രചന – ഗംഗ ശലഭം
സൂരജ് പതിയെ ഫ്രണ്ട് ഡോർ തുറന്ന് പുറത്തേക്കിറങ്ങി.
ഗേറ്റ് ലാമ്പിന്റെ വെളിച്ചത്തിൽ സൂര്യ ഗേറ്റിന് പുറത്ത്, ഗേറ്റിന്റെ അഴികളിൽ പിടിച്ചു നിൽക്കുന്നത് കണ്ടതും സൂരജിന് ചിരി വന്നു. ഉറക്കം തൂങ്ങി വീഴാൻ പോകുന്നത് പോലെയാണ് നിൽപ്പ്. അവന്റെ തോളിലായി ബാഗ് പാക്കും കിടപ്പുണ്ട്.
സൂരജ് ഗേറ്റിനരികിലേക്ക് ചെന്നപ്പോഴേ സെക്യൂരിറ്റി ഇരിക്കുന്ന ഭാഗത്തേക്ക് വിരൽ ചൂണ്ടുന്നുണ്ട് സൂര്യ. നോക്കുമ്പോൾ ഗേറ്റിനോട് ചേർന്ന് സെക്യൂരിറ്റി ഗാർഡിന് വേണ്ടി ഉണ്ടാക്കിയിരുന്ന റൂമിനു പുറത്തായി ചെയർ ഇട്ട് സെക്യൂരിറ്റി അതിൽ ഇരുന്ന് സുഖമായി ഉറങ്ങുകയാണ്….
സൂരജ് അയാളുടെ അടുത്തേക്ക് ചെന്ന് തട്ടി വിളിച്ചു.
അയാൾ ഉണർന്നില്ല എന്ന് മാത്രമല്ല മദ്യത്തിന്റെ രൂക്ഷ ഗന്ധം അവന്റെ മൂക്കിലേക്ക് അടിച്ചു കയറുകയും ചെയ്തു.
‘ഓഹോ… അപ്പൊ ഞങ്ങൾ ഒക്കെ ഉറങ്ങി കഴിഞ്ഞാൽ ഇയാൾക്ക് ഇതാണല്ലേ കലാപരിപാടി ? നാളെ ഞാൻ ശരിയാക്കി തരുന്നുണ്ട്. കയ്യും കാലും പിടിച്ച് ജോലി വാങ്ങും… അത് കഴിഞ്ഞു തോന്നിയ പോലെ ഓരോന്ന് കാട്ടിക്കൂട്ടും….!’
മനസ്സിൽ പറഞ്ഞു കൊണ്ട് സൂരജ് അയാളുടെ പോക്കറ്റിൽ കയ്യിട്ട് ഗേറ്റിന്റെ താക്കോൽ എടുത്തു. എന്നിട്ടും അയാൾ ഒന്നും അറിയാതെ ഉറക്കം തന്നെ…!
ഗേറ്റ് തുറന്നതും സൂര്യ ഓടി വന്ന് സൂരജിനെ ചുറ്റിപിടിച്ചു.
“രാവിലെ വന്നിട്ട് എവിടായിരുന്നു ഇത്രേം നേരം?”
അവനെ ചേർത്ത് നിർത്തി ചോദിക്കുമ്പോൾ സൂരജ് വാത്സല്യനിധിയായ ഒരേട്ടനായി മാറിയിരുന്നു.
“അതൊക്കെ വലിയ കഥയാണ് ചേട്ടായി…. ഇപ്പൊ കേൾക്കണേൽ ചുരുക്കി പറയാം.”
സൂരജ് ഗേറ്റ് പൂട്ടുമ്പോഴും സൂര്യ അവന്റെ തോളിൽ ഇട്ടിരുന്ന കൈ മാറ്റിയില്ല.
