രചന – ഗംഗ ശലഭം
സഹായത്തിനു വന്ന മാമി പോയി രണ്ട് ദിവസത്തിനു ശേഷം…..
വൈകിട്ട് ഹരിയേട്ടനും അച്ഛനും അമ്മയും കൂടി വരാന്തയിൽ ഇരിക്കുമ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നു. പറയാനുള്ളത് എന്തായാലും അമ്മായിയുടെ മുന്നിൽ വച്ച് ഹരിയേട്ടനോട് പറയുന്നതാണ് നല്ലത് എന്നെനിക്ക് തോന്നി.
” ഇനിയും എനിക്ക് അഡ്ജസ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടുണ്ട് ഹരിയേട്ടാ….”
അല്പം ഉറക്കെ തന്നെയാണ് പറഞ്ഞത്.
അച്ഛനും ഹരിയേട്ടനും തലയുയർത്തി എന്നെ നോക്കി. അമ്മായി അപ്പോഴും നോട്ടം ന്യൂസ് പേപ്പറിൽ തന്നെ. ഇതൊന്നും എന്നെ ബാധിക്കുന്നതേയല്ല എന്നൊരു ഭാവം.
ഞാൻ തുടർന്നു…..
” അമ്മ പറയുന്നതുപോലെ സിസേറിയൻ അത്ര സുഖമുള്ള പരിപാടിയൊന്നുമല്ല. അതിന്റെ ബുദ്ധിമുട്ടുകൾ എനിക്ക് ഇപ്പോഴും മാറിയിട്ടില്ല. എന്നിട്ടും ഇതൊക്കെ ചെയ്യുന്നത് ഞാൻ മേലനങ്ങാതെയാണ് ആഹാരം കഴിക്കുന്നത് എന്നുള്ള പറച്ചിൽ കൂടാതിരിക്കാനാ….
ഉണ്ണിയുടെ വാശി ഹരിയേട്ടന് അറിയാമല്ലോ? രാത്രി എത്ര വട്ടമാണ് അവൻ പാല് കുടിക്കാൻ ഉണരുന്നത്? എന്നെ ഒന്ന് കണ്ണടയ്ക്കാൻ കൂടി സമ്മതിക്കില്ലവൻ.
ഇപ്പോ അവന് പകലുറക്കം പോലും ഇല്ല…. ഏത് നേരവും കരച്ചിലും പിണക്കവും വാശിയും ആണ്. വല്ല വിധേനെയും ആണ് ഒന്ന് ഉറക്കി കിടത്തുന്നത്. എന്നിട്ടെന്തിനാ? എന്തെങ്കിലും ഒന്ന് ചെയ്യാൻ തുടങ്ങുമ്പോ അവൻ പിന്നേം ഉണരും.
കുറച്ചുനേരം അവനെ ഒന്ന് നോക്കുകയെങ്കിലും ചെയ്താൽ മതിയായിരുന്നു. അതുമില്ല എന്ന് വച്ചാലോ …..?
അതും പോട്ടെ… സഹായത്തിന് വന്ന ആ ചേച്ചിയോട് ഓരോന്നൊക്കെ കാണിച്ചിട്ട് അല്ലേ അവര് പോയത്? ആരെങ്കിലും സഹായത്തിന് ഇല്ലാതെ എനിക്ക് പറ്റുന്നില്ല ഹരിയേട്ടാ…. മടുത്തു പോവാ ഞാൻ… ഇനിയും ഇങ്ങനെയാണെങ്കിൽ ഞാനെന്റെ കുഞ്ഞിനെയും എടുത്ത് എന്റെ വീട്ടിലേക്ക് പോകും നോക്കിക്കോ?! ”
അവസാനത്തെ വാചകം ഗതികെട്ട് പറഞ്ഞു പോയതാണ്. അവരതിൽ കയറി പിടിക്കുമെന്ന് അന്നേരം ഞാനോർത്തതേയില്ല.
ഞാൻ പറഞ്ഞു നിർത്തിയതും അമ്മായി കസേരയിൽ നിന്നും ചാടി എഴുന്നേറ്റ് എന്റെ നേരെ വിരൽ ചൂണ്ടി.
” അങ്ങനെയാണെങ്കിൽ ഇറങ്ങിപ്പോടീ ഇവിടുന്ന്… ഈ വീട് രക്ഷപ്പെടും…
നീ വീട്ടിൽ കയറി വന്ന അന്ന് തുടങ്ങിയതാ ഞങ്ങടെ ദുരിതം. മൂധേവി….! ഇറങ്ങിപ്പോയാ അന്ന് ചാണക വെള്ളം തളിച്ച് അടിച്ചു കഴുകി ശുദ്ധിയാക്കും ഞാൻ ഈ വീട്…. ”
അത്രയും എന്നോട് പറഞ്ഞിട്ട് അവർ ഹരിയേട്ടന്റെ നേരെ തിരിഞ്ഞു.
” കേട്ടോടാ അവൾ പറഞ്ഞത്? അവക്ക് നിന്നെ വേണ്ടെന്ന്. അവള് കൊച്ചിനേം എടുത്ത് ഇറങ്ങി പോകുമെന്ന്…! പല തവണ ഞാൻ പറഞ്ഞിട്ട് നീ കേട്ടോ ? ഭാര്യെ പറയുമ്പം പൊള്ളുവായിരുന്നല്ലോ അന്നൊക്കെ? ഇനി ഇതിനൊക്കെ വല്ല രഹസ്യക്കാരനും ഉണ്ടോന്ന് ആക്കറിയാം? കൊണ്ട് കളയടാ അവളെ. എവിടാന്ന് വച്ചാ പോയി തൊലയട്ടെ…..
