രചന – ഗംഗ ശലഭം
സൂരജ് തലയിൽ കൈ താങ്ങി ബെഡിലേക്കിരുന്നു. കൃഷ്ണയെയും കുഞ്ഞിനേയും ഇവിടെ നിന്നും മാറ്റണം എന്ന് പറയാൻ തോന്നിയ നിമിഷത്തെ അവൻ ഉള്ളാലെ പഴിച്ചു.
സൂര്യ ഇവിടെ ഉള്ളപ്പോ അവരിവിടെ വേണം. എന്നാലേ എന്തെങ്കിലും പ്രയോജനം ഉണ്ടാവൂ…. ഇതിപ്പോ അവൻ ഇങ്ങനെ ഒരു മുന്നറിയിപ്പും ഇല്ലാതെ വരുമെന്ന് ആര് കരുതി? കഴിഞ്ഞ ദിവസം വിളിച്ചപ്പോ പോലും ഈയിടയ്ക്കൊന്നും ഇങ്ങോട്ടില്ല എന്ന് പറഞ്ഞവനാണ്. ഇനിയിപ്പോ കൃഷ്ണയെ ഇവിടെ പിടിച്ചു നിർത്താൻ എന്താണ് ചെയ്യേണ്ടത്?
അസ്വസ്ഥതയോടെ മുടിയിഴകളിലൂടെ വിരലോടിച്ചു കൊണ്ടിരിക്കവേ സൂരജിന്റെ ഫോൺ ശബ്ദിച്ചു.
“വൈശാലി….”
സൂരജ് പതിയെ പറഞ്ഞു കൊണ്ട് കാൾ എടുത്തു.
വൈശാലി ഐ പി എസ്.
സൂരജിന്റെ ആത്മമിത്രം….!
” ഞാൻ എത്ര വട്ടം വിളിച്ചു വൈശു നിന്നെ? ”
സൂരജ് നീരസപ്പെട്ടു.
“എനിക്കൊരു അർജന്റ് മീറ്റിംഗ് ഉണ്ടായിരുന്നു സൂരജ്…. ”
വൈശാലി ക്ഷമാപണം പോലെ പറഞ്ഞു.
” ഹ്മ്മ്… അത് പോട്ടെ…. എന്തായി? അവനെ കിട്ടിയോ? ”
സൂരജിന്റെ സ്വരത്തിൽ അക്ഷമ നിഴലിച്ചിരുന്നു.
” ഇല്ല….. അവൻ നമ്മൾ വിചാരിച്ചതിലും വിരുതനാ…. വരാലിനെപ്പോലെ വഴുതി പോകുവാണ്….”
” നമുക്ക് അവനെ കിട്ടിയേ പറ്റൂ വൈശു… എത്ര നാളായി അവനെ തപ്പാൻ തുടങ്ങീട്ട്…? ”
” സൂരജ് ഇങ്ങനെ ടെൻഷൻ ആകാതെ… അവനെ കിട്ടും നമുക്ക്. ഉടനെ തന്നെ….. അവനെ കിട്ടിയില്ലെങ്കിലും അവന്റെ ശിങ്കിടി ഇർഷാദിനെ കിട്ടിയിട്ടുണ്ട്. തൽക്കാലത്തേയ്ക്ക് ശ്രീനാഥിനുള്ളൊരു ഷോക്ക് ട്രീറ്റ്മെന്റ് ഇപ്പൊ എന്റെ കയ്യിൽ ഉണ്ട്. ഇർഷാദിനെ ഒന്ന് ഇടിച്ചു പിഴിഞ്ഞപ്പോ പുറത്ത് വന്നതാ…. ”
” എന്താടി….? ”
സൂരജ് ആകാംക്ഷയോടെ ചോദിച്ചു.
” മാധവൻ തമ്പിയുടെ മകൻ ശ്രീദേവിന്റെ മരണം കൊലപാതകം ആണെന്നറിഞ്ഞാൽ സൂരജ് ഞെട്ടുമോ ഇല്ലയോ? ”
” ങേ….! നീ എന്താ പറഞ്ഞെ…? ”
അവിശ്വസനീയതയോടെ, അതിലേറെ അമ്പരപ്പോടെ സൂരജ് ചോദിച്ചു.
” ശ്രീദേവ്…? അതെങ്ങനെ? അയാൾ പാമ്പ് കടിയേറ്റല്ലേ മരിച്ചത്?”
സൂരജിന് ശബ്ദം പുറത്തേക്ക് വരുന്നില്ല എന്ന് തോന്നി.
” അന്ന് സായ് സൂരജിനോട് ഫോണിൽ പറഞ്ഞതൊക്കെ ശ്രീദേവിനോടും പറഞ്ഞിരുന്നു. അങ്ങനെ ആണെങ്കിലോ…?”
” പക്ഷെ…. വൈശു…. അന്ന് ശ്രീനാഥ് സായിക്കൊപ്പം ബാംഗ്ലൂർ ആയിരുന്നില്ലേ? പിന്നെ എങ്ങനെ?”
