രചന – നന്ദിത ദാസ്
“നീ പറഞ്ഞതൊക്കെ സത്യം ആണ് നന്ദു…
നിന്നിൽ നിന്നും ഞാൻ ഒരു കാര്യം മറച്ചു വെച്ചു…
പക്ഷേ അത് ഒരിക്കലും നിന്നോടുള്ള ഇഷ്ടക്കുറവ് കൊണ്ട് അല്ല…
ഇഷ്ടക്കൂടുതൽ കൊണ്ടു തന്നെയാണ്…
എന്റെ മനസ്സൊന്നു വേദനിച്ചാൽ… കണ്ണൊന്നു നിറഞ്ഞാൽ നിനക്ക് സഹിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം…
ഞാൻ കാരണം ഒരിക്കലും നീ സങ്കടപ്പെടാൻ പാടില്ലെന്ന് ഓർത്തിട്ടു തന്നെയാണ് ഞാൻ നിഖിലേട്ടന്റെ കാര്യം നിന്നിൽ നിന്നും മറച്ചു വെച്ചത്…
ഇനി ഒന്നും ഞാൻ ഒളിക്കുന്നില്ല… എല്ലാം എല്ലാവരും അറിഞ്ഞോട്ടെ…
അമ്മയെ കൂടി വിളിക്കണം…
എനിക്ക് ഉറപ്പുണ്ട് നിങ്ങൾക്കെന്നെ മനസ്സിലാക്കാൻ കഴിയുമെന്ന്…. ”
ഇത്രയും പറഞ്ഞിട്ട് യാമി ഗീതാമ്മയെ വിളിക്കാൻ അകത്തേക്ക് കയറിപ്പോയി…
എന്തായിരിക്കും യാമിക്കു ഞങ്ങളോട് പറയാനുണ്ടാവുക…
ആലോചന കാട് കയറുന്നതിനു മുൻപ് തന്നെ യാമി അമ്മയുമായി തിരികെ വന്നു…
“ഇനി ഞാൻ പറയുന്നത് നിങ്ങൾ രണ്ടാളും കേൾക്കണം…
എന്റെ തീരുമാനം തെറ്റാണെങ്കിൽ നിങ്ങൾ പറയുന്നതു എന്തായാലും ഞാൻ അനുസരിച്ചോളാം….
ഇപ്പോൾ നിഖിലേട്ടനോട് ഞാൻ പറഞ്ഞ വാക്കുകൾ നിങ്ങൾ വിചാരിക്കും പോലെ ഒരിക്കലും ഡാൻസിന്റെ പേരിലോ എന്റെ കരിയറിന്റെ പേരിലോ ഒന്നും ആയിരുന്നില്ല…
നന്ദൂ… നിനക്കറിയാമല്ലോ കോളജിൽ പഠിക്കുമ്പോൾ നിഖിലേട്ടൻ ഇഷ്ടം പറഞ്ഞു എന്റെ പുറകേ കൂടിയത്…
അന്നൊക്കെ എത്രയോ തവണ ഞാൻ ആ ഇഷ്ടം തള്ളിക്കളഞ്ഞതാണ് പക്ഷേ ഒടുവിൽ എപ്പോളോ എന്റെ മനസ്സിലും ഇഷ്ടം കയറിക്കൂടി…
നിഷയിൽ നിന്നും നിഖിലേട്ടനു കിട്ടിയ കട്ട തേപ്പ് കഥ കേട്ടപ്പോൾ ആത്മാർത്ഥമായി സ്നേഹിച്ചതിന്റെ പേരിൽ ഹൃദയം തകർന്ന നിഖിലേട്ടനോട് നിനക്കും എനിക്കും ഒരു സെന്റിമെന്റൽ അടുപ്പം തോന്നി…
ഒടുവിൽ എന്റെ മനസ്സിലും ചെറിയൊരിഷ്ടം മുളപൊട്ടി എന്നറിഞ്ഞപ്പോൾ നീ തന്നെയാണ് നിഖിലേട്ടനോട് വീട്ടിൽ വന്നു ആലോചിച്ചോളാൻ പറഞ്ഞത്…
ഞാനും അതായിരുന്നു ആഗ്രഹിച്ചത്… പക്ഷേ അന്ന് റിലേറ്റീവ്സ് എല്ലാം ഈ ബന്ധത്തെ നല്ല രീതിയിൽ എതിർത്തിരുന്നു…
ഇതുവരെ ഒരു സഹായവും ഇല്ലാത്ത ബന്ധുക്കളുടെ അഭിപ്രായത്തേക്കാൾ എന്റെ ഇഷ്ടം തന്നെയാണ് വലുതെന്നു പറഞ്ഞു അമ്മ എന്നെ ചേർത്തു പിടിച്ചപ്പോൾ ലോകം കീഴടക്കിയ സന്തോഷം ആയിരുന്നു…
അങ്ങനെ ഞങ്ങൾ ആഗ്രഹിച്ചതുപോലെ എൻഗേജ്മെന്റും നടത്തി…
ആത്മാർത്ഥമായി തന്നെയാണ് പരസ്പരം സ്നേഹിച്ചത്…
പക്ഷേ…. ഇപ്പോൾ… ഇപ്പോൾ കുറേനാളായി നിഖിലേട്ടൻ എന്നെ അവോയ്ഡ് ചെയ്യുന്നത് ഞാൻ മനസ്സിലാക്കിയിരുന്നു…
എന്തിനും ഏതിനും ഒരു കുറ്റപ്പെടുത്തൽ…
ഞാൻ ആട്ടക്കാരി ആണെന്ന് പറഞ്ഞു എന്റെ പ്രൊഫഷനെ കളിയാക്കുന്നതും ഒരു പതിവാക്കി….
