രചന – ഗംഗ ശലഭം
ശ്രീനാഥ് പോയിക്കഴിഞ്ഞും നിന്നിടത്തു തന്നെ തറഞ്ഞു നിൽക്കുകയായിരുന്നു കൃഷ്ണ.
തന്നെയും സൂരജിനെയും കുറിച്ച് നാട്ടിൽ അങ്ങനെ ഒരു സംസാരം ഉണ്ടായിട്ടും താൻ ഇതുവരെ അതൊന്നും അറിഞ്ഞില്ലല്ലോ എന്നോർത്തപ്പോൾ അവൾക്ക് സ്വയംനിന്ദ തോന്നി. ഒരുപക്ഷെ ഇങ്ങനെ എന്തെങ്കിലും സൂരജിന്റെ ചെവിയിലും എത്തിയിട്ടുണ്ടാകണം. അത് കൊണ്ടാകും സൂരജ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. അത് എന്ത് കൊണ്ടും നന്നായെന്ന് അവൾക്ക് തോന്നി.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ പാട് പെടുന്ന തന്നെപ്പോലെ ഉള്ളവരെ ഇത്തരം അപവാദങ്ങൾ കൂടുതൽ തളർത്തുകയേ ഉള്ളൂ എന്നവൾ ചിന്തിച്ചു.
തന്നെ വിവാഹം കഴിപ്പിക്കാൻ ശ്രീനാഥിന് എന്തോ പ്രത്യേക താല്പര്യം ഉള്ളത് പോലെ കൃഷ്ണയ്ക്ക് പലപ്പോഴും തോന്നിയിരുന്നു…. ആദ്യം അയാൾ തന്നെ കല്യാണം കഴിക്കാൻ തയ്യാറായി, പിന്നീട് എപ്പോഴോ അരവിന്ദന് തന്നോടുള്ള താല്പര്യം അറിഞ്ഞപ്പോൾ രാജലക്ഷ്മിയുടെ വീട്ടിൽ കടിച്ച് തൂങ്ങാതെ അരവിന്ദനെ കല്യാണം കഴിച്ച് അന്തസ്സായി അവനോടൊപ്പം താമസിക്കാൻ പറയുകയുണ്ടായി, ഇപ്പോൾ ഇതാ സൂരജിന്റെ പേരിലും ഒരു ആരോപണം….. അത് കൊണ്ട് അയാൾക്ക് ഉണ്ടാകുന്ന ലാഭം എന്താണെന്ന് മാത്രം അവൾക്ക് മനസിലായതേയില്ല.
“രവി…. താൻ ആ ബൈക്ക് അവിടെ വച്ചിട്ട് ജീപ്പിൽ പൊയ്ക്കോ… ഞാൻ വന്നേക്കാം….”
പോലീസ് ജീപ്പിന് പിറകെ ബൈക്കിലായി വന്നൊരു പോലീസുകാരനോട് മധു പറഞ്ഞപ്പോൾ അയാൾ തലയാട്ടി സമ്മതിച്ചു കൊണ്ട് ബൈക്കിന്റെ ചാവി മധുവിന് നൽകി ജീപ്പിലേക്ക് കയറി. ജീപ്പ് അകന്ന് പോകുന്നത് നോക്കി നിന്ന ശേഷം ചാവി പോക്കറ്റിലേക്കിട്ട് മധു കൃഷ്ണയുടെ അടുത്തേക്ക് ചെന്നു.
“കഴുത്തു നീലിച്ചിട്ടുണ്ടല്ലോ കൃഷ്ണേ….”
ശ്രീനാഥ് കൃഷ്ണയുടെ കഴുത്തിൽ കുത്തിപ്പിടിച്ച ഭാഗത്ത് അവന്റെ വിരൽ പാടുകൾ നീലിച്ചു കിടക്കുന്നത് കണ്ട് മധു വിഷമത്തോടെ പറഞ്ഞു.
“സ്റ്റേഷനിൽ കൊണ്ട് പോയി രണ്ടെണ്ണം കൊടുത്തിട്ട് വിട്ടാൽ മതിയായിരുന്നു ആ…..”