കല്യാണം കഴിഞ്ഞ് ആറു മാസം ആയപ്പോ ഞാനിവൾടേം നിന്റെം ജാതകോം കൊണ്ട് ഗണപതി പോറ്റീടെ അടുത്ത് പോയതാ…. എന്തിനാന്ന് അറിയാമോ? ഇവള് കേറി വന്നേ പിന്നാ ഈ വീടിന് എഴുന്നേറ്റം ഇല്ലാതായിപ്പോയത്. അന്നത് മനസ്സിലായോണ്ടാ ഞാൻ ഒന്നൂടെ ജാതകം കൊണ്ടേ നോക്കിക്കാന്ന് കരുതിയത്.
എന്റെ മനസ്സിൽ തോന്നണതൊന്നും ഒരു കാലത്തും തെറ്റാവാറില്ല. അന്നേ പോറ്റി പറഞ്ഞതാ ഇവള് കുടുംബം മുടിക്കുമെന്ന്… ഞാൻ അന്നത് നിന്നോടും പറഞ്ഞതല്ലേ? എങ്ങനെയെങ്കിലും ഈ ജന്തൂനെ ഒഴിവാക്കി വിടാൻ. എന്നിട്ട് നീ കേട്ടോ?
ഇവൾ ഇവള്ടെ വീട്ടീന്ന് ഇറങ്ങിപ്പോന്ന ശേഷമല്ലേ ഇവള്ടെ അമ്മയും അപ്പൂപ്പനും ഒക്കെ ഒന്നായത്? അതെന്താന്ന് ചിന്തിച്ചിട്ടുണ്ടോ നീ? ഇവളേ ഇരിക്കുന്നടം മുടിക്കും… ! അതാ ജാതി….
ഇവള് വന്നു കയറിയ ശേഷം ഈ വീടിന് എന്തെങ്കിലും ഗുണം ഉണ്ടായിട്ടുണ്ടാ ? വീട് പൊളിഞ്ഞു വീഴാറായി… എനിക്കും ഇങ്ങേർക്കും അസുഖം ഒഴിഞ്ഞ നേരം ഉണ്ടോ?
ഗണപതി പറഞ്ഞാൽ അത് അച്ചട്ടാ… ഇപ്പൊ മനസ്സിലായാ?
കുടുംബം നശിപ്പിച്ചിട്ട് ഇപ്പം അവള് ഇറങ്ങിപ്പോവാൻ പോണ് പോലും! പോടീ പോ… എവിടന്ന് വച്ചാ പോയി ചാവ് …! ”
ഒരു ഭ്രാന്തിയെപ്പോലെ അവരെന്റെ മുന്നിൽ നിന്ന് അലറി.
ഇത്രനാളും ഒളിഞ്ഞും മറഞ്ഞും പലതും പറയുന്നത് കേട്ടിരുന്നു. പക്ഷെ ഇങ്ങനെ ഒന്ന് അവരുടെ നാവിൽ നിന്ന് കേൾക്കുന്നത് ഇതാദ്യമാണ്.
അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന വിഷമമൊക്കെ എന്റെ മുഖത്തേക്ക് തുപ്പിയിട്ട് അവരെന്റെ മുന്നിൽ വന്ന് നിന്ന് കിതച്ചു…..
അവരുടെ സംസാരം കേട്ട് ഞാൻ തറഞ്ഞു നിന്നു പോയി. ഒരക്ഷരം മിണ്ടാൻ പറ്റുന്നില്ല! തൊണ്ടയിൽ എന്തോ വന്ന് ഉറഞ്ഞു കൂടിയതുപോലെ.
ഏതോ ഒരു ജോത്സ്യൻ പറഞ്ഞത് കേട്ടിട്ടാണോ എന്നോട് ഇത്ര നാളും ഇവര് ഇങ്ങനെയൊക്കെ പെരുമാറിയത്? ആ ജ്യോത്സ്യനെ ഈ നിമിഷം എന്റെ കയ്യിൽ കിട്ടിയിരുന്നെങ്കിൽ ഞാനൊരു പതിനായിരം കഷ്ണമായിട്ട് വെട്ടി അരിഞ്ഞേനെ! കുടുംബം കലക്കി! എനിക്കറിയുന്ന മുഴുവൻ ചീത്തയും ഞാൻ അയാളെ മനസ്സിൽ വിളിച്ചു.
” ആവശ്യം ഇല്ലാത്തത് പറയരുത്…. ”
സംയമനം വീണ്ടെടുത്ത് ഞാൻ പറഞ്ഞു തുടങ്ങിയതും ഹരിയേട്ടന്റെ ശബ്ദം കേട്ടു.
” എന്താ അമ്മേടെ പ്രശ്നം? മോന്റെ ജീവിതം നശിച്ചാലും സ്വന്തം ഈഗോയും വാശിയും ജയിക്കണം എന്നാണോ? ഞാനും ഇവളും തമ്മിലും നിലവിൽ ഒരു പ്രശ്നവും ഇല്ല. പിന്നെ ഞാൻ എന്തിന് ഇവളെ ഉപേക്ഷിച്ചു കളയണം? ”
” ഞാനാണാ? അവളല്ലേ പറഞ്ഞത് ഇവിടുന്ന് പോണെന്ന്…. ”
” അവളാ പറഞ്ഞതിനുള്ളത് ഞാനവൾക്ക് പിന്നീട് കൊടുത്തോളം….”
ഹരിയേട്ടൻ എന്നെയൊന്ന് കൂർപ്പിച്ചു നോക്കിയതും ഞാൻ മുഖം കുനിച്ച് കളഞ്ഞു.