നിഖിലേട്ടനോടുള്ള അടങ്ങാത്ത ഇഷ്ടത്തിന്റെ പേരിൽ എല്ലാം ഞാൻ സഹിച്ചു…
പക്ഷേ ഒരു പെണ്ണിനും ക്ഷമിക്കാൻ പറ്റാത്തതാണ് ജീവന് തുല്യം സ്‌നേഹിക്കുന്ന പുരുഷൻ മറ്റൊരു പെണ്ണുമായി ബന്ധം പുലർത്തുന്നത്…
ആദ്യമൊക്കെ വെറും സംശയം മാത്രമായിരുന്നു എനിക്ക്…
എന്നാൽ ഇപ്പോൾ എനിക്ക് പൂർണമായും ബോധ്യമായി ഞാൻ ചതിക്കപ്പെടുക ആയിരുന്നു എന്ന്…
സമനില തെറ്റിപ്പോയി…. മുന്നും പിന്നും നോക്കാതെ എടുത്തടിച്ചതുപോലെ അത്രയും പറഞ്ഞു പോയി…
ഇനി നിങ്ങള് പറ ഞാൻ ചെയ്തത് തെറ്റാണോ??
പറ അമ്മേ..
നന്ദു നീ പറ കണ്ണേട്ടനാണ് നിന്നോട് ഇങ്ങനെ ചെയ്തിരുന്നതെങ്കിൽ നിനക്ക് ക്ഷമിക്കാൻ പറ്റുമായിരുന്നോ??? ”
വെള്ളിടി പോലെയാണ് യാമിയുടെ ചോദ്യം നെഞ്ചിൽ തറഞ്ഞത്…
ഗീതാമ്മ തലയ്ക്ക് കൈയും കൊടുത്തു നിലത്തേക്കിരുന്നു പൊട്ടിക്കരഞ്ഞു…
എത്ര സന്തോഷത്തോടെ ഇരുന്നതാ..
ഇത്ര പെട്ടെന്ന് എല്ലാം തകിടം മറിയുമെന്നു പ്രതീക്ഷിച്ചില്ല…
എന്റെ യാമിയെ ചതിക്കാൻ ആർക്കെങ്കിലും പറ്റുമോ…
സുന്ദരി അല്ലേ അവൾ…
നല്ല വിദ്യാഭ്യാസം ഉള്ളവൾ അല്ലേ… സ്നേഹിക്കാൻ മാത്രം അറിയാവുന്ന എന്റെ യാമിയെ ചതിക്കാൻ ആർക്കാ കഴിയുക…
ന്റെ കൃഷ്ണാ…
എന്താ ഞാൻ പറയുക… ആകെ ധർമ്മ സങ്കടത്തിലാക്കിയല്ലോ നീ എന്നെ…
താഴെ ഇരിക്കുന്ന ഗീതാമ്മയെ ഞാൻ പിടിച്ചു എഴുന്നേൽപ്പിച്ചു…
“അമ്മ വിഷമിക്കണ്ട… ഒന്നും പറ്റില്ല… ഞാൻ അച്ഛനെക്കൊണ്ട് അന്വേഷിപ്പിക്കാം…
പിന്നെ അയാൾ ഒരു ചതിയൻ ആണെങ്കിൽ നമ്മുടെ യാമി അയാളുടെ കയ്യിന്നു രക്ഷപെട്ടു എന്ന് കരുതിയാൽ മതി… ”
“നിശ്ചയം വരെ കഴിഞ്ഞില്ലേ നന്ദു മോളെ… ”
“നിശ്ചയം അല്ലേ കഴിഞ്ഞുള്ളു…
അമ്മ ഒന്ന് ഓർത്തു നോക്കിയേ യാമിയുടെ കഴുത്തിൽ അയാൾ താലി കെട്ടിയിട്ടാണ് അവൾ ഇതൊക്കെ അറിയുന്നതെങ്കിലോ…
അപ്പോൾ എന്ത് ചെയ്തെനേം നമ്മൾ…
ഇവിടെ അങ്ങനെ ഒന്നും ഉണ്ടായില്ലലോ…
അമ്മ വിഷമിക്കണ്ട… അതിലും നല്ല ചെറുക്കനെ നമ്മുടെ യാമിക്കു കിട്ടും. ഞാൻ തന്നെ അതിനുള്ള പരിഹാരം കാണും…
ഇത് ഞാൻ ഗീതമ്മയ്ക്ക് തരുന്ന വാക്കാണ്….