വായിലേക്ക് വന്നൊരു ചീത്ത വിഴുങ്ങി അയാൾ ശ്രീനാഥ് പോയ വഴിയേ നോക്കി പല്ലിറുമ്മി.
“നീയിപ്പോ എന്ത് വാങ്ങാനാ വന്നത്?”
ഒരു ദീർഘനിശ്വാസം എടുത്തു ദേഷ്യം ഒതുക്കി അയാൾ തിരിഞ്ഞ് കൃഷ്ണയെ നോക്കി.
” കുറച്ചു സാധനങ്ങൾ വാങ്ങാനുണ്ടായിരുന്നു. ലക്ഷ്മിയമ്മേടെ വീട്ടിൽ ഒരു തയ്യൽ മെഷീൻ ഉണ്ട്. ഞാൻ അതിൽ ഇപ്പൊ ചെറുതായിട്ടൊക്കെ തയ്ക്കും. അതിന് വേണ്ടി കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നു… അതാ….”
സംസാരിക്കുന്നതിനിടയിൽ വേദനിച്ചിട്ടെന്നോണം പല വട്ടം അവൾ തന്റെ കഴുത്തിൽ തൊടുന്നുണ്ടായിരുന്നു.
“ഇന്നിനിയിപ്പോ ഒന്നും വാങ്ങാനൊന്നും നിക്കണ്ട. ഞാൻ നിന്നെ വീട്ടിലേക്ക് ആക്കി തരാം.”
മധു ഹെൽമറ്റ് എടുത്ത് വച്ച് ബൈക്കിലേക്ക് കയറിയിരുന്നു. കൃഷ്ണയും മറുത്തൊന്നും പറയാതെ അയാളുടെ പുറകിലേക്ക് കയറി. കുറച്ചു മുൻപ് നടന്ന സംഭവം ശാരീരികമായും മാനസികമായും അവളെ വല്ലാതെ തളർത്തി കളഞ്ഞിരുന്നു.
************
“കുറച്ചു ദിവസമായി മോളോട് ഒരു കാര്യം സംസാരിക്കണമെന്ന് കരുതുന്നു.”
രാജലക്ഷ്മിയുടെ ഗേറ്റിന് പുറത്ത് ബൈക്ക് നിർത്തി അതിൽനിന്നും കൃഷ്ണ ഇറങ്ങി കഴിഞ്ഞപ്പോൾ മധു കൃഷ്ണയോടായി പറഞ്ഞു.
“അരവിന്ദൻ എന്നോട് ഒരു കൂട്ടം പറഞ്ഞിരുന്നു.”
അതെന്തായിരിക്കും എന്ന് മനസ്സിലായത് കൊണ്ടാവണം കൃഷ്ണയുടെ മുഖത്ത് ഞെട്ടൽ തെളിഞ്ഞു.
” മോളോട് അവൻ അതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും പറഞ്ഞു. അവന് അങ്ങനെ ഒരു ആഗ്രഹം ഉണ്ടെങ്കിൽ ഞങ്ങൾക്ക് അതില് സന്തോഷമേയുള്ളൂ… ഞങ്ങൾക്ക് നീ മോള് തന്നെയാ…. അന്നും ഇന്നും…
എത്രനാളാ നീ ഇങ്ങനെ മറ്റൊരു വീട്ടില്….? അന്നും എനിക്ക് അതിനൊട്ടും സമ്മതം ഉണ്ടായിരുന്നില്ല. പിന്നെ നീ നിർബന്ധം പിടിച്ചത് കൊണ്ടും, രാജലക്ഷ്മിയുടെയും സൂരജിന്റെയും സ്വഭാവം മനസ്സിലായത് കൊണ്ട് ഒക്കെയാണ് അന്ന് ഞാൻ പിന്നെ എതിർക്കാതിരുന്നത്…
നീ അങ്ങോട്ട് വാ മോളെ ഞങ്ങടെ മോളായിട്ട്.,… നിന്നെയും ഉണ്ണിമോളെയും അവൻ പൊന്നുപോലെ നോക്കിക്കോളും…”
മധു താല്പര്യത്തോടെ പറയുന്നത് കേട്ട് കൃഷ്ണയുടെ മുഖം കുനിഞ്ഞു. അരവിന്ദൻ മധുവിനോട് ഇതേപ്പറ്റി സംസാരിക്കുമെന്ന് അവൾ കരുതിയതേയില്ല.
