19/04/2026

പ്രണയിനി : ഭാഗം 37

രചന – ഗംഗ ശലഭം

ഡോക്ടർസിനെ അമ്പരപ്പിച്ചു കൊണ്ട് സായി ജീവിതത്തിലേക്ക് മടങ്ങിവന്നു. മരിച്ചു എന്ന് വിധി എഴുതിയ ഒരുവൻ ജീവിച്ചത് ഡോക്ടർ രാജഗോപാലിനെ പോലും അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യത്തെ അനുഭവം ആയിരുന്നു അത്.

ദിവസങ്ങൾക്കിപ്പുറം സായി കണ്ണ് തുറന്നു. എന്നാൽ അവന്റെ അതുവരെയുള്ള ജീവിതം മറവി കവർന്നെടുത്തിരുന്നു. ബാല്യമോ കൗമാരമോ യൗവനമോ അവന് ഓർത്തെടുക്കാനായില്ല. പ്രാണനായിരുന്ന കൃഷ്ണയെയും അവൻ മറന്ന് പോയി… സ്വന്തം പേര് പോലും….!

ഏതാണ്ട് മൂന്ന് മാസത്തോളം സായി ആശുപത്രി വാസം നയിച്ചു. അപ്പോഴേക്കും ശ്രീനാഥ്, വർമ്മയുടെ സ്വത്തുക്കൾക്കും ബിനസ്സിനും താൻ മാത്രമാണ് ഇനി മുതൽ അവകാശി എന്ന ചിന്തയോടെ അതിന് വേണ്ടിയുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.

സായിയുടെ അമ്മയാകട്ടെ ഭർത്താവും മക്കളും മരണപ്പെട്ട വേദനയിൽ ശാരീരികമായും മാനസികമായും തകർന്നു പോയിരുന്നു. അവർ ഒരു ഹൃദ്രോഗി ആയിരുന്നു. ഒരുമിച്ചുണ്ടായ മൂന്ന് മരണങ്ങൾ അവരുടെ ആരോഗ്യനില കൂടുതൽ വഷളാക്കി.
ബിസിനസ്സിന്റെ കാര്യങ്ങൾ ഒന്നും നോക്കി നടത്താൻ കഴിയുന്ന ആരോഗ്യസ്ഥിതിയിൽ ആയിരുന്നില്ല അവർ. അവർ തന്നെ അതെല്ലാം ശ്രീനാഥിനെ ഏൽപ്പിച്ചു. അവനും അതായിരുന്നു വേണ്ടിയിരുന്നത്.

സായിയുടെ മുഖത്തിനുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ പ്ലാസ്റ്റിക് സർജറിയിലൂടെ മാത്രമേ കഴിയൂ എന്ന് ഡോക്ടർ രാജഗോപാൽ അഭിപ്രായപ്പെട്ടു. ഡോക്ടർ രാജഗോപാലിന്റെ പരിചയക്കാരനും അമേരിക്കയിലെ പ്രശസ്തനായ പ്ലാസ്‌റ്റിക് സർജനുമായ ഡോക്ടർ വില്യമിനെയാണ് അതിനായി രാജഗോപാൽ സജ്ജസ്റ്റ് ചെയ്തത്.

ശ്രീനാഥ് ബാംഗ്ലൂരിൽ ഉള്ളിടത്തോളം സായി അവിടെ നിന്നും മാറി നിൽക്കുന്നതാണ് നല്ലതെന്ന് വൈശാലിക്കും തോന്നി. സായി പൂർണ്ണ ആരോഗ്യവാനാകുന്നത് വരെ, സായിയുടെ ഓർമ്മകൾ തിരികെ വരുന്നത് വരെ സായി ജീവനോടെ ഉണ്ടെന്ന് ശ്രീനാഥ് അറിയരുത്. വർമ്മയുടെ മുഴുവൻ ബിസിനസ്സും സ്വന്തം പോലെ കൈകാര്യം ചെയ്യുന്ന ശ്രീനാഥ് ഇപ്പോൾ മുൻപത്തെക്കാൾ അപകടകാരി ആണെന്ന് വൈശാലി ചിന്തിച്ചു. സായി ജീവനോടെ ഉണ്ടെന്നറിഞ്ഞാൽ അവനെ ഇല്ലാതാക്കാൻ അയാൾക്കിപ്പോൾ നിഷ്പ്രയാസം കഴിയും.