അമ്മ ഇപ്പോൾ യാമിയെ വിളിച്ചുകൊണ്ടു പോയി അവൾക്കു കഴിക്കാൻ വല്ലതും കൊടുക്കു….
എനിക്ക് കുറച്ചു ജോലി ചെയ്തു തീർക്കാൻ ഉണ്ട്.. ”
“നീ എവിടേക്കാണ് നന്ദു ഇത്ര ദൃതിയിൽ? ”
“നീ പേടിക്കണ്ട യാമി… ഞാൻ ജീവിച്ചിരിക്കുമ്പോൾ ഒരാളും നിന്നെ ചതിക്കാൻ ഞാൻ സമ്മതിക്കില്ല…
നീ വിഷമിക്കരുത്… തളർന്നു പോകരുത്…
ആദ്യം കാര്യങ്ങളുടെ നിജസ്ഥിതി ഞാൻ ഒന്ന് വിലയിരുത്തട്ടെ…. ”
അത്രയും പറഞ്ഞു നന്ദു പുറത്തേക്കിറങ്ങി…
“ഈശ്വരാ…അമ്മേ ഇവള് വീണ്ടും പഴയ നന്ദു ആകുമെന്നാണ് പോക്ക് കണ്ടിട്ട് തോന്നുന്നത്…
എന്നെ ആരെങ്കിലും സങ്കടപ്പെടുത്തിയെന്നു അറിഞ്ഞാൽ പണ്ടേ അവൾ അങ്ങനെ ആണ്…
ഈ പോക്ക് കണ്ടിട്ട് വഴക്കുണ്ടാക്കാൻ ഉള്ള ലക്ഷണം തന്നെയാണ്… ”
“ഭഗവാനേ… ഒന്നാമത് വയ്യാത്ത കുട്ടിയാണ് നീ അപ്പുവിനെ വിളിച്ചൊന്നു പറഞ്ഞേക്ക് യാമി… ”
“മ്മ്… ”
വീട്ടിലേക്കു കയറി ചെല്ലുമ്പോൾ അമ്മയും അച്ഛനും ഗാർഡനിൽ നിന്ന് പുതിയ ചെടി എന്തോ നടുന്ന തിരക്കിലായിരുന്നു…
ഓഹ് പെട്ടു… വണ്ടി എടുക്കാമെന്ന് കരുതിയതാണ് ഇത് ഇപ്പോൾ രണ്ടാളും മുന്നിൽ തന്നെ ഉണ്ട്… എത്രയും പെട്ടെന്ന് നിഖിലിനെ കാണുകയും വേണം… ഇനി ഇപ്പോൾ എന്താ ചെയ്യുക…
“വെയിൽ കൊള്ളാതെ കയറിപ്പോ നന്ദു… ”
“അമ്മ എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം എടുത്തോണ്ട് തരുമോ? ”
“എന്തുപറ്റി മോളെ എന്തെങ്കിലും തളർച്ച തോന്നുന്നുണ്ടോ…? ”
അമ്മ വെപ്രാളപ്പെട്ട് എന്റെ അടുത്തേക്ക് ഓടി വന്നു…
അച്ഛനും അപ്പോളേക്കും ഞങ്ങളുടെ അടുത്തേക്ക് വന്നു…
“ഒന്നുല്ല അമ്മേ… പിന്നെ നാരങ്ങ വെള്ളം മതി കേട്ടോ… പെട്ടെന്ന് എടുത്തോണ്ട് വാ… ”
“ചുമ്മാ മനുഷ്യനെ പേടിപ്പിക്കുമല്ലോ കൊച്ചേ നീ… വാ അകത്തോട്ടു കയറി വാ ”
അതും പറഞ്ഞു അമ്മ അകത്തേക്ക് പോയി…
അച്ഛൻ എന്നെ തന്നെ നോക്കി നിൽക്കെയാണ്… ഇനി അച്ഛനെകൂടി ഇവിടുന്നു ഓടിക്കണം…
“അയ്യോ അച്ഛേ ഞാൻ ഇന്ന് ടാബ്‌ലറ്റ് കഴിച്ചില്ല… അതും കൂടി എടുത്തേക്കുമോ? ”
“നീ അകത്തോട്ടു കയറിപോ നന്ദു… ഞാൻ ദാ ഇത് തീർത്തിട്ട് വരാം… ”
അച്ഛൻ വീണ്ടും ഗാർഡനിലേക്കു തിരിഞ്ഞു…
അച്ഛന്റെ ശ്രദ്ധ എന്നിലേക്കു തിരിയുന്നതിനു മുൻപേ ഞാൻ പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ടു കുതിച്ചു…
“നന്ദൂ… നന്ദൂ…. അവിടെ നിൽക്കാൻ ”
“എന്താ മാധവേട്ടാ… അവൾ എന്തിയേ? ”
“പറ്റിച്ചതാടി അവള് നമ്മളെ നീ അകത്തേക്ക് പോയ തക്കത്തിന് വണ്ടിയും എടുത്തു പാഞ്ഞു പോയിട്ടുണ്ട്… ”
“ഈ പെണ്ണിന്റെ ഒരു കാര്യം… അനുസരണക്കേട് മാത്രമേ കാണിക്കുള്ളു..