“അരവിന്ദേട്ടൻ എന്നോട് ഇക്കാര്യം പറഞ്ഞപ്പോഴേ ഞാൻ എന്റെ മറുപടി അറിയിച്ചിരുന്നു……”
കൃഷ്ണ കുനിഞ്ഞ മുഖത്തോടെ പതിയെ പറഞ്ഞു. അച്ഛനെപ്പോലെ കരുതുന്ന ആളാണ്. മുഖത്തുനോക്കി മറുത്ത് പറയാനും അവൾക്ക് ധൈര്യം കിട്ടിയില്ല.
” അവനതും പറഞ്ഞിരുന്നു. എന്നാലും ഞങ്ങളുടെ ആഗ്രഹം ഇതാണെന്ന് പറഞ്ഞെന്നേയുള്ളൂ… ഒന്നുകൂടെ ആലോചിച്ചു കൂടെ മോൾക്ക്?”
“എനിക്ക് പറ്റില്ല മാമേ….. ഞാൻ….. എനിക്ക്….”
മധുവിനോട് ഇങ്ങനെ സംസാരിക്കേണ്ടി വന്നല്ലോ എന്നോർത്തപ്പോൾ കൃഷ്ണയ്ക്ക് വല്ലാത്ത വിഷമം തോന്നി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.
മധുവും പെട്ടെന്ന് വല്ലാതായി….
” സാരമില്ല… മോളുടെ ഇഷ്ടം…. നിർബന്ധിക്കില്ല ഞാൻ…..
എനിക്കറിയാം ഇതുകൊണ്ടാണ് നീ ഞങ്ങളെ ഒപ്പം താമസിക്കാത്തത് എന്ന്…”
അയാൾ ഒന്ന് നിർത്തി.
“പിന്നെ…. എന്ത് വിഷമം ഉണ്ടെങ്കിലും എന്നോടോ ഗീതയോടോ പറയണം. മടിക്കരുത്…..”
മധു അവളുടെ തോളിൽ ആശ്വസിപ്പിക്കാൻ എന്നപോലെ പതിയെ തട്ടി.
“എനിക്ക് എന്തെങ്കിലും ഒരു ജോലി ശരിയാക്കി തരാൻ പറ്റുമോ മാമേ?”
പെട്ടെന്ന് കൃഷ്ണ മുഖമുയർത്തി മധുവിനെ നോക്കി.
” ഞാൻ ഇത് നിന്നോട് മുന്നേ പറഞ്ഞതല്ലേ? അപ്പോൾ നീയല്ലേ വേണ്ടാന്ന് പറഞ്ഞത്?
അല്ല…… എന്താ ഇപ്പോൾ പെട്ടെന്ന് ഇങ്ങനെ മാറി ചിന്തിക്കാൻ?”
കൃഷ്ണ രാവിലെ സൂരജ് പറഞ്ഞതൊക്കെ മധുവിനോട് പറഞ്ഞു.
മധു കുറച്ച് സമയം ആലോചനയിലാണ്ടു.
” സാരമില്ല… നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം. ഇപ്പോ നീ വാ….”
മധു ബൈക്ക് സ്റ്റാൻഡിൽ ഇട്ട്, ഗേറ്റ് തുറന്ന് കൃഷ്ണയോടൊപ്പം രാജലക്ഷ്മിയുടെ വീട്ടിലേക്ക് നടന്നു.
മധു തന്നെയാണ് രാജലക്ഷ്മിയോട് ശ്രീനാഥനെ കണ്ട വിവരങ്ങളൊക്കെ പറഞ്ഞത്. കൃഷ്ണക്ക് എന്താവശ്യമുണ്ടെങ്കിലും വിളിക്കണം എന്ന് രാജലക്ഷ്മിയോട് പറഞ്ഞ് ഏൽപ്പിച്ച ശേഷമാണ് അയാൾ തിരികെ പോയത്.
കൃഷ്ണയുടെ കഴുത്തിൽ ശ്രീനാഥിന്റെ വിരൽപ്പാടുകൾ നീലിച്ചുകിടക്കുന്നതും ചെറുതായി നീര് വന്നിരിക്കുന്നതും കണ്ടപ്പോൾ രാജലക്ഷ്മി ഭയന്നുപോയി.
