Karimizhi

The World of Malayalam Stories

തുടർക്കഥകൾ

പ്രണയിനി : ഭാഗം 36

രചന – ഗംഗ ശലഭം

ശ്രീദേവ്….
സാധുവും നിഷ്കളങ്കനുമായ ഒരു മനുഷ്യൻ.
സായിയിൽ നിന്നറിഞ്ഞ വിവരങ്ങൾ ഈയം ഉരുക്കി ഒഴിച്ചാൽ എന്ന
പോലെ അവന്റെ മനസ്സിനെ പൊള്ളിച്ചു.

അച്ഛനെ കൊല്ലാൻ ചിറ്റപ്പൻ ആലോചനയിട്ടിരിക്കുന്നു…!
അയാൾ എത്ര തെമ്മാടി ആയാലും കൊള്ളരുതാത്തവൻ ആയാലും സ്വന്തം സഹോദരനെ ഇല്ലാതാക്കാൻ ശ്രമിക്കും എന്ന് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല ശ്രീദേവിന്.

ദേവന് ഒരുപാട് ദുശീലങ്ങൾ ഉണ്ടെന്ന് ശ്രീദേവിന് അറിയാം. എന്നിരുന്നാലും തമ്പിയോടും ശ്രീദേവിനോടും അയാൾ ഒരിക്കലും മോശമായി പെരുമാറിയിട്ടില്ല. മാത്രവുമല്ല തമ്പിയോട് അയാൾക്ക് ബഹുമാനവും വിധേയത്വവും ഉള്ളതായിട്ടാണ് തോന്നിയിട്ടുള്ളത്. ശ്രീദേവിനോടും വാത്സല്യത്തോടെ അല്ലാതെ അയാൾ സംസാരിച്ചിട്ടില്ല. അത് കൊണ്ട് തന്നെ സായിയിൽ നിന്നും അറിഞ്ഞതൊക്കെ പൂർണമായും വിശ്വസിക്കാനും ശ്രീദേവിനായില്ല.
ഒരു പക്ഷെ സായിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാണെങ്കിലോ?

അങ്ങനെ ചിന്തിച്ചു എങ്കിലും ദേവരാജന്റെ നീക്കങ്ങൾ അവനന്ന് രഹസ്യമായി നിരീക്ഷിച്ചു. ദേവൻ അന്ന് വല്ലാതെ അസ്വസ്ഥൻ ആണെന്ന് ശ്രീദേവിന് തോന്നി. അയാൾ പലരെയും വിളിച്ചു സംസാരിക്കുന്നത് അവൻ കണ്ടു.

ഇതേ സമയം സായിയുടെ മൊബൈലിലെ റീസെന്റ് കാൾ ലിസ്റ്റിൽ ശ്രീദേവിന്റെ നമ്പർ ശ്രീനാഥും കണ്ടിരുന്നു. സായി ശ്രീദേവിനെ എല്ലാം അറിയിച്ചിട്ടുണ്ടാകും എന്ന് ശ്രീനാഥ് ഉറപ്പിച്ചു. അവനത് ദേവനെ അറിയിക്കുകയും ചെയ്തു.

ദേവന്റെ ഫോൺ കാളുകൾ ഒളിഞ്ഞു നിന്ന് കേട്ട ശ്രീദേവ് സായി പറഞ്ഞതൊക്കെ സത്യമാണെന്ന് ഞെട്ടലോടെ തിരിച്ചറിഞ്ഞു.

അച്ഛനെ പോലെ തന്നെ കരുതിയ ചെറിയച്ഛൻ തന്റെ അച്ഛനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന തിരിച്ചറിവ് അവനെ ആകെ തകർത്തു കളഞ്ഞു. ഒരു നിമിഷം അവന് തന്റെ സങ്കടവും ദേഷ്യവും നിയന്ത്രിക്കാൻ ആയില്ല. പാഞ്ഞു ചെന്നവൻ ദേവന്റെ ഷർട്ടിൽ പിടിച്ചുലച്ചു കൊണ്ട് അലറി.