സൂരജ് സംശയം മാറാത്തത് പോലെ ചോദിച്ചു.
” ശ്രീനാഥ് മാത്രമേ ബാംഗ്ലൂർ ഉണ്ടായിരുന്നുള്ളൂ സൂരജേ… ദേവൻ അന്നും ഇന്ദ്രപ്രസ്ഥത്തിൽ തന്നെ ആയിരുന്നല്ലോ? മകനേക്കാൾ വിരുതനാണ് അച്ഛൻ….! അത് നമുക്ക് അറിയുന്നതല്ലേ?
നിറയെ പാമ്പുകൾ ഉള്ള കാവിൽ വച്ച് ശ്രീദേവ് പാമ്പ് കടിയേറ്റ് മരിച്ചാൽ ആർക്കും സംശയം തോന്നില്ല എന്ന് ചിന്തിക്കാനുള്ള കുരുട്ട് ബുദ്ധിയൊക്കെ ദേവനുണ്ട്. അയാളെ സംബന്ധിച്ച് ആ മരണം ‘ഒരു വെടിക്ക് രണ്ട് പക്ഷി’ പോലെ അല്ലെ? ശ്രീദേവ് അറിഞ്ഞതൊന്നും മറ്റാരും അറിയുകേം ഇല്ല, ഇന്ദ്രപ്രസ്ഥത്തിലെ സ്വത്തുക്കൾ ശ്രീദേവിന് കൂടി വീതം വച്ച് പോവുകേം ഇല്ല…..”
‘കാവില് നിറയെ പാമ്പുണ്ട്. പക്ഷെ അവയൊന്നും ആരെയും കടിച്ച ചരിത്രമില്ല. തൊട്ട് മുന്നിൽ ആളിനെ കണ്ടാലും പത്തി ഒന്ന് വിടർത്തും അത്ര തന്നെ…. സത്യം ഉള്ള കാവാ അത്. അവിടുത്തെ പാമ്പുകളും….’
സായിയുടെ അമ്മ ഒരിക്കൽ സാരംഗിയുടെ ഭർതൃവീടിനെക്കുറിച്ചും അവിടുത്തെ കാവിനെക്കുറിച്ചും ഒക്കെ പറഞ്ഞത് സൂരജിന് ഓർമ്മ വന്നു.
“നമുക്ക് ഇവിടെ എന്ത് ചെയ്യാൻ പറ്റും വൈശു? ഈ കിട്ടിയ ഇൻഫർമേഷൻ വച്ച് എങ്ങനെ കളിക്കണം?”
സൂരജ് ആകെ ആശയക്കുഴപ്പത്തിലായി.
“മാധവൻ തമ്പിയും ശ്രീദേവും അല്ലെ മരിച്ചിട്ടുള്ളൂ? തമ്പിയുടെ ഭാര്യ ഇപ്പോഴും ജീവനോടെ ഇല്ലേ?”
” ഉണ്ട്. ഇന്ദ്രപ്രസ്ഥത്തിൽ അല്ല അവര്. തമ്പിയും കൂടി മരിച്ചതിൽ പിന്നെ അവരുടെ തറവാട്ടിലേക്ക് താമസം മാറി.”
” ഹ്മ്മ്… എന്നാൽ ആദ്യം അവരെ പോയി കാണണം. എല്ലാം അറിയിക്കണം. അവരുടെ പരാതിയിന്മേലെ ഇനി ശ്രീദേവിന്റെ മരണത്തിൽ ഒരു അന്വേഷണത്തിന് സ്കോപ് ഉള്ളൂ…”
“എന്നാലും…. ഇതിപ്പോ എത്ര വർഷം ആയി? ഇനി ഒരന്വേഷണം എന്നൊക്കെ പറഞ്ഞാൽ…”
“അതൊക്കെ ഞാൻ നോക്കിക്കോളാം. ആദ്യം നമുക്ക് തമ്പിയുടെ ഭാര്യ സുഭദ്രയെ ഒന്ന് പോയി കാണാം. ഞാൻ നാളെ നാട്ടിലേക്ക് വരുന്നുണ്ട്.”
“അത് നന്നായി. നീയും കൂടി ഉണ്ടെങ്കിൽ എനിക്ക് അതൊരു ധൈര്യം ആണ്.”
“അയ്യോ… അല്ലേൽ ധൈര്യം ഇല്ലാത്ത ഒരാള്…? ഇങ്ങനെ അയ്യോ പാവം കളിച്ച്, ആ കൃഷ്ണയുടെ മുന്നില് മാത്രം രാക്ഷസനായി നടക്കാതെ ആ കരാട്ടെ ബ്ലാക് ബെൽറ്റ് ഒക്കെ എടുത്തൊന്ന് കെട്ടെടോ മാഷേ….”
വൈശുവിന്റെ കുസൃതി ചിരി കേട്ടു സൂരജിനും ചിരി വന്നു.
” അല്ല സൂരജ്. അവിടുത്തെ സി ഐയെ തനിക്ക് പരിചയം ഉണ്ടെന്നല്ലേ പറഞ്ഞത്?”