“നമുക്ക് ഹോസ്പിറ്റലിൽ പോകാം മോളെ….”
അവർ പെട്ടെന്ന് പറഞ്ഞു.
“അതൊന്നും വേണ്ടമ്മേ…. രണ്ടുമൂന്ന് വട്ടം തൈലം ഇട്ടാൽ മതി. നാളെയാവുമ്പോ മാറിക്കോളും.”
നിസ്സാരമായി പറഞ്ഞുകൊണ്ട് കൃഷ്ണ അകത്തേക്ക് കയറിപ്പോയി. ശരീരം തളരുന്നത് പോലെ തോന്നുന്നുണ്ടായിരുന്നു കൃഷ്ണയ്ക്ക്. കട്ടിലിൽ ചെന്ന് കിടന്ന പാടേ കണ്ണുകൾ അടഞ്ഞുപോയി.
പിന്നീട് ഉണർന്നപ്പോൾ മുതൽ ഒരു പണിയും ചെയ്യാൻ അവർ കൃഷ്ണയെ അനുവദിച്ചില്ല.
” നിന്റെ ഇന്നത്തെ ശമ്പളം എനിക്ക് തന്നേക്ക് കൊച്ചേ… ”
ഇടക്ക് എപ്പോഴോ കൃഷ്ണ രാജലക്ഷ്മിയേ തടഞ്ഞപ്പോൾ അവർ കളിയായി പറഞ്ഞു.
ഉച്ച കഴിഞ്ഞപ്പോഴേക്കും കഴുത്തിന് ഒരു വശം നന്നായി നീര് വന്നുവീങ്ങി.
” കേസ് കൊടുത്തിട്ട് അവന് നല്ലത് രണ്ട് വാങ്ങി കൊടുക്കുന്നതിന് പകരം എനിക്ക് പരാതിയൊന്നും ഇല്ല എന്നും പറഞ്ഞു മദർ തെരേസ ആയിട്ട് വന്നിരിക്കുന്നു….! ഈ പെൺകൊച്ച് ഇനി എന്നാണോ ജീവിക്കാൻ പഠിക്കുന്നത്?”
കൃഷ്ണയുടെ കഴുത്തിൽ നീര് താഴാൻ വേണ്ടി എന്തൊക്കെയോ പച്ചിലമരുന്ന് അരച്ച് പുരട്ടുന്നതിനിടയിൽ പിറുപിറുക്കുന്ന രാജലക്ഷ്മിയെ നോക്കി ചിരിയോടെ കിടന്നു കൃഷ്ണ.
” കുറച്ചുനേരം കൂടി കിടന്നുറങ്ങിക്കോ…. ചെറിയ ചൂട് പോലെയുണ്ട്…. ഉണ്ണിമോളെ വിളിക്കാൻ ഞാൻ സൂരജിനെ വിളിച്ച് പറഞ്ഞിട്ടുണ്ട്. ”
കൃഷ്ണയുടെ നെറ്റിയിൽ കൈ വച്ച് നോക്കി വിഷമത്തോടെ പറഞ്ഞിട്ട് രാജലക്ഷ്മി മുറി വിട്ടുപോയി.
താൻ ഇവരുടെ ആരുമല്ല. എന്നിട്ടും എന്തൊരു സ്നേഹവും കരുതലും അണിവർക്ക്? സൂരജിനെ വിവാഹം ചെയ്യാൻ എങ്ങാനും നേരിട്ട് പറഞ്ഞാൽ ഈ മുഖത്ത് നോക്കി എനിക്ക് മറുത്ത് പറയേണ്ടി വരുമല്ലോ ഈശ്വരാ…?
അതല്ലാതെ മറ്റു വഴി ഒന്നും തന്റെ പക്കലില്ലതാനും….!
നിറഞ്ഞ കണ്ണുകൾ വലതു കൈ ഉയർത്തി തുടച്ച് കൃഷ്ണ പതിയെ കണ്ണുകൾ അടച്ചു.
**********
അഭിപ്രായം പറയണേ…..

by