” എന്റെ അച്ഛനെ നീ കൊല്ലും അല്ലേടോ? എങ്ങനെ തോന്നി തനിക്ക് അതിന്? തന്റെ ഒരു പ്ലാനും ഇനി നടക്കില്ല. ഞാൻ എല്ലാം അച്ഛനോട് പറയാൻ പോവാ… നോക്കിക്കോ? താനും അവനും ഇനി ഈ വീട്ടിൽ ഉണ്ടാവില്ല. ”

ശ്രീദേവിനെ പിടിച്ചു മാറ്റി ദേവൻ ശാന്തനായി പതിയെ ചിരിച്ചു. ക്രൂരത ഒളിപ്പിച്ച ചിരി.

ദേവനോട്, അറിഞ്ഞതൊക്കെ നേരിട്ട് ചോദിച്ചത് ശുദ്ധനായ ശ്രീദേവ് കാണിച്ച ഏറ്റവും വലിയ വിഡ്ഢിത്തം ആയിരുന്നു…..
അത് കവർന്നെടുത്തതോ അയാളുടെ ജീവനും….!

***************

സായിയുമായി വൈശാലിയുടെ വാഹനം പാഞ്ഞു. സായി മരണപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയായിരുന്നു വൈശാലിയും കരുതിയത്. അല്പ ജീവനെങ്കിലും ബാക്കിയാണെങ്കിൽ അത് എങ്ങനെയും നിലനിർത്തണം എന്ന ചിന്തയോടെ അവൾ തന്റെ വാഹനം പറപ്പിച്ചു.

വർമ്മയുടെ സുഹൃത്തിന്റെ ആശുപത്രിയിലേക്കാണ് അവൾ സായിയെ കൊണ്ട് പോയത്. സായിയെ രക്ഷിക്കാൻ ആകുമെങ്കിൽ അവൻ ജീവനോടെ ഉള്ളത് ശ്രീനാഥ് അറിയാതിരിക്കുന്നതാണ് നല്ലത് എന്നവൾക്ക് തോന്നി, അതിന് ഏറ്റവും നല്ലയിടം വർമ്മയുടെ സുഹൃത്തിന്റെ ആശുപത്രി ആണെന്നും….

ഡോക്ടറിൽ നിന്നും സായി മരണപ്പെട്ടിട്ടില്ല എന്ന വാർത്ത കേട്ട് വൈശാലി സന്തോഷിച്ചു.

” തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ഡീപ് ഇഞ്ചുറി ആണ്. ഇമ്മീഡിയറ്റ് ആയിട്ട് ഒരു സർജറി വേണം. ഉടനെ തീയേറ്ററിലേക്ക് ഷിഫ്റ്റ്‌ ചെയ്യുകയാണ്. രക്ഷപ്പെടാനുള്ള സാധ്യത പത്ത് ശതമാനത്തിലും താഴെയാണ്. മുഖത്തിന്റെ ഒരു വശം ആകെ തകർന്ന് പോയിട്ടുണ്ട്. കവിളെല്ലും താടിയെല്ലും ഉൾപ്പെടെ പൊട്ടൽ ഉണ്ട്. ആദ്യം ജീവൻ രക്ഷിക്കാൻ ആകുമോ എന്ന് നോക്കട്ടെ. അത് കഴിഞ്ഞു മുഖത്തിന്റെ കേടുപാടുകൾ പരിഹരിക്കാം. ”

വർമ്മയുടെ സുഹൃത്തും ഹോസ്പിറ്റലിലെ സീനിയർ സർജനുമായ ഡോക്ടർ രാജഗോപാൽ വൈശാലിയോട് പറഞ്ഞു.

പത്ത് ശതമാനത്തിൽ താഴെ മാത്രം വിജയസാധ്യതയുള്ള ഒരു സർജറിക്ക് വേണ്ടപ്പെട്ടവരുടെ കൺസന്റ് പോലും ഇല്ലാതെ രാജഗോപാൽ തയാറായത്, അദ്ദേഹത്തിന് സായിയുടെ അച്ഛൻ വർമ്മയുമായുള്ള സ്നേഹബന്ധത്തിന്റെ പുറത്തായിരുന്നു.

