രചന – ഗംഗ ശലഭം
“സായി…..”
ശ്രീനാഥിനോടുള്ള സംഭാഷണം അവസാനിപ്പിച്ചു മായാദേവി സായിയെ വിളിച്ചു.
എല്ലാം കേട്ട് സ്തംബിച്ചു നിൽക്കുന്ന ശ്രീനാഥിനെ ഒന്ന് പുച്ഛത്തോടെ നോക്കി സായി സൂരജിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി.
” എനിക്കവനെ ജീവനോടെ ഒന്ന് കാണണം. അതുകൊണ്ട് കൊല്ലരുത്.
പിന്നെ ജീവൻ വേണമെന്നേ ഉള്ളൂ… കയ്യും കാലുമൊന്നും യഥാസ്ഥാനത്ത് വേണമെന്ന് എനിക്ക് ഒരു നിർബന്ധവും ഇല്ല.
ശ്രീനാഥും ദേവനും സഞ്ചാരിച്ചിരുന്ന കാർ ആക്‌സിഡന്റിൽ പെട്ട് തീപിടിച്ചാൽ ദേവന് പൊള്ളൽ ഉണ്ടായെന്നിരിക്കും…. ശ്രീനാഥിന് കയ്യും കാലമൊക്കെ ഒടിഞ്ഞു നുറുങ്ങിയെന്നിരിക്കും…… പൊള്ളലുകൾ ആസിഡ് കൊണ്ടുണ്ടായതാണെന്നോ, കയ്യും കാലും നിങ്ങൾ തല്ലി ഓടിച്ചതാണെന്നോ ആരും അറിയാൻ പോകുന്നില്ല. ഇത് ഞാൻ തരുന്ന ഉറപ്പാണ്.”
സായി എല്ലാം സമ്മതിച്ചു ക്രൂരമായ ഒരു ചിരിയോടെ തല കുലുക്കി.
പ്രതിമ കണക്കെ നിൽക്കുന്ന ശ്രീനാഥിനരികിലേക്ക് സായിയും സൂരജും ഒരുമിച്ചു ചുവടുവയ്ക്കുന്നേരവും ദേവന്റെ അലർച്ച ആ മുറിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
********
പിറ്റേന്ന്, റോഡ് ആക്‌സിഡന്റിൽ കത്തിയമർന്ന കാറിൽ നിന്നും രക്ഷടുത്തിയത് എന്ന വ്യാജേന ശ്രീനാഥിനെയും ദേവനെയും ഹോസ്പിറ്റലിൽ അഡ്മിറ്റാക്കി. തെളിവിനായി തലേന്ന് രാത്രിയിൽ ആൾതിരക്കില്ലാത്ത ഉൾപ്രദേശത്തുള്ളൊരു റോഡിന് ഓരം ചേർത്ത് നിർത്തി ദേവന്റെ കാർ സായിയും സൂരജും ചേർന്ന് അഗ്നിയ്ക്ക് ഇരയാക്കിയിരുന്നു.
ഹോസ്പിറ്റലിൽ കൊണ്ട് വരും നേരം ദേവൻ അബോധാവസ്ഥയിൽ ആയിക്കഴിഞ്ഞിരുന്നു. ശ്രീനാഥിന്റെ ശരീരത്തിനും തീപ്പൊള്ളലുകൾ ഉണ്ടായിരുന്നു. അവന്റെ കൈകാലുകൾ ഒടിഞ്ഞു നുറുങ്ങിയിരുന്നു. സ്ട്രച്ചറിൽ ശ്രീനാഥിനെ ഐ സി യുവിന് ഉള്ളിലേക്ക് കൊണ്ട് പോകുന്നേരം ഒന്ന് നിലവിളിക്കാൻ പോലും ആകാത്ത വിധം പരിക്ഷീണൻ ആയിരുന്നവൻ വേദന കൊണ്ട് ഞരങ്ങി കരയുന്നത് മധുവും വൈശാലിയും നേർത്തൊരു പുഞ്ചിരിയോടെയാണ് നോക്കി നിന്നത്.
ദേവനെയും ശ്രീനാഥിനെയും ചികിൽസിച്ച ഡോക്ടർമാരും ആക്‌സിഡന്റിൽ സംഭവിച്ച പരിക്കുകൾ ആണെന്ന് റിപ്പോർട്ട് എഴുതി. അതിനുള്ള ഏർപ്പാടുകളൊക്കെ മായാദേവി ചെയ്തു വച്ചിരുന്നു.