” അവളെ ഇവിടുന്ന് ഇറക്കി വിടാൻ വേണ്ടി അമ്മ പറഞ്ഞ ന്യായങ്ങൾ എന്തായാലും കൊള്ളാം.
പത്ത് എഴുപത് വർഷം പഴക്കമുള്ള ഈ വീട് ചിതൽ എടുത്തതും പൊളിഞ്ഞു വീഴാറായതും ഇവള് കാരണമാണെന്ന് പറയുന്നതിൽ എന്ത് ലോജിക്കാണ് അമ്മാ ഉള്ളത്? നിങ്ങൾക്ക് രണ്ടാൾക്കും വയ്യാതാവുന്നതിന് എങ്ങനെയാ ഇവൾ കാരണക്കാരിയാകുന്നത്? പറയുന്നതിന് ഇത്തിരി എങ്കിലും ലോജിക്ക് വേണ്ടേ?
എനിക്ക് നിങ്ങളെപ്പോലെ അവളും വേണം… എന്റെ കുഞ്ഞും വേണം… എത്ര നിസാരമായാ അമ്മ പറഞ്ഞത് കൊണ്ട് കളയടാന്ന്… അവളും അതേ… ഇറങ്ങി പോവാത്രേ…..!
എന്റെ കൊച്ചിനെ കൊതി തീരെ ഒന്ന് കൊഞ്ചിച്ചിട്ട് കൂടി ഇല്ല ഞാൻ… ഇങ്ങനെ ഓരോന്നൊക്കെ വിളിച്ചു പറയുമ്പോ നിങ്ങളൊക്കെ എന്നെക്കുറിച്ച് ഓർക്കുന്നുണ്ടോ? നിങ്ങൾക്ക് ഇടയിൽ കിടന്ന് ഉരുകുന്ന എന്റെ അവസ്ഥ എന്താന്ന് അറിയോ? ഭ്രാന്ത് പിടിച്ചു പോവാ പലപ്പോഴും…. ”
ഹരിയേട്ടന്റെ മുഖമൊക്കെ ചുവന്ന് നിന്ന് വിറക്കുന്നുണ്ടായിരുന്നു ആള്. ആദ്യമായിട്ടാണ് ഹരിയേട്ടന് ഇങ്ങനെ കാണുന്നത്. അതുവരെ സ്തംഭിച്ചു നിന്ന ഞാൻ പതിയെ ആളിനടുത്തേക്ക് നടന്നു ചെന്നു.
മുടിയിൽ വിരൽ കോർത്തിരുന്ന് കസേരയിൽ കുനിഞ്ഞിരുന്ന ആളിന് അടുത്തേയ്ക്ക് ചെന്ന് ആ തോളിൽ ഒന്ന് തൊട്ടതേയുള്ളൂ… എന്നെ പൂണ്ടടക്കം പിടിച്ചു കരഞ്ഞു കളഞ്ഞു ആ മനുഷ്യൻ… ഉള്ള് വിണ്ടു കീറുന്നത് പോലെ നൊന്ത് പോയെനിക്ക്.
” സോറി… ഞാൻ അറിയാതെ പറഞ്ഞു പോയതാ…. ”
ഞാനും ആളിനോപ്പം കരഞ്ഞു പോയി.
അമ്മായിയും സ്തംബിച്ചു നിൽക്കുവാണ്. ഇങ്ങനെ ഒരു പ്രതികരണം ഹരിയേട്ടനിൽ നിന്നും അവര് പ്രതീക്ഷിച്ചു കാണില്ല.
ഒരു മിനിറ്റ്…. അത്രയേ വേണ്ടി വന്നുള്ളൂ ഹരിയേട്ടന് തന്റെ വിഷമം ഒതുക്കാൻ.
നിവർന്നിരുന്ന് മുഖം അമർത്തിത്തുടച്ച് ആള് പിന്നെയും അമ്മായിയെ നോക്കി.
” ഇവൾ ഇവിടെ നിൽക്കുന്നതാണ് അമ്മയുടെ പ്രശ്നമെങ്കിൽ, ഞങ്ങൾ മറ്റൊരു വീട് എടുത്തു മാറിക്കോളാം. അമ്മയുടെ അച്ഛന്റെയും കാര്യങ്ങൾ നോക്കാൻ ഒരു സർവെന്റിന് ഏർപ്പാടാക്കാം. അല്ലാതെ അമ്മ പറഞ്ഞതു പോലെ നിസ്സാരമായിട്ടങ്ങ് ഉപേക്ഷിച്ച് കളയാൻ ഒന്നും പറ്റില്ല എനിക്ക് ഇവളെ.
ഏതോ ഒരു കള്ളൻ പറഞ്ഞതും വച്ചിരിക്കാണ് ഇപ്പഴും….?! അന്ന് ദോഷം മാറാനുള്ള പൂജേന്നും പറഞ്ഞു എത്രയാ അയാള് അമ്മേടേന്ന് അടിച്ചെടുത്തത്? അയ്യായിരോ? പതിനായിരോ? അന്നേ ഞാൻ പറഞ്ഞതാ… ഓരോരോ കള്ളന്മാര് കാശ് അടിച്ചെടുക്കാൻ വേണ്ടി ഓരോന്നൊക്കെ പറയുന്നതും കേട്ട് കുടുംബത്തിൽ പ്രശ്നം ഉണ്ടാക്കരുതെന്ന്…. അമ്മേടെ യദാർത്ഥ പ്രശ്നം അതൊന്നും അല്ലാന്ന് എനിക്ക് നന്നായിട്ടറിയാം.