മണിക്കൂറുകൾ നീണ്ട സർജറി. വൈശാലി ഓപ്പറേഷൻ തീയെറ്ററിനു മുന്നിലെ ചെയറിൽ അക്ഷമയായി ഇരുന്നു. ഇഴഞ്ഞു നീങ്ങുന്ന ഓരോ നിമിഷവും മണിക്കൂറുകളായി തോന്നി അവൾക്ക്…..

സൂരജുമായുള്ള സൗഹൃദം തന്നെയാണ് സായിയെ പരിചയപ്പെടാൻ കാരണമായത്. വളരെ പെട്ടെന്ന് സൂരജിനെപ്പോലെ അവനും നല്ലൊരു സുഹൃത്തായി മാറി. സൂരജിനെപ്പോലെ ഗൗരവക്കാരനല്ല സായി. എപ്പോഴും ചിരിയോടെ മാത്രം സംസാരിക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ. സൗഹൃദത്തിനപ്പുറം ഇളയ അനുജനോട് എന്ന പോലെ ഒരാത്‍മബന്ധമാണ് അവനോട് തോന്നിയിട്ടുള്ളത്. അങ്ങനെ ഒരുവനാണിപ്പോ ജീവിതത്തിനും മരണത്തിനും ഇടയിൽ….
വൈശാലി ഒന്ന് നെടുവീർപ്പിട്ടു.

ആറു മണിക്കൂറിൽ അധികം നീണ്ടു നിന്ന സർജറി അവസാനിച്ചത് പുലർച്ചെയാണ്. സർജറി വിജയകരമായിരുന്നു എങ്കിലും സായിക്ക് ബോധം തെളിയാതെ ഒന്നും പറയാനാകില്ല എന്ന് ഡോക്ടർ രാജഗോപാൽ വൈശാലിയെ അറിയിച്ചു.

വീണ്ടും കാത്തിരിപ്പ്…..

എന്നാൽ സർജറി കഴിഞ്ഞ് ഏതാണ്ട് മൂന്ന് മണിക്കൂറുകൾക്ക് ശേഷം രാജഗോപാൽ വീണ്ടും വൈശാലിയെ കണ്ടു.

” സോറി….. സായി……. ”

മരണപ്പെട്ടു എന്ന് പറയാനാകാതെ ആ മനുഷ്യൻ വേദനയോടെ മുഖം കുനിച്ചു കളഞ്ഞു.

വൈശാലി ഡോക്ടറിന് മുന്നിൽ തറഞ്ഞു നിന്നു.

************

അതേ സമയം വീടിനടുത്തുള്ള ദേവി ക്ഷേത്രത്തിൽ ദേവിയുടെ തിരുനടയിൽ യാചനയോടെ കൈകൾ കൂപ്പി നിൽക്കുകയാണ് കൃഷ്ണ. സായിക്ക് അപകടം സംഭവിച്ചതോ അവൻ ആശുപത്രിയിൽ ആയതോ അവൾ അറിഞ്ഞിട്ടില്ല. ബാംഗ്ലൂരിലേക്ക് പോയിട്ട് കുറച്ചധികം ദിവസങ്ങൾ ആയിട്ടും അവൻ തിരികെ വരാതായപ്പോൾ,ഒരു ഫോൺ കാളിലൂടെ പോലും അവനെക്കുറിച്ചുള്ള വിവരങ്ങൾ ഒന്നും അറിയാതായപ്പോൾ ഇനി ഒരാശ്രയം എന്നും ആരാധിക്കുന്ന ദേവി മാത്രം എന്ന് കരുതി അവൾ ഓടി വന്നതാണ് ദേവീ സന്നിധിയിലേക്ക്…. ഉരുകുന്ന മനസ്സിന് ഒരു സാന്ത്വനത്തിനായി….