“വലിയ കഥയൊന്നും കേൾക്കാനുള്ള ത്രാണി എനിക്കിപ്പോ ഇല്ല മോനെ…. ഉറക്കം വന്നിട്ട് കണ്ണ് കാണാൻ പാടില്ല. നട്ടപ്പാതിരായ്ക്കല്ലേ വിളിച്ചുണർത്തിയത്? നമുക്ക് നാളെ വിശദമായിട്ട് പറയാം.”
ഗേറ്റ് പൂട്ടി താക്കോൽ സ്വന്തം ടീഷിർട്ടിന്റെ പോക്കറ്റിലേക്കിട്ട് സെക്യൂരിറ്റിയെ ഒന്ന് നോക്കി സൂര്യയെയും കൂട്ടി സൂരജ് വീട്ടിലേക്ക് നടന്നു.
“അമ്മ ഉണർന്നോ?”
വീട്ടിലേക്ക് നടക്കവേ സൂര്യ ചോദിച്ചു.
“ഇല്ല… ഞാൻ അമ്മേ വിളിച്ചില്ല.”
“നന്നായി…. നാളെ രാവിലെ അറിഞ്ഞാൽ മതി.”
സൂര്യ ചിരിയോടെ പറഞ്ഞു.
“നീ വല്ലതും കഴിച്ചാരുന്നോ?”
വീടിനുള്ളിലേക്ക് കയറി ഡോർ ലോക്ക് ചെയ്തു കൊണ്ട് സൂരജ് ശബ്ദം താഴ്ത്തി ചോദിച്ചു.
“അതൊക്കെ ഹോസ്പിറ്റൽ ക്യാന്റീനിൽ നിന്ന് കഴിച്ചു.”
“ഹോസ്പിറ്റൽ ക്യാന്റീനോ? നീയിപ്പോ എന്തിനാ ഹോസ്പിറ്റലിൽ പോയത്?”
സൂരജ് ധൃതിയിൽ സൂര്യയുടെ അടുത്തേക്ക് വന്നു. അവന്റെ മുഖത്താകെ വേവലാതി നിറഞ്ഞു.
“അതല്ലേ ഞാൻ പറഞ്ഞത്….? ഒരു വലിയ കഥയുണ്ടെന്ന്.”
“എന്താടാ? നിനക്ക് വയ്യായ്ക വല്ലതും ഉണ്ടോ?”
സൂരജ് ആധിയോടെ സൂര്യയുടെ നെറ്റിയിൽ ഒക്കെ കൈ വച്ച് നോക്കി.
” കുഴപ്പം ഒന്നും ഇല്ലെന്റെ ചേട്ടായി. രാവിലെ റയിൽവേ സ്റ്റേഷനിൽ എത്തിയ ശേഷം ഞാൻ കാനായിക്കുന്ന് കാണാൻ പോയി. യാത്ര ഒക്കെ ചെയ്തു വന്നിട്ട് കുന്നിന്റെ മേളിൽ കയറിയിട്ടാകണം മുകളിൽ കയറിയപ്പോഴേ ചെറുതായിട്ട് തലചുറ്റി. പിന്നെ അവിടെ ഉണ്ടായിരുന്ന ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോയി.
ഹോസ്പിറ്റലുകാർക്ക് പിന്നെ ഒരിരയെ കിട്ടിയാൽ പറയണ്ടല്ലോ? ഇനി ചെയ്യാൻ ടെസ്റ്റുകൾ ഒന്നും ബാക്കിയില്ല. എച്ച് ഐ വി കൂടി ചെയ്തു എന്നാ തോന്നണത്… ”
അവൻ ചിരിച്ചു.
” ഇല്ലാത്ത ടെസ്റ്റുകൾ അത്രേം ചെയ്ത്, അതിന്റെ റിസൾട്ടും ഒക്കെ വന്നു കഴിഞ്ഞപ്പോ രാത്രി പത്ത് മണി. വിശന്നിട്ട് കണ്ണ് കാണാൻ പറ്റാതായപ്പോ ഞാൻ കാന്റീനീന്ന് ദോശ കഴിച്ചു.