ഇപ്പൊ പോയവരു പോട്ടെ. രണ്ട് ദിവസത്തിനകം സഹായത്തിന് വേറെ ഒരാൾ വരും. അവരെയും ഓരോന്ന് പറഞ്ഞ് ഓട്ടിക്കാനാണ് ഭാവമെങ്കിൽ…..? ”
ഹരിയേട്ടൻ ഒന്ന് നിർത്തി.
” ഞാൻ നിങ്ങടെ കൂടെ ഈ വീട്ടിൽ നിൽക്കണോ വേണ്ടയോന്ന് അമ്മയ്ക്ക് തീരുമാനിക്കാം….. ”
അത്രയും കൂടി പറഞ്ഞു ഹരിയേട്ടൻ എഴുന്നേറ്റ് ഞങ്ങളുടെ മുറിയിലേക്ക് നടന്നു. വാതിൽക്കളോളം ചെന്ന് പിന്നെയും തിരിഞ്ഞു നിന്നു.
” പിന്നെ വേറൊന്നും കൂടി…. അമ്മയ്ക്ക് ഇവിടെ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ അത് എന്നോട് പറയാം… വീട്ടിനുള്ളിലെ പ്രശ്നങ്ങൾ വീട്ടിൽ തീരണം! അല്ലാതെ വീട്ടിലെ കാര്യങ്ങൾ നാട്ടുകാരോട് പറഞ്ഞു നടക്കുന്നത് ഒട്ടും നല്ല ശീലമല്ല…. ഇന്ന് നടന്നതും ഈ വീട്ടിനകത്ത് നിന്നാ മതി. അല്ലാതെ, നാളെ നാട്ടുകാർക്ക് പറഞ്ഞു ചിരിക്കാൻ ഒരു കാരണം ആക്കാൻ വേണ്ടി മാറ്റാരുടേം ചെവിയിൽ എത്തണ്ട.
ഞാൻ ഇവിടെ നിങ്ങളുടെ കൂടെ വേണമെങ്കിൽ മാത്രം മതി.. ഇല്ലെങ്കിൽ അമ്മയ്ക്ക് ആരുടെ കൂടെ എന്ത് വേണേലും പറയാം. ”
ഒട്ടും ദേഷ്യത്തിൽ അല്ലാതെയാണ് ആളിത്രയും പറഞ്ഞത്. അമ്മയോട് ഒച്ചയുയർത്തി സംസാരിക്കരുത് എന്ന് നിർബന്ധം ഉണ്ടായിരുന്നിരിക്കണം.
ഹരിയേട്ടൻ മുറിക്കുള്ളിലേക്ക് കയറിപ്പോയി. ഞാനും ഒപ്പം ചെന്നു. ഉണ്ണി ഉണർന്ന് കരയാൻ തുടങ്ങിയിരുന്നു.
തൊട്ടിലിൽ ഉണർന്ന് കരഞ്ഞു തുടങ്ങിയ ഉണ്ണിയെ ഹരിയേട്ടൻ എടുത്ത് തോളിൽ കിടത്തി താരാട്ട് പാടുന്നത് കണ്ടിട്ടും ഞാൻ മുറിയിൽ തന്നെ നിന്നു. ആളെന്നെ നോക്കുന്നേയില്ല. ഞാൻ കുഞ്ഞിനേം കൊണ്ട് പോകും എന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടു കാണില്ല. ഒരുപക്ഷെ നമുക്ക് ഇവിടുന്ന് മാറാം എന്ന് പറഞ്ഞാൽ മതിയായിരുന്നു. ഇതിപ്പോ ഹരിയേട്ടനെ ഞാൻ ഒഴിവാക്കിയത് പോലെ തോന്നിക്കാണുമായിരിക്കും.
പിന്നീട് സംസാരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നി. ഇനിയും അവിടെ നിന്നിട്ട് കാര്യമില്ല എന്ന് മനസ്സിലായതും ഞാൻ റൂമിൽ നിന്നും പുറത്തിറങ്ങി.
അമ്മ അപ്പോഴും വരാന്തയിൽ നിന്ന നിൽപ്പ് നിൽക്കുകയാണ്. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു.
” മനസ്സിരുത്തി ഒന്ന് ചിന്തിച്ചു നോക്ക്… ഈ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് ഞാനാണോ അതോ അമ്മയാണോ എന്ന്. ഓരോ ഈഗോയും വച്ച് മോന്റെ ജീവിതം ഇല്ലാതാക്കാൻ നോക്കുന്നത് ആരാണ്?
അമ്മേടെ അധികാര പരിധിയിൽ കൈ നടത്താൻ ഞാൻ വരികയൊന്നും ഇല്ല. എന്ന് കരുതി ഒരു അടിമയെപ്പോലെ കഴിയാനും എനിക്ക് പറ്റില്ല. മകളായി കാണണ്ട… മരുമകളായും കാണണ്ട… ഇനിയെങ്കിലും ഒരു മനുഷ്യനായി കണ്ടാൽ മതി….!
പിന്നെ…. എനിക്ക് വേറെ ആരോടോ എന്തോ ഉണ്ടെന്ന് പറഞ്ഞില്ലേ? വേറെന്ത് മറന്നാലും അത് ഞാൻ ഒരിക്കലും മറക്കില്ല…. ഒരിക്കലും….! ”
തിരിഞ്ഞ് അടുക്കളയിലേക്ക് നടക്കുമ്പോ അമ്മായിയിൽ നിന്നൊരു കരച്ചിൽ ഉയർന്നിരുന്നു. അതൊരിക്കലും ഞാൻ പറഞ്ഞത് കേട്ടിട്ടല്ല എന്നത് എനിക്ക് പകൽ പോലെ വ്യക്തമാണ്.