വണ്ടിയുടെ ചാവി അതിൽ ഇട്ടേക്കരുതെന്നു എത്ര പ്രാവിശ്യം പറഞ്ഞിട്ടുള്ളതാ…
പോയിട്ട് ഇങ്ങു വരട്ടെ കൊടുക്കുന്നുണ്ട് ഞാൻ… ”
“ഇത് ഇപ്പോൾ എങ്ങോട്ട് ആയിരിക്കും ഇങ്ങനെ ഒരു പോക്ക്… ”
“ആർക്കറിയാം… എന്തായാലും അപ്പുവിനോട് ഒന്ന് പറഞ്ഞേക്ക് അവൻ കവലയിൽ കാണും… ”
“മ്മ്… ”
നല്ല സ്പീഡിൽ തന്നെ വണ്ടി വിട്ടു… കവല വഴി പോകാൻ നിന്നില്ല അവിടെ ചിലപ്പോൾ അപ്പുവേട്ടനും കണ്ണേട്ടനും കാണാൻ ചാൻസ് ഉണ്ട്…
കാവിന്റെ അവിടുന്ന് ഷോർട് കട്ട് എടുത്തു നിഖിലിന്റെ വീട് ലക്ഷ്യമാക്കി എന്റെ വീഗോ കുതിച്ചു….
നിഖിലിന്റെ വീട്ടിലേക്കു കയറിച്ചെല്ലുമ്പോൾ അവിടെ ആരൊക്കെയോ വിരുന്നുകാർ വന്നിട്ടുണ്ടായിരുന്നു…
നിൽക്കണോ വേണ്ടയോ എന്ന് മനസ്സൊന്നു ശങ്കിച്ചു…
പിന്നെ രണ്ടും കല്പിച്ചു അകത്തേക്ക് കയറി…
നിഖിലേട്ടന്റെ അമ്മ എന്നെ കണ്ടു അടുത്തേക്ക് വന്നു…
“മാധവേട്ടന്റെ മോൾ അല്ലേ?? ”
“അതേ ”
“ആഹ് എനിക്ക് തോന്നി… നിശ്ചയത്തിന് ഞാൻ കണ്ടിരുന്നു… മോൾ എന്താ അവിടെ നിൽക്കുന്നത് കയറി വാ… ”
“എനിക്ക് നിഖിലേട്ടനെ ഒന്ന് കാണണം ”
“ഞാൻ വിളിക്കാം… മോൾ ഇരിക്കു”
വന്ന വിരുന്നുകാർ വേറെ ആരും അല്ലായിരുന്നു നിഖിലേട്ടന്റെ ചേച്ചിയും ഭർത്താവും കുട്ടികളും…
എന്നെ കണ്ടു എല്ലാരും അടുത്തേക്ക് വന്നു…
നിഖിലേട്ടനും….