ദിവസങ്ങൾക്കിപ്പുറം സ്വബോധത്തിലേക്കെത്തുമ്പോഴും ഒന്നും സംസാരിക്കാൻ പറ്റുന്ന അവസ്ഥയിൽ ആയിരുന്നില്ല ദേവൻ. അല്ലെങ്കിലും നടന്നതിനെക്കുറിച്ചൊന്നും അയാൾക്ക് വ്യക്തത ഉണ്ടായിരുന്നില്ല. ശരീരം ആസകലം പൊള്ളി അടർന്ന് , ഒന്നുറങ്ങാൻ പോലും കഴിയാതെ വേദന തിന്ന് കിടക്കുമ്പോഴും ചെയ്തതൊക്കെ തെറ്റാണെന്ന് ഓർത്ത് പശ്ചാത്തപിക്കാൻ ദേവൻ തയാറായിരുന്നില്ല.
ശ്രീനാഥിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. ഇടത് കാൽ മുട്ടിനു മുകളിൽ മുറിച്ചു മാറ്റിയിരുന്നു.
വലത് കണ്ണ് തകർന്ന് പോയിരുന്നു. എന്നിട്ടും സായിക്കും സൂരജിനും എതിരെ മൊഴി കൊടുക്കാൻ തയ്യാറായി പോലീസിനെയും കാത്ത് ശ്രീനാഥ് വേദന കടിച്ചമർത്തി കിടന്നു.
എന്നാൽ മൊഴിയെടുക്കാനായി എസ് ഐയോടൊപ്പം വന്ന മധുവിനെ കണ്ട് ശ്രീനാഥിന്റെ അവശേഷിച്ച പ്രതീക്ഷയും നഷ്ടമായി. എസ് ഐയും മധുവിന്റെ അടുത്ത സുഹൃത്താണെന്ന് ശ്രീനാഥിന് അറിയാമായിരുന്നു.
” സംശയിക്കാത്തക്കത്തായിട്ട് ഒന്നുമില്ല. ഒരു സാധാരണ ആക്‌സിഡന്റ്. ഇടിച്ച ലോറി ഡ്രൈവറെ കിട്ടിയിട്ടുണ്ട്. നിങ്ങളാണ് റോങ്ങ് സൈഡിൽ വന്നത് എന്നാണ് അയാൾ പറഞ്ഞത്. അങ്ങനെ ആണല്ലോ അല്ലെ? അല്ലാതെ തനിക്ക് ആരെയും സംശയം ഒന്നും ഇല്ലല്ലോ?”
മധു ചോദിക്കവേ നിരാശയോടെ ശ്രീനാഥ് ഇല്ല എന്ന് തലയാട്ടി. താൻ ഈ അവസ്ഥയിൽ ആയത് എങ്ങനെയെന്ന് കണ്ടു നിന്നവനോട് ഇനി എന്ത് പറഞ്ഞട്ടെന്തിനാ?
“ചതിക്ക് ചതി അതിൽ തെറ്റൊന്നും ഇല്ല അല്ലേടോ…?”
ശ്രീനാഥിനെ കണ്ടു പുറത്തിറങ്ങിയ മധു ഒപ്പമുള്ള എസ് ഐയോട് പറയുന്നേരം അയാളും അത് സമ്മതിച്ചു ചിരിയോടെ തലകുലുക്കി.
മധു ഹോസ്പിറ്റൽ ഐ സി യുവിൽ നിന്നും ഇറങ്ങിപ്പോകുന്നതും നോക്കി വേദന കടിച്ചമർത്തി കിടന്നു ശ്രീനാഥ്….
അപ്പോഴും വർമ്മയുടെ സ്വത്തുക്കൾ നഷ്ടമായതിലെ വേദനയേക്കാൾ… തന്നെ ഈ അവസ്ഥയിൽ ആക്കിയവരെ ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന നിരാശയേക്കാൾ… വൈശാലിയെക്കുറിച്ചുള്ള ചിന്തകളാണ് അവന്റെ ഹൃദയം പിളർത്തിയിരുന്നത്….