ഹരിയേട്ടനെ അവരുടേത് മാത്രമായി പിടിച്ചു നിർത്താനായി കാട്ടിക്കൂട്ടിയതൊക്കെയും, ഇവിടുന്ന് മാറിത്താമസികുന്നതിനേക്കുറിച്ച് ചിന്തിക്കാനാണല്ലോ കാരണമായത് എന്നോർത്തിട്ടാവണം….
ആവണം എന്നല്ല…. ആണ്!
🦋
ഇന്ന് എന്റെ ഉണ്ണിയുടെ അഞ്ചാം പിറന്നാളാണ്. ഞായറാഴ്ച ആയത് കൊണ്ട് ആഘോഷിക്കാൻ തന്നെയാണ് തീരുമാനം. എനിക്കും ഹരിയേട്ടനും ഉണ്ണിക്കും അവധി ആണല്ലോ?
ഞാൻ കാർമൽ സ്കൂളിലെ അദ്ധ്യാപിക ആണിപ്പോൾ. കഷ്ടിച്ച് ഒരു വർഷം ആകുന്നേയുള്ളൂ കയറിയിട്ട്. ഗവണ്മെന്റ് ജോലിക്ക് വേണ്ടി കാര്യമായിത്തന്നെ ശ്രമിക്കുന്നുണ്ട്.
ഉണ്ണി യു കെ ജി യിലാണ്. അവൻ സ്കൂളിൽ പോയി തുടങ്ങിയ ശേഷമാണ് ഞാൻ ഒരു ജോലിക്ക് ശ്രമിച്ചത്. അതിന് കാരണവും അമ്മായി തന്നെയാണ്. അക്കാര്യം വഴിയേ പറയാം.
വീട്ടിൽ നിന്ന് അച്ഛനും അമ്മയും വരും. പിന്നെ മീനുവും കണ്ണേട്ടനും അവരുടെ കുഞ്ഞും. മൂന്ന് വയസ്സുകാരി കല്യാണി…. കാണാൻ കണ്ണേട്ടനെ പോലെ ആണെങ്കിലും സ്വഭാവം മീനുവിന്റേതാ…. എന്തൊരു കുറുമ്പി ആണെന്നോ?
മധുവിന്റെ കല്യാണം കഴിഞ്ഞിട്ടിപ്പോ രണ്ടാഴ്ച ആകുന്നു. അവൻ പോലീസിൽ ആണ്. എസ് ഐ….. വല്ലാത്ത പവർ ആണിപ്പോ ചെക്കന്.
സായൂജ്യ…. അതാണ് അവന്റെ പെണ്ണിന്റെ പേര്. ആള് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ആണ് . ഇവിടെ പാളയത്ത് യൂണിവേഴ്സിറ്റി ഓഫീസിൽ തന്നെ. അവരേം വിളിച്ചിട്ടുണ്ട്. അവന്റെ വിരുന്നൂണും ഉണ്ണീടെ പിറന്നാളും കൂടി ഒന്നിച്ചാകട്ടെ എന്ന് കരുതി.
എനിക്കും പണി കുറഞ്ഞു കിട്ടും.
അവർക്കൊപ്പം മാമിയും മാമനും വരും.
പിന്നെ ബീന ചേച്ചിയും പൊന്നുവും കണ്ണനും…. കുഞ്ഞമ്മയും അമ്മുവും… ഇത്ര പേരെ ഉണ്ടാവൂ…
🦋
ഉണ്ണിയെ വിളിച്ചുണർത്തിയ കൂട്ടത്തിൽ അപ്പോഴും ഉറങ്ങിക്കിടക്കുന്ന ഹരിയേട്ടന്റെ പുറത്തിട്ടൊരു തല്ലും കൊടുത്തു.
” മണി ഏഴായി. കിടന്ന് ഉറങ്ങുന്നത് നോക്ക്….! എഴുന്നേൽക്കങ്ങോട്ട്…. അമ്പലത്തിൽ പോണ്ടേ? ”
കമിഴ്ന്നു കിടന്ന ആള് ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് പിന്നെയും അതേ കിടപ്പാണ്. ഞാൻ നടും പുറത്തിട്ട് ഒര് കുഞ്ഞടി കൂടി കൊടുത്തു.
ഈയൊരു കാര്യത്തിലാണ് എനിക്ക് ഹരിയേട്ടനോട് ദേഷ്യം. അടുക്കളയിൽ കയറി എന്നെയൊന്നു സഹായിക്കാൻ ഇപ്പോഴും വല്ലാത്ത മടിയാണ് ആളിന്. വല്ലപ്പോഴും മാത്രമുള്ള പാത്രം കഴുകളിലോ തേങ്ങ ചിരകലിലോ ആളിന്റെ സഹായം അവസാനിക്കും.
ചില ശീലങ്ങളൊക്കെ മരിക്കുവോളം മാറില്ല എന്ന് കേട്ടിട്ടില്ലേ? ആണുങ്ങൾ അടുക്കളയിൽ കയറുന്നത് എന്തോ വലിയ പാതകം ആണെന്നാണ് അമ്മ പഠിപ്പിച്ചത്. ആ ചിന്ത മാറിയാലും ശീലിച്ചത് മാറണമെന്നില്ലല്ലോ?
