റ് ഉണ്ടാവില്ല. 🥰

by