കണ്ണടയ്ക്കുമ്പോഴൊക്കെയും ‘അറപ്പാണ് ‘ എന്ന് അവളവന്റെ കൺ മുന്നിൽ നിന്ന് ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരുന്നു….
*****
പിന്നെയും ദിവസങ്ങൾ കഴിഞ്ഞാണ് ദേവൻ സത്യങ്ങൾ അറിയുന്നത്. അതും സായിയുടെ നാവിൽ നിന്ന് തന്നെ…
ആറ് കൊലപാതകങ്ങൾ… അതിലൂടെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ചതൊക്കെയും ഊർന്ന് പോയിരിക്കുന്നു എന്ന തിരിച്ചറിവ് അയാളിൽ ഉണ്ടാക്കിയ ആഘാദം ചെറുതായിരുന്നില്ല. അതിലുമധികം അയാൾ തകർന്ന് പോയത് സാരംഗിയുടെ മരണം ശ്രീനാഥിന്റെ അറിവോടെയാണെന്ന് മനസ്സിലാക്കിയപ്പോഴാണ്.
കൃഷ്ണയുടെ അമ്മ പാർവ്വതിയെ സ്നേഹിച്ചിരുന്നു എങ്കിലും മറ്റൊരു വിവാഹം കഴിച്ച ശേഷം അയാളുടെ മനസ്സിൽ ഭാര്യയുടെ സ്ഥാനം ശ്രീനാഥിന്റെ അമ്മയ്ക്ക് മാത്രമായിരുന്നു. ഇടയ്ക്കൊക്കെ പാർവ്വതിയെ ഓർക്കാറുണ്ടായിരുന്നു എന്നതൊഴിച്ചാൽ അവരെ സ്വന്തമാകണമെന്ന് അയാൾ പിന്നീട് ആഗ്രഹിച്ചിട്ടുണ്ടായിരുന്നില്ല.
ആദ്യമായി ഹൃദയം കീഴടക്കിയവളെ പൂർണ്ണമായും മറന്ന് കളയാനാകില്ലല്ലോ? ആ ഒരിഷ്ടമാണ് അയാൾ അവരുടെ മകളായ കൃഷ്ണയോടും കാണിച്ചത്. അതിലുമധികമായി ശ്രീനാഥിന്റെ അമ്മ ജീവിതത്തിലേക്ക് വന്ന ശേഷം പാർവതി അയാളിൽ സ്വാധീനം ചെലുത്തിയിരുന്നില്ല.
സ്വന്തമായവരെ ദേവൻ എന്നും ഹൃദയത്തോട് ചേർത്ത് വച്ചിരുന്നു. അവർക്ക് വേണ്ടി എന്ത് ചെയ്യാനും മടി കാട്ടിയിരുന്നുമില്ല. അത് കൊണ്ടാണല്ലോ പാർവ്വതിയുടെ സന്തോഷം കരുതി അയാൾ അവരെ നിർബന്ധപൂർവ്വം തന്റെ ജീവിതത്തിലേക്ക് കൂട്ടാതിരുന്നത്.
അയാൾ ശ്രീനാഥിനെയും അയാളുടെ അമ്മയെയും ആത്മാർത്ഥമായിത്തന്നെ സ്നേഹിച്ചിരുന്നു. ഹൃദയത്തിന്റെ ഉള്ളറയിൽ എവിടെയോ പാർവതി ഉണ്ടായിരുന്നു എങ്കിലും അതൊരിക്കലും ശ്രീനാഥിന്റെ അമ്മയെ സ്നേഹിക്കുന്നതിൽ അയാൾക്ക് തടസമായില്ല.
ശ്രീനാഥിനെപ്പോലെ തന്നെ അവന്റെ ഭാര്യ സാരംഗിയെയും അയാൾ മകളെപ്പോലെ തന്നെയാണ് കരുതിയിരുന്നത്. എന്നാൽ തന്നെപോലും ചതിച്ചു കൊണ്ട് തന്റെ മകൻ അവളെ ഇല്ലാതാക്കി എന്ന സത്യം അയാൾക്ക് വലിയൊരു ഷോക്കാണ് സമ്മാനിച്ചത്.