” ഹാപ്പി ബർത്ത്ഡേ ഉണ്ണിക്കുട്ടൂസാ…. ”
കണ്ണ് തിരുമ്മി കൊട്ടുവായൊക്കെ ഇട്ട് പയ്യെ ഉണർന്ന് വന്ന ഉണ്ണിയുടെ രണ്ട് കവിളിലും മാറി മാറി ഉമ്മ കൊടുത്തു പറഞ്ഞതും അവൻ ഹാപ്പി.
ഒരു കള്ള ചിരിയോടെ എന്റെ കഴുത്തിലൂടെ കുഞ്ഞി കയ്യിട്ട് ചുറ്റിപ്പിടിച്ചു എനിക്കും കിട്ടി കവിളിൽ ഒരു ചക്കരയുമ്മ. അത് കണ്ടിട്ട് അസൂയ മൂത്താണോ എന്തോ ഹരിയേട്ടനും ഉണർന്നെണീറ്റു.
അവിടുന്നും കിട്ടി ഉണ്ണിക്കൊരു ഹാപ്പി ബർത്ത്ഡേ…
” അവരൊക്കെ എപ്പോ വരൂടി? ”
കയ്യുയർത്തി കൊട്ടുവായൊക്കെ ഇട്ടു ബെഡിൽ ചാരി ഇരുന്ന് കൊണ്ട് ഹരിയേട്ടൻ ചോദിച്ചു.
” അമ്മ രാവിലെ വരാന്നാ പറഞ്ഞത്. സുമ ചേച്ചി വന്നാലും ഇന്നിപ്പോ അമ്മ അവരെ എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കൂടാൻ സമ്മതിക്കുമെന്ന് തോന്നുന്നില്ല. നോക്കിക്കോ? ഇന്നമ്മയ്ക്ക് സുമ ചേച്ചിയെ കൊണ്ട് ഇല്ലാത്ത ആവശ്യങ്ങൾ ഉണ്ടാവില്ല.
എല്ലാരേം വിളിചിട്ടില്ലേ? ഫുഡ് ഒക്കെ ഉണ്ടാക്കണ്ടേ? എന്നെക്കൊണ്ട് ഒറ്റയ്ക്ക് പറ്റുവോ? അത് കൊണ്ട് ഞാൻ അമ്മയോട് നേരത്തെ വരാൻ പറഞ്ഞു. ”
” ഹ്മ്മ്… അതാ നല്ലത്. അമ്മ എണീറ്റില്ലേ? ”
” ഇല്ല… ഞാൻ വിളിച്ചില്ല. ഇവനെ പല്ല് തേയ്പ്പിച്ചു കുളിപ്പിച്ച് ഒരുക്കി നിർത്തീട്ട് വിളിക്കാന്ന് കരുതി. അതിന് മുന്നേ എണീക്കാതിരുന്നാ മതിയായിരുന്നു. ”
ഞാൻ ഉണ്ണിയെ കട്ടിലിൽ നിന്നും പൊക്കി എടുത്തെന്റെ ഒക്കത്തിരുത്തി. രാവിലെ ഇതാണ് അവന്റെ ശീലം. എടുത്ത് ബാത്ത് റൂമിൽ കൊണ്ട് നിർത്തിയാൽ പിന്നെ പല്ല് തേയ്ക്കാനും കുളിക്കാനുമൊക്കെ വലിയ ഉത്സാഹമാണ്.
” അച്ഛനോ? ”
കട്ടിലിൽ നിന്നും നിരങ്ങി താഴെ ഇറങ്ങി തോർത്തെടുത്ത് തോളിൽ ഇട്ട് കൊണ്ട് ഹരിയേട്ടൻ എന്നെ നോക്കി.
” അച്ഛൻ കാലത്തെ കുളിച്ച് അമ്പലത്തിൽ പോയി. നേരം വെളുക്കും മുന്നേ ചീത്ത കേട്ടാ ദഹിക്കോ? പാവത്തിന് അമ്മേ നല്ല പേടിയുണ്ടേ….. ”
ചിരിയോടെ ഞാൻ പറഞ്ഞത് കേട്ട് ഹരിയേട്ടൻ ഒരു നെടുവീർപ്പോടെ തലയാട്ടി.
” ഞാൻ പുറത്തെ ബാത്ത് റൂമീന്ന് കുളിക്കാം. നീ അവനെ കുളിപ്പിക്ക്…. അവനെ പാലും കൊടുത്തു ഒരുക്കി നിർത്തീട്ട് അമ്മേ വിളിച്ചാ മതി. ആ ചേച്ചി വരുമ്പോ നമ്മക്ക് ഇറങ്ങാം. ഉണ്ണിക്ക് വേണേല് വല്ലോം കഴിക്കാൻ കൂടി കൊടുത്തേക്ക്…. ”
സമ്മത ഭാവത്തിൽ ഞാൻ തലയാട്ടി.
” നമുക്ക് കാപ്പി വന്നിട്ട് കഴിച്ചാ പോരെ? ”
” മ്മ്… ”
എന്റെ ചോദ്യത്തിന് ഒന്ന് മൂളിക്കൊണ്ട് കബോർഡ് തുറന്ന് ഒരു ലുങ്കി കൂടി എടുത്തു തോളിലേക്കിട്ട് കൊണ്ട് ഹരിയേട്ടൻ പുറത്തേക്കിറങ്ങിപ്പോയി.
ഞാൻ ഉണ്ണിയേം എടുത്തു ബാത്ത് റൂമിലേക്കും…
🦋
” അയ്യോ…. എനിക്ക് ദാഹിക്കുന്നെ…. തുള്ളി പച്ചവെള്ളം തരാൻ ആരും ഇല്ലാതെ പോയല്ലോ…..?! ”
ഉണ്ണിയെ കുളിപ്പിച്ച് കയറ്റിയപ്പോഴേ അമ്മേടെ റൂമിൽ നിന്നും ഉറക്കെയുള്ള നിലവിളി കേട്ടു.