“ഞാൻ യാമി പറഞ്ഞ കാര്യത്തെകുറിച്ച് സംസാരിക്കാൻ വന്നതാണ്… എന്താ നിഖിലേട്ടന്റെ തീരുമാനം? ”
“നീ പുറത്തേക്കു വാ നന്ദു അവിടെ നിന്നു സംസാരിക്കാം ”
“പറ്റില്ല… ഇവിടെ ഉള്ളത് നിഖിലേട്ടന്റെ വീട്ടുകാർ അല്ലേ അവരും കൂടി അറിയട്ടെ… ”
എല്ലാവരും എന്റെ സംസാരം കേട്ടു അമ്പരന്നു നിൽക്കെയാണ്…
യാമി എന്നോട് പറഞ്ഞ കാര്യങ്ങൾ എല്ലാം വള്ളി പുള്ളി മാറാതെ ഞാൻ നിഖിലേട്ടന്റെ വീട്ടുകാരോട് പറഞ്ഞു…
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ എല്ലാവരുടെയും കണ്ണുകളും നിഖിലേട്ടനു നേരെ നീണ്ടു…
“ഈ കുട്ടി പറഞ്ഞതൊക്കെ സത്യം ആണോടാ… ”
അമ്മ ആണ്…
“സത്യമാണ്… പക്ഷേ നിങ്ങൾ ആരും കരുതുന്നതുപോലെ യാമിയെ ചതിക്കണമെന്നു ഒന്നും ഞാൻ ചിന്തിച്ചിട്ടില്ല…
തെറ്റ് പറ്റിപ്പോയി… അതിന് യാമിയോട് ക്ഷമ ചോദിക്കാനും ഞാൻ തയ്യാറാണ്…
ഇനി ഒരിക്കലും എന്റെ ഭാഗത്തു നിന്നു അങ്ങനെ ഒന്നും ഉണ്ടാകില്ല…. ”
“നിഖിലേട്ടൻ ഒന്ന് പുറത്തോട്ട് വാ… ബാക്കി ഞാൻ പറയാം… ”
അത്രയും പറഞ്ഞു ഞാൻ പെട്ടെന്ന് മുറ്റത്തേക്കിറങ്ങി….
“നന്ദു… പ്ലീസ് നീ പറഞ്ഞാൽ യാമി കേൾക്കും… എനിക്കൊരു തെറ്റ് പറ്റിപ്പോയി…
ഒരിക്കൽ നിഷയെ ആത്മാർത്ഥമായി സ്നേഹിച്ചതല്ലേ… വീണ്ടും അവൾ വിളിച്ചപ്പോൾ യാമിയെ ഞാൻ ഓർത്തില്ല എന്റെ തെറ്റാണു… പക്ഷേ പറ്റിപ്പോയി… ”
“ഓഹോ… യാമിയെ ഓർത്തില്ല അല്ലേ… അവളോട് കള്ളങ്ങളുടെ കൂമ്പാരം പറഞ്ഞു കൂട്ടിയതും അപ്പോൾ ഓർക്കാതെ ആയിരിക്കും അല്ലേ…. ”
“ഇനിയും അങ്ങനെ ഒന്നും ഉണ്ടാകില്ല നന്ദു… ”
“ഇനിയും നിങ്ങൾ മാറിപോകില്ല എന്ന് ആരു കണ്ടു…
അവനവനിൽ തന്നെ ദൃഢമായ വിശ്വാസം ആണ് ആദ്യം വേണ്ടത്…
മാറിപ്പോകുന്ന വിശ്വാസം അല്ല അടി ഉറച്ച വിശ്വാസം തന്നെ…
അത് ഒരിക്കൽ നഷ്ടമായാൽ പിന്നെ തിരിച്ചു കിട്ടാൻ നല്ല പ്രയാസം ആണ്…
യാമി നിങ്ങളിൽ അർപ്പിച്ച സ്നേഹവും വിശ്വാസവുമാണ് അവൾക്കു നഷ്ടമായത്…
അവളുടെ മനസ്സ് ഇനി നിങ്ങളെ വിശ്വസിക്കില്ല അത് എനിക്കറിയാം… കാരണം അത്രത്തോളം അവൾ നിങ്ങളെ സ്നേഹിച്ചിരുന്നു… ”
“നീ പറഞ്ഞാൽ യാമി അനുസരിക്കും നന്ദു…
അവൾ ഇല്ലാതെ എനിക്ക് പറ്റില്ല… ”
“ഓഹോ… അങ്ങനെ ആണോ… ഞാൻ പറഞ്ഞാൽ അവൾ അനുസരിക്കും അത് എനിക്കും അറിയാം… പക്ഷേ ഞാൻ അവളോട് പറയില്ല…
പണ്ടൊരിക്കൽ ഇതേപോലെ നിങ്ങൾ കുറെ കാലുപിടിച്ചു പറഞ്ഞതുകൊണ്ടാണ് അവളുടെ വീട്ടിൽ കല്യാണക്കാര്യം ഞാൻ അവതരിപ്പിച്ചത് തന്നെ…
അത് തെറ്റായി പോയെന്ന് ഇപ്പോൾ തോന്നുന്നുണ്ട്…
ഇനി ഒരിക്കൽ കൂടി ആ തെറ്റ് ആവർത്തിക്കാൻ ഞാൻ സമ്മതിക്കില്ല…
താൻ നോക്കിക്കോ തന്നേക്കാൾ നല്ല ചെക്കനെ തന്നെ എന്റെ യാമിക്കു ഞാൻ കണ്ടു വെച്ചിട്ടുണ്ട്…
അയാൾ എന്റെ യാമിയെ പൊന്നുപോലെ നോക്കുമെന്നും എനിക്ക് വിശ്വാസം ഉണ്ട്…
അയാളിൽ കൂടി അവളുടെ കരിയർ വിജയിക്കും…
അവൾ ഉയരങ്ങൾ കീഴടക്കും…
അന്ന് അവളെ നഷ്ട്ടപ്പെടുത്തിയതോർത്തു താൻ ദുഃഖിക്കും…
അത് കാണാൻ ഒരു പക്ഷേ ഈ നന്ദു ഉണ്ടായെന്നു വരില്ല…
സംഭവിക്കാൻ പോകുന്നത് അങ്ങനെ ആണ്…
എല്ലാം ഈശ്വരന്റെ നിച്ഛയം തന്നെയാണ്….