അങ്ങനെയാണ് സായിക്ക് മറ്റൊരു മുഖം എന്നൊരു ചിന്ത അവളുടെ മനസ്സിൽ തെളിയുന്നത്. ഡോക്ടർ രാജഗോപാൽ ആദ്യം അതിനെ എതിർത്തു. ഒരാളുടെ ഐഡന്റിറ്റി തന്നെ മാറ്റി മറിക്കുന്ന കാര്യമാണ്. എങ്കിലും അതിന് പിന്നിലെ സദുദ്ദേശം മാനിച്ച് അദ്ദേഹം അതിന് സമ്മതം മൂളി. അങ്ങനെ ആക്‌സിഡന്റ് നടന്ന് ഏതാണ്ട് ആറു മാസങ്ങൾക്കു ശേഷം ഡോക്ടർ രാജഗോപാലിന് വേണ്ടി ഡോക്ടർ വില്യം ഇന്ത്യയിലെക്കെത്തി. സായിക്ക് മറ്റൊരു മുഖം നൽകാൻ…..!

പുതിയ മുഖവുമായി വൈശാലി സായിയെ ആദ്യം കൊണ്ട് പോയത് രാജലക്ഷ്മിയുടെ അടുത്തേക്കാണ്. അതും സായി ആണെന്ന സത്യം മറച്ചു പിടിച്ചു കൊണ്ട്.

മുന്നിൽ കാണുന്ന ചെറുപ്പക്കാരനെ അവർ കണ്ണിമ വെട്ടാതെ നോക്കി നിന്നു.

“സൂര്യ……”

നിറ കണ്ണുകളോടെ രാജലക്ഷ്മി മെല്ലെ വിളിച്ചു.

അവന്റെ അടുത്തേക്ക് പാഞ്ഞു ചെന്ന് അവനെ ചേർത്ത് പിടിച്ചവർ പൊട്ടിക്കരഞ്ഞു.

അവരുടെ പ്രവർത്തിയിൽ വൈശാലിയും അമ്പരന്ന് നിന്നു.

വർഷങ്ങൾക്ക് മുൻപ് ഒരു ട്രെയിൻ യാത്രക്കിടയിലാണ് രാജലക്ഷ്മിയ്ക്ക് അവരുടെ ഇളയ മകൻ സൂര്യയെ നഷ്‍ടപ്പെടുന്നത്. സൂര്യക്ക് രണ്ട് വയസ്സായിരുന്നു പ്രായം. ട്രെയിൻ യാത്രയ്ക്കിടയിൽ ഉറങ്ങി എഴുന്നേറ്റ രാജലക്ഷ്മി അരികിൽ കുഞ്ഞിനെ കാണാതെ പരിഭ്രാന്തയായി. പലയിടത്തും അന്വേഷിച്ചു എങ്കിലും കണ്ടെത്താനായില്ല. മാനസികനില തെറ്റിയ രാജലക്ഷ്മി പിന്നീട് കുറേ നാൾ ചികിത്സയിൽ ആയിരുന്നു. സ്വബോധത്തിലേക്ക് മടങ്ങി വന്നപ്പോഴും സൂര്യ എന്നെങ്കിലും മടങ്ങി വരും എന്നവർ വിശ്വസിച്ചു.

മുന്നിൽ നിന്ന ചെറുപ്പക്കാരനിൽ രാജലക്ഷ്മി എന്നോ നഷ്ടപ്പെട്ടു പോയ തന്റെ മകനെ കണ്ടു. അവർക്ക് അറിയാമായിരുന്നു അത് തന്റെ മകൻ അല്ല എന്ന്.

എന്നിട്ടും അവർ അവനെ സൂര്യ എന്ന് വിളിച്ചു.

വൈശാലി അത് തിരുത്താൻ ശ്രമിച്ചുമില്ല. അവർക്ക് സായിയുടെ മുഖം ഒളിപ്പിക്കാൻ ഒരു മുഖം മൂടി വേണമായിരുന്നു. സൂര്യയുടെ സ്വത്വത്തിൽ സായിയെ ഒളിപ്പിക്കാൻ വൈശാലി തീരുമാനിച്ചു.

രണ്ടാമത്തെ വയസ്സിൽ കാണാതായ സൂര്യയുടെ ഐഡന്റിറ്റി സായിക്ക് നൽകി. സായിയുടെ പുതിയ മുഖം വച്ച് അതിന് വേണ്ടുന്ന വ്യാജ രേഘകൾ എല്ലാം വൈശാലി ഉണ്ടാക്കിയെടുത്തു. അതിനവൾക്ക് രാഷ്ട്രീയത്തിൽ പ്രമുഖയായ ഒരാളുടെ രഹസ്യ സഹായവും ലഭിച്ചു.

അങ്ങനെ സായി സൂര്യയായി….!

അപ്പോഴേക്കും ഐ പി എസ് നേടിയ വൈശാലിക്ക് ട്രെയിനിങ്ങിന് പോകേണ്ട സമയമായിരുന്നു.

ഏതാണ്ട് രണ്ട് വർഷത്തോളം എടുത്തു വൈശാലി ട്രെയിനിങ് പൂർത്തിയാക്കി തിരികെ എത്താൻ.