“ഹ്മ്മ്… മധു അങ്കിൾ… എനിക്കറിയാം പുള്ളിയെ.”
“ജനുവിൻ ആണോ? നമുക്ക് കൂടെ കൂട്ടാമോ?”
“പിന്നേ…. ഒട്ടും സംശയിക്കണ്ട.”
“എന്നാൽ ആളിന്റെ നമ്പർ നീ എനിക്കൊന്ന് വാട്സ്ആപ്പ് ചെയ്യ്. ഞാൻ പുള്ളിയോട് ഒന്ന് സംസാരിക്കട്ടെ.”
“ഓക്കേ…. ഞാൻ അത് നിനക്ക് സെൻറ് ചെയ്യാം…..
പിന്നെ….സൂര്യ എന്നെ വിളിച്ചിരുന്നു. അവനിന്ന് വരും എന്നാണ് പറഞ്ഞത്.”
“ആഹാ…. ഗുഡ്. ഇനി നീ കൃഷ്ണയെ അവിടുന്ന് ഓടിക്കാൻ നോക്കില്ലല്ലോ?”
“അതില്ല… പക്ഷെ അമ്മ ഇടഞ്ഞു നിക്കുവാ… കൃഷ്ണയെ ഇനി ഇവിടെ നിർത്തില്ല എന്നാ പറയുന്നത്.”
“ആഹാ… ബെസ്റ്റ്. നീയായിട്ട് ഉണ്ടാക്കിയ പ്രോബ്ലം അല്ലെ? നീ തന്നെ സോൾവ് ചെയ്യ്.”
” നീ കൂടി ഇങ്ങനെ പറയാതെടി. നിനക്ക് അറിയില്ലേ എല്ലാം….? ഒരിക്കൽ അബ്നോർമൽ ആയിത്തുടങ്ങിയ മനസ്സാ എന്റേത്. അന്ന് ഞാൻ രണ്ടു വർഷത്തോളം എന്നെത്തന്നെ മറന്ന് നടന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ ഈ പ്രശ്നങ്ങൾ ഒക്കെ എന്നേ സോൾവ് ആയേനെ….”
സൂരജ് നെടുവീർപ്പിട്ടു.
“സാരമില്ല…. എല്ലാം ശരിയാകും.”
സൂരജിനെ ആശ്വസിപ്പിച്ച് വൈശാലി കാൾ അവസാനിപ്പിച്ചു.
സൂരജ് മധുവിന്റെ കോൺടാക്ട് നമ്പർ വൈശാലിക്ക് വാട്സാപ്പിൽ ഷെയർ ചെയ്തു കൊടുത്തു.
വൈശാലിയോട് സംസാരിച്ചു കഴിഞ്ഞപ്പോൾ സൂരജിന് വല്ലാത്ത ആശ്വാസം തോന്നി. ഇവിടേക്ക് വന്നത് എന്തിനാണോ, ഇത്ര നാളും കാത്തിരുന്നത് എന്തിനാണോ അത് പൂർത്തീകരിക്കാൻ പോകുന്നു. ആത്മവിശ്വാസത്തോടെയാണ് സൂരജ് ടവലുമെടുത്തു കുളിക്കാൻ പോയത്.
********
നിർത്താതെ മുഴങ്ങുന്ന ഫോൺ കാളിന്റെ ശബ്ദമാണ് സൂരജിനെ ഉണർത്തിയത്. അവൻ കണ്ണ് തിരുമ്മി കൈ എത്തിച്ചു ടേബിളിൽ ഇരുന്ന ഫോൺ എടുത്തു.
“സൂര്യ കാളിംഗ്….”
സൂരജ് എഴുന്നേറ്റിരുന്നു ചുമരിൽ തപ്പി ലൈറ്റിന്റെ സ്വിച്ച് ഇട്ടു. ക്ലോക്കിലേക്ക് നോക്കുമ്പോൾ സമയം പന്ത്രണ്ട് അഞ്ച്.
“ഈ നേരത്ത് ഇവന് ഇതെന്താ?”
പിറുപിറുത്തു കൊണ്ട് സൂരജ് കാൾ എടുത്തു.
“ചേട്ടായി. ഞാൻ ഗേറ്റിന് വെളിയിലാ… നിങ്ങടെ സെക്യൂരിറ്റി ഇവിടെ കുംഭകർണ്ണന് പഠിക്കുവാ… ഞാൻ വിളിച്ചിട്ടൊന്നും അനക്കമില്ല. ഒന്ന് വന്ന് ഗേറ്റ് തുറന്ന് താ…”
സൂരജ് ഒരു ചെറു ചിരിയോടെ ബെഡിൽ നിന്നും എഴുന്നേറ്റ്, സ്റ്റാൻഡിൽ നിന്നും ഒരു ടി ഷർട്ട് എടുത്തു ധരിച്ചു കൊണ്ട് ഡോർ തുറന്ന് മുറിക്ക് പുറത്തേക്കിറങ്ങി.
***********
അഭിപ്രായം മറക്കല്ലേ…. പ്ലീസ് ….

by