ഇത്രയും തന്റെ മുഖത്ത് നോക്കി പറയണമെന്നുണ്ടായിരിന്നു…
അതാണ് ഇവിടെ വരെ വന്നത്…
അപ്പോൾ പോട്ടെ…” നിഖിൽചെറ്റാ ” ”
സ്ലോ മോഷനിൽ വണ്ടി എടുക്കാൻ മുന്നോട്ടു നടന്നപ്പോൾ രണ്ട് കൈയും കെട്ടി മുന്നിൽ അപ്പുവേട്ടൻ…
ശ്ശോ ഉള്ള മൂഡ് ഫുൾ ശൂ…..ന്നു അങ്ങട് പോയിന്നു പറഞ്ഞാൽ മതിയല്ലോ…
വണ്ടിയുടെ കീ ഞാൻ അപ്പുവേട്ടന് നേരെ നീട്ടി…
“നീ തന്നെ ഓടിച്ചോ… ഞാൻ ബൈക്കിൽ ആണ്… ”
വിശ്വാസം വരാതെ ഞാൻ അപ്പുവേട്ടനെ തറപ്പിച്ചൊന്നു നോക്കി…
“നോക്കണ്ട…
യാമി വിളിച്ചു പറഞ്ഞിരുന്നു നീ ഇങ്ങോട്ട് വരുന്നുണ്ടെന്ന്…
വീട്ടിൽ നിന്നും വണ്ടി എടുത്തോണ്ട് ഇറങ്ങിയെന്നു അച്ഛൻ പറഞ്ഞപ്പോൾ തന്നെ ഞാൻ നേരെ ഇങ്ങോട്ട് ഇങ്ങു പോരുന്നു…
എന്തായാലും നീ അവനോടു പറഞ്ഞതൊക്കെ ഞാൻ കേട്ടു…
ലാസ്റ്റിൽ വിളിച്ച ആ “ചെറ്റ ” വിളി ഞമ്മക്ക് ശരിക്കങ്ങട് ബോധിച്ചു…
അവനെ ശരിക്കും ഒന്ന് കാണാൻ വരുന്നുണ്ട് ഞാൻ…
ഇപ്പോൾ എന്തായാലും നിന്നെ വീട്ടിൽ കൊണ്ടാക്കിയില്ലെങ്കിൽ അച്ഛൻ എന്നെ പഞ്ഞിക്കിടും… ”
“അപ്പോൾ യാമി എല്ലാം എല്ലാരോടും പറഞ്ഞോ? ”
“യാമി അല്ല ഗീതാമ്മ ആണ് സംഭവങ്ങളുടെ കിടപ്പു വശം ഇങ്ങനെ ആണെന്ന് പറഞ്ഞത്…
എന്നാലും അവൻ എന്ത് ചെറ്റത്തരം ആണ് ആ കൊച്ചിനോട് കാണിച്ചത്…
എനിക്ക് രണ്ടെണ്ണം പൊട്ടിക്കാൻ കൈ തരിച്ചിട്ട് വയ്യ.. ”
“ഏട്ടൻ ഒന്ന് അടങ്ങു…
അവനു യാമിയെ കെട്ടാനുള്ള ഭാഗ്യം ഇല്ലാതെ പോയി അങ്ങനെ അങ്ങ് കണ്ടാൽ മതി…
ഇതിന്റെ പേരിൽ ഇനി വഴക്കും വക്കാണവും ഒന്നും വേണ്ട…
വേണമെങ്കിൽ ഇരുട്ടടി കൊടുത്തോ അവനു പറ്റിയത് അതാണ്… ”
“ഹും… നീ വണ്ടിയെടുക്കു… ബാക്കി വീട്ടിൽ പോയിട്ട് സംസാരിക്കാം…
സ്പീഡ് കുറച്ചു ഓടിച്ചാൽ മതി അല്ലെങ്കിൽ അതിനും അച്ഛന്റെ കയ്യിന്നു എനിക്കായിരിക്കും കിട്ടുന്നത് ”