അപ്പോഴും സൂരജ് മദ്യത്തിന്റെ പിടിയിൽ നിന്നും മുക്തനായിരുന്നില്ല. വൈശാലിയും രാജലക്ഷ്മിയും രാജലക്ഷ്മിയുടെ സഹോദരനും ചേർന്ന് ഏറെ പണിപ്പെട്ടാണ് സൂരജിനെ മദ്യാസക്തിയിൽ നിന്നും പുറത്ത് കൊണ്ട് വന്നത്.

സായി അപ്പോഴും സൂര്യയായി രാജലക്ഷ്മിയോടൊപ്പം ഉണ്ടായിരുന്നു.

വൈശാലിയും സൂരജും ചേർന്ന് ഏതാണ്ട് മൂന്ന് വർഷങ്ങൾക്ക് മുൻപ് നടന്ന ആക്‌സിഡന്റിന്റെ ചുരുളുകൾ അഴിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
സൂരജിനെക്കാൾ അതിന് താല്പര്യം വൈശാലിക്ക് ആയിരുന്നു എന്നത് സൂരജിനെപ്പോലും അമ്പരപ്പിച്ചു. സൂരജ് അതിന്റെ കാരണം തിരക്കി. ‘പിന്നീടൊരിക്കൽ പറയാം’ എന്ന രണ്ട് വാക്കിൽ അവൾ അവന്റെ കൗതുകം അവസാനിപ്പിച്ചു.

ശ്രീനാഥ് അപ്പോഴേക്കും ബാംഗ്ലൂരിലെ വർമ്മയുടെ ബിസിനസ്സ് ഒക്കെയും വിശ്വസ്ഥരായ ചിലരെ ഏൽപ്പിച്ച് കേരളത്തിലേക്ക് മടങ്ങിയിരുന്നു. അവന് പിറകെ സൂരജും കേരളത്തിൽ എത്തി.

***************

ഇരു കൈകൾ കൊണ്ടും മുഖം പൊത്തി ബെഡ്ഡിലേക്കിരുന്നു കൃഷ്ണ.

തന്റെ മനസ്സ് പറഞ്ഞിരുന്നത് ശരിയാണ്. സായി തന്നെയാണത്.

ആ നിമിഷം സായിയെ കാണാൻ….
അവനോട് ചേർന്ന് നിൽക്കാൻ….
ആ നെറുകയിൽ മുകരാൻ അവളുടെ ഉള്ള് തുടിച്ചു…..

സന്തോഷവും സങ്കടവും കൂടിക്കലർന്ന് വല്ലാത്ത ഒരവസ്ഥയിൽ എത്തിയിരുന്നു കൃഷ്ണ. ശ്വാസം പോലും എടുക്കാൻ കഴിയാത്ത വിധം എന്തൊക്കെയോ വീർപ്പു മുട്ടിക്കുന്നു.

” കൃഷ്ണ…. ”

സൂരജിന്റെ വിളി കേട്ട് മുഖം അമർത്തി തുടച്ചവൾ മുഖം ഉയർത്തി നോക്കി.

” ഇപ്പൊ സായി ഒന്നും അറിയണ്ട. കുറച്ചു ദിവസം കൂടി സായി സൂര്യയായിത്തന്നെ തുടരട്ടെ…. എനിക്കറിയാം… ഒക്കെ മനസ്സിലാക്കിയിട്ടും അഭിനയിക്കാൻ നിനക്ക് ബുദ്ധിമുട്ടുണ്ടാകുമെന്ന്… പ്രത്യേകിച്ച് അവൻ ഇവിടെ ഉള്ളപ്പോ….

അവന് നഷ്ടമായത് എല്ലാം നമുക്ക് നേടിക്കൊടുക്കാൻ കഴിയില്ല. പക്ഷെ, അവന് അതൊക്കെ നഷ്ടമാകാൻ കാരണക്കാരായവരെ നശിപ്പിക്കണ്ടേ നമുക്ക്? തക്ക ശിക്ഷ വാങ്ങികൊടുക്കണ്ടേ? അതിന് മുൻപ് ദേവനേം ശ്രീനാഥിനേം നമുക്ക് ഇത്തിരി വട്ടം ചുറ്റിക്കണ്ടേ?

എനിക്കതിന് നിന്റെ സഹായം വേണം കൃഷ്ണ. ശ്രീനാഥിന് ഒരു ചെറിയ പണി കൊടുത്ത ശേഷം നമുക്ക് ഒക്കെയും സായിയെ അറിയിക്കാം. ”

സൂരജ് പറഞ്ഞു വരുന്നത് എന്താണെന്ന് കൃഷ്ണയ്ക്ക് മനസ്സിലായില്ല. അവൾ സംശയഭാവത്തിൽ കണ്ണ് ചുരുക്കി അവനെ നോക്കി.

****************