” സായി എന്റെ പ്രണയം മാത്രമല്ല… പ്രാണൻ കൂടിയാണ്. ആ പ്രാണനാണ് ഞാൻ ചോദിക്കുന്നത് ദേവി….
നീയാണ് എനിക്ക് അവനെ തന്നത്. നീ തന്നെ അവനെ ആപത്തൊന്നും വരാതെ കാത്തോളണേ….. ഒരാപത്തും കൂടാതെ അവൻ തിരികെ വരണേ …..”

ദേവി നടയിലേക്ക് സാഷ്ടാംഗം വീണു കൊണ്ട് കൃഷ്ണ ആർത്തു കരഞ്ഞു. മൂടിക്കെട്ടി നിന്ന ആകാശവും അവൾക്കൊപ്പം കരഞ്ഞു കൊണ്ടവളുടെ നോവിന് കൂട്ട് നിന്നു….

കൃഷ്ണ ആകെ നനഞ്ഞ് കുതിർന്നു. എന്നിട്ടും അവൾ അനങ്ങിയില്ല. അവകാശപ്പെട്ടതെന്തോ വാശി പിടിച്ചു നേടിയെടുക്കാൻ എന്ന പോലെ അവളാ ദേവി സന്നിധിയിൽ കൂപ്പു കൈകളോടെ കമിഴ്ന്നു കിടന്നു.

മഴ അതിന്റെ രൗദ്രഭാവം പൂണ്ട് തിമിർത്തു പെയ്യുമ്പോഴും അവിടെ നിന്നനങ്ങാതെ സായിക്ക് വേണ്ടി പ്രാർത്ഥിച്ചു കരയുന്നവളെ മഴ നനയാതെ ഒതുങ്ങി നിന്ന ഭക്തജനങ്ങൾ സഹതാപത്തോടെ നോക്കി.

കൃഷ്ണയുടെ കണ്ണുകൾ സമുദ്രങ്ങളായി. അവളുടെ ഹൃദയവ്യഥ കണ്ണുനീരിനൊപ്പം ഒഴുകി ഇറങ്ങി. മഴനീരിൽ അലിഞ്ഞ് ദേവിയുടെ മുന്നിൽ അത് ഒഴുകി പരന്നു….

കാറ്റിനും മഴക്കും ശക്തി കൂടി…. അതിനൊപ്പം കൃഷ്ണയുടെ ഹൃദയവും അലമുറയിട്ടു…..
അവളുടെ നാവിൽ നിന്നുതിർന്ന പ്രാർത്ഥനാ മന്ത്രങ്ങൾ മഴയുടെ ഇരമ്പലിൽ മുങ്ങിപ്പോയി.

സാധുവായൊരു പെണ്ണിന്റെ നിസ്വാർത്ഥമായ പ്രാർത്ഥന..! ദേവി അതെങ്ങനെ കേൾക്കാതിരിക്കും?

നിലത്തേക്ക് മുഖം അമർത്തി വച്ച് മഴ പോലെ ഉരുകി ഒലിക്കുന്നവളിലേക്ക് ദേവി തന്റെ കണ്ണുകൾ തുറന്ന് വച്ചു…..!

കിലോമീറ്ററുകൾ അകലെ ആശുപത്രിയിലെ ഓപ്പറേഷൻ തീയേറ്ററിനുള്ളിൽ മരിച്ചു എന്ന് ഡോക്ടർ വിധിയെഴുതി വെള്ള പുതപ്പിക്കാൻ ഒരുങ്ങിയ ഒരുവന്റെ കാൽ വിരലുകൾ മെല്ലെ ചലിച്ചു…..!

*******

അതേ കുറച്ചധികം നാടകീയതകൾ ഉണ്ടെന്ന് അറിയാം 😁. എന്നാലും കൃഷ്ണയെയും സായിയെയും ഞാൻ ഒന്നിപ്പിക്കും.

നിങ്ങളുടെ അഭിപ്രായം പറയൂ…

LEAVE A RESPONSE