പിന്നെ ലാസ്റ്റ് ബസ്സിന് ഇങ്ങോട്ട് പൊന്നു. ഇവിടെ വന്നിട്ട് തന്നെ ഇപ്പൊ പതിനഞ്ച് മിനിറ്റായി. ആ സെക്യൂരിറ്റിയെ ഉണർത്താൻ നോക്കിയതാ…. നടക്കാതെ വന്നപ്പോഴാ ചേട്ടായിയെ വിളിച്ചത്.”
എന്ത് കൊണ്ടോ താൻ കണ്ട മായക്കാഴ്ചയെക്കുറിച്ചോ, അതിന് ശേഷം തനിക്കുണ്ടായ ശാരീരികവും മാനസികവുമായ ആസ്വാസ്ഥ്യങ്ങളെക്കുറിച്ചോ സൂരജിനോട് പറയാൻ സൂര്യക്ക് തോന്നിയില്ല.
” എന്താടാ? ഇത്രേം ഒക്കെ ആയിട്ടും നിനക്ക് എന്നെ വിളിക്കാൻ പാടില്ലായിരുന്നോ?”
സൂരജ് ശാസനയോടെ ചോദിച്ചു.
” അതിന് മാത്രം ഒന്നും ഉണ്ടായില്ലെന്റെ ചേട്ടായി. പിന്നെ….. എനിക്ക് നല്ല ഉറക്കം വരുന്നു. നമുക്ക് വിശദമായി നാളെ സംസാരിക്കാം.”
“എന്നാ വാ… ഇന്ന് എന്റെ റൂമിൽ കിടക്കാം.”
സൂരജ് പറഞ്ഞപ്പോൾ മറുത്തൊന്നും പറയാതെ സൂര്യയും അവനൊപ്പം സ്റ്റെയർ കയറി.
***********
ചുറ്റിനും ഇടതൂർന്ന് വളർന്ന നിൽക്കുന്ന മരങ്ങളുടെ ഇലകൾക്ക് ഇടയിലൂടെ സൂര്യ രശ്മികൾ അരിച്ചിറങ്ങുന്ന കാഴ്ച കൗതുകത്തോടെ നോക്കി നിന്നു സൂര്യ…. ആകാശത്തു നിന്നാരോ ഭൂമിയിലേക്ക് ടോർച്ച് തെളിയിക്കും പോലെ….!
പുലർച്ചെ ഉണർന്ന്, ചെറിയ രീതിയിലുള്ള വ്യായാമങ്ങൾ ഒക്കെ കഴിഞ്ഞ് ബാൽക്കണിയിലേക്ക് വന്നു നിന്നതാണവൻ. ഇനി വേണം താഴേക്ക് ചെന്ന് രാജലക്ഷ്മിയെ സർപ്രൈസ് ചെയ്യിക്കാൻ. പാവം പെട്ടെന്ന് കാണുമ്പോൾ വല്ലാതെ ഞെട്ടിപ്പോകും…..
ഓരോന്നോർത്ത് ചിരിയോടെ താഴേക്ക് നോക്കുമ്പോഴാണ് തൊടിയിൽ ആരോ നിൽക്കുന്നത് അവന്റെ കണ്ണിൽ പെട്ടത്.
തൊടിയിലെ പപ്പായ മരത്തിൽ നിന്നും പപ്പായ കുത്തി ഇടാൻ നോക്കുവാണ് ആള്.
നേരം പുലർന്ന് വരുന്നതേ ഉള്ളൂ… ഇപ്പോഴേ ഇതാരാ ഈ പണിക്ക് പോകുന്നത് എന്നോർത്തതും ആ രൂപം ഒന്ന് തിരിഞ്ഞു. സൂര്യയുടെ കണ്ണുകൾ അമ്പരപ്പിൽ വിടർന്നു.