“ഒക്കെ ഏട്ടാ… ”
ദൂരെ നിന്നേ കണ്ടു വഴിയിലേക്ക് കണ്ണും നട്ടു അച്ഛനും അമ്മയും യാമിയും ഗീതമ്മയും… ഈശ്വരാ കണ്ണേട്ടനും ഉണ്ടല്ലോ… അതും മുണ്ടൊക്കെ മടക്കി കുത്തി…
ഞാൻ ഈയലു പോലെ വിറയ്ക്കാൻ തുടങ്ങി…
ഇന്ന് എനിക്ക് പൊടി പൂരമാണ്…
വണ്ടിയുടെ സ്പീഡ് മാക്സിമം എത്ര കുറയ്ക്കാമോ അത്രയും കുറച്ചു…
ഇപ്പോൾ ഞാനും വണ്ടിയും ഒരുപോലെ വിറയ്‌ക്കുന്നുണ്ട്…
എന്നെ നോക്കുന്ന കണ്ണുകളെ വക വെക്കാതെ ഞാൻ വണ്ടി പോർച്ചിലേക്കു കയറ്റി….
പതുക്കെ വണ്ടിയിൽ നിന്നും ഇറങ്ങി…
അപ്പുവേട്ടനെ ദയനീയമായി ഞാൻ ഒന്ന് നോക്കി…
പുള്ളിക്കാരനും എന്നെ കൈ വിട്ട മട്ടാണ്…
നന്ദൂ നിന്റെ അവസാന അടവ് എടുക്കാൻ സമയമായി… യെസ്…
“അച്ഛേ… അച്ഛൻ എന്നോട് ക്ഷമിക്കണം… എന്നോട് ക്ഷമിക്കാൻ അച്ഛൻ അല്ലാതെ വേറെ ആരാ…. ”
അച്ഛനെ കെട്ടിപിടിച്ചു അസ്സലായി ഒരു കരച്ചിൽ നാടകം അങ്ങ് നടത്തി…
സ്ഥിരം ഉള്ള ഡയലോഗ് ആണെങ്കിലും അച്ഛൻ അതിൽ വീഴുമെന്നു എനിക്ക് നല്ല ഉറപ്പായിരുന്നു…
എന്തായാലും സംഗതി ഏറ്റു…
“ആഹ് പോട്ടെ മോള് കരയണ്ട അച്ഛൻ വഴക്കൊന്നും പറയുന്നില്ല…
ഇനി അനുസരണക്കേടു കാണിച്ചാൽ അച്ഛൻ പിണങ്ങും കേട്ടോ… ”
“അയ്യോ ന്റെ പൊന്നച്ഛനാണെ സത്യം ഇനി ഈ നന്ദു അങ്ങനെ ഒന്നും ചെയ്യില്ല… സത്യമായും ചെയ്യില്ല… ”
“മ്മ് എങ്കിൽ നീ ആദ്യം ഈ കണ്ണൊക്കെ തുടയ്ക്കു… ”
പാവം അച്ഛൻ എന്റെ കരച്ചിൽ നാടകത്തിൽ വീണു പോയി…
ഞാൻ അമ്മയെ ഒന്ന് ഒളി കണ്ണിട്ടു നോക്കി…
എന്റെ കള്ളത്തരം പിടിച്ചെന്ന ഭാവം ആ നോട്ടത്തിൽ ഉണ്ട്…
പക്ഷേ അച്ഛൻ അങ്ങനെ പറഞ്ഞതുകൊണ്ട് എന്നെ വഴക്കു പറയാനും സാധിക്കില്ലലോ…
എല്ലാവരും പതിയെ വീടിനുള്ളിലേക്ക് കയറി…
യാമി മുഖത്ത് ഒരായിരം ചോദ്യങ്ങൾ വിരിയിച്ചു നിൽക്കെയാണ്..