” യ്യോ… അമ്മൂമ്മ എണീറ്റു… അമ്മ പോ… ല്ലേ അമ്മേ ചീത്ത പറയും…. ”
കുഞ്ഞിന് പോലും അറിയാം അവന്റെ അമ്മൂമ്മേടെ സ്വഭാവം….! കുറച്ചു നാളായി അവനും കേൾക്കുന്നതല്ലേ? ചിലപ്പോ മുഴുത്ത ചീത്തകളാവും വിളിച്ചു കൂവുന്നത്. അതൊക്കെ കേട്ട് എന്റെ കുഞ്ഞും അത് പോലെ പകർത്തുമോ എന്ന പേടിയാണെനിക്ക്. കുഞ്ഞല്ലേ അവൻ? കാണുന്നതും കേൾക്കുന്നതും ഒക്കെ അതേ പടി പകർത്താൻ ശ്രമിക്കുന്ന പ്രായം…. ഞാൻ ഒരു നെടുവീർപ്പോടെ ഉണ്ണിയുടെ തല തൂവർത്തിയ നനഞ്ഞ തോർത്ത് സ്റ്റാൻഡിലേക്ക് വിരിച്ചിട്ടു.
” അമ്മ പോയിട്ട് വരാം… മക്കളിവിനെ നല്ല കുട്ടിയായിട്ട് നിന്നോണം കേട്ടോ? അച്ഛൻ ഇപ്പൊ വരും…. ”
അവന്റെ കവിളിൽ ഒന്ന് തട്ടി പറഞ്ഞതും ഉണ്ണി സമ്മതഭാവത്തിൽ തലയാട്ടി.
ഈ തലയാട്ടൽ ഒക്കെ വെറുതെയാണ്. തിരികെ വരുമ്പോ ഈ മുറി അവൻ തലകീഴായി വച്ചിട്ടുണ്ടാകും… എന്നാലും മുറി വിട്ട് പുറത്തിറങ്ങില്ല. അതാണ് ആശ്വാസം…..
അമ്മായിക്ക് ചായ എടുക്കാനായി അടുക്കളയിലേക്ക് നടക്കുന്നേരം ഞാൻ ഓർത്തത് മുഴുവൻ അവരെക്കുറിച്ച് തന്നെ ആയിരുന്നു…
അന്നത്തെ ദിവസത്തിന് ശേഷം അമ്മായിക്ക് ഉണ്ടായ മാറ്റത്തേക്കുറിച്ച്…
അമ്മായി ‘നന്നായിപ്പോയതിനെ ‘ ക്കുറിച്ച്…!!!
🦋
അന്നത്തെ സംഭവത്തിന് ശേഷം അമ്മായി പിന്നെയും പഴയ അമ്മായിയായി മാറിയിരുന്നു. പഴയ അമ്മായി എന്ന് പറഞ്ഞാൽ ഞാൻ കല്യാണം കഴിഞ്ഞു വന്ന സമയത്തുള്ള അതേ അമ്മായി. ഉള്ളിൽ എന്താണെങ്കിലും പുറമെ സ്നേഹം വാരിക്കോരി തരുന്ന ആ പഴയ അമ്മായി….!
പിന്നീട് സഹായത്തിനു വന്ന ചേച്ചിയോടും അവരതേ സ്നേഹം കാണിച്ചു. എന്നോടും പഴയത് പോലെ സ്നേഹം ഭാവിച്ചു. ഞാൻ കേൾക്കാത്തപ്പോ എന്നെ കുറ്റം പറയുന്ന പരിപാടി മാത്രം നിർത്തിയിട്ടുണ്ടായിരുന്നില്ല.
അച്ഛന് കേൾവിയൊക്കെ കുറഞ്ഞത് കൊണ്ട് അമ്മേടെ പരദൂഷണ കമ്മിറ്റിയിലെ മെമ്പർ വല്യമ്മ മാത്രമായി ചുരുങ്ങി. ഇടയ്ക്കൊക്കെ വല്യമ്മയെ വിളിച്ച് എന്റെ കുറ്റങ്ങൾ പറയും എന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ വേറെ ശല്യം ഒന്നുമില്ല.
അതാകട്ടെ എനിക്കത്ര വലിയ പ്രശ്നമായിട്ട് തോന്നുന്നും ഉണ്ടായിരുന്നില്ല.
മുൻപ് വലിയൊരു പ്രശ്നം ആയി തോന്നിയിരുന്ന ഒരു കാര്യം പിന്നീട് ഒരു പ്രശ്നമേ അല്ലാതായി മാറുന്നത് എപ്പോഴാണെന്ന് അറിയാമോ? അതിനേക്കാലും വലിയ പ്രശ്നങ്ങൾ മുന്നിലേക്ക് വരുമ്പോൾ…..!
ആദ്യമൊക്കെ അമ്മായിയുടെ ഇത്തരം പരദൂഷണങ്ങൾ എനിക്ക് വലിയ മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയിരുന്നു. അതാണല്ലോ ഞാൻ മുൻപത് റെക്കോർഡ് ചെയ്തു ഹരിയേട്ടനെ കേൾപ്പിക്കാൻ മുതിർന്നത്.