വെളിച്ചം വീണ് തുടങ്ങുന്നതേ ഉള്ളൂ… കാഴ്ച വ്യക്തമല്ല. ഇന്നലെ മുതൽ ആ മുഖം മായാതെ മനസ്സിൽ നിൽക്കുന്നത് കൊണ്ട് തോന്നുന്നതാകും എന്നവൻ കരുതി എങ്കിലും കണ്ണുകൾ ആ രൂപത്തിൽ തന്നെ ഉടക്കി നിന്നു….
***
രാവിലെ സാമ്പാറിന് പച്ചക്കറികൾ നുറുക്കാൻ എടുക്കുമ്പോഴാണ് വെള്ളരിക്ക ഇല്ല എന്നത് കൃഷ്ണ ശ്രദ്ധിക്കുന്നത്. എന്നാപ്പിന്നെ അതിന് പകരം തൊടിയിൽ വിളഞ്ഞു പാകമായി നിൽക്കുന്ന പപ്പായകളിൽ ഒരെണ്ണം പൊട്ടിക്കാം എന്ന് കരുതി തോട്ടിയും എടുത്ത് ഇറങ്ങിയതാണ് കൃഷ്ണ.
സൂരജിനോട് പറയാമെന്ന് രാജലക്ഷ്മി പറഞ്ഞു എങ്കിലും അവളത് അപ്പോൾ തന്നെ വേണ്ട എന്ന് പറഞ്ഞു. പപ്പായ പൊട്ടിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് കൃഷ്ണയ്ക്ക് തോന്നിയില്ല. പക്ഷെ, പപ്പായ മരത്തിന്റെ ചുവട്ടിൽ എത്തിയപ്പോഴാണ് ‘പണി കിട്ടി’ എന്നവൾക്ക് മനസ്സിലായത്. തോട്ടിക്ക് വിചാരിച്ചത്ര നീളം ഉണ്ടായിരുന്നില്ല. അത് കൊണ്ട് അടുത്ത് കണ്ടൊരു കല്ലിന് മുകളിൽ കയറി നിന്ന് സാഹസികമായി പപ്പായ കുത്തി ഇടാനുള്ള ശ്രമത്തിലാണ് കൃഷ്ണ.
***
വേഗത്തിൽ ഓടി തൊടിയിൽ എത്തുമ്പോഴേക്കും കിതച്ചു പോയിരുന്നു സൂര്യ.
“ഏയ്….”
കിതപ്പടക്കി അവൻ അവളെ വിളിച്ചു.
പെട്ടെന്ന് തൊട്ട് പിറകിൽ ഒരു ശബ്ദവും വിളിയും കേട്ടതും ഞെട്ടിപ്പോയിരുന്നു കൃഷ്ണ. ഞെട്ടി തിരിഞ്ഞതും അവൾ പിറകിലേക്ക് വീണ് പോയി. മലർന്ന് വീഴാൻ പോയവളെ രണ്ടു കൈകൾ താങ്ങി നിർത്തി. കൃഷ്ണ ഭയന്ന് ആ കൈകളുടെ ഉടമയുടെ മുഖത്തേക്ക് നോക്കി. നോട്ടങ്ങൾ തമ്മിൽ ഇടഞ്ഞു.
പീലികൾ തിങ്ങി നിറഞ്ഞ നക്ഷത്ര കണ്ണുകൾ….
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന നോട്ടം…..
ഇണയെ കണ്ടെത്തിയ വെള്ളരിപ്രാവിനെപോലെ അവളുടെ ഹൃദയം പിടച്ചു ചാടി…..
“സാ…. യി…..!”
മന്ത്രണം പോലെയാണ് കൃഷ്ണയുടെ നാവിൽ നിന്നാ പേര് പുറത്തേക്ക് വന്നത്.
***********
സിറ്റുവേഷൻസ് ഒക്കെ ക്ളീഷേ ആകും. എന്ന് കരുതി അഭിപ്രായം പറയാതിരിക്കല്ലേ…🙈

by