താൻ ആർക്ക് വേണ്ടിയാണോ ഇക്കണ്ട കൊള്ളരുതായ്കകൾ ഒക്കെ ചെയ്തു കൂട്ടിയത്, ആരെയാണോ താൻ ഏറ്റവും അധികം വിശ്വസിച്ചിരുന്നത്, ആരിലുമധികം സ്നേഹിച്ചിരുന്നത്… അവൻ തന്നെ, സ്വന്തം മകൻ തന്നെ തന്നെ കബളിപ്പിച്ചിരിക്കുന്നു എന്ന ചിന്ത ദേവന്റെ ഹൃദയത്തിൽ ഒരു വേദനയായി പടർന്നു കയറി. ആ വേദന പതിയെ അയാളുടെ ഹൃദയത്തെ ചുറ്റി വരിഞ്ഞു മുറുക്കി.
അപ്പോഴും പൊള്ളിയടർന്ന് മുറിവുകൾ ഉറങ്ങാത്ത വലം കൈ ഹൃദയത്തോട് ചേർത്ത് അമർത്തി പിടിക്കുമ്പോൾ എന്തിനെന്നറിയാതെ ദേവന്റെ കണ്ണുകൾ നിറഞ്ഞു. അടഞ്ഞ കണ്ണുകൾക്ക് മുന്നിലെ ഇരുളിൽ രണ്ട് മുഖങ്ങൾ തെളിഞ്ഞു വന്നു. സ്വന്തം ജേഷ്ഠനും അദ്ദേഹത്തിന്റെ മകനും….
ജേഷ്ഠന്റെ കയ്യിൽ തൂങ്ങി കുറുമ്പ് കാട്ടി നടന്ന ഒരു കുഞ്ഞ് ദേവനെ അയാൾക്ക് ഓർമ്മ വന്നു.
ആ ദേവന്റെ മനസ്സിൽ കളങ്കം ഉണ്ടായിരുന്നില്ല…
ഒന്നിനോടും ആർത്തി ഉണ്ടായിരുന്നില്ല…. അത്യാഗ്രഹം ഉണ്ടായിരുന്നില്ല…. ആരോടും വിരോധം ഉണ്ടായിരുന്നില്ല…
കുഞ്ഞ് ദേവന് അയാളുടെ ജേഷ്ഠനെ ഒരുപാട് ഇഷ്ടമായിരുന്നു…..
വളരേണ്ടിയിരുന്നില്ല….!
അതല്ലേ കള്ളവും ചതിയും പഠിച്ചു പോയത്…?
ആരൊക്കെയോ ഓടി വരുന്നു…
നഴ്സ്മാരോ ഡോക്ടർമാരോ….
അവരെന്തൊക്കെയോ ചെയ്യുന്നു…
ദേവൻ ഒന്നും അറിഞ്ഞില്ല….
ആരെയും കണ്ടില്ല….
അയാളുടെ മരണപ്പിടച്ചിൽ ആത്മസംതൃപ്തിയോടെ നോക്കി നിന്നിരുന്ന സായിയെ പോലും അന്നേരം അയാൾക്ക് കാണാനായില്ല.
ചെയ്തു കൂട്ടിയ പാപങ്ങൾക്കുള്ള ശിക്ഷ എന്നോണം ദിവസങ്ങളോളം പൊള്ളിയടർന്ന ശരീരത്തിൽ നിന്നുള്ള കൊടിയ വേദനയറിഞ്ഞു, ഒടുവിൽ സ്വന്തം മകൻ തന്നെ ചതിച്ചതിന്റെ ഏറ്റവും വലിയ മനോവേദനയിൽ ഹൃദയം പൊടിഞ്ഞു അയാൾ കണ്ണുകൾ പിന്നെയും ചേർത്തടച്ചു.
അവസാനമായി കണ്ണുകൾ അടഞ്ഞു പോകുന്നതിനു മുൻപ് മുന്നിലെ ഇരുട്ടിൽ തെളിഞ്ഞവരോട് അയാൾ മാപ്പപേക്ഷിച്ചിരുന്നു…!
എന്നാൽ ശ്രീനാഥ് ജീവിതത്തിലേക്ക് മടങ്ങി വന്നു. ഒരു കാലും കണ്ണും ഇല്ലാതെ…..!
*********
അപ്പൊ ദേവന്റെ കാര്യത്തിൽ തീരുമാനമായിട്ടുണ്ട്. 😁
ശ്രീനാഥിനെ അത്ര പെട്ടെന്നൊന്നും കൊല്ലൂല്ല 😌.

by