എന്നാൽ പിന്നീട്, ആദ്യം അവരൊളിച്ചു പറഞ്ഞിരുന്നതൊക്കെ നേരിട്ട് പറയാനും പ്രകടിപ്പിക്കാനും തുടങ്ങിയപ്പോ, ആദ്യത്തെ അമ്മായി ആയിരുന്നു ഭേദം എന്ന് എനിക്ക് തന്നെ എപ്പോഴൊക്കെയോ തോന്നി തുടങ്ങിയിരുന്നു.
അത് കൊണ്ടാവാം അവരൊളിച്ചും പാത്തും പറയുന്നതൊന്നും എനിക്ക് പിന്നീട് വിഷയമേ അല്ലാതായി മാറിയത്. നേരിട്ട് വഴക്കിനു വരുന്നില്ലല്ലോ അത്രയും ആശ്വാസം എന്നൊരു തോന്നൽ ഉണ്ടായത്.
എന്ന് കരുതി അവരുടെ ശീലങ്ങൾ ഒന്നും പാടേ മാറിയതുമില്ല. ഞാൻ തൊടുന്നതിനും പിടിക്കുന്നതിനും ഒക്കെ കുറ്റം കണ്ടെത്തുന്ന ശീലമേ… അത് തന്നെ….!
” ഇങ്ങനെ ആണോ ചെയ്യേണ്ടത്? നീ ഇതൊക്കെ എവിടുന്ന് പഠിച്ചതാ? ”
എന്നുള്ള സംസാരം …
” മക്കളേ…. അങ്ങനെ അല്ല… ഇങ്ങനെ ആണ് ചെയ്യേണ്ടത്… ”
എന്ന രീതിയിലേക്ക് മാറി എന്ന് മാത്രം.
കുഞ്ഞിനെ നോക്കാനുള്ള അമ്മായിയുടെ മടി അങ്ങനെ തന്നെ തുടർന്നെങ്കിലും സഹായത്തിനു വരുന്ന ചേച്ചി ഉള്ളത് കൊണ്ട് എനിക്ക് കാര്യമായ ബുദ്ധിമുട്ടൊന്നും തോന്നിയില്ല.
അമ്മായീടെ അമ്പലത്തിൽ പൊക്കൊക്കെ വീണ്ടും പഴയത് പോലെ തന്നെ ആവുകയും ചെയ്തു.
ഉറക്കം മാത്രമായിരുന്നു എന്റെ പ്രശ്നം. അത് ശനിയും ഞായറും ഹരിയേട്ടൻ നിൽക്കുന്ന ദിവസങ്ങളിൽ ഞാൻ കാര്യമായി തന്നെ ഉറങ്ങി തീർത്തു.
ആ ദിവസങ്ങളിൽ കുളിപ്പിക്കുന്നതും പാല് കൊടുക്കുന്നതും ഒഴികെ ഉണ്ണിയെ നോക്കുന്ന ഫുൾ ഡ്യൂട്ടി ഹരിയേട്ടനാണ്.
അവന്റെ ഒപ്പം കൂടാൻ ആളിനും പെരുത്തിഷ്ട്ടമായിരുന്നു.
🦋
പിന്നീട് സഹായത്തിന് വന്ന ചേച്ചിയെ അമ്മായിക്ക് നന്നേ പിടിച്ച് പോയത് എന്താണെന്ന് എനിക്ക് മനസ്സിലായത്, ഒരു ദിവസം എന്റെ കുറ്റങ്ങൾ അവരോട് അമ്മായി ‘കുശു കുശാ’ ന്ന് പറഞ്ഞു കൊടുക്കുന്നത് കേൾക്കാനിടയായതിന്റെ അന്നാണ്. അവരും അവരുടെ മരുമകളുടെ കുറ്റങ്ങൾ അതേ പോലെ തിരികെ പറയുന്നുണ്ടായിരുന്നു.
രണ്ട് പേർക്കും ഒരു മനസുഖം….!
സത്യം പറയട്ടെ? എനിക്കത് കേട്ടിട്ട് അല്പം പോലും ദേഷ്യം തോന്നിയില്ല. ‘പറ്റിയ കൂട്ട് തന്നെ…! ‘എന്ന് മനസ്സിൽ ഓർത്ത് തിരിഞ്ഞു നടക്കുകയാണ് ഞാൻ അന്ന് ചെയ്തത്.
എന്റെ മുന്നിൽ ‘ സ്നേഹമുള്ള അമ്മായി ‘ ആയി എങ്കിലും, അമ്മാവന്റെ മുന്നിൽ അവർ അതോടെ ഉഗ്ര രൂപം പൂണ്ട ഭദ്രകാളിയായി മാറിപ്പോയി. എനിക്ക് കിട്ടാനുള്ളത് മുഴുവൻ പുള്ളിക്കാരന് കിട്ടാൻ തുടങ്ങി.
അങ്ങേര് തൊടുന്നതിനും പിടിക്കുന്നതിനുമൊക്കെ നൂറായിരം കുറ്റങ്ങളായി. അന്നത്തെ സംഭവത്തിന് ശേഷം ഒന്നോ രണ്ടോ തവണ അച്ഛൻ എന്നെ സപ്പോർട്ട് ചെയ്തു സംസാരിച്ചിരുന്നു. അത് തന്നെ ആകണം കാരണം…. അതോ ഇനി ആരോടെങ്കിലും തട്ടിക്കയറാതെ ഉറക്കം വരില്ല എന്നൊരു അവസ്ഥ അമ്മായിക്ക് ഉണ്ടായിരുന്നോ ആവോ?
🦋 🦋 🦋 🦋 🦋
ഞാൻ പറഞ്ഞില്ലേ? അമ്മായി നന്നാവും ന്ന്…. നന്നായില്ലേ? ഇല്ലേ….? 🥹🥺

by