അകത്തോട്ടു വരാൻ അവളെ ഞാൻ കണ്ണ് കാണിച്ചു…
പതിയെ ഞാനും അകത്തോട്ടു വലിയാൻ നോക്കിയപ്പോൾ ആണ് ബലമുള്ള ഒരു കൈ എന്റെ കൈത്തണ്ടയിൽ പിടുത്തമിട്ടത്…
ആരിൽ നിന്നാണോ ഞാൻ രക്ഷപെടാൻ നോക്കിയത് ആ ആളിന്റെ കൈപിടിക്കുള്ളിൽ ഒതുങ്ങി നിൽക്കെയാണ് ഞാൻ ഇപ്പോൾ…
“കണ്ണീർ നാടകത്തിലൂടെ അച്ഛനെ നീ പറ്റിച്ചു…
എന്നെ അങ്ങനെ ഒന്നും പറ്റിക്കാൻ നോക്കണ്ട… ”
“വിടുന്നുണ്ടോ… ഞാൻ ഇപ്പോൾ അച്ഛനെ വിളിക്കും… ”
“കിടന്നു പിടക്കാതെടി…
നീ അച്ഛനെ വിളിക്കു… ആരും എന്നെ ഒന്നും പറയാൻ പോകുന്നില്ല…
നീ വിളിക്കെടി..”
“കൈ വേദനിക്കുന്നു കണ്ണേട്ടാ… വിട്…
ഞാൻ വണ്ടിയെടുത്തോണ്ടു പോയി ശരിയാണ്… പക്ഷെ കുഴപ്പം ഒന്നും ഇല്ലാതെ ഇങ്ങു എത്തിയില്ലേ.. പിന്നെ എന്താ??
ഇനി ഞാൻ വണ്ടി കൈ കൊണ്ടു പോലും തൊടില്ല പോരേ… ”
“സത്യമാണോ?? ”
“മ്മ് സത്യം… ”
“ഹും… തത്കാലത്തേക്ക് വിട്ടേക്കുന്നു… ഇപ്പോൾ പോയി ഏട്ടന് ഒരു ചായ എടുത്തോണ്ട് വാ… ”
“ചായയോ… ഞാനോ? ”
“അതെന്താ ഞാനോ എന്നൊരു ചോദ്യം നീ ചായ എടുത്താൽ പൊങ്ങില്ലേ?? ”
“മ്മ്.. ഇപ്പോൾ കൊണ്ടുവരാം… ”
നേരെ അടുക്കളയിലേക്കു നടന്നു…
“അമ്മേ കണ്ണേട്ടനൊരു ചായ… ”
അമ്മ എന്നെ തറപ്പിച്ചൊരു നോട്ടം…
അത് കണ്ടപ്പോൾ തന്നെ എനിക്ക് മതിയായി…
“അല്ലെങ്കിൽ വേണ്ട… ഞാൻ തന്നെ എടുത്തോളാം… ”
“അവിടെ നിന്റെ കണ്ണേട്ടൻ മാത്രം അല്ല അച്ഛനും അപ്പുവും യാമിയും ഗീതയും എല്ലാരും ഉണ്ട് അത് മറക്കണ്ട… ”
ഓഹ് അപ്പോൾ അതിനർത്ഥം എല്ലാവർക്കും ചായ കൊടുക്കണമെന്ന്…
എന്തായാലും നല്ല അസ്സല് ചായ തന്നെ ഇട്ടു എല്ലാവർക്കുംകൊടുത്തു…
പിന്നെ എല്ലാവരുടെയും ചർച്ച യാമിയെകുറിച്ചായിരുന്നു…
അച്ഛൻ യാമിയെ വിളിച്ചു എന്തൊക്കെയോ ചോദിക്കുന്നുണ്ട്… ഞാൻ കൂടുതൽ നേരം അവിടെ നിന്നില്ല…
നേരെ റൂമിൽ പോയി ഫോൺ എടുത്തു വിനുവേട്ടനെ വിളിച്ചു…
“ഹലോ വിനുവേട്ടാ… തിരക്കാണോ? ”
“അല്ലേടാ പറ… എന്താണ് വിശേഷം?
യാമിയുടെ കാര്യമെല്ലാം ഒറ്റ ശ്വാസത്തിൽ തന്നെ ഞാൻ വിനുവേട്ടനെ പറഞ്ഞു കേൾപ്പിച്ചു…
അപ്പുറത്തു കുറേനേരത്തേക്കു ഒരു നീണ്ട മൗനം…
“വിനുവേട്ടാ… ”
“മ്മ് പറ… ”
“എന്താ ഒന്നും മിണ്ടാത്തത്…
ഞാൻ യാമിയുടെ പേരിൽ വിനുവേട്ടനോട് ഒരുപാട് വഴക്കിട്ടിട്ടുണ്ട്…
എനിക്കറിയാം വിനുവേട്ടന് യാമിയെ ഒരുപാട് ഇഷ്ടം ആണെന്ന്…
ഇപ്പോൾ പൂർണ മനസ്സോടെ തന്നെ ഞാൻ ചോദിക്കുവാ സ്വീകരിച്ചൂടെ എന്റെ യാമിയെ വിനുവേട്ടന്റെ പെണ്ണായി????”
(തുടരും)

by